2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ആംവേ - എന്തേ ആരും ഒന്നും മിണ്ടുന്നില്ല ?

           കേരളത്തില്‍ വര്‍ധിച്ചു വരുന്ന മണി ചെയിന്‍ തട്ടിപ്പുകളുടെ വെളിച്ചത്തില്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് നിരോധിച്ചു. മാത്രമല്ല ഈ മേഖലയിലെ മുന്‍ നിരക്കാരായ ആംവേ എന്ന അമേരിക്കന്‍ ഡയറക്റ്റ് മാര്‍ക്കറ്റിംഗ് കമ്പനിയുടെ കേരളത്തിലെ ഓഫീസുകള്‍ റൈഡ് ചെയ്യുകയും പൂട്ടി മുദ്ര വയ്ക്കുകയും ചെയ്തു.ഇന്നിപ്പോ പത്രത്തില്‍ കിടക്കുന്നു അതിന്റെ ചീഫ് ഡിസ്ട്രിബ്യൂട്ടര്‍ മുന്‍‌കൂര്‍ ജാമ്യം എടുത്തു എന്ന്.  കഴിഞ്ഞയാഴ്ച ഏഷ്യാനെറ്റില്‍ ഈ വിഷയത്തെ പറ്റി നമ്മള്‍ തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നു. അതില്‍ പങ്കെടുത്തവരുടെ പൊതുവായ അഭിപ്രായം ഇതൊരു തട്ടിപ്പാണ് എന്നായിരുന്നു. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് ചെയ്യുന്ന കുറച്ചു യുവാക്കളും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അവരുടെ രോഷ പ്രകടനവും അതില്‍ ഉണ്ടായിരുന്നു. 

     സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്ത്‌ നാല്‍പതു രൂപയ്ക്ക് ആക്ഷന്‍ ഷൂ കിട്ടുന്ന ഒരു സ്കീം കൊണ്ട് വന്നത് ഞാന്‍ ഓര്‍ക്കുന്നു. അന്ന് ആക്ഷന്‍ ഷൂ ഒരു തരംഗം ആയിരുന്നു. അവരുടെ ഏറ്റവും കുറഞ്ഞ ട്രെന്ടി ഷൂവിനു തന്നെ മുന്നൂറു രൂപ വിലയുണ്ട്‌. നമ്മള്‍ അവനു നാല്‍പതു  രൂപ കൊടുക്കുമ്പോ ഒരു ബുക്ക്‌ തരും. അതില്‍ എട്ടു കൂപ്പണ്‍ ഉണ്ട്. അത് കൊടുത്തു  വേറെ എട്ടു പേരെ ചേര്‍ക്കുമ്പോ ഷൂ കിട്ടും. കൂപ്പണ്‍ വിറ്റു കിട്ടുന്ന പൈസ മധ്യപ്രദേശില്‍ ഉള്ള ഗയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക്‌ അയച്ചു കൊടുക്കണം. ആദ്യം അതില്‍ ചേര്‍ന്ന നാലഞ്ച് പേര്‍ക്ക് ഷൂ കിട്ടി. പക്ഷെ വന്ന ഷൂ ഒറിജിനല്‍ ആണോ എന്ന് പലര്‍ക്കും സംശയം ഉണ്ടായെങ്കിലും നാല്‍പതു രൂപയ്ക്ക് ആക്ഷന്‍ ഷൂ തരുന്ന കമ്പനിയെ സംശയിക്കുന്നത് പാപമല്ലേ എന്ന് കരുതി ആരും ഒന്നും പുറത്തു മിണ്ടിയില്ല. നമ്മുടേത്‌ ഒരു പാവം സര്‍ക്കാര്‍ സ്കൂള്‍ ആയിരുന്നു. ചെരിപ്പിട്ടു വരുന്ന കുട്ടികള്‍ തന്നെ അപൂര്‍വ്വം. അതുകൊണ്ട് തന്നെ ഷൂ കിട്ടിയ ചുള്ളന്മാര്‍ അതുമിട്ട് കയ്യില്‍ കൂപ്പണ്‍ ബുക്കും പിടിച്ചു വന്‍ തോതില്‍ മാര്‍ക്കറ്റിംഗ് തുടങ്ങി. രാവിലെ റബ്ബര്‍ ടാപ്പിംഗ് നു പോയിട്ട് പഠിക്കാന്‍ വരുന്നവരും ഒഴിവു സമയത്ത് കൂലിപ്പണിക്ക് പോകുന്നവരും പത്ര വിതരണത്തിന് പോയി പഠിക്കാന്‍ പൈസ ഉണ്ടാക്കുന്നതുമായ ഒരുപാടു കുട്ടികള്‍ തുച്ഛമായ തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ഈ പദ്ധതിയില്‍ പണം മുടക്കി. ഷൂ ഇടാനുള്ള ആഗ്രഹം ഒന്ന് കൊണ്ട് മാത്രം. ഒരു മാസം കൊണ്ട്
നല്ലൊരു തുക മണി ഓര്‍ഡര്‍ വഴി ഗയയിലേക്ക് ഒഴുകി. പക്ഷെ ഇത്തവണ ആര്‍ക്കും ഷൂ
കിട്ടിയില്ല. ഇത്രയും ഓര്‍ഡര്‍ ചെന്നതല്ലേ . സമയമെടുക്കും ചിലപ്പോള്‍. അങ്ങനെ പറഞ്ഞു ഇതിന്റെ നേതാവായ ജോണ്‍ ബാക്കിയുള്ളവരെ സമാധാനിപ്പിച്ചു. പാവം പയ്യന്മാര്‍ അതൊക്കെ വിശ്വസിച്ചു. ജോണ്‍ അടക്കം ആരും കമ്പനിയെ സംശയിച്ചില്ല. തങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം പോയി എന്ന് മനസ്സിലാവാന്‍ അവര്‍ക്ക് പിന്നെയും ദിവസങ്ങള്‍ വേണ്ടി വന്നു.


 ഒരു കാലത്ത് കേരളത്തില്‍ നെറ്റ്‌വര്‍ക്ക് അല്ലെങ്കില്‍ ഡയറക്റ്റ് മാര്‍ക്കറ്റിംഗ് കമ്പനികളുടെ വസന്തകാലമായിരുന്നു. മോഡി കെയര്‍, ആംവേ , യു എക്സ് എല്‍ , അങ്ങനെ നൂറു കൂട്ടം കമ്പനികള്‍. എന്റെ പല സുഹൃത്തുക്കളും വിദ്യാഭ്യാസ കാലത്ത് തന്നെ സര്‍ക്കാര്‍ ജോലി ഒന്നും വേണ്ട , ഇത് കൊണ്ട് കോടീശ്വരന്‍ ആകാം എന്ന് പറഞ്ഞു  ഇത്തരം കമ്പനികളില്‍ ചേര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവശേഷിച്ച ഒരു കമ്പനി ആണ് ആംവേ. മറ്റുള്ളവ മിക്കവാറും പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. ഒരു സ്ഥിരം ജോലി ഉള്ള പലരും അധിക വരുമാനത്തിന് വേണ്ടിയും അത്യാഗ്രഹം കൊണ്ടും ഇത്തരം പണികള്‍ ചെയ്യുന്നുണ്ട്. യുവാക്കളാണ് ഇതിലേക്ക് ആകര്ഷിക്കപ്പെടുന്നതില്‍ ഭൂരിഭാഗവും. പക്ഷെ മുകളില്‍ പറഞ്ഞ ഷൂ കമ്പനിയുടെ കാര്യം പറഞ്ഞ പോലെയാണ് മിക്കവരുടെയും സ്ഥിതി. എന്റെ ഒരു ബന്ധു ജോലിയില്‍ നിന്ന് പിരിഞ്ഞപ്പോള്‍ കിട്ടിയ പണം മുഴുവന്‍ ഒരു നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനിയില്‍ നിക്ഷേപിച്ചു ഒടുവില്‍ പാപ്പരായ അവസ്ഥയിലായി. ഇങ്ങനെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി ആയി  ഈ ബിസിനെസ്സ് ചെയ്യുന്നവര്‍ പറയുന്ന ഒരു മറുപടി ഉണ്ട്. ഒരു ഉല്പന്നം അല്ല നിങ്ങള്‍ക്ക് വില്‍ക്കുന്നത്. ഒരു ഒപ്പര്‍ച്യൂനിറ്റി ആണെന്ന്.പക്ഷെ അവസാനം എവിടെയെങ്കിലും ഒരാള്‍ പറ്റിക്കപ്പെടുകയാണ് ചെയ്യുന്നത് . മണി ചെയിന്‍ തന്നെ വേറൊരു രൂപത്തില്‍ അവതരിപ്പിചിരിക്കുന്നതല്ലേ

ശരിക്കും ആംവേയുടെയും രീതി ? എന്തായാലും മനുഷ്യന്റെ ജന്മ സിദ്ധമായ ആര്‍ത്തിയെ അതി വിദഗ്ധമായി ചൂഷണം ചെയ്യുക തന്നെയാണ് ഇത്തരം കമ്പനികള്‍ ചെയ്യുന്നത് . എന്താണ് നിങ്ങളുടെ അനുഭവം ? ദയവു ചെയ്തു അത് പങ്കു വയ്ക്കൂ 

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഒളി ക്യാമറയുടെ നിഴലില്‍ ഒരു കമ്യൂ ണിസ്ടുകാരന്‍



    ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുകയും അധ്വാനിക്കുന്നവന്റെ ചുമല്‍ താങ്ങുകയും ചെയ്തിരുന്ന, അല്ലെങ്കില്‍ അങ്ങനെ അവകാശപ്പെട്ടിരുന്ന ഒരു പ്രസ്ഥാനമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി. എന്നാല്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കന്മാര്‍ ഇപ്പോള്‍  നടത്തുന്ന പ്രസ്താവനകള്‍ കണ്ടിട്ട് സഹതാപം തോന്നുന്നു. കടുത്ത വിഭാഗീയതയില്‍ വലഞ്ഞുകൊണ്ടിരിക്കുന്ന പാര്‍ടിയില്‍ ഒരു ജില്ല സെക്രട്ടറി വരെ സ്ത്രീ സംബന്ധമായ വിഷയത്തില്‍ പുറത്താക്കപ്പെട്ടിരിക്കുന്നു. ഇപ്പൊ ഇതെഴുതാന്‍ കാരണം സഖാവ് അച്ചുതാനന്ദന്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നടത്തിയ സന്ദര്‍ശനമാണ്. അടുത്ത ദിവസം പത്രങ്ങളില്‍ വന്ന വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് കുഞ്ഞനന്തന്‍ നായരോടൊപ്പം ഇളനീര്‍ കുടിക്കുന്ന വി എസ് ആണ്. ഒപ്പം അദ്ദേഹത്തിന്റെ ഒരു കമന്റും. ആഹാരം കഴിക്കുന്നതിനേ വിലക്കുള്ളു എന്നും വെള്ളം കുടിക്കുന്നതിനു അതില്ല എന്നും. 
എന്നാല്‍ വി എസ് മറുവാദം ഉയര്‍ത്തി. കൂത്ത്‌പറമ്പില്‍ അഞ്ചു ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെടി വച്ച് കൊല്ലാന്‍ കാരണക്കാരനായ എം വി രാഘവനെ പിണറായി സ്വന്തം മകളുടെ കല്യാണത്തിന് ക്ഷണിച്ചതും തങ്ങള്‍ അതില്‍ പങ്കെടുത്തതുമെല്ലാം ആണ് വി എസ് എടുത്തു കാട്ടുന്നത്. എന്നാല്‍ മംഗളത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ കണ്ടത് ഇതാണ് :

     മരണക്കിടക്കയിലായ മകനെ കാണുന്നതില്‍നിന്നു പാര്‍ട്ടി സ്‌ഥാപകനേതാക്കളില്‍ ഒരാളായ പാണ്ട്യാല ഗോപാലനെയും ഭാര്യയേയും വിലക്കിയത്‌ ഇതേ വി.എസ്‌. പാര്‍ട്ടി ഭരിക്കുമ്പോള്‍! ബദല്‍ രേഖയുടെ പേരില്‍ സസ്‌പെന്‍ഡ്‌ ചെയ്‌ത എം.വി. രാഘവനു വീട്ടില്‍ വിളിച്ച്‌ ഊണു നല്‍കിയതിനു പഴയൊരു സഖാവിനെ പുറത്താക്കിയത്‌ ഇന്ന്‌ ഊണുവിലക്കിന്റെ പേരില്‍ ഉടക്കിനില്‍ക്കുന്ന വി.എസ്‌. സംസ്‌ഥാന സെക്രട്ടറിയായിരിക്കേ!  

അസുഖബാധിതനെ കാണാന്‍ പാര്‍ട്ടിവിലക്കു പാടില്ലെന്നു വി.എസ്‌. പറയുമ്പോള്‍ പിണറായി മാത്രമല്ല, പിണറായിക്കാരും ഓര്‍ത്തു തിരുത്തും. മകന്‍ അടിയേറ്റു ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴും ചെന്നുകാണാനുള്ള മാതാപിതാക്കളുടെ ആഗ്രഹം നിഷേധിച്ച കഥയാണത്‌. അന്നു വി.എസ്‌. ഔദ്യോഗികപക്ഷത്തിന്റെ ശക്‌തനായ വക്‌താവ്‌. കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ സ്‌ഥാപകനേതാക്കളില്‍ ഒരാളായ പാണ്ട്യാല ഗോപാലനും ഭാര്യയ്‌ക്കുമാണു മകന്‍ ഷാജിയെ കാണാന്‍ പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയത്‌. സി.പി.എം. വിട്ടു സി.എം.പിയില്‍ ചേര്‍ന്നതിനാണു പാണ്ട്യാല മുക്കില്‍ ഷാജി ആക്രമിക്കപ്പെട്ടത്‌.

പരുക്കേറ്റ്‌ മാസങ്ങളോളം മണിപ്പാലിലെ ആശുപത്രിയില്‍ കഴിഞ്ഞെങ്കിലും അച്‌ഛനും അമ്മയ്‌ക്കും ചെന്നുകാണാന്‍ പാര്‍ട്ടിയുടെ അനുമതി ലഭിച്ചില്ല. മണിപ്പാലില്‍നിന്നു മടങ്ങി പറശിനിക്കടവിലെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്‌ അമ്മ കണ്ടോത്ത്‌ ചീരൂട്ടി ഷാജിയെ ഒരുനോക്കു കണ്ടത്‌. അതും പാര്‍ട്ടിയുടെ അനുമതിയോടെ.

ബെര്‍ലിന്റെ വീട്ടില്‍ വി.എസിനു പാര്‍ട്ടി ഊണുവിലക്ക്‌ ഏര്‍പ്പെടുത്തിയപ്പോള്‍ കണ്ണൂരുകാര്‍ക്ക്‌ ഓര്‍മവരുന്നതു 'കൊടുത്താല്‍ കൊല്ലത്തും കിട്ടു'മെന്ന പഴമൊഴി. പാര്‍ട്ടി നടപടിയെടുത്ത എം.വി. രാഘവനു വീട്ടില്‍ ഉച്ചയൂണു നല്‍കിയതിനു ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിക്കു പുറത്താക്കിയതു സാക്ഷാല്‍ വി.എസ്‌. അച്യുതാനന്ദന്‍തന്നെ. വി.എസ്‌. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയായിരിക്കേ പയ്യന്നൂരിലെ പി. ബാലനാണു പാര്‍ട്ടിക്കു പുറത്തുപോകേണ്ടിവന്നത്‌. 1986-ലാണു സംഭവം.

ബദല്‍രേഖയുടെ പേരില്‍ സസ്‌പെന്‍ഷനിലായ എം.വി.ആര്‍. പയ്യന്നൂര്‍ എ.കെ.ജി. മന്ദിരത്തിലെത്തുമ്പോള്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന പി. ബാലന്‍ 'ദേശാഭിമാനി' ഏരിയാ ലേഖകന്‍കൂടിയായിരുന്നു. പയ്യന്നൂര്‍ ആശുപത്രിയുടെ ശോച്യാവസ്‌ഥ ബാലന്‍ എം.വി.ആറിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

തുടര്‍ന്ന്‌ സ്‌ഥലം എം.എല്‍.എ.കൂടിയായിരുന്ന എം.വി.ആര്‍. ആശുപത്രിയിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തി ഇറങ്ങിയപ്പോള്‍ ഏറെ വൈകി. തൊട്ടടുത്തുള്ള തന്റെ വീട്ടില്‍നിന്നു ഭക്ഷണം കഴിക്കാമെന്നു ബാലന്‍ എം.വി.ആറിനെ ക്ഷണിച്ചു.

ജോലിക്കുപോയ ബാലന്റെ ഭാര്യ രാവിലെ തയാറാക്കിവച്ച ഭക്ഷണമാണ്‌ ഇരുവരും കഴിച്ചത്‌. പാര്‍ട്ടി നടപടിയെടുത്ത എം.വി.ആറിനു ലോക്കല്‍ നേതാവ്‌ ഭക്ഷണം നല്‍കിയ വാര്‍ത്ത ജില്ലാ-സംസ്‌ഥാനനേതൃത്വത്തിനു മുന്നിലെത്തി. വി.എസായിരുന്നു സംസ്‌ഥാന സെക്രട്ടറി. പാര്‍ട്ടിവിരുദ്ധനു ഭക്ഷണം നല്‍കിയതിനു ബാലനോടു വിശദീകരണം ചോദിച്ചു. തുടര്‍ന്ന്‌ അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്‌തു.

പോളിറ്റ്‌ബ്യൂറോ അംഗമായിരിക്കേ വി.എസ്‌. 'വെറുക്കപ്പെട്ടവന്‍' എന്നു വിശേഷിപ്പിച്ച ഫാരിസ്‌ അബൂബക്കറുമായി സംസ്‌ഥാനസമിതിയംഗം ടി.കെ. ഹംസ വേദി പങ്കിട്ടത്‌ അടുത്തിടെ. ചെന്നൈയില്‍ നടന്ന ഒരു ചടങ്ങിലാണു മുസ്ലിംലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടിക്കും കോണ്‍ഗ്രസ്‌ നേതാവ്‌ എം.എം. ഹസനുമൊത്ത്‌ ഫാരിസുമായി ഹംസ വേദി പങ്കിട്ടത്‌.

പുറത്താക്കപ്പെട്ട ഗോപി കോട്ടമുറിക്കലിനെതിരെ തെളിവ് ശേഖരിക്കാന്‍ പാര്‍ട്ടി ഓഫീസില്‍ ഒളി ക്യാമറ ഉപയോഗിച്ചു എന്ന് വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. വി എസ് പക്ഷം ഓഫീസി സെക്രെട്ടരിമാരുടെ സഹായത്തോടെയാണ് ഇത് ചെയ്തത് എന്ന് അറിയുന്നു.

    ഇതെല്ലാം സത്യത്തില്‍ എന്താണ് സൂചിപ്പിക്കുന്നത് ?. മുന്‍പ് ചില പോസ്റ്റുകളില്‍ ദുശാസ്സനന്‍ സൂചിപ്പിച്ചിരുന്നത് പോലെ കാലത്തിനൊത്ത് മാറാത്ത ആശയ സംഹിതകളും നേതാക്കളും ആണ് ഈ പാര്‍ട്ടിയുടെ ശാപം. പണ്ട് മുതലേ കേള്‍ക്കുന്നതാണ് ഇവരുടെ ഓരോ കലാപരിപാടികള്‍. എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കില്‍ അവനെ വെറുക്കപ്പെട്ടവന്‍ എന്ന് വിളിക്കുക, പരസ്യമായി ശാസിക്കുക, ബെഞ്ചില്‍ കയറ്റി നിര്‍ത്തുക തുടങ്ങി വളരെ ബാലിശമായ ശിക്ഷാ രീതികളാണ് ഇത്രയും വര്‍ഷത്തെ ചരിത്രമുള്ള ഒരു പാര്‍ട്ടി ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പരമ്പരയിലെ ഏറ്റവും ചീപ് ആയ നടപടികള്‍ ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ ഊരുവിലക്ക്‌. പാര്‍ട്ടിയെ ചോദ്യം ചെയ്ത നേതാക്കളുടെ വീട്ടില്‍ പോകാന്‍ പാടില്ല, അവിടെ നിന്ന് ആഹാരം കഴിക്കാന്‍ പാടില്ല, വെള്ളം കുടിക്കാന്‍ പാടില്ല, അവരെ വഴിയില്‍ വച്ച് കണ്ടാല്‍ പോലും ചിരിക്കാന്‍ പോലും പാടില്ല അങ്ങനെ അങ്ങനെ മനുഷ്യത്വ പരമായ ഒരു നന്മയും തൊട്ടു തീണ്ടിയിട്ടില്ലാത്ത ചില നടപടികള്‍. ഒരു കണക്കിന് ഇത് ഒരു വീഴ്ച എന്ന് പറയാന്‍ പറ്റില്ല. ഇത് ഒരു പക്ഷെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഒരു വളര്‍ച്ചയാണ്. പണ്ടാണെങ്കില്‍ പുറത്താക്കുന്ന നേതാക്കളെ വര്‍ഗ ശത്രു എന്ന പേരിട്ടു കൊല്ലാന്‍ ഉത്തരവിടുകയായിരുന്നല്ലോ ചെയ്തുകൊണ്ടിരുന്നത്. അത് മാത്രമല്ല, വഴി തടയുക, നേതാവിനെയും മക്കളെയും കൊല്ലാന്‍ വഴി നീളെ ഇട്ടോടിക്കുക, അവരുടെ വീട് കത്തിക്കുക എന്നീ അക്രമങ്ങളും. അതിനേക്കാള്‍ ഭേദമാണല്ലോ ഈ ശാസനയും തെറി വിളിയും ഊര് വിളക്കും.  മേലനങ്ങാതെ വല്ലവരും പണിയെടുക്കുന്നത് നോക്കി കൊണ്ടിരുന്നിട്ടു അതിനു കൂലി വാങ്ങുന്ന പരിപാടിയും തുടങ്ങിയത് മറ്റാരുമല്ല. അധ്വാനിക്കുന്നവരുടെ സ്വന്തം പാര്‍ട്ടി എന്ന് ആത്മ പ്രശംസ നടത്തുന്ന ഈ പാര്‍ട്ടി തന്നെയാണ്. മുകളില്‍ മംഗളത്തില്‍ വന്ന വാര്‍ത്ത‍ സത്യമാണെങ്കില്‍ ഈ പാര്‍ട്ടിയെ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് വേണം പറയാന്‍. ഒരു മനുഷ്യന് സ്വതന്ത്രമായി ചിന്തിക്കാനും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാനും സ്വതന്ത്രമായി സഞ്ചരിക്കാനും അനുവദിക്കാത്ത ഒരു പാര്‍ട്ടി ചെയ്യുന്നതിനെ ലളിതമായി പറഞ്ഞാല്‍ മനുഷ്യാവകാശ ലംഘനം എന്ന് വേണം വിളിക്കാന്‍. ഇപ്പോഴും ഈ പാര്‍ടിയില്‍ അന്ധമായി വിശ്വസിക്കുകയും അതിനു വേണ്ടി കൊല്ലാനും ചാവാനും പോകുന്നവരുടെ മനശാസ്ത്രം എനിക്ക് മനസ്സിലാവുന്നില്ല. മുന്നോട്ടു കുതിച്ചു പൊയ്ക്കൊണ്ടിരിക്കുന്ന ലോകത്തില്‍ പിന്നോട്ട് മാത്രം, അതും ഏന്തി വലിഞ്ഞു പോകുന്ന ഒരു കൂട്ടം ആള്‍ക്കാരായിട്ടാണ് ഞാന്‍ ഈ പാര്‍ട്ടിയെ കാണുന്നത്.
എന്റെ വായനക്കാരായ കമ്മ്യൂണിസ്ടുകാര്‍ ക്ഷമിക്കുക.

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ജീവന്‍ ടി വിയിലെ അത്ഭുത പ്രവര്‍ത്തി !!!


     സത്യത്തില്‍ ഇത് ജീവന്‍ ടിവിയെ പറ്റി മാത്രമല്ല. എം എസ് ബനേഷ് അവിടെ നടത്തിക്കൊണ്ടിരിക്കുന്ന അത്ഭുത പ്രവര്‍ത്തിയെ പറ്റിയാണ്. ഞാന്‍ ഒട്ടും കാണാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലാത്ത ഒരു ചാനല്‍ ആണ് ജീവന്‍ ടി വി. സാങ്കേതികമായി നോക്കിയാല്‍ നമ്മുടെ ലോക്കല്‍ കേബിള്‍ ചാനലുകള്‍ ഇതിനേക്കാള്‍ ബെറ്റര്‍ ആണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.
അതിനിടയ്ക്കും ഇളയ നിലാ പോലുള്ള ജനപ്രിയ പരിപാടികള്‍ ജീവനിലുണ്ടായിരുന്നു. പക്ഷേ ഈയടുത്ത കാലത്ത് ജീവന്‍ ടി വി വച്ചു നോക്കിയ എനിക്ക് കാണാന്‍ കഴിഞ്ഞത് തികച്ചും പുതുമയുള്ള പരിപാടികള്‍ ആണ്. വാര്‍ത്താധിഷ്ടിത പരിപാടികള്‍. എം എസ് ബനേഷ് എന്ന കവിയും ഡോക്യു ഫിലിം സംവിധായകനുമായ പത്ര പ്രവര്‍ത്തകന്റെ തികച്ചും നിലവാരമുള്ള പരിപാടികള്‍.  കണ്ണാടിക്ക് ശേഷം മനസ്സിനെ സ്പര്‍ശിക്കുന്ന വാര്‍ത്ത‍ പരിപാടികള്‍ ആദ്യമായാണ് കാണുന്നത്. ഏഷ്യാനെറ്റ്‌ ന്യൂസ്‌ , ഇന്ത്യ വിഷന്‍ , മനോരമ ന്യൂസ്‌ എന്നിവര്‍ ചെയ്യുന്നത് പോലെ വിനോദത്തില്‍ ഊന്നിയ വാര്‍ത്താ റിപോര്‍ടിംഗ് അല്ല ഇത്. സാധാരണ മനുഷ്യന്റെ പ്രശ്നങ്ങള്‍ പച്ചയായി അവതരിപ്പിക്കുന്ന ഒരു പുതിയ രീതി. പക്ഷെ ജീവന്‍ ടി വി യുടെ സ്വാഭാവികമായ ഉദാസീനത മൂലം ഇത്തരം പരിപാടികള്‍ ആരും കാണാതെ പോവുകയാണ്. 
എന്നെ പോലെ വേറെ ആരെങ്കിലും ഇക്കാരണം കൊണ്ട് ഇത് കാണാതെ പോകരുത് എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ പോസ്റ്റ്‌ ഇട്ടതു. ഇത് ഒരു പ്രൊമോഷന്‍ ആയി കരുതിയാലും സാരമില്ല. പക്ഷെ ഇത് കാണാതിരുന്നാല്‍ നല്ല ചില ജീവിതാനുഭവങ്ങള്‍ ആയിരിക്കും നിങ്ങള്‍ക്ക് നഷ്ടമാവുന്നത്. ബനേഷിന്റെ ഉള്ളിലെ കവി ആയിരിക്കാം ചിലപ്പോള്‍ ഇത്രയും തീവ്രമായി സാധാരണ മനുഷ്യന്റെ വേദനകള്‍ നിങ്ങളിലേക്ക് പകരാന്‍ സഹായിക്കുന്നത്. അത്രയ്ക്ക് പിടിച്ചുലയ്ക്കുന്ന രീതിയിലാണ് അതിന്റെ അവതരണം. ആദ്യമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഹൃദയത്തിന്റെ ഭാഷയില്‍ ജനങ്ങളോട് സംസാരിക്കുന്നതു നിങ്ങള്‍ക്ക് ഇവിടെ കാണാം. റോഡിലെ ചപ്പു ചവറുകള്‍ വാരി കടത്തിണ്ണയില്‍ ഒരു കോവണിയുടെ കീഴില്‍ ജീവിച്ചു  രണ്ടു മക്കളെ പഠിപ്പിക്കാന്‍ വേണ്ടി രാപകല്‍ കഷ്ടപ്പെടുന്ന തങ്കമ്മയുമായി നടത്തിയ അഭിമുഖം ഉദാഹരണം. 
പിന്നൊന്ന് ഈയടുത്ത കാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയ തസ്നി ബാനുവുമായി നടത്തിയ സംഭാഷണം. ഏറണാകുളം ബസ് സ്ടാന്ടില്‍ ഒരു രാത്രിയിലാണ് ഇത് ഷൂട്ട്‌ ചെയ്തിരിക്കുന്നത്. തസ്നിയുടെ വിവരണം ( അതില്‍ പലതിനോടും യോജിക്കാന്‍ പറ്റില്ലെങ്കിലും ) നമുക്ക് യഥാര്‍ത്ഥത്തില്‍ ഫീല്‍ ചെയ്യുന്ന പ്രതീതിയാണ് അതിലുള്ളത്. 

എന്തായാലും ബനെഷിനും ബനേഷ് നയിക്കുന്ന വാര്‍ത്താ ടീമിനും എന്റെ അനുമോദനങ്ങള്‍. 

ചില എപിസോഡുകള്‍ കണ്ടു നോക്കു