റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ സ്കൂൾ ബസ്സ് ഇന്നലെ കണ്ടുകൊണ്ടിരുന്നപ്പോൾ ഈ ഓർമ്മകൾ ഒക്കെ മനസ്സിലേയ്ക്ക് ഓടി വന്നു. നോട്ട്ബുക്ക് എന്ന ചിത്രത്തിന് ശേഷം റോഷനും , എന്റെ വീട് അപ്പൂന്റെം , നോട്ട് ബുക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ബോബി - സഞ്ജയും ഈ വിഷയത്തിൽ അവതരിപ്പിക്കുന്ന ഒരു മനോഹര ചിത്രമാണ് സ്കൂൾ ബസ്സ്. കൊച്ചിയിലെ ഒരു വമ്പൻ സ്കൂളിൽ പഠിക്കുന്ന അജോയ് എന്ന പന്ത്രണ്ടു വയസ്സുള്ള ഒരു കുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കൊച്ചിയിലെ ബിസിനസ്സുകാരനായ ദമ്പതികളുടെ മകനായ അജോയ്ക്ക് ഒരു അനുജത്തിയുമുണ്ട്. സ്വത്തിനു വേണ്ടി സ്വന്തം ജ്യേഷ്ഠ സഹോദരനുമായി കലഹത്തിലാണ് അവന്റെ അച്ഛൻ. ഒരു ബൗട്ടിക് നടത്തുന്ന അമ്മ സമയം കിട്ടുമ്പോഴൊക്കെ അവരോടു സ്നേഹം കാണിക്കാറുണ്ടെങ്കിലും അച്ഛൻ അവർക്ക് ഭയമുള്ള , അകലത്തിൽ നിൽക്കുന്ന ഒരാളാണ്. ഒരു ദിവസം സ്കൂളിൽ വച്ച് അജോയ് കൂട്ടുകാരനായ നവനീതുമൊത്ത് ഒരു കുസൃതിയൊപ്പിക്കുന്നതിനിടയിൽ നവനീത് ഒരു അപകടത്തിൽ പെടുന്നു. രക്ഷിതാക്കളുമായി അടുത്ത ദിവസം വരണമെന്ന നിർദേശവും ഡയറിയിൽ എഴുതി ടീച്ചർ അവനെ വീട്ടിലയക്കുന്നു. അച്ഛനെ മരണത്തിനു തുല്യം ഭയക്കുന്ന അജോയ് മറ്റു വഴിയില്ലാതെ ചില കള്ളങ്ങൾ പറഞ്ഞു അടുത്ത ദിവസം സ്കൂളിൽ പോകുന്നില്ല. അവന്റെ അനുജത്തിയും അവനെ സഹായിക്കുന്നു. എന്നാൽ അപ്രതീക്ഷിതമായി പിടിക്കപ്പെട്ട അജോയ് എല്ലാവരിൽ നിന്നും ഓടി രക്ഷപ്പെടുന്നു. അവനെ തേടിയുള്ള യാത്രയാണ് ചിത്രത്തിന്റെ അടുത്ത പാതി പറയുന്നത്. ത്രസിപ്പിക്കുന്ന ഒരുപാടു രംഗങ്ങളിലൂടെ ചിത്രം അവസാനിക്കുന്നു.
മുകളിലത്തെ രണ്ടു പാരഗ്രാഫുകൾ വായിച്ചപ്പോൾ നിങ്ങൾക്ക് തോന്നിയിട്ടുണ്ടാവും ഇതിൽ എന്താ ഇത്ര മഹത്തരമായിട്ടുള്ളതെന്ന്. ശരിയാണ്. ഒരു സാരോപദേശ ചിത്രത്തിന്റെ കഥ തന്നെയാണ്. പക്ഷെ അത്തരം സിനിമകളിൽ നിന്ന് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ പരിചരണമാണ്. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെ പ്രതിഭ ചിത്രത്തിലുടനീളം തെളിഞ്ഞു നിൽക്കുന്നത് നിങ്ങൾക്ക് കാണാം. ബോബി - സഞ്ജയ് എഴുതിയ ചില സംഭാഷണങ്ങളും ചില അപൂർവ്വം ക്ലീഷേ രംഗങ്ങളും ഇത്രയും മികച്ചതാക്കിയത് അദ്ദേഹത്തിന്റെ കഴിവായി വേണം കാണാൻ ( ബോബി - സഞ്ജയ് കൂട്ടുകെട്ടിൽ നിന്ന് ഇത്രയുമൊന്നും കിട്ടിയാൽ പോര. അതുകൊണ്ട് സ്നേഹത്തോടെ അവരെ ഒഴിവാക്കുന്നു ) . അജോയെ അവതരിപ്പിക്കുന്ന മാസ്റ്റർ ആകാശ് മുരളീധരൻ , അവന്റെ കുസൃതിയായ അനുജത്തിയുടെ വേഷം ചെയ്ത , റോഷന്റെ മകളായ ആൻജലീനാ റോഷൻ , മാസ്റ്റർ മിനോൺ തുടങ്ങി ഒരു പറ്റം കുട്ടികളുടെ വളരെ ഒറിജിനൽ ആയ പ്രകടനമാണ് ഈ ചിത്രത്തെ ജീവസ്സുറ്റതാക്കുന്നത്. അത് പോലെ തന്നെ പ്രത്യേക പരാമർശം അർഹിക്കുന്നതാണ് ജയസൂര്യ അവതരിപ്പിച്ച ജൊസഫ് , അപർണ ഗോപിനാഥ് അവതരിപ്പിച്ച അപർണ ജൊസഫ് , കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച സബ് ഇൻസ്പെക്ടർ ഗോപൻ എന്നിവർ. കുട്ടികളുടെ ഈ ചിത്രത്തിൽ ഇമേജ് നോക്കാതെ പക്വതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇവർ മൂന്നു പേർക്കും അഭിനന്ദനങ്ങൾ. അതുപോലെ തന്നെ നന്ദു , സുധീർ കരമന, ഫോറസ്റ്റ് ഓഫീസറെയും അജോയുടെ വീട്ടിലെ ജോലിക്കാരിയുടെയും വേഷം അവതരിപ്പിച്ചവർ ( പേരറിയില്ല ) വളരെ തന്മയത്വത്തോടെ തങ്ങളുടെ ജോലി ചെയ്തിട്ടുണ്ട്. PK, 3 Idiots തുടങ്ങിയ വമ്പൻ ഹിറ്റുകൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച പ്രശസ്ത ബോളിവുഡ് സിനിമാട്ടോഗ്രാഫർ സി കെ മുരളീധരൻ ആണ് ചിത്രത്തിന്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി . രണ്ടാം പകുതിയിലെ കാടിന്റെ വന്യ ഭംഗി മുഴുവൻ ഒട്ടും ചോരാതെ അദ്ദേഹം ഒപ്പിയെടുത്തിട്ടുണ്ട്. വിവേക് ഹർഷന്റെ എഡിറ്റിംഗ്, ഗോപീ സുന്ദറിന്റെ ജീവൻ തുടിക്കുന്ന പശ്ചാത്തല സംഗീതം എന്നിവയും നന്നായിട്ടുണ്ട്.
കുട്ടികളെ ജീവന് തുല്യം സ്നേഹിച്ചിട്ടും ലാളന കൊണ്ട് അവർ വഷളായി പോയാലോ എന്ന പേടി കാരണം വലിഞ്ഞു കെട്ടിയ മുഖവുമായി ജീവിക്കുന്ന ഒരു അച്ഛനാണോ നിങ്ങൾ ? എങ്കിൽ തീർച്ചയായും ഈ ചിത്രം കാണണം. ഒരിക്കലെങ്കിലും മക്കളെ മടിയിൽ വിളിച്ചിരുത്തി അവരുടെ സന്തോഷവും ദുഖവും പേടിയും ആഹ്ലാദവും ഒക്കെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ലാത്ത ഒരു അച്ഛനാണോ നിങ്ങൾ ? അങ്ങനെയാണെങ്കിലും ഈ ചിത്രം തീർച്ചയായും കാണണം. നിങ്ങളുടെ കുഞ്ഞുങ്ങളെ കുറച്ചു കൂടി നന്നായി സ്നേഹിക്കാൻ ഒരുപക്ഷെ ഈ ചിത്രം നിങ്ങളെ പ്രേരിപ്പിക്കും. കുറച്ചു കൂടി നല്ല ഒരു അച്ഛനും അമ്മയുമാവാനും. ഈ അടുത്ത കാലത്ത് വന്ന ഏറ്റവും നല്ല കുടുംബ ചിത്രങ്ങളിലൊന്ന് കാണാൻ ദുഷ് നിങ്ങളെ സ്ട്രോങ്ങ് ആയി ശുപാർശ ചെയ്യുന്നു.