2013, ഡിസംബർ 21, ശനിയാഴ്‌ച

ദൃശ്യം - റിവ്യൂ


    മോഹൻ ലാലിന്റെ ക്രിസ്തുമസ് ചിത്രം ദൃശ്യം കണ്ടു. സത്യത്തിൽ ഇത് സംവിധായകനായ ജിത്തു ജോസഫിന്റെ മാത്രം ചിത്രമാണ്. കൊഴിഞ്ഞു വീഴുന്ന വർഷത്തെ അവസാനത്തെ സൂപ്പർ ഹിറ്റ്‌ സിനിമ  തന്നെയാവും ദൃശ്യം എന്ന് ഉറപ്പിച്ചു പറയാം. മെമ്മറീസിന്റെ വിജയം വെറും ചക്ക വീണതായിരുന്നില്ല എന്ന് ഈ ചിത്രത്തിലൂടെ ജിത്തു തെളിയിച്ചു.

   ഇടുക്കി ജില്ലയിലെ രാജാക്കാട് എന്ന മലയോര ഗ്രാമത്തിൽ കേബിൾ ടി വി സർവീസ് നടത്തുന്ന ജോർജ് കുട്ടിയുടെയും ( ലാൽ ) അയാൾ ജീവനേക്കാൾ സ്നേഹിക്കുന്ന കുടുംബത്തെയും അവിചാരിതമായി അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തത്തിന് മുകളിലൂടെ നടന്നു പോകാൻ ആ കുടുംബം നടത്തുന്ന സമരത്തിന്റെയും സംഘർഷം നിറഞ്ഞ കഥയാണ് ദൃശ്യം പറയുന്നത്. ഒരു സിനിമാ ഭ്രാന്തൻ കൂടിയായ ജോർജ് കുട്ടി ഒരനാഥനാണ്.  നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജ് കുട്ടിയുടെ ഭാര്യയാണ് പത്താം ക്ലാസ്സിൽ തോറ്റ റാണി ( മീന ).
സ്കൂൾ വിദ്യാർഥിനികളായ രണ്ടു മക്കളും അടങ്ങുന്നതാണ് അയാളുടെ കുടുംബം. പ്രകൃതി രമണീയമായ ആ ഗ്രാമത്തിലെ ശാന്തമായ അവരുടെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാതെ എത്തുന്ന അഥിതിയാണ് വരുണ്‍ ( റോഷൻ ).  ഒരു രാത്രിയിൽ ഇരുട്ടിലൂടെ അവരുടെ മുന്നിലേക്ക്‌ നടന്നെത്തുന്ന റോഷൻ ആ രാത്രി കൊണ്ട് അവരുടെ നാലുപേരുടെയും വിധി മാറ്റിയെഴുതുന്നു. ത്രില്ലടിപ്പിക്കുന്ന ഒരു രണ്ടാം പകുതി ഒട്ടനവധി കലക്കം മറിച്ചിലുകൾക്ക് ശേഷം മനോഹരമായ ഒരു പരിസമാപ്തിയിൽ പൂർണമാകുന്നു.

    ജിത്തുവിന്റെ ഡിറ്റക്റ്റീവ്, മെമ്മറീസ് എന്നീ മുൻ ചിത്രങ്ങൾ പോലെ തന്നെ ഒരു ത്രില്ലർ ആണ് ദൃശ്യവും. പളുങ്ക് , കാഴ്ച മുതലായ ചിത്രങ്ങളിൽ നാം കണ്ട മലയോര കുടുംബത്തിന്റെ ഒരു കുഴഞ്ഞു മറിഞ്ഞ രൂപമാണ് ഈ ചിത്രത്തിലെ ആദ്യ അര മണിക്കൂർ അവതരിപ്പിക്കുന്നത്‌. മലയോരത്തെ നിഷ്കളങ്കനായ നായകനെ അവതരിപ്പിക്കാൻ ഒരുപാടു സമയം പാഴാക്കി കളഞ്ഞു. നന്മ നിറഞ്ഞ ഗ്രാമത്തെ അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന സ്ഥിരം സംഗതികളായ ചായക്കട, പോലീസ് സ്റ്റേഷൻ , നന്മ മാത്രം പറയുന്ന ഗ്രാമീണർ എന്നിങ്ങനെ പലരെയും നല്ല ഒന്നാം നമ്പർ സുവിശേഷ പ്രസംഗത്തിന്റെ അകമ്പടിയോടെ വലിച്ചു നീട്ടി കാണിച്ചിട്ടുണ്ട്. അങ്ങനെ വിരസമായ രംഗങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും വലിഞ്ഞിഴഞ്ഞു നീങ്ങുന്ന കഥയിലേക്ക്‌ വരുണ്‍ കയറി വരുന്നു. അതാണ്‌ കഥയിലെ വഴിത്തിരിവ്. വളരെ സാധാരണമായ അവരുടെ കുടുംബ ജീവിതം ആരും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നത്  ത്രസിപ്പിക്കുന്ന രീതിയിൽ പറഞ്ഞു പോവുകയാണ് പിന്നെ.  രണ്ടാം പകുതിക്കു കുറച്ചു കൂടി മൂർച്ച കിട്ടാൻ വേണ്ടി ജിത്തു ആദ്യ പകുതി മനപൂർവം ഇഴപ്പിച്ചതാണോ എന്നും ഒരു സംശയം ഇല്ലാതില്ല.

    മനുഷ്യ മനസ്സിന്റെ സങ്കീർണതകൾ വിചിത്രം തന്നെയാണ്. മനസ്സ് നമ്മളെക്കൊണ്ട് എപ്പോൾ എന്തൊക്കെ ചെയ്യിക്കും എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. ഒരിക്കലും തന്നെക്കൊണ്ട് ചെയ്യാൻ കഴിയില്ല എന്ന് വിചാരിക്കുന്ന പല കാര്യങ്ങളും സാഹചര്യങ്ങളും പരിഭ്രാന്തമായ മനോനിലയും നിങ്ങളെക്കൊണ്ട് ചെയ്യിക്കും. അതുപോലെയാണ് ഈ കുടുംബം എത്തിപ്പെടുന്ന പ്രതിസന്ധിയും അവരുടെ പ്രതിരോധവും. പക്ഷെ  "There is no such thing as a perfect crime" എന്ന്. കേട്ടിട്ടില്ലേ ? അത് പോലെ വിട്ടു പോയ അല്ലെങ്കിൽ അവിടവിടെ ചിതറി കിടക്കുന്ന പൊട്ടും പൊടിയും വച്ച് ഒരു ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അന്വേഷകരും അവരുടെ വലയിൽ പെടാതിരിക്കാൻ സ്വയം ഉത്തരങ്ങൾ മെനഞ്ഞെടുക്കുന്ന ഇരയുടെയും ഒരു കഥയാണ്‌ ദൃശ്യം. സൂക്ഷിച്ചു നോക്കിയാൽ ഷട്ടറിൽ ജോയ് മാത്യു പരീക്ഷിച്ച ചില കഥാപരമായ ടെക്നിക്കുകൾ ഇതിൽ ജിത്തു ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നുന്നു. എന്തായാലും ഇത് സംവിധായകന്റെ ചിത്രം തന്നെയാണ്. കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കലാകാരന്മാർ നമ്മുടെ സിനിമയിൽ കുറഞ്ഞു വരികയാണല്ലോ.

    അഭിനേതാക്കളുടെ പ്രകടനം പറയുകയാണെങ്കിൽ ആദ്യം പറയേണ്ട പേര് കലാഭവൻ ഷാജോണിന്റെയാണ്. സ്ഥിരം തമാശ വേഷങ്ങൾ വിട്ടു ഒരു തനി വില്ലൻ വേഷം തന്മയത്വത്തോടെ ഷാജോണ്‍ ഉജ്ജ്വലമാക്കി. ചില രംഗങ്ങളിൽ , ചിത്രം കാണുന്ന ഏതൊരാളിലും അസ്വസ്ഥതയുണ്ടാക്കുന്ന വിധം ഒരു വികാരം സൃഷ്ടിക്കാൻ ഷാജോണിനു കഴിഞ്ഞു. ജിത്തുവിന്റെ മുൻ ചിത്രമായ മൈ ബോസ്സിൽ ഒരു രസകരമായ കഥാപാത്രത്തെ അവതരിപ്പിച്ച ഷാ ജോണ്‍ തന്നെ ഇതിൽ നേരെ വിപരീത ദിശയിലുള്ള ഒരു കഥാപാത്രത്തെ അനശ്വരമാക്കി. പിന്നെ എന്നെ ആകർഷിച്ചത് ആശാ ശരത്തിന്റെ അഭിനയമാണ്. ഏഷ്യാനെറ്റിലെ കണ്ണീർ സീരിയലുകളുടെ പരസ്യത്തിൽ കണ്ട പരിചയം മാത്രമാണ് അവരോടുള്ളത്. മലയാള സിനിമയ്ക്ക് സധൈര്യം ഉപയോഗിക്കാവുന്ന ഒരു കഴിവുറ്റ നടി തന്നെയാണ് ആശ എന്ന് ദൃശ്യത്തിന്റെ രണ്ടാം പകുതി കണ്ട ഏതൊരാൾക്കും മനസ്സിലാകും. അത് പോലെ തന്നെ ജോർജ് കുട്ടിയുടെ മക്കളെ അവതരിപ്പിച്ച പെണ്‍കുട്ടികൾ , പ്രത്യേകിച്ച് ആ കൊച്ചു കുട്ടി. വളരെ മികച്ച അഭിനയം.

    മോഹൻ ലാലിനെ പറ്റി ഒന്നും പറയാനില്ലേ എന്ന് ഇപ്പോൾ ഇത് വായിക്കുന്നവർക്ക് തോന്നുന്നുണ്ടാവും. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾ ചില രംഗങ്ങളിലെങ്കിലും മുടന്തുന്നത് ഈ ചിത്രത്തിൽ കാണാം. ചിലപ്പോ അദ്ദേഹത്തിന് താല്പര്യമില്ലാത്ത ഒരു രംഗം ആർക്കോ വേണ്ടി അഭിനയിച്ചു തീർക്കുന്നത് പോലെയും തോന്നി. എന്നാൽ, അതേ സമയം തന്നെ ചില രംഗങ്ങളിൽ പഴയ ലാൽ അസാമാന്യമായ മെയ് വഴക്കത്തോടെ ചിറകു വിരിക്കുന്നതും കാണാം. ഉദാഹരണം, ഭാര്യയിൽ നിന്ന് തലേന്ന് രാത്രിയിൽ നടന്ന സംഭവങ്ങൾ കേട്ടതിനു ശേഷം ഇനിയെന്ത് എന്ന ആശയക്കുഴപ്പവും ഒരു തരം അരക്ഷിതത്വ ബോധവും നിഴലിക്കുന്ന ഒരു മുഖഭാവത്തോടെ നിൽക്കുന്ന അദ്ദേഹത്തിന്റെ ഒരു പ്രകടനമുണ്ട്. അത് പോലെ തന്നെ ചിത്രത്തിലുടനീളം അദ്ദേഹം നില നിർത്തുന്ന ആ തുടർച്ച ലാലിലെ അതുല്യ നടൻ ഇപ്പോഴും മരിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ്.

    പിന്നെ ഇതിൽ എടുത്തു പറയേണ്ട പേര് വേറൊരു നടന്റെയാണ്. മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം എന്ന ചൊല്ല് എത്ര സത്യമാണെന്ന് ആ നടന്റെ അഭിനയം കണ്ടപ്പോ പിടി കിട്ടി. ആലോചിച്ചു ബുദ്ധി മുട്ടണ്ട. പെരുമ്പാവൂരിൽ നിന്നും ജയറാമിന് ശേഷം വന്ന അടുത്ത വാഗ്ദാനം. ആന്റണി പെരുമ്പാവൂർ ആണ് ആ താരം. ദോഷം പറയരുതല്ലോ. തരക്കേടില്ലാതെ ആന്റണി അത് അഭിനയിച്ചിട്ടുണ്ട്. പക്ഷെ ആ കഥാപാത്രത്തെ ആദ്യ രംഗത്ത്‌ അവതരിപ്പിച്ചിരിക്കുന്നത് കഥയിൽ എന്തോ പ്രാധാന്യമുള്ള ഒരാൾ ആണെന്ന സൂചന നൽകിക്കൊണ്ടാണ്. എന്നാൽ അങ്ങേർ വന്നത് പോലെ തന്നെ അപ്രത്യക്ഷമാവുകയാണ്.


ക്രിസ്തുമസ് / ന്യൂ ഇയർ അവധിക്കു നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നതിനിടയിലും ഇത് എഴുതാം എന്ന് വിചാരിച്ചത് ഈ ചിത്രതോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്. ഈ സിനിമ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. മലയാളം മര്യാദക്കറിയാത്ത എന്റെ പ്രിയപ്പെട്ട ഭാര്യ പോലും ബാക്കിയുള്ളവരുടെ ഒപ്പം കയ്യടിച്ചാണ് ഇതിലെ ക്ലൈമാക്സ്‌ രംഗത്തെ അഭിനന്ദിച്ചത്. അവിടെ അന്ന് മുഴങ്ങി കേട്ട കയ്യടികൾ ഇനിയും ഇത് പോലെയുള്ള നല്ല ചിത്രങ്ങളുമായി വരാൻ ജിത്തുവിന് പ്രചോദനമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

2013, ഡിസംബർ 15, ഞായറാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 36

   


     അപ്പുറത്ത് ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. പക്ഷെ ചിന്നു എടുക്കുന്നില്ല. അഞ്ചു മിനിറ്റ് കഴിഞ്ഞു അവൻ വീണ്ടും വിളിച്ചു. ഇത്തവണ അവൾ ഫോണ്‍ എടുത്തു. പക്ഷെ ഒന്നും സംസാരിക്കുന്നില്ല. ഒടുവിൽ അവൻ ഹലോ എന്ന് പറഞ്ഞപ്പോൾ വിറയാർന്ന ശബ്ദത്തിൽ അവളും ഹലോ ബൈജൂ എന്ന് പറഞ്ഞു. "ബൈജു വിളിക്കില്ലായിരുന്നു എന്നാണു ഞാൻ വിചാരിച്ചത്. എന്നെ പോലുള്ള ഒരു ചീറ്റിനെ  വിളിക്കേണ്ട കാര്യവും ബൈജുവിനില്ല. എങ്കിലും വിളിച്ചല്ലോ.." ഇത്രയും പറഞ്ഞപ്പോഴേയ്ക്കും അവൾ കരഞ്ഞു പോയി. "ദൈവം ചെയ്തതാണോ എന്നറിയില്ല. നല്ലതിനാണോ ചീത്തയ്ക്കാണോ എന്നും അറിഞ്ഞുകൂടാ. പക്ഷെ ഒരു കാര്യം പറയാനുണ്ട്"
അവൾ തുടർന്നു ."എന്താ.. പറയ്‌ " അവൻ താല്പര്യമില്ലാതെ പറഞ്ഞു. "ഈ കല്യാണം നടക്കില്ല" അവൾ പറഞ്ഞു. "എന്തോ കൊടുക്കുന്നതിന്റെയും വാങ്ങുന്നതിന്റെയും കാര്യമൊക്കെ പറഞ്ഞു ചെറിയ തർക്കമായി. അച്ഛൻ അവരെ വിളിച്ചു പറഞ്ഞു ഇനി ഇതിനു താല്പര്യമില്ല എന്ന് " അവൾ പറഞ്ഞു. കേട്ടത് സത്യമോ സ്വപ്നമോ എന്നറിയാതെ അവൻ ഒരു നിമിഷം നിന്നുപോയി. പക്ഷെ ഇത് വരെ ജീവിതത്തിലുണ്ടായ അനുഭവങ്ങൾ ഇങ്ങനെയുള്ള അവസരങ്ങളിൽ അമിതമായി സന്തോഷിക്കാതിരിക്കാൻ അവനെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു. "നിന്റെ ആഗ്രഹം  പോലെ തന്നെ ഇത് മുടങ്ങിയല്ലോ.. പക്ഷെ ആ ചെക്കനെ കെട്ടിച്ചു തരും എന്ന് വിചാരിക്കണ്ട" എന്നൊരു മുന്നറിയിപ്പും അവളുടെ അമ്മയും ചേച്ചിയും കൊടുത്തിട്ടുണ്ട്‌.   ഇത്രയും പറഞ്ഞിട്ട് അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവൾ ഫോണ്‍ വച്ചു.


     എന്തൊക്കെ പറഞ്ഞാലും അവനു സന്തോഷം അടക്കാൻ കഴിഞ്ഞില്ല. ഇങ്ങനെ വരുത്താനായിരുന്നെങ്കിൽ എന്തിനാണ് ഈശ്വരാ ഇടയ്ക്ക് വിഷമിപ്പിച്ചത് ? അവൻ മുറിയിൽ സൂക്ഷിച്ചിരുന്ന ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നിൽ വീണു കരഞ്ഞു. ദൈവത്തിനെ കണ്മുന്നിൽ കാണുന്നത് പോലെയൊക്കെ അവനു തോന്നി. തറയിൽ വീണു കിടക്കുന്ന അവനെ കണ്ടുകൊണ്ടാണ് മഹേഷ്‌ അവിടെയ്ക്ക് വന്നത്. ഒറ്റ നോട്ടത്തിൽ പേടിച്ചു പോയെങ്കിലും സൂക്ഷിച്ചു നോക്കിയപ്പോൾ കുഴപ്പമൊന്നുമില്ല എന്ന് അവനു മനസ്സിലായി. നിറഞ്ഞ മിഴികളോടെയും ഇടറിയ ശബ്ദത്തോടെയും അവൻ കാര്യങ്ങളൊക്കെ മഹേഷിനെ പറഞ്ഞു കേൾപ്പിച്ചു. പക്ഷെ അവൻ വലിയ സന്തോഷമൊന്നും കാണിച്ചില്ല. പകരം ബൈജുവിനൊട് ഇത്രയും പറഞ്ഞു. " നീ എന്തായാലും അധികം സന്തോഷിക്കണ്ട. എന്തെങ്കിലും തീരുമാനം ആകട്ടെ. നിന്റെ നല്ലതിന് വേണ്ടിയാ ഞാൻ പറയുന്നത്. ഇനിയും നീ ഇരുന്നു വിഷമിക്കുന്നത് കാണാൻ എനിക്ക് താല്പര്യമില്ല. ഇങ്ങനെയൊക്കെ ജീവിക്കേണ്ട ഒരാളല്ല നീ ". മഹേഷിന്റെ വാക്കുകൾ കേട്ടു ബൈജുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

     അന്നത്തെ ദിവസം  എങ്ങനെയാണ് കടന്നു പോയത് എന്നവൻ അറിഞ്ഞില്ല. അവളും. നേരത്തെ തീരുമാനിച്ചിരുന്ന കല്യാണ നിശ്ചയത്തിനു ഇനി മൂന്നു ദിവസം കൂടിയുണ്ട്. ഒരു ദിവസം കൂടി അവർ കടിച്ചു പിടിച്ചിരുന്നു. അടുത്ത ദിവസം കണ്ടുമുട്ടാൻ തീരുമാനിച്ചു അവർ. ഇന്ദിരാ നഗറിൽ ഉള്ള ഏതേലും തീം റെസ്ടോറന്റിൽ കാണാമെന്നു ബൈജു പറഞ്ഞെങ്കിലും അവൾ വേണ്ട എന്ന് പറഞ്ഞു. ഇപ്പോഴും അവരുടെ ജീവിതത്തിനു വഴി തെളിഞ്ഞു എന്ന് വിശ്വസിക്കാൻ ചിന്നു തയ്യാറായിരുന്നില്ല. ഒടുവിൽ മദുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെ സ്റ്റഡി സെന്ററിനു താഴെയുള്ള മദുരൈ ഇഡ്ഡലി ഷോപ്പിൽ കാണാം എന്ന് അവർ തീരുമാനിച്ചു. അതാവുമ്പോ കോറമംഗലയിൽ നിന്നും വളരെ അകലെയാണ്. പരിചയക്കാരെ അധികം പ്രതീക്ഷിക്കണ്ട.

    അത് വരെ കണ്ടിരുന്നത്‌ പോലെയായിരുന്നില്ല അന്ന്. സന്തോഷമോ ദുഖമോ എന്നൊന്നും വിശേഷിപ്പിക്കാൻ പറ്റാത്ത അജ്ഞാതമായ ഒരു വികാര തള്ളിച്ചയിൽ അവർക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. പകുതി നിറഞ്ഞ മിഴികളോടെ അവർ രണ്ടും മുഖാമുഖം നോക്കിയിരുന്നു. മേശപ്പുറത്തിരിക്കുന്ന ഇഡ്ഡലി കണ്ണീരിൽ കുതിർന്നു . സാമ്പാറും ആ വഴി പോകും എന്ന് തോന്നിയപ്പോൾ ബൈജു ഒരു ഇഡ്ഡലി എടുത്തു കടിച്ചു. കുസൃതിയും സന്തോഷവും നിറഞ്ഞ കണ്ണുകളോടെ അവളും അതെടുത്തു കടിച്ചു. അപ്പുറത്തിരിക്കുന്ന ഒരു തമിഴൻ രണ്ടു പേരും ഒരേ ഇഡ്ഡലി കടിച്ചു പറിക്കുന്നത്‌ കണ്ടിട്ട് അവരെ തുറിച്ചു നോക്കി. ചിന്നുവിന്റെ ഫോണ്‍ റിംഗ് ചെയ്തു. വീട്ടിൽ നിന്നാണ്. ഫോണ്‍ അറ്റൻഡ് ചെയ്തിട്ട് തിരികെ വന്ന ചിന്നു ആകെ തകർന്നിരുന്നു. ഈ കല്യാണം പൊളിഞ്ഞത് കൊണ്ട് അമ്മ ഇപ്പോൾ ശത്രുക്കളോടു സംസാരിക്കുന്നതു പോലെയാണ് അവളോട്‌ പെരുമാറുന്നത്. ചേച്ചിയും അതേ. അത്ഭുതമെന്നോണം അച്ഛൻ അവളോട്‌ സ്നേഹത്തോടെ സംസാരിച്ചു തുടങ്ങി. ഒരിക്കൽ അച്ഛൻ അവളോട്‌ ബൈജുവിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എന്നാൽ അത് കേട്ട അമ്മ അച്ഛനോട് ദേഷ്യപ്പെട്ടതോടെ അച്ഛൻ പിന്നെയൊന്നും ചോദിക്കാതായി. "ഞാൻ ഇപ്പൊ ഒറ്റയ്ക്കാണ് ബൈജൂ .. അവർ എങ്ങനെയെങ്കിലും എന്നെ കല്യാണം കഴിപ്പിച്ചു ഇത് അവസാനിപ്പിക്കാനാണ് ഇപ്പൊ മിണ്ടാതിരിക്കുന്നത്. ഈ ഒരു സംഭവത്തോടെ അമ്മയും ചേച്ചിയും ഒക്കെ എന്നെ വെറുത്തു കഴിഞ്ഞു. " അവൾ പറഞ്ഞു. "അപ്പൊ ഞാനോ ?" അവൻ ചോദിച്ചു. "ബൈജു ഉണ്ടാവണം എന്നാണു എന്റെ ആഗ്രഹം. പക്ഷെ ഈ അനുഭവങ്ങൾ കണ്ടില്ലേ ? എനിക്ക് എന്തോ എല്ലാം നടക്കും എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല" അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു. വീടും അപ്പുറത്തിരിക്കുന്ന തമിഴൻ തുറിച്ചു നോക്കുന്നത് ബൈജു കണ്ടു. എങ്ങനെയെങ്കിലും അത് കഴിച്ചു തീർത്തിട്ട് അവർ ഇറങ്ങി.

     സമീപത്തുള്ള പാർക്കിന്റെ ചെറിയ ഇടവഴിയിലൂടെ അവർ കൈകോർത്തു നടന്നു. ചെറിയ ചെറിയ തമാശകൾ പറഞ്ഞു ബൈജു അവളെ ചിരിപ്പിക്കാൻ നോക്കി. പക്ഷെ അവന്റെയും ഉള്ള് അസ്വസ്ഥമായിരുന്നു. അത് ചിന്നുവിനും മനസ്സിലായി. "എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി ഒന്നും പറയണ്ട ബൈജൂ .." അവൾ പറഞ്ഞു. പകുതി നിറഞ്ഞ കണ്ണുകളോടെ അവനും അവളും അന്യോന്യം നോക്കി. പാർക്കിലെ ഒരു കൽ ബഞ്ചിൽ അവർ ഇരുന്നു. കണ്ടു മറന്ന ഏതോ സിനിമയിലെയോ കഥയിലെയോ സന്ദർഭങ്ങൾ അവനോർമ വന്നു.  അടുത്ത് കുറച്ചു കുട്ടികൾ നിന്ന് കളിക്കുന്നുണ്ട്.  ഡിസംബറിന്റെ തണുത്ത ഇളം കാറ്റ് വീശുന്നുണ്ട്. ആ കാറ്റു തട്ടി ഇലകൾ അവിടവിടെ അനുസരണയില്ലാതെ പറന്നു നടപ്പുണ്ട്. ചിന്നു ജാക്കറ്റ് ഒന്ന് കൂടി വലിച്ചടുപ്പിച്ചു. നല്ല തണുപ്പുണ്ട്. സമയം ഇഴഞ്ഞു നീങ്ങി. പാർക്കിലെ കാഴ്ചകൾ കണ്ടിരിക്കുന്ന രണ്ടു പേരെ പോലെയാണ് അവർ ആ ബെഞ്ചിലിരുന്നതെങ്കിലും അവരുടെ ഉള്ളിൽ അതൊന്നും പതിയുന്നുണ്ടായിരുന്നില്ല. കുറെ നേരം കൂടി ഇരുന്നതിനു ശേഷം അവർ അവിടെനിന്നിറങ്ങി.


 പുതിയ സംഭവ വികാസങ്ങൾ കാരണം പഴയ പ്രതീക്ഷ വീണ്ടെടുത്ത ബൈജു അല്പം ശാന്തനായിരുന്നു. പക്ഷെ ചിന്നുവിന്റെ കാര്യം മറിച്ചായിരുന്നു. റിക്ഷയിൽ കയറിയിട്ടും അവൾ നിശബ്ദയായിരുന്നു.  ഇപ്പോൾ നടന്നതിലും വലിയ എന്തോ ഉടൻ സംഭവിക്കാൻ പോകുന്നു എന്ന ഒരു അശുഭചിന്ത അവളുടെ മനസ്സിലേക്ക് വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. അവളെ പി ജിയുടെ അടുത്ത് ഇറക്കിയിട്ട്‌ ബൈജു പോയി. മഹേഷിനോട് നടന്നതെല്ലാം അവൻ പറഞ്ഞു. അത് കേട്ടിട്ട് ഒന്നും മിണ്ടാതിരുന്ന മഹേഷിനു ആദ്യമായി ഒരു സന്യാസിയുടെ മുഖഭാവം അവൻ കണ്ടു. "നമുക്ക് പ്രാർത്ഥിക്കാം , പക്ഷെ നീ എന്തും നേരിടാൻ തയ്യാറായിരിക്കണം . നിനക്ക് ധൈര്യമുണ്ടെങ്കിൽ അവളെ വിളിച്ചു കൊണ്ട് വാ. ഞാൻ ഉണ്ട് നിന്റെ കൂടെ. എന്തായാലും നീ ജോലിയും കൂലിയും ഒന്നുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു ആളൊന്നുമല്ലല്ലോ. മാത്രമല്ല അവളെ കെട്ടി പണമോ സ്വത്തോ ഉണ്ടാക്കാനോന്നുമാല്ലല്ലോ.. നിനക്ക് ഇഷ്ടമായിട്ടല്ലേ ? " മഹേഷ്‌ പറഞ്ഞു. ആദ്യമായി ബൈജുവിനും ആ ആശയത്തോട് ഒരു യോജിപ്പ് തോന്നി. പക്ഷെ ചിന്നുവിന് അതിനുള്ള ധൈര്യം ഇല്ല. എന്തു ചെയ്യും? അതിനു മഹേഷിനു മറുപടി ഉണ്ടായിരുന്നില്ല. "ഡാ. നിങ്ങൾ രണ്ടുപേരും കുറച്ചു ധൈര്യം കാണിക്കണം. അല്ലാതെ ഇത് നടക്കില്ല. നിങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ ഇപ്പോൾ കുറച്ചു വിഷമിപ്പിക്കേണ്ടി വരും. പക്ഷെ അതൊക്കെ പിന്നെ നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ അവർ മറക്കും. " ഒടുവിൽ മഹേഷ്‌ പറഞ്ഞു. "ശരിയാണ്." ബൈജുവും സ്വയം പറഞ്ഞു. പുറത്തു നല്ല തണുപ്പാണ്. ക്രിസ്തുമസ് നക്ഷത്രങ്ങൾ എല്ലായിടത്തും മുനിഞ്ഞു കത്തുന്നുണ്ട്. ദൂരെ ഒരു കരോൾ ഗാനം കേൾക്കാം. കുറച്ചു കാലം കൂടി അവൻ അന്ന് സമാധാനമായി കിടന്നുറങ്ങി.

    നേരം പുലർന്നു . ഇന്ന് ചിന്നുവിനോട് സംസാരിച്ചു ഉടൻ ഒരു തീരുമാനം ഉണ്ടാക്കണം. എന്തായാലും ഇതൊരു ചതി ഒന്നുമല്ലല്ലോ. അവളെ എന്തായാലും വേറെ ആരും ഇത്രയും സ്നേഹിച്ചിട്ടുണ്ടാവില്ല. പക്ഷെ ഒരു ഒളിച്ചോട്ടത്തിന് അവനും അവളും മാനസികമായി തയ്യാറായിരുന്നില്ല. അങ്ങനെയൊന്നുണ്ടായാൽ അച്ഛനും അമ്മയും എങ്ങനെ അത് നേരിടും എന്നതായിരുന്നു. രണ്ടു വശത്തേയ്ക്കുമുള്ള വടംവലികൾ അവരുടെ മനസ്സിൽ നടന്നുകൊണ്ടിരുന്നു. ഫോണ്‍ റിംഗ് ചെയ്യുന്നു. ചിന്നുവാണ്. ബൈജുവിന് ഒന്നും പറയേണ്ടി വന്നില്ല. അവളുടെ മനസ്സിലെ ആശങ്ക സത്യമായിക്കഴിഞ്ഞിരുന്നു.

( അടുത്ത ഭാഗത്തോട് കൂടി ഇത് അവസാനിക്കും )

2013, ഒക്‌ടോബർ 27, ഞായറാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 35



     എല്ലാ കാമുകന്മാരും ചോദിച്ചിട്ടുള്ള ചോദ്യം. അവൾ ഒന്നും മിണ്ടിയില്ല. ഫോണ്‍ കട്ട്‌ ചെയ്തു. ബൈജുവിന്റെ ഇരിപ്പ് കണ്ടിട്ട് മഹേഷ്‌ വന്നു. ഒന്നും പറയാതെ തന്നെ അവനു എല്ലാം മനസ്സിലായിരിക്കുന്നു. മഹേഷ്‌ നിർബന്ധിച്ചു അവനെ വിളിച്ചു പുറത്തേക്കു കൊണ്ട് പോയി. ബൈക്കിന്റെ പുറകിൽ ഇരിക്കുമ്പോഴും ബൈജു ഒന്നും അറിയുന്നുണ്ടായിരുന്നില്ല. ചിന്നുവിന്റെ അർത്ഥഗർഭമായ മൌനം അവനെയും നിശബ്ദനാക്കി. അതാ ഫോണ്‍ റിംഗ് ചെയ്യുന്നു. ചിന്നുവാണ്. യാന്ത്രികമായി അവൻ ഫോണ്‍ എടുത്തു. അപ്പുറത്തു അവൾ അലറിക്കരയുകയാണ് .
"ഞാൻ അന്നേ പറഞ്ഞില്ലേ ബൈജൂ എനിക്ക് അങ്ങനെ ഇറങ്ങി വരാനൊന്നും ഉള്ള ധൈര്യമില്ല എന്ന് ? എനിക്കത് പറ്റുമോ എന്തോ ? " ചിതറിയ വാക്കുകളിൽ അവൾ പറഞ്ഞു. അവൻ ഒന്നും മിണ്ടാതെ ഫോണ്‍ വച്ചു . അപ്പോൾ ബൈജുവിന്റെ മനസ്സിലുണ്ടായ വികാരം എന്താണെന്നു അവനു തിരിച്ചറിയാൻ പറ്റിയില്ല. ദേഷ്യമാണോ സങ്കടമാണോ എന്നൊക്കെ വേർതിരിച്ചറിയാൻ പറ്റാത്ത ഒരു തരം ഫീലിംഗ്. മഹേഷ്‌ ഒരു മരത്തിന്റെ ചുവട്ടിൽ വണ്ടി നിർത്തി. 'അവൾക്കു ഇറങ്ങി വരാനൊന്നും പറ്റില്ലെന്നാ പറയുന്നത്' അവൻ പറഞ്ഞു. മഹേഷ്‌ ഒരു നിമിഷം ഒന്നും മിണ്ടിയില്ല. എന്നിട്ട് അവൻ പറഞ്ഞു. 'ഡാ.. നീ വിഷമിക്കണ്ട. വിളിക്കുമ്പോ തന്നെ ഇറങ്ങി വരാൻ ഇത് സിനിമ ഒന്നുമല്ലല്ലോ. നമുക്ക് നോക്കാം ' . പക്ഷെ മഹേഷിന്റെ വാക്കുകൾ അവനു ആശ്വാസമായില്ല. 'അവർ ഡേറ്റ് വരെ തീരുമാനിച്ചു, ഹാൾ ബുക്ക് ചെയ്തു. ഇനി ? " അവൻ ചോദിച്ചു. മഹേഷിനും അതിനു പെട്ടെന്ന് മറുപടി പറയാൻ പറ്റിയില്ല. 'ഡാ. നിനക്ക് വിഷമമാകുമോ എന്നെനിക്കറിയില്ല. പക്ഷെ ചിന്നു അല്പം ധൈര്യം കാണിക്കാതെ ഒന്നും നടക്കില്ല. " അവൻ പറഞ്ഞു.

    യാത്ര തുടർന്നു. ഇടയ്ക്ക് ചിന്നു വീണ്ടും വിളിച്ചു. അവൾ അച്ഛനോടും അമ്മയോടും മാറി മാറിസംസാരിക്കുകയായിരുന്നു . അവസാനം അവളുടെ ചേച്ചി വിളിച്ചുവത്രേ. ഇത്രയും കാലം സ്നേഹിച്ചു വളർത്തിയ അമ്മയും അച്ഛനും ആണോ വലുത് അതോ ഇന്നലെ കണ്ട ആ യൂസ്ലെസ്സ് ആണോ വലുത് എന്ന് ചേച്ചി ചോദിച്ചു. ബൈജുവിനെ അങ്ങനെ വിളിക്കരുത് എന്ന് ചിന്നു ദേഷ്യപ്പെട്ടപ്പോൾ  അവളെ കുറെ ശപിച്ചതിനു ശേഷം ചേച്ചി ഫോണ്‍ വച്ചിട്ട് പോയി. അത് വരെ അവളുടെ ചേച്ചി ഒരിക്കൽ പോലും ചിന്നുവിനോട് മുഖം കറുപ്പിച്ചു ഒന്നും പറഞ്ഞിട്ടില്ല. "ഇനി എനിക്ക് ഇങ്ങനെ ഒന്നും കേൾക്കാൻ വയ്യ ബൈജൂ .. നമ്മുടെ ആഗ്രഹം ഒന്നും നടക്കില്ല " എന്നൊക്കെ പറഞ്ഞിട്ട് അവൾ ഫോണ്‍വച്ചു. അവൻ ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവൾ വീണ്ടും . 'സോറി ബൈജൂ . ഞാൻ പെട്ടെന്ന് അങ്ങനെയൊക്കെ കേട്ടപ്പോ.. എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല. ഇറങ്ങി വരാനുള്ള ധൈര്യവും ഇല്ല..എന്റെ അച്ഛനെയും അമ്മയെയും എങ്ങനെ ഞാൻ പറഞ്ഞു മനസ്സിലാക്കും ? " അവൾ വിങ്ങിക്കൊണ്ട് പറഞ്ഞു. 'ജനിപ്പിച്ചവർക്ക് കുട്ടികളുടെ ജീവിതവും നശിപ്പിക്കാനുള്ള അവകാശം ഉണ്ടോ ? " അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ അച്ഛനും അമ്മയും ചേച്ചിയും ചേർന്ന് ഒരു ഇമോഷണൽ ബ്ലാക്ക്‌ മെയിലിംഗ് ആണ് അവിടെ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ബൈജുവിന് മനസ്സിലാകാതിരുന്നില്ല. പക്ഷെ ചിന്നു ആകെ തകർന്നിരിക്കുന്നു.


     അവളുടെ വീട്ടിൽ കാര്യങ്ങൾമിന്നൽ വേഗത്തിൽ പുരോഗമിക്കുകയായിരുന്നു. വീട് പെയിന്റ് ചെയ്യാൻ ആളെത്തി. കാർഡ്‌ പ്രിന്റ്‌ ചെയ്യാൻ ഡിസൈൻ ഒക്കെ സെലക്ട്‌ ചെയ്തു. മാത്രമല്ല ഇതൊക്കെ അവർ മിനിറ്റ് വച്ച് അവളെ വിളിച്ചു അപ്ഡേറ്റ് ചെയ്യുകയും ചെയ്തു. ഇനി ഒരു തിരിച്ചു പോക്കില്ല എന്ന് അവളെ മനസ്സിലാക്കാനായിരുന്നു അത്. എന്നാൽ പാവം ചിന്നു അപ്പോഴും അവരെ വിളിച്ചു കാലു പിടിച്ചു കൊണ്ടിരുന്നു. ഇതൊക്കെ അറിഞ്ഞ മഹേഷ്‌  ബൈജുവിനോട് പറഞ്ഞു. 'ഡാ. അവൾക്കു നിന്നോട് ശരിക്കും സ്നേഹം ഉണ്ട്. സംശയമില്ല. പക്ഷെ ഇപ്പോഴും ഒരു പൊടിക്ക് അവൾക്കു നിന്നെക്കാൾ അവളുടെ വീട്ടുകാർ തന്നെയാണ് വലുത്. നാല് വർഷത്തോളമായിട്ടും ഇതാണ് സ്ഥിതിയെങ്കിൽ വലിയ പ്രതീക്ഷ വേണ്ട'. ബൈജു അതെല്ലാം കേട്ടില്ല. ചിന്നുവിന് താനില്ലാതെ ഒരു ജീവിതം ഉണ്ടാകില്ല എന്ന ചിന്ത അവനിൽ അത്രയ്ക്കും ശക്തമായിരുന്നു. മുന്നോട്ടുള്ള ജീവിതം ഇരുട്ട് നിറഞ്ഞതായി തോന്നി അവന്. കഥകളിൽ വായിക്കുന്നത് പോലെയല്ല അത് സ്വന്തം ജീവിതത്തിൽ സംഭവിക്കുമ്പോൾ എന്ന സത്യം അവനറിഞ്ഞു.  മഹേഷ്‌ പറഞ്ഞതും ശരിയാണ്. അവൾ ഇങ്ങനെ നിന്നാൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. അവൾ പിന്നീട് വിളിച്ചപ്പോൾ ആ ദേഷ്യവും അസ്വസ്ഥതയും അവൻ ശരിക്കും പ്രകടിപ്പിച്ചു. അവൾ വാവിട്ടു നിലവിളിച്ചുകൊണ്ട് ഫോണ്‍ വച്ചിട്ട് പോയി.


     നേരം രാത്രിയാകുന്നതും വെളുക്കുന്നതും ഒന്നും അവൻ അറിയുന്നുണ്ടായിരുന്നില്ല. വിശന്നു തളരുമ്പോൾ മാത്രം അവൻ എന്തെങ്കിലും കഴിച്ചു. വെറുതെയിരിക്കുന്ന ഓരോ നിമിഷവും അവനു ഭീകരമായി തോന്നി. പ്രണയത്തിന്റെ ആദ്യ ദിനങ്ങൾക്ക്‌ ശേഷം അവൻ വീണ്ടും രാത്രി ഉറക്കം നഷ്ടപ്പെട്ടു കിടക്കയിൽ ഇരുന്നു നേരം വെളുപ്പിക്കാൻ തുടങ്ങി. കാര്യങ്ങൾ പന്തിയല്ല എന്ന് കണ്ട മഹേഷ്‌ അവനോടു ചെറിയ ഉപദേശങ്ങൾ നൽകി. എന്തെങ്കിലും ജോലിയിൽ നല്ലത് പോലെ എൻഗേജ്ഡാകാൻ അവൻ പറഞ്ഞതനുസരിച്ച് ബൈജു ഓഫീസിലെ ഏറ്റവും തല്ലിപ്പൊളി പ്രോജക്ടിൽ സ്വന്തം തല സംഭാവന ചെയ്തു. രാവിലെ തന്നെ ബൈജു ആ പ്രൊജക്റ്റ്‌ ചോദിച്ചു വന്നത് കണ്ടിട്ട് അവന്റെ മാനേജർക്കും എന്തോ പന്തികേട്‌ തോന്നി. സാധാരണ ഈ പ്രൊജക്റ്റ്‌ന്റെ പേര് കേൾക്കുമ്പോ തന്നെ എല്ലാവരും ഓടി രക്ഷപ്പെടുകയാണ് പതിവ്. ഇതിൽ ജോലി ചെയ്യുന്നവർ ഒക്കെ ഇരുപത്തി നാല് മണിക്കൂറും പണിയെടുത്തു ഭ്രാന്തായി നടക്കുകയാണ്. ഇടയ്ക്ക് പ്രഷർ താങ്ങാൻ പറ്റാതെ ചിലരൊക്കെ മോഹാലസ്യപ്പെട്ടു വീഴുന്നതും പതിവാണ്. ആദ്യമായിട്ടാണ് ഒരുത്തൻ ഇതും ചോദിച്ചു വരുന്നത്. ഈ പ്രോജക്ടിൽ എന്തെങ്കിലും കോണ്‍ട്രിബ്യൂട്ട് ചെയ്യാൻ ഉണ്ടാവും അതുകൊണ്ടാണ് ഇതിൽ ജോയിൻ ചെയ്യുന്നത് എന്നൊക്കെ ബൈജു പറഞ്ഞു. അവൻ പ്രൊജെക്ടിനെ പൊക്കി പറയുന്നത് കേട്ടിട്ട് ഇതൊക്കെ എന്റെ പ്രോജക്ടിൽ ഉള്ളത് തന്നെയാണോ എന്ന് മാനേജർക്ക് വരെ സംശയമായി. എന്തായാലും ഓണ്‍ ദി സ്പോട്ട് തന്നെ എൽദൊയെ സിനിമയിൽ എടുത്തു.


    അനിവാര്യമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ് എന്ന് അറിയാമായിരുന്നിട്ടും ചിന്നു എപ്പോഴും അവനെ വിളിച്ചു കൊണ്ടിരുന്നു. നിശബ്ദമായി അവൻ അവളുടെ കണ്ണീരും അലമുറയിടലും കേട്ടു  നിന്നു. അവന്റെ കണ്ണുനീർ ആരും കണ്ടില്ല. രണ്ടാഴ്ച കഴിയുന്ന ഞായറാഴ്ച ആണ് അവളുടെ എൻഗേജ്മെന്റ്. ഇനിയെന്ത് എന്ന ചോദ്യത്തിന് അവർക്ക് രണ്ടു പേർക്കും മറുപടി ഇല്ലായിരുന്നു.
നിയന്ത്രണം വിട്ടു പോകുന്ന നിമിഷങ്ങളിൽ അവൻ മുറിയിൽ വാതിൽ അടച്ചിരുന്നു പൊട്ടിക്കരഞ്ഞു. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വായിൽ കൈലേസ് തിരുകി മിനിട്ടുകളോളം അവൻ വേദന കരഞ്ഞു തീർത്തു. പുതിയ പ്രൊജക്റ്റ്‌ കൊള്ളാം. നിന്ന് തിരിയാൻ സമയമില്ലാത്ത ജോലി. ഇരുപതു പേർ പണിയെടുക്കുന്ന പ്രോജെക്റ്റിൽ ഒരു പരാതിയും ഇല്ലാത്ത ഒരേയൊരാൾ ബൈജുവായിരുന്നു. എല്ലാ ഓപ്പണ്‍ ടിക്കറ്റും അവൻ ഏറ്റെടുത്തു. പതിനാറും പതിനെട്ടും മണിക്കൂർ അവൻ പണിയെടുത്തു. ഇടയ്ക്കിടക്ക് സഹിക്കാൻ പറ്റാതെ വരുമ്പോൾ റസ്റ്റ്‌ റൂമിൽ പോയിരുന്നു അവൻ കരഞ്ഞു. കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടിട്ട് അവന്റെ മാനേജർക്ക് ദയ തോന്നിയിട്ട് അവനോടു കുറച്ചു നേരം റസ്റ്റ്‌ എടുക്കാൻ പറഞ്ഞു. മാത്രമല്ല അയാൾ അവനെ വിളിച്ചു ഡിന്നറിനു  കൊണ്ട് പോയി. ബൈജു ഇപ്പോൾ ആ പ്രൊജക്റ്റ്‌ൽ വന്നില്ലായിരുന്നെങ്കിൽ ശരിക്കും പ്രതിസന്ധിയിൽ ആകുമായിരുന്നു എന്നൊക്കെ മാനേജർ പറഞ്ഞതൊന്നും അവൻ കേട്ടില്ല. എത്രയൊക്കെ തിരക്കുണ്ടാക്കാൻ ശ്രമിച്ചിട്ടും ഇടയ്ക്കു വരുന്ന ഓരോ നിമിഷത്തിലും ചിന്നുവാണ് മുമ്പിൽ.

     അവനും ആ  സത്യം അംഗീകരിക്കാൻ ആത്മാർഥമായി ശ്രമിച്ചു. പക്ഷെ പറ്റുന്നില്ല. അവളെ നഷ്ടപ്പെടുകയാണ് എന്ന സത്യം വിശ്വസിക്കാൻ അവന്റെ മനസ്സ് അപ്പോഴും തയ്യാറായിരുന്നില്ല. എല്ലാ ദിവസവും അവൾ വിളിക്കുന്നുണ്ട്. ഒരു ദിവസം രാത്രി രണ്ടു മണിക്ക് ചിന്നുവിന്റെ വിളി വന്നു. 'എന്നെ ശപിക്കുമോ ബൈജൂ ? ഞാൻ ഒരു നമ്പർ വണ്‍ ചീറ്റ് ആണല്ലേ ? " അവൾ പറഞ്ഞു. എന്താണെന്നറിയില്ല. ചിന്നുവിന്റെ ശബ്ദം കനത്തിരുന്നു.അവൻ ഒന്നും മിണ്ടിയില്ല. എന്നിട്ട് വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു. 'അല്ല. നിനക്ക് നല്ലത് വരും. നീ എനിക്ക് വേണ്ടി ഇത്രയും ഒക്കെ ഫൈറ്റ് ചെയ്യുന്നുണ്ടല്ലോ. മാത്രമല്ല ഞാൻ അന്ന് പ്രോപോസ് ചെയ്തപ്പോ തന്നെ നീ പറഞ്ഞതാണ്‌ ഇതൊന്നും നടക്കാൻ വീട്ടുകാർ സമ്മതിക്കില്ല എന്ന്. ഞാൻ കേട്ടില്ല." പക്ഷെ അത് മുഴുവനാക്കാൻ അവൾ സമ്മതിച്ചില്ല. 'അല്ല ബൈജൂ . ഞാൻ ഒരു ചീറ്റ് ആണ്. ബൈജു എന്നെ ശപിച്ചില്ലെങ്കിലും എനിക്ക് ഇതിന്റെ ശിക്ഷ കിട്ടാതിരിക്കില്ല. ദൈവം എന്നൊരാൾ മുകളിൽ ഉണ്ട് " ഇത്രയും പറഞ്ഞപ്പോഴേയ്ക്കും അവൾ വിങ്ങിപൊട്ടിപോയി. അവൻ സമാധാനിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 'ഇനി ഞാൻ വിളിക്കില്ല. ബൈജുവിനെ വെറുതെ വിളിച്ചു ഞാൻ വിഷമിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നെനിക്കറിയാം. പക്ഷെ ഇവിടെ ഇതൊന്നും പറയാൻ ആരുമില്ല. ഇന്നെന്റെ കസിൻസ് ഒക്കെ വിളിച്ചു. നല്ല പയ്യനെ തന്നെ കിട്ടിയല്ലോ. എന്നൊക്കെ പറഞ്ഞു അഭിനന്ദിക്കാൻ. അമ്മയും വിളിച്ചിരുന്നു. അച്ഛൻ പറഞ്ഞുവത്രേ ഒടുവിൽ അവൾ ഞാൻ പറഞ്ഞത് അനുസരിച്ചല്ലോ എന്നൊക്കെ. എന്റെ ഇപ്പോഴത്തെ മനസ്സറിയാൻ വേണ്ടി അമ്മ വെറുതെ ചോദിച്ചു നോക്കിയ പോലെയാണ് എനിക്ക് തോന്നിയത് " എന്നൊക്കെ അവൾ പറഞ്ഞുകൊണ്ടേയിരുന്നു. ചേച്ചിയുടെ വക സമാധാനിപ്പിക്കലും ഉണ്ട്. ഇപ്പോഴത്തെ ഈ വിഷമം ഒക്കെ കഴിയുമ്പോ നിനക്ക് മനസ്സിലാകും ഇതായിരുന്നു നല്ലതെന്ന് ഒക്കെ. "നമുക്ക് എങ്ങോട്ടെങ്കിലും ഓടി പോകാം ബൈജൂ .." അവൾ ചോദിച്ചു. "എങ്ങോട്ട് ? " അവൻ തിരിച്ചു ചോദിച്ചു. "ആരും ഇല്ലാത്ത എങ്ങോട്ടെങ്കിലും.." അവളുടെ സംസാരം പകുതിക്കു വച്ച് മുറിഞ്ഞു.
വിളിക്കില്ല എന്നൊക്കെ പറഞ്ഞെങ്കിലും അവൾ വീണ്ടും അവനെ വിളിച്ചുകൊണ്ടിരുന്നു. പക്ഷെ അവൻ അവളുടെ കോളുകൾ കട്ട്‌ ചെയ്യാൻ തുടങ്ങി. മെസേജുകൾ ഒക്കെ വായിക്കാതെ തന്നെ ഡിലീറ്റ് ചെയ്തു കളഞ്ഞു.

    നിശ്ചയത്തിനു ഇനി രണ്ടു ദിവസം മാത്രം ബാക്കി. ഇന്ന് വെള്ളിയാഴ്ച. അവൻ പതിവുപോലെ ജോലിയിൽ മുഴുകി. ഫോണ്‍ ശബ്ദിച്ചു. ചിന്നുവാണ്. തുടരെ തുടരെ കുറെ തവണ അവൾ വിളിച്ചു. എല്ലാം അവൻ കട്ട്‌ ചെയ്തു. ഒടുവിൽ ഒരു മെസേജ്‌. "For God's sake, please pick up my call.It's urgent" എന്ന്. വിറയ്ക്കുന്ന ഹൃദയത്തോടെ അവൻ അവളെ വിളിച്ചു.


( അടുത്ത രണ്ടു ഭാഗത്തോട് കൂടി ഈ കഥ അവസാനിക്കും )

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 34

കഴിഞ്ഞ ഭാഗം ഇവിടെ 



   രണ്ടു രാത്രികൾ കഴിഞ്ഞത് അവർ അറിഞ്ഞതേയില്ല. ബൈജു അന്ന് തിരികെ പോവുകയാണ്. ചിന്നു ഒരു ദിവസം കൂടി കഴിഞ്ഞേ തിരിക്കൂ. വൈകിട്ട് കൃത്യ സമയത്ത് തന്നെ റെയിൽവേ സ്റ്റേഷൻ ബസ്‌ സ്റ്റോപ്പിൽ നിന്ന് ബൈജു ബസ്‌ കയറി. കുറച്ചു കാലം കൂടി അവൻ അതീവ ശാന്തനായിരുന്നു. സന്തോഷം നിറഞ്ഞു കവിയുന്ന വേളകളിൽ നമ്മൾ നിശബ്ദനാവും എന്ന് പറയുന്ന പോലെ തികട്ടി തികട്ടി വരുന്ന ഒരു ആഹ്ളാദ തള്ളിച്ചയിൽ അവൻ മനം മറന്നു ഇരിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ചിന്നുവിന്റെ മെസ്സേജുകൾ വരുന്നുണ്ട്. ജീവിതം ഒടുവിൽ ഒരു കരയ്ക്കടുക്കുകയാണ്.   ഇനി ഒരു വീട് വേണം. ബാൽക്കണി ഉള്ള വീടായാൽ നന്നായിരുന്നു.  അവിടെ ഒരു ഫുടോണ്‍ വാങ്ങിയിടണം. രാത്രി മയങ്ങിക്കഴിയുമ്പോൾ ചിന്നുവിനെയും കെട്ടിപ്പിടിച്ചു അതിൽ കിടക്കാം. കുറച്ചു നേരം ആകാശം നോക്കി കിടന്നതിനു ശേഷം .. അയ്യേ.. നാണം വരുന്നു ..മാസങ്ങളായി പട്ടിണി കിടന്നവന് പൊടുന്നനെ ഒരു ഹോട്ടൽ തന്നെ തുറന്നു കിട്ടിയത് പോലെയായി . കാര്യത്തോടടുത്തപ്പോൾ ആകെപ്പാടെ ഒരു വെപ്രാളം . കഴിഞ്ഞ മൂന്നു വർഷമായി കൂട്ടി വച്ചിരുന്ന പല ആഗ്രഹങ്ങളും മറന്നു പോയിരിക്കുന്നു. എന്തായാലും എങ്ങനെയെങ്കിലും ഇതൊന്നു കഴിഞ്ഞു കിട്ടിയാൽ മതി . ടെൻഷൻ അടിച്ചു മനുഷ്യന്റെ പണി തീരാറായി. എന്തായാലും നാളെ ചിന്നു വരുമല്ലോ. ഈ ശനിയാഴ്ച എവിടെയെങ്കിലും പോയി ഒന്ന് റിലാക്സ് ചെയ്യണം .അന്ന് രാത്രി ബൈജു ഉറങ്ങിയില്ല. അടുത്ത ദിവസം രാവിലെ ചിന്നു എത്തും. ഇടയ്ക്ക് മഹേഷ്‌ വന്നു ചോദിച്ചു എന്താടാ ഭാര്യയെ സ്വപ്നം കണ്ടിരിക്കുകയാണോ എന്ന്. അത് കേട്ടപ്പോൾ ബൈജു വീണ്ടും നാണിച്ചു തല താഴ്ത്തി

എപ്പോഴോ നേരം പുലർന്നു. ചിന്നു എവിടെ എത്തിയോ എന്തോ. അവളുടെ മെസേജസ്  ഒന്നും കാണുന്നില്ല. അവളെ വിളിച്ചു നോക്കാം. ഫോണ്‍ കണക്ട് ആകുന്നില്ല . ചിലപ്പോ ട്രെയിൻ ലേറ്റ് ആയിരിക്കും. ഒടുവിൽ ഫോണ്‍ കണക്ട് ആയി. പക്ഷെ ബിസി ടോണ്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇവൾ ഇതാരെയാണാവോ വിളിച്ചുകൊണ്ടിരിക്കുന്നത്. ബൈജുവിന് ചെറുതായി ദേഷ്യം വന്നു. ഒടുവിൽ അവൾ  എടുത്തു . 'നീ ഇതാരോടാ വാച്ചകമടിച്ചുകൊണ്ടിരിക്കുന്നത്  ? ഞാൻ കുറെ നേരമായല്ലോ ട്രൈ ചെയ്യുന്നു ' എന്നവൻ കയർത്തു  .  ഒന്നും മിണ്ടാതെ ചിന്നു ഫോണ്‍ പെട്ടെന്ന് കട്ട്‌ ചെയ്തു. അപ്പോഴാണ്‌ അവനു തോന്നിയത് ചെയ്തത് കുറച്ചു കൂടിപ്പോയി എന്ന്. വീണ്ടും വിളിച്ചു. അവൾ എടുത്തില്ല. മൂന്നു നാല് തവണ കഴിഞ്ഞപ്പോൾ അവൾ ഫോണ്‍ എടുത്തു. "അല്ല , എന്താ കുഴപ്പം ? എന്തിനാ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്നത് ? "  തികച്ചും നിർവികാരവും ഗൌരവമുള്ളതുമായ ശബ്ദത്തിൽ അവൾ ചോദിച്ചു. " അല്ല , എന്താ വിളിക്കണ്ടേ ? വിളിച്ചത് ഇഷ്ടപ്പെട്ടില്ലേ ആവോ ? " അവനും ദേഷ്യത്തിൽ ചോദിച്ചു. "അതെ ഇഷ്ടപ്പെട്ടില്ല, മേലിൽ വിളിക്കണ്ട" അവൾ തിരിച്ചടിച്ചു. അവൻ ദേഷ്യപ്പെട്ടു ഫോണ്‍ വച്ചു. ഇവൾക്കെന്ത് പറ്റി ? ചിലപ്പോ ഞാൻ ചൊറിഞ്ഞത് ഇഷ്ടപ്പെട്ടുണ്ടാവില്ല. അവൻ വീണ്ടും വിളിച്ചു. പ്രതീക്ഷിച്ച പോലെ അവൾ ഫോണ്‍ എടുത്തില്ല. നാലഞ്ചു തവണ വിളിച്ചതിന് ശേഷം അവൻ പണി മതിയാക്കി. ഒരു അര മണിക്കൂർ കഴിഞ്ഞു കാണും. അതാ ഒരു മെസ്സേജ് . "ഇനി എന്നെ ഒരിക്കലും വിളിക്കരുത്. It's over .. forever"അത് കണ്ടു ബൈജുവിന് ചിരി വന്നു. ഇനിയെങ്കിലും ഇവൾക്കു ഇത് നിർത്താറായില്ലേ . അവൻ ഒരു സ്മൈലി തിരിച്ചയച്ചു . "സോറി മോളെ.. ചക്കരേ " എന്നൊക്കെ ഒരു മെസേജും. അതാ ചിന്നു തിരിച്ചു വിളിക്കുന്നു. അപ്പൊ പണി ഏറ്റു.


      എന്നാൽ അപ്പുറത്ത് വിങ്ങിപ്പൊട്ടുന്ന ഒരു ചിന്നുവായിരുന്നു. 'ബിജുവിന് ഞാൻ അയച്ച മെസേജ് മനസ്സിലായില്ലേ ? ഞാൻ സീരിയസ് ആയി പറഞ്ഞതാണ്. നമ്മുടെ കാര്യം ഒന്നും നടക്കില്ല. എന്റെ കല്യാണം നിശ്ചയിച്ചു.' അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു . ഭൂമി പിളർന്നു പോകുന്നത് പോലെ തോന്നി അവന് . 'ചിന്നു.. നീ എന്താ ഈ പറയുന്നത് ? കളി മതിയാക്കു. ഞാൻ വെറുതെ തമാശക്ക് ദേഷ്യപ്പെട്ടതല്ലേ.. " അവൻ സമാധാനിപ്പിച്ചു. "അല്ല ബൈജൂ. വേണ്ട. സംസാരിക്കണ്ട. എല്ലാം കഴിഞ്ഞു " . നമ്മളെ എല്ലാവരും പറ്റിക്കുകയായിരുന്നു. നേരത്തെ വന്ന ഒരു കല്യാണ  ആലോചന ഉണ്ടായിരുന്നു. ഞാൻ വീട്ടിൽ ചെന്നപ്പോൾ അച്ഛൻ അവരെ വിളിച്ചു വരുത്തിയിരുന്നു. ജാതകം ഒക്കെ മുന്നേ തന്നെ നോക്കിയതാണത്രെ. അവർ കണ്ടിട്ട് അന്ന് തന്നെ വിളിച്ചു പറഞ്ഞു അവർക്ക് ഇഷ്ടപ്പെട്ടു എന്ന്. അച്ഛനും അവർക്ക് വാക്ക് കൊടുത്തു നടത്താം എന്ന്. ഈ മാസം അവസാനം അവർ വീട്ടിൽ വന്നു എല്ലാം ഉറപ്പിക്കും. ഞാൻ അമ്മയോടും അച്ഛനോടും ചോദിച്ചു എന്തിനാണ് ഇങ്ങനെ പറ്റിച്ചതെന്നു . അപ്പൊ അവർ പറഞ്ഞു നിന്നെ വെറും ഒരു സാധാരണ ഒരുത്തന് കെട്ടിച്ചു കൊടുക്കാൻ അവർക്ക് പറ്റില്ലെന്നും കുടുംബവും സൌകര്യങ്ങളും ഒക്കെ നോക്കണം എന്നൊക്കെ .ഞാൻ അമ്മയുടെ കാലിൽ വീണു പറഞ്ഞു നോക്കി. അപ്പൊ അച്ഛൻ ഇടയിൽ വന്നു.  ടൌണിലെ കമ്യൂണിറ്റി ഹാൾ ബുക്ക്‌ ചെയ്തിട്ടുണ്ട് . ഇനി അന്നത്തേക്ക്‌ കിട്ടിയില്ലെങ്കിലോ എന്ന് കരുതി. നിന്റെ അമ്മാവന്മാരോടൊക്കെ സൂചിപ്പിച്ചു. ഇനി വേണ്ട എന്ന് വയ്ക്കണോ  ? വയ്ക്കാം. നാണം കെടട്ടെ എന്നൊക്കെ അച്ഛൻ ഉറക്കെ പറഞ്ഞു. ഇത് വേണേൽ വേണ്ട എന്ന് വയ്ക്കാം. അതിന്റെ നാണക്കേട്‌ ഞാൻ സഹിക്കും. പക്ഷെ നിന്റെ മനസ്സിലുള്ള പ്ളാൻ നടക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട എന്ന് അവർ രണ്ടു പേരും കൂടി കട്ടായം പറഞ്ഞു.


അതോടെ ചിന്നു ഫോണ്‍ കട്ട്‌ ചെയ്തു . ബൈജുവിന്റെ കയ്യിൽ നിന്ന് അവന്റെ ഫോണ്‍ ഊർന്നു വീണു. ഒരു മണിക്കൂർ അവൻ അങ്ങനെ തന്നെ ഇരുന്നു. വീണ്ടും ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടാണ് അവൻ ഉണർന്നത് . ഓഫീസിൽ നിന്നാണ്. ഇന്ന് വരുന്നില്ല എന്ന് അവൻ പറഞ്ഞു. വീണ്ടും ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. ചിന്നുവാണ് .
"ഇത് ഇനി എന്താവും എന്നറിയില്ല. എന്നോട് എന്തെങ്കിലും പറയ്‌ ബൈജൂ .. ഞാൻ അത് പോലെ ചെയ്യാം " അവൾ ഒരുതരം കപട ധൈര്യത്തോടെ പറഞ്ഞു. "ഞാൻ വിളിച്ചാൽ നീ എന്റെ ഒപ്പം വരുമോ  ?" അവന്റെ ചോദ്യം പൊടുന്നനെ ആയിരുന്നു

( തുടരും )

വീണ്ടും ഡാറ്റ സെന്റർ ...

സർക്കാരിന്റെ ഡാറ്റ സെൻറർ റിലയൻസിനെ ഏൽപ്പിക്കാനുള്ള തീരുമാനം വന്നപ്പോൾ അതിനെ വിമർശിച്ചു ഞാൻ പണ്ട് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു . കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഡാറ്റ സെൻറർ  കൈമാറ്റത്തെ പറ്റി സി ബി ഐ അന്വേഷണം പ്രഖാപിച്ചപ്പോൾ ആയിരുന്നു അത്  . ഒന്നര വർഷം കഴിഞ്ഞു. ദൌർഭാഗ്യകരം എന്ന് പറയട്ടെ. ഇപ്പോഴും ആ ഡാറ്റ സെൻറർ റിലയൻസിനു കൈമാറിയതിൽ ഉൾപ്പെട്ട കോടികളെ പറ്റി മാത്രമാണ് ചർച്ച. തീവ്രവാദവും കള്ളക്കടത്തും അഴിമതികളും ഒക്കെ കൊടി കുത്തി വാഴുന്ന ഇക്കാലത്തും വിവര സുരക്ഷയെ പറ്റി ആരും എന്തുകൊണ്ട് ചിന്തിക്കുന്നില്ല എന്ന് മനസ്സിലാവുന്നില്ല .. ഒരു പുനർ വായനക്കായി ആ പോസ്റ്റ്‌ ഇതാ വീണ്ടും



ഡേറ്റാ സെന്റര്‍ ആര് നടത്തിയാലും നമുക്കെന്ത് ?



 കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെ ഡേറ്റാ സെന്റര്‍ നടത്തിപ്പ് റിലയന്‍സിനു കൈമാറിയതിനെ പറ്റി സി ബി ഐ അന്വേഷിക്കും എന്ന് ഇന്ന് വാര്‍ത്ത വന്നല്ലോ. അച്യുതാനന്ദന്‍ പതിവ് പോലെ ഇതിനെ സ്വാഗതം ചെയ്യുകയും തന്റെ ഭരണത്തിനും മുമ്പ് കോണ്‍ഗ്രസ്‌ ഒരിക്കല്‍ ഇത് ടാറ്റയെ ഏല്‍പ്പിച്ചതും അന്വേഷിക്കണം എന്നൊക്കെ പറഞ്ഞു ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഇത് വെറുമൊരു രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്നു. എന്താണ് ഈ സംഭവത്തിന്റെ ഗൌരവം എന്ന് മനസ്സിലാക്കാതെ പല സഖാക്കളും അഭിപ്രായങ്ങള്‍ തട്ടി മൂളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഡേറ്റാ സെന്റര്‍ എന്ന് വച്ചാല്‍ സത്യത്തില്‍ എന്താണെന്ന്  മനസ്സിലാക്കുന്നത് നന്നായിരിക്കും.

എന്താണ് ഡേറ്റാ സെന്റര്‍ ? 

ഡേറ്റാ സെന്റര്‍ എന്ന് പറയുന്നത് ഒരു സോഫ്റ്റ്‌വെയര്‍ സിസ്ടെത്തിന്റെ ഹൃദയമാണ്. അതായതു നിങ്ങള്‍ ഒരു ഓഫീസ് സങ്കല്‍പ്പിക്കുക. അവിടെ നടക്കുന്ന വ്യവഹാരങ്ങളുടെ രേഖകള്‍ ആണ് അവിടത്തെ ഫയലുകളില്‍ ഉള്ളത്. എന്ത് സംഭവത്തിന്റെ ചരിത്രം  നോക്കണമെങ്കിലും  ഈ രേഖകള്‍ ആണ് ആധാരം. അപ്പോള്‍ അതീവ ശ്രദ്ധയോടെ സൂക്ഷിച്ചു വയ്ക്കേണ്ട വിലപ്പെട്ട ഒരു വസ്തുവാണ് ഇത്. അത് പോലെ തന്നെയാണ് ഇവിടെയും. നിങ്ങള്‍ക്കറിയാം ഇപ്പോള്‍ പല സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളും  കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുകയാണല്ലോ. അതായത് കേരളത്തിലെ ഇതു ജില്ലയിലെ, ഏതു താലൂക്കിലെയും പഞ്ചായത്തിലെയും വാര്‍ഡിലെയും വിവരങ്ങള്‍ ഒരു വിരല്‍ തുമ്പില്‍ എത്തിക്കുക എന്നതാണ് ഇതിന്റെയൊക്കെ ഉദ്ദേശം. എന്നാല്‍ ഇങ്ങനെ പലരും അയക്കുന്ന വിവരങ്ങള്‍ ഒടുവില്‍ എവിടെയാണ് പോയി ഇരിക്കുന്നതെന്നറിയാമോ ? ഇതെല്ലാം ശേഖരിക്കപ്പെടുന്നത്‌ ഒരു സെന്‍ട്രല്‍ സെര്‍വര്‍ എന്ന് വിളിക്കപ്പെടുന്ന ശക്തിയും മെമ്മറിയും കൂടിയ ഒരു കമ്പ്യൂട്ടറില്‍ ആണ്. അതായതു കേരളത്തിലെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചിരിക്കുന്ന ഒരേ ഒരു സ്ഥലം. ബാക്കിയുള്ള എല്ലാ കമ്പ്യൂട്ടറുകളും ഇതില്‍ നിന്നാണ് വിവരം എടുക്കുന്നതും ശേഖരിച്ചു വയ്ക്കുന്നതും. ഇത്തരത്തിലുള്ള ഒന്നില്‍ കൂടുതല്‍ ഡേറ്റാ സെര്‍വറുകള്‍ വച്ചിരിക്കുന്ന ഒരു കേന്ദ്രത്തെ ആണ് ഡേറ്റാ സെന്റര്‍ എന്ന് വിളിക്കുന്നത്‌ എന്ന് ലളിതമായി പറയാം. ഒറാക്കിള്‍, മൈക്രോസോഫ്ട്‌ എസ് ക്യൂ എല്‍ സെര്‍വര്‍, മൈ എസ് ക്യു എല്‍ മുതലായ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാവും സാധാരണ ഈ ഡേറ്റാ മാനേജ് ചെയ്യുന്നത്. ഏതു കമ്പനി ആയാലും അവരുടെ ഡേറ്റാ സെന്ററുകള്‍ വളരെ സുരക്ഷിതമായി ആണ് സൂക്ഷിക്കുന്നത്. ഇരുപത്തി നാല് മണിക്കൂറും കാവലുള്ള, അത്യന്താധുനിക നിരീക്ഷണ സംവിധാനങ്ങള്‍ ഉള്ള കെട്ടിടങ്ങളില്‍ ആണ് ഇവ പ്രവര്‍ത്തിക്കുന്നത്. വെള്ളപ്പൊക്കം, തീ പിടിത്തം മുതലായവ നേരിടാനുള്ള സംവിധാനങ്ങള്‍, ഇരുപത്തി നാല് മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുത സംവിധാനം , രണ്ടില്‍ കൂടുതല്‍ തട്ടുകള്‍ ഉള്ള access management തുടങ്ങി പൊന്നു പോലെ സൂക്ഷിക്കപ്പെടുന്ന സംവിധാനമാണ് ഡേറ്റാ സെന്റര്‍. മിക്ക അന്താരാഷ്‌ട്ര കമ്പനികളും അവരുടെ ഡേറ്റാ സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത് ഹൂസ്ടന്‍ , ഫ്ലോറിഡ മുതലായ അമേരിക്കന്‍ നഗരങ്ങളില്‍ ആണ്. ഞാന്‍ ജോലി ചെയ്തിരുന്ന ഒരു കമ്പനി ഒരിക്കല്‍ ഇന്ത്യയിലെ അവരുടെ ആദ്യ ഡേറ്റാ സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം അവര്‍ അതില്‍ നിന്ന് പിന്മാറി. ഡേറ്റാബേസ് മാനേജ്‌മന്റ്‌ ടീമില്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ അവിടെ പരിചയമുള്ള ഒരാളോട് അതിന്റെ കാരണം അന്വേഷിച്ചു. അദ്ദേഹം ഒരു അമേരിക്കന്‍ ആയിരുന്നു. പുള്ളി പറഞ്ഞത് പല കാരണങ്ങള്‍ കൊണ്ടാണ് ഇന്ത്യയില്‍ ഇത് വേണ്ട എന്ന് തീരുമാനിച്ചതത്രെ. അതായതു ഇന്ത്യയിലെ സ്ഥിരതയില്ലാത്ത വൈദ്യുത സംവിധാനങ്ങള്‍, കലാപങ്ങളും പൊടുന്നനെയുള്ള ബന്ദുകളും രാഷ്ട്രീയ കലാപങ്ങളും മറ്റും കൊണ്ട് അരക്ഷിതമായ അന്തരീക്ഷം , നൂറു ശതമാനം കൃത്യത പ്രതീക്ഷിക്കാന്‍  പറ്റാത്ത ഇന്റര്‍നെറ്റ്‌, എന്നിങ്ങനെ ഒട്ടനവധി കാരണങ്ങള്‍ അദ്ദേഹം നിരത്തി. ഞാന്‍ കുറെയൊക്കെ തര്‍ക്കിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും ഒടുവില്‍ അടിയറവു പറയേണ്ടി വന്നു. പുള്ളി പറഞ്ഞത് ഇതാണ്. മകനെ. നമ്മള്‍ ഒട്ടനവധി കമ്പനികളുടെ ഡേറ്റാ  ആണ് സൂക്ഷിക്കുന്നത്. അതായത് അവരുടെ ബിസിനെസ്സ് മുഴുവനായി തന്നെ എന്ന് വേണമെങ്കില്‍ പറയാം. അപ്പോള്‍ അതിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടത് നമ്മുടെ കടമയാണ്. നിങ്ങള്‍ക്ക് ഉറപ്പുണ്ടോ അത് അവിടെ സാധ്യമാണെന്ന് ? എന്നിങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍.

എന്തുകൊണ്ട് ഇത്രയും പ്രാധാന്യം ?  

     നിങ്ങള്‍ക്ക് ഒരു ബാങ്കില്‍ അക്കൗണ്ട്‌ ഉണ്ടെന്നു വയ്ക്കുക . നിങ്ങളുടെ ബാങ്ക് ബാലന്‍സ് , മറ്റു പണമിടപാടുകള്‍ മുതലായവ ബാങ്കിന്റെ സെര്‍വറില്‍ ആണ് സൂക്ഷിക്കപ്പെടുന്നത്. ഈ സെര്‍വര്‍ ഉപയോഗിക്കാന്‍ ആ സെര്‍വര്‍ മാനേജ് ചെയ്യുന്നവര്‍ക്കോ അതിലേക്കു ലോഗിന്‍ ചെയ്യാന്‍ അധികാരമുള്ളവര്‍ക്കോ സാധിക്കും. അതായത് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നിങ്ങള്‍ ഒരാള്‍ മാത്രമല്ല കാണുന്നതെന്ന് ചുരുക്കം. സര്‍ക്കാരിന്റെ ഒരു ഡേറ്റാ സെന്ററില്‍ സ്വാഭാവികമായും സൂക്ഷിക്കാനിടയുള്ള വിവരങ്ങള്‍ എന്തൊക്കെയാവാം എന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ജാതി / മതം തിരിച്ചുള്ള ജനസംഖ്യ വിവരങ്ങള്‍, സാമ്പത്തിക അടിസ്ഥാനത്തിലുള്ള പട്ടികകള്‍ , നികുതി അടയ്ക്കുന്നവരുടെ വിവരങ്ങള്‍, സ്വത്തു വിവരങ്ങള്‍, എന്നിങ്ങനെ വളരെയധികം സെന്‍സിറ്റീവ് ആയ, തൊട്ടാല്‍ പൊട്ടുന്ന വിവരങ്ങള്‍ ആണ് ഇവിടെ വന്നു ചേരുന്നത്. അതിന്റെ സൂക്ഷിപ്പധികാരം ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചാല്‍ എന്ത് സംഭവിക്കാം എന്ന് ഇന്ത്യയില്‍ ഇത് വരെ സംഭവിച്ചിട്ടുള്ള ചരിത്രം അറിയാവുന്ന ഏതൊരാള്‍ക്കും മനസ്സിലാവും. സര്‍ക്കാരിന്റെ രഹസ്യ വിവരങ്ങള്‍ വരെ ചോരുന്ന നമ്മുടെ ഭാരതത്തില്‍ ഇത്തരം സ്ഥിതി വിവര കണക്കുകള്‍ അപകടകരമായ കൈകളില്‍ എത്തിച്ചേര്‍ന്നാല്‍ എന്ത് സംഭവിക്കാം ? ദുഖകരമായ ഒരു സംഗതി എന്താണെന്ന് വച്ചാല്‍ വിവര സുരക്ഷയെ പറ്റിയല്ല ഇപ്പോഴത്തെ ചര്‍ച്ച എന്നതാണ്. ടി സി എസ്സിനും എച് സി എല്ലിനും റിലയന്‍സിനും തമ്മില്‍ നടന്ന ടെണ്ടര്‍ ലേലത്തിനെ പറ്റിയാണ് ഇപ്പോഴത്തെ ചര്‍ച്ച. കേന്ദ്ര സര്‍ക്കാരിന്റെ ആധാര്‍ പദ്ധതി ജനങ്ങളുടെ വിവര ശേഖരണം നടത്തി അതുപയോഗിച്ചു അവരെ ചാപ്പ കുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് അക്രോശിച്ച വി എസ് അച്യുതാനന്ദനോ അതിവേഗം ബഹുദൂരം യാത്ര ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയോ ഇവിടത്തെ പ്രകടമായ സുരക്ഷ പാളിച്ചയെ പറ്റി മിണ്ടുന്നില്ല. 

നമ്മുടെ സ്ഥാപനങ്ങള്‍ എന്ത് ചെയ്യുന്നു ? 

പാവം പൌരന്റെ നികുതി പണം ഉപയോഗിച്ച് സര്‍ക്കാര്‍ സ്ഥാപിച്ച ഒരുപാട് സാങ്കേതിക സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ , സി ഡാക് തുടങ്ങി അനവധി സ്ഥാപനങ്ങള്‍. ഒരു ഡേറ്റാ സെന്റര്‍ മര്യാദയ്ക്ക് നടത്താനുള്ള അറിവ് ഇവന്മാര്‍ക്കൊന്നുമില്ലെങ്കില്‍ പിന്നെ എന്ത് കോക്കനട്ട് ആണ് ഇവരൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ? എന്തുകൊണ്ട് നമുക്ക് എല്ലാത്തിനും സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നു ? എവിടെയാണ് ലൂപ് ഹോള്‍ ? എന്നിങ്ങനെ ചില സംശയങ്ങള്‍ എനിക്കുണ്ട്. എവിടെ നിന്നെങ്കിലും ഉത്തരം കിട്ടുമോ ആവോ


വാല്‍ക്കഷണം .. സുരക്ഷയെക്കുറിച്ച്  -

അല്ലെങ്കിലും വിവര സുരക്ഷ എന്നത് ഇന്ത്യയില്‍ ഒരു വന്‍ തമാശ മാത്രമാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള ഒട്ടനവധി രാജ്യങ്ങളുടെ ഡേറ്റ പ്രോസസ്സിംഗ് നടക്കുന്ന ഒരു സ്ഥലമാണ് ബാന്‍ഗ്ലൂര്‍. വൈറ്റ് ഹൌസിലെ ചില ഓഫീസുകളുടെ ബാക്ക് ഓഫീസ് ജോലികള്‍ ചെയ്യുന്നത് ഇവിടെയാണ്‌. കൂടാതെ സിറ്റി ബാങ്ക്, ഡോയിഷ് ബാങ്ക് , തുടങ്ങി ലോകത്തെ ഒന്നാം നിര ബാങ്കുകളുടെ ജോലികളും ഇവിടെ നടക്കുന്നു. ഇവരുടെയൊക്കെ ഇവിടത്തെ ഓഫീസുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ ഒക്കെ നിങ്ങള്‍ ഒരിക്കല്‍ കണ്ടു നോക്കണം. ഭൂമിയുടെ മറുവശത്തിരുന്ന് ഇവിടത്തെ സംവിധാനങ്ങള്‍ നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യ ഇപ്പോള്‍ ലഭ്യമാണ്. ഇവിടെയുള്ള ഓഫ്‌ ഷോര്‍ കേന്ദ്രങ്ങളില്‍ ഇരുപത്തി നാല് മണിക്കൂറും കാവലും , സി സി ടി വി സംവിധാനവും എല്ലാം ഉണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തെ വരെ background checking കഴിഞ്ഞിട്ടാണ് ഓരോ ജീവനക്കാരനും പ്രോജക്ടില്‍ പ്രവേശിക്കുന്നത്. ഓഫീസില്‍ ഒരു വാതിലില്‍ ഒരു സമയം ഒരാള്‍ക്ക്‌ മാത്രമേ തന്റെ കാര്‍ഡ്‌ ഉപയോഗിച്ച് കയറാന്‍ പറ്റൂ. ഒരാള്‍ കാര്‍ഡ്‌ swipe ചെയ്തതിനു ശേഷം അയാളുടെ വാലില്‍ തൂങ്ങി വേറൊരാള്‍ കയറുന്നത് തടയാന്‍ Turn Style മിക്കയിടത്തും സ്ഥാപിച്ചിട്ടുണ്ട്.

ക്യാമറ ഉള്ള മൊബൈല്‍ ഫോണുകള്‍, മെമ്മറി ഉപകരണങ്ങള്‍, ക്യാമറ തുടങ്ങി ഒരുവിധമുള്ള ഒരു സാധനവും അകത്തു കൊണ്ട് പോകാന്‍ പറ്റില്ല. എന്തിനേറെ പറയുന്നു. ഒരിക്കല്‍ ഒരു ബിസ്ലേരി ബോട്ടില്‍ അകത്തേക്ക് കൊണ്ട് പോയ എന്നെ തടഞ്ഞു നിര്‍ത്തി അതിന്റെ ലേബല്‍ ഇളക്കി മാറ്റിയിട്ടാണ് സെക്യൂരിറ്റി അകത്തേയ്ക്ക് വിട്ടത്. അത്രയ്ക്ക് പ്രാധാന്യമാണ് ഡേറ്റായ്ക്ക് ഉള്ളത്. നമ്മുടെ ഇവിടത്തെ വിഷയം വിവര സുരക്ഷയാണ്.. അല്ലാതെ ടെണ്ടറിലെ വില വ്യത്യാസമല്ല. 

ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ സെൻററുകളിൽ ഒരെണ്ണം നേരിട്ട് കാണൂ.
ഗൂഗിൾ ഡാറ്റ സെന്റർ 


2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

ചില വമ്പൻ തമാശകൾ !!




 ഈയിടെ കണ്ടതും കേട്ടതുമായ ചില തമാശകൾ നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് കരുതി. തലക്കെട്ട്‌ വായിച്ചിട്ട് ഇതും വെറും ഫലിത ബിന്ദുക്കൾ ആണെന്ന് തെറ്റിദ്ധരിക്കരുത്. എന്നാൽ ഫലിത ബിന്ദുക്കളിൽ വരുന്ന തമാശകളുമായി തട്ടിച്ചു നോക്കിയാൽ അതിനേക്കാൾ മികച്ചതല്ലേ ഇത് എന്ന് നിങ്ങൾക്ക് ന്യായമായും തോന്നിയാൽ അതൊരു അമിത മോഹമല്ലേ എന്ന് എനിക്കും തോന്നിയാൽ... അയ്യേ...


നവ വിമോചന സമരം 

ഉമ്മൻ ചാണ്ടിയെ രാജി വയ്പിക്കും , അല്ലെങ്കിൽ സെക്രെട്ടറിയറ്റ് ഉപരോധിക്കും എന്ന പ്രഖ്യാപനവുമായി നടത്തിയ ഇരുപത്താറു മണിക്കൂർ സമരം ആണ് സത്യത്തിൽ ഈയിടെ ഉണ്ടായ ഏറ്റവും വലിയ ഹാസ്യ പരിപാടി . കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മുന്നേറ്റം എന്ന് ക.മാ.പാ. വിശേഷിപ്പിച്ച ഈ പരിപാടി ഈ കഴിഞ്ഞ വർഷങ്ങളിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയിട്ടാണ് എനിക്ക് തോന്നിയത്. പങ്കെടുക്കുന്നവർക്ക് ദിവസ ബത്ത , യാത്ര ചിലവ് , മൂന്നു നേരം ഭക്ഷണം, അവരുടെ കുടുംബങ്ങൾക്ക് ഒരാഴ്ചക്ക് വേണ്ട സാധന സാമഗ്രികൾ , രാത്രി കലാ പരിപാടികൾ ഇത്രയും അടങ്ങിയ ഒരു പാക്കേജ് ഡീൽ ആയിരുന്നു ഈ സമരം. പോരാത്തതിന് കൈരളി ചാനലിൽ ഇരുപത്തി നാല് മണിക്കൂറും തത്സമയ സംപ്രേഷണവും. ടി വി ചാനലുകളിൽ നേതാക്കൾ ഘോര ഘോരം പ്രസംഗിച്ചു . എന്നിട്ടെന്തായി ? അടുത്ത ദിവസം തന്നെ സ്വിച്ച് ഇട്ട പോലെ സമരം നിന്നു . ഇതിൽ തമാശ എന്താണെന്നല്ലേ ? സമരം നിർത്തി വച്ചതിനു നേതാക്കൾ നല്കിയ  വിശദീകരണങ്ങൾ തന്നെ. ഇനിയും സമരം തുടർന്നിരുന്നെങ്കിൽ അണികൾ നിയന്ത്രണം വിടുമായിരുന്നുവെന്നും നഗരത്തില ചോരപ്പുഴ ഒഴുകുമായിരുന്നുവെന്നും അതൊഴിവാക്കാൻ ആണ് ഇത്തരം ഒരു തീരുമാനം എടുക്കേണ്ടി വന്നത് എന്നുമായിരുന്നു പാർട്ടി സെക്രട്ടറി പതിവ് പോലെ വികാര രഹിതമായ മുഖത്തോട് കൂടി പ്രസ്താവിച്ചത്. മാത്രമല്ല മുഖ്യമന്ത്രിയുടെ രാജി ലക്ഷ്യം വച്ച് നടത്തിയ സമരം വൻ വിജയമായി എന്നും നേതാക്കൾ വച്ച് കാച്ചി. പക്ഷെ ഒടുവിൽ എന്താണ് സംഭവിച്ചതെന്നറിയാതെ ഇളിഭ്യരായി മടങ്ങുന്ന ജനക്കൂട്ടം നല്ല ഒരു തമാശയായി

അമ്മ മലയാളവും ശ്രേഷ്ഠ ഭാഷയും 

നമ്മുടെ നാട്ടിലെ സാഹിത്യകാരന്മാരുടേയും മലയാളം എന്ന ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും ആഗ്രഹമായിരുന്നു മലയാളത്തിന്റെ ശ്രേഷ്ഠ ഭാഷാ പദവി. ഒടുവിൽ വർഷങ്ങൾക്കു ശേഷം അത് സാധിച്ചു. എന്നാൽ ഇവിടെ നടന്ന ഒരു തമാശ എല്ലാവരും കണ്ടില്ലേ ? ഇത് കിട്ടിയ ഉടൻ തന്നെ സർക്കാർ സർവീസിൽ കയറാൻ മലയാളം അറിഞ്ഞിരിക്കണം എന്ന നിയമം സർക്കാർ പിൻവലിച്ചു. കേരളത്തിൽ എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്ന സ്ഥിതിക്ക് ഈ നിയമം പണ്ടേ നടപ്പിലാക്കെണ്ടാതായിരുന്നു. തൊണ്ണൂറ്റാറ്  ശതമാനം ആൾക്കാർ മലയാളം സംസാരിക്കുന്ന ഈ സംസ്ഥാനത്ത് ഇത്തരം ഒരു തമാശ നടപ്പിലാക്കിയ മഹാത്മാവിനു സ്തുതി

ഗന്ധർവന്റെ ആർത്തി അഥവാ റോയൽറ്റി 

നിങ്ങൾക്ക് വീട്ടിലേയ്ക്ക് ഒരു കസേര വേണം എന്ന് വയ്ക്കുക. നിങ്ങൾ തടി വാങ്ങി, ആശാരിക്കു കൊടുത്തു അദ്ദേഹത്തെ കൊണ്ട് ഒരു കസേര പണിയിച്ചു. പക്ഷെ നിങ്ങൾക്ക് ആ കസേരയിൽ ഇരിക്കണമെങ്കിൽ ആശാരിക്കു വാടക കൊടുക്കണം എന്ന് പറഞ്ഞ പോലെയാണ് ഗാന ഗന്ധർവൻ യേശുദാസും സംഘവും റോയൽറ്റിക്ക് വേണ്ടി ബഹളം വയ്ക്കുന്നത് കാണുമ്പോൾ തോന്നുന്നത്. കുറച്ചു വർഷം മുമ്പും അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചു പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്. മഹാനായ ഒരു ഗായകൻ എന്നതൊഴിച്ചാൽ അദ്ദേഹം ഒരു കള്ള നാണയം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ വെറുതെ ആളാകാൻ വേണ്ടി പറയുന്നതല്ല. പക്ഷെ അതൊരു വേദനിപ്പിക്കുന്ന സത്യം തന്നെയാണ്. ഒരു ഗാനം പിറക്കുന്നത്‌ ഒരു കവിയുടെ ഹൃദയത്തിലാണ്. അതിനു സംഗീത സംവിധായകൻ ജീവൻ നല്കുന്നു. പിന്നീടാണ് ഗയകൻ രംഗ പ്രവേശം ചെയ്യുന്നത്. മാത്രമല്ല ഇതിനൊക്കെ പണം മുടക്കുന്ന നിർമാതാവ് എന്നൊരാൾ കൂടിയുണ്ട്. അദ്ദേഹം ആണ് സത്യം പറഞ്ഞാൽ ഏറ്റവും പ്രധാനി. കാരണം ഇവരെയൊക്കെ വിശ്വസിച്ചു പണം മുടക്കുന്ന ഒരാൾ ആണല്ലോ അങ്ങേർ. അപ്പൊ ഇവരെയൊക്കെ വിഡ്ഢികൾ ആക്കുന്ന വിധം ദാസേട്ടനും സംഘവും നടത്തുന്ന അവകാശ പ്രകടനങ്ങൾ ഒരു തമാശ തന്നെയല്ലേ ?

ഒരു വക്കീലും കുഞ്ഞുപെങ്ങളും 

ഇതിലെ കഥാപാത്രങ്ങൾ ആരാണെന്ന് ചോദിക്കരുത്. ഒരിടത്തൊരിടത്ത് ഒരു പെങ്ങൾ ഉണ്ടായിരുന്നു. എന്തോ ചതിയിൽ പെട്ട് പുള്ളിക്കാരി തുറുങ്കിൽ അടയ്ക്കപ്പെട്ടു. പക്ഷെ ദൈവ ദൂതനെ പോലെ ഒരു വക്കീൽ എത്തി. പെങ്ങളെ രക്ഷിക്കാൻ പണി തുടങ്ങി. വക്കീൽ ഓരോ ദിവസവും ഓരോ കഥകളുമായി വന്നു. രാജാവിന്‌ പ്രാന്തായി. പെങ്ങൾ പറഞ്ഞത് വക്കീല വിഴുങ്ങി എന്നും വക്കീൽ പറഞ്ഞത് പെങ്ങൾ വിഴുങ്ങി എന്നും ഇവർ രണ്ടും പറഞ്ഞത് രാജാവ്‌ വിഴുങ്ങി എന്നും നാട്ടിൽ പാട്ടായി. പക്ഷെ പാണന്മാർ ഇനിയും തമാശ കഥകള പാടി നടക്കുന്നു
എന്താന്നറിയില്ല...ഈ വക്കീലിനെ കണ്ടാൽ തന്നെ ചിരി വരും. ഹോ തമാശക്കാരൻ...

തല്ക്കാലം ഇത്രയും.. ഉറക്കം വരുന്നു. ബാക്കി തമാശകൾ പിന്നെ...


2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച

മെമ്മറീസ്



കേരളത്തെ ഇളക്കി മറിച്ച ഒരുപാട് സംഭവങ്ങൾ നടന്നിട്ടും മിണ്ടാതിരുന്ന താൻ എന്താ ഇപ്പൊ എഴുതിക്കൊണ്ട് വന്നിരിക്കുന്നത് എന്ന് ചോദിക്കരുത്. ഇന്നലെ ഒരു പടം കണ്ടു. ചുമ്മാ ഒരു റിവ്യൂ ഇട്ടേക്കാം എന്ന് കരുതി . ഡിടക്റ്റീവ്  എന്ന ഒരു കുറ്റാന്വേഷണ ചിത്രം എടുത്തു ഹരിശ്രീ കുറിച്ച ജിത്തു ജോസഫ്‌ പിന്നീട് സംവിധാനം ചെയ്ത അന്വേഷണ ചിത്രമാണ് മെമ്മറീസ്.

എന്തെരാണ് കഥ ?
കോട്ടയം , പീരുമേട് , തിരുവല്ല ഭാഗങ്ങളിൽ കറങ്ങിനടന്ന് ആൾക്കാരെ തല്ലിക്കൊന്നു കെട്ടിത്തൂക്കുന്ന ഒരു സീരിയൽ കില്ലർ ആണ് കഥയിലെ വില്ലൻ . കൊന്നു കുരിശിൽ തറച്ചത് പോലെ നിർത്തും എന്ന് മാത്രമല്ല അവന്മാരുടെ ഒക്കെ നെഞ്ചത്ത്‌ ആരാമിയ ഭാഷയിൽ എന്തൊക്കെയോ കുത്തി കുറിച്ച് വയ്ക്കുകയും ചെയ്യും. അങ്ങേരുടെ കയ്യക്ഷരം അത്രയ്ക്ക് നല്ലതായത്‌ കൊണ്ട് പോലീസുകാർക്ക്  ഒന്നും പിടികിട്ടിയില്ല. കില്ലർ ആണേൽ ഓടി നടന്നു തോട്ടുവക്കത്തും റോഡ്‌ സൈഡിലും ഒക്കെ സ്വന്തം റിയാലിറ്റി ഷോ തുടർന്നുകൊണ്ടേയിരുന്നു.

ദാ വരുന്നു നമ്മുടെ ജെയിംസ്‌ ബോണ്ട്‌ 
സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ഡൽഹിയിൽ നിന്നും ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ തകർത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഏതെങ്കിലും സുരേഷ് ഗോപി ആയിരിക്കും കേസ് തെളിയിക്കാൻ വരുന്നത്. എന്നാൽ ഇപ്പൊ മുംബയിലും മറ്റും തീവ്രവാദികളുടെ ശല്യം അധികരിച്ചിരിക്കുന്നതിനാൽ എല്ലാവരും ബിസി ആണെന്ന് തോന്നുന്നു. എന്നാൽ പിന്നെ നാട്ടിൽ നിന്ന് തന്നെ ആരെയെങ്കിലും തപ്പിയെടുക്കാം എന്ന് വിചാരിച്ചാൽ സോളാർ , ജോപ്പൻ , സരിത , സമരം ഒക്കെ കാരണം നാട്ടിലും ആരെയും എടുക്കാനില്ല.കീർത്തിചക്രയിൽ സംഭവിച്ച പോലെ ഭാര്യയേയും മകളെയും ആരാണ്ടോ വെടി വച്ച് കൊന്നതിന്റെ കലിപ്പിൽ ഫുൾടൈം വെള്ളമടിച്ചു നടക്കുന്ന, എന്നാൽ ഭയങ്കര ബുദ്ധിമാനായ ഒരു മിനി ഷെർലക് ഹോംസ് ആണ് നമ്മുടെ നായകൻ . അത് വെറുതെ പറഞ്ഞതല്ല കേട്ടോ. ഹോംസ് കുറ്റം തെളിയിക്കാൻ ഉപയോഗിക്കുന്ന ചില വിദ്യകൾ ഈ ചേട്ടനും കാണിക്കുന്നുണ്ട്. എന്തായാലും അങ്ങേരുടെ വിഷമങ്ങളും കുടുംബ ജീവിതത്തിലെ ട്രാജഡികളും എല്ലാം കുടിച്ചു തീർക്കുന്ന നമ്മുടെ നായകൻറെ ദുരന്ത ജീവിതം ആണ് പടത്തിന്റെ ആദ്യ പകുതി.തദ്വാരാ ഒട്ടനവധി കുപ്പികളും നിറഞ്ഞതും ഒഴിഞ്ഞതുമായ ഗ്ളാസ്സുകളും പിന്നെ വെള്ളമടിച്ചാൽ തട്ടിപോകും ഇന്ന മുന്നറിയിപ്പും കൊണ്ട് സമൃദ്ധമാണ് ചിത്രം

ആകെപ്പാടെ ഒരു ജഗപൊക 

ഇനിയങ്ങോട്ട് വൻ കേസ് അന്വേഷണം ആണ്. വെള്ളമടിച്ചു നടന്ന ഒരുത്തനെ പിടിച്ചു ഒരു ഉത്തരവാദിത്വം ഏൽപ്പിച്ച് കൊടുക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇവിടെയും സംഭവിക്കുന്നു . പുല്ലു പോലെ പുള്ളി ക്ളൂ കണ്ടുപിടിക്കുന്നതും അത് കണ്ടിട്ട് കണ്ണുകടി കൊണ്ട് ഒപ്പമുള്ള വേറെ പോലീസുകാർ പാര പണിയുന്നതും ഒക്കെയുണ്ട്. പക്ഷെ നമ്മുടെ നായകന് ഇതൊന്നും കാര്യമാക്കാതെ ക്ളൂകൾ കണ്ടുപിടിച്ചു മുന്നേറുന്നു. പക്ഷെ കില്ലർ ആരാ മോൻ. ഇതിനിടയ്ക്കും ലവൻ വേണ്ട പണി ഒപ്പിക്കുന്നുണ്ട്. ആകാംക്ഷ കൊണ്ട് പ്രേക്ഷകരുടെ പണ്ടാരമടങ്ങണ്ട എന്ന് വിചാരിച്ചിട്ട് ഇടയ്ക്ക് കില്ലർ മുഖംമൂടി ഇട്ടു വരുന്നുണ്ട്. പക്ഷെ മുഖംകൂടി കണ്ടാൽ തിരിച്ചറിയാനുള്ള പ്രായം നമ്മുടെ നായകനില്ലാത്തത് കാരണം താടിക്കിട്ടൊരു തട്ടും കൊടുത്തിട്ട് കില്ലർ അവന്റെ പാട്ടിനു പോകുന്നുണ്ട് . അങ്ങനെ ഒടുവിൽ വേറെ ആരും നടന്നിട്ടില്ലാത്ത വഴികളിലൂടെ ഒക്കെ ഒരു കള്ളു കുടിയനെ പോലെ നടന്നു നമ്മുടെ താരം കേസ് തെളിയിക്കുന്നു. ശിഷ്ടം ശുഭം

സംഗതി തരക്കേടില്ല 
വീടിന്റെ വെന്റിലേഷനിൽ കൂടി കുഴലിട്ടു ഉറങ്ങി കിടക്കുന്ന ഒരു പെണ്ണുമ്പിള്ളയുടെ വായിൽ പാഷാണം കലക്കിയൊഴിചു കൊല്ലുന്നതിന്റെ കഥ പറഞ്ഞ ഡിറ്റക്റ്റീവ് എന്ന പടം വച്ച് നോക്കുമ്പോൾ ഇത് ഭേദമാണ്. പക്ഷെ  ജിത്തുവിന്റെ ഒരു രീതി വച്ച് നോക്കുമ്പോൾ അങ്ങേരുടെ കഥകളിലെ വില്ലന്മാർ ഒക്കെ വെറും തൊട്ടാവാടികൾ ആണെന്ന് തോന്നുന്നു. നിസ്സാര കാര്യത്തിനു ആളെ തട്ടിക്കളയുന്ന പാവങ്ങൾ. ഇതിലും അത് പോലെ തന്നെ. ഒരു കൊലപാതകം , അതും സീരിയൽ കില്ലിംഗ് നടത്താൻ വേണ്ടി എന്തു മാങ്ങാത്തൊലി ആണ് അവിടെ സംഭവിച്ചതെന്ന് ഇപ്പോഴും എനിക്ക് പിടികിട്ടിയിട്ടില്ല. പിന്നെ ആകെ മൊത്തം ഒരു ആനച്ചന്തം ചിത്രത്തിനുണ്ട്. രാജുവേട്ടൻ ഒരു നടന എന്ന നിലയിൽ ഒരുപാടു മുന്നേറിയിരിക്കുന്നു. പക്ഷെ സ്പിരിറ്റ്‌, ഹലോ, നമ്പർ ട്വന്റി മദ്രാസ്‌ മെയിൽ എന്ന ചിത്രങ്ങളിലൊക്കെ ലാലേട്ടൻ അവതരിപ്പിച്ച തന്മയത്വമുള്ള ഒരുപാടു കുടിയന്മാരുടെ ഏഴയലത്ത് പോലും രാജുവിന്റെ അഭിനയം എത്തുന്നില്ല്ല എന്നത് വേറെ കാര്യം. പക്ഷെ അത്രത്തോളം ഇല്ലെങ്കിലും അതിന്റെ അടുത്തെങ്കിലും എത്താൻ പ്രിഥ്വിക്ക് കഴിയും എന്ന് എനിക്ക് തോന്നുന്നു .

അപ്പ ശരി . ഇനി ഞാൻ ചെന്നൈ എക്സ്പ്രസ്സ്‌ കണ്ടെച്ചും വരാം . റ്റാ റ്റാ 

2013, ഏപ്രിൽ 24, ബുധനാഴ്‌ച

മോഡി - ചൈന - പിണറായി - സ്വാഹാ i



     അങ്ങനെ മോഡി ശിവഗിരി ഇളക്കി മറിച്ചിട്ട്  പോയി . മോഡിയെ കേരളത്തിൽ കയറ്റിയതിന്റെ പേരിൽ വലതു പക്ഷവും ഇടതു പക്ഷവും ബഹളം വച്ചു . കുട്ടി സഖാക്കൾ മോഡിയുടെ കോലം കത്തിച്ചു. വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ പോയത് പോലെയായി അത് . രാഷ്ട്രീയം ഒഴിവാക്കി മാന്യമായ രീതിയിൽ മറുപടി നൽകി അദ്ദേഹം തിരിച്ചു പോയി . ഈ വാർത്താ  കോലാഹലം കണ്ടിട്ട് തോന്നിയ ചില കാര്യങ്ങൾ പറയാം .. 

എന്തുകൊണ്ട് ശിവഗിരി ?

ഒരു പ്രത്യക്ഷ ഹിന്ദുത്വ വാദിയായ ശ്രീ മോഡിയെ ശിവഗിരി പോലെ മതേതര വീക്ഷണം പുലർത്തുന്ന ഒരു മഠത്തിൽ കൊണ്ട് വന്നത് അത്ഭുതകരമായ ഒരു സംഭവമൊന്നുമല്ല എന്ന് മര്യാദക്ക് ദിനപത്രം വായിക്കുന്ന ഏതൊരു മലയാളിക്കും അറിയാം. ജാതിക്കും മതത്തിനും അതീതമായി ജീവിക്കാനാവില്ല എന്നും ജീവിക്കാൻ ജാതി പറഞ്ഞേ പറ്റൂ എന്ന്  പരസ്യമായി പറഞ്ഞ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന ശ്രീനാരായണ 'ധർമ പരിപാലന' യോഗം നടത്തിയ ഒരു രാഷ്ട്രീയ നീക്കം മാത്രമാണ് ഇത് . നായരീഴവ സഖ്യത്തിൽ  പുതിയ സാധ്യതകൾ സ്വപ്നം കാണുന്ന അദ്ദേഹവും ശ്രീ സുകുമാരൻ നായരും ഇനിയും ഇതുപോലുള്ള പരിപാടികൾ അവതരിപ്പിക്കും. ശ്രീ നാരായണ ഗുരുദേവന്റെ ദർശനങ്ങളിൽ വിശ്വസിക്കുന്ന ഒരാൾ  പോലും ഇത്തരം നീക്കങ്ങളെ അനുകൂലിക്കുകയോ  വെള്ളാപ്പള്ളി പറയുന്നതും കേട്ട് അവർ പറയുന്നവർക്ക് വോട്ട് ചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാലറിയാം , കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകരിൽ ഭൂരിഭാഗവും ഈഴവർ ആണ് . അതുകൊണ്ട് തന്നെ ഈഴവരുടെ രാഷ്ട്രീയവും ഇടതു പക്ഷ രാഷ്ട്രീയം തന്നെയാണ് . സ്വത്തിന്റെയും അധികാരത്തിന്റെയും പേരിൽ  സ്വാമിമാർ തമ്മിലടിച്ച അന്ന് നഷ്ടപ്പെട്ടതാണ് ആ പുണ്യ സ്ഥലത്തിന്റെ പവിത്രത. അത് കൊണ്ട് മോഡി എന്നൊരാൾ അവിടെ കാൽ കുത്തിയത് കൊണ്ട് ശിവഗിരിക്ക്  ഇനി പുതിയതായി ഒന്നും സംഭവിക്കാനില്ല. കേരള രാഷ്ട്രീയത്തിൽ ഇനി ശിവഗിരിയും ഒരു രാഷ്ട്രീയ കേന്ദ്രമായി മാറുമോ എന്ന് മാത്രമേ അറിയാനുള്ളൂ. 

കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവർ 

കേരള രാഷ്ട്രീയം നൂറ്റാണ്ടുകൾ പുറകിലാണ് എന്ന് വീണ്ടും തെളിയിച്ചു. ശിവഗിരി പോലുള്ള ഒരു സ്ഥാപനം കാവി പൂശാനുള്ള ശ്രമം എന്ത് വില കൊടുത്തും തടയണം എന്ന് വലതു ഇടതു പക്ഷങ്ങൾ ഒരേ ശബ്ദത്തിൽ പ്രസ്താവിചു. പച്ചയായ രാഷ്ട്രീയം മാത്രമാണ് ഇത് എന്നേ  എനിക്ക് പറയാനുള്ളൂ . ശിവഗിരിയിലെ ചടങ്ങിൽ ഒരൊറ്റ കോണ്‍ഗ്രസ്‌ പ്രവർത്തകനും പങ്കെടുക്കില്ല എന്ന് കേരള യാത്രക്കിടയിലും ചെന്നിത്തല പ്രഖ്യാപിചു. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ വിപ്ളവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയ ഒരു ഗുരുവും അദ്ദേഹത്തിന്റെ സ്മാരകമായ മഠം കയ്യേറാനുള്ള ബി ജെ പിയുടെ ഒരു ശ്രമം മാത്രമായി കണ്ട രമേശ്‌ വർഷങ്ങൾക്കു മുമ്പ് മഠത്തിൽ നടന്ന അധികാര തർക്കങ്ങൾ, സംഘട്ടനം വരെ നടന്നിട്ടും മഠത്തിൽ സമാധാനം സ്ഥാപിക്കാനും ആ സ്ഥാപനത്തിന്റെ മതേതര സ്വഭാവം തിരിച്ചു പിടിക്കാനും വ്യകതിപരമായ നിലയിലും കോണ്‍ഗ്രസ്‌ പാർട്ടി എന്ന നിലക്കും എന്തൊക്കെ ചെയ്തു എന്ന് ഒരു സ്വയം വിമർശനം നടത്തേണ്ടതുണ്ട്. ഭാരതത്തിൽ നടന്ന പല കൂട്ടക്കൊലകൾക്കും മൌനാനുവാദം നൽകിയ ഒരു പാർട്ടി എന്തടിസ്ഥാനത്തിലാണ് ഇപ്പോൾ സമാധാനത്തിന്റെ വെള്ളരിപ്രാവ്‌ ചമയുന്നത് ? ഇന്ദിര ഗാന്ധിയെ വധിച്ചത് ഒരു സിഖുകാരൻ ആയിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് നൂറു കണക്കിന് സിഖ് വംശജരെ കോണ്‍ഗ്രസ്‌ പ്രവർത്തകർ കൊന്നൊടുക്കിയത് ഒരു യാഥാര്ത്യം മാത്രമാണ് . ബാബറി മസ്ജിദ് തകർക്കപെട്ടപ്പോൾ ഭാരതം ഭരിച്ചത് ആരായിരുന്നു ? കുറഞ്ഞത്‌ ഈ രണ്ടു ചോദ്യങ്ങൾക്കെങ്കിലും ഉത്തരം പറഞ്ഞിട്ട് പോരേ ഇങ്ങനെ രക്തം തിളപ്പിക്കേണ്ടത് ?

ഇടത്തോട്ട് പോയ ഇടതു പക്ഷം 

ഇടതു പക്ഷം അതിനെക്കാൾ തമാശകൾ സംഘടിപ്പിച്ചു . മോഡിയെ വിളിച്ചു എന്നറിഞ്ഞു ഞെട്ടിപ്പോയ പിണറായി സഖാവ് ശിവഗിരിയുടെ ഭാവിയോർത്ത്   ദുഖിചു. ഡി വൈ എഫ് ഐ സഖാക്കൾ തലസ്ഥാനത്ത് പ്രതീകാത്മക തൂക്കു കയറുമായി മോഡി വിരുദ്ധ പ്രകടനം നടത്തി . ഇതൊക്കെ കണ്ടു മോഡി വിരളും എന്നവർ കരുതിയെങ്കിലും ഇതിനെക്കാൾ വലിയ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളീൽ പോയിട്ടില്ല പുള്ളെ എന്ന് പറഞ്ഞു മോഡി സ്വന്തം പണി തീർത്തു തിരികെ പൊയി. കോണ്‍ഗ്രസ്‌കാർ നടത്തിയതിനേക്കാൾ അപഹാസ്യമായി ഇവരുടെ പ്രകടനങ്ങൾ . ടി പി ചന്ദ്രശേഖരൻ എന്നൊരു മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ സാക്ഷികൾ ദിവസവും കൂറ് മാറുന്നതിലെ അസ്വാഭാവികത ഈ പാർട്ടിക്ക് ഒരു വിഷയമല്ല. 
പരോളിൽ വന്ന അബ്ദുൽ നാസർ മദനിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത പിണറായി വിജയൻ ഇക്കാര്യത്തിൽ പറഞ്ഞത് ഒരൂ കൂട്ടക്കൊലയുടെ ഉത്തരവാദി പങ്കെടുക്കുന്ന പരിപാടിയിൽ തങ്ങൾ പങ്കെടുക്കില്ല എന്നും ഇത് തടയപ്പെടെണ്ടതും ആണെന്നുമാണ്. സാങ്കേതികമായി നോക്കിയാൽ മദനിയും മോഡിയും  ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ് . പിന്നെ എന്തിനീ അഭ്യാസം ? വോട്ട് തന്നെ കാരണം . ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിൽ ചെയ്തു വന്ന ചരിത്രപരമായ മണ്ടത്തരങ്ങൾ ഇനി ആവർത്തിക്കരുതെന്ന കരുതലോടെയുള്ള ഒരു പ്രവർത്തി മാത്രമാണ് ഇത് എന്ന് തൊന്നുന്നു. കേരളത്തിൽ അങ്ങോളം ഇങ്ങോളം നടന്നു വരുന്ന തീവ്രവാദി പ്രവർത്തനങ്ങളെ അപലപിക്കാനോ എതിർക്കാനോ ഒരു ചെറുവിരൽ അനക്കാൻ ശ്രമിക്കാത്ത ഈ പാർട്ടി ആരെയാണ് വിഡ്ഢിയാക്കാൻ ശ്രമിക്കുന്നത് ?

കോളടിച്ചവർ 

ഇതൊക്കെക്കൊണ്ട് ലോട്ടറി അടിച്ചത് ബി ജെ പിക്കാണ് . ശിവഗിരിയെയും സന്യാസിമാരെയും മുന്നിൽ നിരത്തി ഒരു ഓളം ഉണ്ടാക്കാൻ അവര്ക്ക് സാധിചു. ഇതിന്റെ പേരിൽ പത്തു വോട്ട് കൂടുതൽ കിട്ടിയാലും അതിശയിക്കണ്ട . ബാക്കി പാർട്ടിക്കാർ അതിനു വെള്ളവും വളവും ഇട്ടു കൊടുക്കുകയും ചെയ്തു. ചെന്നിത്തല പറഞ്ഞു മോഡിയെ അനുകൂലിക്കുന്ന ഒരാൾ പോലും കേരളത്തിലുണ്ടാവില്ല എന്നു. എന്തിൻറെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതെന്ന് മനസ്സിലാവുന്നില്ല. മലയാളികളുടെ അത്രയുംജാതീയമായി ചിന്തിക്കുകയും പുറമേ അഭിനയിക്കുകയും ചെയ്യുന്ന ഒരു ജനക്കൂട്ടം വേറെ ഉണ്ടാവില്ല .  അടുത്ത തെരഞ്ഞെടുപ്പിൽ കാണാം . 

മോഡിയെ പറ്റി തോന്നിയത് :

മോഡി എന്ന് പറയുന്നത് ഒരു വികസന നായകനോ ഭാരത്തിന്റെ ഭാവിയാണെന്നോ എന്നൊന്നും ഞാൻ പരയുന്നില്ല. പക്ഷെ അദ്ദേഹം ഒന്നാംതരം ഒരു നേതാവ് അഥവാ ലീഡർ ആണെന്നു പറയാതെ വയ്യ. ഭാരതത്തിൽ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലകളിൽ ഒന്നിൽ പ്രതി സ്ഥാനത്ത് നില്ക്കുന്ന ഒരാൾ മൂന്നു തവണ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു, മുഖ്യമന്ത്രി ആയി എന്ന് മാത്രമല്ല ഭാരതത്തിന്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥി എന്ന് വരെ എത്തി നില്ക്കുന്നത് സൂചിപ്പിക്കുന്നത് എന്താണ് ?  നല്ലതായാലും ചീത്തയായാലും ഒരു നേതാവിന് വേണ്ട കഴിവുകൾ തികച്ചും വ്യത്യസ്തമാണ് . കേരളത്തിലെ മാത്രമല്ല ദേശീയ തലത്തിൽ തന്നെ കമ്മ്യൂണിസ്റ്റ്‌ പാർടിയിൽ നേതാവ് എന്നാ വിശേഷണത്തിന് അർഹനായ ഒരേ ഒരാൾ മാത്രമേ ഉള്ളൂ . പിണറായി ആണ് ആ നേതാവ് . അച്ചുതാനന്ദനെ പോലെ ഒരു കള്ള നാണയം അല്ല അങ്ങെർ. കുറഞ്ഞത്‌ പറയുന്ന കാര്യങ്ങളിൽ ഉറച്ചു നില്ക്ക്കുന്നു എന്ന ഒരു ഗുണമെങ്കിലും അദ്ദേഹത്തിനുണ്ട്`. 

മുകളിൽ എഴുതിയത് എന്റെ ചിന്തകൾ മാത്രമാണ് . നിങ്ങൾക്ക് യോജിക്കാം, വിയൊജിക്കാം. പക്ഷെ ഇത് കണ്ടിട്ട് ദുശാസ്സനൻ ഒരു വർഗീയ വാദിയാണെന്ന് മാത്രം പറയരുതേ. 

കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ ശ്രദ്ധക്കായി - ഒരു വാല്ക്കഷണം 
പണ്ട് ഈ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞ പോലെ ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടെതെന്നും പറയപ്പെടുന്ന ഒരു സ്ഥലത്ത് ചൈന പട്ടാളം അതിക്രമിച്ചു കയറിയതിനെ പറ്റി വൻ സംഘർഷ സാധ്യത നില നിൽക്കുകയാണ് . എ കെ ആന്റണി പ്രശ്നം പരിഹരിക്കാൻ വേണ്ടി ഓടി നടക്കുകയാണ് . ആ സ്ഥലം ഇനി നമുക്ക് തിരിച്ചു കിട്ടുമെന്ന് ഒരു ഉറപ്പുമില്ല . ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ്‌ രാജ്യമായ ചൈന കാണിക്കുന്ന ഈ അക്രമത്തിനെതിരെ ഇപ്പറയുന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ പുലർത്തുന്ന മൌനത്തിനെ എന്ത് പേര് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത് ?

2013, ഏപ്രിൽ 21, ഞായറാഴ്‌ച

ഒരു മാതിരി ഒരു തേങ്ങേലെ കഥ !!


    രാവിലെ ഇഡ്ഡലി കഴിക്കാൻ വേണ്ടി പുറത്തിറങ്ങിയതാ.  ബാംഗ്ളൂരിൽ ഏതു തെരുവിൽ പോയാലും കാണാം രാവിലെ വീട്ടിനു പുറത്തു വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി കോലം വരയ്ക്കുന്നത്‌ . എത്ര വർഷമായി ഇവിടെ വന്നിട്ട് . ആദ്യമൊക്കെ ഇതൊരു കാഴ്ച ആയിരുന്നു. പക്ഷെ ഇപ്പോൾ ഇതൊരു സാധാരണ കാഴ്ച മാത്രമായി മാറി . കടകളിലും ഉന്തു വണ്ടികളിലും ഒക്കെ കണ്ണ് തട്ടാതിരിക്കാനും മറ്റുമായി പല പല ചിത്രപ്പണികൾ ചെയ്യാറുണ്ട് ഇവർ. വഴിയരികിൽ ഇളനീർ വില്ക്കുന്ന ഒരു ഉന്തുവണ്ടിക്കാരൻ എന്തോ ചെയ്യുന്നത് കണ്ടു . വേനൽ തുടങ്ങിയതിൽപ്പിന്നെ ഇവർക്ക് കോളാണ് . ഒരു ചെറിയ മൊന്തയിൽ  നിന്ന് വെള്ളം ഒഴിച്ച് അയാൾ എന്തോ കറുത്ത പൊടി കലക്കുന്നു. ചിലപ്പോ ഏതെങ്കിലും ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ പ്രസാദം ആയിരിക്കും. ഇവിടെ അന്ധ്രക്കാരുടെയും കന്നടക്കാരുടെയും മറ്റും വീടുകളിൽ ചുമരിലും മറ്റും ഓരോ രൂപങ്ങൾ വരച്ചു വയ്ക്കുന്ന പതിവുണ്ട് . അങ്ങനെ എന്തോ ആണ് പുള്ളി ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു .  ഒപ്പം ഉണ്ടായിരുന്ന രവിയോട് ഞാൻ പറഞ്ഞു കണ്ടോടാ ഇവിടത്തെ ഓരോ ആചാരങ്ങൾ . നമ്മുടെ നാട്ടില ഇത്രയ്ക്കും അന്ധവിശ്വാസം ഇല്ല. അമ്പലത്തിലെ പൂജാരി എന്ത് കുന്തം പറഞ്ഞാലും ഇവിടെയുള്ളവന്മാർ ഒന്നും ചോദിക്കാതെ അനുസരിച്ചോളും. രവിയും അത് ശരിവച്ചു .. അവന്റെ പുതിയ ഫ്ലാറ്റ് പൂജ ചെയ്തപ്പോ അവനു ശരിക്കും പണി കിട്ടിയതാ. പൂജാരി ഗണപതി ഹോമം കഴിച്ചതിനു ശേഷം ആ കരിയും  മഞ്ഞളും കുംകുമവും കൊണ്ട് എന്തൊക്കെയോ ആ ചുമരിൽ വരച്ചു വച്ചു . പിള്ളേരെ പേടിച്ച്  ഏഷ്യൻ പെയിന്റ്സ്  ന്റെ ഏറ്റവും കൂടിയ വോഷബിൾ  പെയിന്റ് ആണ് അവൻ അടിച്ചിരുന്നത് . അതിലാരുന്നു പുള്ളീടെ ചിത്രപ്പണി . ഇവനൊക്കെ ഈ പണി ചെയ്യുന്നതിന് പകരം പത്തു പേര് കൂടുന്നിടത്ത് പോയി നിന്നാൽ കുറച്ചു കച്ചവടം കൂടുതൽ നടന്നേനെ . അല്ലാതെ ഓരോരുത്തർ പറയുന്നതും കേട്ട് മണ്ടത്തരം ചെയ്തുകൊണ്ട് നിൽക്കുകാ. ചുമ്മാതല്ല ഇവനൊന്നും രക്ഷപെടാത്തത് എന്നൊക്കെ പരസ്പരം പറഞ്ഞു കൊണ്ട് ഞങ്ങൾ ഹോട്ടലിലേയ്ക്ക് നടന്നു . ഇഡ്ഡലി കേറ്റി കൊണ്ടിരുന്നപ്പോഴും ഇത് തന്നെയാണ് ഞങ്ങൾ ചര്ച്ച ചെയ്തതു. ഒടുവിൽ അവിടുന്ന് ഇറങ്ങുംബോഴെയ്ക്കും അതാ അയാൾ വണ്ടിയും തള്ളിക്കൊണ്ട് വരുന്നു. പുള്ളി എന്താ ഒപ്പിച്ചതെന്ന് നമ്മൾ നോക്കി . പ്രത്യേകിച്ചൊന്നും കാണാനില്ല. രവിയും ഒന്നും കണ്ടില്ല . ഒടുവിൽ ആ വണ്ടി ഞങ്ങളെ കടന്നു പോയപ്പോ കണ്ടു ഒരു വശത്തായി വെളുത്ത ഒരു കാർഡ്‌ ബോർഡ്‌ . അതിൽ ആരോ വിരൽ കരിയിൽ മുക്കി എഴുതിയിരിക്കുന്നു.. ഞങ്ങൾ കാണാൻ കൊതിച്ച കാഴ്ച... 'നാളികേരം .. ഒരെണ്ണം 20 രൂപാ !!'

2013, ഏപ്രിൽ 16, ചൊവ്വാഴ്ച

ആസ്വാദനത്തിനു ഒരു ആമേൻ ...



     ആമേൻ കണ്ടു. രണ്ടാഴ്ച മുമ്പ് നഗരത്തിൽ ഒരു മൾട്ടിപ്ലെക്സിൽ വച്ച് . സത്യം പറഞ്ഞാൽ പടം പകുതി കഴിഞ്ഞപ്പോ മായാവിയിൽ സ്രാങ്ക് പറയുന്ന ഡയലോഗ് ആണ് ഓർമ വന്നത്‌ . ഓർമയില്ലേ  ?  "  ഇതിപ്പോ  എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക്  മുഴുവൻ വട്ടായതാണോ " . എന്ന് വച്ചാൽ , പടം കണ്ടുകൊണ്ടിരിക്കുന്ന ചിലർ  ചിരിക്കുന്നുണ്ട്, ചിലർ തെറി വിളിക്കുന്നുണ്ട്, ചിലർ കൊഴുക്കട്ട വിഴുങ്ങിയ പോലെയും ഇരിക്കുന്നുണ്ട്‌... . അങ്ങനെ തികഞ്ഞ ആശയക്കുഴപ്പത്തിൽ നമ്മളെ വിട്ടുകൊണ്ട് ചിത്രം അവസാനിച്ചു .  നല്ല പടം ആണെന്ന് ഞാൻ പറഞ്ഞത് കേട്ടിട്ട് ഒപ്പം വന്ന ഒരു സുഹൃത്തും ഭാര്യയം മുഖത്ത് ദയനീയമായി നോക്കി .  വേറെ രണ്ടു പേർ ഇടവേള ആയപ്പോ തീയറ്റർ വിട്ടോടി . അന്ന് രാത്രി തിരികെ വന്നതിനു ശേഷം ഉള്ള പ്രധാന ചർച്ച എന്തായിരുന്നു എന്നറിയാമോ ? പടം ശരിക്കും കൊള്ളാമോ അതോ എല്ലാം വെറും ഒരു തോന്നൽ ആയിരുന്നോ എന്നതു. പിന്നെ പിന്നെ പടത്തിനെ പറ്റി  റിവ്യൂകൾ വരാൻ തുടങ്ങി . എല്ലാത്തിലും നല്ല ഉഗ്രൻ അഭിപ്രായം. വീണ്ടും കൻഫൂഷൻ .. !!

അപ്പൊ എന്താണ് ഈ ആസ്വാദന നിലവാരം ?

    സന്തോഷ്‌ പണ്ഡിറ്റ്‌ എട്ടു കൂട്ടം കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്തു സാധനമായ കൃഷ്ണനും രാധയും ഇറങ്ങിയ സമയത്ത് മാധ്യമങ്ങളിൽ വന്ന ചർച്ചകൾ നിങ്ങൾ ശ്രധിച്ചിട്ടുണ്ടാവും. റിപ്പോർട്ടർ ചാനലിൽ പ്രശസ്ത സിനിമാ ഗവേഷകനായ ശ്രീ വെങ്കടെശ്വരൻ മാത്രമാണ് ഇതിൽ യുക്തിസഹമായ ഒരു അഭിപ്രായ പ്രകടനം നടത്തിയത്‌ . അദ്ദേഹം ചോദിച്ചത് ഇതാണ്‌ . അതായത് , ഇവിടെ നമ്മൾക്ക് അസഹനീയം എന്ന് നാം പറയുന്നത് മികച്ചത് എന്ന് നമ്മള്ക്ക് തോന്നിയ ചിത്രങ്ങളുമായി ഇതിനെ താരതമ്യം ചെയ്തിട്ടാണല്ലൊ. പക്ഷെ ഈ മികച്ച ചിത്രങ്ങൾ വേറൊരു രാജ്യത്തുള്ളവർ എങ്ങിനെ ആയിരിക്കും വിലയിരുത്തുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്നു. പക്ഷെ സന്തോഷിനെ തെറി വിളിക്കാനുള്ള ജനക്കൂട്ടത്തിന്റെ തത്രപ്പാടിൽ അദ്ദേഹത്തിന്റെ വാക്കുകൾ  മുങ്ങിപ്പൊയി. സോഷ്യൽ മീഡിയയുടെ വളർച്ചയോടൊപ്പം വളർന്ന  ഒന്നാണ് ഓണ്‍ലൈൻ നിരൂപകരുടെ എണ്ണവും .  ഇതു ചിത്രത്തെ പറ്റിയും എന്ത് അഭിപ്രായവും ആർക്കും  വിളിച്ചു പറയാം . എന്തൊക്കെ പറഞ്ഞാലും ഒരു നല്ല ശതമാനം ആൾക്കാരെ ഇത്തരം സൈറ്റുകളിൽ വരുന്ന സൊ കാൾഡ് നിരൂപണങ്ങൾ സ്വാധീനിക്കുന്നു എന്നതൊരു വസ്തുതയാണ്‌ . അമേൻ എന്ന ചിത്രത്തെ പറ്റി  ഇവരൊക്കെ പറഞ്ഞു വിട്ട സംഗതികൾ പല ചോദ്യങ്ങളും ഉയർത്തുന്നു . ആരാണ് ആസ്വാദനം എന്നത് നിർവചിച്ചിരിക്കുന്നത് ? എന്താണത് ? 

ഒരു സിനിമയുടെ പ്രധാന നിര്മാണ സാമഗ്രികൾ അതിന്റെ കഥ, അഭിനേതാക്കൾ, സംഗീതം , ചിത്രീകരണം, സംവിധാനം എന്നിവയാണ്. സത്യം പറഞ്ഞാൽ  സിനിമ സംവിധായകന്റെ മാത്രം കലയാണ്‌ . ഒരു സംവിധായകൻ അവന്റെ മനസ്സിൽ അവൻ സ്വകാര്യമായി  കാണുന്ന ഒരു സ്വപ്നം മറ്റുള്ളവരെ കാണിക്കാൻ  ഉപയോഗിക്കുന്ന ഘടകങ്ങൾ മാത്രം, അത് മാത്രമാണ് ബാക്കിയെല്ലാം. നല്ല കഥ എന്നത് യൂണിവേർസൽ ആയ ഒരു സംഗതി ആണ്‌ . സൂക്ഷമായി നോക്കിയാൽ  ലോകത്തിലെ നല്ല സിനിമകളുടെ കഥകള എല്ലാം എന്തെങ്കിലും സമാനതകൾ പേറുന്നു എന്നതൊരു വസ്തുതയാണ്‌ .  പക്ഷെ ബാക്കിയുള്ളവയെല്ലാം അതിന്റെ സൌന്ദര്യ പരമായ തലങ്ങളിൽ ആപേക്ഷികം മാത്രമാണ്‌ . എന്റെ ഭാര്യ കേരളത്തിന്‌ പുറത്തു ജനിച്ചു വളർന്നതാണ് . അവളുടെ ദൃഷ്ടിയിൽ മലയാളത്തിൽ കണ്ടുകൊണ്ടിരിക്കാവുന്ന ഒരേയൊരു നടന പ്രിഥ്വിരാജ് മാത്രമാണ്‌ . He is the only good looking hero in malayalam എന്നാണ് ലവൾ പറഞ്ഞത്‌ . പക്ഷെ പറഞ്ഞത് ഒരു ഡൈ ഹാർഡ് ലാലേട്ടൻ ഫാൻ ആയ എന്നോട് ആയതു കൊണ്ട് ഞാൻ പറഞ്ഞു മോളെ നമ്മൾ മലയാളികൾ ഗ്ളാമർ അല്ല നോക്കുന്നത് , അഭിനയ ശേഷി ആണെന്നൊക്കെ . അല്ല, അവളെ പറഞ്ഞിട്ട് കാര്യമില്ല ഹിന്ദി സിനിമ കണ്ടു വളർന്ന എല്ലാവര്ക്കും ഉണ്ട് ഈ അസുഖം. പിന്നെ അവന്മാര് ഇപ്പൊ തെലുങ്കും മലയാളവും ഒക്കെ റീമേക്ക് ചെയ്ത് ആകെ അലമ്പായി ഇരിക്കുന്നത് കൊണ്ട് അതൊക്കെ പറഞ്ഞു അവളുടെ വായടപ്പിച്ചു . പക്ഷെ ഇതിലെ പോയിന്റ് എന്താണെന്ന് വച്ചാൽ ആ സൌന്ദര്യ ബോധത്തിന്റെ വ്യത്യാസമാണ്. ലാലേട്ടന്റെ മുഖം കണ്ടു കണ്ടു നമ്മൾ ഇഷ്ടപ്പെട്ടതാണ് . അല്ലാതെ ഒറ്റ കാഴ്ചയിൽ ഒരാളെ ആകർഷിക്കുന്ന ആകാര സൌഷ്ടവം ഒന്നും അദ്ദേഹത്തിനില്ല . അപ്പൊ  ചോദിക്കാം  എന്നാൽ മമ്മൂട്ടിയോ എന്നു. സത്യം പറഞ്ഞാൽ ഇപ്പോൾ മലയാളത്തിലെ ഏറ്റവും സുന്ദരനായ നടൻ പ്രിഥ്വി തന്നെയാണ്‌ . പക്ഷെ എന്തുകൊണ്ട് മലയാളികൾ അയാളെ അംഗീകരിച്ചില്ല എന്നതിന്റെ ഉത്തരം അന്വേഷിച്ചാൽ മനസ്സിലാവും മലയാളിയുടെ ആസ്വാദന നിലവാരത്തിന്റെ പൊള്ളത്തരം . അതിനു ഒരു കാരണമേ ഉളളൂ . സ്വന്തം കരിയറിന്റെ തുടക്കത്തിൽ  പ്രിഥ്വി  അഹങ്കാരത്തോടെ വിളിച്ചു കൂവിയ ചിലത് മാത്രമാണ് അതിന്റെ കാരണം . അല്ലാതെ അയാൾ ചെയ്യുന്ന ജോലിയുടെ നിലവാരം മാത്രം വിലയിരുത്തിയാൽ ഇപ്പോൾ മലയാളത്തിൽ ഫഹദ് ഉൾപ്പെടെയുള്ള എല്ലാവരുടെയും മുകളിൽ  നില്ക്കും പ്രിഥ്വി . അപ്പോൾ ഒരു താരത്തിന്റെ സ്വഭാവ ഗുണവും നമ്മൾക്ക്  വിഷയമാണ്‌  അല്ലേ  ?  ഇപ്പോൾ ഈയിടെ ഗണേഷ് കുമാറിന്റെ കാര്യത്തിലും നമ്മൾ അത് കണ്ടു . അപ്പോൾ മലയാളിയുടെ ആസ്വാദന നിലവാരത്തെ ഇങ്ങനെ പല പല കാര്യങ്ങൾ സ്വാധീനിക്കുന്നു എന്ന് പറയേണ്ടി വരുന്നു. അതായതു നല്ലത് എന്ന് നമ്മൾ പറഞ്ഞാൽ എല്ലാം കൊണ്ടും നല്ലത് , അല്ലെങ്കിൽ ഏറ്റവും സമർത്ഥമായി കള്ളത്തരങ്ങൾ  മറച്ചു വച്ചിട്ടുള്ള എന്തോ ഒന്ന് എന്ന് വേണം മനസിലാക്കാൻ . 

അപ്പൊ പറയാൻ വന്നത് എന്തെന്നാൽ .. 

ഇത്രയും നീണ്ട മുഖവുര എന്തിനായിരുന്നു എന്ന് നിങ്ങള്ക്ക് മനസ്സിലാവണമെങ്കിൽ ആദ്യം ഈ ചിത്രം കാണേണ്ടതുണ്ട് . കാക്കനാടന്റെ ഒറോത , പൊങ്കുന്നം വർക്കി , മുട്ടത്തു വർക്കി എന്നിവരുടെ ചില രചനകൾ , എന്ന് തുടങ്ങി മഞ്ഞ മുങ്ങിയ പഴയ ക്രിസ്തീയ അന്തരീക്ഷത്തിലുള്ള പ്രേമ കഥകൾ  കണ്ടിട്ടും കേട്ടിട്ടും ഉള്ളവർക്ക് പെട്ടെന്ന് തന്നെ co-relate ചെയ്യാൻ പറ്റുന്ന ഒരു കഥ പറച്ചിൽ ആണ് അമേൻ അനുവർത്തിക്കുന്നത് . ആപത്ത് ഘട്ടങ്ങളിൽ മാലാഘമാർ വഴി കാണിക്കുകയും പുണ്യാളൻ കുതിര മേൽ വന്നു ശത്രുവിനെ കൊന്നു നിന്റെ രക്ഷിക്കുകയും ചെയ്യും എന്ന ഒരു മിത്തിൽ ഊന്നിയ ഒരു കഥ . ഒരു മുത്തശ്ശി കഥ പറയുന്ന ലാഘവത്തോടെ പറഞ്ഞിരിക്കുന്ന ഒരു ചിത്രമാണ്‌ ആമെൻ. ചില പ്രധാന രംഗങ്ങൾ വലിച്ചു നീട്ടി അതി നാടകീയവും വിരസവും ആക്കി എന്നതൊഴിച്ചാൽ മലയാളത്തിൽ അടുത്ത കാലത്ത് വന്ന ഏറ്റവും ലക്ഷണമൊത്ത ന്യൂ ജെനറേഷൻ ചിത്രമാണ് ആമെൻ. കുമരങ്കരി  എന്ന  സാങ്കൽപ്പിക ഗ്രാമത്തിന്റെയും അവിടത്തെ പ്രജകളുടെ പച്ചയായ ജീവിതത്തെയും ഒട്ടും കടുതതല്ലാത്ത നിറങ്ങളിൽ കാണാം ഇതിൽ. ചിത്രത്തിന്റെ ഓരോ സീനിലും കുമരംകരി  നിറഞ്ഞു തുളുമ്പുന്നു .  ചുരുക്കം ചില സന്ദർഭങ്ങളിലെങ്കിലും അങ്ങനെ ഒരു ഗ്രാമത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കാതിരിക്കില്ല. അഭിനന്ദൻ രാമാനുജൻ ക്യാമറ കൊണ്ട് എഴുതിയ ഒരു കവിത പോലെയാണ് ഈ ചിത്രം. അത്രയ്ക്ക് മനോഹരമായിട്ടാണ് ആലപ്പുഴ ഈ ചിത്രത്തിൽ അവതരിപ്പിചിരിക്കുന്നതു. അത് പോലെ തന്നെ യാഥാർത്ഥ്യവും സങ്കല്പവും തമ്മിലുള്ള അതിരുകൾ നേർത്ത്  ഇല്ലാതാകുന്നത് പോലെയാണ് കഥ പറച്ചിൽ. അതിന്റെ മുഴുവൻ ക്രെഡിറ്റും ലിജോക്ക് തന്നെ കൊടുക്കണം.  ഇതിലെ പല സംഭാഷണങ്ങളും മരിച്ചു പോയ എം പി നാരായണ പിള്ള എന്ന നാണപ്പനെയും വി കെ എന്നിനെയും മറ്റും ഒർമിപ്പിചു. എന്തായാലും ചിത്രത്തെ കുറിച്ച് കൂടുതൽ പറയാൻ ഞാൻ അഗ്രഹിക്കുന്നില്ല. കാരണം നമ്മുടെ വിഷയം ഈ ചിത്രമല്ല. മറിച്ചു ഇത് മുന്നോട്ടു വയ്ക്കുന്ന തുറന്നു പറച്ചിൽ ആണ് . കളങ്കമില്ലാത്ത കുറെ മനുഷ്യരുടെ അതിലും നിർമലമായ ജീവിതം ഇതിലും മനോഹരമായി പറയാനാവില്ല . മാത്രമല്ല നല്ല റിവ്യൂകൾ ഈ ചിത്രത്തെ പറ്റി  ഒരുപാടു വന്നു കഴിഞ്ഞിരിക്കുന്നു. 

വാല്ക്കഷണം :

ഭദ്രൻ സംവിധാനം ചെയ്ത ഉടയോൻ  ഏകദേശം ഇത് പോലുള്ള ഒരു കഥ പറച്ചിൽ ഉപയോഗിച്ച ഒരു ചിത്രമാണ് . പക്ഷെ വരണ്ടുണങ്ങിയ ഒരു അന്തരീക്ഷം ആണ് ആ ചിത്രത്തിൽ. മണ്ണിനോടുള്ള മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത ആർത്തിയാണ് ഉടയോന്റെ പ്രമേയം. പക്ഷെ പടം എടുത്തു വന്നപ്പോ ഒരു മാതിരി ചവിട്ടു നാടകം പോലെയായി . ഇത് കണ്ടിട്ട് നമ്മുടെ രണ്ടു സുഹൃത്തുക്കൾ രാത്രി ബൈക്കിൽ വീട്ടില് പോകുന്ന വഴി പോലീസ് പിടിച്ചു. പടം കണ്ടിട്ട് വരുന്നതാണെന്ന് തെളിയിക്കാൻ ടിക്കറ്റ്‌ ചൊദിചു. പക്ഷെ അത് കളഞ്ഞു പോയത് കാരണം അവന്മാര് ബബ്ബബ്ബ പറഞ്ഞു . അപ്പൊ പോലീസ് ചോദിച്ചു ഏതു  പടത്തിനാ പോയതെന്ന് . ഉടയോൻ എന്ന് കേട്ടതും പോലീസ് അവരെ വെറുതെ വിട്ടു. കാരണം എന്താന്നറിയാമോ . അവർക്കുള്ള  ശിക്ഷ കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു. ഹി ഹി 

2013, മാർച്ച് 26, ചൊവ്വാഴ്ച

സുകുമാരിയമ്മയ്ക്കു ആദരാഞ്ജലികൾ

       


      അങ്ങനെ സുകുമാരിയും പോയി. മലയാള സിനിമയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന നടിമാരിൽ ഒരാൾ  ആയിരുന്നു സുകുമാരിയമ്മ എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കുന്ന സുകുമാരി. മലയാളത്തിൽ അമ്മ വേഷങ്ങൾ ചെയ്യുന്നതിൽ എനിക്കിഷ്ടപ്പെട്ട രണ്ടേ രണ്ടു പേരേയുള്ളൂ. ഒന്ന് മരിച്ചു പോയ നടി  മീന . പിന്നൊന്ന് സുകുമാരി. അമ്മ വേഷങ്ങൾ മാത്രമല്ല രസകരമായ മറ്റനേകം കഥാപാത്രങ്ങളും അസൂയാവഹമായ രീതിയിൽ സുകുമാരി അവതരിപ്പിച്ചു. ഡിക്കമ്മായിയെ ഒക്കെ എങ്ങനെ മറക്കാനാ അല്ലേ . ആദരാഞ്ജലികൾ !!

2013, മാർച്ച് 21, വ്യാഴാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 33




     നേരം പുലര്‍ന്നത് അവര്‍ അറിഞ്ഞില്ല. ഉറങ്ങാന്‍ കിടന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് മെസ്സേജുകള്‍ അയച്ചു കൊണ്ടിരുന്നു  രണ്ടു പേരും. ഒടുവില്‍ ഇടയ്ക്കെപ്പോഴോ ഉറക്കത്തിലേയ്ക്കു വഴുതി വീണു ബൈജു . നേരം പുലര്‍ന്നു . കുറെ കാലത്തിനു ശേഷം ഇത്രയും   സമാധാനത്തോടെ ഉറങ്ങുന്നത് ഇപ്പോഴാണ്.  പെയ്യാന്‍ വെമ്പി നിന്ന ഒരു പെരുമഴ പെയ്തു തീര്‍ന്ന പോലെ . ഈ വാര്‍ത്ത ആരോടെങ്കിലും വിളിച്ചു കൂവണം എന്നൊക്കെ അവനു തോന്നി . പക്ഷെ എങ്ങനെ പറയും . രഹസ്യമായ ഒരു സന്തോഷം ഉള്ളില്‍ നിറഞ്ഞു കവിഞ്ഞു കൊണ്ടിരിക്കുന്നത് മൂലം ഇരിക്കാനും നില്‍ക്കാനും വയ്യാത്ത ഒരു അവസ്ഥയിലാണ് ബൈജു. പക്ഷെ ചിന്നു നേരെ തിരിച്ചാണ് . എന്തെങ്കിലും സന്തോഷ വാര്‍ത്ത കേട്ടാല്‍ പിന്നെ അവളെ പിടിച്ചാല്‍ കിട്ടില്ല. കൂര്‍ക്കം വലിച്ചു കിടന്നുറങ്ങിക്കളയും. അവളും കുറച്ചു കാലം കൂടി ഉറങ്ങുന്നതല്ലേ  എന്ന് കരുതി ബൈജു മെസ്സേജ് ഒന്നും അയക്കാന്‍ പോയില്ല . അത്ഭുതം എന്ന് പറയട്ടെ . കുറച്ചു കഴിഞ്ഞപ്പോ അതാ വരുന്നു ചിന്നുവിന്‍റെ  മെസ്സേജ്. ഉച്ച കഴിഞ്ഞു ഒരു മൂന്നു മണി ആകുമ്പോ കാണാം എന്ന് പറഞ്ഞിട്ട് . സന്തോഷം കാരണം ഉറങ്ങാന്‍ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു അവള്‍ വിളിക്കുകയും ചെയ്തു. ബൈജു പഴ്സ് തപ്പി നോക്കി . കയ്യില്‍ കാശൊന്നുമില്ല .  സാരമില്ല . ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉരയ്ക്കാം  . അല്ലെങ്കിലും എന്തേലും നല്ല കാര്യം നടക്കുമ്പോ കയ്യില്‍ അഞ്ചിന്‍റെ പൈസ കാണില്ല .അങ്ങനെ ഇരുന്നും ഉറങ്ങിയും എണീറ്റ്‌ നിന്നും നേരം വെളുപ്പിച്ചു. സന്തോഷം വന്നാലും ഉറങ്ങാൻ പറ്റില്ല എന്ന് പറയുന്നത് ശരിയാ . 


     ഉച്ചയ്ക്ക് ശേഷം വിർജിനിയ റെസ്റ്റൊ  ബാറിൽ കാണാൻ അവർ തീരുമാനിച്ചു. ഒരു മണി കഴിഞ്ഞപ്പോ തന്നെ ബൈജു അവിടെയെത്തി. ചിന്നു പി ജിയിൽ നിന്ന് ഇറങ്ങിയിട്ടുണ്ട് . അഞ്ചു മിനിട്ടിനകം ഇതും എന്ന് അവളുടെ മെസ്സേജ് വന്നിട്ടുണ്ട്. നല്ല വെയിലത്താണ് നിൽക്കുന്നതെങ്കിലും അവനു ആകെപ്പാടെ ഒരു കുളിരാണ് തോന്നിയത്. പത്തു മിനിറ്റ് കഴിഞ്ഞപ്പോ അതാ വരുന്നു അവൾ. കറുത്ത ടോപ്പും കറുത്ത ജീൻസും ഒരു കറുത്ത കണ്ണടയും എന്ന് വേണ്ട ആകെ ഒരു കറുപ്പ് മയം .  ആരും കണ്ണ് വയ്ക്കാതിരിക്കാൻ വേണ്ടി നല്ല ചൊമല നിറത്തിൽ  ലിപ്സ്റ്റിക് ഉരച്ചിട്ടുണ്ട്. 'അല്ല മകളേ .. ഇതെന്താ ദുഖാചരണം  ആണോ ? അല്ല. ആകെപ്പാടെ ഒരു കറുപ്പ് മാത്രമേ കാണാനുള്ളൂ. അതുമല്ല നീ ഈ ചുണ്ടിൽ  എന്ത് കുന്തമാ തേച്ചു പിടിപ്പിച്ചിരിക്കുന്നത് ?" അവൻ ചോദിച്ചു. അത് കേട്ട് ലവൾ ഒന്ന് ചിരിച്ചു. എന്നിട്ട് ചെറിയ നാണത്തോടെ തല താഴ്ത്തി പതിയെ പറഞ്ഞു .'  ഭരണമൊക്കെ ഗല്യാണം കഴിഞ്ഞു മതി ട്ടാ " എന്ന്. ലതോടെ ലവനും നാണിച്ചു തല താഴ്ത്തി. എന്നിറ്റു പതുക്കെ നാട്ടിൽ കള്ളുഷാപ്പിൽ ചില അപ്പാപ്പന്മാർ കയറുന്നത് പോലെ ചുറ്റിനും മ്ലാവി  നോക്കി രണ്ടു പേരും കൂടി അകത്തേക്ക് കയറി. ഇതൊരു ലൗഞ്ച്  റെസ്റ്റൊറൻറ്റ് ആണ്. മുമ്പ് പല തവണ വന്നിട്ടുണ്ടെങ്കിലും ഇപ്പോൾ അതിനു ആകെപ്പാടെ ഒരു പുതു നിറം പോലെ. അല്ലെങ്കിലും പ്രേമം മൂക്കുമ്പോൾ പല തവണ അവർക്ക്  രണ്ടിനും അതൊക്കെ തോന്നിയിട്ടുണ്ട്. മുകളിൽ  തൂക്കിയിട്ടിരിക്കുന്ന മുള  കൊണ്ടുള്ള ചെറിയ വിളക്കുകളിൽ നിന്ന് നീലയും പച്ചയും നിറത്തിലുള്ള അരണ്ട വെളിച്ചം ചിതറി വീഴുന്നു. നടുവിലായി സ്ഫടികം പാകിയ തറയിൽ അത് പ്രതിഫലിക്കുന്നുണ്ട് . ചുറ്റിനും ചെറിയ മുളം കൂടുകളിൽ ഒളിപ്പിച്ചു വച്ച വിളക്കുകൾ പരത്തുന്ന നേരിയ പ്രകാശവും ഉണ്ട്. ലൗഞ്ചുകൾക്കിടയിൽ നടുക്കായി ചെറിയ ഉരുളിയിൽ മഞ്ചാടി നിരത്തി അതിൽ വെള്ളം ഒഴിച്ച് വച്ചിട്ടുണ്ട്. കുഞ്ഞു കുഞ്ഞു ജലധാരാ യന്ത്രങ്ങൾ അവിടവിടായി ഉണ്ട്. ചുരുക്കി പറഞ്ഞാൽ  പണ്ടത്തെ ജോസ് പ്രകാശ്‌ നടത്തിയിരുന്ന കൊള്ള  സംഘങ്ങളുടെ ഓഫീസ് പോലുള്ള ഒരു സെറ്റപ്പ്. അങ്ങേയറ്റത്തെ ഒരു മൂലയിൽ അലങ്കരിച്ചു വച്ചിരിക്കുന്ന ഒരു മുളങ്കാടിന്  സമീപത്തായി അവർ ഇരുന്നു. അപ്പുറത്തെ മൂലകളിൽ ഒക്കെ അപ്പുറത്തെ വിമൻസ് കോളേജിലെ പിള്ളേർ ബോയ്‌ ഫ്രണ്ട്സ്മായി വന്നിരിപ്പുണ്ട്. അടക്കിയ ശബ്ദത്തിലുള്ള ചെറിയ ചിരിയും കിലുക്കവും ഒക്കെ കേൾക്കാം. അവരും മുഖത്തോടു  മുഖം നോക്കി. സാർ എന്നൊരു വിളി കേട്ടാണ് രണ്ടു പേരും ഞെട്ടിയുണർന്നത് . ഒരു ചൈനീസ് മുഖം നീണ്ടു വരുന്നു. അവിടത്തെ ബെയറർ ആണ്. ഓർഡർ എടുക്കാൻ വന്നതാ . അല്ലെങ്കിലും ബാംഗ്ലൂർ ഉള്ള ചൈനീസ് ഈറ്റിംഗ്  ജോയിന്ടുകളിൽ ഉള്ള ഡ്യൂപ്ലിക്കേറ്റ്‌ ചൈനാക്കാർ ആണ്. നോർത്ത്‌ ഈസ്റ്റിലുല്ല പാവങ്ങൾ ആണ് ഈ പണി ഒക്കെ എടുക്കുന്നത്. ഒരു ചില്ലി ചിക്കൻ, മെക്സിക്കൻ ബ്രെഡ്‌ , സിസ്സ്ലർ , ഒരു ഗ്ലാസ്‌ റെഡ് വൈൻ , ഒരു ബ്ലൂ ജെനി മോക്ക് ടയിൽ ഒക്കെ ലവൾ ഓർഡർ ചെയ്തു. എന്നിട്ട് പതുക്കെ പറഞ്ഞു 'അവൻ ഇതൊക്കെ കൊണ്ട് വരാൻ മിനിമം ഒരു മണിക്കൂറ എടുക്കും. അത് വരെ സ്വസ്ഥമായി ഇരിക്കാമല്ലോ ' എന്നിട്ട് ചെറിയ ശബ്ദത്തിൽ കിക്കിക്കീ എന്ന് ചിരിച്ചു. 'ഹോ നിന്റെ ഒരു ബുദ്ധി ' എന്ന് പറഞ്ഞു ബൈജു അവളുടെ കൈ പിടിച്ചു ഒരു ഷേക്ക്‌ ഹാൻഡ്‌ കൊടുത്തു. 


     അവൻ തൊട്ടതു അവളുടെ കയ്യിലായിരുന്നെങ്കിലും ആളുടെ ഹൃദയത്തിലാണ് അത് കൊണ്ടത്‌. .  അവളുടെ മുഖത്ത് ആയിരം നക്ഷത്രങ്ങൾ  വിരിഞ്ഞു. തലയിൽ  നിന്ന് ഒരു കിളി പറന്നു പോയത് പോലെ അവൾക്കു തോന്നി. ഒരു ഹിസ്റ്റീരിയയിൽ എന്ന പോലെ ചിന്നു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവൻ അവളെ മാറിൽ ചേർത്തു . ഇപ്പൊ അവന്റെ ചെവിയിൽ  നിന്നും ഒരു കിളി പറന്നു പോയി. വേറെയേതോ ലോകത്തെത്തിയത്  പോലെ അവർക്ക്  തോന്നി. അവളുടെ മുടിയിഴകളിൽ ബൈജു തലോടി. ആദ്യത്തെ തലോടലിൽ ഒരു സ്ലൈഡ്, രണ്ടാമത്തേതിൽ ഒരു ക്ലിപ്പ് ഇതൊക്കെ ഊരി  വന്നപ്പോ ചിന്നു കൈ പിടിച്ചു മാറ്റി. എന്ന് മാത്രമല്ല അവനിട്ടൊരു ചവിട്ടും കൊടുത്തു . ടാക് എന്നൊരു ശബ്ദം. അവർ അകന്നു മാറി. ഏതോ ഒരു യോ യോ. അവൻ അവരുടെ നേരെ വന്നിട്ട് വളഞ്ഞു പുറകിലത്തെ വാതിൽ  തുറന്നു അകത്തേക്ക് പോയി. പുറത്തേക്കുള്ള വഴി ആയിരിക്കും. ബൈജു സ്വയം പറഞ്ഞു . അപ്പൊ അതാ വീണ്ടും ലവൻ  തിരിച്ചു വരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. വേറൊരുത്തൻ  വരുന്നു. അവനും വാതിൽ തുറന്നു പുറത്തു പോയി. കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു. എപ്പോ അവര്ക്ക് കാര്യങ്ങൾ ഏറെക്കുറെ പിടികിട്ടി . ടോയിലറ്റിന്റെ അടുത്താണ് തങ്ങൾ  ഇരിക്കുന്നതെന്ന്.  പണി പാലും വെള്ളത്തിൽ കിട്ടി.  

     തിന്നും കുടിച്ചും സമയം പോയതറിഞ്ഞില്ല . ഇടയ്ക്കിടയ്ക്ക് ചിന്നു അവന്റെ നെഞ്ചത്തോട്ടു ചായുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ അവൾ ചോദിച്ചു. കല്യാണം കഴിഞ്ഞിട്ട് നമ്മൾ എവിടെ താമസിക്കും ? ഇവിടെ അടുത്തെങ്ങാനും മതി . ഇവിടെയല്ലേ നമ്മൾ കറങ്ങി നടന്നിരുന്നത്. ഇവിടെ മതി. 'എല്ലാം നിന്റെ ഇഷ്ടം ' അവൻ പറഞ്ഞു. ' നമുക്ക് ഒരു കുഞ്ഞു ഉണ്ടാകുമ്പോ ആണാണെങ്കിൽ കൃഷ്ണന്റെ പേരിടണം ' പെട്ടെന്ന് അവൾ പറഞ്ഞു. അത് കേട്ട് അവൻ ആദ്യം ഒന്ന് അമ്പരന്നു. എന്നിട്ട് ചിരിച്ചു. 'അപ്പൊ അത് വരെ നീ ചിന്തിച്ചോ ? " അവൻ ചോദിച്ചു. 'പിന്നെ.. ഞാൻ കൃഷ്ണനോട് നേർച്ച  നേർന്നിട്ടാ  ഇപ്പൊ ഇങ്ങനെയൊക്കെ.. " അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു. 'അതിനെന്താ.. നമുക്ക് എന്ത് വേണേലും ചെയ്യാം. ഇതൊന്നു നടന്നാൽ മതി. ഒരു കാര്യം ചെയ്യാം. പെണ്‍കുട്ടി ആണെങ്കിൽ  രാധ എന്നിടാം." അവനും പറഞ്ഞു.  വരുന്ന വെള്ളിയാഴ്ച വീട്ടിൽ  ചെല്ലാൻ പറഞ്ഞിട്ടുണ്ട്. "നമുക്ക് ഒരുമിച്ചു പോയാലോ ? " അവൾ ചോദിച്ചു. അങ്ങനെ അവിടിരുന്നു തന്നെ രണ്ടു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. 

     അങ്ങനെ വെള്ളിയാഴ്ച വന്നെത്തി. പല്ലുവേദന എന്ന് പറഞ്ഞു ബൈജുവും തലവേദന എന്ന് പറഞ്ഞു ചിന്നുവും ഓഫീസിൽ നിന്ന് നേരത്തെയിറങ്ങി. കൃത്യം ഏഴു മണിയായപ്പോൾ രണ്ടു പേരും മടിവാലയിൽ എത്തി . എട്ടിനാണ് ബസ്. നാട്ടിലുള്ള സകലമാന മലയാളികളും അവിടെ നില്പ്പുണ്ട്. ചെവിയിൽ ഓരോന്നും തിരുകി വച്ച് വെറ്റിലയിൽ ചുണ്ണാമ്പു  തേയ്ക്കുന്നത് പോലെ മൊബൈൽ ഉരച്ചു  കൊണ്ട് ബാഗും വലിച്ചു നടപ്പുണ്ട് ചിലർ . ബർമൂദയും അതിനേക്കാൾ കുട്ടി നിക്കറും ഇട്ടു ചിലർ  എന്നിങ്ങനെ കേരളത്തിന്റെ ഒരു പരിശ്ചേദം തന്നെ അവിടുണ്ട്. അതാ വരുന്നു അനൌണ്‍സ്മെൻറ് . എട്ടിനുള്ള ബസ്‌ അര മണിക്കൂറ ലേറ്റ് ആണെന്ന്. എട്ടിന്റെ പണി തന്നെ കിട്ടി. ചിന്നു ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല . ബസ്സിൽ കയറുമ്പോൾ വാള്  പണിയും എന്ന് പറഞ്ഞിട്ടാണ് അവൾ കഴിക്കാഞ്ഞത്. പക്ഷെ അവളുടെ മുഖം കണ്ടാലറിയാം ആകെ കരിഞ്ഞുണങ്ങിയുളള നിൽപ്പാണെന്ന് . അവൻ ഒന്നും മിണ്ടാൻ പോയില്ല. അടുത്തുള്ള മാസ്സ് ഹോട്ടലിൽ നിന്ന് രണ്ടു റൊട്ടി വാങ്ങി ബാഗിൽ വച്ചു . 

    ഒടുവിൽ  ഒൻപത്  മണിയായപ്പോൾ വണ്ടി വിട്ടു . ഒത്ത നടുക്കായിട്ടാണ് അവന്റെ സീറ്റ്. തൊട്ടു മുന്നിലത്തെ സീറ്റിൽ ചിന്നു. രണ്ടു പേർക്കും  അടുത്തടുത്ത സീറ്റ് എടുക്കാം എന്ന് വിചാരിച്ചെങ്കിലും കല്യാണം കഴിഞ്ഞു മതി അതൊക്കെ എന്ന് ചിന്നു ഉപദേശിച്ചതിൻ  പ്രകാരം ഒടുവിൽ  ഇങ്ങനെ ആക്കിയതാ . ബസ്‌ ഡ്രൈവർക്ക് ആൾക്കാരോട്  എന്തോ വൈരാഗ്യം ഉണ്ടെന്നു തോന്നുന്നു. അങ്ങേർ  വണ്ടി വിട്ട ഉടൻ തന്നെ സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ കൃഷ്ണനും രാധയും ഡി വി ഡി എടുത്തു വച്ചു . പക്ഷെ പുറകിലത്തെ സീറ്റിൽ ഇരുന്ന രണ്ടാമത്തെ ഡ്രൈവർ  വന്നു പുളിച്ച ചീത്ത വിളിച്ചു പടം മാറ്റിച്ചു . അടുത്ത ഡിസ്ക് ഇട്ട ഉടൻ തന്നെ എല്ലാവരും കൈയ്യടിച്ചു . സന്തോഷ്‌ പണ്ഡിറ്റ്‌ നു നല്ല ആരാധക വൃന്ദം ഉണ്ടെന്നു തോന്നുന്നു. ചിന്നു തിരിഞ്ഞു നോക്കി അവനെ നോക്കി ചിരിച്ചു. വേറെ ഏതോ പടം ഇട്ടിട്ടുണ്ട്. ഏതാണാവോ . ഈശ്വരാ.. ട്രിവാണ്ട്രം  ലോഡ്ജ്. ഇതിപ്പോ ബാലൻ  കെ നായർ  റേപ് ചെയ്യാൻ ഓടിച്ചപ്പോ രക്ഷപ്പെടാൻ ചെന്ന് കയറിയത് ടി ജി രവിയുടെ വീട്ടിലാണെന്ന് പറഞ്ഞ പോലായി. 'മോളെ . ചെവി പൊത്തിക്കോ . നല്ല പുളിച്ച തെറി വരുന്നുണ്ട് " എന്ന് അവൻ ചിന്നുവിനൊരു മെസ്സേജ് അയച്ചു. 'എനിക്ക് വിശക്കുന്നു' എന്നൊരു മെസ്സേജ് തിരിച്ചും കിട്ടി. അവൻ ബാഗിൽ നിന്ന് റൊട്ടി കവർ  പുറത്തെടുത്തു. സീറ്റിന്റെ സൈഡിൽ കൂടി അവൻ ആ കവർ  നീട്ടി. അവൾ അനങ്ങുന്നില്ല . രണ്ടാമതും നീട്ടി. 'ഹയ്യോ' എന്തോ വിരലിൽ കുത്തിയ പോലെ. അവൻ നോക്കി. ചെറുതായി രക്തം പൊടിയുന്നുണ്ട്. ചിന്നു വിളറിയ മുഖത്തോടെ തിരിഞ്ഞു നോക്കുന്നത് ആ അരണ്ട വെളിച്ചത്തിലും അവൻ കണ്ടു. 'അയ്യോ. സോറി ബൈജു.. ചിലപ്പോ ഒക്കെ ബസ്സിൽ പോകുമ്പോ പുറകിൽ  ആണുങ്ങൾ ആരേലും ഇരുന്നു ഞോണ്ടിയാൽ  പിന്നു വച്ച് കുത്തിയാൽ മതി എന്ന് ആൻറി  പറഞ്ഞു തന്നിട്ടുണ്ട്. ഒരിക്കൽ ഞാൻ കുത്തിയിട്ടുമുണ്ട് . ഇപ്പൊ ആ ഓർമയിൽ ഓർക്കാതെ  ചെയ്തതാ. സോറി ബൈജു... :( " എന്നൊക്കെ പറഞ്ഞു അതാ വരുന്നു ഒരു മെസ്സേജ്. അപ്പോഴാണ്‌ അവനു കാര്യം പിടി കിട്ടിയത്. എന്തായാലും അവൻ കൊടുത്ത റൊട്ടി അവൾ കടിച്ചു മുറിച്ചു കഴിക്കുന്നത്‌ ബൈജു കണ്‍ കുളിർക്കെ കണ്ടു. റൊട്ടിയും അകത്താക്കി ഒരു കുപ്പി വെള്ളവും കുടിച്ചിട്ട് അവൾ പതുക്കെ സീറ്റ് പുറകിലേക്ക് ചാരി. വശത്ത് കൂടി കൈ പുരകിലെക്കിട്ടു അവനെ തൊട്ടു അവൾ. 'ഇന്നിനി എനിക്ക് ഉറക്കം വരില്ല ബൈജു. I am so happy. ഇത്രയും caring ആയ ഒരാളെ കിട്ടാൻ ഞാൻ എന്താണ് ചെയ്തത്.. Luv you so much... ഉമ്മ ... ' എന്നൊക്കെ പറഞ്ഞു അവൾ മെസ്സേജ് അയച്ചു. അവനും ഉറങ്ങിയില്ല . കുറെ നേരം സ്ക്രീനിലെ തെറി വിളി, സോറി , സിനിമ കണ്ടിരുന്നു. പിന്നീട് കണ്ണുകള പാതി അടച്ചു സീറ്റിലേക്ക് ചാരിയിരുന്നു അവൻ. അവളും. 

     രാവിലെ സമയത്ത് തന്നെ ബസ്‌ സ്ഥലത്തെത്തി. അവൾ അവന്റെ മുഖത്ത് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം സ്റ്റോപ്പിൽ ഇറങ്ങി. അടുത്ത സ്റ്റോപ്പിൽ അവനും. വീട്ടില് ചെന്നിട്ടും ബൈജു നിഗൂഡമായ ഒരു സന്തോഷത്തിലായിരുന്നു. അടുത്തയാഴ്ച കാര്യങ്ങൾക്കെല്ലാം ഒരു നീക്ക് പോക്കുണ്ടാവുമല്ലോ. അതോടെ കല്യാണം നടക്കാത്തതിൽ അമ്മയുടെയും അച്ഛന്റെയും വിഷമവും ഒന്ന് ശമിക്കും. എല്ലാം ഒടുവിൽ  നേരെയാവാൻ പോകുന്നു. അന്ന് ബൈജു നാട്ടിലെ കാവിൽ പോയി മനം നിറഞ്ഞു പ്രാർഥിച്ചു . തങ്ങളോടൊപ്പം നിന്നതിനു എല്ലാ ദൈവങ്ങളോടും അവൻ നന്ദി പറഞ്ഞു. രാത്രിയായതോന്നും അവൻ അറിഞ്ഞില. പകല ഓടി പോയത് പോലെ അവനു തോന്നി. അത്താഴം കഴിഞ്ഞു കട്ടിലിലേയ്ക്ക് ചാഞ്ഞു. അതാ ഫോണ്‍ റിംഗ് ചെയ്യുന്നു. ചിന്നു ആണല്ലോ. അവൾ എങ്ങനെ ഈ സമയത്ത് .. എന്നൊക്കെയുള്ള സംശയത്തോടെ അവൻ ഫോണ്‍ എടുത്തു. 'ഉറങ്ങിയോ ? " അടഞ്ഞ ശബ്ദത്തിൽ അവൾ. 'ഡീ. നീ എങ്ങനെ ഈ സമയത്ത് ? " അവൻ ചോദിച്ചു. 'അതേയ്. ഞാൻ മുകളിലത്തെനിലയിൽ ആണ്. പുതപ്പിനകത്താ .. ' ചിന്നു ചിരിച്ചുകൊണ്ട് പറഞ്ഞു. 'ഇന്ന് നമുക്ക് ഉറങ്ങണ്ട.. രാവിലെ വരെ സംസാരിക്കാം.' അവൾ തുടർന്നു . 'ശരി ഡിയർ ... ' അവനും പറഞ്ഞു.. ആകാശത്ത് ഉദിച്ചു നില്ക്കുന്ന ചന്ദ്രന്റെ നിലാവ് ജനലിൽ കൂടി അകത്തേക്ക് വീഴുന്നുണ്ട്‌. ആ വശത്തേക്ക് ചരിഞ്ഞു കിടന്നു അവൻ ഫോണ്‍ ചെവിയോടു ചേർത്തു ..

2013, മാർച്ച് 14, വ്യാഴാഴ്‌ച

പുതുമയുടെ ഷട്ടര്‍ തുറക്കുമ്പോള്‍



     കുറച്ചു കാലം കൂടി ഒരു സിനിമ കാണാന്‍ പോയി. ബാംഗ്ലൂരിലെ മലയാളം സിനിമ കളിക്കുന്ന ഏറ്റവും പഴക്കം ചെന്ന ഒരു തീയറ്ററായ സംഗീതില്‍ ആണ് ഷട്ടര്‍ കണ്ടത് . പടത്തിനെ പറ്റി  പറയുന്നതിന് മുമ്പ് എന്തൊക്കെ ത്യാഗം സഹിച്ചാണ് ഈ ചിത്രം കണ്ടതെന്ന് നിങ്ങള്‍ കൂടി അറിയണം. ആകെപ്പാടെ പൊട്ടി പൊളിഞ്ഞു  പുറം ഭിത്തിയിലാകെ ആലും  കുറ്റിചെടികളും കിളിച്ചു നില്‍ക്കുന്ന ഒരു കെട്ടിടം ആണ്. പണ്ടത്തെ ഒരു മള്‍ടിപ്ലെക്സ്. എന്ന് വച്ചാല്‍ അതില്‍ ഒരു ചെറിയ തീയറ്റര്‍ കൂടിയുണ്ട് . സന്ദീപ്‌ എന്ന് പറഞ്ഞിട്ട് . അവിടെ ഒന്നുകില്‍ ഹിന്ദി അല്ലെങ്കില്‍ ഏതേലും തുണ്ട് പടം ഒക്കെയാണ് കാണിച്ചു കൊണ്ടിരുന്നത് . ഈയിടെയായി അതിലും മലയാളം കാണിച്ചു തുടങ്ങിയിട്ടുണ്ട് . എന്തായാലും ഇവിടെ പടം കാണാന്‍ പോവുകയാണെങ്കില്‍ കയ്യില്‍ ഒരു ലക്ഷ്മണ രേഖ ( എലിയെ കൊല്ലാന്‍ ), രണ്ടു മീറ്റര്‍ കൊതുക് വല ( കൊതുക് കടിക്കാതിരിക്കാന്‍ ), കുറച്ചു ആന്‍റി സെപ്റ്റിക് ലോഷന്‍ ( എലി കടിച്ചാല്‍ പുരട്ടാന്‍ ) ഇതൊക്കെ കൊണ്ട് വേണം പോകാന്‍.. .... ഹെല്‍മറ്റ് വയ്ക്കുന്നതും നല്ലതാണ്. കേവലം ഒരു സിനിമ കാണാന്‍ വേണ്ടി നശിപ്പിക്കാനുല്ലതല്ല ജീവിതം എന്നേ  എനിക്ക് പറയാനുള്ളൂ .

     ഒരു ടിപ്പിക്കല്‍ ഗള്‍ഫ്‌ മലയാളിയായ റഷീദ് , അയാളുടെ സുഹൃത്തായ സുര എന്ന ഓട്ടോ ഡ്രൈവര്‍ , റഷീദിന്‍റെ ഭാര്യ , മകള്‍, ഒരു തെരുവ് വേശ്യ ( ലൈംഗിക തൊഴിലാളി എന്നും പറയാം ) ആയ  പേര് പറയാത്ത ഒരു പെണ്ണ് , ഒരു ചലച്ചിത്ര സംവിധായകനായ മനോഹരന്‍ - പിന്നെ ഇവരുടെയെല്ലാം ജീവിതത്തിലെ മറക്കാനാവാത്ത ഒരു രാത്രിയും . അതാണ്‌ ഒറ്റ വാക്കില്‍ ഷട്ടര്‍ എന്ന ചിത്രം. റഷീദിന് വീട്ടു മുറ്റത്ത്‌  തന്നെ മൂന്നു മുറി പീടിക ഉണ്ട്. ഇതൊരു ഗള്‍ഫ് മലയാളിയെയും പോലെ ഭാവിയിലേക്ക് ഒരു നിക്ഷേപം . ലഹരി മൂത്തിരിക്കുന്ന ഒരു രാത്രിയില്‍ ഒരു രസത്തിനു വേണ്ടി റോഡില്‍ നിന്ന് ഒരു പെണ്ണിനേയും കൂട്ടി ആഘോഷത്തിനെത്തുന്ന റഷീദ്നെ കട മുറിയില്‍ ആക്കി അത് പുറത്തു നിന്ന് പൂട്ടി സുര ഭക്ഷണം വാങ്ങാന്‍ പോകുന്നു. അപ്രതീക്ഷിതമായി ഒരു ചെറിയ പെറ്റി  കേസില്‍ സുര പോലീസ് പിടിയിലാകുന്നതോടെ റഷീദും ആ പെണ്ണും കട മുറിയില്‍ അകപ്പെടുന്നു. സംഘര്‍ഷം നിറഞ്ഞ ഒരു രാത്രി അവിടെ തുടങ്ങുന്നു . കടയുടെ പുറകില്‍ ഒരു ചെറിയ വെന്‍റ്റിലേറ്റര്‍ ഉണ്ട്. ആ ചെറിയ ജാലകത്തിലൂടെ റഷീദിന് സ്വന്തം വീട്ടില്‍ നടക്കുന്നതും കാണാം. കുറ്റബോധവും ഭയവും അയാളെ ജീവനോടെ ദഹിപ്പിക്കുന്നു. ഏതായാലും നേരം വെളുക്കുമ്പോള്‍ അവസാനിക്കും എന്ന് കരുതുന്ന സമ്മര്‍ദ്ദം അടുത്ത പകലിലേയ്ക്കും പിന്നത്തെ രാത്രിയിലെയ്ക്കും നീളുന്നു. ആര്‍ക്കും പ്രതീക്ഷിക്കാനാവാത്ത സംഭവങ്ങളിലൂടെ അത് നമ്മളിലെയ്ക്കും പടരുന്നു. കഥ മുഴുവന്‍ പറയുന്നില്ല. പറ്റുമെങ്കില്‍ കണ്ടു നോക്കൂ 

     ലോകം മാറുന്നതിനേക്കാള്‍  വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന മലയാളിയുടെയും സമകാലിക കേരളത്തിന്‍റെയും ചിത്രം ഇത്രയും നന്നായി വരച്ചു കാട്ടിയ ഒരു ചിത്രം അടുത്ത കാലത്തൊന്നും വന്നിട്ടില്ല. മലയാളിയുടെ മദ്യപാനം , മൊബൈല്‍ ഫോണ്‍ , സാഹസികമായ വിനോദങ്ങള്‍ എല്ലാം ഈ ചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ ഉണ്ട്.  ഈ ചിത്രത്തിലെ ഏറ്റവും ആകര്‍ഷകമായ പ്രകടനം കാഴ്ച വച്ചിട്ടുള്ളത് സുരയുടെ വേഷം ചെയ്ത വിനയ് ഫോര്‍ട്ടും ആ തെരുവ് പെണ്ണിന്‍റെ  വേഷം അഭിനയിച്ച സജിത മഠത്തില്‍ എന്നിവരാണ്. അശ്ലീലത്തിലേയ്ക്ക് വഴുതി വീഴാന്‍ സാധ്യതയുള്ള ഒരുപാട് സാഹചര്യങ്ങള്‍ കഥയിലുണ്ടെങ്കിലും അതൊന്നുമില്ലാതെ അതി മനോഹരമായി സംവിധായകന്‍ കൈകാര്യം ചെയ്തിട്ടുണ്ട്.  സംഗതി കുടുംബം ഒരു ക്ഷേത്രം എന്ന് പറയാനാണ് സംവിധായകന്‍ ശ്രമിക്കുന്നതെങ്കിലും ഒരു ഗുണപാഠ ചിത്രമൊന്നുമായിട്ടല്ല അത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ...

.  സദാചാരം എന്ന് പറയുന്നത് സാഹചര്യങ്ങളെ കൂടി ആശ്രയിച്ചാണിരിക്കുന്നത് എന്നാണു എന്‍റെ  വിശ്വാസം. ജഗതി ശ്രീകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട് സെക്സ് എന്ന് പറയുന്നത് വിശപ്പ്‌ പോലെയാണ് എന്ന്.  വിശക്കുമ്പോള്‍ ആഹാരം തേടി പോകുന്നത് പോലെ മാത്രമാണ് ഇതിന്‍റെയൊക്കെ  പുറകെ മനുഷ്യന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അത് കാണാന്‍ കഴിയും. സന്ധ്യക്ക്‌ സുഹൃത്തുക്കളോടൊപ്പം ഒന്ന് മിനുങ്ങാന്‍ പുറത്തിറങ്ങുന്ന റഷീദ് ബസ്‌ സ്റ്റോപ്പില്‍ ഒറ്റയ്ക്ക് കസ്റ്റമേഴ്സ്നെ പ്രതീക്ഷിച്ചു നില്‍ക്കുന്ന പെണ്ണിനെ കാണുന്ന ഒരു സീനുണ്ട്. ഓട്ടോയില്‍ അത് വഴി പോകുന്ന അയാള്‍ അവളെ കടന്നു പോയതിനു ശേഷം ഒന്ന് സംശയിച്ചു തല വെളിയിലിട്ടു തിരിഞ്ഞു നോക്കുകയാണ്. ഒന്ന് രണ്ടു തവണ തിരിഞ്ഞു നോക്കിയ ശേഷം ഓട്ടോ നിര്‍ത്തിച്ചിട്ട് അയാള്‍ സുരയെ പറഞ്ഞു വിടുന്നു. ഇത്തരം വിഷയങ്ങളില്‍ അത്യാവശ്യം താല്പര്യം ഒക്കെയുള്ള സുര വില പേശല്‍ ഒക്കെ നടത്തി പുള്ളിക്കാരിയെ വിളിച്ചു ഓട്ടോയില്‍ കയറ്റുന്നു. ഇത്തരം ഒരു ദൃശ്യം ഒരിക്കല്‍ ഞാന്‍ കൊച്ചിയില്‍ വച്ച് നേരിട്ട് കണ്ടിട്ടുണ്ട് . അന്ന് അവിടെ ജോയ് മാത്യുവും ഉണ്ടായിരുന്നോ എന്ന് ഞാന്‍ ഒരിട സംശയിച്ചു. അത്രയ്ക്ക് മനോഹരമായി അദ്ദേഹം അത് ചിത്രീകരിച്ചിട്ടുണ്ട് . കേരളത്തിന്‌ പുറത്തു താമസിക്കുന്ന ഒരു മലയാളി എന്ന നിലയ്ക്ക് ഇടയ്ക്ക് നാട്ടില്‍ പോകുമ്പോള്‍ പലയിടത്ത്  നിന്നും തെന്നിയുംതെറിച്ചും ഞാന്‍ തന്നെ കേട്ടിട്ടുള്ള  വാചക ശകലങ്ങള്‍ പലതും ഈ ചിത്രത്തില്‍ തന്മയത്തത്തോടെ ഉപയോഗിച്ചിട്ടുണ്ട് . മാത്രമല്ല യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള പ്രകാശ വിന്യാസം , ശബ്ദങ്ങള്‍ എന്നിങ്ങനെ നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തില്‍ കാണുന്നതും കേള്‍ക്കുന്നതിലും അല്ലാതതായി ഒന്നും ഈ ചിത്രത്തിലില്ല . 

പിന്നണിയിലുള്ളവരെ കുറിച്ച് കൂടി അല്പം 

    ഒരാഴ്ച മുമ്പ് രാത്രി ഞാന്‍ വീട്ടിലിരുന്നു ഒരു സുഹൃത്തിനോടൊപ്പം മോഹന്‍ സംവിധാനം ചെയ്ത മുഖം എന്ന ചിത്രം കാണുകയായിരുന്നു . അതിന്‍റെ   തുടക്കത്തില്‍ ഒരു കൊലപാതക രംഗമുണ്ട്. ദൂരെ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ഒരു ജനലിലൂടെ വെടി  വച്ചു ഒരു സ്ത്രീയെ കൊലപ്പെടുത്തുന്നതാണ് സംഭവം. എവിടെ നിന്നാണ് വെടി  വച്ചത് എന്നറിയാതെ കുഴങ്ങുന്ന പോലീസ്  സംഭവ സ്ഥലം പരിശോധിക്കുന്ന ഒരു സീന്‍ ഉണ്ട്. ചുമരില്‍ തറഞ്ഞിരിക്കുന്ന വെടിയുണ്ടയില്‍ നിന്ന് നേരെ എതിരിനുള്ള ഭിതിയിലെയ്ക്ക്‌ , പിന്നീട് ജനാലയിലേയ്ക്ക്‌ , പിന്നീട് അതിനു പുറത്തുള്ള കെട്ടിടത്തിലെയ്ക്ക് നീളുന്ന അന്വേഷകന്‍റെ  നോട്ടം , പിന്നീട് എന്തോ മനസ്സിലായത്‌ പോലുള്ള അയാളുടെ മുഖഭാവം, ഒരു സംഭാഷണം പോലുമില്ല എന്നോര്‍ക്കണം . ആ രംഗം കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു എന്ത് മാത്രം ആലോചിച്ചാവും  അത് എഴുതിയിട്ടുണ്ടാവുക എന്ന്. ഷട്ടറിലെ പല രംഗങ്ങളും ഇതേ ചിന്ത മനസ്സിലേയ്ക്ക് കൊണ്ടുവന്നു.  ഈ അടുത്ത കാലത്ത് ഇറങ്ങിയ പല ചിത്രങ്ങളിലും കാണപ്പെടുന്ന പുറം മോടി  ഈ ചിത്രത്തിനില്ല . പക്ഷെ കരുത്തുള്ള ഒരു ഉള്‍ക്കാമ്പ് ഇതിന്‍റെ  കഥയ്ക്കുണ്ട്. ജോണ്‍ എബ്രഹാമിന്‍റെ  പ്രശസ്തമായ അമ്മ അറിയാന്‍ എന്നാ ചിത്രത്തിലെ നായകനായ ജോയ് മാത്യു വര്‍ഷങ്ങള്‍ക്കു ശേഷം സ്വയം എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഒരു തരത്തില്‍ മാറിയ മലയാള സിനിമയുടെയും ആസ്വാദന രീതിയുടെയും കൂടി തെളിവാണ്. അരവിന്ദനും ജോണും മറ്റും നിര്‍വചിച്ച മന്ദഗതിയിലുള്ള കഥ പറച്ചില്‍ അത്തരം ഒരു ഗ്രൂപ്പില്‍ അംഗമായിരുന്ന ജോയ് സ്വയം മറന്നതോ അതോ കാലത്തിനനുസരിച്ച് അദ്ദേഹം സ്വന്തം അഭിരുചികളും മാറ്റിയെഴുതിയതാണോ. അറിയില്ല . പക്ഷെ എല്ലാതരം പ്രേക്ഷകരെയും ത്രസിപ്പിക്കുന്ന രീതിയില്‍ ഈ കഥ പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു.  ഒട്ടും പ്രവചനീയമല്ലാത്ത വഴിത്തിരിവുകളിലൂടെ പോകുന്ന കഥ അതിനേക്കാള്‍ മനോഹരമായ ഒരു ക്ലൈമാക്സില്‍ അവസാനിക്കുന്നു. കോഴിക്കോടിന്‍റെ  പശ്ചാത്തലത്തില്‍ നമ്മള്‍ കണ്ട പല ചിത്രങ്ങളെയും പോലെയല്ല ഷട്ടര്‍.. ഇരുളും വെളിച്ചവും കലര്‍ന്ന ദൃശ്യങ്ങളിലൂടെ മനുഷ്യന്‍റെ  തന്നെ നന്മയും തിന്മയും ആണ് ചിത്രം കാട്ടിത്തരാന്‍ ശ്രമിക്കുന്നത്. 



      ഇതിലെ അഭിനേതാക്കളെ കുറിച്ച് കൂടി പറഞ്ഞില്ലെങ്കില്‍ ഇത് പൂര്‍ണമാവില്ല . എല്ലാവരും പറയുന്നത് പോലെ ലാല്‍ തന്‍റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചു  എന്ന് പറയാനാവില്ല .ഒഴി മുറിയില്‍ ഇതിനേക്കാള്‍ സങ്കീര്‍ണമായ  ഒരു കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ലാല്‍. ഒരു മിമിക്രി താരം , അല്ലെങ്കില്‍ തികഞ്ഞ കച്ചവട സിനിമകളുടെ നിര്‍മാതാവും സംവിധായകനും എന്ന നിലയില്‍ നിന്ന് ലക്ഷണമൊത്ത ഒരു അഭിനേതാവ് എന്ന നിലയിലേയ്ക്ക് ലാല്‍ വളര്‍ന്നിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ഇതിലെ ഏറ്റവും നല്ല പ്രകടനം സുരയെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ടിന്‍റെയും പെണ്ണിനെ അവതരിപ്പിച്ച സജിതയുമാണ്‌. നടത്തിയിരിക്കുന്നത്. മുമ്പ് അല്ലറ ചില്ലറ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിനയ്ന്‍റെ  അഭിനയ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല വേഷങ്ങളിലൊന്നാവും ഈ ചിത്രം. സ്വന്തം ശരീര ഭാഷയില്‍ തന്നെ പ്രകടമാണ് വിനയ് എടുത്ത പ്രയത്നം. അഭിനന്ദനങ്ങള്‍. . 



അത് പോലെ തന്നെ സജിത മഠത്തില്‍.. .കഴിഞ്ഞ വര്‍ഷത്തെ സിനിമ അവാര്‍ഡ്‌ നിര്‍ണയത്തില്‍ ഏറ്റവും ഉയര്‍ന്നു കേട്ട ഒരു പേരായിരുന്നു സജിതയുടെത്. അവര്‍ക്ക് അവാര്‍ഡ്‌ കൊടുക്കാന്‍ ഗണേഷ് കുമാര്‍ വാദിച്ചത് നിങ്ങള്‍ക്ക്  ഓര്‍മയുണ്ടാവുമല്ലോ. അന്നത്തെ വിവാദങ്ങള്‍ക്ക് ഒരു മറുപടി ആയിട്ടാണ് ഈ ചിത്രത്തിലെ സജിതയുടെ മിന്നുന്ന പ്രകടനത്തെ കാണേണ്ടത്. തരം  താണ രീതിയിലുള്ള ഒരു നോട്ടം പോലുമില്ലാതെ , എന്നാല്‍ അത്യന്തം സ്വാഭാവികതയോടെ സജിത ആ കഥാപാത്രത്തെ മനോഹരമാക്കി. സ്വന്തം ശബ്ദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ സജിത പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. നമ്മുടെയെല്ലാം പ്രിയങ്കരനായ ശ്രീനിവാസന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.തഴക്കവും പഴക്കവും വന്ന ലാലിന്‍റെയും  ശ്രീനിവാസന്‍റെയും  പ്രകടനങ്ങളെ നിഷ്പ്രഭമാക്കുന്ന രീതിയിലുള്ള അഭിനയമാണ് മേല്പറഞ്ഞ രണ്ടു പേരും കാഴ്ച വച്ചിരിക്കുന്നത്. ഒന്നോ രണ്ടോ ചെറിയ രംഗങ്ങളില്‍ വന്നു പോകുന്ന അഗസ്റ്റിനെയും കണ്ടു. പരിക്ഷീണമായ മുഖത്തോടു  കൂടി അഭിനയിക്കുന്ന അദ്ദേഹം ഒരു ചെറു വേദന ഉണ്ടാക്കി. പണ്ട് പക്ഷാഘാതം വന്ന ശേഷം ഭരത് ഗോപി അഭിനയിച്ച പല കഥാപാത്രങ്ങളെയും അദ്ദേഹം ഓര്‍മിപ്പിച്ചു.  എനിക്കേറ്റവും ഇഷ്ടമുള്ള നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പൂര്‍വാധികം ആരോഗ്യത്തോടെ അദ്ദേഹം തിരിച്ചു വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. 

     ഈ ചിത്രം നിങ്ങള്‍ കാണണം. ട്രാഫിക്‌ തുടങ്ങി വച്ച നവോഥാന സിനിമയുടെ പുതിയ ഒരു വഴിത്തിരിവ് കൂടിയാണ് ഷട്ടര്‍.. ... അത് പോലെ തന്നെ ട്രാഫിക്‌ തുടങ്ങി മലയാളത്തില്‍ ഇത് വരെ വന്ന പുതിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ തല പുകച്ചു എടുത്തിരിക്കുന്ന ചിത്രം തന്നെ ഷട്ടര്‍ എന്ന് എനിക്ക് തോന്നുന്നു. ഇപ്പറഞ്ഞ ചിത്രങ്ങളില്‍ ഒക്കെ ഉള്ള പോലെ നിയതവും നേര്‍ രേഖയിലുള്ളതുമായ ഒരു കഥ അല്ല ഈ ചിത്രം പറയുന്നത്. നിങ്ങള്‍ക്ക്  വേണമെങ്കില്‍ വിയോജിക്കാം. പക്ഷെ എന്‍റെ  വോട്ട് ഈ ചിത്രത്തിന് തന്നെ കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനു കിട്ടേണ്ട അംഗീകാരം ഇത്തവണത്തെ അവാര്‍ഡ്‌ കമ്മിറ്റി കൊടുത്തിട്ടുമില്ല എന്ന് പറയാതെ വയ്യ. 

വാല്‍ക്കഷണം 
     ചിത്രത്തിന്‍റെ  അവസാന രംഗത്തില്‍ മനോഹരന് കുറച്ചു പൈസയുമായി വരുന്ന പെണ്ണ് അയാളോട് പറയുന്ന ഒരു വാചകം ഉണ്ട്. 'ഇങ്ങള്‍ക്ക്‌ വേണ്ടി ഞാന്‍ ഒരു ഷര്‍ട്ട് വാങ്ങീരുന്നു. അത് ഇന്നലെ വേറൊരാള്‍ക്ക് കൊടുക്കേണ്ടി വന്നു' എന്ന്. വെള്ളയില്‍ ചുവന്ന പൂക്കളുള്ള ഒരു ഷര്‍ട്ടല്ലേ അതെന്ന മനോഹരന്‍റെ അങ്ങോട്ടുള്ള ചോദ്യം കേട്ടിട്ട് ഒട്ടൊന്നു അമ്പരന്നെങ്കിലും നിലത്തു നോക്കിക്കൊണ്ട്‌ ചെറിയ നാണത്തോടെ അവള്‍ പറയുന്നു. 'അതെ. പക്ഷെ പൂക്കള്‍ ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ല ' എന്ന്. ഈയടുത്ത കാലത്തൊന്നും പ്രണയം ഓരോ വാക്കിലും തുളുമ്പി നില്‍ക്കുന്ന ഇത്രയും മനോഹരമായ ഒരു രംഗം കണ്ടിട്ടില്ല .