2012, ജൂൺ 12, ചൊവ്വാഴ്ച

ഭക്ഷണത്തിന്റെ സംസ്കാരം


     കഴിഞ്ഞ ഞായറാഴ്ച  ഇവിടെ എച് എസ് ആര്‍ ലെ ഔട്ടിലുള്ള കുമരകം റെസ്ടോറന്റില്‍ അത്താഴം കഴിക്കാന്‍ പോയിരുന്നു. അവിടെ കിട്ടുന്നത് നമ്മുടെ നടന്‍ കോഴി വറുത്തരച്ചതും കപ്പയും ഒക്കെയാണ്. പക്ഷെ അല്പം ഹൈ ഫൈ ആയതു കൊണ്ട് വരുന്നവരെല്ലാം എയര്‍ പിടിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്‌. നല്ല ഭക്ഷണം കഴിക്കുന്നതിന്റെ ഒരു സന്തോഷമോ ഒന്നും ആരുടേയും മുഖത്ത് കാണാനില്ല. ഇന്നലെ ഞാന്‍ ഇവിടെ അടുത്തുള്ള ഒരു മെസ്സില്‍ ആഹാരം കഴിക്കാന്‍ പോയി. ഒരു വീടിന്റെ പുറകു വശത്തുള്ള ചായ്പ് വളച്ചെടുത്തു ഒരു സെറ്റപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. കല്ലുമ്മേക്കായ, കപ്പ, മീന്‍ മുളകിട്ട് വച്ചത് ,ബീഫ് കറി, കഞ്ഞിയും ചുട്ട പപ്പടവും തുടങ്ങി വായില്‍ വെള്ളമൂറുന്ന വിഭവങ്ങള്‍ ആണ് അവര്‍ വില്‍ക്കുന്നത്. കുമരകത്ത് കിട്ടുന്ന അതെ സംഗതികള്‍. ഒരേ ഒരു വ്യത്യാസം എന്താണെന്ന് വച്ചാല്‍ ഇവിടെ ചെറിയ പ്ലാസ്റ്റിക്‌ കസേരയില്‍ ഇരുന്നും ചുമരില്‍ ചാരി നിന്നുമൊക്കെയാണ്‌ കസ്റ്റമേഴ്സ് ആഹാരം അകത്താക്കുന്നത്. രുചി നാവില്‍ തട്ടുമ്പോ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു ആഹ്ലാദം എല്ലാവരും തുറന്നു പ്രകടിപ്പിക്കും. എരിവുള്ള കറി രുചിക്കുമ്പോ ഉള്ള ശീല്‍ക്കാരം, അച്ചാര്‍ നാവില്‍ തൊടുമ്പോഴുള്ള ചെറിയ കിരു കിരുപ്പ്‌ , മോര് കറിയോ രസമോ ഒടുവില്‍ ഒരു തവിയില്‍ കോരിയെടുത്തു വായിലേക്ക് ശ്ലീ ശ്ലീ എന്ന് ശബ്ദമുണ്ടാക്കി കുടിക്കുമ്പോ ഉള്ള സന്തോഷം .. ഒടുവില്‍ വയറു നിറയുമ്പോള്‍ ലുങ്കി മുറുക്കിയുടുത്തു ആകാശത്തേക്ക് ഒരു ഏമ്പക്കം വിടുക .. ഇതൊക്കെ ഇവിടെ മാത്രമേ കാണാന്‍ പറ്റൂ. സത്യം പറഞ്ഞാല്‍ ആ കാഴ്ചയാണ് ഈ കുറിപ്പിന് ആധാരം.  ഒരേ  ആഹാരം കഴിച്ചിട്ടും എന്തുകൊണ്ട് ആള്‍ക്കാര്‍ അവിടെ മിണ്ടാതിരിക്കുന്നു ? ടേബിള്‍ മാനേഴ്സ് എന്ന് വച്ചാല്‍ ശരിക്കും എന്താണ് എന്നൊക്കെ ആലോചിച്ചപ്പോള്‍ ചില ഓര്‍മ്മകള്‍ മനസ്സിലേക്ക് കടന്നു വന്നു. അതൊക്കെ അടുക്കി പെറുക്കി എഴുതാന്‍ അറിയാത്തത് കൊണ്ട് വെറുതെ താഴെ കുറിക്കുന്നു 


     വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് ടീം ലഞ്ച് എന്ന് പറഞ്ഞു ഒരു സ്റ്റാര്‍ ഹോട്ടലില്‍ പോയി. ആദ്യമായാണ് ഞാന്‍ അങ്ങനത്തെ ഒരു അന്തരീക്ഷത്തില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നത്‌. പേരിനു മാത്രം ആഹാരം തൊട്ടു നോക്കിയും രുചിച്ചും ഒക്കെ ആ ലഞ്ച് അവസാനിച്ചു. പിന്നെ എപ്പോഴും ടീം ഡിന്നര്‍ / ലഞ്ച് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു മടുപ്പാണ്. ഇത്രയും കൃത്രിമമായ രീതിയില്‍ ഭക്ഷണം എങ്ങനാ കഴിക്കുന്നത്‌ അല്ലെ ? എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്, ഒരിക്കല്‍ മുംബൈയില്‍ പോയപ്പോള്‍ ഇത് പോലൊരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം രാത്രി വീണ്ടും അടുത്തുള്ള കേരള മെസ്സില്‍ പോയി ചോറും മീന്‍ കറിയും കഴിച്ചത്. സായിപ്പു പഠിപ്പിച്ച ടേബിള്‍ മാനേഴ്സ് ആണല്ലോ നമ്മള്‍ ഇന്ത്യക്കാരും പിന്തുടരുന്നത് . അതുകൊണ്ട് നമ്മുടെ പാര്‍ടികളും മറ്റും സായിപ്പു ചെയ്യുന്നതിന്റെ മോക്ക് അപ്പ്‌ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പഴയ ദേവാനന്ദ്‌, രാജ് കപൂര്‍ ചിത്രങ്ങളില്‍ കണ്ടിട്ടില്ലേ, കോട്ടും സൂട്ടും ഒക്കെ ഇട്ടു വടി പിടിച്ച പോലെ പിയാനോയും വായിച്ചു പാട്ട് പാടുന്നതൊക്കെ. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഭാരതത്തില്‍ ബ്രിട്ടീഷുകാര്‍ ചെയ്തു വന്നിരുന്ന പരിപാടികള്‍ കണ്ടു പഠിച്ച നമ്മുടെ ദേശികള്‍ അത് പിന്തുടര്‍ന്ന് എന്നേ ഉള്ളൂ. എന്നാല്‍ പുതിയ രീതികള്‍ അങ്ങനെയല്ല. കുറച്ചു കൂടി അനൌപചാരികമായി പെരുമാറുന്ന അമേരിക്കന്‍ സമ്പ്രദായം നമ്മുടെ നാട്ടില്‍ , കുറഞ്ഞത്‌ , യുവാക്കള്‍ക്കിടയില്‍ എങ്കിലും പച്ച പിടിച്ചു കഴിഞ്ഞു 


      ഇടയ്ക്ക് വച്ച് സുരേഷ് ഗോപിയും തബുവും അഭിനയിച്ചു ജി എസ് വിജയന്‍ സംവിധാനം ചെയ്ത ഒരു ചിത്രമുണ്ട് .. കവര്‍ സ്റ്റോറി . സാമ്പത്തികമായി പൊളിഞ്ഞു പോയ ചിത്രമാണ്. അതില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന ഒരു ജഡ്ജിയുടെ കഥാപാത്രമുണ്ട്. അടുത്ത ഫ്ലാറ്റില്‍ താമസത്തിന് വരുന്ന തബുവിനെ അദ്ദേഹം ഡിന്നര്‍ കഴിക്കാന്‍ ക്ഷണിക്കുന്നു. ആഹാരം കഴിക്കുന്നതിനു മുമ്പ് അദ്ദേഹം അവളുമായി നടത്തുന്ന വര്‍ത്തമാനം അതീവ രസകരമാണ്. ഒരാളുമായി സൌഹൃദം തുടങ്ങാന്‍ ഏറ്റവും പറ്റിയ ഇടം തീന്‍ മേശ ആണ്. ആഹാരം കഴിക്കുമ്പോ മനുഷ്യന്‍ എത്ര അടക്കി പിടിച്ചാലും അവന്റെ ബേസിക് ആയ പ്രത്യേകതകള്‍ പുറത്തു വരും. എരിയുമ്പോ ശീ എന്ന് പറയും, വെള്ളം കുടിക്കും, അത് മണ്ടയില്‍ കയറിയാല്‍ ചുമക്കും, ഏമ്പക്കം വിടും അങ്ങനെ അങ്ങനെ. സത്യം പറഞ്ഞാല്‍ ആ ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗം ആണത്. നെടുമുടി അത് അതീവ ചാരുതയോടെ അവതരിപ്പിക്കുകയും ചെയ്തു. എന്തൊരു വലിയ സത്യം ആണ് അതെന്നറിയാമോ ? ഞാന്‍ പലപ്പോഴും ഇത് പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഹി ഹി ..ഇതിനോട് സാമ്യമുള്ള ഒരു രംഗം ഈയിടെ സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന ചിത്രത്തില്‍ കണ്ടു. ലാല്‍ പെണ്ണ് കാണാന്‍ പോകുമ്പോള്‍ ആ വീട്ടില്‍ വച്ച് ഒരു ഉണ്ണിയപ്പം എടുത്തു കടിക്കുന്ന ഒരു സീന്‍. ആ രുചി ആസ്വദിച്ചു കഴിക്കുന്ന കാളിദാസന്റെ പശ്ചാത്തലത്തില്‍ ഓടക്കുഴലിന്റെ മധുര നാദവും. ആ സീന്‍ കാണാന്‍ വേണ്ടി മാത്രം ഞാന്‍ ചിലപ്പോ ഒക്കെ ആ ഡി വി ഡി ഇടും. ആ ചിത്രത്തില്‍ ഏറ്റവും ഇഷ്ടമായതും ഇത് തന്നെ.


     കിടക്കയിലും തീന്‍ മേശയിലും മനുഷ്യന്റെ പെരുമാറ്റം അടിസ്ഥാനപരമായി ഒന്നാണ് , അത് സര്‍വ ലൌകികമാണ് എന്ന് പണ്ട് ഏതോ ഒരു മഹന്‍ പറഞ്ഞിട്ടുണ്ട്. തീന്മേശയിലെ സംസ്കാരം എന്ന് പറയുന്നത് ശരിക്ക് പറഞ്ഞാല്‍ അടുത്തിരുന്നു ഭക്ഷണം കഴിക്കുന്നവനെ വെറുപ്പിക്കുന്ന രീതിയില്‍ ശബ്ദവും ബഹളവും ഉണ്ടാക്കരുത് എന്നേ ഉണ്ടായിരുന്നുള്ളൂ. അത് ഇപ്പൊ വളര്‍ന്നു വളര്‍ന്നു എവിടെ വരെയെത്തി എന്ന് അറിയില്ല. എന്തൊക്കെ പറഞ്ഞാലും ഏതൊരാള്‍ക്കും ( കുറഞ്ഞത്‌ മലയാളികള്‍ക്കെങ്കിലും ) ഏറ്റവും രുചി തോന്നുന്നത് ജനിച്ചു വളര്‍ന്ന സ്വന്തം വീടിന്റെ അടുക്കളയിലെ നിലത്തു സ്വന്തം അമ്മ വച്ചുണ്ടാക്കി വിളമ്പി തരുന്ന ഭക്ഷണം കഴികുമ്പോ ആയിരിക്കും. സ്വന്തം വീടിന്റെ സുരക്ഷിതത്വും അമ്മയുടെ സ്നേഹത്തിന്റെ രുചിയും വേറെ എവിടെ കിട്ടും അല്ലെ ? അതുകൊണ്ട് ഇനി ഭക്ഷം കഴിക്കുമ്പോ ഒന്നും നോക്കണ്ട. എല്ലാം മറന്നു രുചിയോടെ കഴിക്കൂ .. ആസ്വദിക്കൂ.. ലക്ഷങ്ങള്‍ ഒരു നേരത്തെ ആഹാരം കിട്ടാതെ വലയുമ്പോള്‍ ദൈവം നിങ്ങളുടെ തീന്മേശയില്‍ വച്ച് തരുന്ന ആഹാരത്തെ സന്തോഷത്തോടെ അകത്താക്കൂ.. Happy eating !!

2012, ജൂൺ 7, വ്യാഴാഴ്‌ച

ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍



     ഇന്നലെ രാത്രിയാണ് ലാല്‍ ജോസിന്റെ പുതിയ ചിത്രമായ ഡയമണ്ട് നെക്ക്ലെസ് കണ്ടത്. പത്തു മണിക്ക് തുടങ്ങുന്ന ഷോ കാണാന്‍ വേണ്ടി ഞങ്ങള്‍ മൂന്നു പേര്‍ കാറില്‍ കുതിക്കുകയായിരുന്നു. ഞങ്ങളുടെ മുന്നില്‍ ഒരു മുംബൈ രെജിസ്ട്രേഷന്‍ ബൈക്കില്‍ ഒരു പയ്യന്‍ ഗേള്‍ ഫ്രണ്ട്നെയും പുറകില്‍ വച്ച് പോകുന്നുണ്ട്. കൊള്ളാലോ. അവന്റെയൊക്കെ ടൈം എന്നൊക്കെ കമന്റ്‌ ഒക്കെ പറഞ്ഞു നമ്മള്‍ മുന്നോട്ടു പോവുകയായിരുന്നു.  കുറച്ചു ദൂരം പോയപ്പോഴാണ് ഞങ്ങള്‍ ഒരു കാഴ്ച കണ്ടത്. വഴിയോരത്തായി ഒരാള്‍ കിടന്നു പിടയ്ക്കുന്നു. ഞങ്ങള്‍ കാര്‍ സ്ലോ ചെയ്തു. അയാളുടെ വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ട്. ഒരു കയ്യില്‍ ഒരു കറുത്ത ബാഗ് ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. എവിടുന്നോ ജോലി കഴിഞ്ഞു വരുന്ന വേഷം. ഇറങ്ങണോ വേണ്ടയോ എന്ന സംശയത്തില്‍ നമ്മള്‍ അന്യോന്യം ചോദിക്കുന്നതിനിടയ്ക്കു നമ്മളെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം നടന്നു. നമ്മുടെ മുന്നില്‍ പോയ പയ്യന്‍ വണ്ടി നിര്‍ത്തി. ചാടിയിറങ്ങി അയാളുടെ നേര്‍ക്കോടി. അവന്റെ പിറകെ ആ പെണ്‍കുട്ടിയും. അവന്‍ ചെന്ന് അയാളെ പൊക്കിയെടുത്തു. നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു. കൈ പിടിച്ചു തലോടി. ഇരുമ്പു കൊണ്ടുള്ള എന്തോ സാധനം ആ പെണ്‍കുട്ടി ബാഗില്‍ നിന്നെടുത്തു അയാളുടെ കയ്യില്‍ പിടിപ്പിച്ചു. ആ കിതപ്പ് ശമിച്ചത് പോലെ അയാള്‍ ആശ്വാസത്തോടെ ഒരു  പോസ്റ്റില്‍ ചാരിയിരുന്നു. വണ്ടി മുന്നോട്ടെടുത്തു ഞങ്ങളും പോയി. പക്ഷെ സിനിമ കണ്ടിറങ്ങുംമ്പോഴും ആ പയ്യനും പെണ്‍കുട്ടിയും മനസ്സില്‍ നിന്ന് മാഞ്ഞിരുന്നില്ല. ഇന്നലത്തെ സായാഹ്നത്തില്‍ ദൈവം കാണിച്ചു തന്ന ഏറ്റവും മനോഹരമായ കാഴ്ച. മനുഷ്യത്വം മരിച്ചു എന്ന് നമ്മള്‍ തൊള്ള കീറുന്നു. ഇപ്പറയുന്ന ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരിട ആലോചിക്കാന്‍ നിന്നു. പക്ഷെ ഒന്നും നോക്കാതെ ബൈക്ക് നിര്‍ത്തിയിട്ടു അയാളുടെ അടുതെക്കൊടിയ ആ പയ്യനെയും അയാളെ ആശ്വസിപ്പിക്കുന്ന ആ രണ്ടു പേരെയും എന്താണ് പറയേണ്ടത് ? ഇത് പോലുള്ള ചില സംഗതികള്‍ മുമ്പും ചിലപ്പോ ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെ എനിക്ക് എത്ര മനോഹരം എന്ന് തോന്നിയ ചില ഓര്‍മ്മകള്‍ താഴെ കുറിക്കട്ടെ 


      ഒരിക്കല്‍ നമ്മുടെ ഓഫീസിനു പുറകില്‍ പുതിയ ഒരു കെട്ടിടത്തിന്റെ പണി നടക്കുകയായിരുന്നു. തമിഴന്മാര്‍ പൊരി വെയിലത്ത്‌ പണിയെടുക്കുന്നു. അടുത്തുള്ള ഒരു മരത്തിന്റെ തണല്‍ ആണ് അവരുടെ വിശ്രമ കേന്ദ്രം. അവരുടെ തുണി സഞ്ചികളും വസ്ത്രങ്ങളും മറ്റുമൊക്കെ അവിടെ കൂട്ടിയിട്ടിട്ടുണ്ട്. ആ പണിക്കാരില്‍ ഒരു സ്ത്രീ ഇടയ്ക്കിടയ്ക്ക് ആ മരത്തില്‍ കെട്ടിതൂക്കിയിട്ടിരിക്കുന്ന ഒരു തുണി കെട്ടില്‍ പോയി നോക്കുന്നത് കണ്ടു. കുറെ കഴിഞ്ഞപ്പോഴാണ് മനസ്സിലായത് സ്വന്തം കുട്ടിയെ അതില്‍ കിടത്തിയിട്ടാണ് പുള്ളിക്കാരി പണിയെടുക്കാന്‍ പോകുന്നതെന്ന് മനസ്സിലായത്‌. ഉച്ച സമയമായപ്പോ അവര്‍ ആഹാരം കഴിക്കുന്നതിനു മുമ്പ് ഒരു ചെറിയ പാത്രത്തില്‍ അല്പം മഞ്ഞചോറ് കൊണ്ട് വന്നു ആ കുട്ടിക്ക് വാരിക്കൊടുക്കുന്നത് കണ്ടു. ആ വെയിലോ അധ്വാനമോ ഒന്നും ആ അമ്മയുടെ മുഖത്തെ സന്തോഷത്തെ ബാധിച്ചത് കണ്ടില്ല. ആ മരത്തണലില്‍ ഒരു നിമിഷം ഒരു സൂര്യന്‍ ഉദിച്ചത് പോലെ എനിക്ക് തോന്നി 


      പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ അടുത്ത ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. ഞാന്‍ മുമ്പും എഴുതിയിട്ടുണ്ടെന്ന് തോന്നുന്നു. അവന്റെ അമ്മ ചില വീട്ടിലൊക്കെ പോയി അടുക്കള പണി എടുത്താണ് മകനെ പഠിപ്പിച്ചിരുന്നത്. എപ്പോ നോക്കിയാലും ആ അമ്മയുടെ മുഖത്ത് നിറയെ മാറാലയും കരിയും ഒക്കെയായിരിക്കും. മാത്രമല്ല ഒരിടത്ത് ഇരിക്കുന്ന പോസില്‍ ഇതുവരെ പാവത്തിനെ കാണാന്‍ സാധിച്ചിട്ടില്ല. എപ്പോഴും ഓട്ടമാണ്. ഒരിക്കല്‍ ഞാന്‍ ഉച്ച ഭക്ഷണം എടുക്കാന്‍ മറന്നു. സ്കൂളില്‍ ചെന്നപ്പോഴാണ് ഓര്‍ത്തത്‌ പാത്രം എടുത്തില്ലല്ലോ എന്ന്. ഉച്ചയായി. വിശന്നു കറങ്ങി ഇരിക്കുകയാണ്. നാലാം ക്ലാസ്സിലാണ്. അമ്മ എല്ലാത്തിനും പുറകെ നടന്നു ചെയ്യിച്ചിരുന്നത് കാരണം ഇങ്ങനെ ഒരു അവസരത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അവന്‍ എന്റെ ബഞ്ചില്‍ ആണ് ഇരിക്കുന്നത്. ഊണ് കഴിക്കാന്‍ മണി അടിച്ചപ്പോള്‍ പതിവ് പോലെ പാത്രവുമായി അവന്‍ പുറത്തേക്കു പോയി. ഞാന്‍ ക്ലാസ്സില്‍ തന്നെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോ അവന്‍ ഭക്ഷണം കഴിച്ചിട്ട് വന്നു. എന്റെ തളര്‍ന്ന മുഖം കണ്ടപ്പോ അവന്‍ ചോദിച്ചു നീ കഴിച്ചില്ലേ എന്ന്. ഒടുവില്‍ ഞാന്‍ ഉള്ള കാര്യം തുറന്നു പറഞ്ഞു. അവന്‍ ഒന്നും മിണ്ടാതെ പുറത്തേക്കു പോയി. പത്തു മിനിറ്റ് കഴിഞ്ഞപ്പോ അവന്‍ ആ പാത്രം നിറയെ ചൂട് പറക്കുന്ന കഞ്ഞിയും പാത്രത്തിന്റെ അടപ്പില്‍ പയറും കൊണ്ട് വന്നു. അന്ന് സ്കൂളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്ന ഒരു പദ്ധതി ഉണ്ടായിരുന്നല്ലോ. അതില്‍ പോയി കഴിക്കാന്‍ ദുരഭിമാനി ആയ ഞാന്‍ തയ്യാറാവില്ല എന്ന് മനസ്സിലാക്കി അവന്‍ തന്നെ പോയി അത് വാങ്ങി കൊണ്ട് വരികയായിരുന്നു. സത്യം പറഞ്ഞാല്‍ ആ പാത്രം കണ്ടപ്പോ ഉണ്ടായ ഒരു സന്തോഷം എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നറിയില്ല. ആ പാത്രവുമായി നില്‍ക്കുന്ന അവന്റെ മുഖം പ്രകാശപൂര്‍ണമായ മറ്റൊരു കാഴ്ച ആയിരുന്നു 


      പണ്ടൊരിക്കല്‍ എന്റെ ഒരു സുഹൃത്തിനു ഒരു പ്രേമം ഉണ്ടായിരുന്നു. അത് പതിവ് പോലെ അവളുടെ വീട്ടിലറിഞ്ഞു. അവളുടെ ചേട്ടനും അമ്മാവന്മാരുമൊക്കെ എന്റെ കൂട്ടുകാരനെ തല്ലാന്‍ നടന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കോളേജില്‍ അവന്‍ വന്നില്ല. സാധാരണ രാവിലെ താമസിച്ചു പോയാല്‍ ഉച്ചയ്ക്കെങ്കിലും അവന്‍ എത്താറുണ്ട്. അവന്റെ കാമുകി രാവിലെ വന്നു എന്നോട് ചോദിച്ചു അവന്‍ എവിടെ എന്ന്. ഞാന്‍ പറഞ്ഞു എനിക്കറിയില്ല. നോക്കാം എന്നൊക്കെ. കുറച്ചു നേരം അവിടെ ചുറ്റി തിരിഞ്ഞു നിന്നിട്ട് അവള്‍ പോയി. ഞങ്ങളുടെ ക്ലാസ്സിനു എതിരായി വേറൊരു കെട്ടിടം ഉണ്ട്. അതിലെ ഒന്നാമത്തെ നിലയിലാണ് അവളുടെ ക്ലാസ് മുറി. അവരുടെ ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ ഞങ്ങളുടെ ക്ലാസ്സ്‌ കാണാം. ഇടയ്ക്കിടക്ക് ആ അരമതിലിനു മുകളിലായി അവളുടെ പേടിച്ചരണ്ട മുഖം ഞാന്‍ കണ്ടു. ഉച്ചക്കും പിന്നീടുള്ള ഇടവേളയിലും അവള്‍ വന്നു. ഇത്തവണ അവളുടെ ശബ്ദം ശരിക്കും ഭയചകിതമായിരുന്നു. "അപ്പൂനെ അവര്‍ എന്തോ ചെയ്തു എന്നൊരു പേടി. ഒന്ന് പോയി നോക്കാമോ ? " എന്നൊക്കെ അവള്‍ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. അന്ന് മൊബൈല്‍ ഫോണ്‍ ഒന്നുമില്ലല്ലോ. അന്വേഷിക്കാന്‍ വേറെ വഴിയൊന്നുമില്ല. അങ്ങനെ വൈകുന്നേരം ആയപ്പോ അതാ ഓടിക്കിതച്ചു വരുന്നു അവളുടെ കാമുകന്‍. വില്ലജ് ഓഫീസില്‍ എന്തോ കാര്യത്തിന് പോയിട്ട് അവിടെ കുടുങ്ങി പോയതാണത്രെ. കൃത്യ സമയത്ത് തന്നെ അവനെ തിരക്കി അവള്‍ വീണ്ടുമെത്തി. ഹോ. അവന്റെ മുഖം കണ്ടപ്പോ ആ കുട്ടിയുടെ മുഖത്ത് വിരിഞ്ഞ ഒരു ചിരി. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ഇന്നലെ പോലെ അത് എന്റെ ഓര്‍മയില്‍ ഇപ്പോഴുമുണ്ട്. 


      ഇങ്ങനെ ഒരുപാടു നല്ല കാഴ്ചകള്‍ ഇതുവരെ ജീവിതത്തില്‍ ദൈവം തന്നിട്ടുണ്ട് . ഇത്രയും ചെറിയ ജീവിതത്തില്‍ , ജീവിതത്തിന്റെ പ്രകാശം സ്ഫുരിക്കുന്ന ഇത്തരം നിമിഷങ്ങളെക്കാള്‍ മനോഹരമായി വേറെ എന്തുണ്ട് അല്ലേ ?