നഗരം പുതു മഴയില്‍ തണുത്തു കുതിര്‍ന്നിരിക്കുകയാണ്.തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്. ഒരു പഴകി പൊളിഞ്ഞ റിക്ഷയില്‍ ചിന്നു നഗരത്തിലെ ഇടവഴികളിലൂടെ വീട് ലക്ഷ്യമാക്കി നീങ്ങി. കോച്ചി പോകുന്ന തണുപ്പൊന്നും അവള്‍ അറിയുന്നുണ്ടായിരുന്നില്ല. ഉള്ളില്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന തീ അവളെ പൊള്ളിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ വീടെത്തി. പെട്ടെന്ന് തന്നെ ഒരുങ്ങി ഓഫീസിലേക്ക് ഇറങ്ങി. ബ്രേക്ക് ഫാസ്റ്റ് കഴിച്ചില്ല. ഓഫീസില്‍ അധികം ജോലിയൊന്നും ഉണ്ടായിരുന്നില്ല. വെറുതെ അതുമിതുമൊക്കെ വായിച്ചു അവള്‍ അവിടിരുന്നു. ഇടയ്ക്കെപ്പോഴോ ബൈജു അത് വഴി പോകുന്നത് അവള്‍ കണ്ടു. അവരുടെ കണ്ണുകള്‍ കൂട്ടിമുട്ടിയെങ്കിലും ഒന്നും സംസാരിച്ചില്ല. വൈകിട്ട് വരെ അങ്ങനെ തന്നെ ഒരു ഇരിപ്പിരുന്നു അവള്‍. പുതിയ ഒരു ഡോക്യുമെന്റെഷന്‍ വായിച്ചു തുടങ്ങിയത് മാത്രം അവള്‍ക്കു ഓര്‍മയുണ്ട്. മുന്നിലെ കാഴ്ച ഈര്‍പ്പം പടര്‍ന്ന പോലെ അവ്യക്തമാകുന്നതും അവള്‍ കണ്ടു. കണ്ണ് തുറന്നപ്പോള്‍ ചുറ്റിനും ബാക്കിയുള്ളവര്‍ എല്ലാവരും ഉണ്ട്. മോഹാലസ്യം വന്നു അവള്‍ വീണതാണ്. പ്രഷര്‍ കുറച്ചു കൂടിയിരിക്കുന്നു. പേടിക്കണ്ട കാര്യമൊന്നുമില്ല. കുറച്ചു വിശ്രമിച്ചാല്‍ മതി എന്ന് ഡോക്ടര്‍ പറഞ്ഞു. അന്ന് വൈകിട്ട് വീട്ടില്‍ വിളിച്ചപ്പോള്‍ ചിന്നു അമ്മയോട് നടന്നതൊക്കെ പറഞ്ഞു. അമ്മ ഒന്നും മിണ്ടിയില്ല. എന്നിട്ട് പെട്ടെന്നൊരു ചോദ്യം. നിനക്ക് ഈ ബുദ്ധി ആരാ പറഞ്ഞു തന്നത് ? എന്ന് .ആദ്യം ഒന്നും പിടി കിട്ടിയില്ലെങ്കിലും പിന്നീട് അവള്‍ക്കു കാര്യം പിടി കിട്ടി. ബൈജു പറഞ്ഞു തന്ന എന്തോ ഒരു വിദ്യ കാണിച്ചു സിമ്പതി പിടിക്കാനുള്ള ശ്രമം ആണെന്നാണ് അമ്മ പറഞ്ഞു വരുന്നത്. അവളുടെ ജീവിതത്തില്‍ ആദ്യമായി അവള്‍ ഒരു നിമിഷം അമ്മയെ വെറുത്തു. പക്ഷെ പെട്ടെന്ന് തന്നെ അവള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരികെ വന്നു. അമ്മയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അങ്ങനെ സംശയിച്ചതില്‍ അത്ഭുതമില്ല. അവള്‍ ഒന്നും മിണ്ടിയില്ല. അമ്മ ഫോണ്‍ വച്ചിട്ട് പോയി. പക്ഷെ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോ അമ്മ വീണ്ടും വിളിച്ചു. ഡോക്ടറെ കാണിക്കാന്‍ പറഞ്ഞു. അത്ര സീരിയസ് ഒന്നുമല്ല എന്നൊക്കെ അവള്‍ വിക്കി വിക്കി പറഞ്ഞെങ്കിലും ആശുപത്രിയില്‍ ഒന്ന് പോയി കാണിക്കാന്‍ പറഞ്ഞിട്ട് അമ്മ ഫോണ്‍ വച്ചു. അതിനു പുറകെ ബൈജു വിളിച്ചു. അവന്‍ പറഞ്ഞപ്പോഴാണ് നടന്നതൊക്കെ അവള്‍ക്കു മനസ്സിലായത്. ബോധം കേട്ട് വീണ അവളെ ബൈജുവും ടീമിലെ വേറൊരു പെണ്‍കുട്ടിയും ചേര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ട് പോയത്. അവര്‍ എന്തോ സെടെടിവ് കൊടുത്തു. അതിന്റെ മയക്കത്തിലായിരുന്നു അവള്‍. അടുത്ത ദിവസം ചെന്ന് ഒരു ഫുള്‍ ചെക്കപ്പ് ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞു. അതുകൊണ്ട് നാളെ തന്നെ ആശുപത്രിയില്‍ പോകണം എന്ന് അവന്‍ പറഞ്ഞു. മറ്റു കാര്യങ്ങളെ കുറിച്ചൊന്നും സംസാരിക്കാതെ അവന്‍ ഫോണ്‍ വച്ചു.
നേരം പുലര്‍ന്നു. ആശുപത്രിയില്‍ എത്തി. ടെസ്റ്റുകള്‍ എല്ലാം കഴിഞ്ഞു. റിസള്‍ട്ട് വാങ്ങിയിട്ട് വൈകിട്ട് വരാന്‍ പറഞ്ഞു ഡോക്ടര്‍ പോയി. ആദ്യമൊക്കെ അതിനെ പറ്റി അത്ര സീരിയസ് ആയില്ലെങ്കിലും ചിന്നുവിന് എന്തോ ഒരു അസ്വസ്ഥത പോലെ തോന്നി. ബൈജു ഒപ്പമുണ്ട്. വൈകിട്ട് ഞാന്‍ വരാം എന്ന് മാത്രം പറഞ്ഞിട്ട് ബൈജു പോയി. പക്ഷേ ഒരിട മുന്നോട്ടു നടന്ന അവന്‍ പെട്ടെന്ന് തിരികെ വന്നു. ചിന്നൂ.. നീ ഒറ്റയ്ക്ക് പോകണ്ട. ഞാനും വരാം. എന്ന് പറഞ്ഞിട്ട് അവനും അവള്‍ക്കൊപ്പം നടന്നു. വീടെത്തുന്നത് വരെ രണ്ടുപേരും ഒന്നും മിണ്ടിയില്ല. പക്ഷേ അവരുടെ ഹൃദയങ്ങള്‍ അപ്പോഴും നിശബ്ദമായ ഏതോ ഭാഷയില്‍ സംസാരം തുടരുന്നുണ്ടായിരുന്നു.
നടന്നു നടന്നു ഒടുവില്‍ വീടെത്തി. വൈകിട്ട് കാണാം എന്ന് പറഞ്ഞു അവര്‍ പിരിഞ്ഞു. അവള്‍ റൂമിലെത്തി. മടുപ്പിക്കുന്ന നിശബ്ദത. ഉച്ചയ്ക്ക് ഭക്ഷണം ഒന്നും കഴിക്കാതെ അവള്‍ തളര്‍ന്നുറങ്ങി. ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടാണ് ഉണര്‍ന്നത്. ബൈജു. ഹോസ്പിറ്റലില്‍ പോകാന്‍ വിളിക്കുകയാണ്. ഒരു വിധം എഴുനേറ്റു മുഖം കഴുകി അവള്‍ പുറത്തു വന്നു. ബൈജു അവിടെ പാതയോരത്ത് നില്‍പ്പുണ്ട്. അവളെ കണ്ടപ്പോ വിളറിയ മുഖത്തോട് കൂടി ബൈജു ഒന്ന് ചിരിച്ചു. അവളും. ഒന്നും മിണ്ടാതെ രണ്ടു പേരും മുന്നോട്ടു നടന്നു. ആശുപത്രിയില്‍ എത്തി. നല്ലതല്ലാത്ത എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നത് പോലെ അവള്‍ ഒഴിഞ്ഞു കിടന്ന ഒരു കസേരയില്‍ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോ അവര്‍ അകത്തേക്ക് വിളിച്ചു.
റിസള്‍ട്ട് ഒക്കെ എടുത്തു കാണിച്ചിട്ട് ഡോക്ടര്‍ പറയാന്‍ തുടങ്ങി..കുട്ടി എവിടെയാണ് ജോലി ചെയ്യുന്നത് ? എന്താണ് ജോലിയുടെ ഒരു നേച്ചര്‍ എന്നൊക്കെ.. ചോദ്യങ്ങള്‍ നിര്‍ത്താതെ തുടര്‍ന്നപ്പോ അവള്‍ ചോദിച്ചു.. എന്തെങ്കിലും കുഴപ്പം ഉണ്ടോ ഡോക്ടര്‍ ? എന്ന്. പുള്ളി ഒരു നിമിഷം സംസാരം നിര്‍ത്തി. എന്നിട്ട് തുടര്‍ന്നു. അല്ല.പേടിക്കാനൊന്നുമില്ല. പക്ഷേ കുട്ടിയുടെ ബ്ലഡ് പ്രഷര്‍ കൂടുതല്‍ ആണ്. മാത്രമല്ല ബ്ലഡില്‍ ഒരു എലെമെന്റ് കൂടുതല്‍ ആണ്. സൊ അധികം ടെന്‍ഷന്‍ ഉള്ള പണികള്‍ ഒന്നും പാടില്ല. ഇത് പലര്‍ക്കും പ്രായമാകുമ്പോള്‍ വരുന്നതാണ്. ചിലര്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ ട്രിഗര്‍ ആകും. പിന്നെ അത് പഴയത് പോലെ ആകാന്‍ പ്രയാസമാണ്. കുറച്ചു കണ്ട്രോള്‍ ചെയ്തു ജീവിക്കുക എന്നത് മാത്രമേ ഉള്ളൂ പരിഹാരം. ഭക്ഷണം, ജീവിത രീതി, അങ്ങനെ എല്ലാം നിയന്ത്രിക്കുക തന്നെ വേണം. അല്ലെങ്കില്‍ ഇത് ഡെവലപ്പ് ചെയ്തു കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങും. ആദ്യത്തെ വാചകങ്ങള്‍ മാത്രമേ ചിന്നു കേട്ടുള്ളൂ. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ഡോക്ടര്‍ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവള്‍ കരച്ചില്‍ നിര്‍ത്തിയില്ല. തിരികെ വീട്ടില്‍ എത്തുന്നത് വരെ അവള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. എന്ത് പറയണമെന്നറിയാതെ ബൈജുവും പോയി. കുറച്ചു കഴിഞ്ഞപ്പോ അമ്മ വിളിച്ചു. ഏങ്ങലടിച്ചു കൊണ്ട് അവള്‍ ഡോക്ടര്‍ പറഞ്ഞതെല്ലാം അമ്മയോട് പറഞ്ഞു. അത് കേട്ട് അമ്മ ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോ അപ്പുറത്ത് നിന്നും ഒരു ചെറിയ കരച്ചില്‍ കേട്ടു. അമ്മ. അമ്മ കരയുകയാണ് . കരഞ്ഞുകൊണ്ട് തന്നെ അമ്മ ഫോണ്‍ കട്ട് ചെയ്തു .കുറച്ചു കഴിഞ്ഞപ്പോള്‍ ബൈജു വിളിച്ചു. എന്നാല്‍ ചിന്നു ഒന്നും സംസാരിക്കാന്‍ കൂട്ടാക്കിയില്ല. 'എന്നെ വിട്ടേക്കൂ ബൈജു. ഇങ്ങനെ ഒരു രോഗിയെ കൂടെ കൊണ്ട് നടന്നു വെറുതെ ബൈജുവിന്റെ ജീവിതം നശിപ്പിക്കണ്ട. ഞാന്‍ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോളാം. ബൈജു ഇത്രയുമൊക്കെ എനിക്ക് വേണ്ടി സഹിച്ചില്ലേ. ഇനി വേണ്ട. ' - ഇത്രയും പറഞ്ഞു അവള്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്തു.
അപ്പുറത്ത് ബൈജു ആകെ പരവശനായി ഇരിക്കുകയായിരുന്നു. എന്താണ് ചെയ്യേണ്ടത് ? ഇനി എന്താവും എന്നതിനേക്കാളുപരി അവളെ എങ്ങനെ സമാധാനിപ്പിക്കും എന്നതായിരുന്നു അവന്റെ ആശങ്ക. ചിന്നു ആണെങ്കില്‍ എല്ലാം ഉപേക്ഷിച്ചത് പോലെയാണ്. വാതിലില്‍ ആരോ മുട്ടുന്നു. ബൈജു പോയി നോക്കി. അപ്പുറത്തെ റൂമിലെ പ്രേമന്‍ ആണ്. വൈകിട്ട് എവിടെ പോയി രണ്ടെണ്ണം അടിക്കും എന്ന് ചോദിയ്ക്കാന്‍ വന്നതാണ്. എവിടെയെങ്കിലും പോയേക്കാം. ഇവിടെ ഒറ്റയ്ക്കിരുന്നാല്‍ ഭ്രാന്ത് പിടിക്കും. അങ്ങനെ പ്രേമന്റെ പഴയ യമഹ ആര്‍ എക്സ് നൂറാം നമ്പറിന്റെ പുറകില്‍ കയറി രണ്ടു പേരും ബാറിലേയ്ക്ക് തിരിച്ചു. ചെന്ന പാടെ പ്രേമന്‍ വെടി പൊട്ടുന്ന പോലെ രണ്ടെണ്ണം അകത്താക്കി. കണ്ടിട്ട് ബൈജുവിനും ഒരു പ്രലോഭനം തോന്നി. പക്ഷേ അവന്‍ ഒന്നും മിണ്ടാതെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോ ഒരു മെസ്സേജ്. ചിന്നുവിന്റെ ആണ്. എന്തോ ഭയം കാരണം അവന്‍ അത് തുറന്നില്ല. എന്തായിരിക്കും ആ മെസ്സേജ് എന്നറിയില്ലല്ലോ. തിരികെ വീട്ടിലെത്തിയിട്ടും അവന്‍ ആ മെസ്സേജ് തുറന്നു നോക്കിയില്ല. പ്രേമന്‍ അടിച്ച കള്ളിന്റെ ബലത്തില്‍ എന്തൊക്കെയോ അവിടിരുന്നു വിളിച്ചു കൂവുന്നുണ്ട്. മിക്കവാറും അവന്‍ അപ്പുറത്തെ ലേഡീസ് ഹോസ്ടലിലെ വാച്ച് മാന്റെ കയ്യില്‍ നിന്ന് പെട വാങ്ങും. ഒടുവില്‍ കള്ളിറങ്ങിയപ്പോ പ്രേമന്‍ സ്വന്തം റൂമിലേയ്ക്ക് പോയി. വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ബൈജുവും കിടക്കയിലേക്ക് മറിഞ്ഞു. ചെറിയ ഒരു ശബ്ദത്തോട് കൂടി ഫാന്‍ കറങ്ങുന്നുണ്ട്. ഫോണ്‍ മേശപ്പുറത്തു ഉണ്ട്. അതിലേയ്ക്ക് പാളി നോക്കിയെങ്കിലും ആ മെസ്സേജ് തുറന്നു നോക്കാന്‍ അവനു ധൈര്യം ഉണ്ടായില്ല. പാതിരാത്രി ആകുന്നതു വരെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു അവനു ഉറക്കം വന്നില്ല. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു അവന്‍ ആ ഫോണ്‍ തുറന്നു നോക്കി. ചിന്നുവിന്റെ മിസ്സ്ഡ് കാള്‍ കിടക്കുന്നുണ്ട്. വിറയ്ക്കുന്ന കൈകളോടെ അവന്‍ ആ മെസ്സേജ് തുറന്നു നോക്കി. "ഒരു ഗുഡ് ന്യൂസ്. അമ്മ പറഞ്ഞു ഈ കല്യാണത്തിന്റെ പേരില്‍ ടെന്‍ഷന്‍ അടിച്ചു അസുഖം വരുത്തി വയ്ക്കണ്ട. ഇത് നടത്തി തരുന്ന കാര്യം ആലോചിക്കാം എന്ന്. " താന്‍ കാണുന്നത് സത്യം തന്നെയോ എന്ന് അവനു വിശ്വാസമായില്ല. വീണ്ടും വീണ്ടും വായിച്ചു. സമയം ഒരു മണി ആയെന്നോര്‍ക്കാതെ അവന്‍ അപ്പൊ തന്നെ ചിന്നുവിനെ വിളിച്ചു. അവളും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ശബ്ദത്തില്‍ സന്തോഷമുണ്ടായിരുന്നുവെങ്കിലും അതിനിടയ്ക്കും അവള്‍ പറഞ്ഞു. "ഇത് ഇങ്ങനെയെങ്കിലും നടക്കുന്നത് സന്തോഷം തന്നെ. പക്ഷേ ഒരു രോഗിയെ ആണല്ലോ ബൈജുവിന് കിട്ടുന്നത് എന്ന് അവള്‍ പറഞ്ഞു. അത് മുഴുമിപ്പിക്കാന്‍ അവന്‍ സമ്മതിച്ചില്ല. "എന്താ ചിന്നു നീ ഇങ്ങനെയൊക്കെ. നമ്മള്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ പറ്റുമെങ്കില്‍ പിന്നെ അതില്‍ കൂടുതല്‍ എന്താ എനിക്ക് വേണ്ടത് ? " അവന്‍ പറഞ്ഞു. സന്തോഷം കൊണ്ട് എന്ത് പറയണം എന്നറിയാതെ അവര്‍ രണ്ടു പേരും വീര്‍പ്പു മുട്ടി നില്‍ക്കുകയാണ്. ഒന്നും സംസാരിക്കാനും പറ്റുന്നില്ല. കുറെ കാലം കൂടി നിറഞ്ഞു കവിയുന്ന സ്നേഹത്തോടെയും ആഹ്ലാദത്തോടെയും ചുംബനങ്ങള്‍ കൈമാറി അവര്‍ ഉറങ്ങാന്‍ കിടന്നു.