2014 നവംബർ 3, തിങ്കളാഴ്‌ച

ഗാംഗ്ടോക് ഡയറി - അവസാന ഭാഗം

( പടങ്ങളുടെ ബാഹുല്യം കാരണം പേജ് ലോഡ് ചെയ്യാൻ താമസം നേരിടാൻ ചാൻസ് ഉണ്ട്. ക്ഷമിക്കുക. ഏതു പടത്തിൽ ക്ലിക്ക് ചെയ്താലും അത് വലുതായി കാണാം. മാത്രമല്ല സ്ലൈഡ് ഷോയും ഉണ്ട്  )   

     ഇന്ന് ഒൻപതു മണിക്കാണ് ടാക്സി വരാം എന്ന് പറഞ്ഞിരിക്കുന്നത്. നമ്മൾ രാവിലെ തന്നെ റെഡി ആയി. പക്ഷെ സമയമായിട്ടും കാർ കാണാനില്ല. ഒടുവിലാണ് അറിയുന്നത് ഡ്രൈവർ പാസ്‌ വാങ്ങാൻ പോയിരിക്കുകയാണെന്ന്. അന്ന് വിനോദ സഞ്ചാരികളുടെ എണ്ണം കുറച്ചു കൂടുതലായത് കൊണ്ട് അവിടെ ക്യൂ ആണ്. പോലീസ് ഔട്ട്‌പോസ്റ്റിൽ നിന്നാണ് പാസ്സ് വിതരണം. ഡ്രൈവർ നമ്മളുടെ രേഖകളുമായി അവിടെ നില്പാണ്. ഒടുവിൽ പത്തു മണി ആയപ്പോൾ പുള്ളി എത്തി. അങ്ങേരുടെ പേര് എൽ കെ സംഗമ. പാസ്സ് കിട്ടാൻ താമസിച്ചത് അങ്ങേരുടെ കുറ്റം അല്ലാതിരുന്നിട്ടു കൂടി അദ്ദേഹം കുറെ സോറി പറഞ്ഞു. ഞാൻ ഒരു സ്വെറ്റർ ഇട്ടിട്ടുണ്ട്. ഭാര്യ തണുപ്പ് നേരിടാൻ ഒന്നും എടുത്തിട്ടില്ല. അവളുടെ കയ്യിൽ ഒരു ഷോൾ ഉണ്ട്. നമ്മുടെ ഈ വേഷം കണ്ടിട്ട് സംഗമ മൂക്കത്ത് വിരൽ വച്ചു. 'അവിടെ ഭയങ്കര തണുപ്പാണ്, കമ്പിളി എടുത്തിട്ട് പോണം. അറിയാവാ ? " എന്നൊക്കെ അങ്ങേർ ചോദിച്ചു. ഭാര്യ പണ്ട് അർക്കൻസാസിൽ വിന്ററിൽ പോയി ഐസും സ്നോഫോളും ഒക്കെ കണ്ടിട്ടുള്ളത് കൊണ്ട് ഈ തണുപ്പൊന്നും ഒരു പ്രശ്നമേയല്ല എന്നൊക്കെ പറഞ്ഞിട്ട് വണ്ടിയിൽ കയറി. ഞാൻ പറയാനുള്ളത് പറഞ്ഞു, ഇനി നിങ്ങ തന്നെ കാണ് എന്നൊക്കെ പറഞ്ഞിട്ട് പുള്ളി വണ്ടി സ്റ്റാർട്ട്‌ ചെയ്തു .

ടൌണ്‍ വിട്ടു വണ്ടി മുന്നോട്ടു നീങ്ങി. ചെക്ക്‌ പോസ്റ്റിൽ പരിശോധന ഒക്കെ ഉണ്ടായി. നമ്മുടെ പാസ്സ് ആണ്  പ്രധാനമായും പരിശോധിക്കുന്നത്. കുറച്ചു കൂടി മുന്നോട്ടു പോയതോടെ റോഡ്‌ എന്നൊരു സാധനം പേരിനു മാത്രമായി. നല്ല കടുത്ത കുന്നും കുഴിയും ഒക്കെ നിറഞ്ഞ റോഡിൽ കൂടി സങ്ങ്മ വണ്ടി പായിക്കുകയാണ്. ഒരു വശത്ത് ചെങ്കുത്തായ കൊക്കയാണ്.താഴോട്ട് നോക്കിയാൽ മനുഷ്യന്റെ ജീവൻ പോകും. ഒരു വശത്ത് ചെങ്കുത്തായ മലകളാണ്. പക്ഷെ സൂക്ഷിച്ചു നോക്കിയാൽ ഒരു സാധാരണ മല പോലൊന്നുമല്ല. പാറക്കല്ലുകളുടെ ഒരു കൂമ്പാരം. സംഗമ അതിന്റെ കഥ വിശദമായി പറഞ്ഞു. കുറച്ചു വർഷം മുമ്പ് ഉരുൾ പൊട്ടൽ ഉണ്ടായി നൂറു കണക്കിന് ആൾക്കാർ മരിച്ചല്ലോ. അന്ന് മല മുഴുവൻ ഇളകി മറിഞ്ഞതാണ്. അന്നത്തെ ആ സംഭവത്തിൽ ഉരുണ്ടു വന്ന ഒരു കല്ല്‌ വീണു പുള്ളിയുടെ മുട്ടിനു താഴെ പലതായി ഒടിഞ്ഞു. കുറെ തവണ തുടർച്ചയായി സർജറി നടത്തിയാണ് അതൊടുവിൽ ശരിയാക്കി എടുത്തത്‌. മലയുടെ മുകളിൽ അങ്ങിങ്ങായി ചില ചെറിയ വീടുകൾ കാണാം. അന്നത്തെ ഉരുൾ പൊട്ടലിനു ശേഷം ആ മലമുകളിൽ താമസിച്ചിരുന്ന പലരും താമസം താഴ്വരയിലേക്ക് മാറ്റി. ശേഷിക്കുന്നവർ അവരുടെ മക്കളെ ഗാംഗ്ടോക് ടൌണിൽ ഉള്ള ബോർഡിംഗ് സ്കൂളുകളിലേയ്ക്ക് മാറ്റി. ജീവൻ പണയം വച്ചുകൊണ്ട് അവർ ആ മലനിരകളിൽ ജീവിക്കുന്നു. സംഗമ ഇതൊക്കെ വളരെ ലാഘവത്തോടെയാണ് വിവരിച്ചതെങ്കിലും കേട്ടുകൊണ്ടിരുന്ന നമ്മുടെ ജീവൻ പോയി. ചെങ്കുത്തായ കയറ്റം കയറിക്കൊണ്ടിരിക്കുകയാണ് വണ്ടി. ചുറ്റിനുമുള്ള അന്തരീക്ഷം മാറി വരികയാണ്‌.മഞ്ഞു മൂടി കിടക്കുന്ന മലകൾ കണ്ടു തുടങ്ങി. റോഡിൽ ചിതറി കിടക്കുന്ന കല്ലുകൾക്കൊപ്പം മഞ്ഞു കട്ടകളും ഉണ്ട്.

ഇടയ്ക്ക് ചില ആർമി ക്യാമ്പുകളും കണ്ടു. ഫോട്ടോഗ്രഫി , പാർക്കിംഗ് ഒക്കെ നിരോധിച്ചു കൊണ്ടുള്ള ബോർഡുകളും കാണാം. അങ്ങിങ്ങ് മണൽ ചാക്കുകൾ കൊണ്ടുണ്ടാക്കിയ ബങ്കറുകളിൽ മെഷീൻ ഗണ്ണുമായി പട്ടാളക്കാർ ജാഗരൂകരായി ഇരിപ്പുണ്ട്. കുത്തനെ അതിരായി നിൽക്കുന്ന മലകൾക്ക് പുറകിൽ ചൈനയുണ്ട്. ചെറിയ കുന്നുകളിലും ഇടുക്കുകളിലും ഒക്കെ ഒറ്റ നോട്ടത്തിൽ കണ്ണിൽ പെടാത്ത വിധം ജവാന്മാർ ഉണ്ട്. മഞ്ഞു മൂടിയ മലകളുടെ മറവിൽ നിന്ന് വരാവുന്ന അദൃശ്യനായ ശത്രുവിനെ കാത്തുള്ള ഇരിപ്പ്. യുദ്ധം വരുമ്പോ മാത്രമാണല്ലോ നമ്മൾ അവരുടെ കാര്യം ഓർക്കുന്നത്. ചിലയിടത്തൊക്കെ ആർമി ക്യാമ്പുകളും ഉണ്ട്. ദൂരെ ദുർഘടമായ കോണുകളിലും ഇടുക്കിലും ചെറിയ  വാച്ച്   പോസ്റ്റുകൾ കാണാം. അവിടെ ഉയർത്തിയിരിക്കുന്ന ടവറുകൾക്ക് മുകളിലും പട്ടാളക്കാർ ഉണ്ട്. നാഥുലാ പാസ്‌ വളരെ അടുത്താണ്. കൈലാസ് മാനസസരോവർ യാത്രക്കായി കരമാർഗം എളുപ്പത്തിൽ പോകാനായി റോഡ്‌ പണിയാൻ ഇന്ത്യയും ചൈനയും ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നത് കേട്ടിരിക്കുമല്ലോ

അങ്ങനെ ചെങ്കുത്തായ കയറ്റം കയറി കയറി നമ്മൾ മുകളിലെത്തി. കുറച്ചു സ്ഥലം നിരപ്പാക്കി ഇട്ടിട്ടുണ്ട്. അവിടെ വണ്ടികളൊക്കെ പാർക്ക്‌ ചെയ്യാം. സംഗമ നമ്മുടെ വണ്ടിയും അവിടെ ഒരു മൂലയ്ക്ക് ഒതുക്കി. ചെറിയ കുറച്ചു കടകൾ ഉണ്ട്. മഞ്ഞിൽ മൂടി നിൽക്കുന്ന ചെറിയ കടകൾ . ചുറുചുറുക്കുള്ള തിബത്തൻ യുവതികൾ ആണ് മിക്കതിന്റെയും നടത്തിപ്പുകാർ. അതിൽ ഒരു കടയിലേക്ക് ചേട്ടൻ നമ്മളെ നയിച്ചു. നാട്ടിലേക്ക് പോകുമ്പോ രാത്രി ഭക്ഷണം കഴിക്കാൻ ബസ്സുകാർ ചില സ്ഥിരം ഹോട്ടലുകളിൽ കൊണ്ട് കയറ്റാറില്ലേ ..അതാണ് എനിക്ക് ഓർമ വന്നത്. മഞ്ഞിൽ വീഴാതെ നടക്കാൻ സഹായിക്കുന്ന ഗം ബൂട്ട്സ്, ജാക്കറ്റുകൾ , കയ്യുറകൾ തുടങ്ങി പലതും അവിടെ വാടകയ്ക്ക് കിട്ടും. ഞാനും ബീവിയും അതിൽ ഓരോന്ന് വാങ്ങി അണിഞ്ഞു റെഡി ആയി. മുടിഞ്ഞ തണുപ്പാണ്.

     ആ കടകളുടെ പുറകിലാണ് നമ്മൾ കാണാൻ വന്ന ചാൻകു ലേക്ക്. ഐസ് മൂടിക്കിടക്കുന്ന മലകൾക്ക് ഒത്ത നടുവിലായി നിശ്ചലമായ ഒരു തടാകം. breathtaking, picturesque എന്നൊക്കെ പറയില്ലേ അത് പോലെ ഒരു നിമിഷം നോക്കി നിന്ന് പോകുന്ന തരത്തിലുള്ള അതിമനോഹരമായ കാഴ്ച. സമുദ്ര നിരപ്പിൽ നിന്ന് പന്ത്രണ്ടായിരത്തി നാനൂറു അടി ഉയരത്തിൽ ഒരു തടാകം. ചൈന അതിർത്തി വെറും അഞ്ചു കിലോമീറ്റർ അകലെയാണ്. മഞ്ഞു മൂടി നിൽക്കുമ്പോൾ ഈ തടാകം നല്ലത് പോലെ കാണാൻ കഴിയില്ല. ശിശിരം തുടങ്ങിയാൽ പിന്നെ പലപ്പോഴും അവിടെ എത്തിച്ചേരാൻ പോലും പറ്റില്ല. ഒരു വശത്ത് ചെറിയ സ്നോ സ്പോര്ട്സ് ഒക്കെ നടത്താനുള്ള വകുപ്പുണ്ട്. ഒരു കേബിൾ കാർ തുരുമ്പെടുത്തു ഉപയോഗശൂന്യമായി കിടക്കുന്നത് കണ്ടു. പണി തീരാത്ത കുറെ കെട്ടിടങ്ങളും. ലേക്കിനു ചുറ്റും നടന്നു കാണാൻ രണ്ടു വഴിയുണ്ട്. ഒന്നുകിൽ നടന്നു പോകാം. അല്ലെങ്കിൽ യാക്കിന്റെ പുറത്തു കയറി പോകാം. യാക്ക് എന്താണെന്നറിയാത്തവർക്ക് അതിന്റെ പടങ്ങൾ താഴെ കാണാം. ദേഹമാസകലം പൂട മൂടി ഒരുമാതിരി അലമ്പ് രൂപത്തിൽ നിൽക്കുന്ന ഒരു വലിയ , എന്നാൽ ഒരു പാവം പിടിച്ച മൃഗം. കഴുതയെ പോലെ ചരക്കു ചുമക്കാൻ മലനിരകളിൽ ഇതിനെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഒരു റൌണ്ട് ചുറ്റി വരുന്നതിന് എഴുനൂറ്റമ്പതു രൂപയാണ് അവർ ചോദിക്കുന്നത്. വിലപേശിയാൽ കുറച്ചൊക്കെ ഡിസ്കൌണ്ട് കിട്ടും. പക്ഷെ എന്താണെന്നറിയില്ല. ഭാര്യക്ക്‌ ആ യാക്കിനെ അത്ര പിടിച്ചില്ല. അതിനു നാറ്റമാണത്രെ. ഇനിയിപ്പോ ഈ തണുപ്പത്ത് യാക്കിനോട് പോയി കുളിച്ചു പൌഡർ ഇട്ടു വരാനൊന്നും പറയാൻ പറ്റില്ലല്ലോ. നാറ്റം ഉണ്ടെങ്കിലും നല്ല കളർഫുൾ വേഷം ഒക്കെ ഇട്ടാണ് യാക്ക് നിൽക്കുന്നത്. ഭാര്യയോട്‌ ഐക്യദാർഡ്യം പ്രക്യാപിച്ചു കൊണ്ട് ഞാനും യാക്കിന്റെ പുറത്തു കയറണ്ട എന്ന് വച്ചു ( യാക്കിനെക്കാൾ വലുതാണല്ലോ ഭാര്യ ) . ഞാൻ ഒരു റൌണ്ട് കാൽനടയായി ഒന്ന് കറങ്ങീട്ടു വരാം എന്ന് പറഞ്ഞു നേരെ നടന്നു. അത്ര എളുപ്പമല്ല മഞ്ഞിൽ കൂടി നടക്കുന്നത്. വിനോദ യാത്ര വന്ന കുറെ തമിഴർസ് ചുവപ്പും പച്ചയും ജാക്കറ്റും മഞ്ഞ തൊപ്പിയും വെള്ള ഷൂവും ഒക്കെ ഇട്ടു അവിടെ കിടന്നു മറിയുന്നത് കണ്ടു. പാവങ്ങൾക്ക് ഹിന്ദി വലിയ പിടിയില്ല. ഏതോ യാക്കുകാരൻ അവരോടു വിലപേശി പ്രാന്തെടുത്തു പോകുന്നത് കണ്ടു. ആ യാക്കിനു വരെ വട്ടായെന്നു തോന്നുന്നു. ലേക്കിന്റെ ഭംഗി വിവരിക്കുന്നതിനെക്കാൾ നല്ലത് ചിത്രങ്ങൾ ആണെന്ന് തോന്നുന്നു. താഴെ കാണുക. കുറെ പടങ്ങൾ ഒക്കെ ഒഴിവാക്കിയിട്ടും ഇനിയും ബാക്കി.

 വഴി കണ്ടു പേടിക്കരുത് 





 ഇതാണ് നമ്മുടെ ചേട്ടൻ 

























 പ്രണയ വിവശരായ രണ്ടു യാക്കുകൾ 



 ലവനാണ് യാക്ക് 


























































ചുറ്റൽ ഒക്കെ കഴിഞ്ഞു. നല്ല വിശപ്പ്‌ തോന്നുന്നുണ്ട്. തിരിച്ചു ആ കടയിലെത്തി. അവിടെ ആകെയുള്ള വിഭവം ചൂടുള്ള മാഗി നൂഡിൽസാണ്. സത്യം പറയാമല്ലോ. ആ സാധനത്തിനു ഇത്രയും സ്വാദുണ്ടെന്നു മുമ്പൊരിക്കലും തോന്നിയിട്ടില്ല. നമ്മൾ അത് മൂക്ക് മുട്ടെ തട്ടി. ഇരുട്ടുന്നതിനു മുമ്പ് മലയിറങ്ങണം. കടയുടെ പുറകിലുള്ള ചായ്പിൽ നിന്ന് സംഗമ ഇറങ്ങി വന്നു. മനസ്സില്ലാമനസ്സോടെ നമ്മൾ മലയിറങ്ങി തുടങ്ങി. പക്ഷെ ഒരു വ്യത്യാസമുണ്ട്. അങ്ങോട്ട്‌ പോയപ്പോ കണ്ട സംഗമ അല്ല ഇപ്പൊ. ഭയങ്കര സംസാരം. തുടങ്ങിയിട്ട് നിർത്തുന്നില്ല. ഇടയ്ക്കു അങ്ങേരുടെ സംസാരം നിർത്താൻ നകുലൻ ഗംഗയെ വിളിക്കുന്ന പോലെ സംഗമാ എന്ന് വിളിക്കേണ്ടി വന്നു. സംഗതി എന്താണെന്ന് വച്ചാൽ , നമ്മുടെ ചേട്ടൻ ഈ ഗ്യാപ്പിനു അകത്തു പോയി രണ്ടെണ്ണം അടിച്ചിട്ടാണ് വന്നിരിക്കുന്നത്. കുറച്ചു നേരം ഉറങ്ങുകയും ചെയ്തതുകൊണ്ട് അധികം ഫിറ്റ്‌ അല്ല എന്നേ ഉള്ളൂ. ആടിയാടി ഒടുവിൽ നമ്മൾ ടൌണിൽ തിരിച്ചെത്തി.

     ഗാങ്ങ്ടോക്കിലെ അവസാന രാത്രി. രണ്ടു ദിവസമേ തങ്ങിയുള്ളുവെങ്കിലും മനോഹരമായ ഈ കൊച്ചു നഗരവും പതിഞ്ഞ മുഖവും ചെറിയ കണ്ണുകളുമുള്ള സ്നേഹമുള്ള ജനങ്ങളും നമ്മുടെ മനസ്സിൽ കയറി താമസമാക്കിയിരിക്കുന്നു. വിളക്കുകൾ മുനിഞ്ഞു കത്തുന്ന ചെറിയ വീടുകൾ നിറഞ്ഞ താഴ്വര ഹോട്ടൽ മുറിയിൽ നിന്ന് കാണാം. നല്ല ക്ഷീണമുണ്ട്. ഉറങ്ങിയത് അറിഞ്ഞില്ല. നേരം പുലരുന്നതിനു മുമ്പ് തന്നെ മലയിറങ്ങി. ബാഗ്ദോഗ്ര യിൽ നിന്ന് കൽക്കട്ട. അവിടെ നിന്ന് ബാംഗ്ലൂർ. എയർപോർട്ടിൽ നിന്ന് മഹാനഗരത്തിന്റെ തിരക്കിലെക്കും മുഷിപ്പിലേയ്ക്കും.. ഇനി അടുത്ത യാത്രയ്ക്കായുള്ള കാത്തിരിപ്പ്‌ ..





2014 മേയ് 25, ഞായറാഴ്‌ച

ഗാംഗ്ടോക് ഡയറി - ഭാഗം 2



( ഒന്നാം ഭാഗം ഇവിടെ വായിക്കാം )


    സ്വാഗതം എഴുതിയ കമാനം പിന്നിട്ടു വണ്ടി മുന്നോട്ടു നീങ്ങി. സ്കൂൾ വിടുന്ന സമയമാണെന്ന് തോന്നുന്നു. റോഡിന്റെ രണ്ടു വശത്തുമായി ചെറിയ കണ്ണുകളും കമ്പി പോലുള്ള മുടിയും പ്രസന്നമായ, ചിരിക്കുന്ന മുഖമുള്ള സുന്ദരിക്കുട്ടികളും സുന്ദരക്കുട്ടന്മാരും. ഇളം മഞ്ഞ നിറത്തിലുള്ള സായാഹ്ന സൂര്യന്റെപ്രകാശം അവരുടെ ഭംഗി ഇരട്ടിയാക്കി തോന്നിപ്പിച്ചു . കഷ്ടിച്ച് രണ്ടു വണ്ടികൾക്ക് പോകാൻ മാത്രം വീതിയുള്ള റോഡ്‌ ആണ്. പക്ഷെ ഒരു വശത്തായി തറയോടു  പാകിയ , കൈവരിയുള്ള നല്ല വൃത്തിയുള്ള ഫുട്പാത്ത് ഉണ്ട്. കുറച്ചു വളവുകളും തിരിവുകളും കഴിഞ്ഞു. അഞ്ചു മണിയേ ആയിട്ടുള്ളെങ്കിലും നേരം ഇരുട്ടിയിരിക്കുന്നു. ഇവിടെ പുലരുന്നതും ഇരുട്ടുന്നതും വളരെ നേരത്തെയാണ് എന്ന് ഡ്രൈവർ വിശദീകരിച്ചു. ഹോട്ടലിന്റെ മുമ്പിലെത്തി കാർ നിന്നു. ന്യൂ കാസിൽ എന്നാണു ഹോട്ടലിന്റെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കാസിൽ പോലെയാണ് അതിന്റെ രൂപകൽപന.


ഇതാണ് പ്രസ്തുത ഹോട്ടൽ
ഡിയോറാലി ബസാറിലെ കൊള്ളാവുന്ന ഒരു ഹോട്ടൽ ആണ് ന്യൂ കാസിൽ. ട്രിപ്പ്‌ അഡ്വൈസറിൽ വളരെ നല്ല അഭിപ്രായമാണ് എല്ലാവരും ഇട്ടിരിക്കുന്നത്. ചെക്ക്‌ ഇൻ ചെയ്യാൻ അകത്തു കയറിയപ്പോൾ അതാ മുറ്റത്തൊരു മലയാളി ഫാമിലി. ഹോ. ഈ മലയാളികളെ കൊണ്ട് തോറ്റു. You simply can't escape dude. എവിടെ പോയാലുമുണ്ട് നമ്മടെ ആൾക്കാർ. സാധനങ്ങൾ ഒക്കെ എടുത്തു മുറിയിലേക്ക് കയറി. മനോഹരമായ മുറി. ഒരു വശത്തുള്ള നെടു നീളൻ ജനാലകൾ വഴി ദൂരെ താഴ്‌വാരം മുഴുവൻ വിളക്കുകൾ കത്തി നിൽക്കുന്നത് കാണാം. ഏഴു മണിയായിട്ടുണ്ടാവും. ബാഗ്ദോഗരയിൽ നിന്ന് ഏകദേശം അഞ്ചുമണിക്കൂർ എടുത്തു ഇവിടെയെത്താൻ. നല്ല തണുപ്പുണ്ട്. വിശക്കുന്നു.  ഹോട്ടലിന്റെ താഴെ ഒരു ബേക്കറി കം കോഫീ ഷോപ്പും ഒരു റെസ്ടോറന്റും ഉണ്ട്. ബേക്കറിയുടെ പേര് പൊർക്കീസ് ( തമിഴിൽ പൊറുക്കീസ് ) റൊട്ടിയും ചിക്കൻ കറിയും ഓർഡർ ചെയ്തു. ചൂട് ചായയും. പതിനഞ്ചു മിനിറ്റിൽ അവർ ആഹാരം മുറിയിലെത്തിച്ചു. എരിവുള്ള ചിക്കൻ കറിയും റൊട്ടിയും കഴിച്ചു ആ ചായയും കുടിച്ചതോടു കൂടി ക്ഷീണം ഒക്കെ പമ്പ കടന്നു. ടി വി വച്ചു നോക്കി. പണ്ടൊക്കെ വി സി പിയിൽ കാസ്സറ്റ്‌ ഇടുമ്പോ കാണുന്നത് പോലെ വെട്ടലും ചീറ്റലും ഒക്കെയായിട്ടാണ് ടി വി പ്രവർത്തിക്കുന്നത്. ഏഷ്യാനെറ്റ്‌ ആണ് ഏക മലയാളം ചാനൽ. ഏതോ കച്ചറ സീരിയൽ നടക്കുന്നു. അത് കാണുന്നതിനെക്കാൾ നല്ലത് വേറെയെന്തെങ്കിലും ആണ് എന്ന് പറയേണ്ട താമസം, ഉടൻ ഭാര്യ റിമോട്ട് എടുത്തു ഏതോ സ്പോര്ട്സ് ചാനൽ വച്ചു. അവൾ ഒരു ക്രിക്കറ്റ് ഭ്രാന്തിയാണ്. വച്ചയുടനെ കണ്ടത് ഏതോ ഒരുത്തൻ ഔട്ട്‌ ആവുന്നതാണ്. അതോടെ നട്ട് പോയ അണ്ണാനെ പോലെ അവൾ അവിടിരിക്കുന്നത്‌ കണ്ടു. കുറച്ചു കഴിഞ്ഞപ്പോ ആ വിഷമം കാരണം അവൾ കോമഡി സെൻട്രൽ വച്ചു. അതിൽ ഓരോ ഡയലോഗ് പറഞ്ഞതിന് ശേഷവും ഒരു കൂട്ടച്ചിരി ശബ്ദം കേൾപ്പിക്കുന്ന കുറെ സീരിയലുകൾ ഉണ്ട്. കുറച്ചു നേരം അത് കണ്ടുകൊണ്ടിരുന്നു.  യാത്രയുടെ ഹാങ്ങ്‌ഓവർ കാരണം നല്ല ഉറക്കം വരുന്നു. പതുക്കെ പുതപ്പിനടിയിലേക്കു നൂണ്ടു. ടി വിയിലെ ചിരിയുടെ ശബ്ദം നേർത്തു വന്നു ഒടുവിൽ അത് തീരെ ഇല്ലാതായി.

     കടുത്ത പ്രകാശം മുഖത്തടിച്ചപ്പോഴാണ് ഉണർന്നത്. നേരം വെളുത്തു. ഉണർന്നിട്ടും കുറച്ചു നേരം കൂടി ബെഡിൽ തന്നെ കിടന്നു. അപ്പോഴതാ ഭാര്യയുടെ ഫോണിലെ വേക്ക് അപ്പ്‌ അലാം അടിക്കുന്നു. അത് പക്ഷെ ആറു മണിക്കാണല്ലോ അടിക്കേണ്ടത് , ഇന്ന് ലേറ്റ് ആയോ എന്നൊക്കെ കരുതി ഫോണ്‍ എടുത്തു നോക്കി. ഓഹോ. സമയം തെറ്റിയിട്ടില്ല. ആറുമണി തന്നെ. പക്ഷെ പത്തു മണി പോലെ നേരം വെളുത്തിരിക്കുന്നു. അപ്പോഴാണ് ഇന്നലെ ഡ്രൈവർ പറഞ്ഞത് ഓർമ വന്നത്. ബ്രഷ് ചെയ്തതിനു ശേഷം, ജനാലയിലെ കർട്ടൻ ഒരു വശത്തേക്ക് നീക്കി. പുറത്തെ കാഴ്ച കണ്ടു ഒരു നിമിഷം സ്തബ്ധനായി പോയി. ദൂരേക്ക്‌ ദൂരെ പരന്നു കിടക്കുന്ന ഒരു താഴ്‌വര .. തട്ട് തട്ടുകളായി കടും പച്ച നിറത്തിലുള്ള ചെറിയ പാടങ്ങൾ. ചിലയിടങ്ങളിൽ മഞ്ഞു മൂടിയും ചിലയിടങ്ങളിൽ അത് പുലർ വെയിലിൽ അലിഞ്ഞു മാറിയും ഒക്കെ കാണാം. ഒരല്പം ഉറച്ച പരന്ന നിലത്തൊക്കെ കെട്ടിടങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു

ചില നഗര ദൃശ്യങ്ങൾ ..


 തട്ട് തട്ടായുള്ള കെട്ടിടങ്ങൾ 

.
കൃഷിയും അങ്ങനെ തന്നെ..

 കുറഞ്ഞത്‌ നാല് നിലയെങ്കിലും കാണും ഓരോ കെട്ടിടത്തിനും. ശക്തമായ സൂര്യപ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന ഒരു മിനിയേച്ചർ നഗരത്തിന്റെ സിനിമാ സെറ്റ് പോലെ തോന്നിപ്പിച്ചു ആ ദൃശ്യം. പല നിറത്തിലുള്ള കൊടികൾ പല വീടുകളുടെയും മട്ടുപ്പാവുകളിൽ കാണാം. ജനലിന്റെ ഗ്ളാസ് കുറച്ചു നീക്കി. ഒരു ഇളം കാറ്റിന്റെ അകമ്പടിയോടെ പുറത്തുള്ള തണുപ്പ് അകത്തേക്ക് കയറി. ഭാര്യ കമ്പിളിക്കടിയിൽ നിന്ന് ആമ കഴുത്ത് നീട്ടുന്നത് പോലെ തല പുറത്തേക്കിട്ടു നോക്കിയിട്ട് വീണ്ടും അകത്തേക്ക് വലിച്ചു. സ്വെറ്റർ കൊണ്ട് വന്നത് നന്നായി. അത് വലിച്ചു കയറ്റി പതുക്കെ പുറത്തേക്കിറങ്ങി.

     നമ്മളുടെ ഹോട്ടൽ നിൽക്കുന്നിടത്തു നിന്നാണ് ഗാംഗ്ടോക് ടൌണ്‍ തുടങ്ങുന്നത്. ഹോട്ടലിന്റെ മുന്നിലായി റോഡ്‌ ക്രോസ് ചെയ്യാൻ ഒരു ഓവർ ഹെഡ് വോക്ക് വേ ഉണ്ട്. ഒരു പൂവും അതിന്റെ നടുക്ക് വന്നിരിക്കുന്ന ഒരു ചിത്രശലഭവും പോലെയാണ് അതിന്റെ രൂപകൽപന. അതിൽ കയറി അപ്പുറത്തെത്തി. ഫുട്പാത്തിലൂടെ മുകളിലേക്ക് നടന്നു. ഒരു കയറ്റമാണ്. റോഡിന്റെ ഇരു വശത്തും നിരനിരയായി കടകളാണ്. നിരപ്പലകകൾ ഇട്ടു അടക്കുന്ന പഴയ കടമുറികളും പുതിയ കെട്ടിടങ്ങളും ഒക്കെയുണ്ട്. റോഡിലോ ഫുട്പാത്തിലോ ഒരു ചപ്പോ ചവറോ ഒന്നും കാണാനില്ല. ഇടവിട്ട്‌ ഇടവിട്ട്‌ കുരങ്ങിന്റെയും കരടിയുടെയും മറ്റും രൂപത്തിൽ നിർമിച്ച ആകർഷകമായ വേസ്റ്റ് ബിന്നുകൾ ഉണ്ട്.ഏഴു മണിയേ ആയിട്ടുള്ളെങ്കിലും എല്ലാ കടകളും തുറന്നിട്ടുണ്ട്. തെരുവിൽ വാഹനങ്ങളും ആൾക്കാരും ഒക്കെയുണ്ട്. ഫുട്പാത്തിൽ കൊച്ചു കുട്ടികൾ നിന്ന് കളിക്കുന്നു. ഒരു വശത്തുള്ള ചെറിയ ഒരു ഹോട്ടലിൽ നിന്ന് പേപ്പർ കപ്പിൽ ഒരു ചായ വാങ്ങി. ഒരു വശത്ത് ചെറിയ ഒരു വളച്ചു കെട്ടു പോലെ ഒരു സ്ഥലം. തുരുമ്പെടുത്തും കമ്പിയൊക്കെ ഒടിഞ്ഞും ഒന്ന് രണ്ടു ബഞ്ചുകളും ഉണ്ട്. ഹോട്ടൽ മുറിയിൽ നിന്നു കാണുന്നതിനേക്കാൾ നന്നായി താഴ്‌വര കാണാൻ കഴിയുന്നുണ്ട് ഇവിടെ. ആവി പറക്കുന്ന ചായ കുടിച്ചു കൊണ്ട് താഴേക്കു നോക്കി ആ ബഞ്ചിലിരുന്നു. ദൂരെയായി താഴെ കുട്ടികൾ കളിക്കുന്നത് കാണാം. അടുക്കടുക്കായി ചെറിയ വയലുകളും. മുളക്കൂട്ടങ്ങളും ഉണ്ട് , ഇടയ്ക്കായി. മിക്ക കെട്ടിടങ്ങളുടെയും ബാൽക്കണിയിലും കൈവരികളിലും ഒക്കെയായി ചെടി ചട്ടികൾ വച്ചും ചെറിയ ഇലച്ചെടികൾ പടർത്തിയും അലങ്കരിച്ചിട്ടുണ്ട്. മരങ്ങൾ കൊണ്ട് മാത്രം ഉണ്ടാക്കി നിറങ്ങൾ കൊടുത്തു മനോഹരമാക്കിയ ചെറിയ വീടുകളാണ് കൂടുതലും. ഇവരുടെ ശരീരത്തിന്റെ സൈസ് നമ്മുടെയൊക്കെ വച്ച് നോക്കുമ്പോൾ ചെറുതാണ് . അതുകൊണ്ട് തന്നെ ഈ വീടുകളും കോണിപ്പടികളും ഒക്കെ ചെറിയ അളവിലാണ് ഉണ്ടാക്കിയിരിക്കുന്നത്. പെട്ടെന്ന് കുടിച്ചു തീർത്തില്ലെങ്കിൽ ഈ തണുത്ത കാറ്റിൽ ചായയും തണുത്തു പോകും. ചായ കപ്പിലേക്ക് ഊതുമ്പോൾ ചെറിയ ചൂടുള്ള ഒരു ഇളം കാറ്റ് മുഖത്ത് അടിക്കുമല്ലോ. അങ്ങനെ ആ ചായ ഊതിയും കുടിച്ചും രസിച്ചു അവിടിരുന്നു. ഇവിടെ നിന്ന് സിഗരറ്റ് വലിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ എന്ന് അനുവാദം ചോദിച്ചു ഒരാൾ അടുത്ത് വന്നിരുന്നു. സാരമില്ല എന്ന് പറഞ്ഞിട്ടും പുള്ളി ആ കൈവരിയുടെ മറ്റേയറ്റത്തേയ്ക്ക് പോയി. സിക്കിമിലെ ആൾക്കാരുടെ ആതിഥ്യ മര്യാദയെപ്പറ്റി ഇവിടെയ്ക്ക് വരുന്നതിനു മുമ്പ് ഒരുപാട് കേട്ടിരുന്നു. അത് അക്ഷരാർത്ഥത്തിൽ സത്യമാണ്. സ്നേഹവും മര്യാദയും അവരുടെ പ്രസന്നമായ  മുഖത്ത് വായിച്ചെടുക്കാം. റോഡിന്റെ മുകളിലൂടെ ഒരു റോപ് വേ ഉണ്ട്. ഇന്നത്തെ ദിവസം ടൌണിൽ കറങ്ങാനാണ് പ്ളാൻ. ചായ കുടിച്ചു തീർത്തു. ഇത് പാൽപൊടിയിൽ ഉണ്ടാക്കുന്നതായത് കൊണ്ട് ഒരു രുചിയുമില്ല. തിരികെ റൂമിലെത്തി. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു , ചൂട് വെള്ളത്തിൽ ഒരു കുളിയും പാസ്സാക്കി. പെട്ടെന്ന് തന്നെ റെഡിയായി ക്യാമറാ ബാഗും തൂക്കി നമ്മൾ പുറത്തിറങ്ങി. അന്തരീക്ഷം നല്ല തണുപ്പാണ് എങ്കിലും വെയിൽ ദേഹത്ത് വീഴുമ്പോൾ നല്ല സുഖം.

     റോപ് വേയിൽ നിന്ന് തന്നെ തുടങ്ങാം എന്ന് നമ്മൾ തീരുമാനിച്ചു. ഡിയോറലി ബാസാറിൽ നിന്ന് ടൌണ്‍ വരെ പോയി തിരികെ വരുന്നതാണ് ഈ കേബിൾ കാർ. ഇരുപത്തി അഞ്ചു പേർക്ക് കയറാം. അങ്ങോട്ടും ഇങ്ങോട്ടും കൂടി ഒരാൾക്ക്‌ എഴുപതു രൂപ മാത്രമാണ് ടിക്കറ്റ്. ഒരു വശത്തേക്ക് പതിനഞ്ചു മിനിറ്റ് നീണ്ടു നിൽക്കുന്ന യാത്ര. ഇടയ്ക്കു ആകാശത്ത് മൂന്നു സ്ഥലത്ത് അവർ കാർ നിർത്തും. സിക്കിമിന്റെ മനോഹരമായ ആകാശ ദൃശ്യങ്ങൾ ഇതിലിരുന്നു കാണാം. ക്യാമറക്ക് പ്രത്യേകിച്ച് ചാർജ് ഒന്നുമില്ല. ഞങ്ങൾ അതിൽ കയറി. നിറയെ ആളുണ്ട്. പുതുതായി കല്യാണം കഴിച്ച ഒരു ദമ്പതികളും അവരുടെ സുഹൃത്തുക്കളും ഉണ്ട്. കയറിയ പാടെ അവർ ഫോട്ടോ പിടിത്തം ആരംഭിച്ചു. കാറിന്റെ ഒരു വശത്ത് തന്നെ കൂടി നിൽക്കാതെ രണ്ടു വശത്തുമായി ബാലൻസ് ചെയ്തു നിൽക്കാൻ കേബിൾ കാർ അസിസ്റ്റന്റ്‌ എല്ലാവരെയും ഉപദേശിച്ചു. ഏതോ തട്ട് പൊളിപ്പൻ പാട്ട് ഉച്ചത്തിൽ വച്ചിട്ടുണ്ട്.  കുറച്ചു കൂടി പോയതിനു ശേഷം കാർ നിശ്ചലമായി. താഴെയുള്ള മനോഹര ദൃശ്യങ്ങൾ കാണാനും ഫോട്ടോ പിടിത്തത്തിനും മറ്റുമായാണ് ഇത്. ഞങ്ങൾ താഴേക്ക്‌ നോക്കി. ഹോ. അതി മനോഹരം. ഇതിൽ കയറിയില്ലെങ്കിൽ ശരിക്കും നല്ല ഒരു അനുഭവം മിസ്സ്‌ ആയേനെ. ടൌണിന്റെയും ചിത്രശലഭ രൂപത്തിലുള്ള വോക്ക് വേയും കെട്ടിടങ്ങൾ നിറഞ്ഞ താഴ്‌വരയുടെയും ഒക്കെ മനോഹരമായ കാഴ്ചകൾ കണ്ടു. കുറെ പടങ്ങൾ നമ്മളും എടുത്തു.
 ദൂരെ കാണുന്ന പൊക്കമുള്ള കെട്ടിടമാണ് ഇതിന്റെ കണ്ട്രോൾ ടവർ
 ഓവർ ഹെഡ് വോക്ക് വേ 


 കേബിൾ കാറിന്റെ ഉള്ളിൽ നിന്നൊരു മനോഹര ദൃശ്യം 



 ചിത്രശലഭത്തിന്റെ രൂപത്തിലുള്ള മേൽ പാലങ്ങൾ .. മുകളിൽ നിന്ന് കാണുമ്പോൾ 


അങ്ങനെ നമ്മൾ അങ്ങോട്ടുമിങ്ങോട്ടുമുള്ള സഞ്ചാരം പൂർത്തിയാക്കി താഴെയിറങ്ങി. ഇനി കുറച്ചു വിശ്രമം, അത് കഴിഞ്ഞു മാർക്കറ്റിംഗ്  ( അതായതു മാർകറ്റിൽ പോയി ചില്ലറ പർച്ചേസിംഗ് ) ആണ് പ്ളാൻ ചെയ്തിരിക്കുന്നത്. തിരിച്ചു വന്നു ഭക്ഷണം കഴിക്കാൻ വേണ്ടി നമ്മൾ റെസ്ടോറന്റിൽ കയറി. ചിക്കനും മട്ടനും കൂടാതെ പോർക്ക് മീറ്റ്‌ കൊണ്ടുള്ള വിഭവങ്ങൾ ഒത്തിരിയുണ്ട്. സിക്കിമിൽ എവിടെ പോയാലും സുലഭമായി കിട്ടുന്ന ഒന്നാണ് പോർക്ക് ഇറച്ചി. കുന്നും മലയും തണുപ്പും എല്ലാം കൂടി പിടിച്ചു നിൽക്കാൻ അല്പം മദ്യവും പന്നിയിറച്ചിയും കഴിക്കുന്നവരാണ്‌ ഇവിടത്തുകാർ. പക്ഷെ കുടിച്ചു കുന്തം മറിഞ്ഞു നടക്കുന്നവരെ ആരെയും ഇവിടെ കാണാൻ കിട്ടില്ല. നല്ല വിശപ്പുണ്ട്. നമ്മൾ ഓരോ ചിക്കൻ സിസ്സ്ലെർ അകത്താക്കി. മുറിയിൽ പോയി വീണ്ടും കുറച്ചു സമയം വിശ്രമിച്ചു.

    ഉച്ച തിരിഞ്ഞു നമ്മൾ മാർക്കറ്റിൽ പോകാൻ ഇറങ്ങി. ഹോട്ടലിന്റെ മുന്നിൽ നിന്ന് ഷെയർ ചെയ്തു പോകാവുന്ന കാബുകൾ കിട്ടും. ഒരാൾക്ക്‌ ഇരുപതു രൂപയ്ക്ക് താഴെയേ ആകൂ. അങ്ങനെ നാല്പതു രൂപ മുടക്കി നമ്മൾ മാർകറ്റിൽ ലാൻഡ്‌ ചെയ്തു. ഇവിടത്തെ പ്രധാന ആകർഷണം സ്വെറ്ററുകളും കമ്പിളി പുതപ്പുകളും തുകലിൽ ഉണ്ടാക്കിയ പല സാധനങ്ങളുമാണ്. ബാംഗ്ളൂരിൽ രണ്ടായിരം രൂപയ്ക്ക് വിൽക്കുന്ന ജാക്കറ്റ് ആയിരം രൂപയ്ക്ക് താഴെയാണ് ഇവിടത്തെ വില. പിന്നെയുള്ളത് പല പല കരകൌശല വസ്തുക്കളാണ്‌. ശ്രീ ബുദ്ധന്റെ പല തരത്തിലുള്ള ചെറിയ പ്രതിമകൾ , പ്രയർ വീലുകൾ ( അതിനെയൊക്കെ പറ്റി വിശദമായിതാഴെ പറയാം ) ഒക്കെയാണ് അതിൽ പ്രധാനപ്പെട്ടത്. തമാശ എന്താണെന്ന് വച്ചാൽ പൊതുവെ നോക്കുമ്പോൾ വില്പന സാധനങ്ങളിൽ ഏറ്റവും വില കുറവ് ബുദ്ധ ഭഗവാനാണ്. ബ്രാസ്സിലും ഗ്ളാസ്സിലും ഉണ്ടാക്കിയ ഒന്ന് രണ്ടു പ്രതിമകൾ നമ്മൾ വാങ്ങി. കൂടാതെ തടിയിലും കളിമണ്ണിലും ഉണ്ടാക്കിയ താഴ്‌വരയുടെയും റ്റീസ്റ്റയുടെയും ചെറിയ മാതൃകകൾ, പൊടിയും മഞ്ഞും മൂക്കിൽ കയറാതെ സൂക്ഷിക്കുന്ന മാസ്ക് പത്തെണ്ണം ( എന്റെ ഒരു സുഹൃത്തിന് വേണ്ടി ), അല്ലറ ചില്ലറ കൗതുക വസ്തുക്കൾ ഒക്കെ വാങ്ങി. ബുദ്ധന്റെ ക്രിസ്റ്റൽ പ്രതിമക്കു വെറും ഇരുനൂറു രൂപയേ ഉള്ളൂ. പിന്നെയാണ് ഒരുകാര്യം ശ്രദ്ധിച്ചത്. എല്ലാം മേഡ് ഇൻ ചൈന ആണ്. ചുമ്മാതല്ല, ഈ വിലക്കുറവ്. ശ്രീ ബുദ്ധൻ വരെ മലയിറങ്ങി ചൈനയിൽ നിന്നാണ് വന്നിരിക്കുന്നത്. കടലാസ്സിൽ ഉണ്ടാക്കിയ മനോഹരമായ വിളക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ചെറിയ കടയാണ്. വില പേശൽ ഒന്നും നടന്നില്ല. പിന്നെ, വിലക്കുറവു ഉള്ളത് കൊണ്ട് ഞങ്ങളും അധികം ആവേശം കാണിച്ചില്ല.  ചെറിയ പടികൾ നിറഞ്ഞ ഒരു തെരുവാണ്. അതിനു രണ്ടു വശത്തും ഇത് പോലുള്ള കടകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇനി കുറച്ചു തേയിലയും കാപ്പിപൊടിയും വാങ്ങണം. നാട്ടിൽ നിന്ന് ഒന്ന് രണ്ടു പേർ പറഞ്ഞു വിട്ടിട്ടുണ്ട്. പടികൾ കയറി മുന്നോട്ടു പോകുന്തോറും അങ്ങനത്തെ കടകൾ കണ്ടു തുടങ്ങി.


 M G മാർഗ്


 ഇത്തരം തകര പാട്ടകൾ വൻ നൊസ്റ്റാൽജിയ ഉണ്ടാക്കി..









പല തരത്തിലുള്ള തേയില ഇവിടെ കിട്ടും. സിക്കിം തേയില , ഡാർജീലിംഗ് റ്റീ , അസ്സം റ്റീ അങ്ങനെ പലതരം. നമ്മൾ ഒരു ചെറിയ കടയിലേക്ക് കയറി.  ആ ചെറിയ മുറി മുഴുവൻ പലതരത്തിലുള്ള തേയില പൊതികളും അച്ചാറുകളും അഗർബത്തികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പഴയ ബ്രിട്ടാനിയ ബിസ്കറ്റ് വരുന്ന തകര പാട്ടകൾ ഓർമയില്ലേ ? അത് പെയിന്റ് അടിച്ചു മനോഹരമാക്കി തേയില നിറച്ചു വച്ചിട്ടുണ്ട്. പച്ച കാന്താരി മുളക്, നാരങ്ങ , മുളയുടെ കൂമ്പ് , വെളുത്തുള്ളി തുടങ്ങി പല പല രുചികളിലുള്ള അച്ചാറുകളും ഉണ്ട്. കടക്കാരൻ ആ പാട്ടയിൽ നിന്ന് ചെറിയ ഒരു കിണ്ണത്തിൽ അല്പം തേയില എടുത്ത് അതിലേക്കു ഒന്ന് ഊതിയിട്ടു മണപ്പിക്കാൻ തന്നു. നമ്മുടെ ശ്വാസത്തിലെ ചെറിയ ചൂടേൽക്കുമ്പോൾ അതിന്റെ മണം പുറത്തേക്കു വരും. ഇല തേയിലകൾ ആണ് അവിടെ കൂടുതലും. പൊടി തേയില ഇല്ല എന്ന് തന്നെ പറയാം. ഒരു ചെറിയ പാക്കറ്റിന് നൂറു രൂപ മുതൽ  ആയിരവും രണ്ടായിരവും ഒക്കെ വിലയുള്ള തേയിലകൾ അവിടെ വിൽപ്പനക്കുണ്ട്. തിരികെ തിരികെ പോവുമ്പോൾ എല്ലാവർക്കും കൊടുക്കാനായി നമ്മൾ കുറെ തേയില വാങ്ങി. കാന്താരി മുളകിന്റെ ഒരു അച്ചാറും. അല്ലറ ചില്ലറ സാധനങ്ങളൊക്കെ വാങ്ങി നമ്മൾ എം ജി റോഡ്‌ ജങ്ക്ഷനിൽ എത്തി. ബാംഗ്ളൂറിലെയും കൊച്ചിയിലെയും തിരുവനന്തപുരത്തെയും എം ജി റോഡുകളിൽ പോയിട്ടുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തമായി മനോഹരമായ ഒരു തെരുവാണ് ഇവിടത്തേത്‌. ലിറ്റർ ഫ്രീ, സ്പിറ്റ് ഫ്രീ സോണ്‍ ആണ് (  സ്പിറ്റ് ഫ്രീയുടെ വില അറിയണമെങ്കിൽ ബാംഗ്ളൂർ വന്നു നോക്കണം. നിൽക്കുന്നിടത്ത് തന്നെ തുപ്പിയിട്ട് അതിന്റെ മുകളിൽ കൂടി കൂളായി നടന്നു പോകുന്നത് ഇവിടെയുള്ളവരുടെ ഒരു വിനോദമാണ്‌ ). പൂച്ചട്ടികളിൽ മനോഹരമായ ചെടികളും പൂക്കളും കൊണ്ടലങ്കരിച്ച തെരുവിൽ വിശ്രമിക്കാൻ നീളൻ ബഞ്ചുകളും ഇട്ടിട്ടുണ്ട്.  നമ്മൾ അവിടെ കുറച്ചു നേരം ചുറ്റി തിരിഞ്ഞു.

     ഡിയോറാലി ബസാറിന്റെ അടുത്ത് ഒരു തിബത്തൻ സെറ്റിൽമെന്റ് ഉണ്ട്. ഇങ്ങോട്ട് വരുന്ന വഴിയിൽ ഒരു അലങ്കരിച്ച ഗേറ്റ് കണ്ടിരുന്നു. വ്യാളിയുടെയും മറ്റും ചിത്രങ്ങൾ കടുത്ത ചുവപ്പ് നിറത്തിൽ വരച്ചു വച്ചിരിക്കുന്ന ഒരു പഗോഡ പോലത്തെ ഒരു പ്രവേശന കവാടം. അത് തന്നെ സ്ഥലം എന്ന് കരുതി നമ്മൾ അങ്ങോട്ട്‌ വച്ചു പിടിച്ചു. സമയം ഏകദേശം നാലര ആയിട്ടുണ്ടാവും. കവാടത്തിൽ ഒരു പട്ടാളക്കാരൻ നിൽപ്പുണ്ട്. അയാളെ മൈൻഡ് ചെയ്യാതെ ഞങ്ങൾ അകത്തേക്ക് കയറി. അപ്പോഴതാ പുള്ളി പുറകെ നിന്ന് വിളിക്കുന്നു. അല്ല, ചേട്ടനും ചേച്ചിയും എങ്ങോട്ടാ ? അങ്ങേർ ചോദിച്ചു. കയ്യിൽ ഒരു തോക്കുമുണ്ട്. അറിയാവുന്ന ഹിന്ദിയിൽ ഞാൻ പറഞ്ഞു 'യേ മൊണാസ്ട്രി നഹി ഹേ ക്യാ ? " എന്ന്. പുള്ളിയുടെ മുഖം ഒന്ന് വിടർന്നു. 'യേ മൊണാസ്ട്രി വോണാസ്ട്രി  നഹി ഹേ. ആർമി ക്യാമ്പ് ഹേ " എന്ന് അങ്ങേർ മാന്യമായി പറഞ്ഞു. ഇതൊക്കെ കണ്ടു കണ്ണ് തള്ളി നിന്ന ഭാര്യ ഉടൻ ബുദ്ധി ഉപയോഗിച്ചു. അപ്പൊ ഇവിടെ കറങ്ങാൻ അകത്തു വിടില്ലേ എന്ന് അങ്ങേരോട് ചോദിച്ചു. ഇത്രയും നേരം ഹൈബി ഈഡനെ പോലെ നിന്ന അങ്ങേരുടെ മുഖം ആനത്തലവട്ടം ആനന്ദന്റെ പോലെയായി. 'മാഡം, യേ ആർമി ക്യാമ്പ് ഹേ .. ആർമി ക്യാമ്പ്' എന്ന് അങ്ങേർ ഒച്ചയെടുത്തു. "വാ, വിട്ടേക്കാം, അല്ലെങ്കിൽ അങ്ങേർ നമ്മളെ വെടി വയ്ക്കും' എന്ന് ഭാര്യയോട്‌ പറഞ്ഞിട്ട് നമ്മൾ സ്ഥലം കാലിയാക്കി.

നിങ്ങൾ തന്നെ പറയ്‌.. ഇത് കണ്ടാൽ പട്ടാള ക്യാമ്പ് ആണെന്ന് ആരേലും പറയുമോ ?

തൊട്ടപ്പുറത്ത് ഒരു ഗുരുദ്വാര ഉണ്ട്. അടുത്ത് കണ്ട ഒരു ചെറിയ ഹോട്ടലിൽ കയറി ചായ അകത്താക്കി. ഹോ. ഈ പാൽപ്പൊടി ചായ കുടിച്ചു മടുത്തു. തിരികെ റൂമിലേക്ക്‌ നടക്കുമ്പോഴതാ ഒരു വശത്ത് ഒരു ചെറിയ മഠം. ശ്രീ ബുദ്ധന്റെ വചനങ്ങൾ മതിലിൽ എഴുതി വച്ചിട്ടുണ്ട്. ഗേറ്റ് തുറന്നു നമ്മൾ അകത്തു കയറി. കെട്ടിടത്തിനു ചുറ്റും പ്രയർ വീലുകൾ ഉണ്ട്. തടിയിലും ലോഹത്തിലും മറ്റും ഉണ്ടാക്കിയ സിലിണ്ടർ രൂപത്തിലുള്ള വീലുകളാണ് ഇത്. ഓം മണി പദെ ഹം എന്ന മന്ത്രം  സംസ്കൃതത്തിൽ ഇതിൽ എഴുതിയിട്ടുണ്ടാവും. തിബത്തൻ വിശ്വാസം അനുസരിച്ച് ഈ വീൽ കറക്കുന്നതും ആ മന്ത്രം ജപിക്കുന്നതും ഒരേ ഫലമാണ് നൽകുന്നത്. കൈ കൊണ്ട് കറക്കുന്നതും യന്ത്ര സഹായത്താൽ കറക്കുന്നതുമായി പല തരത്തിലുണ്ട് ഇത്. ഈ മന്ത്രം സേവ് ചെയ്തു വച്ചിരിക്കുന്ന ഒരു കമ്പ്യൂട്ടർ ഒരു പ്രയർ വീലിനു തുല്യമാണ് എന്നാണു ദലായി ലാമ പറഞ്ഞിരിക്കുന്നത്. കാരണം അതിലെ ഹാർഡ് ഡിസ്ക് എപ്പോഴും കറങ്ങി കൊണ്ടിരിക്കുകയാണല്ലോ. പ്രാർത്ഥന മുറിയുടെ വാതിൽ അടച്ചിട്ടിരിക്കുകയാണ്. അപ്പുറത്ത് പാചക ഹാളിൽ കുറച്ചു സന്യാസിമാർ എന്തൊക്കെയോ ചെയ്യുന്നുണ്ട്. അവരോടു പറഞ്ഞപ്പോൾ അതിലൊരു സന്യാസി വന്നു വാതിൽ തുറന്നു തന്നു. ചെരുപ്പ്  ഊരി  വച്ചിട്ട് ഞങ്ങൾ അകത്തു കയറി. അതിമനോഹരമായ കാഴ്ചയാണ് അകത്ത് . ഒത്ത നടുക്കായി പിത്തളയിൽ നിർമിച്ച  ബുദ്ധ ഭഗവാന്റെ ഒരു വലിയ പ്രതിമ. അതിനു ചുറ്റും പല തരത്തിലുള്ള അലങ്കാര വസ്തുക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു വശത്ത് ദലൈ ലാമയുടെ ചിത്രവും, തിബത്തൻ പ്രക്ഷോഭത്തിലേക്ക് സംഭാവന സ്വീകരിക്കാനുള്ള ചെറിയ പെട്ടിയും ഒക്കെയുണ്ട്. മന്ത്രങ്ങൾ എഴുതി നിറച്ച കടലാസ് കെട്ടുകൾ പല വർണത്തിലുള്ള സിൽക്ക് തുണികളിൽ പൊതിഞ്ഞു ചില്ലിട്ട ചെറിയ അലമാരകളിൽ അടുക്കി വച്ചിട്ടുണ്ട്. മന്ത്രങ്ങൾ എഴുതിയ കൊടികൾ ഇവിടെയുമുണ്ട്. ഇത് വെറും ഒരു കൊടിയല്ല. പ്രയർ വീലിന്റെ കാര്യം പറഞ്ഞ പോലെ ഈ കൊടിക്കും ഒരു ചരിത്രമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ രൂപകൽപന ചെയ്യപ്പെട്ട ഇത് ബുദ്ധമതധർമത്തെ പ്രതിനിധാനം ചെയ്യുന്നു. നീല, മഞ്ഞ, വെളുപ്പ്‌, ഓറഞ്ച് , ചുവപ്പ് എന്നീ നിറങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

 ബുദ്ധിസ്റ്റ് ഫ്ളാഗ്







കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞ പോലെ ഇത് ആത്മാക്കളുടെ ഓർമയ്ക്കായും അവർ പാറിക്കുന്നു. ഒരാൾ മരിച്ചു കഴിഞ്ഞാൽ, പതിനെട്ടു വർഷം തുടർച്ചയായി ഈ കൊടികൾ അവർ സ്ഥാപിക്കും. ഓരോ വർഷവും ഓരോ പുതിയ കൊടി അതിൽ ചേർക്കും . ഇവിടത്തെ താഴ്‌വരകളിലെ ഒഴിഞ്ഞ ചില സ്ഥലങ്ങളിലൊക്കെ ഇത്തരം കൊടികൾ കൊണ്ട് നിറഞ്ഞിരിക്കുന്നത്‌ കാണാം. ബുദ്ധ മതം എല്ലാവരും വിചാരിക്കുന്നത് പോലെ കേവലം ഒരു കൂട്ടം വിശ്വാസങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല . എല്ലാ മതങ്ങളിലെയും ധാർമിക വശങ്ങളെ അവർ അംഗീകരിക്കുകയും അത് അവരുടെ വിശ്വാസത്തിൽ ചേർക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ബുദ്ധിസ്റ്റ് ഹിന്ദു, ബുദ്ധിസ്റ്റ് മുസ്ളീം , ബുദ്ധിസ്റ്റ് ക്രിസ്ത്യൻ എന്നൊക്കെയും ആ വകഭേദങ്ങളെ വിളിക്കാം. പണ്ട് നാലാം ക്ളാസ്സിലെ ചരിത്ര പുസ്തകത്തിൽ കേട്ടു മാത്രം പരിചയമുള്ള ബുദ്ധഭഗവാൻ ഇപ്പോൾ കുറച്ചു കൂടി അടുത്തായത് പോലെ ഒരു തോന്നൽ. നാലഞ്ച് ഫോട്ടോ എടുത്തിട്ട് ഒരു നൂറു രൂപയും സംഭാവന പെട്ടിയിൽ നിക്ഷേപിച്ചു നമ്മൾ പുറത്തിറങ്ങി.

      നേരം ഇരുട്ടിയിരിക്കുന്നു. മഞ്ഞിൽ ചെറിയ മഴ ചാറ്റലും ഉണ്ട്. നല്ല അൽക്കഹോളിക്ക് വെതർ. വഴിയരികിൽ കണ്ട ഒരു ചെറിയ കടയിൽ നിന്ന് ഒരു കപ്പ് കോഫീ വാങ്ങി. അതും അകത്താക്കികൊണ്ട് ഹോട്ടൽ ലക്ഷ്യമാക്കി വലിഞ്ഞു വച്ച് നടന്നു. ഹോട്ടലിലെത്തി. നാളെ  ചാംഗു  ലേക്ക് കാണാൻ പോകുകയാണ്. നാഥുലാ പാസ്സിലെക്കുള്ള വഴിയിലുള്ള മഞ്ഞും ഐസും മൂടിയ ഒരു തടാകമാണ് ചാംഗു. അവിടെ നിന്നും വെറും അഞ്ചു കിലോമീറ്റർ പോയാൽ ചൈന അതിർത്തിയാണ്. ലേക്ക് സന്ദർശനത്തിനു പ്രത്യേക പാസ്‌ എടുക്കണം. അതിനു തിരിച്ചറിയൽ കാർഡ്‌, ഫോട്ടോ ഒക്കെ വേണം. അതെല്ലാം റിസപ്ഷനിൽ കൊടുത്തു. രാവിലെ ഒൻപതു മണിക്ക് വണ്ടി റെഡി ആയിരിക്കും എന്ന് അവർ ഉറപ്പു പറഞ്ഞു. റൂമിലെത്തി. ടി വീയിൽ അവിടത്തെ ലോക്കൽ ചാനലിൽ എന്തോ മ്യൂസിക്‌ വീഡിയോ നടക്കുന്നു. സിക്കിമിലെ സൂപ്പർ ഹീറോകളും ഹീറോയിനികളും അഭിനയിച്ച ഒരു സംഗീത ശിൽപം. കുറച്ചു നേരം അത് കണ്ടു കൊണ്ടിരുന്നു. പിന്നെ കുറെ റൊട്ടിയും കറിയും ഒക്കെ അകത്താക്കി കിടക്കയിലേക്ക് ചാഞ്ഞു.


2014 മേയ് 14, ബുധനാഴ്‌ച

ഗാംഗ്ടോക് ഡയറി - ഭാഗം 1

      കുറച്ചു കാലമായി വിചാരിക്കുന്നതാണ് നോർത്ത് ഈസ്റ്റ് ഒക്കെ ഒന്ന് പോകണമെന്ന്.അപ്പോൾ നിങ്ങൾ വിചാരിക്കും നോർത്ത് അമേരിക്കയിലോ ഈസ്റ്റ് ആഫ്രിക്കയിലോ പോകുന്ന കാര്യമാണ് ഉദ്ദേശിച്ചതെന്ന് . എന്നാൽ അല്ല. നമ്മുടെ  സ്വന്തം ഇന്ത്യയുടെ വടക്കോട്ട്‌ പോകുന്ന കാര്യമാണ് കവി ഉദ്ദേശിച്ചത്. ഹണിമൂണ്‍ അങ്ങോട്ട്‌ പോകാം എന്ന് വിചാരിച്ചെങ്കിലും നടന്നില്ല. പിന്നെയും കുറെ തടസ്സങ്ങൾ. കാലം കടന്നു പോയി. അങ്ങനെയിരിക്കെ ഭാര്യക്ക്‌ ഒരു ഫ്രീ ടൂർ പാക്കേജ് അവരുടെ കമ്പനിയുടെ വകയായി കിട്ടി.  രോഗി ഇശ്ചിച്ചതും പാല്, വൈദ്യർ കൽപ്പിച്ചതും പാല് എന്നത് പോലെ അതാ കിടക്കുന്നു നോർത്ത് ഈസ്റ്റിലെ കുറെ സ്ഥലങ്ങൾ. ആദ്യം മണാലിയോ സിംലയോ പോകാം എന്ന് വിചാരിച്ചെങ്കിലും ഒടുവിൽ സിക്കിം തെരഞ്ഞെടുത്തു. അതിനു രണ്ടു കാരണങ്ങളുണ്ട്.  സിംലയെയും മനാലിയെയും ഒക്കെ പോലെ ഇനിയും അധികം കച്ചവടവൽക്കരിക്കപ്പെടാത്ത ഒരു സ്ഥലമാണ്‌ സിക്കിം. വലിയ തിക്കും തിരക്കും ഇല്ലാത്ത സമാധാനം നിറഞ്ഞ മനോഹരമായ ഒരു പ്രദേശം.

അപ്പ ഇതാണ് ഷെഡ്യൂൾ.

ബാംഗ്ളൂർ --> കൽക്കട്ട --> ബാഗ്ദോഗ്ര ( ഇത് വരെ വീമാനത്തിൽ )
ബാഗ്ദോഗ്ര --> ഗാങ്ങ്ടോക് ( ടാക്സി )
വായിനോട്ടം --> ടാക്സിയിലും നടന്നും ഇരുന്നും കിടന്നും

      മൂന്നു രാത്രിയും നാല് പകലുമാണ് പാക്കേജ്. താമസം & ബ്രേക്ക്‌ഫാസ്റ്റ് ഫ്രീ. ബാക്കിയെല്ലാം നമ്മ കൊടുക്കണം. മൂന്നു നാല് ദിവസത്തേക്ക് മാത്രമായി പോകുന്നത് നഷ്ടമാണെങ്കിലും മുന്നോട്ടു വച്ച കാൽ പുറകോട്ടില്ല എന്ന് നമ്മൾ  ലോകത്തോട്‌  പ്രഖ്യാപിച്ചു.  വേഷ വിധാനങ്ങൾ, ബ്രഷ് , പേസ്റ്റ്  തുടങ്ങിയ സാധനങ്ങൾ ഒക്കെ കുത്തി നിറച്ചു രണ്ടു ട്രോളിയുമായി നമ്മൾ യാത്രയ്ക്ക് റെഡിയായി.തണുപ്പ് സീസണ്‍ കഴിഞ്ഞത് കൊണ്ട് സ്വെറ്റർ , ജെർക്കിൻ  തുടങ്ങിയവയൊന്നും ആവശ്യമില്ല.എങ്കിലും ഒരു സ്വെറ്റർ ഒപ്പം കരുതി. ഇനി എങ്ങാനും ശരിക്കും  അവിടെ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ. സാന്ദർഭികമായി  പറയട്ടെ, നമ്മൾ മലയാളികൾ യാത്ര ചെയ്യുന്നത് കാണേണ്ട ഒരു കാഴ്ചയാണ്. രാവിലെ പല്ല് മിനുക്കാനുള്ള ഉമിക്കരി മുതൽ കുളിക്കാനുള്ള വെളിച്ചെണ്ണയും ഈരെഴ തോർത്തും വരെ നമ്മൾ ഒപ്പം കൊണ്ട് പോകും. കുറച്ചു സാധനങ്ങളുമായി യാത്ര ചെയ്യുന്നത് പൊതുവെ നമുക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല.

      എയർ പോർട്ടിൽ പോകാൻ മേരു കാബ്സിന്റെ ടാക്സി ബുക്ക്‌ ചെയ്തു. ആറരയ്ക്കാണ് വിമാനം പുറപ്പെടുന്നത്. ടാക്സി അഞ്ചു മണിക്ക് തന്നെ എത്തി. പുതിയ സിക്സ് ലേൻ എലിവേറ്റഡ്‌ ഹൈവേ വഴി നമ്മുടെഡ്രൈവർ വണ്ടി പറപ്പിച്ചു. കാളയുടെയും പശുവിന്റെയും തലയോട്ടിയുടെയും ഒക്കെ സ്റ്റിക്കർ ഒട്ടിച്ചു നിറച്ച ലോക്കൽ കാബുകളും അതിലെ പറന്നു പോകുന്നുണ്ട്. പുതിയ ടെർമിനൽ കൂടി തുറന്നതിനു ശേഷം ബാംഗ്ളൂർ എയർപോർട്ട് അതിമനോഹരം ആയിട്ടുണ്ട്‌. ഫ്രാങ്ക്ഫർട്ട് , പാരിസ്, ഹീത്രൂ എയർപോർട്ടുകൾ പോലെ അത്യുഗ്രൻ എന്ന് പറയാൻ പറ്റില്ല. കാരണം ഞാൻ ഈ പറഞ്ഞ സ്ഥലത്തൊന്നും പോയിട്ടില്ല. ഹി  ഹി .. വിമാനം പൊങ്ങി. ഗിയറുകൾ പലതും മാറി മാറി ഇട്ടു ഒടുവിൽ ഒരു മുപ്പത്തയ്യായിരം അടി ഉയരത്തിലെത്തി. അടുത്ത രണ്ടു മണിക്കൂറിനുള്ളിൽ നമ്മൾ കൽക്കട്ടയിൽ എത്തും എന്ന് പൈലറ്റ്‌ അനൌണ്‍സ് ചെയ്തു. എയർ ഹോസ്റ്റസുമാർ  ട്രോളിയിൽ സ്നാക്സ് ഒക്കെ കൊണ്ടുനടന്നു വിൽക്കുന്നുണ്ട്. യാത്രക്കാരിൽ കൂടുതലും ഉറക്കമാണ്. ചിലരൊക്കെ പുസ്തകം വായിച്ചും പാട്ട് കേട്ടുമൊക്കെ ഇരിപ്പുണ്ട്. സ്വന്തം വാക്കിൽ ഒരു വിശ്വാസം ഇല്ലാത്ത പോലെ പൈലറ്റ് ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട് ഇപ്പ എത്തും ഇപ്പ എത്തും എന്ന്. മറ്റേ മലേഷ്യൻ വിമാനത്തിന്റെ കാര്യമൊക്കെ ഓർമ വരുന്നു. അങ്ങനെ ഒടുവിൽ ഉന്തിയും തള്ളിയും വിമാനം കൽക്കട്ടയിലെത്തി . സാംബശിവന്റെ കഥാപ്രസംഗങ്ങളിലൂടെയും കമ്മ്യൂണിസ്റ്റ്‌കാരുടെ പ്രസംഗങ്ങളിലൂടെയും കേട്ടിട്ടുള്ള കൽക്കട്ട നഗരം. എയർപോർട്ട് അഥോറിറ്റി ആണ് ഈ എയർപോർട്ടിന്റെ നടത്തിപ്പുകാർ. അതിന്റെ ഒരു വൃത്തികേട്‌ കാണാനുമുണ്ട്. ഒന്നര മണിക്കൂർ സമയമുണ്ട് ഇനി അടുത്ത വിമാനം വരാൻ.  അങ്ങനെ കുറെ നേരം തിന്നും കുടിച്ചുമൊക്കെ നമ്മൾ സമയം തള്ളി നീക്കി. ബാഗ്ദോഗരയിലേക്ക് പോകാനുള്ള വിമാനം കൃത്യ സമയത്ത് തന്നെ എത്തി.  അത്രയ്ക്ക് വൃത്തിയൊന്നുമില്ലാത്ത ഒരു വിമാനം. സലിം കുമാർ പറയുന്ന പോലെ ഒരു പച്ചക്കറി ഫ്ലൈറ്റ്. ഒരു കൂട്ടം ആൾക്കാർ തിക്കി തിരക്കി വന്നു കയറി. കുറെ വിദേശികളും നാടൻ വിദേശികളും ഒക്കെയുണ്ട്. ഡാർജിലിംഗ്, ഗൌഹാത്തി , ഷിംല തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള ഒരു ഹബ് ആണ് ബാഗ്ദോഗ്ര. ഏകദേശംഒരു മണിക്കൂർ കൊണ്ട് നമ്മൾ ബാഗ്ദോഗ്രയിൽ ലാൻഡ്‌ ചെയ്തു.

    ഇറങ്ങിയ പാടെ ഒരു ഫോട്ടോ പിടിക്കാം എന്ന് വിചാരിച്ചു ക്യാമറ എടുത്തു. അതാ ഓടിക്കൊണ്ട്‌ വരുന്നു ഒരു പട്ടാളക്കാരൻ. ഇത് വെറും ഒരു എയർപോർട്ട് അല്ല. മിലിട്ടറി ആണ് ഈ എയർപോർട്ടിന്റെ നടത്തിപ്പുകാർ. മാത്രമല്ല ഇതൊരു എയർ ഫോഴ്സ് ബേസ് ആണ്. ഫോട്ടോഗ്രഫി ഒന്നും അനുവദനീയമല്ല. ഒരു വൃത്തിയും ഇല്ലാത്ത ഒരുസ്ഥലം. കാലി തൊഴുത്തിനേക്കാൾ കഷ്ടം.  ഇവിടത്തെ ബാക്കി പരിപാടികൾ ഒക്കെ എയർപോർട്ട് അഥോരിറ്റി ആണ് ചെയ്യുന്നത്. സ്വകാര്യ കമ്പനിയായ ജി വി കെ നടത്തുന്ന മുംബൈ,ബാംഗ്ളൂർ എയർ പോർട്ടുകൾ കണ്ടാലറിയാം ഇതിലൊക്കെ സ്വകാര്യ വൽക്കരണം കൊണ്ട് വരണം എന്ന് ജനങ്ങൾ പറയുന്നതിന്റെ കാരണം. ബാഗ് ദോഗ്രയിൽ നിന്ന് ഗാംഗ്ടോക്കിലെയ്ക്ക് പോകാൻ ടാക്സിയാണ് പ്രധാനമായും ആശ്രയം. ഷെയർ ചെയ്തു പോകാവുന്ന ടാറ്റാ സുമോ, വാഗണ്‍ ആർ , ഇന്നോവ തുടങ്ങിയുള്ള വാഹനങ്ങളും ഉണ്ട്. പിന്നെയുള്ള വഴി പവൻ ഹംസ് നടത്തുന്ന ഹെലികോപ്ടർ സർവീസ് ആണ്. ഒരാൾക്ക്‌ 2700 രൂപയാണ് ചാർജ്. പത്തു കിലോ വരെ ലഗേജും കൊണ്ട് പോകാം. ഞായർ , ചൊവ്വ, ബുധൻ , വ്യാഴം , ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കും തിങ്കളും വെള്ളിയും ഉച്ചക്ക് മൂന്നരയ്ക്കുമാണ് സർവീസ്. ഗാംഗ്ടോക്കിൽ  നിന്ന് തിരിച്ചുള്ള സർവീസ് എല്ലാ ദിവസവും ഉച്ചക്ക് പന്ത്രണ്ടരയ്ക്കുണ്ട്. സൈറ്റ് സീയിങ്ങ്നും നിങ്ങൾക്ക് ഇത് ബുക്ക്‌ ചെയ്യാം.

   നമ്മൾ വാഗൻ ആർ ആണ് ബുക്ക്‌ ചെയ്തിരുന്നത്. എയർ പോർട്ടിൽ നിന്ന് ഗാംഗ്ടോക്കിലേയ്ക്കും തിരികെ വരുന്ന ദിവസം ഡ്രോപ്പ് ചെയ്യുന്നതിനും കൂടി 5800 രൂപ ആണ് പറഞ്ഞിരുന്നത്. ഒരു വശത്തേയ്ക്ക് ഏകദേശം നൂറ്റി നാൽപതു കിലോമീറ്റർ ഉണ്ട്.  പക്ഷെ അന്ന് വാഗൻ ആറിനു പകരം ഇന്നോവയാണ് അവർ അയച്ചത്. ബാഗുകൾ ഒക്കെ അട്ടിയിട്ടു നമ്മൾ അതിൽ കയറി. സണ്‍ ഗ്ളാസ്സ് വച്ച പരിഷ്കാരിയായ ഒരു ഡ്രൈവർ. നമസ്തേ പറഞ്ഞു  പുള്ളി നമ്മളെ സ്വാഗതം ചെയ്തു. വണ്ടിയുടെ ഡാഷ് ബോർഡിൽ ബുദ്ധ ഭഗവാന്റെ ഒരു പ്രതിമയും അതിനു ചുറ്റിനും ഗണപതിയുടെയും ദുർഗാ ദേവിയുടെയും മറ്റും മൂർത്തികളും ഉണ്ട്. ഒരു വശത്ത് പുള്ളിയുടെ ഭാര്യയും കുട്ടിയുമായി ഇരിക്കുന്ന ഒരു മങ്ങിയ ഫോട്ടോയും വച്ചിട്ടുണ്ട്. കടുത്ത ഫുട്ബോൾ ഭ്രാന്തന്മാരാണ് ഇവർ. ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം ബൈചുങ്ങ് ബൂട്ടിയയുടെ നാട് കൂടിയാണ്  സിക്കിം. Chelsea ഫുട്ബോൾ ക്ളബ്ബിന്റെ ഒരു dangler വണ്ടിയിൽകണ്ടു. ഈ വണ്ടിയിൽ മാത്രമല്ല, തെരുവിലുള്ള മിക്ക  വാഹനങ്ങളിലും Manchester United, Arsenal തുടങ്ങി ലോകത്തെ പ്രശസ്ത ഫുട്ബോൾ ക്ളബ്ബുകളുടെ സ്റ്റിക്കറുകളും ഒക്കെ കാണാം.  ഇന്ത്യാക്കാരുടെ ദേശീയ വിനോദമായ ക്രിക്കറ്റിനു അവിടെ വലിയ സ്ഥാനമൊന്നുമില്ല. ഗണപതി ഭഗവാനെ വണങ്ങി പുള്ളി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ( ബുദ്ധ മത വിശ്വാസികളായ ഇവർ ദുർഗയെയും ഗണപതിയെയും ആരാധിക്കുന്നത് എന്തിനാണെന്ന് എനിക്ക് സംശയം തോന്നാതിരുന്നില്ല. പിന്നെ അതിനുള്ള മറുപടി കിട്ടി. അത് വഴിയെ പറയാം )

     വണ്ടി എയർ പോർട്ടിനു പുറത്തേക്കിറങ്ങി. ഗേറ്റിനു വലതു വശത്ത് മനോഹരമായ ഒരു തേയില തോട്ടമാണ്.ദൂരെ മഞ്ഞുമൂടി കിടക്കുന്നത് പോലെ കാണാം. ഗേറ്റ് വിട്ടു ഒരു നൂറു മീറ്റർ പോയതേ ഉള്ളൂ. റോഡിന്റെ ഇടതു വശത്തായി ഒരു ക്ഷേത്രം. "ബാഗ്ദോഗ്ര അയ്യപ്പ ക്ഷേത്രം" എന്ന് മലയാളത്തിൽ എഴുതി വച്ചിട്ടുണ്ട്. അവിടെ ഒരുപാടു ആർമി / എയർ ഫോഴ്സ് ക്യാമ്പുകൾ ഉണ്ട്. സ്വാഭാവികമായും അവിടെ ഒരുപാടു മലയാളികളും ഉണ്ടാവാൻ സാധ്യത ഉണ്ട്. അതാവും ആ അമ്പലം അവിടെ വരാൻ കാരണം എന്നൊക്കെ ഭാര്യ ഷെർലക് ഹോംസ് ബുദ്ധി ഉപയോഗിച്ച് വിശദീകരിക്കുന്നത് കേട്ടു. ഒരു വനത്തിന്റെ ഉള്ളിലൂടെയാണ് നമ്മൾ പൊയ്ക്കൊണ്ടിരിക്കുന്നത്. എന്തൊക്കെയോ വൈൽഡ്‌ ലൈഫ് ക്യാമ്പുകളുടെയും മറ്റുംകവാടങ്ങൾ  കണ്ടു.   ഉച്ച ഭക്ഷണം കഴിക്കാൻ വേണ്ടി ഒരു ചെറിയ ഹോട്ടലിൽ നിർത്തി. ഒരു മൂലയ്ക്ക് കുറച്ചു പേർ ഇരുന്നു മദ്യപിക്കുന്നുമുണ്ട്.  കുറെ കുടുംബങ്ങൾ മറുവശത്ത് ഇരുന്നു ഭക്ഷണം കഴിക്കുന്നു. കുടിയന്മാർ പക്ഷെ ബഹളമൊന്നും ഉണ്ടാക്കാതെ ഇരുന്നാണ് കുടിച്ചു കൊണ്ടിരിക്കുന്നത്. ആദ്യം ഒരു വല്ലായ്മ തോന്നിയെങ്കിലും ഇനി കുറെ ദൂരം കഴിഞ്ഞാൽ ഇത് പോലും കിട്ടില്ല എന്നാ ഡ്രൈവറുടെ മുന്നറിയിപ്പ് നമ്മൾ കണക്കിലെടുത്തു. നോണ്‍ വെജ് താലി ആണ് ഓർഡർ ചെയ്തത്. നല്ല ഫ്രഷ്‌ കാരറ്റും ഉരുണ്ട കടും പച്ച നിറത്തിലുള്ള മുളകും വെള്ളരിക്കയും ഒക്കെ അരിഞ്ഞിട്ട ഒരു സാലഡും ഉണ്ടായിരുന്നു. എന്താ അതിന്റെ ഒരു രുചി. അത്രയ്ക്ക് എരിവില്ലാത്ത മുളകാണ്. ചിക്കൻ കൊണ്ട് എന്തോ ഒരു കറിയും. വലിയരുചിയൊന്നുമില്ല . ഭക്ഷണം കഴിഞ്ഞു പുറത്തിറങ്ങി. അഞ്ചു മിനിറ്റ് മൂരി നിവർത്തിയ ശേഷം വീണ്ടും യാത്ര തുടർന്നു.

 ഏതോ ഒരു കാട്ടിലൂടെ... 


ഇത് പോലെ വൃത്തിയുള്ള റോഡ്‌ അല്ല ഇനിയങ്ങോട്ട് ... 

     ടാർ റോഡുകൾ കടന്നു ചെറിയ കുണ്ടും കുഴികളും നിറഞ്ഞ നിരത്തുകൾ കണ്ടു തുടങ്ങി. വണ്ടി നല്ലത് പോലെ കുലുങ്ങുന്നുണ്ട്. ഇന്നോവയുടെത് നല്ല സസ്പെൻഷൻ ആയതു കൊണ്ട് അത്രയ്ക്ക് ഫീൽ ആകുന്നില്ല. കുലുക്കം കൂടി കൂടി വരുന്നു. നമ്മൾ മല കയറാൻ തുടങ്ങിയിരിക്കുന്നു. കേന്ദ്ര സേനയുടെ ബോർഡർ റോഡ്സ് ഡിവിഷൻ ആണ് ഈ മേഘലയിലെ റോഡ്‌ നിർമാണം ഒക്കെ നടത്തുന്നത്. മിക്ക സ്ഥലത്തും പണി തകൃതിയായി നടക്കുന്നുണ്ട്. ഒരു വാഹനത്തിനു കഷ്ടി പോകാനുള്ള വീതിയെ ഉള്ളുവെങ്കിലും നമ്മുടെ ചേട്ടൻ ആററുപതിൽ വണ്ടി വിടുകയാണ്. ജീപ്പ് പോലുള്ള എസ് യൂ വികൾ ആണ് ഈ റോഡിനു ഏറ്റവും പറ്റിയത്. ഇളം തവിട്ടു നിറത്തിലുള്ള പൊടി മണ്ണ് നിറഞ്ഞ വഴി.  ഒരു വശത്ത് ചെങ്കുത്തായ മലയും ഒരു വശത്ത് നല്ല താഴ്ചയും ആണ്.

സ്വർഗത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണല്ലോ 

    പാതയുടെ ഒരു വശത്ത് കൂടി റ്റിസ്റ്റാ നദിശാന്തമായി ഒഴുകുന്നുണ്ട്. സിക്കിമിന്റെ ഹൃദയ രേഖയാണ് റ്റീസ്റ്റ. ഏകദേശം 310 കിലോ മീറ്റർ നീളമുണ്ട് ഈ നദിക്ക്. ഹിമാലയൻ മലനിരകളിൽ നിന്നുത്ഭവിച്ചു പശ്ചിമ ബംഗാളിലൂടെ ബ്രഹ്മപുത്രയുടെ ഭാഗമാകുകയാണ് റ്റീസ്റ്റ. കുറെ ദൂരം പോയപ്പോൾ ഒരു കൂറ്റൻ പാലം കണ്ടു. അതാണ് കൊറോണേഷൻ ബ്രിഡ്ജ്. ഭൂട്ടാനിലേക്ക് പോകുന്നത് ഈ പാലം കടന്നാണ്. നദിയുടെ ഓരത്തുള്ള കല്ലുകളും പാറകളും മാത്രമല്ല നദിയിലെ മണലും വൻ തോതിൽ ഊറ്റിയെടുക്കുന്നത്‌ കൊണ്ട് കനത്ത പരിസ്ഥിതി നാശമാണ് ഉണ്ടാവുന്നതെന്ന് ഡ്രൈവർ പറഞ്ഞു. ചിലയിടങ്ങളിൽ ഡാമുകളുടെ പണി നടക്കുന്നത് കണ്ടു. റ്റീസ്റ്റ നദിയിൽ ചെറുതും വലുതുമായി നാല്പത്തി രണ്ടു ഹൈഡ്രോ ഇലക്ട്രിക്‌ പ്രോജക്ടുകളാണത്രെ പണി നടന്നു വരുന്നത്. മാറി വരുന്ന ഋതുക്കൾക്ക്‌ അനുസൃതമായി ചിരിച്ചും കരഞ്ഞും കലഹിച്ചും റ്റീസ്റ്റ ഒഴുകിക്കൊണ്ടിരിക്കുന്നു. ഇനിയുള്ള ദൂരം മുഴുവൻ റ്റീസ്റ്റ നമ്മുടെ ഒപ്പമുണ്ട്. മണലും മണ്ണും മരങ്ങളും ഒക്കെ ചെറിയ മഞ്ഞ കലർന്ന തവിട്ടു നിറത്തിലാണ് ഇവിടത്തെ ഭൂ പ്രകൃതി. ആ നിറപ്പൊലിമയിൽ അലിഞ്ഞും ഒളിഞ്ഞും ഒഴുകുന്നു റ്റീസ്റ്റ. ശാന്തമായ കാലാവസ്ഥയിൽ നദിയിൽ പല വിനോദങ്ങൾക്കും വകുപ്പുണ്ട്. Rafting നടത്താൻ പറ്റിയ ചില ഭാഗങ്ങളിൽ ബോട്ടുമായി നീങ്ങുന്ന ജീപ്പുകളെയും കണ്ടു. ബോട്ടിൽ കയറി നദിയുടെ മറുകരയിൽ ടെന്റ് ഒക്കെ അടിച്ചു വിശ്രമിക്കാം. പെട്ടെന്നൊരു വെള്ളപ്പൊക്കം വന്നാൽ ഒലിച്ചു പോകും എന്നല്ലാതെ വേറെ പ്രശ്നമൊന്നുമില്ല. ഹി ഹി .


റ്റീസ്റ്റ 

 നദിയോരത്തെ കുന്നിൻ ചെരിവ് വെട്ടി മിനുക്കിയുണ്ടാക്കിയ റോഡുകൾ 










വഴിയിലെ ഒരു ചെറിയ മണ്ണിടിച്ചിൽ നീക്കുന്നതിനിടയിലെ
ട്രാഫിക്‌ ബ്ളോക്ക് ദൂരെ കാണാം 

 കൊറോണേഷൻ ബ്രിഡ്ജ്. ഇതിന്റെ നല്ല ഫോട്ടോ ഒന്നും കിട്ടിയില്ല 




 ഇതും റോഡ്‌ തന്നെ 




വണ്ടി പതിയെ മല  കയറിക്കൊണ്ടിരിക്കുകയാണ്. സിക്കിമിലേയ്ക്ക് സ്വാഗതം എന്നെഴുതിയ ഒരു കവാടം കണ്ടു. ആർമിയുടെ ഒരു ചെക്ക്പോസ്റ്റ് ഉണ്ട്. ചൈന ,നീപ്പാൾ , ഭുട്ടാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നത് കൊണ്ട് സിക്കിം തന്ത്ര പ്രധാനമായ ഒരു സ്ഥലമാണ്‌. അതുകൊണ്ട് തന്നെ ആർമിയുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലും ആണ് പല സ്ഥലങ്ങളും. സിക്കിമിലെ ചില സ്ഥലങ്ങൾ സന്ദർശിക്കണമെങ്കിൽ നിങ്ങൾ ഇന്ത്യൻ പൌരൻ ആയാൽ പോലും തിരിച്ചറിയൽ രേഖകളും പെർമിറ്റും ഒക്കെ ആവശ്യമാണ് എന്ന് ഡ്രൈവർ വിശദീകരിച്ചു. കവാടം കടന്നു വീണ്ടും മുന്നോട്ട്. മനോഹരമായ ഒരുപാടു കാഴ്ചകൾ കാത്തിരിക്കുന്നു എന്ന പ്രതീക്ഷയോടെ നമ്മളും ..



( തുടരും )