എല്ലാ കാമുകന്മാരും ചോദിച്ചിട്ടുള്ള ചോദ്യം. അവൾ ഒന്നും മിണ്ടിയില്ല. ഫോണ്‍ കട്ട് ചെയ്തു. ബൈജുവിന്റെ ഇരിപ്പ് കണ്ടിട്ട് മഹേഷ് വന്നു. ഒന്നും പറയാതെ തന്നെ അവനു എല്ലാം മനസ്സിലായിരിക്കുന്നു. മഹേഷ് നിർബന്ധിച്ചു അവനെ വിളിച്ചു പുറത്തേക്കു കൊണ്ട് പോയി. ബൈക്കിന്റെ പുറകിൽ ഇരിക്കുമ്പോഴും ബൈജു ഒന്നും അറിയുന്നുണ്ടായിരുന്നില്ല. ചിന്നുവിന്റെ അർത്ഥഗർഭമായ മൌനം അവനെയും നിശബ്ദനാക്കി. അതാ ഫോണ്‍ റിംഗ് ചെയ്യുന്നു. ചിന്നുവാണ്. യാന്ത്രികമായി അവൻ ഫോണ്‍ എടുത്തു. അപ്പുറത്തു അവൾ അലറിക്കരയുകയാണ് .
"ഞാൻ അന്നേ പറഞ്ഞില്ലേ ബൈജൂ എനിക്ക് അങ്ങനെ ഇറങ്ങി വരാനൊന്നും ഉള്ള ധൈര്യമില്ല എന്ന് ? എനിക്കത് പറ്റുമോ എന്തോ ? " ചിതറിയ വാക്കുകളിൽ അവൾ പറഞ്ഞു. അവൻ ഒന്നും മിണ്ടാതെ ഫോണ്‍ വച്ചു . അപ്പോൾ ബൈജുവിന്റെ മനസ്സിലുണ്ടായ വികാരം എന്താണെന്നു അവനു തിരിച്ചറിയാൻ പറ്റിയില്ല. ദേഷ്യമാണോ സങ്കടമാണോ എന്നൊക്കെ വേർതിരിച്ചറിയാൻ പറ്റാത്ത ഒരു തരം ഫീലിംഗ്. മഹേഷ് ഒരു മരത്തിന്റെ ചുവട്ടിൽ വണ്ടി നിർത്തി. 'അവൾക്കു ഇറങ്ങി വരാനൊന്നും പറ്റില്ലെന്നാ പറയുന്നത്' അവൻ പറഞ്ഞു. മഹേഷ് ഒരു നിമിഷം ഒന്നും മിണ്ടിയില്ല. എന്നിട്ട് അവൻ പറഞ്ഞു. 'ഡാ.. നീ വിഷമിക്കണ്ട. വിളിക്കുമ്പോ തന്നെ ഇറങ്ങി വരാൻ ഇത് സിനിമ ഒന്നുമല്ലല്ലോ. നമുക്ക് നോക്കാം ' . പക്ഷെ മഹേഷിന്റെ വാക്കുകൾ അവനു ആശ്വാസമായില്ല. 'അവർ ഡേറ്റ് വരെ തീരുമാനിച്ചു, ഹാൾ ബുക്ക് ചെയ്തു. ഇനി ? " അവൻ ചോദിച്ചു. മഹേഷിനും അതിനു പെട്ടെന്ന് മറുപടി പറയാൻ പറ്റിയില്ല. 'ഡാ. നിനക്ക് വിഷമമാകുമോ എന്നെനിക്കറിയില്ല. പക്ഷെ ചിന്നു അല്പം ധൈര്യം കാണിക്കാതെ ഒന്നും നടക്കില്ല. " അവൻ പറഞ്ഞു.
യാത്ര തുടർന്നു. ഇടയ്ക്ക് ചിന്നു വീണ്ടും വിളിച്ചു. അവൾ അച്ഛനോടും അമ്മയോടും മാറി മാറിസംസാരിക്കുകയായിരുന്നു . അവസാനം അവളുടെ ചേച്ചി വിളിച്ചുവത്രേ. ഇത്രയും കാലം സ്നേഹിച്ചു വളർത്തിയ അമ്മയും അച്ഛനും ആണോ വലുത് അതോ ഇന്നലെ കണ്ട ആ യൂസ്ലെസ്സ് ആണോ വലുത് എന്ന് ചേച്ചി ചോദിച്ചു. ബൈജുവിനെ അങ്ങനെ വിളിക്കരുത് എന്ന് ചിന്നു ദേഷ്യപ്പെട്ടപ്പോൾ അവളെ കുറെ ശപിച്ചതിനു ശേഷം ചേച്ചി ഫോണ്‍ വച്ചിട്ട് പോയി. അത് വരെ അവളുടെ ചേച്ചി ഒരിക്കൽ പോലും ചിന്നുവിനോട് മുഖം കറുപ്പിച്ചു ഒന്നും പറഞ്ഞിട്ടില്ല. "ഇനി എനിക്ക് ഇങ്ങനെ ഒന്നും കേൾക്കാൻ വയ്യ ബൈജൂ .. നമ്മുടെ ആഗ്രഹം ഒന്നും നടക്കില്ല " എന്നൊക്കെ പറഞ്ഞിട്ട് അവൾ ഫോണ്‍വച്ചു. അവൻ ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവൾ വീണ്ടും . 'സോറി ബൈജൂ . ഞാൻ പെട്ടെന്ന് അങ്ങനെയൊക്കെ കേട്ടപ്പോ.. എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല. ഇറങ്ങി വരാനുള്ള ധൈര്യവും ഇല്ല..എന്റെ അച്ഛനെയും അമ്മയെയും എങ്ങനെ ഞാൻ പറഞ്ഞു മനസ്സിലാക്കും ? " അവൾ വിങ്ങിക്കൊണ്ട് പറഞ്ഞു. 'ജനിപ്പിച്ചവർക്ക് കുട്ടികളുടെ ജീവിതവും നശിപ്പിക്കാനുള്ള അവകാശം ഉണ്ടോ ? " അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ അച്ഛനും അമ്മയും ചേച്ചിയും ചേർന്ന് ഒരു ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് ആണ് അവിടെ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ബൈജുവിന് മനസ്സിലാകാതിരുന്നില്ല. പക്ഷെ ചിന്നു ആകെ തകർന്നിരിക്കുന്നു.
അവളുടെ വീട്ടിൽ കാര്യങ്ങൾമിന്നൽ വേഗത്തിൽ പുരോഗമിക്കുകയായിരുന്നു. വീട് പെയിന്റ് ചെയ്യാൻ ആളെത്തി. കാർഡ് പ്രിന്റ് ചെയ്യാൻ ഡിസൈൻ ഒക്കെ സെലക്ട് ചെയ്തു. മാത്രമല്ല ഇതൊക്കെ അവർ മിനിറ്റ് വച്ച് അവളെ വിളിച്ചു അപ്ഡേറ്റ് ചെയ്യുകയും ചെയ്തു. ഇനി ഒരു തിരിച്ചു പോക്കില്ല എന്ന് അവളെ മനസ്സിലാക്കാനായിരുന്നു അത്. എന്നാൽ പാവം ചിന്നു അപ്പോഴും അവരെ വിളിച്ചു കാലു പിടിച്ചു കൊണ്ടിരുന്നു. ഇതൊക്കെ അറിഞ്ഞ മഹേഷ് ബൈജുവിനോട് പറഞ്ഞു. 'ഡാ. അവൾക്കു നിന്നോട് ശരിക്കും സ്നേഹം ഉണ്ട്. സംശയമില്ല. പക്ഷെ ഇപ്പോഴും ഒരു പൊടിക്ക് അവൾക്കു നിന്നെക്കാൾ അവളുടെ വീട്ടുകാർ തന്നെയാണ് വലുത്. നാല് വർഷത്തോളമായിട്ടും ഇതാണ് സ്ഥിതിയെങ്കിൽ വലിയ പ്രതീക്ഷ വേണ്ട'. ബൈജു അതെല്ലാം കേട്ടില്ല. ചിന്നുവിന് താനില്ലാതെ ഒരു ജീവിതം ഉണ്ടാകില്ല എന്ന ചിന്ത അവനിൽ അത്രയ്ക്കും ശക്തമായിരുന്നു. മുന്നോട്ടുള്ള ജീവിതം ഇരുട്ട് നിറഞ്ഞതായി തോന്നി അവന്. കഥകളിൽ വായിക്കുന്നത് പോലെയല്ല അത് സ്വന്തം ജീവിതത്തിൽ സംഭവിക്കുമ്പോൾ എന്ന സത്യം അവനറിഞ്ഞു. മഹേഷ് പറഞ്ഞതും ശരിയാണ്. അവൾ ഇങ്ങനെ നിന്നാൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. അവൾ പിന്നീട് വിളിച്ചപ്പോൾ ആ ദേഷ്യവും അസ്വസ്ഥതയും അവൻ ശരിക്കും പ്രകടിപ്പിച്ചു. അവൾ വാവിട്ടു നിലവിളിച്ചുകൊണ്ട് ഫോണ്‍ വച്ചിട്ട് പോയി.
നേരം രാത്രിയാകുന്നതും വെളുക്കുന്നതും ഒന്നും അവൻ അറിയുന്നുണ്ടായിരുന്നില്ല. വിശന്നു തളരുമ്പോൾ മാത്രം അവൻ എന്തെങ്കിലും കഴിച്ചു. വെറുതെയിരിക്കുന്ന ഓരോ നിമിഷവും അവനു ഭീകരമായി തോന്നി. പ്രണയത്തിന്റെ ആദ്യ ദിനങ്ങൾക്ക് ശേഷം അവൻ വീണ്ടും രാത്രി ഉറക്കം നഷ്ടപ്പെട്ടു കിടക്കയിൽ ഇരുന്നു നേരം വെളുപ്പിക്കാൻ തുടങ്ങി. കാര്യങ്ങൾ പന്തിയല്ല എന്ന് കണ്ട മഹേഷ് അവനോടു ചെറിയ ഉപദേശങ്ങൾ നൽകി. എന്തെങ്കിലും ജോലിയിൽ നല്ലത് പോലെ എൻഗേജ്ഡാകാൻ അവൻ പറഞ്ഞതനുസരിച്ച് ബൈജു ഓഫീസിലെ ഏറ്റവും തല്ലിപ്പൊളി പ്രോജക്ടിൽ സ്വന്തം തല സംഭാവന ചെയ്തു. രാവിലെ തന്നെ ബൈജു ആ പ്രൊജക്റ്റ് ചോദിച്ചു വന്നത് കണ്ടിട്ട് അവന്റെ മാനേജർക്കും എന്തോ പന്തികേട് തോന്നി. സാധാരണ ഈ പ്രൊജക്റ്റ്‌ന്റെ പേര് കേൾക്കുമ്പോ തന്നെ എല്ലാവരും ഓടി രക്ഷപ്പെടുകയാണ് പതിവ്. ഇതിൽ ജോലി ചെയ്യുന്നവർ ഒക്കെ ഇരുപത്തി നാല് മണിക്കൂറും പണിയെടുത്തു ഭ്രാന്തായി നടക്കുകയാണ്. ഇടയ്ക്ക് പ്രഷർ താങ്ങാൻ പറ്റാതെ ചിലരൊക്കെ മോഹാലസ്യപ്പെട്ടു വീഴുന്നതും പതിവാണ്. ആദ്യമായിട്ടാണ് ഒരുത്തൻ ഇതും ചോദിച്ചു വരുന്നത്. ഈ പ്രോജക്ടിൽ എന്തെങ്കിലും കോണ്‍ട്രിബ്യൂട്ട് ചെയ്യാൻ ഉണ്ടാവും അതുകൊണ്ടാണ് ഇതിൽ ജോയിൻ ചെയ്യുന്നത് എന്നൊക്കെ ബൈജു പറഞ്ഞു. അവൻ പ്രൊജെക്ടിനെ പൊക്കി പറയുന്നത് കേട്ടിട്ട് ഇതൊക്കെ എന്റെ പ്രോജക്ടിൽ ഉള്ളത് തന്നെയാണോ എന്ന് മാനേജർക്ക് വരെ സംശയമായി. എന്തായാലും ഓണ്‍ ദി സ്പോട്ട് തന്നെ എൽദൊയെ സിനിമയിൽ എടുത്തു.
അനിവാര്യമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ് എന്ന് അറിയാമായിരുന്നിട്ടും ചിന്നു എപ്പോഴും അവനെ വിളിച്ചു കൊണ്ടിരുന്നു. നിശബ്ദമായി അവൻ അവളുടെ കണ്ണീരും അലമുറയിടലും കേട്ടു നിന്നു. അവന്റെ കണ്ണുനീർ ആരും കണ്ടില്ല. രണ്ടാഴ്ച കഴിയുന്ന ഞായറാഴ്ച ആണ് അവളുടെ എൻഗേജ്മെന്റ്. ഇനിയെന്ത് എന്ന ചോദ്യത്തിന് അവർക്ക് രണ്ടു പേർക്കും മറുപടി ഇല്ലായിരുന്നു.
നിയന്ത്രണം വിട്ടു പോകുന്ന നിമിഷങ്ങളിൽ അവൻ മുറിയിൽ വാതിൽ അടച്ചിരുന്നു പൊട്ടിക്കരഞ്ഞു. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വായിൽ കൈലേസ് തിരുകി മിനിട്ടുകളോളം അവൻ വേദന കരഞ്ഞു തീർത്തു. പുതിയ പ്രൊജക്റ്റ് കൊള്ളാം. നിന്ന് തിരിയാൻ സമയമില്ലാത്ത ജോലി. ഇരുപതു പേർ പണിയെടുക്കുന്ന പ്രോജെക്റ്റിൽ ഒരു പരാതിയും ഇല്ലാത്ത ഒരേയൊരാൾ ബൈജുവായിരുന്നു. എല്ലാ ഓപ്പണ്‍ ടിക്കറ്റും അവൻ ഏറ്റെടുത്തു. പതിനാറും പതിനെട്ടും മണിക്കൂർ അവൻ പണിയെടുത്തു. ഇടയ്ക്കിടക്ക് സഹിക്കാൻ പറ്റാതെ വരുമ്പോൾ റസ്റ്റ് റൂമിൽ പോയിരുന്നു അവൻ കരഞ്ഞു. കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടിട്ട് അവന്റെ മാനേജർക്ക് ദയ തോന്നിയിട്ട് അവനോടു കുറച്ചു നേരം റസ്റ്റ് എടുക്കാൻ പറഞ്ഞു. മാത്രമല്ല അയാൾ അവനെ വിളിച്ചു ഡിന്നറിനു കൊണ്ട് പോയി. ബൈജു ഇപ്പോൾ ആ പ്രൊജക്റ്റ്‌ൽ വന്നില്ലായിരുന്നെങ്കിൽ ശരിക്കും പ്രതിസന്ധിയിൽ ആകുമായിരുന്നു എന്നൊക്കെ മാനേജർ പറഞ്ഞതൊന്നും അവൻ കേട്ടില്ല. എത്രയൊക്കെ തിരക്കുണ്ടാക്കാൻ ശ്രമിച്ചിട്ടും ഇടയ്ക്കു വരുന്ന ഓരോ നിമിഷത്തിലും ചിന്നുവാണ് മുമ്പിൽ.
അവനും ആ സത്യം അംഗീകരിക്കാൻ ആത്മാർഥമായി ശ്രമിച്ചു. പക്ഷെ പറ്റുന്നില്ല. അവളെ നഷ്ടപ്പെടുകയാണ് എന്ന സത്യം വിശ്വസിക്കാൻ അവന്റെ മനസ്സ് അപ്പോഴും തയ്യാറായിരുന്നില്ല. എല്ലാ ദിവസവും അവൾ വിളിക്കുന്നുണ്ട്. ഒരു ദിവസം രാത്രി രണ്ടു മണിക്ക് ചിന്നുവിന്റെ വിളി വന്നു. 'എന്നെ ശപിക്കുമോ ബൈജൂ ? ഞാൻ ഒരു നമ്പർ വണ്‍ ചീറ്റ് ആണല്ലേ ? " അവൾ പറഞ്ഞു. എന്താണെന്നറിയില്ല. ചിന്നുവിന്റെ ശബ്ദം കനത്തിരുന്നു.അവൻ ഒന്നും മിണ്ടിയില്ല. എന്നിട്ട് വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു. 'അല്ല. നിനക്ക് നല്ലത് വരും. നീ എനിക്ക് വേണ്ടി ഇത്രയും ഒക്കെ ഫൈറ്റ് ചെയ്യുന്നുണ്ടല്ലോ. മാത്രമല്ല ഞാൻ അന്ന് പ്രോപോസ് ചെയ്തപ്പോ തന്നെ നീ പറഞ്ഞതാണ് ഇതൊന്നും നടക്കാൻ വീട്ടുകാർ സമ്മതിക്കില്ല എന്ന്. ഞാൻ കേട്ടില്ല." പക്ഷെ അത് മുഴുവനാക്കാൻ അവൾ സമ്മതിച്ചില്ല. 'അല്ല ബൈജൂ . ഞാൻ ഒരു ചീറ്റ് ആണ്. ബൈജു എന്നെ ശപിച്ചില്ലെങ്കിലും എനിക്ക് ഇതിന്റെ ശിക്ഷ കിട്ടാതിരിക്കില്ല. ദൈവം എന്നൊരാൾ മുകളിൽ ഉണ്ട് " ഇത്രയും പറഞ്ഞപ്പോഴേയ്ക്കും അവൾ വിങ്ങിപൊട്ടിപോയി. അവൻ സമാധാനിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 'ഇനി ഞാൻ വിളിക്കില്ല. ബൈജുവിനെ വെറുതെ വിളിച്ചു ഞാൻ വിഷമിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നെനിക്കറിയാം. പക്ഷെ ഇവിടെ ഇതൊന്നും പറയാൻ ആരുമില്ല. ഇന്നെന്റെ കസിൻസ് ഒക്കെ വിളിച്ചു. നല്ല പയ്യനെ തന്നെ കിട്ടിയല്ലോ. എന്നൊക്കെ പറഞ്ഞു അഭിനന്ദിക്കാൻ. അമ്മയും വിളിച്ചിരുന്നു. അച്ഛൻ പറഞ്ഞുവത്രേ ഒടുവിൽ അവൾ ഞാൻ പറഞ്ഞത് അനുസരിച്ചല്ലോ എന്നൊക്കെ. എന്റെ ഇപ്പോഴത്തെ മനസ്സറിയാൻ വേണ്ടി അമ്മ വെറുതെ ചോദിച്ചു നോക്കിയ പോലെയാണ് എനിക്ക് തോന്നിയത് " എന്നൊക്കെ അവൾ പറഞ്ഞുകൊണ്ടേയിരുന്നു. ചേച്ചിയുടെ വക സമാധാനിപ്പിക്കലും ഉണ്ട്. ഇപ്പോഴത്തെ ഈ വിഷമം ഒക്കെ കഴിയുമ്പോ നിനക്ക് മനസ്സിലാകും ഇതായിരുന്നു നല്ലതെന്ന് ഒക്കെ. "നമുക്ക് എങ്ങോട്ടെങ്കിലും ഓടി പോകാം ബൈജൂ .." അവൾ ചോദിച്ചു. "എങ്ങോട്ട് ? " അവൻ തിരിച്ചു ചോദിച്ചു. "ആരും ഇല്ലാത്ത എങ്ങോട്ടെങ്കിലും.." അവളുടെ സംസാരം പകുതിക്കു വച്ച് മുറിഞ്ഞു.
വിളിക്കില്ല എന്നൊക്കെ പറഞ്ഞെങ്കിലും അവൾ വീണ്ടും അവനെ വിളിച്ചുകൊണ്ടിരുന്നു. പക്ഷെ അവൻ അവളുടെ കോളുകൾ കട്ട് ചെയ്യാൻ തുടങ്ങി. മെസേജുകൾ ഒക്കെ വായിക്കാതെ തന്നെ ഡിലീറ്റ് ചെയ്തു കളഞ്ഞു.
നിശ്ചയത്തിനു ഇനി രണ്ടു ദിവസം മാത്രം ബാക്കി. ഇന്ന് വെള്ളിയാഴ്ച. അവൻ പതിവുപോലെ ജോലിയിൽ മുഴുകി. ഫോണ്‍ ശബ്ദിച്ചു. ചിന്നുവാണ്. തുടരെ തുടരെ കുറെ തവണ അവൾ വിളിച്ചു. എല്ലാം അവൻ കട്ട് ചെയ്തു. ഒടുവിൽ ഒരു മെസേജ്. "For God's sake, please pick up my call.It's urgent" എന്ന്. വിറയ്ക്കുന്ന ഹൃദയത്തോടെ അവൻ അവളെ വിളിച്ചു.
( അടുത്ത രണ്ടു ഭാഗത്തോട് കൂടി ഈ കഥ അവസാനിക്കും )