അങ്ങനെ മോഡി ശിവഗിരി ഇളക്കി മറിച്ചിട്ട് പോയി . മോഡിയെ കേരളത്തിൽ കയറ്റിയതിന്റെ പേരിൽ വലതു പക്ഷവും ഇടതു പക്ഷവും ബഹളം വച്ചു . കുട്ടി സഖാക്കൾ മോഡിയുടെ കോലം കത്തിച്ചു. വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ പോയത് പോലെയായി അത് . രാഷ്ട്രീയം ഒഴിവാക്കി മാന്യമായ രീതിയിൽ മറുപടി നൽകി അദ്ദേഹം തിരിച്ചു പോയി . ഈ വാർത്താ കോലാഹലം കണ്ടിട്ട് തോന്നിയ ചില കാര്യങ്ങൾ പറയാം ..
എന്തുകൊണ്ട് ശിവഗിരി ?
ഒരു പ്രത്യക്ഷ ഹിന്ദുത്വ വാദിയായ ശ്രീ മോഡിയെ ശിവഗിരി പോലെ മതേതര വീക്ഷണം പുലർത്തുന്ന ഒരു മഠത്തിൽ കൊണ്ട് വന്നത് അത്ഭുതകരമായ ഒരു സംഭവമൊന്നുമല്ല എന്ന് മര്യാദക്ക് ദിനപത്രം വായിക്കുന്ന ഏതൊരു മലയാളിക്കും അറിയാം. ജാതിക്കും മതത്തിനും അതീതമായി ജീവിക്കാനാവില്ല എന്നും ജീവിക്കാൻ ജാതി പറഞ്ഞേ പറ്റൂ എന്ന് പരസ്യമായി പറഞ്ഞ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന ശ്രീനാരായണ 'ധർമ പരിപാലന' യോഗം നടത്തിയ ഒരു രാഷ്ട്രീയ നീക്കം മാത്രമാണ് ഇത് . നായരീഴവ സഖ്യത്തിൽ പുതിയ സാധ്യതകൾ സ്വപ്നം കാണുന്ന അദ്ദേഹവും ശ്രീ സുകുമാരൻ നായരും ഇനിയും ഇതുപോലുള്ള പരിപാടികൾ അവതരിപ്പിക്കും. ശ്രീ നാരായണ ഗുരുദേവന്റെ ദർശനങ്ങളിൽ വിശ്വസിക്കുന്ന ഒരാൾ പോലും ഇത്തരം നീക്കങ്ങളെ അനുകൂലിക്കുകയോ വെള്ളാപ്പള്ളി പറയുന്നതും കേട്ട് അവർ പറയുന്നവർക്ക് വോട്ട് ചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാലറിയാം , കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരിൽ ഭൂരിഭാഗവും ഈഴവർ ആണ് . അതുകൊണ്ട് തന്നെ ഈഴവരുടെ രാഷ്ട്രീയവും ഇടതു പക്ഷ രാഷ്ട്രീയം തന്നെയാണ് . സ്വത്തിന്റെയും അധികാരത്തിന്റെയും പേരിൽ സ്വാമിമാർ തമ്മിലടിച്ച അന്ന് നഷ്ടപ്പെട്ടതാണ് ആ പുണ്യ സ്ഥലത്തിന്റെ പവിത്രത. അത് കൊണ്ട് മോഡി എന്നൊരാൾ അവിടെ കാൽ കുത്തിയത് കൊണ്ട് ശിവഗിരിക്ക് ഇനി പുതിയതായി ഒന്നും സംഭവിക്കാനില്ല. കേരള രാഷ്ട്രീയത്തിൽ ഇനി ശിവഗിരിയും ഒരു രാഷ്ട്രീയ കേന്ദ്രമായി മാറുമോ എന്ന് മാത്രമേ അറിയാനുള്ളൂ.
കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവർ
കേരള രാഷ്ട്രീയം നൂറ്റാണ്ടുകൾ പുറകിലാണ് എന്ന് വീണ്ടും തെളിയിച്ചു. ശിവഗിരി പോലുള്ള ഒരു സ്ഥാപനം കാവി പൂശാനുള്ള ശ്രമം എന്ത് വില കൊടുത്തും തടയണം എന്ന് വലതു ഇടതു പക്ഷങ്ങൾ ഒരേ ശബ്ദത്തിൽ പ്രസ്താവിചു. പച്ചയായ രാഷ്ട്രീയം മാത്രമാണ് ഇത് എന്നേ എനിക്ക് പറയാനുള്ളൂ . ശിവഗിരിയിലെ ചടങ്ങിൽ ഒരൊറ്റ കോണ്‍ഗ്രസ് പ്രവർത്തകനും പങ്കെടുക്കില്ല എന്ന് കേരള യാത്രക്കിടയിലും ചെന്നിത്തല പ്രഖ്യാപിചു. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ വിപ്ളവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയ ഒരു ഗുരുവും അദ്ദേഹത്തിന്റെ സ്മാരകമായ മഠം കയ്യേറാനുള്ള ബി ജെ പിയുടെ ഒരു ശ്രമം മാത്രമായി കണ്ട രമേശ് വർഷങ്ങൾക്കു മുമ്പ് മഠത്തിൽ നടന്ന അധികാര തർക്കങ്ങൾ, സംഘട്ടനം വരെ നടന്നിട്ടും മഠത്തിൽ സമാധാനം സ്ഥാപിക്കാനും ആ സ്ഥാപനത്തിന്റെ മതേതര സ്വഭാവം തിരിച്ചു പിടിക്കാനും വ്യകതിപരമായ നിലയിലും കോണ്‍ഗ്രസ് പാർട്ടി എന്ന നിലക്കും എന്തൊക്കെ ചെയ്തു എന്ന് ഒരു സ്വയം വിമർശനം നടത്തേണ്ടതുണ്ട്. ഭാരതത്തിൽ നടന്ന പല കൂട്ടക്കൊലകൾക്കും മൌനാനുവാദം നൽകിയ ഒരു പാർട്ടി എന്തടിസ്ഥാനത്തിലാണ് ഇപ്പോൾ സമാധാനത്തിന്റെ വെള്ളരിപ്രാവ് ചമയുന്നത് ? ഇന്ദിര ഗാന്ധിയെ വധിച്ചത് ഒരു സിഖുകാരൻ ആയിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് നൂറു കണക്കിന് സിഖ് വംശജരെ കോണ്‍ഗ്രസ് പ്രവർത്തകർ കൊന്നൊടുക്കിയത് ഒരു യാഥാര്ത്യം മാത്രമാണ് . ബാബറി മസ്ജിദ് തകർക്കപെട്ടപ്പോൾ ഭാരതം ഭരിച്ചത് ആരായിരുന്നു ? കുറഞ്ഞത് ഈ രണ്ടു ചോദ്യങ്ങൾക്കെങ്കിലും ഉത്തരം പറഞ്ഞിട്ട് പോരേ ഇങ്ങനെ രക്തം തിളപ്പിക്കേണ്ടത് ?
ഇടത്തോട്ട് പോയ ഇടതു പക്ഷം
ഇടതു പക്ഷം അതിനെക്കാൾ തമാശകൾ സംഘടിപ്പിച്ചു . മോഡിയെ വിളിച്ചു എന്നറിഞ്ഞു ഞെട്ടിപ്പോയ പിണറായി സഖാവ് ശിവഗിരിയുടെ ഭാവിയോർത്ത് ദുഖിചു. ഡി വൈ എഫ് ഐ സഖാക്കൾ തലസ്ഥാനത്ത് പ്രതീകാത്മക തൂക്കു കയറുമായി മോഡി വിരുദ്ധ പ്രകടനം നടത്തി . ഇതൊക്കെ കണ്ടു മോഡി വിരളും എന്നവർ കരുതിയെങ്കിലും ഇതിനെക്കാൾ വലിയ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളീൽ പോയിട്ടില്ല പുള്ളെ എന്ന് പറഞ്ഞു മോഡി സ്വന്തം പണി തീർത്തു തിരികെ പൊയി. കോണ്‍ഗ്രസ്‌കാർ നടത്തിയതിനേക്കാൾ അപഹാസ്യമായി ഇവരുടെ പ്രകടനങ്ങൾ . ടി പി ചന്ദ്രശേഖരൻ എന്നൊരു മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ സാക്ഷികൾ ദിവസവും കൂറ് മാറുന്നതിലെ അസ്വാഭാവികത ഈ പാർട്ടിക്ക് ഒരു വിഷയമല്ല.
പരോളിൽ വന്ന അബ്ദുൽ നാസർ മദനിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത പിണറായി വിജയൻ ഇക്കാര്യത്തിൽ പറഞ്ഞത് ഒരൂ കൂട്ടക്കൊലയുടെ ഉത്തരവാദി പങ്കെടുക്കുന്ന പരിപാടിയിൽ തങ്ങൾ പങ്കെടുക്കില്ല എന്നും ഇത് തടയപ്പെടെണ്ടതും ആണെന്നുമാണ്. സാങ്കേതികമായി നോക്കിയാൽ മദനിയും മോഡിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ് . പിന്നെ എന്തിനീ അഭ്യാസം ? വോട്ട് തന്നെ കാരണം . ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിൽ ചെയ്തു വന്ന ചരിത്രപരമായ മണ്ടത്തരങ്ങൾ ഇനി ആവർത്തിക്കരുതെന്ന കരുതലോടെയുള്ള ഒരു പ്രവർത്തി മാത്രമാണ് ഇത് എന്ന് തൊന്നുന്നു. കേരളത്തിൽ അങ്ങോളം ഇങ്ങോളം നടന്നു വരുന്ന തീവ്രവാദി പ്രവർത്തനങ്ങളെ അപലപിക്കാനോ എതിർക്കാനോ ഒരു ചെറുവിരൽ അനക്കാൻ ശ്രമിക്കാത്ത ഈ പാർട്ടി ആരെയാണ് വിഡ്ഢിയാക്കാൻ ശ്രമിക്കുന്നത് ?
കോളടിച്ചവർ
ഇതൊക്കെക്കൊണ്ട് ലോട്ടറി അടിച്ചത് ബി ജെ പിക്കാണ് . ശിവഗിരിയെയും സന്യാസിമാരെയും മുന്നിൽ നിരത്തി ഒരു ഓളം ഉണ്ടാക്കാൻ അവര്ക്ക് സാധിചു. ഇതിന്റെ പേരിൽ പത്തു വോട്ട് കൂടുതൽ കിട്ടിയാലും അതിശയിക്കണ്ട . ബാക്കി പാർട്ടിക്കാർ അതിനു വെള്ളവും വളവും ഇട്ടു കൊടുക്കുകയും ചെയ്തു. ചെന്നിത്തല പറഞ്ഞു മോഡിയെ അനുകൂലിക്കുന്ന ഒരാൾ പോലും കേരളത്തിലുണ്ടാവില്ല എന്നു. എന്തിൻറെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതെന്ന് മനസ്സിലാവുന്നില്ല. മലയാളികളുടെ അത്രയുംജാതീയമായി ചിന്തിക്കുകയും പുറമേ അഭിനയിക്കുകയും ചെയ്യുന്ന ഒരു ജനക്കൂട്ടം വേറെ ഉണ്ടാവില്ല . അടുത്ത തെരഞ്ഞെടുപ്പിൽ കാണാം .
മോഡിയെ പറ്റി തോന്നിയത് :
മോഡി എന്ന് പറയുന്നത് ഒരു വികസന നായകനോ ഭാരത്തിന്റെ ഭാവിയാണെന്നോ എന്നൊന്നും ഞാൻ പരയുന്നില്ല. പക്ഷെ അദ്ദേഹം ഒന്നാംതരം ഒരു നേതാവ് അഥവാ ലീഡർ ആണെന്നു പറയാതെ വയ്യ. ഭാരതത്തിൽ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലകളിൽ ഒന്നിൽ പ്രതി സ്ഥാനത്ത് നില്ക്കുന്ന ഒരാൾ മൂന്നു തവണ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു, മുഖ്യമന്ത്രി ആയി എന്ന് മാത്രമല്ല ഭാരതത്തിന്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥി എന്ന് വരെ എത്തി നില്ക്കുന്നത് സൂചിപ്പിക്കുന്നത് എന്താണ് ? നല്ലതായാലും ചീത്തയായാലും ഒരു നേതാവിന് വേണ്ട കഴിവുകൾ തികച്ചും വ്യത്യസ്തമാണ് . കേരളത്തിലെ മാത്രമല്ല ദേശീയ തലത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർടിയിൽ നേതാവ് എന്നാ വിശേഷണത്തിന് അർഹനായ ഒരേ ഒരാൾ മാത്രമേ ഉള്ളൂ . പിണറായി ആണ് ആ നേതാവ് . അച്ചുതാനന്ദനെ പോലെ ഒരു കള്ള നാണയം അല്ല അങ്ങെർ. കുറഞ്ഞത് പറയുന്ന കാര്യങ്ങളിൽ ഉറച്ചു നില്ക്ക്കുന്നു എന്ന ഒരു ഗുണമെങ്കിലും അദ്ദേഹത്തിനുണ്ട്`.
മുകളിൽ എഴുതിയത് എന്റെ ചിന്തകൾ മാത്രമാണ് . നിങ്ങൾക്ക് യോജിക്കാം, വിയൊജിക്കാം. പക്ഷെ ഇത് കണ്ടിട്ട് ദുശാസ്സനൻ ഒരു വർഗീയ വാദിയാണെന്ന് മാത്രം പറയരുതേ.
കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ശ്രദ്ധക്കായി - ഒരു വാല്ക്കഷണം
പണ്ട് ഈ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞ പോലെ ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടെതെന്നും പറയപ്പെടുന്ന ഒരു സ്ഥലത്ത് ചൈന പട്ടാളം അതിക്രമിച്ചു കയറിയതിനെ പറ്റി വൻ സംഘർഷ സാധ്യത നില നിൽക്കുകയാണ് . എ കെ ആന്റണി പ്രശ്നം പരിഹരിക്കാൻ വേണ്ടി ഓടി നടക്കുകയാണ് . ആ സ്ഥലം ഇനി നമുക്ക് തിരിച്ചു കിട്ടുമെന്ന് ഒരു ഉറപ്പുമില്ല . ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈന കാണിക്കുന്ന ഈ അക്രമത്തിനെതിരെ ഇപ്പറയുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ പുലർത്തുന്ന മൌനത്തിനെ എന്ത് പേര് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത് ?