നേരം പുലര്‍ന്നു. ഞായറാഴ്ചയാണ്. ഇടയ്ക്കുള്ള എല്ലാ ഞായറാഴ്ചകളിലും അവര്‍ കാണാറുണ്ട്. പക്ഷെ എന്നത്തേയും പോലല്ല അന്ന് ചിന്നുവിന് തോന്നിയത്. ബൈജുവിനെ എങ്ങനെ അഭിമുഖീകരിക്കും എന്നോര്‍ത്ത് അവളുടെ തല കുനിഞ്ഞു തന്നെയിരുന്നു. ഒരു ദിവസത്തേക്കെങ്കിലും അവന്റെ സ്നേഹം നിഷേധിച്ചതിലുള്ള കുറ്റബോധം കൊണ്ട് അവള്‍ ആകെ തകര്‍ന്നിരുന്നു. പക്ഷെ അവള്‍ക്കു അധിക നേരം ആ വിഷമം സഹിക്കേണ്ടി വന്നില്ല. ബൈജു സാധാരണ പോലത്തെ പ്രസന്നമായ മുഖത്തോടെ ഓഫീസിലെത്തി. അത് കണ്ടിട്ട് അവള്‍ക്കു കുറച്ചു സമാധാനമായി. വൈകിട്ടാവുന്നത് വരെ അവള്‍ എങ്ങനെയോ പിടിച്ചിരുന്നു. "എവിടെ വച്ച് കാണും ? " എന്നൊടുവില്‍ അവള്‍ ബൈജുവിന് മെസ്സേജ് ചെയ്തു. 'പറയാം" എന്ന് പറഞ്ഞു അവന്റെ മറുപടിയും കിട്ടി. ഒടുവില്‍ ഏഴു മണി ആയപ്പോള്‍ അവള്‍ ഇറങ്ങി. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ ബൈജുവും. അവള്‍ പുറത്തു കാത്തു നില്‍പ്പുണ്ടാവും എന്നവനു ഉറപ്പായിരുന്നു. ഓഫീസിനു പുറത്തിറങ്ങി. ഫുട്ട്പാത്തിന്റെ ഓരത്തുള്ള ആ പൈന്‍ മരച്ചുവട്ടില്‍ ഒരു ഷോള്‍ തലയില്‍ ചൂടി ചിന്നു നില്‍ക്കുന്നുണ്ട്. അവന്‍ പതിയെ നടന്നു അവളുടെ അടുത്തെത്തി. അവന്റെ മുഖത്ത് നോക്കാതെ അവള്‍ ബൈജുവിന്റെ കൈ കവര്‍ന്നു. ഒന്നും മിണ്ടാതെ രണ്ടു പേരും മുന്നോട്ടു നടന്നു. തെരുവ് വിളക്കിന്റെ മഞ്ഞ പ്രകാശം ഒരു രാത്രി വെയില്‍ പോലെ അവിടെയാകെ ചിതറി വീണിരിക്കുന്നു. നടന്നു പോകുന്ന വഴിക്ക് സമാന്തരമായി ഒരു പാര്‍ക്ക് ഉണ്ട്. ഏറെക്കുറെ വിജനമായ പാര്‍ക്കില്‍ പ്രായമായ ഒരു അപ്പാപ്പനും അമ്മൂമ്മയും വ്യായാമം ചെയ്യുന്നുണ്ട്. ഒന്നും മിണ്ടാതെ അവര്‍ ആ പാര്‍ക്കിലേക്ക് കയറി. ബൈജു ഒഴിഞ്ഞു കിടന്ന ഒരു ബഞ്ചില്‍ ഇരുന്നു. അതിന്റെ അങ്ങേ മൂലയില്‍ അവളും. വായിച്ചു പഴകിയ വരികള്‍ പോലെ നിശബ്ദത തളം കെട്ടി നിന്നെങ്കിലും അവര്‍ പറയാതെ എല്ലാം പറയുന്നുണ്ടായിരുന്നു. "സോറി" ഒടുവില്‍ അവള്‍ മൌനം ഭഞ്ജിച്ചു. ബൈജു ഒന്നും മിണ്ടിയില്ല. പകരം അവന്‍ അവളുടെ കൈ എടുത്തു അവന്റെ കയ്യില്‍ ചേര്‍ത്തു. അതുവരെ പിടിച്ചു നിര്‍ത്തിയതെല്ലാം ഒലിച്ചു പോയത് പോലെ അവള്‍ അവന്റെ മാറിലേക്ക് ചാഞ്ഞു. ചിന്നുവിന്റെ കണ്ണ് നീര്‍ വീണു അവന്റെ നെഞ്ചു നനഞ്ഞു. ശബ്ദം അടക്കിപ്പിടിച്ചുള്ള ചിന്നുവിന്റെ കരച്ചില്‍ മാത്രം അവന്‍ കേട്ടു. വിക്കി വിക്കി എന്തൊക്കെയോ പുലമ്പിക്കൊണ്ട് അവനും അവളെ ആശ്വസിപ്പിച്ചു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചിന്നു നോര്‍മല്‍ ആയി. പുതുതായി കിട്ടിയ ധൈര്യം പോലെ അവള്‍ ഉണര്‍ന്നു. " ഇനി അമ്മ പറഞ്ഞാല്‍ ഞാന്‍ ഉള്ളത് പറയാം. എനിക്ക് ബൈജുവിനെ നഷ്ടപ്പെടുത്താന്‍ പറ്റില്ല എന്ന് ഞാന്‍ പറയും "എന്നൊക്കെ അവള്‍ പറഞ്ഞു. അവന്‍ ഒന്നും മിണ്ടിയില്ല. സമയം ഒരുപാടു വൈകിയിരിക്കുന്നു. പാര്‍ക്ക് പൂട്ടാന്‍ അവിടത്തെ ജോലിക്കാരന്‍ വന്നു. അവര്‍ ഇറങ്ങി. അടുത്ത സിഗ്നലിന്റെ സമീപത്തായി ഒരു ഐസ് ക്രീം വില്പനക്കാരന്‍ നില്‍പ്പുണ്ട്. അവന്‍ ഒരു ഐസ് ക്രീം വാങ്ങി ചിന്നുവിന് കൊടുത്തു. അത് നുണഞ്ഞു കൊണ്ട് അവര്‍ നടന്നു .ചില സന്ദര്‍ഭങ്ങളില്‍ ഒരു വാക്ക് കൊണ്ട് പറയാനാവുന്നതില്‍ കൂടുതല്‍ മൌനത്തിനു പറയാന്‍ കഴിയും എന്നവര്‍ മനസ്സിലാക്കി. ഒന്നും മിണ്ടാതെ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് അവര്‍ ചിന്നുവിന്റെ പി ജിയുടെ അടുത്തെത്തി. പോകുന്നതിനു മുമ്പ് ഒരു തുള്ളി കണ്ണീര്‍ ഒലിച്ചിറങ്ങുന്ന മുഖവുമായി അവള്‍ കൈ ചെറുതായി വീശിക്കൊണ്ട് അകത്തേക്ക് നടന്നു പോയി. പതിവുള്ള ഗുഡ് നൈറ്റ് മെസ്സേജ് ഒന്നും അവള്‍ അന്ന് അയച്ചില്ല. രണ്ടു പേരും നേരത്തെ കിടന്നുറങ്ങി.
രാവിലെ അമ്മ വിളിച്ചു. 'എന്താ മോളെ ? അസുഖമൊന്നുമില്ലല്ലോ അല്ലേ ? ഓഫീസില്‍ പോയോ ? " എന്നൊക്കെ ചോദിച്ചു. അമ്മയുടെ സംസാരം കേട്ടപ്പോള്‍ അവള്‍ക്കു സമാധാനമായി. ബൈജുവിന്റെ കാര്യം ഇപ്പോള്‍ തന്നെ പറഞ്ഞേക്കാം. പക്ഷെ അവള്‍ വായ തുറക്കുന്നതിനു മുമ്പേ തന്നെ അമ്മ ഇങ്ങോട്ട് പറഞ്ഞു.. "അടുത്തയാഴ്ച നീ ഒന്ന് വന്നിട്ട് പോകണം കേട്ടോ. തൃശൂര്‍ നിന്ന് ഒരു വീട്ടുകാര്‍ വരുന്നുണ്ട്. കാണാന്‍ " പറയാന്‍ വന്ന വാക്കുകള്‍ ചിന്നു വിഴുങ്ങി. 'അമ്മേ" എന്ന് വിളിക്കുക മാത്രം ചെയ്തു അവള്‍. അമ്മയ്ക്ക് കാര്യം മനസ്സിലായി. "അപ്പൊ നീ ഇപ്പോഴും ..." അമ്മയുടെ വാക്കുകള്‍ മുറിഞ്ഞു. അവള്‍ ഫോണ്‍ കട്ട് ചെയ്തു . അമ്മ തിരിച്ചു വിളിച്ചെങ്കിലും അവള്‍ ഫോണ്‍ എടുത്തില്ല. കുറച്ചു കഴിഞ്ഞു അവള്‍ തിരിച്ചു വിളിച്ചു. "അമ്മയ്ക്ക് എന്നെ ആരെ കൊണ്ടെങ്കിലും കെട്ടിച്ചാല്‍ മതി എന്നായി അല്ലേ ? " അവള്‍ തുടങ്ങിയതേ ഇങ്ങനെയാണ്. അതോടെ അമ്മയുടെ നിയന്ത്രണവും പോയി. കുറെ നേരം അമ്മ എന്തൊക്കെയോ പറഞ്ഞു. എന്നിട്ട് ദേഷ്യപ്പെട്ടു ഫോണ്‍ വച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. അതാ ചേച്ചി വിളിക്കുന്നു. ചേച്ചി അവളെ ശപിച്ചില്ല എന്നേ ഉള്ളൂ. അത്രയ്ക്ക് ദേഷ്യപ്പെട്ടു പൊട്ടിത്തെറിക്കുകയായിരുന്നു ചേച്ചി. " അമ്മയെ ഇങ്ങനെ വിഷമിപ്പിച്ചിട്ടു നീ എങ്ങനെ സുഖമായി ജീവിക്കും ? അതോ നിനക്ക് നമ്മുടെയോന്നും വിഷമം ഒന്നും പ്രശ്നമല്ല എന്നാണോ ? നീ ഇത്രയ്ക്ക് സെല്‍ഫിഷ് ആയതെന്നാ ? " എന്നൊക്കെ ചേച്ചി തുടരെ തുടരെ കുറെ ചോദ്യങ്ങള്‍ ചോദിച്ചു. "ചേച്ചീ. എന്താ നിങ്ങളൊക്കെ ഇങ്ങനെ...? ഒരാളെ സ്നേഹിച്ചു പോയത് ഇത്രയും വലിയ തെറ്റാണോ ? ബൈജുവിന് അത്രയ്ക്ക് എന്ത് കുഴപ്പമാണ് നിങ്ങള്‍ കണ്ടത് ? " അവള്‍ ചോദിച്ചു. "അവനെ കണ്ടാല്‍ തന്നെ എന്തിനു കൊള്ളാം ? നീ എന്ത് കണ്ടിട്ടാ അവനെ ഇഷ്ടപ്പെട്ടത് ? " ചേച്ചി പണ്ട് ബൈജുവിന്റെ ഒരു ഫോട്ടോ കണ്ടിട്ടുണ്ട്. അവരുടെ ബന്ധം തുടങ്ങുന്നതിനു മുമ്പ് ഓഫീസിലെ ഒരു ഗ്രൂപ്പ് ഫോട്ടോ കാണിച്ചപ്പോള്‍ ചിന്നു പറഞ്ഞത് ചേച്ചിക്ക് ഓര്‍മയുണ്ടായിരുന്നു. " എന്താ കുഴപ്പം ? " അവള്‍ തിരിച്ചു ചോദിച്ചു. ബൈജു ഒട്ടും സുന്ദരനല്ല. അവള്‍ പക്ഷെ ഇത് വരെ അവന്റെ സൌന്ദര്യം അളക്കാനൊന്നും ശ്രമിച്ചിട്ടില്ല. പക്ഷെ ചേച്ചിക്ക് അതൊരു പ്രശ്നം ആണത്രേ. "കാണാനും ഒരു ഭംഗിയില്ല. അധികം വിദ്യാഭ്യാസവും ഇല്ല. പിന്നെ.." എന്നൊക്കെ ചേച്ചി തുടര്‍ന്നു. " ബൈജു ഒരു യൂസ്ലെസ്സ് ആണെങ്കില്‍ പിന്നെങ്ങനെയാ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഇങ്ങനെ ലീഡ് ആയി ഇരിക്കുന്നത് ? " അവള്‍ക്കും ദേഷ്യം വന്നു. ചേച്ചിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. വേണ്ട തെറിയൊക്കെ വിളിച്ചതിന് ശേഷം ഫോണ്‍ ഇടിച്ചു വച്ചിട്ട് ചേച്ചി പോയി. ചിന്നു കുറെ നേരം മുഖം പൊത്തി അവിടെയിരുന്നു. അവള്‍ ഒട്ടും കരഞ്ഞില്ല. മരവിച്ച ഒരു അവസ്ഥയില്‍ ആയിരുന്നു ചിന്നു. ഇന്ന് ഓഫീസില്‍ ചെല്ലുന്നില്ല എന്ന് വിളിച്ചു പറഞ്ഞു. കിടക്കയില്‍ മുഖം അമര്‍ത്തി അവള്‍ കിടന്നു. ഒരുതരം അബോധാവസ്ഥയില്‍ എന്ന പോലെ. ഉച്ച കഴിഞ്ഞപ്പോളാണ് അവള്‍ ഉണര്‍ന്നത്. ബൈജു ഇടയ്ക്ക് ഒരു തവണ വിളിച്ചിട്ടുണ്ട്. അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാവണം പിന്നെ വിളിച്ചിട്ടില്ല. അവള്‍ ഫോണ്‍ എടുത്തിട്ട് അവനെ വിളിച്ചു. 'ബൈജു.. ഇനിയെന്നെ വിളിക്കരുത്. " ഇത്ര മാത്രം പറഞ്ഞിട്ട് അവള്‍ ഫോണ്‍ വച്ചു.
അന്ന് ബൈജു തിരിച്ചു വിളിച്ചില്ല. അടുത്ത ദിവസവും അവള്‍ ഓഫീസില്‍ പോയില്ല. ബൈജു അന്ന് ഒരു തവണ വിളിച്ചു. ചിന്നു എടുക്കാത്തത് കാരണം അവന്‍ പിന്നീട് വിളിച്ചില്ല. മൂന്നാമത്തെ ദിവസം അവള്‍ ഓഫീസില്‍ പോയി. ബൈജുവിനെ കണ്ടുവെങ്കിലും ഒന്നും മിണ്ടിയില്ല. രാത്രിയായി. ആഹാരം കഴിച്ചിട്ട് ചിന്നു വന്നു കിടക്കയിലേക്ക് വീണു. യാന്ത്രികമായി അവള്‍ ഫോണ്‍ എടുത്തു. ബൈജുവിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. "ബൈജു വിഷമിക്കരുത്. അറിയാതെ ഞാന്‍ പറഞ്ഞു പോയതാണ്" ഇത്രയും അവള്‍ പറഞ്ഞു. " എനിക്കറിയാം അത്. ഇന്ന് ചിന്നു എന്നെ വിളിക്കും എന്നും എനിക്കറിയാമായിരുന്നു" എവിടെയോ നിര്‍ത്തി വച്ച ഒരു സംഭാഷണത്തിന്റെ തുടര്‍ച്ചയെന്നോണം അവനും പറഞ്ഞു. രണ്ടു ദിവസം സംസാരിക്കാതിരുന്നിട്ടും അന്ന് പറയാതെ പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ച പോലെ അവര്‍ക്ക് രണ്ടു പേര്‍ക്കും തോന്നി. "ബൈജു .. ഒരു കാര്യം എനിക്ക് മനസ്സിലായി. എന്നെ ഇതുവരെ ആരും ഇത് പോലെ സ്നേഹിച്ചിട്ടില്ല. പക്ഷെ ബൈജുവിനെ പോലുള്ള ഒരാളുടെ സ്നേഹം കിട്ടാന്‍ മാത്രമുള്ള ഭാഗ്യം എനിക്കില്ല എന്നാണു തോന്നുന്നത്. ദൈവം കൂടി നമ്മളെ കൈവിട്ടോ ? " അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു. പക്ഷെ ബൈജു തിരിച്ചൊന്നും പറഞ്ഞില്ല. അവന്‍ അവളെ സമാധാനിപ്പിച്ചു. നമ്മുടെ കാര്യം നടക്കും. വിഷമിക്കണ്ട. എന്നൊക്കെ അവന്‍ പറഞ്ഞുവെങ്കിലും എങ്ങനെ എന്ന ചോദ്യം ബാക്കിയായി.
"ഈ "വെള്ളിയാഴ്ച ഞാന്‍ നാട്ടില്‍ പോകും. ആ കല്യാണ ആലോചന നടക്കില്ല എന്നൊരു തോന്നല്‍. ഇത്തവണ ഞാന്‍ തിരിച്ചു വരുമ്പോള്‍ എന്തായാലും അമ്മയെ കൊണ്ട് സമ്മതിപ്പിക്കാം. അച്ഛന്‍ എന്ത് പറയും എന്നറിയില്ല." എന്നൊക്കെ ചിന്നു പറഞ്ഞു . അസാധാരണമായ ഒരു ധൈര്യം അന്നവന്‍ അവളില്‍ കണ്ടു. ചിന്നു നാട്ടില്‍ പോയി. എന്താണെന്നറിയില്ല അവള്‍ പറഞ്ഞത് പോലെ തന്നെ ആ കല്യാണ ആലോചനക്കാര്‍ വന്നില്ല. മാത്രമല്ല അവരുടെ വീട്ടിനടുത്ത് നിന്ന് തന്നെ ഒരു ആലോചന വന്നത് കാരണം അത് ഉറപ്പിക്കാന്‍ പോവുകയാണ് , സോറി എന്നൊക്കെ പറഞ്ഞു ആ വീട്ടുകാര്‍ ചിന്നുവിന്റെ അച്ഛനെ വിളിച്ചു പറയുകയും ചെയ്തു. അമ്മയും അച്ഛനും ചേച്ചിയും നിരാശരായി. നിന്റെ ആഗ്രഹം പോലെ തന്നെ നടന്നല്ലോ എന്നൊക്കെ ചേച്ചി കുത്തുവാക്കുകള്‍ പറഞ്ഞു. എന്നാല്‍ ഇത് അലസിയ വാര്‍ത്ത കേട്ട് ചിന്നു അധികം സന്തോഷിച്ചില്ല. ഇതൊക്കെ താല്‍ക്കാലികമായ രക്ഷപ്പെടല്‍ മാത്രമാണെന്ന് അവള്‍ പഠിച്ചു കഴിഞ്ഞിരുന്നു. അടുത്ത ദിവസം വണ്ടി കയറുന്നത് വരെ അമ്മയും ചേച്ചിയും അവളെ വഴക്ക് പറയുകയും ഉപദേശിക്കുകയും ഒക്കെ തന്നെയായിരുന്നു. എങ്ങനെയെങ്കിലും ഒന്ന് തിരിച്ചു പോയാല്‍ മതി എന്നവള്‍ക്ക് തോന്നി. ട്രെയിനില്‍ കയറ്റി ഇരുത്തിയിട്ട് അച്ഛനും തന്റെ വക ഒരു കൊട്ട് കൊടുത്തു അവള്‍ക്ക്. ഉടനെ തന്നെ ഇങ്ങോട്ട് വന്നേക്കണം. ബാംഗ്ലൂരിലെ പണി ഒക്കെ മതി എന്ന് എന്തൊക്കെയോ പറഞ്ഞു. സ്റെഷനിലെ ഇരമ്പലില്‍ അത് വ്യക്തമായില്ല. ഒടുവില്‍ ട്രെയിന്‍ വിട്ടു. നഗരത്തില്‍ എന്താണ് തന്നെ കാത്തിരിക്കുന്നതെന്ന ആശങ്കയുമായി ചിന്നു ഇരുന്നു.