2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

പാസ്പോര്‍ട്ട്‌ - സേവാ .. കീ ജയ്‌

          സത്യം പറയാമല്ലോ ... നമ്മുടെ സ്വതന്ത്ര ഭാരതത്തില്‍ ഇങ്ങനെയും സര്‍ക്കാര്‍ കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്ന് ഇന്ന് മനസ്സിലായി. കഥയിലേക്ക്‌ കടക്കുന്നതിനു മുമ്പ്  പശ്ചാത്തലം കുറച്ചു വിവരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. പ്രായം കുറച്ചായിട്ടും ഇത് വരെ പാസ്‌പോര്‍ട്ട്‌  ഇല്ലാത്ത  ഒരു ഇന്ത്യന്‍ പൌരന്‍ ആണ് ഈ ദുശാസ്സനന്‍. അങ്ങനെ ഇരിക്കെ ആണ് ജോലി മാറാന്‍ തോന്നിയത്. പുതിയ കമ്പനിയില്‍ പാസ്പോര്‍ട്ട്‌ നിര്‍ബന്ധം  ആണ് എന്ന് പറഞ്ഞു. സാരമില്ല. അറുപതു ദിവസത്തിനുള്ളില്‍ ശരിയാക്കാം എന്നാ ഉറപ്പില്‍ അവര്‍ ജോലി തന്നു. പണി തന്നു എന്ന് വേണം പറയാന്‍. ഇത് മുഴുവന്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കും അത് തോന്നും.

     കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബംഗ്ലൂര്‍ ആണ് താമസം. അന്വേഷിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു നാട്ടില്‍ പോയി അപേക്ഷിക്കാന്‍. പാസ്‌പോര്‍ട്ടില്‍ സ്ഥിരം വിലാസം വരുന്നതാണ് നല്ലതെന്ന്. അങ്ങനെ ഒടുവില്‍ ഒരുവിധം ലീവ് ഒക്കെ സംഘടിപ്പിച്ചു നാട്ടിലേക്ക് പോയി. പോകുന്നതിനു മുമ്പ് തന്നെ പാസ്പോര്‍ട്ട്‌ ഓഫീസിന്റെ  വെബ്‌സൈറ്റില്‍ പോയി അപേക്ഷ ഒക്കെ ഫില്‍ ചെയ്തു വച്ച്. നാട്ടില്‍ പോയി എന്റെ ഒരു സുഹൃത്തിന്റെ പരിചയത്തിലുള്ള ഒരു ട്രാവല്‍ ഏജെന്റിനെ കണ്ടു. പുള്ളി പറഞ്ഞതനുസരിച്ച് പത്താം ക്ലാസ്സ്‌ പാസ്സായതിന്റെ തെളിവായി SSLC ബുക്കിന്റെ "കാപ്പി", വോട്ടര്‍ അയി ഡി യുടെ കാപ്പി , ഫോട്ടം, അങ്ങനെ പലവക സാധനങ്ങള്‍ റെഡി ആക്കി. തത്കാല്‍ വഴി അപേക്ഷിച്ചാല്‍ മൂന്നു ദിവസത്തിനുള്ളില്‍ പാസ്സ്പോര്‍ത്ടുമായി തിരിച്ചു പോവാം എന്ന് കരുതി അതിനാണ് അപേക്ഷ ശരിയാക്കിയത്. രാവിലെ എട്ടു മണിക്ക് തന്നെ കൈതമുക്കിലുള്ള പാസ്സ്പോര്‍ട്ട് ഓഫീസിലെത്തി.ചുറ്റിനും ഒരുപാടു ഫോടോസ്ടറ്റ് കടകള്‍, അപേക്ഷ പൂരിപ്പിച്ചു നല്‍കുന്നവര്‍, അങ്ങനെ അനുബന്ധ വ്യവസായങ്ങള്‍ അനേകം. അക്ഷരം അറിഞ്ഞു കൂടാത്ത പാവങ്ങളെ ഒക്കെ അവന്മാര്‍ എല്ലാവരും കൂടി ജ്യൂസ് എടുക്കുന്നുണ്ട്. ഒരുവിധം എല്ലാം ശരിയാക്കി. അപ്പൊ പുള്ളി പറയുന്നു ഒരു നോട്ടറി ഒപ്പിട്ട അഫ്ഫിടവിറ്റ് വേണം എന്ന്. ഞാന്‍ ഒന്ന് ഞെട്ടി. ബട്ട്‌ പുള്ളിക്ക് ഒരു കുലുക്കവുമില്ല. വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. അപ്പൊ അതാ ഒരു അമ്മൂമ്മ വരുന്നു. പുള്ളി അവരുടെ കയ്യില്‍ ഒരു കടലാസ്സില്‍ എന്റെ പേരും അഡ്രസ്സും എഴുതി കൊടുത്തു. പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ അതാ അവര്‍ തിരിച്ചു വരുന്നു. കയ്യില്‍ നല്ല ഒന്നാംതരം ചൂടന്‍ അഫ്ഫിടവിറ്റ് ഒരെണ്ണം. നാനൂറു രൂപ കൊടുത്തു. അതും വാങ്ങി അവര്‍ പോയി. മണി ഒന്‍പതു ആയി. എല്ലാം ഒരു ചാക്ക് നൂല്‍ കൊണ്ട്  തുന്നിക്കെട്ടി ഒരു ഫയല്‍ ആക്കി പുള്ളി എന്റെ കയ്യില്‍ തന്നു. ഇതും കൊണ്ട് നേരെ അകതോട്ടു കയറിക്കോളാന്‍ പറഞ്ഞു. 


     ഗുരു കാരണവന്മാരെയും അച്ഛനെയും അമ്മയെയും മനസ്സില്‍ ധ്യാനിച്ച് അകത്തേക്ക് കയറി. അകത്തു കുതിരയെടുപ്പിനുള്ള ജനക്കൂട്ടം. പൊടികുഞ്ഞുങ്ങളുമായി വന്നവരുണ്ട്. പ്രായമായവരുണ്ട്. പത്താം ക്ലാസ് കഴിഞ്ഞു വിരിഞ്ഞിറങ്ങിയിരിക്കുന്ന പയ്യന്മാര്‍ ഉണ്ട്. എല്ലാവരും കൂടി ഒരു ചെറിയ ഹാളിലാണ്. കയറുന്ന ഇടതു തന്നെ ഒരു ചേട്ടന്‍ ഇരിപ്പുണ്ട്. ഭവ്യതയോടെ ഫയല്‍ അവിടെ കൊണ്ട് കാണിച്ചു. പുള്ളി അതില്‍ ഒരു നമ്പര്‍ ഇട്ടു തന്നു. മുന്നൂറ്റി ഒന്ന്. കൊള്ളാം. നിന്ന് നിന്ന് എന്റെ പരിപ്പിളകും എന്നൊക്കെ വിചാരിച്ചു അകത്തു കയറി. നിന്ന് തിരിയാന്‍ ഇടമില്ല. പാവം കൊച്ചു കുട്ടികള്‍ ഒക്കെ ഭയങ്കര കരച്ചില്‍. അമ്മമാര്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നു. അന്വേഷങ്ങല്കായി ഒരു കൌണ്ടര്‍ ഉണ്ട്. അവിടെ എന്തെങ്കിലും അന്വേഷിക്കാന്‍ ചെല്ലുന്നവരെ അവിടിരിക്കുന്ന ചേട്ടന്‍ പല്ലും നഖവും ഉപയോഗിച്ചാണ് നേരിടുന്നത്. അതുകൊണ്ട് അങ്ങേരെ പേടിച്ചു ആരും അങ്ങോട്ട്‌ അടുക്കുന്നില്ല.അഞ്ചു കൌണ്ടെര്‍ ഉണ്ട്. അതില്‍ പത്തും ഇരുപതും പേര്‍ നില്‍പ്പുണ്ട്. എന്താണ് പരിപാടി എന്ന് വച്ചാല്‍ , ഇടയ്ക്കിടയ്ക്ക് മൈക്കില്‍ കൂടി വിളിച്ചു പറയും. അപ്പൊ ആ ആള്‍ക്കാര്‍ ക്യൂവില്‍ പോയി നില്‍ക്കണം. എന്റെ നമ്പര്‍ വന്നപ്പോ രണ്ടു മണിക്കൂര്‍ ആയി. ഇപ്പൊ ക്ലോസ് ആവും. അങ്ങനെ ഒടുവില്‍ നിരങ്ങി നിരങ്ങി മുന്നിലെത്തി. ഒരു പ്രായമായ സ്ത്രീ ആണ് അവിടിരിക്കുന്നത്‌. പാവം പണിയെടുത്തു അവരും തളര്‍ന്നിരിക്കുന്നു. എന്റെ SSLC ബുക്ക്‌  എടുത്തു നോക്കി. അമ്മയുടെ പേര് കമ്പ്ലീറ്റ്‌ ആയി ഇല്ല എന്ന് പറഞ്ഞു. വോട്ടര്‍ ഐ ഡി നോക്കി. അതില്‍ മുഴുവന്‍ സ്പെല്ലിംഗ് മിസ്റെക്. പക്ഷെ SSLC ബൂക്കിലെത് ഒരു തെറ്റായിരുന്നില്ല. ബാക്കി രേഖകളില്‍ ഉള്ളത് പോലെ പേര് മുഴുവന്‍ ആയിട്ടില്ല എന്നെ ഉള്ളു. അപ്പൊ തന്നെ പുള്ളിക്കാരി പറഞ്ഞു ഇത് പറ്റില്ല എന്ന്. അത് കേട്ടതും എന്റെ സകല നാഡികളും തളര്‍ന്നു. രണ്ടു ദിവസത്തെ കഠിനാധ്വാനം ആണ് പാഴായത്. അങ്ങനെ നിരാശനായി പുറത്തിറങ്ങി. തമ്പാനൂര്‍ ചെന്ന് അടുത്ത ബസ്‌ പിടിച്ചു വീട്ടിലെത്തി. 

     ഇനി എന്ത് ചെയ്യണം എന്ന് രാത്രി മുഴുവന്‍ കൂലംകക്ഷമായി ഇരുന്നു ആലോചിച്ചു. വോട്ടര്‍ ഐ ഡി ആദ്യം ശരിയാക്കണം. ആരോ പറഞ്ഞു താലൂക് ഓഫീസില്‍ എലെക്ഷന്‍ കമ്മിഷന്‍ ഓഫീസ് ഉണ്ട്. അവിടെ പോയാല്‍ കിട്ടും എന്ന്. അങ്ങനെ രാവിലെ തന്നെ ദോശയും ചായയും അടിച്ചിട്ട് ഇറങ്ങി. അവിടെ ചെന്ന് ഓഫീസ് കണ്ടു പിടിച്ചു. അവന്മാരോട് കാര്യം പറഞ്ഞു. എന്റെ കാര്‍ഡ്‌ മുഴുവന്‍ തെറ്റുകള്‍ ആണ്. ശരിയാക്കണം എന്ന്. അവന്‍ എന്നെ ദഹിപ്പിക്കുന്നത് പോലെ ഒന്ന് നോക്കി. 'എത്ര തവണ പത്രത്തില്‍ പരസ്യം ചെയ്തതാണ് ഹേ... കാര്‍ഡിലെ തെറ്റുകള്‍ ശരിയാക്കാന്‍ ചെല്ലേണ്ട സമയം. അപ്പോഴൊന്നും വരാതെ ഇപ്പൊ വന്നാല്‍ എന്ത് പറയണം ? ' പുള്ളി പൊട്ടിത്തെറിച്ചു. 'ചേട്ടാ. ഞാന്‍ പുറത്താണ് ജോലി ചെയ്യുന്നത്. ഇവിടത്തെ പത്രത്തില്‍ വന്നത് ഞാന്‍ അറിഞ്ഞില്ല. അതുകൊണ്ടാ.. ഒന്ന് സഹായിക്കണം .. ' വളരെ താഴ്മയായി പറഞ്ഞു നോക്കി. 'ഇല്ല. ഈയിടക്ക് പരസ്യം വന്നതല്ലേ . ഇപ്പൊ സിസ്റ്റം ബ്ലോക്ക്‌ ചെയ്തിരിക്കുകയാണ് . ഇനി അടുത്ത പരസ്യം വരുമ്പോ വാ' അവന്‍ നിര്‍വികാരനായി പറഞ്ഞു. സംസാരിച്ചു നോക്കി. ഒരു രക്ഷയുമില്ല. അവന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. എലെക്ഷന്‍ കമ്മിഷന്‍ മുഴുവന്‍ അവന്റെ ചുമലില്‍ ആണെന്ന ഭാവം. എന്ത് ചെയ്യാന്‍. പുറത്തിറങ്ങി. എനിക്കിപ്പോഴും മനസ്സിലാവാത്ത ഒരു കാര്യം എന്താന്നു വച്ചാല്‍. ഈ കാര്‍ഡ്‌ തന്നിരിക്കുന്നത് ഒരാളെ തിരിച്ചറിയാനാണ്. അതില്‍ ശരിയായ വിവരങ്ങളും തെളിമയുള്ള ഫോട്ടോയും ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത് അത് തരുന്നവരുടെ ചുമതല അല്ലെ ? ഇനി എന്തെങ്കിലും കാരണം കൊണ്ട് അതില്‍ തെറ്റ് വന്നാല്‍ തക്കതായ രേഖകളുടെ പിന്‍ബലത്തില്‍ അത് തിരുത്തി കൊടുക്കേണ്ട ഒരു സ്ഥിരം സംവിധാനം ഉണ്ടാവേണ്ടതല്ലേ ? ഭാരതം മുഴുവന്‍ ഉള്ള ഒരു സിസ്റ്റം ആണ് ഇതെന്നോര്‍ക്കണം. 

     എന്തായാലും അങ്ങനെ കാര്‍ഡ്‌ തിരുത്തല്‍ എന്ന പ്രതീക്ഷ അവസാനിച്ചു. അടുത്ത ദിവസമായി. ഇന്നും കൂടിയേ ലീവ് ഉള്ളു. ഒരു കാര്യം ചെയ്യാം. SSLC ബുക്കിലെ അമ്മയുടെ പേര് ശരിയാക്കിയേക്കാം. പരീക്ഷ ഭവനിലേക്ക് വിട്ടു. അവിടെ ചെന്നപ്പോ ആകെ രസം. ഇത് ശരിയാക്കണമെങ്കില്‍ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍ നിന്നുള്ള ഒരു രേഖ, പഠിച്ച സ്കൂളില്‍ നിന്നുള്ള ശുപാര്‍ശ കത്ത് എന്നിവ വേണം എന്ന്. ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്ന കാലത്തല്ല നോം ജനിച്ചത്‌. അതുകൊണ്ട് എനിക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ല. അങ്ങനെ നേരെ ഞാന്‍ ജനിച്ച ആശുപത്രിയില്‍ പോയി. അച്ഛനെയും അമ്മയെയും കൂട്ടി. അവിടെ നിന്ന്  അവരുടെ ശുപാര്‍ശ കത്ത് സംഘടിപ്പിച്ചു. ഇനി അത് കൊണ്ട് പഞ്ചായത്തില്‍ പോണം. പോയി. അത് അച്ഛനെ ഏല്‍പ്പിച്ചു. അച്ഛന്‍ രണ്ടു മൂന്നു ദിവസം പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങി അത് 
സംഘടിപ്പിച്ചു. പാവം അച്ഛന്‍. നടന്നു നടന്നു ഒരു പരുവമായി. എന്ത് ചെയ്യാനാ. ഉടന്‍ പരീക്ഷ ഭവനില്‍ പോയിട്ട് കാര്യമില്ല. വോട്ടര്‍ അയി ഡി ഇപ്പോഴും ഒരു വിദൂര സ്വപ്നമാണ്. ഇനി അവരുടെ നോട്ടിഫിക്കേഷന്‍ വരുന്നത് വരെ വെയിറ്റ് ചെയ്യണം. ചുവപ്പ് നാട എന്ന് കേട്ടിട്ടേ ഉള്ളു . ഇപ്പൊ കണ്ടു. 

ഇനി കഥയുടെ ബാന്‍ഗ്ലൂര്‍ വെര്‍ഷന്‍

     പുതിയ കമ്പനിയില്‍ ഒരു ബംഗാളി ഒപ്പം പണിയെടുക്കുന്നുണ്ട്.  പുള്ളി ദിവസവും ഒരു സൈറ്റ് എടുത്തു നോക്കിയിട്ട് പാസ്പോര്‍ട്ട്‌ ഉടന്‍ കിട്ടും എന്നൊക്കെ 
പറഞ്ഞു നടക്കുന്നുണ്ട്. അങ്ങേര പറഞ്ഞപ്പോഴാണ് അറിയുന്നത് ഇവിടത്തെ സിസ്റ്റം എങ്ങനെ ആണെന്ന്. വിശദമായി പറയാം. 

     ഭാരതത്തില്‍ ആദ്യമായി രണ്ടു പാസ്പോര്‍ട്ട്‌ സേവാ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഒന്ന് ചാണ്ടിഗര്‍ , രണ്ടാമതെത് ബാന്‍ഗ്ലൂര്‍. പരീക്ഷണ അടിസ്ഥാനത്തില്‍ ആണ് 
ഇത് തുടങ്ങിയിരിക്കുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ആണ് ഇതിന്റെ ടെക്നോളജി പാര്‍ട്ണര്‍. ഒരു പാസ്പോര്‍ട്ട്‌ ലഭിക്കാനോ പുതുക്കാനോ അങ്ങനെ  
പാസ്സ്പോര്‍ട്ട് സംബന്ധമായ എല്ലാ സേവനങ്ങളും വളരെ സൌകര്യപ്രദമായി ലഭിക്കാനുള്ള ഒരു ആകര്‍ഷകമായ സിസ്റ്റം.  ഒരു പുതിയ പാസ്സ്പോര്‍ട്ട് ലഭിക്കാന്‍ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്.

1. http://passportindia.gov.in എന്ന വെബ്‌സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യുക. നിങ്ങള്ക്ക് ഒരു ലോഗിന്‍ നെയിം , പാസ്സ്‌വേര്‍ഡ്‌ എന്നിവ കിട്ടും.
2. അപേക്ഷ ഓണ്‍ലൈന്‍ ആയി പൂരിപ്പിക്കാം. അല്ലെങ്കില്‍ അത് ഡൌണ്‍ലോഡ് ചെയ്തിട്ട് പ്രിന്റ്‌ ഔട്ട്‌ എടുത്തു ഫില്‍ ചെയ്തിട്ട് സേവ കേന്ദ്രത്തില്‍ കൊണ്ട് പോയി കൊടുത്താലും മതി.
3. അപേക്ഷയുടെ ഒപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദമായ ലിസ്റ്റ് ഇതില്‍ ഉണ്ട്. ഇതിലുള്ള ഡോക്യുമെന്റ് അഡ്വൈസര്‍ ഉപയോഗിച്ച് എന്തൊക്കെ ആണ് വേണ്ടതെന്നു  നിങ്ങള്‍ക്ക് പരിശോധിക്കാം. ഇവിടെ ആണ് ഇവര്‍ വ്യത്യസ്തര്‍ ആവുന്നത്. നിങ്ങളുടെ അഡ്രസ്‌ പ്രൂഫ്‌ ആയി നിങ്ങള്ക്ക്  ബി എസ് എന്‍ എല്‍ ബില്‍ , ബാങ്ക് സ്റ്റെമെന്റ്റ്‌, അങ്ങനെ വിശദമായ ഒരു ലിസ്റ്റ് ഉണ്ട്. അതില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും രേഖകള്‍ കൊടുത്താല്‍ മതി. അത് നിങ്ങള്‍ തന്നെ പരിശോധിച്ച് നോക്കു. 

4. അടുത്ത പരിപാടി അപേക്ഷ ഫില്‍ ചെയ്യലാണ്. വളരെ ലളിതമായ ഒരു ഫോം ആണ്. അതില്‍ എല്ലാം നിങ്ങള്‍ക്ക് തന്നെ പൂരിപ്പിക്കാന്‍ സാധിക്കും. ഇത്രയും ചെയ്തു കഴിയുമ്പോള്‍ ഇങ്ങള്‍ക്ക്‌ ഒരു അപ്പോയിന്റ്മെന്റ് എടുക്കാം. മൂന്നു ഓഫീസ് ആണ് ഇവിടെ ഉള്ളത്. അതില്‍ ഏറ്റവും അടുതുള്ളതില്‍
നോക്കി. ഒരാഴ്ച കഴിഞ്ഞുള്ള ഒരു ഡേറ്റ് ഉണ്ട്. ക്ലിക്ക് ചെയ്തു. ഡേറ്റ്, ടൈം, ചെല്ലേണ്ട ഓഫീസിന്റെ വിലാസം ഇവ ഒക്കെ ഉള്ള ഒരു സ്ലിപ് അതാ വരുന്നു. അതിന്റെ ഒരു പ്രിന്റ്‌ ഔട്ട്‌ എടുത്തു വച്ചു. 

     പറഞ്ഞ സമയത്ത് തന്നെ അതില്‍ പറഞ്ഞിരിക്കുന്ന വിലാസത്തിലുള്ള ഓഫീസില്‍ എത്തി. പ്രതീക്ഷിച്ചതില്‍ നിന്ന് വിപരീതമായി ഒരു ഓഫീസ് ആണ്  എനിക്ക് കാണാന്‍ കഴിഞ്ഞത്. നമ്മുടെ അപ്പോയിന്റ്മെന്റ് സ്ലിപ് കാണിക്കുമ്പോള്‍ സെക്യൂരിറ്റി അത് ലോഗ് ബുക്കില്‍ എന്റര്‍ ചെയ്തിട്ട് ഒരു നമ്പര്‍ എഴുതിയിട്ട് അകത്തേക്ക് വഴി കാണിച്ചു. അതീവ കര്‍ശനമായ സുരക്ഷ പരിശോധന ഉണ്ട്. ബാഗ്‌ തുറന്നു നോക്കി. മെറ്റല്‍ ദിടക്ട്ടര്‍ വച്ച് ദേഹം മുഴുവന്‍ പരിശോധിച്ചു. അകത്തു കയറി. എയര്‍ കണ്ടിഷന്‍ ചെയ്ത അത്യുഗ്രന്‍ ഓഫീസ്. ഇലക്ട്രോണിക് ഡിസ്പ്ലേ സിസ്റെംസ് , വിശ്രമിക്കാന്‍ കസേരകള്‍, വൃത്തിയുള്ള പരിസരം, അങ്ങനെ ആകര്‍ഷകമായ ഉള്‍വശം. ടോക്കന്‍ കൌന്ടരില്‍ പോയി ടോക്കന്‍ വാങ്ങി. കുറച്ചു പേരെ മാത്രമേ ഒരേ സമയം കടത്തി വിടു. അതുകാരണം അകത്തു
ഒരു തിരക്കുമില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്നു എന്റെ ടോക്കന്‍ നമ്പര്‍ വിളിച്ചു. എന്നിട്ട് പുള്ളി ഒരു കൌണ്ടര്‍ കാണിച്ചു തന്നു. അകത്തേക്ക് പോയി. 






     ഒരു പെണ്‍കുട്ടി എല്ലാ രേഖകളും പരിശോധിച്ചു. പുള്ളിക്കാരി എന്റര്‍ ചെയ്യുന്ന വിവരങ്ങള്‍ നമുക്കും കാണാന്‍ ഒരു ഡിസ്പ്ലേ നമ്മുടെ നേരെയും വച്ചിട്ടുണ്ട്. ഒരു ക്യാമറ , സ്കാനര്‍ , പ്രിന്‍റര്‍ എന്നിവയും ഉണ്ട്. ഫോട്ടോ കോപ്പി എടുക്കാന്‍ സൗകര്യം ഉണ്ട്. ഇത് പോലത്തെ ഇരുപതോളം കൌണ്ടറുകള്‍ ആ ഹാളിലുണ്ട്.  ഫോട്ടോ അവര്‍ തന്നെ എടുത്തു.  പാസ്പോര്‍ട്ട്‌ ന്റെ  ഒരു പ്രിവ്യു കാണിച്ചു തന്നു.

 ഫീ വാങ്ങിച്ചു. എന്നിട്ട് പുള്ളിക്കാരി അത് അപ്രൂവ് ചെയ്തു. എടുത്ത സമയം പത്തു മിനിറ്റ്.  ഇത് കൌണ്ടര്‍ A ആണ്. ഇനി B കൌണ്ടര്‍ ലേക്ക് പോവാന്‍ പുള്ളിക്കാരി പറഞ്ഞു. അവിടെ ചെന്നപ്പോ തന്നെ ഒരാള്‍ വന്നു നമ്മുടെ ടോക്കന്‍ സ്ലിപ് നോക്കിയിട്ട്  B ഗ്രൂപ്പിലെ ഒരു കൌണ്ടര്‍ കാണിച്ചു തന്നു. അവിടെ ചെന്ന് അടുത്ത ലെവല്‍ വെരിഫിക്കേഷന്‍ കഴിഞ്ഞു. ഇനി ലാസ്റ്റ് കൌണ്ടര്‍. C കൌണ്ടര്‍.  അവിടെ ചെന്ന് അഞ്ചു മിനിറ്റില്‍ കാര്യം കഴിഞ്ഞു. അങ്ങനെ ആകെ എടുത്ത സമയം അര മണിക്കൂര്‍. എക്സിറ്റ് കൌണ്ടര്‍ കാണിച്ചു തന്നു. അവിടെ ചെന്ന് അക്നോലെട്ജ്മെന്റ്റ് വാങ്ങി. പുറത്തിറങ്ങി. 

     സത്യം പറയാമല്ലോ. ഇത്തരം ഒരു അനുഭവം ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് കിട്ടുന്നത്. ഇനി പാസ്സ്പോര്‍ട്ട് സ്റ്റാറ്റസ് അറിയാന്‍ അവരുടെ വെബ്‌സൈറ്റില്‍ കയറി നോക്കിയാല്‍ മതി. പാസ്പോര്‍ട്ട്‌ റെഡി ആവുമ്പോള്‍ നിങ്ങള്‍ക്ക് SMS ലഭിക്കും. ഇത് സംബന്ധമായ എല്ലാ സംശയങ്ങളും തീര്‍ക്കാനും സ്റ്റാറ്റസ് അറിയാനും ഒക്കെ സൌജന്യമായി വിളിക്കാവുന്ന കാള്‍ സെന്റെര്‍ നമ്പരുകള്‍ ഉണ്ട്. ഞാന്‍ അതില്‍ ഒന്ന് വിളിച്ചു നോക്കി. വളരെ മാന്യമായും വിനയത്തോടെയും ഉള്ള മറുപടി ആണ് ലഭിച്ചത്. ഇതിന്റെ ബുദ്ധികേന്ദ്രം ആരായാലും അവര്‍ക്ക് നമോവാകം. വണ്ടര്‍ഫുള്‍ സിസ്റ്റം !!!

ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു കേന്ദ്രം അത്യാവശ്യമാണ്. ടെക്നോളജി ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായി  എങ്ങനെ ഉപയോഗിക്കാം എന്ന് ഭരണാധികാരികള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് തോന്നുന്നു. ഞാന്‍ രാഷ്ട്രീയം പറയുകയല്ല.
സാങ്കേതിക വിദ്യയോടുള്ള ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുള്ളത് പോലുള്ള ഒരു താല്‍പര്യവും ആവേശവും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇല്ല. പണ്ട് രാജീവ്‌ ഗാന്ധി കമ്പ്യൂട്ടര്‍ കൊണ്ട് വരാന്‍ ശ്രമിച്ചപ്പോ സമരവും ബന്ദും നടത്തിയവരല്ലേ നമ്മുടെ രാഷ്ട്രീയക്കാര്‍.
അത് കൊണ്ട് എന്ത് നേടി. നമ്മുടെ രാജ്യം കുറച്ചു കൊല്ലം പുറകിലായി. അത്ര തന്നെ. ഇനിയെങ്കിലും അത്തരം പേക്കൂത്തുകള്‍ നിര്‍ത്തിയില്ലെങ്കില്‍ ജനങ്ങള്‍ തന്നെ തിരിച്ചടിക്കാന്‍ തുടങ്ങും. പണ്ടത്തെ  പോലെ വിവരമില്ലാതവരല്ല ജനങ്ങള്‍ മുഴുവന്‍. എല്ലാ പ്രായത്തിലുള്ള ജനങ്ങള്‍ക്കും
ഇപ്പൊ വിവരം കൂടുതലാണ്. ഓര്‍ക്കുക. അതോടൊപ്പം തന്നെ പാസ്പോര്‍ട്ട്‌ സേവ കേന്ദ്രത്തിനു കടുത്ത ഭാഷയില്‍ നന്ദിയും അഭിവാദനങ്ങളും അര്‍പ്പിക്കാനും ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു. പ്രിയ ബംഗ്ലൂര്‍ മലയാളികളെ.. ഈ സൗകര്യം ഉപയോഗപ്പെടുതുവിന്‍.. ആനന്ദത്തോടെ ജീവിപ്പിന്‍. 

7 അഭിപ്രായങ്ങൾ:

  1. എന്റെ ചേട്ട കൊച്ചിൻ പാസ്പോർട്ട് ഓഫിസിൽ ഒരിക്കൽ പോകേണ്ട ഗതികേടുവന്നു..അടിയാന്മാർ നിൽക്കുന്ന പോലെ പഞ്ചപുശ്ചമടക്കി പറയുന്നതെല്ലാം കേട്ട് കാലു പിടിച്ചു നിന്നാൽ ചിലപ്പോൾ കാര്യം നടന്നേക്കും..ഈ ബ്ലഡി പട്ടികളുടെ വിചാരം അവിടെ വരുന്ന മനുഷ്യരെല്ലാം വെറും നാലാംകിട
    ക്രിമിനൽസ് ആണെന്നാണ് ഒരുതരം ജയിൽ ചിട്ട..ആരെങ്കിലും അവിടെ പോകുന്നുണ്ടെങ്കിൽ അറിയാവുന്ന ആരുടേയും കൂടെയേ പോകാവൂ ..അല്ലേ തെണ്ടിപ്പോകും..ഒരു ചർക്കാർ ആപ്പീസ്..ഫൂ...

    മറുപടിഇല്ലാതാക്കൂ
  2. മോനെ. പോണി ബോയ്‌. ഇങ്ങനെ തെറി പറയല്ലേ.

    മറുപടിഇല്ലാതാക്കൂ
  3. I never had a bad experience at the passport office in Kozhikode. This was before year 2000. All the documents were in order, and I never bothered to ask help from the application writers and fixers outside the office.

    That said, I can understand your situation very well - my entire family had to run around various offices in different cities (born in one town, I had lived my entire life in another). But the moment you pay the expected "transaction" fees, things will happen all of a sudden.

    മറുപടിഇല്ലാതാക്കൂ
  4. ബംഗ്ലൂര്‍ തന്നെ പെര്‍മനന്റ് അദ്ദ്രെസ് ഉള്ളവര്‍ക്ക്‌ ഇത്, ഇതിലും ഈസി ആണ്.

    ഞാന്‍ ഫോം ഡൌണ്‍ലോഡ് ചെയ്തു, ഫില്‍ ചെയ്തു, പ്രൂഫ്‌ എല്ലാം ആയി, Bangalore-1 സെന്ററില്‍ പോയി എല്ലാം കൊടുത്തു. കൊറേ അത്തരം സെന്റര്‍ ഉള്ളത് കൊണ്ട്, വലിയ തിരക്ക്‌ ഇല്ലായിര്‍ന്നു. എന്റെ മുന്നില്‍ ഒറ്റ ആള്‍ മാത്രം. ഒരു ഇരുപതു മിനിട്ടില്‍ അവിടെ ഇരുന്നവര്‍ എല്ലാം ചെയ്തു സ്ലിപ് തന്നു.

    പോലീസ്‌ വേര്ഫി മാത്രം കുറച്ചു ദിവസം ലേറ്റ് ആയി. പറഞ്ഞ ദിവസം പാസ്പോര്‍ട്ട് എന്റെ വീടിന്റെ അടുത്ത് ഉള്ള പോസ്റ്റ്‌ ഓഫ്സില്‍ വന്നു !!!

    മറുപടിഇല്ലാതാക്കൂ
  5. ഓര്‍മിപ്പിച്ചത് നന്നായി. ബംഗ്ലൂര്‍ വണ്‍ ഒരു സംഭവം തന്നെയാണ്. അതിനെ പറ്റി ഉടന്‍ ഒരു പോസ്റ്റ്‌ കാച്ചുന്നുണ്ട് :)

    മറുപടിഇല്ലാതാക്കൂ
  6. മത്തായി പറഞ്ഞതാണ് എന്റെയും അനുഭവം. കോഴിക്കോട് തന്നെയാണ് എന്റെ പാസ്പോര്‍ട്ട്‌ ഓഫീസ്. രണ്ടാമത്തെ പ്രാവശ്യം renewal നു ചെന്നപ്പോള്‍ ഞാന്‍ തത്കാല്‍ ഇല്‍ എടുക്കാന്‍ തയ്യാറായിട്ടും അവിടെ നിന്ന് തന്നെ പറഞ്ഞു പെട്ടെന്ന് കിട്ടും എന്ന്. ആദ്യത്തെ പാസ്പോര്‍ട്ട്‌-ന്റെ validity തീരുന്നതിനു മുന്‍പേ ആണെങ്കില്‍ police verification വേണ്ട. എനിക്ക് തോന്നുന്നത് ഓരോ ഓഫീസിലെയും രീതികള്‍ വേറെ ആണെന്നാണ്, കോഴിക്കോട് വളരെ ഭേദം :)

    മറുപടിഇല്ലാതാക്കൂ
  7. eppo nannaavaana?...evide poyalum pori veyilatthum nalla mazhayatthum que nikkanam alle ithenkilum onnu nere aakkiyirunnenkil

    മറുപടിഇല്ലാതാക്കൂ