2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 32


      നഗരം പുതു മഴയില്‍ തണുത്തു കുതിര്‍ന്നിരിക്കുകയാണ്.തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്. ഒരു പഴകി പൊളിഞ്ഞ റിക്ഷയില്‍ ചിന്നു നഗരത്തിലെ ഇടവഴികളിലൂടെ വീട് ലക്ഷ്യമാക്കി നീങ്ങി. കോച്ചി പോകുന്ന തണുപ്പൊന്നും അവള്‍ അറിയുന്നുണ്ടായിരുന്നില്ല. ഉള്ളില്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന തീ അവളെ പൊള്ളിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ വീടെത്തി. പെട്ടെന്ന് തന്നെ ഒരുങ്ങി ഓഫീസിലേക്ക് ഇറങ്ങി. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചില്ല. ഓഫീസില്‍ അധികം ജോലിയൊന്നും ഉണ്ടായിരുന്നില്ല. വെറുതെ അതുമിതുമൊക്കെ വായിച്ചു അവള്‍ അവിടിരുന്നു. ഇടയ്ക്കെപ്പോഴോ ബൈജു അത് വഴി പോകുന്നത് അവള്‍ കണ്ടു. അവരുടെ കണ്ണുകള്‍ കൂട്ടിമുട്ടിയെങ്കിലും ഒന്നും സംസാരിച്ചില്ല. വൈകിട്ട് വരെ അങ്ങനെ തന്നെ ഒരു ഇരിപ്പിരുന്നു അവള്‍. പുതിയ ഒരു ഡോക്യുമെന്റെഷന്‍ വായിച്ചു തുടങ്ങിയത് മാത്രം അവള്‍ക്കു ഓര്‍മയുണ്ട്. മുന്നിലെ കാഴ്ച ഈര്‍പ്പം പടര്‍ന്ന പോലെ അവ്യക്തമാകുന്നതും അവള്‍ കണ്ടു. കണ്ണ് തുറന്നപ്പോള്‍ ചുറ്റിനും ബാക്കിയുള്ളവര്‍ എല്ലാവരും ഉണ്ട്. മോഹാലസ്യം വന്നു അവള്‍ വീണതാണ്. പ്രഷര്‍ കുറച്ചു കൂടിയിരിക്കുന്നു. പേടിക്കണ്ട കാര്യമൊന്നുമില്ല. കുറച്ചു വിശ്രമിച്ചാല്‍ മതി എന്ന് ഡോക്ടര്‍ പറഞ്ഞു. അന്ന് വൈകിട്ട് വീട്ടില്‍ വിളിച്ചപ്പോള്‍ ചിന്നു അമ്മയോട് നടന്നതൊക്കെ പറഞ്ഞു. അമ്മ ഒന്നും മിണ്ടിയില്ല. എന്നിട്ട് പെട്ടെന്നൊരു ചോദ്യം. നിനക്ക് ഈ ബുദ്ധി ആരാ പറഞ്ഞു തന്നത് ? എന്ന് .ആദ്യം ഒന്നും പിടി കിട്ടിയില്ലെങ്കിലും പിന്നീട് അവള്‍ക്കു കാര്യം പിടി കിട്ടി. ബൈജു പറഞ്ഞു തന്ന എന്തോ ഒരു വിദ്യ കാണിച്ചു സിമ്പതി പിടിക്കാനുള്ള ശ്രമം ആണെന്നാണ്‌ അമ്മ പറഞ്ഞു വരുന്നത്. അവളുടെ ജീവിതത്തില്‍ ആദ്യമായി അവള്‍ ഒരു നിമിഷം അമ്മയെ വെറുത്തു. പക്ഷെ പെട്ടെന്ന് തന്നെ അവള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരികെ വന്നു. അമ്മയുടെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോള്‍ അങ്ങനെ സംശയിച്ചതില്‍ അത്ഭുതമില്ല. അവള്‍ ഒന്നും മിണ്ടിയില്ല. അമ്മ ഫോണ്‍ വച്ചിട്ട് പോയി. പക്ഷെ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോ അമ്മ വീണ്ടും വിളിച്ചു. ഡോക്ടറെ കാണിക്കാന്‍ പറഞ്ഞു. അത്ര സീരിയസ് ഒന്നുമല്ല എന്നൊക്കെ അവള്‍ വിക്കി വിക്കി പറഞ്ഞെങ്കിലും ആശുപത്രിയില്‍ ഒന്ന് പോയി കാണിക്കാന്‍ പറഞ്ഞിട്ട് അമ്മ ഫോണ്‍ വച്ചു. അതിനു പുറകെ ബൈജു വിളിച്ചു. അവന്‍ പറഞ്ഞപ്പോഴാണ് നടന്നതൊക്കെ അവള്‍ക്കു മനസ്സിലായത്. ബോധം കേട്ട് വീണ അവളെ ബൈജുവും ടീമിലെ വേറൊരു പെണ്‍കുട്ടിയും ചേര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ട് പോയത്. അവര്‍ എന്തോ സെടെടിവ് കൊടുത്തു. അതിന്റെ മയക്കത്തിലായിരുന്നു അവള്‍. അടുത്ത ദിവസം ചെന്ന് ഒരു ഫുള്‍ ചെക്കപ്പ് ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞു. അതുകൊണ്ട് നാളെ തന്നെ ആശുപത്രിയില്‍ പോകണം എന്ന് അവന്‍ പറഞ്ഞു. മറ്റു കാര്യങ്ങളെ കുറിച്ചൊന്നും സംസാരിക്കാതെ അവന്‍ ഫോണ്‍ വച്ചു. 

      നേരം പുലര്‍ന്നു. ആശുപത്രിയില്‍ എത്തി. ടെസ്റ്റുകള്‍ എല്ലാം കഴിഞ്ഞു. റിസള്‍ട്ട്‌ വാങ്ങിയിട്ട് വൈകിട്ട് വരാന്‍ പറഞ്ഞു ഡോക്ടര്‍ പോയി. ആദ്യമൊക്കെ അതിനെ പറ്റി അത്ര സീരിയസ് ആയില്ലെങ്കിലും ചിന്നുവിന് എന്തോ ഒരു അസ്വസ്ഥത പോലെ തോന്നി. ബൈജു ഒപ്പമുണ്ട്. വൈകിട്ട് ഞാന്‍ വരാം എന്ന് മാത്രം പറഞ്ഞിട്ട് ബൈജു പോയി. പക്ഷേ ഒരിട മുന്നോട്ടു നടന്ന അവന്‍ പെട്ടെന്ന് തിരികെ വന്നു. ചിന്നൂ.. നീ ഒറ്റയ്ക്ക് പോകണ്ട. ഞാനും വരാം. എന്ന് പറഞ്ഞിട്ട് അവനും അവള്‍ക്കൊപ്പം നടന്നു. വീടെത്തുന്നത് വരെ രണ്ടുപേരും ഒന്നും മിണ്ടിയില്ല. പക്ഷേ അവരുടെ ഹൃദയങ്ങള്‍ അപ്പോഴും നിശബ്ദമായ ഏതോ ഭാഷയില്‍ സംസാരം തുടരുന്നുണ്ടായിരുന്നു. 
നടന്നു നടന്നു ഒടുവില്‍ വീടെത്തി.  വൈകിട്ട് കാണാം എന്ന് പറഞ്ഞു അവര്‍ പിരിഞ്ഞു. അവള്‍ റൂമിലെത്തി. മടുപ്പിക്കുന്ന നിശബ്ദത. ഉച്ചയ്ക്ക് ഭക്ഷണം ഒന്നും കഴിക്കാതെ അവള്‍ തളര്‍ന്നുറങ്ങി. ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടാണ് ഉണര്‍ന്നത്. ബൈജു. ഹോസ്പിറ്റലില്‍ പോകാന്‍ വിളിക്കുകയാണ്‌. ഒരു വിധം എഴുനേറ്റു മുഖം കഴുകി അവള്‍ പുറത്തു വന്നു. ബൈജു അവിടെ പാതയോരത്ത് നില്‍പ്പുണ്ട്. അവളെ കണ്ടപ്പോ വിളറിയ മുഖത്തോട് കൂടി ബൈജു ഒന്ന് ചിരിച്ചു. അവളും. ഒന്നും മിണ്ടാതെ രണ്ടു പേരും മുന്നോട്ടു നടന്നു. ആശുപത്രിയില്‍ എത്തി. നല്ലതല്ലാത്ത എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നത് പോലെ അവള്‍ ഒഴിഞ്ഞു കിടന്ന ഒരു കസേരയില്‍ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോ അവര്‍ അകത്തേക്ക് വിളിച്ചു. 

      റിസള്‍ട്ട്‌ ഒക്കെ എടുത്തു കാണിച്ചിട്ട് ഡോക്ടര്‍ പറയാന്‍ തുടങ്ങി..കുട്ടി എവിടെയാണ് ജോലി ചെയ്യുന്നത് ? എന്താണ് ജോലിയുടെ ഒരു നേച്ചര്‍ എന്നൊക്കെ.. ചോദ്യങ്ങള്‍ നിര്‍ത്താതെ തുടര്‍ന്നപ്പോ അവള്‍ ചോദിച്ചു.. എന്തെങ്കിലും കുഴപ്പം ഉണ്ടോ ഡോക്ടര്‍ ? എന്ന്. പുള്ളി ഒരു നിമിഷം സംസാരം നിര്‍ത്തി. എന്നിട്ട് തുടര്‍ന്നു. അല്ല.പേടിക്കാനൊന്നുമില്ല. പക്ഷേ കുട്ടിയുടെ ബ്ലഡ്‌ പ്രഷര്‍ കൂടുതല്‍ ആണ്. മാത്രമല്ല ബ്ലഡില്‍ ഒരു എലെമെന്റ് കൂടുതല്‍ ആണ്. സൊ അധികം ടെന്‍ഷന്‍ ഉള്ള പണികള്‍ ഒന്നും പാടില്ല. ഇത് പലര്‍ക്കും പ്രായമാകുമ്പോള്‍ വരുന്നതാണ്. ചിലര്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ ട്രിഗര്‍ ആകും. പിന്നെ അത് പഴയത് പോലെ ആകാന്‍ പ്രയാസമാണ്. കുറച്ചു കണ്ട്രോള്‍ ചെയ്തു ജീവിക്കുക എന്നത് മാത്രമേ ഉള്ളൂ പരിഹാരം. ഭക്ഷണം, ജീവിത രീതി, അങ്ങനെ എല്ലാം നിയന്ത്രിക്കുക തന്നെ വേണം. അല്ലെങ്കില്‍ ഇത് ഡെവലപ്പ് ചെയ്തു കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങും. ആദ്യത്തെ വാചകങ്ങള്‍ മാത്രമേ ചിന്നു കേട്ടുള്ളൂ. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ഡോക്ടര്‍ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവള്‍ കരച്ചില്‍ നിര്‍ത്തിയില്ല. തിരികെ വീട്ടില്‍ എത്തുന്നത്‌ വരെ അവള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. എന്ത് പറയണമെന്നറിയാതെ ബൈജുവും പോയി. കുറച്ചു കഴിഞ്ഞപ്പോ അമ്മ വിളിച്ചു. ഏങ്ങലടിച്ചു കൊണ്ട് അവള്‍ ഡോക്ടര്‍ പറഞ്ഞതെല്ലാം അമ്മയോട് പറഞ്ഞു. അത് കേട്ട് അമ്മ ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോ അപ്പുറത്ത് നിന്നും ഒരു ചെറിയ കരച്ചില്‍ കേട്ടു. അമ്മ. അമ്മ കരയുകയാണ് . കരഞ്ഞുകൊണ്ട്‌ തന്നെ അമ്മ ഫോണ്‍ കട്ട്‌ ചെയ്തു .കുറച്ചു കഴിഞ്ഞപ്പോള്‍ ബൈജു വിളിച്ചു. എന്നാല്‍ ചിന്നു ഒന്നും സംസാരിക്കാന്‍ കൂട്ടാക്കിയില്ല. 'എന്നെ വിട്ടേക്കൂ ബൈജു. ഇങ്ങനെ ഒരു രോഗിയെ കൂടെ കൊണ്ട് നടന്നു വെറുതെ ബൈജുവിന്റെ ജീവിതം നശിപ്പിക്കണ്ട. ഞാന്‍ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോളാം. ബൈജു ഇത്രയുമൊക്കെ എനിക്ക് വേണ്ടി സഹിച്ചില്ലേ. ഇനി വേണ്ട. ' - ഇത്രയും പറഞ്ഞു അവള്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്തു. 

    അപ്പുറത്ത് ബൈജു ആകെ പരവശനായി ഇരിക്കുകയായിരുന്നു. എന്താണ് ചെയ്യേണ്ടത് ? ഇനി എന്താവും എന്നതിനേക്കാളുപരി അവളെ എങ്ങനെ സമാധാനിപ്പിക്കും എന്നതായിരുന്നു അവന്റെ ആശങ്ക. ചിന്നു ആണെങ്കില്‍ എല്ലാം ഉപേക്ഷിച്ചത് പോലെയാണ്. വാതിലില്‍ ആരോ മുട്ടുന്നു. ബൈജു പോയി നോക്കി. അപ്പുറത്തെ റൂമിലെ പ്രേമന്‍ ആണ്. വൈകിട്ട് എവിടെ പോയി രണ്ടെണ്ണം അടിക്കും എന്ന് ചോദിയ്ക്കാന്‍ വന്നതാണ്. എവിടെയെങ്കിലും പോയേക്കാം. ഇവിടെ ഒറ്റയ്ക്കിരുന്നാല്‍ ഭ്രാന്ത് പിടിക്കും. അങ്ങനെ പ്രേമന്റെ പഴയ യമഹ ആര്‍ എക്സ് നൂറാം നമ്പറിന്റെ പുറകില്‍ കയറി രണ്ടു പേരും ബാറിലേയ്ക്ക് തിരിച്ചു. ചെന്ന പാടെ പ്രേമന്‍ വെടി പൊട്ടുന്ന പോലെ രണ്ടെണ്ണം അകത്താക്കി. കണ്ടിട്ട് ബൈജുവിനും ഒരു പ്രലോഭനം തോന്നി. പക്ഷേ അവന്‍ ഒന്നും മിണ്ടാതെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോ ഒരു മെസ്സേജ്. ചിന്നുവിന്റെ ആണ്. എന്തോ ഭയം കാരണം അവന്‍ അത് തുറന്നില്ല. എന്തായിരിക്കും ആ മെസ്സേജ് എന്നറിയില്ലല്ലോ. തിരികെ വീട്ടിലെത്തിയിട്ടും അവന്‍ ആ മെസ്സേജ് തുറന്നു നോക്കിയില്ല. പ്രേമന്‍ അടിച്ച കള്ളിന്റെ ബലത്തില്‍ എന്തൊക്കെയോ അവിടിരുന്നു വിളിച്ചു കൂവുന്നുണ്ട്. മിക്കവാറും അവന്‍ അപ്പുറത്തെ ലേഡീസ് ഹോസ്ടലിലെ വാച്ച് മാന്റെ കയ്യില്‍ നിന്ന് പെട വാങ്ങും. ഒടുവില്‍ കള്ളിറങ്ങിയപ്പോ പ്രേമന്‍ സ്വന്തം റൂമിലേയ്ക്ക് പോയി. വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ബൈജുവും കിടക്കയിലേക്ക് മറിഞ്ഞു. ചെറിയ ഒരു ശബ്ദത്തോട് കൂടി ഫാന്‍ കറങ്ങുന്നുണ്ട്. ഫോണ്‍ മേശപ്പുറത്തു ഉണ്ട്. അതിലേയ്ക്ക് പാളി നോക്കിയെങ്കിലും ആ മെസ്സേജ് തുറന്നു നോക്കാന്‍ അവനു ധൈര്യം ഉണ്ടായില്ല. പാതിരാത്രി ആകുന്നതു വരെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു അവനു ഉറക്കം വന്നില്ല. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു അവന്‍ ആ ഫോണ്‍ തുറന്നു നോക്കി. ചിന്നുവിന്റെ മിസ്സ്ഡ് കാള്‍ കിടക്കുന്നുണ്ട്. വിറയ്ക്കുന്ന കൈകളോടെ അവന്‍ ആ മെസ്സേജ് തുറന്നു നോക്കി. "ഒരു ഗുഡ് ന്യൂസ്‌. അമ്മ പറഞ്ഞു ഈ കല്യാണത്തിന്റെ പേരില്‍ ടെന്‍ഷന്‍ അടിച്ചു അസുഖം വരുത്തി വയ്ക്കണ്ട. ഇത് നടത്തി തരുന്ന കാര്യം ആലോചിക്കാം എന്ന്. "  താന്‍ കാണുന്നത് സത്യം തന്നെയോ എന്ന് അവനു വിശ്വാസമായില്ല. വീണ്ടും വീണ്ടും വായിച്ചു. സമയം ഒരു മണി ആയെന്നോര്‍ക്കാതെ അവന്‍ അപ്പൊ തന്നെ ചിന്നുവിനെ വിളിച്ചു. അവളും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ശബ്ദത്തില്‍ സന്തോഷമുണ്ടായിരുന്നുവെങ്കിലും അതിനിടയ്ക്കും അവള്‍ പറഞ്ഞു. "ഇത് ഇങ്ങനെയെങ്കിലും നടക്കുന്നത് സന്തോഷം തന്നെ. പക്ഷേ ഒരു രോഗിയെ ആണല്ലോ ബൈജുവിന് കിട്ടുന്നത് എന്ന് അവള്‍ പറഞ്ഞു. അത് മുഴുമിപ്പിക്കാന്‍ അവന്‍ സമ്മതിച്ചില്ല. "എന്താ ചിന്നു നീ ഇങ്ങനെയൊക്കെ. നമ്മള്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ പറ്റുമെങ്കില്‍ പിന്നെ അതില്‍ കൂടുതല്‍ എന്താ എനിക്ക് വേണ്ടത് ? " അവന്‍ പറഞ്ഞു. സന്തോഷം കൊണ്ട് എന്ത് പറയണം എന്നറിയാതെ അവര്‍ രണ്ടു പേരും വീര്‍പ്പു മുട്ടി നില്‍ക്കുകയാണ്. ഒന്നും സംസാരിക്കാനും പറ്റുന്നില്ല. കുറെ കാലം കൂടി നിറഞ്ഞു കവിയുന്ന സ്നേഹത്തോടെയും ആഹ്ലാദത്തോടെയും ചുംബനങ്ങള്‍ കൈമാറി അവര്‍ ഉറങ്ങാന്‍ കിടന്നു. 

2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

മനശ്ശാസ്ത്രന്ജന്‍ ഡോക്ടര്‍ അപ്പഹാജ അഥവാ Psychologists in disguise :)



ഇത് നിങ്ങള്‍ക്കറിയാവുന്ന നടന്‍ അപ്പഹാജയെ പറ്റിയല്ല. നിങ്ങള്‍ക്കൊക്കെ അറിയാവുന്ന ഒരേ ഒരു മനശാസ്ത്രന്ജന്‍ ഡോക്ടര്‍ പി എം മാത്യൂ വെല്ലൂര്‍ ആണല്ലോ. അദ്ദേഹത്തെ പറ്റിയും അല്ല ഈ പോസ്റ്റ്‌ . അദ്ദേഹത്തെയും വെല്ലുന്ന പലരും നമ്മുടെ ഇടയില്‍ ഒളിച്ചു കഴിയുന്നുണ്ട്. അവരെ പറ്റിയാണ് ഈ പോസ്റ്റ്‌... .ഈ പോസ്റ്റില്‍ പറയുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാനിരിക്കുന്നവരോ ആരുമായും ഒരു ബന്ധവുമില്ല എന്ന് ആണയിട്ടു പറഞ്ഞു കൊള്ളുന്നു .

വണ്ടിയില്‍ ട്രിപ്പ്‌ അടിക്കുന്നവര്‍ :
സര്‍ക്കാര്‍ ബസ് സൗകര്യം കുറവുള്ള സ്ഥലങ്ങളില്‍ കണ്ടിട്ടില്ലേ ജീപ്പിലും ടെമ്പോയിലും ആളെ കയറ്റി ട്രിപ്പ്‌ അടിക്കുന്നവര്‍. പല ഉള്‍ പ്രദേശങ്ങളിലും ഇവരാണ് ജനങ്ങള്‍ക്ക്‌ ഏക ആശ്രയം. ജങ്ക്ഷനില്‍ ഒക്കെ നിര്‍ത്തി ആളെ വിളിച്ചു കയറ്റുമ്പോള്‍ ഇവര്‍ പ്രയോഗിക്കുന്ന മനശാസ്ത്രപരമായ ഒരു തന്ത്രം ഉണ്ട്. വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി എഞ്ചിന്‍ ഇരപ്പിച്ചു ഇരപ്പിച്ചു നിര്‍ത്തും. നമുക്ക് തോന്നും വണ്ടി ഇപ്പം വിടും എന്ന്. ഡ്രൈവര്‍ ആണെങ്കില്‍ പ്രയാസപ്പെട്ടു വണ്ടി ഓടിക്കുന്നത് പോലെ വന്‍ ആക്ടിംഗ് ആയിരിക്കും. ഒരിഞ്ചു അല്ലെങ്കില്‍ രണ്ടു ഇഞ്ച്‌ ഒക്കെ വണ്ടി മുന്നോട്ടും പിന്നോട്ടും ഒക്കെ നീക്കിക്കൊണ്ടിരിക്കും. ഡ്രൈവറുടെ മുഖത്ത് വരുന്ന ഭാവങ്ങള്‍ കണ്ടാല്‍ തോന്നും വണ്ടി ഓടിക്കൊണ്ടിരിക്കുകയാണെന്ന് . പണ്ടത്തെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമകളില്‍ നസീറും ഷീലയും ഇംപാല കാറില്‍ പട്ടു പാടി പോകുന്ന സീനുകള്‍ ഓര്‍മയില്ലേ.. അത് പോലെ ആണ് പുള്ളീടെ ആക്ടിംഗ്. ഡ്രൈവറും കിളിയും കൂടി നടത്തുന്ന ഈ കലാപരിപാടിയില്‍ വീണു നമ്മള്‍ അകത്തു കയറി എന്ന് തന്നെയിരിക്കട്ടെ. ഒരിക്കലും നിങ്ങള്‍ക്ക് ഒരു വിഷമം തോന്നില്ല. ഈ ബഹളം കാണുമ്പോ വണ്ടി ദാ പോണു എന്ന് നിങ്ങള്‍ക്കും തോന്നും. പല തത്വ ചിന്തകന്മാരും പറഞ്ഞിട്ടുണ്ടല്ലോ പ്രതീക്ഷകളാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന്. അത് പോലൊരു സംഗതി ആണ് അറിഞ്ഞോ അറിയാതെയോ നമ്മുടെ ഡ്രൈവര്‍ അങ്കിള്‍ പ്രയോഗിക്കുന്നത്. ഇങ്ങേരെ നമ്മള്‍ നമിക്കണ്ടേ ? പറയ്‌ 

ഓട്ടോ ഡ്രൈവര്‍മാര്‍ :
ചിലപ്പോ ഒക്കെ നമ്മള്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോ ബസ്‌ വരാതെ കാത്തിരുന്നു മുഷിയുമല്ലോ. അപ്പൊ ദൈവം അയച്ച പോലെ വരുന്ന ഓട്ടോ ഡ്രൈവര്‍മാരെ ഓര്‍മയില്ലേ ? അപ്പൊ നമ്മള്‍ എന്തായാലും ആ ഓട്ടോ പിടിക്കും. എന്നാല്‍ ഇവരുടെ യഥാര്‍ത്ഥ കഴിവ് പുറത്തു വരുന്നത് മറ്റു ചില അവസരങ്ങളിലാണ്. അതായതു നിങ്ങള്‍ ഒരു ബസ്‌ കാത്തു നില്‍ക്കുകയാണെന്ന്യ്ക്കുക. കുറച്ചു നേരം നിന്ന് നോക്കി. ഒന്ന് രണ്ടു ബസ്‌ ഒക്കെ വന്നു. പക്ഷെ എല്ലാത്തിലും നല്ല തിരക്ക്. അങ്ങനെ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോ അതാ വരുന്നു ഒരു ഓട്ടോ. നിങ്ങളുടെ മുന്നില്‍ കൂടി വളരെ വേഗം കുറച്ചു , നിങ്ങളുടെ മുഖത്തേക്ക് തന്നെ നിര്‍നിമേഷനായി നോക്കി ഒരു ഓട്ടോ ഡ്രൈവര്‍. പണ്ട് പൂങ്കാവനത്തില്‍ വച്ച് ഹവ്വയ്ക്കുണ്ടായ അതേ വ്യാകുല ഭാവത്തോടെ നിങ്ങള്‍ ആ റിക്ഷയില്‍ കയറും. തീര്‍ച്ച. ആരുടെ മുന്നിലാണ് ഈ പ്രകടനം നടത്തേണ്ടത് എന്ന് വ്യക്തമായ ധാരണ ഉള്ളയാളാണ് ഡ്രൈവര്‍ ചേട്ടന്‍. അല്ലെങ്കില്‍ ഇനി ബസ്‌ കാത്തു നില്‍ക്കുമ്പോ വെറുതെ ഒന്ന് നിരീക്ഷിക്കൂ. എന്നും മഡിവാള മസ്ജിദ് ന്റെ മുമ്പില്‍ ഇത്തരം എത്രയോ അഭ്യാസങ്ങള്‍ കാണുന്നയാ ളാണ് ഈ ഞാന്‍. 

ജവുളിക്കട നടത്തുന്നവര്‍ :
തുണി എടുക്കാന്‍ പോകുമ്പോ കണ്ടിട്ടില്ലേ ? സേല്‍സ് ഗേള്‍സ്‌ ഇറക്കുന്ന ഓരോ നമ്പരുകള്‍. ആദ്യം നല്ല ആവേശത്തോടെ അവര്‍ കുറെ തുണികള്‍ എടുത്തു കാണിക്കും. എന്നിട്ട് നമ്മുടെ മുഖത്തേക്ക് നോക്കും. ഏതു ഡിസൈന്‍ കണ്ടാലും ഇഷ്ടപ്പെടാത്ത ആളാണെന്ന് മനസ്സിലായാല്‍ അവര്‍ ആരും വീണു പോകുന്ന അത്യുഗ്രന്‍ അടവ് പുറത്തെടുക്കും. ഏതേലും ഒരു തുണി എടുത്തു കാണിച്ചിട്ട് പറയും ഇത് സാറിനു ചേരുന്ന പോലെ വേറെ ആര്‍ക്കും ചേരില്ല എന്ന്. അതില്‍ വീഴാതിരിക്കണമെങ്കില്‍ നിങ്ങള്‍ കുറഞ്ഞത്‌ നെപ്പോളിയന്റെ അത്രയെങ്കിലും വില്‍ പവര്‍ ഉള്ള ആളായിരിക്കണം. അവരെ പറഞ്ഞിട്ട് കാര്യമില്ല. ചിലര്‍ക്ക് എന്തൊക്കെ എടുത്തു കാണിച്ചാലും തൃപ്തി വരില്ല. അവരോടൊക്കെ പിന്നെ എന്ത് ചെയ്യാനാ 

കല്യാണ ബ്രോക്കര്‍ :
മേല്പറഞ്ഞ പോലെ തന്നെ. ആളും താരവും നോക്കി വെറുതെ പൊക്കി വിട്ടാല്‍ ഏതവനും ഇതൊരു ആലോചനയിലും വീഴാതിരിക്കില്ല. അത് നല്ലത് പോലെ പ്രയോഗിക്കാനറിയാവുന്നവര്‍ക്കേ ഈ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റൂ. 

പോക്കറ്റടിക്കാര്‍ :
മനശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപയോഗം വേണ്ട തൊഴില്‍ മേഖല ആണ് പോക്കറ്റടി. ഇരയെ കണ്ടെത്തുന്നതിനു കള്ളന്മാര്‍ക്ക് ചില പ്രത്യേക രീതികള്‍ ഒക്കെയുണ്ട്. ഏതോ സിനിമയില്‍ ജഗതി പറയുന്ന പോലെ .. ആകാശത്തേക്ക് നോക്കി നടക്കുന്നവര്‍, സ്വപ്ന ജീവികള്‍, പെണ്‍പിള്ളേരെ വായി നോക്കി നടക്കുന്നവര്‍ ഇങ്ങനെ ബോധമില്ലാത്തവരെ വേണം പോക്കറ്റ് അടിക്കാന്‍ തെരഞ്ഞെടുക്കേണ്ടത്. അത് മനാസ്സിലാക്കണമെങ്കില്‍ നിരീക്ഷണ ബോധം മാത്രമല്ല മറ്റുള്ളവന്റെ മനസ്സ് വായിക്കാനുള്ള കഴിവ് കൂടി വേണം. അപ്പൊ അവരും ഒരു തരത്തില്‍ മനശാസ്ത്രന്ജന്‍മാര്‍ തന്നെയല്ലേ ? എവിടെയോ വായിച്ചതോര്‍ക്കുന്നു. നമ്മുടെ ഇടയില്‍ ജീവിക്കുന്നതില്‍ ഏറ്റവും മിടുക്കന്മാരായ മനശാസ്ത്രന്ജന്‍മാര്‍ പിമ്പുകള്‍ ആണെന്ന്. സ്വന്തം ഐഡന്റിറ്റി വെളിവാക്കാതെ നമ്മളില്‍ ഒരാളെ പോലെ ജീവിക്കുകയും സ്ത്രീ വിഷയത്തില്‍ താല്പര്യമുള്ളവരെ അളന്നു മുറിച്ചു കണ്ടു പിടിക്കുന്ന ഭയങ്കരന്മാര്‍ ആണ് അവര്‍. ഒരു ആള്‍ക്കൂട്ടത്തില്‍ നിന്ന് വിഷയാസക്തിയുള്ളവരെ വെറുതെ മുഖത്ത് നോക്കി കണ്ടു പിടിക്കാന്‍ അസാമാന്യ കഴിവ് വേണം . മാത്രമല്ല വേലി പൊളിക്കാന്‍ നില്‍ക്കുന്ന പെണ്ണുങ്ങളെ ഈ ഫീല്‍ഡിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതും ഇവരാണ്. ലോകത്തെ ഏറ്റവും ബുദ്ധിമുട്ടുള്ള എച് ആര്‍ ജോലികളില്‍ ഒന്ന്. തൂവാനതുമ്പികളില്‍ ബാബു നമ്പൂതിരി അവതരിപ്പിച്ച തങ്ങളെ ഓര്‍മ വരുന്നുണ്ടോ ? ഞാന്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഒരു മലയാളി പിമ്പിനെ കണ്ടിട്ടുണ്ട്. ബാബു എന്നാണു അങ്ങേരുടെ പേര്. തൂവാന തുമ്പികള്‍ കാണുമ്പോ ഈ ബാബുവിനെ ഓര്‍മ വരും. കൊണിച്ചു മുണ്ട് ഉടുക്കുക, ഷര്‍ട്ടിന്റെ കൈമടക്കിനുള്ളില്‍ ബസ്‌ ടിക്കറ്റ്‌ സൂക്ഷിക്കുക, സിഗരറ്റ് പാക്കറ്റിന്റെ കവര്‍ കീറിയെടുത്തു അതിന്റെ വശത്ത് അഡ്രസ്‌, ഫോണ്‍ നമ്പര്‍ മുതലായവ എഴുതി വയ്ക്കുക തുടങ്ങി ആ നോട്ടം വരെ ബാബുവില്‍ നിന്ന് പകര്‍ത്തിയെന്ന് തോന്നും തങ്ങളെ കണ്ടാല്‍. പത്മരാജന്‍ പറഞ്ഞിട്ടുണ്ട്. ഏതോ യഥാര്‍ത്ഥ കഥാപാത്രത്തില്‍ നിന്ന് സൃഷിടിച്ചതാണ് തങ്ങളെ എന്ന്. അത് മിക്കാരും ശരിയായിരിക്കും. 

ഇനിയും കാണും ഇതുപോലുള്ള മിടുക്കന്മാര്‍ . ഓര്‍മ  വരുന്നെങ്കില്‍ ഓര്‍മിപ്പിക്കുക .. :)

2012, സെപ്റ്റംബർ 2, ഞായറാഴ്‌ച

പറയാന്‍ വിട്ടു പോയ കുറെ കാര്യങ്ങള്‍

      ഉടന്‍ വരുന്നു.. ഉടന്‍ വരുന്നു എന്നൊക്കെ പറഞ്ഞു പറഞ്ഞു ഇപ്പൊ നിങ്ങള്‍ക്ക് തന്നെ  ബോറടിച്ചിട്ടുണ്ടാവും അല്ലേ ? എന്നാല്‍ ഇത്തവണ അങ്ങനെ അല്ല. ഇന്ന് മുതല്‍ ബ്ലോഗിങ്ങ് വീണ്ടും ആരംഭിക്കുന്നു. വിവാദമായ പല സംഗതികളും നമ്മുടെ നാട്ടില്‍ നടന്നു. ഷവര്‍മ, ചന്ദ്രശേഖരന്‍ വധത്തിലെ സംഭവ വികാസങ്ങള്‍, നഴ്സ് സഹോദരിമാരുടെ സമരം, സത്നാം സിംഗ് ന്റെ ദുരൂഹ മരണം, അങ്ങനെ ആകെ സംഭവ ബഹുലമായിരുന്നു നമ്മുടെ നാട്. ബൈജുവും ചിന്നുവും റോഡു വരമ്പത്ത് നില്‍കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പലരും ചോദിച്ചു അവര്‍ക്കെന്തു പറ്റി എന്ന് ..മിക്കവാറും പേര്‍ ആ കഥ വായിക്കുന്നത് നിര്‍ത്തി പോകുകയും ചെയ്തു. അവരുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു. ക്ഷമ പറയുന്നില്ല. പക്ഷെ രണ്ടു ദിവസത്തിനുള്ളില്‍ അതിന്റെ പുതിയ ഭാഗം വരുന്നുണ്ട്. എനിക്ക് പറയാനുള്ളത് എഴുതാന്‍ പല തവണ തോന്നിയെങ്കിലും അവസരം ഉണ്ടായില്ല എന്നതാണ് സത്യം. ഒപ്പം തന്നെ എന്റെ ലാപ്ടോപ് കേടാവുകയും ചെയ്തു. അത് ശരിയാക്കി എടുക്കാന്‍ കൃത്യം ഒരു മാസം എടുത്തു. ഇത് ഒട്ടും അതിശയോക്തി അല്ല. ഒടുവില്‍ തിരികെ കിട്ടിയപ്പോഴോ കീ ബോര്‍ഡ്‌ വര്‍ക്ക് ചെയ്യുന്നില്ല. ഒടുവില്‍ അവരുമായി അടി വച്ചു അടി വച്ചു മടുത്തു. ഒടുവില്‍ ഞാന്‍ തന്നെ അടിയറവു പറഞ്ഞു. ഒരു യു എസ് ബി കീ ബോര്‍ഡ്‌ വാങ്ങി വീണ്ടും പണി തുടങ്ങുകയാണ്. അപ്പൊ എഴുതാന്‍ വിട്ടു പോയ ചില കാര്യങ്ങളില്‍ പറയാന്‍ വിട്ടു പോയ ചില കാര്യങ്ങള്‍ കൂട്ടി ചേര്‍ക്കുന്നു ഇവിടെ :

ഷവര്‍മയില്‍ നിന്ന് തുടങ്ങാം -
ആദ്യമായി ബാന്‍ഗ്ലൂര്‍ വന്നപ്പോ ഇവിടത്തെ ഒരു മലയാളി ഹോട്ടലില്‍ നിന്നാണ് ആദ്യമായി ഞാന്‍ ഈ സാധനം കഴിക്കുന്നത്‌. അതിനു ശേഷം പലയിടത്തും ഇത് കണ്ടിട്ടുണ്ടെങ്കിലും എന്തോ അത് കഴിക്കാന്‍ അത്രയ്ക്ക് ആവേശം ഒന്നും തോന്നിയിട്ടില്ല. പക്ഷെ ഷവര്‍മയുടെ ഒപ്പം തരുന്ന പച്ച മുളകും വെള്ളരിക്ക കഷണവും എനിക്കിഷ്ടമാണ് . എന്തായാലും ഈ സംഭവം കൊണ്ടുണ്ടായ ഒരു ഗുണം ഹോട്ടലുകളില്‍ നടന്നു വരുന്ന തരികിട പരിപാടികളുടെ ഒരു ഏകദേശ ചിത്രം സാധാരണ ജനങ്ങള്‍ക്ക്‌ പിടി കിട്ടി എന്നതാണ്. ആരോഗ്യ വകുപ്പ് കാണിച്ച ശൂരത്വം കൊണ്ടൊന്നും ഇവന്മാര്‍ നന്നാവില്ല. പക്ഷെ കുറച്ചു ജനങ്ങളെങ്കിലും ഇനി വീട്ടില്‍ നിന്ന് മാത്രം ആഹാരം കഴിക്കാന്‍ തീരുമാനിച്ചു കാണും. അത്രയും നല്ലത്. ഈ ദുരന്തം വെളിച്ചത് കൊണ്ട് വരുന്ന വേറൊരു പ്രധാനപ്പെട്ട സംഗതി ഉണ്ട്. മലയാളിയുടെ ആഹാര രീതികളില്‍ വന്ന മാറ്റമാണ്. പ്രകാശ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന മലയാളി ഗള്‍ഫില്‍ നിന്നുകൊണ്ട് വന്ന ഇത്തരം പുതിയ ആഹാര രീതികള്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വളരെ വലുതാണ്‌.  പ്രവാസികളില്‍ മാത്രം കണ്ടിരുന്ന അസുഖങ്ങള്‍ ഇവിടെയും തല പൊക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുമ്പില്ലാത്ത വിധം ഇത്തരം അറേബ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന അനേകം ഹോട്ടലുകള്‍ അടുത്ത കാലത്തായി കേരളത്തിന്റെ നാനാ ഭാഗങ്ങളിലും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മാത്രമല്ല നമ്മുടെ തനി നാടന്‍ വിഭവങ്ങള്‍ ആയ അവിയല്‍, കാളന്‍, ഓലന്‍ മുതലായവ കേരളത്തിന്‌ പുറത്തു പ്രവര്‍ത്തിക്കുന്ന മലയാളി  ഹോട്ടലുകളില്‍ കിട്ടുന്ന പ്രീമിയം ഐറ്റംസ് ആയി മാറുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശരാശരി ഹോട്ടലില്‍ ചെന്ന് നോക്കൂ. നമ്മുടെ തദ്ദേശീയമായ ഒരു വിഭവം എന്ന രീതിയില്‍ എന്താ അവിടെ കിട്ടുക ? ബീഫ് , ചിക്കന്‍ മുതലായവയാണ് ഇപ്പൊ നമ്മുടെ ഹോട്ടലുകളിലെ സാധാരണ വിഭവങ്ങള്‍. ഇതാണ് ഈ കഥയിലെ ഏറ്റവും വലിയ ദുരന്തം ആയി എനിക്ക് തോന്നുന്നത്. 

സത്നാം സിംഗ് അഥവാ അമ്മ നല്‍കുന്ന പാഠങ്ങള്‍ - 
മലയാളികളില്‍ ഒരു വലിയ വിഭാഗം കണ്മുന്നിലെ ദൈവമായി ആരാധിക്കുന്ന ഒരാള്‍ ആണ് മാതാ അമൃതാനന്ദമയി. അവര്‍ ദൈവമാണോ അല്ലയോ എന്നത് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. മനുഷ്യ ദൈവങ്ങളില്‍ ഒന്നും വിശ്വാസമില്ലാത്ത ഞാന്‍ എന്തെഴുതിയാലും അത് വിശ്വാസികളെ വേദനിപ്പിക്കുന്ന രീതിയിലെ ആകൂ. അതുകൊണ്ട് ആ വിഷയത്തിലേക്ക് കടക്കുന്നില്ല. പക്ഷെ കവിഞ്ഞൊഴുകുന്ന സ്നേഹത്തിന്റെ മനുഷ്യാവതാരമായി ഭക്തര്‍ വാഴ്ത്തുന്ന ഒരാള്‍ ഇടയ്ക്കെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞത്‌ വിചിത്രമായ കാരണങ്ങള്‍ കൊണ്ടാണ്. കുറച്ചു മാസം മുമ്പ് അമൃത ആശുപത്രിയില്‍ സമരം ചെയ്ത നഴ്സുമാരെ അമ്മയുടെ ഭക്തര്‍ എന്നവകാശപ്പെടുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ ആക്രമിച്ചു. അമ്മ ആ സംഭവത്തെ പറ്റി ഒരക്ഷരം പറഞ്ഞില്ല. പക്ഷെ അമ്മയുടെ ആശ്രമ നടത്തിപ്പുക്കാര്‍ ( മാനേജ്‌മന്റ്‌ ആന്‍ഡ്‌ പി ആര്‍ ടീം എന്ന് വേണം പറയാന്‍ ) പറഞ്ഞത് അമ്മ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നാണ്. ലോകത്തിന്റെ മുഴുവന്‍ സങ്കടം ഒപ്പിയെടുക്കുന്ന അമ്മ ഇത് അറിഞ്ഞില്ല എന്നത് പോട്ടെ, ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പാവം കുട്ടികളോട് അനുകമ്പ തോന്നുന്ന രീതിയില്‍ ഒരു വാചകം പോലും പറഞ്ഞില്ല. ഇത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അമ്മയുടെ ഒരു ഭക്തന്‍ എന്നെ തല്ലിയില്ല എന്നേ ഉള്ളൂ. വിവരമുള്ളവരെ ഇങ്ങനെ കളിയാക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത് ബുദ്ധിജീവി ചമയാനുള്ള ഒരു ശ്രമം മാത്രമാണ്. അത് ഇവിടെ എടുക്കണ്ട എന്ന് അദ്ദേഹം എന്നേ താക്കീതും ചെയ്തു. ഞാന്‍ പ്രതികരിച്ചില്ല. പക്ഷെ ഇപ്പോള്‍ ധര്‍മാന്വേഷി ആയ അല്പം eccentric ആയ ഒരാളെ കണ്‍മുന്നിലിട്ട് തല്ലി കൊന്നിട്ടും അമ്മ മൌനം പാലിച്ചു. സക്കറിയ ഈ സംഭവത്തില്‍ പ്രതികരിച്ചത് മാത്രമേ എനിക്കും ചോദിക്കാനുള്ളൂ. തത്വം പറയുക മാത്രം ചെയ്യുന്ന , കണ്‍ മുന്നില്‍ നടക്കുന്ന ദൈവ നിഷേധം തടയാന്‍ കഴിയാത്ത ഒരു ദൈവം ഭൂമിയില്‍ ഉണ്ടോ ? സ്നേഹം എന്നത് ഒരു ആലിംഗനം മാത്രമാണോ ? അമ്മയുടെ ഭക്തര്‍ ക്ഷമിക്കുക. പക്ഷെ മനസാക്ഷി ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാത്തത് കൊണ്ട് എഴുതി എന്ന് മാത്രം 

അണ്ണാ ഹസാരെയുടെ ആറാമങ്കം -
അണ്ണാ ഹസാരെയും സമരത്തിന്റെ അതി വൈകാരികതയും എന്നൊരു പോസ്റ്റ്‌ മുന്‍പ് എഴുതിയത് മാന്യ വായനക്കാര്‍ക്ക് ഓര്‍മയുണ്ടാവുമല്ലോ. ആ പോസ്റ്റില്‍ അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വള്ളി പുള്ളി വിടാതെ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ എന്തായി.. ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി കളത്തില്‍ ഇറങ്ങാന്‍ പോവുകയാണ് ജനാധിപത്യത്തിന്റെ എതിരാളികള്‍. സ്വന്തമായി ഒരു അധികാര കേന്ദ്രം വേണം എന്ന ഒട്ടും പ്രായോഗികമല്ലാത്ത ഒരു ആവശ്യവുമായി മനുഷ്യന്റെ ഊര്‍ജം മുഴുവന്‍ പാഴാക്കുന്ന രീതിയില്‍ സമരത്തിനിരങ്ങിയവര്‍ ഇപ്പൊ എവിടെ ചെന്ന് നില്‍ക്കുന്നു എന്ന് നോക്കുക. സ്വന്തം ടീമില്‍ പെട്ട നേതാക്കളെ പോലും നിയന്ത്രിക്കാന്‍ കഴിയാത്ത അണ്ണാ എന്ന മനുഷ്യന്‍ എങ്ങനെ ഇത്തരം മഹത്തും ബ്രിഹത്തുമായ ഒരു ലക്ഷ്യം കൈവരിക്കും എന്നത് ഇപ്പൊ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാവും. എന്തായാലും ഇമ്മാതിരി സമരങ്ങള്‍ക്ക് ഇന്ത്യയില്‍ ഇനിയും സാധ്യത ഉണ്ടെന്നുള്ളത് നൂറു തരം. അത് ഏറ്റവും നന്നായി അറിയാവുന്ന കോണ്‍ഗ്രസ്സും കൈവിട്ട കളികള്‍ കളിയ്ക്കാന്‍ മിടുക്കന്മാരായ ബി ജെ പിയും ഇതൊക്കെ വിറ്റു ഇനിയും നമ്മളെ ഭരിക്കും.   അണ്ണായ്ക്ക് വിട .

എഴുതാന്‍ ബാക്കിയുള്ള പ്രധാനപ്പെട്ട ഒരു പോസ്റ്റ്‌ -
വളരെയധികം വിവാദം സൃഷ്‌ടിച്ച ഒരു പോസ്റ്റ്‌. അതിന്റെ മറുപടി എഴുതാന്‍ ഇപ്പൊ വളരെയധികം താമസിച്ചു എന്നറിയാം. പക്ഷെ അത് അടുത്ത ആഴ്ച വരുന്നുണ്ട്. ഇത് വരെ ആദ്യ ഭാഗം വായിച്ചിട്ടില്ലാത്തവര്‍ക്കായി ഇതാ .