2012, ഏപ്രിൽ 30, തിങ്കളാഴ്‌ച

കരിങ്കണ്ണന്‍ മത്തായി



    കഴിഞ്ഞ ദിവസം ടി വി യില്‍  സ്നേഹവീട് കാണുകയായിരുന്നു. അതില്‍ ഇന്നസന്റ് അവതരിപ്പിക്കുന്ന ഒരു കഥാപാത്രം ഉണ്ട്. കരിങ്കണ്ണന്‍ മത്തായി. നാട്ടിലെ ഏറ്റവും കുപ്രസിധന്‍ ആയ കഥാപാത്രം. എന്ത് പറഞ്ഞാലും അത് അതേ പടി നടക്കും. മത്തായിയെ അവതരിപ്പിക്കുന്ന രംഗം തന്നെ രസകരമാണ്. തന്നെ മാറി കടന്നു പാഞ്ഞു പോകുന്ന ഒരു സൈക്കിള്‍ കണ്ടിട്ട് മത്തായി ഒരു അഭിപ്രായം പാസ്സാക്കും. 'ഹോ. വിമാനം പോകുന്ന പോലല്ലേ സൈകിളില്‍ പോകുന്നതെന്ന് '. പെട്ടെന്ന് പുറകില്‍ ഒരു ശബ്ദം. ഒപ്പമുള്ളവര്‍ തിരിഞ്ഞു നോക്കുമ്പോള്‍ മത്തായി പറയുന്നതാ 'അങ്ങോട്ട്‌ നോക്കണ്ട. അവന്‍ വീണതാ' എന്ന്. കുറച്ചു നാളായി ഈ കരിങ്കണ്ണിനെ പറ്റി എഴുതണം എന്ന് വിചാരിച്ചിട്ട്. എന്റെ ഒരു സുഹൃത്തുണ്ട്. ഒന്നാന്തരം കരി നാക്കാണ് പുള്ളിക്ക്. അങ്ങേരോട് ഞാന്‍ ഇതിന്റെ കാര്യം സൂചിപ്പിച്ചപ്പോ പുള്ളി ചോദിച്ചതാ ഉടനെയെങ്ങാന്‍ നടക്കുമോ എന്ന്. കിട്ടിയില്ലേ പണി. എന്ത് കാരണം കൊണ്ടോ ഇത് പിന്നെ എഴുതാനേ പറ്റിയിട്ടില്ല. അത്രയ്ക്കുണ്ട് പുള്ളീടെ ശക്തി..

    ഞാന്‍ ചെറുതായിരുന്നപ്പോള്‍ നാട്ടില്‍ വീട്ടിനടുത്തുള്ള ഒരു അപ്പൂപ്പനെ പറ്റി അമ്മ പറയാരുണ്ടായിരുന്നത് ഓര്‍മയുണ്ട്. അച്ഛന്‍ ഓഫീസില്‍ പോകാന്‍ ഇറങ്ങുമ്പോ അമ്മ ഗേറ്റ് വരെ പോകും. എന്നിട്ട് ഇങ്ങേര്‍ വല്ലതും എതിരെ വന്നാല്‍ അച്ഛനെ ഇറങ്ങാന്‍ സമ്മതിക്കില്ല. അയാള്‍ പോയിട്ട് പോയാല്‍ മതി എന്ന് പറയും. അത്രയ്ക്കും കുഴപ്പം പിടിച്ച ഒരാള്‍ ആയിരുന്നു പുള്ളി. ആദ്യമൊക്കെ എനിക്കറിയില്ലായിരുന്നു ഇതെന്താ സംഭവം എന്ന്. കുറച്ചു കൂടി കഴിഞ്ഞപ്പോ മനസ്സിലായി ബാക്കിയുള്ളവര്‍ക്ക് പണി കൊടുക്കുന്ന പരിപാടി ആണ് ഇതെന്നൊക്കെ. പിന്നെ കണ്ടിട്ടുള്ളത് ആരെങ്കിലും എന്നെ പറ്റി നല്ലത് പറഞ്ഞാല്‍ അവര്‍ പോയതിനു പിറകെ അമ്മമ്മ വന്നു കുറച്ചു വറ്റല്‍ മുളക് എടുത്തു തലയ്ക്കുഴിഞ്ഞു അടുപ്പിലേയ്ക്കിടും. കണ്ണ് പെടാതിരിക്കാനാ. പിന്നെയും വളര്‍ന്നപ്പോള്‍ കണ്ണ് പെടാതിരിക്കാനുള്ള യന്ത്രങ്ങള്‍ കണ്ടു തുടങ്ങി. ആറ്റുകാല്‍ രാധാകൃഷന്‍ എഴുതി വിടുന്ന ടൈപ്പ്. അത് വാങ്ങിച്ചു അരയിലോ കഴുത്തിലോ കയ്യിലോ കെട്ടിയാല്‍ മാത്രം പോര എക്സ്പയറി ഡേറ്റ് ആവുമ്പോ റീ ചാര്‍ജ് ചെയ്യുകയും വേണം. യന്ത്രം ഫലിക്കാതെ വന്നാല്‍ പിന്നെ കടുത്ത പ്രയോഗങ്ങള്‍ ആണ്. ചില കലിപ്പ് ഹോമങ്ങള്‍ ഉണ്ട്. അത് നടത്തിയാല്‍ കണ്ണ് വച്ചവന്‍ കണ്ണ് കാണാന്‍ പറ്റാതെ ഓടി നടക്കുമെന്നാ വടക്കേലെ പണിക്കര്‍ പറഞ്ഞത്. ഒരു  ദിവസം ടി വിയില്‍ നസര്‍  രക്ഷ കവച് എന്നൊക്കെ പറഞ്ഞു ഒരു ഐറ്റം കാണിക്കുന്നത് കണ്ടു. 

     എന്റെ ഒരു സുഹൃത്ത്‌ ഉണ്ട്. പുള്ളീടെ കണ്ണ് ഒരു മാതിരി ഒരു കണ്ണാണ്. എന്ത് കാര്യമായാലും ചേട്ടന്‍ പറഞ്ഞാല്‍ പിന്നെ വേറെ ആലോചിക്കണ്ട. ഫലിച്ചിരിക്കും. ഒരിക്കല്‍ ഓഫീസില്‍ പോകുന്ന വഴി മുന്നില്‍ ഒരാള്‍ ഒരു ലൂണയില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ വച്ച് കെട്ടി പോകുന്നത് കണ്ടു. കണ്ടിട്ട് ചേട്ടന്‍ പറഞ്ഞു അവന്‍ മിക്കവാറും എവിടുന്നെങ്കിലും പണി വാങ്ങിക്കും എന്ന് . ഒരു നൂറു മീറ്റര്‍ കഴിഞ്ഞില്ല. ദാ കിടക്കുന്നു. ലവന്‍ എവിടോ കൊണ്ട് ചാര്‍ത്തി വന്‍ വഴക്ക്. നമ്മള്‍ മുഖത്തോട് മുഖം നോക്കി ചിരിച്ചു. നിങ്ങളുടെ കാലൊന്നു തരുമോ ഒന്ന് തൊട്ടു തോഴുവാനാണ് എന്നൊക്കെ പറഞ്ഞു. തമാശ ഒക്കെ പറഞ്ഞു മുന്നോട്ടു പോയി. അതാ കാറിന്റെ പുറകില്‍ നിന്ന് ടപേ എന്നൊരു ശബ്ദം. തിരിഞ്ഞു നോക്കിയപ്പോ ആരാ. ആ ഗ്യാസ് ചേട്ടന്‍. നമ്മളെ നോക്കി കൈ കൂപ്പി സോറി പറയുകയാ. അവന്‍ വണ്ടി കൊണ്ട് കാറില്‍ ഇടിച്ചതാ. അത് കണ്ടിട്ട് നമ്മള്‍ ഒടുക്കലത്തെ ചിരി ചിരിച്ചു. അവനു കാര്യം മനസ്സിലായില്ല. അങ്ങനെ ഓഫീസിലെത്തി. മൂന്നു ലിഫ്റ്റ്‌ ആണുള്ളത്. ഒരെണ്ണം വര്‍ക്കിംഗ്‌ അല്ല. ഒരെണ്ണം ഗ്രൌണ്ട് ഫ്ലോറില്‍ വന്നു. പക്ഷെ അതില്‍ കയറാന്‍ നല്ല തിരക്കുണ്ട്‌. അടുത്തതില്‍ പോകാം എന്ന് ഞാന്‍ പറഞ്ഞു. അത് ഫസ്റ്റ് ഫ്ലോറില്‍ വന്നു നില്‍പ്പുണ്ട്. അപ്പൊ ചേട്ടന്‍ പറഞ്ഞു അത് ഇനി അവിടുന്ന് നേരെ അങ്ങ് തിരിച്ചു പോകുമോ എന്ന്. ഠിം. ദാ പോണു ലിഫ്റ്റ്‌ മുകളിലേയ്ക്ക്. പുള്ളി ആള് ശരിക്കും നല്ല മനസ്സുള്ള ഒരു മനുഷ്യന്‍ ആണ്. പക്ഷെ നല്ലതൊന്നും പറഞ്ഞാല്‍ ഫലിക്കില്ല എന്ന് മാത്രം. എന്തായാലും ഇതൊക്കെ കാരണം ഇപ്പ പുള്ളിയെ കണ്ടാല്‍ സിറിയയിലെ വെടി നിര്‍ത്തല്‍, അമേരിക്കയുടെ കള്ളക്കളികള്‍ മുതലായവയാണ് ഇപ്പൊ ചര്‍ച്ച ചെയ്യുന്നത്. കിട്ടിയാലും പണി അമേരിക്കക്കും സിറിയയ്ക്കും ഒക്കെ കിട്ടട്ടെ.


    പണ്ടൊരിക്കല്‍ കേട്ട ഒരു കഥ ഓര്‍മ വരുന്നു. നാട്ടിലെ ഏറ്റവും വലിയ കരിങ്കണ്ണുകാരന്‍ ആയ ഈനാശു മാപ്പിളയുടെ കാര്യം. ദേവസ്യ ചേട്ടന്റെ പാടത്ത്  മുഴുവന്‍ കളശല്യം ക്രമാതീതമായി കൂടി. അങ്ങനെ ഈനാശു മാപ്പിളയെ കൊണ്ട് വന്നു കളയ്ക്ക് ഒരു പണി കൊടുക്കാം എന്ന് ദേവസ്യ ചേട്ടന്‍ പ്ലാനിട്ടു. പാടം വന്നു കണ്ടിട്ട് ഈനാശു ചേട്ടന്‍ പറഞ്ഞു. നിറയെ കള ആണല്ലോ എന്ന്. ദേവസ്യ ചേട്ടന് സന്തോഷം ആയി. പക്ഷെ ആ സന്തോഷം അധിക നേരം നീണ്ടു നിന്നില്ല. പുള്ളി അടുത്ത വാചകം ഉടന്‍ അടിച്ചു. പക്ഷെ എന്നാലും ആ കളയ്ക്കിടയില്‍ നില്‍ക്കുന്ന നെല്ല് കണ്ടോ .. എന്തൊരു ശക്തിയാ അതിനു അല്ലെ ? എന്ന് . അതോടെ ആ പാടത്ത് പുല്ലു പോയിട്ട് കള പോലും കിളിച്ചിട്ടില്ല.. 


നിങ്ങള്‍ക്കുമുണ്ടോ ഇത് പോലുള്ള കഥകള്‍ ? എങ്കില്‍ ഷെയര്‍ ചെയ്യു..

2012, ഏപ്രിൽ 25, ബുധനാഴ്‌ച

ഫെമിനിസം : 22 ഫീമെയിലിനെ 'ഫ'യക്കുന്നതാര് ?



      ആഷിക് അബുവിന്റെ പുതിയ ചിത്രമായ 22 Female Kottayam ആണല്ലോ മലയാള സിനിമയിലെ പുതിയ ഹോട്ട് ടോപ്പിക്ക്. ഞാന്‍ ചിത്രം ഇത് വരെ കണ്ടിട്ടില്ല. പക്ഷെ ഒരുപാടു വാര്‍ത്തകളും റിവ്യൂകളും ഒക്കെ കണ്ടു. മലയാളിയുടെ സദാചാര വിചാരങ്ങള്‍ നിറഞ്ഞ ആശങ്കകളും ചിലയിടങ്ങളില്‍ കണ്ടു. 22 Female Kottayam ഇത് വരെ ഞാന്‍ കണ്ടിട്ടില്ല. ഇവിടെ ബാംഗ്ലൂര്‍ പടം ഇറങ്ങിയിട്ടുണ്ട് എന്ന് പറയുന്നത് കേട്ടു. കാണണം. ബുദ്ധിജീവികള്‍ എന്ന് നടിക്കുന്ന ചില നിരൂപകന്മാര്‍ പതിവ് പോലെ ചില ലോക സിനിമകളുടെ പേരും പറഞ്ഞു മേനി നടിക്കുന്നതും കണ്ടു. ഒരു പെണ്‍കുട്ടി ഇങ്ങനെ പ്രതികാരം ചെയ്യുമോ ? അതാണോ ഫെമിനിസം ? അല്ലെങ്കില്‍ ഫെമിനിസം എന്ന് വച്ചാല്‍ എന്താണ് എന്നിങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒരു ചിത്രമാണ്‌ 22FK എന്ന് തോന്നുന്നു. എന്തായാലും ഫെമിനിസത്തെ പറ്റിയാണ് തന്റെ ചിത്രമെന്നോ അല്ലെങ്കില്‍ പുത്തന്‍ പുതിയ ഒരു ആശയമാണ് ഈ സിനിമ എന്നോ ആഷിക് ഇത് വരെ എവിടെയും അവകാശപ്പെട്ടിട്ടില്ല. പക്ഷെ തികച്ചും പുതുമയുള്ള ഒരു ട്രീറ്റ്‌മെന്റ് ഈ ചിത്രതിനുണ്ടാവും എന്ന് സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് ഊഹിക്കാനാവും. തന്റെ നായികയെ ആഷിക് ഒരു Female Fighter എന്നാണു വിശേഷിപ്പിച്ചത്‌. അപ്പൊ ഇതിനെ ഒരു ഫെമിനിസ്റ്റ് ചിത്രമായി കാണാനാവുമോ എന്നതാണ് ചോദ്യം.


      ഈ ചോദ്യത്തിനുള്ള ഉത്തരം വേറെയും പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ്. ഫെമിനിസം എന്ന് വച്ചാല്‍ സത്യത്തില്‍ എന്താണ് ? Feminism is a collection of movements aimed at defining, establishing, and defending equal political, economic, and social rights for women. In addition, feminism seeks to establish equal opportunities for women in education and employment. A feminist is a "person whose beliefs and behavior are based on feminism."  എന്നാണു വിക്കി ഫെമിനിസത്തെ നിര്‍വചിക്കുന്നത്. അപ്പോള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന / അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന ഏതൊരാളും ഫെമിനിസ്റ്റ് എന്ന നിര്‍വചനത്തിനു കീഴില്‍ വരും. അപ്പൊ ആ അര്‍ത്ഥത്തില്‍ ചിത്രത്തിലെ നായികയെ നമുക്ക് ഫെമിനിസ്റ്റ് എന്ന് വിളിക്കാം. നമ്മുടെ കേരളീയ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വ്യഭിചരിക്കപ്പെട്ട ഒരു വാക്കാണ്‌ ഫെമിനിസം എന്നത്. കോളര്‍ വച്ച ബ്ലൌസ് ഇട്ടതും ജൂബ ഇട്ടു ബീഡിയും വലിച്ചു വെള്ളമടിച്ചും നടക്കുന്നവരാണ് നമ്മുടെ മാധ്യമങ്ങളിലും മറ്റും കണ്ടിട്ടുള്ള ഫെമിനിസ്റ്റുകള്‍. അതിനെ ഒക്കെ കളിയാക്കിക്കൊണ്ടുള്ള ഒരു പോസ്റ്റ്‌ ഈയിടെ ബെര്‍ലി ഇട്ടിരുന്നത്  വായിച്ചു. അടുത്ത കാലത്ത് ഇന്ത്യയിലെ ഏറ്റവും പോപ്പുലര്‍ അയ ഒരു ന്യൂസ്‌ പേപ്പറിന് വേണ്ടി    ന്യൂസ്‌ സ്ട്രീമിംഗ് ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ഞാന്‍ പോയിരുന്നു. എന്റെ ഒരു സുഹൃത്തിനെ കാണാന്‍. അവിടെ ചെന്നപ്പോള്‍ കണ്ടത് പുള്ളിക്കാരി സഹ ജീവികള്‍ക്കൊപ്പം പുറത്തു പോകുന്നതാണ്. റിംഗ് റോഡിലുള്ള ഒരു പബ്ബില്‍. അവിടെ പോയി വെള്ളമടി ആണ് പരിപാടി. പാര്‍ട്ടിയിംഗ് എന്ന പേരില്‍ അവിടെ പുകവലി, വെള്ളമടി , പരദൂഷണ ചര്‍ച്ച .. അതൊക്കെയാണ്‌ നടക്കുന്നത്. ലിവിംഗ് ഫ്രീ എന്നതാണ് പോലും അവരുടെ മുദ്രാവാക്യം.വ്യക്തമായ പുരുഷാധിപത്യം നില നില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഫെമിനിസത്തെ വിവിധ മേഖലകളില്‍ എങ്ങനെ കാണുന്നു എന്നത് നമുക്കൊന്ന് വിശകലനം ചെയ്തു നോക്കാം.

സാഹിത്യവും പെണ്ണെഴുത്തും - 


     ഞാന്‍ പണ്ട് പുസ്തകങ്ങള്‍ ഒക്കെ വായിച്ചു തുടങ്ങുന്ന കാലം മുതല്‍ കേള്‍ക്കുന്നതാണ് പെണ്ണെഴുത്ത്‌ എന്നത്. സ്വാഭാവികമായും ആണുങ്ങള്‍ എഴുതുന്നതില്‍ ആണുങ്ങളുടെ ഒരു ചിന്ത മാത്രമല്ലേ വരൂ. ഒരു ആണിന് പരകായ പ്രവേശം നടത്തി ഒരു സ്ത്രീയുടെ കാഴ്ചപ്പാടുകള്‍ എഴുതാന്‍ ഒരിക്കലും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.അപ്പോള്‍ ഒരു ആണെഴുതുന്നതില്‍ പെണ്ണിന്റെ പ്രാധാന്യം കുറഞ്ഞു പോയി എന്ന് പരിഭവിച്ചിട്ട്‌ കാര്യമില്ല. ഒരു കൌതുകത്തിന്റെ പേരില്‍ ഇപ്പറഞ്ഞ പല പെണ്ണെഴുത്തുകളും ഞാന്‍ വായിച്ചു നോക്കി. സ്ത്രീയുടെ ശക്തി കാണിക്കാനെന്ന പേരില്‍ അവളുടെ ശരീര അവയവങ്ങളുടെ പേരുകളും ജീവിതത്തിലെ സ്വകാര്യമായ  സംഗതികളും  എന്തിനു, പച്ചയായ  ലൈംഗിക വര്‍ണനകള്‍ കൊണ്ടും സമ്പന്നമാണ് സ്ത്രീയുടെ എഴുത്ത്. ഇതില്‍ എങ്ങനെയാണ് സ്ത്രീയുടെ ശക്തി വെളിവാകുന്നതെന്ന്  മനസ്സിലാകുന്നില്ല. ആണുങ്ങള്‍ എഴുതുന്നത്‌  പോലെ തങ്ങള്‍ക്കും പച്ചയായി എഴുതാന്‍ കഴിയും എന്ന് തെളിയിക്കുക മാത്രമാണ്  ഇത്തരം കഥകളുടെ ലക്ഷ്യം എന്ന് തോന്നിപ്പോകും. അല്ലാതെ ഒരു  പെണ്ണിനോട് ബഹുമാനം തോന്നിക്കുന്ന രീതിയില്‍ അവളെ അവതരിപ്പിച്ചിരിക്കുന്ന കൃതികള്‍ ഒന്നും ഇപ്പറയുന്നവരുടെ സംഭാവനയായി  കണ്ടിട്ടില്ല. മാത്രമല്ല ഇവരുമായി താരതമ്യം ചെയ്താല്‍ ആണുങ്ങളുടെതായി അത്തരം കൃതികള്‍ വന്നിട്ടുണ്ട് താനും .

സിനിമ  -

     സിനിമയിലെ ഫെമിനിസ്റ്റുകള്‍ വന്‍ തമാശകള്‍ ആണ്. മേല്‍ പറഞ്ഞത് പോലെ കോളര്‍ വച്ച ബ്ലൌസ് ഇട്ട പെണ്ണുങ്ങള്‍ ആണ് മിക്കവാറും സിനിമയിലെ ഫെമിനിസ്റ്റ് പ്രതിനിധികള്‍. അല്ലെങ്കില്‍ പിന്നെ പണ്ടത്തെ സിനിമകളില്‍ വത്സല മേനോന്‍ / സുകുമാരി ഒക്കെ അവതരിപ്പിച്ച സ്ലീവ് ലെസ്സ് ബ്ലൌസ് ഒക്കെ ഇട്ടു കൂളിംഗ്‌ ഗ്ലാസ്‌ വച്ച അവതാരങ്ങള്‍. ഇപ്പൊ പൊന്നമ്മ ബാബു ഇതൊക്കെ പരീക്ഷിക്കുന്നുണ്ട്.  പിന്നുള്ളത് പോലീസ് വേഷങ്ങളില്‍ ആണ്. വാണി വിശ്വനാഥ്  അവതരിപ്പിച്ചിട്ടുള്ളത് പോലുള്ള കഥാപാത്രങ്ങള്‍. വെറുതെ തൊട്ടതിനും പിടിച്ചതിനും ബഹളം വയ്ക്കുന്ന ജീവികള്‍. രഞ്ജിത്ത് അവതരിപ്പിച്ചിട്ടുള്ള  മിക്ക സ്ത്രീ കഥാപാത്രങ്ങളും (കൂടുതലും രേവതിയും ഖുശ് ബുവും  അവതരിപ്പിച്ചിട്ടുള്ളത് ) ഒക്കെ വെറും കപട വ്യക്തിത്വങ്ങള്‍ മാത്രമായാണു എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ മറ്റുള്ളവര്‍ എഴുതുന്നത്‌ വച്ച്  നോക്കുമ്പോള്‍ തമ്മില്‍ ഭേദം അങ്ങേരുടെ കഥകളിലെ സ്ത്രീകള്‍ തന്നെയാണ് എന്നത് വാസ്തവം . പലേരി മാണിക്യത്തിലെ ഗൌരി മുജ്ഞാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ പോലെ ആണ്‍ പെണ്‍ സൗഹൃദം വളരെ "ഉയര്‍ന്ന" തലത്തില്‍ കൊണ്ട് നടക്കുന്ന ഹൈ പ്രൊഫൈല്‍ കഥാപാത്രങ്ങളും റോക്ക്പ ആന്‍ഡ്‌ റോളില്‍ പച്ചയ്ക്ക് ഡയലോഗ് ഫിറ്റ്‌ ചെയ്യുന്ന ശ്വേത മേനോന്റെ പോലെയുള്ള കഥാപാത്രങ്ങളും അങ്ങോര്‍ എഴുതിയിട്ടുണ്ട്. ഇത് പോലെ തന്നെ pseudo feminists ആണ് ലോഹിത ദാസ്‌ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങള്‍. ഏറ്റവും നല്ല ഉദാഹരണം കന്മദത്തിലെ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഭാനു എന്ന കഥാപാത്രം. ഒരു വെട്ടുകത്തിയും അരയില്‍ തിരുകി കരിങ്കല്ല് പോലെ ഉറച്ച മനസ്സുമായി ഒരു ഒത്ത ആണിനെ പോലെ ജീവിക്കുന്ന ഭാനു ഒടുവില്‍ വിശ്വനാഥന്റെ ആലിംഗനത്തില്‍ ഒരു മഞ്ഞു കട്ട പോലെ അലിയുകയാണ്. വികാരങ്ങള്‍ വിചാരങ്ങളെ ഭരിക്കുന്ന ഒരു പെണ്ണിന്റെ മനസ്സ് അവിടെ വെളിവാക്കുകയാണ് ലോഹിതദാസ് ചെയ്തത് . സിനിമയിലെ അലറുന്ന പെണ്‍ കഥാപാത്രങ്ങളെ പലപ്പോഴും നീയൊരു വെറും പെണ്ണാണ് എന്ന് വിളിച്ചു തറയിലേക്കു കൊണ്ട് വരുന്ന നായക കഥാപാത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് മലയാള സിനിമ. ഇത് ഏറ്റവും കൂടുതല്‍ അനുഭവിച്ച ഒരു നടി ആണ് വാണി വിശ്വനാഥ് .പുള്ളിക്കാരി യൂണിഫോം ഇട്ടു വരുന്നത് കണ്ടാല്‍ മതി, അപ്പൊ തന്നെ മമ്മൂട്ടി വന്നു തെറി പറയും. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ഒരു ടിപ്പിക്കല്‍ മലയാളി ആണിന്റെ മനസ്സിന്റെ നേര്‍ കാഴ്ച ആണ് നമ്മുടെ സിനിമയും.

സാമൂഹികം / വസ്ത്ര ധാരണം / സോഷ്യലൈസിംഗ് 

എല്ലാ ചാനലുകളും കൂടി ചര്‍ച്ച ചെയ്തു വഷളാക്കിയ ഒരു വിഷയമാണ് ഇത്. ഈയിടയ്ക്ക് slut walk നടന്നതൊക്കെ നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവുമല്ലോ. അതിനെ പറ്റി മുന്നേ എഴുതിയ ഒരു പോസ്റ്റ്‌ വായിക്കാന്‍ താല്പര്യപ്പെടുന്നു. 


ജീവിതം / തൊഴില്‍

    പലപ്പോഴും കണ്ടിട്ടുണ്ട് നമ്മുടെ കുടുംബ ജീവിതത്തില്‍ സ്ത്രീയുടെ ജോലി ഭാരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍. പ്രത്യേകിച്ച് ജോലിയുള്ള സ്ത്രീകളുടെ കാര്യത്തില്‍. ഒരു ദിവസം മൂന്നും നാലും ഷിഫ്റ്റ്‌ ജോലി ചെയ്യുന്നവരാണ് അവര്‍. രാവിലെ കുട്ടികളെ ഒരുക്കുക. ഭര്‍ത്താവിനും തനിക്കും വേണ്ടി ഭക്ഷണം ഉണ്ടാക്കുക. പിന്നെ ഓഫീസില്‍ പോയി ജോലിയെടുക്കുക. തിരികെ വന്നിട്ട് വീണ്ടും മക്കളുടെ ഭക്ഷണം, അവരെ പഠിപ്പിക്കല്‍ , ഭര്‍ത്താവിനു ഭക്ഷണം എടുത്തു കൊടുക്കല്‍ തുടങ്ങി ഒരു കൂട്ടം ജോലികളുടെ ഇടയില്‍ കറങ്ങുന്നതാണ് സ്ത്രീയുടെ ജീവിതം. ഇവിടെ ഫെമിനിസ്റ്റുകള്‍ പറയുന്നതിനോട് ഞാന്‍ ഒരു പരിധി വരെ യോജിക്കുന്നു. പാശ്ചാത്യ സംസ്കാരത്തില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ പുരുഷന്‍ പുറത്തു പോയി ജോലി എടുക്കുന്ന ഒരാള്‍ മാത്രമാണ്. ബാക്കിയുള്ള ഒരു ജോലി ഭാരം ഷെയര്‍ ചെയ്യാനും അവന്‍ തയ്യാറല്ല, അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്ന ഒരാളെ പെണ്‍കോന്തന്‍ എന്ന് വിളിച്ചു കളിയാക്കുന്ന ഒരു സമൂഹം ആണ് നമ്മുടേത്‌. ഒരു ദിവസം ഒരു സാധാരണ സ്ത്രീ കടന്നു പോകുന്ന സങ്കീര്‍ണതകള്‍ അതേ ക്ഷമയോടെ ഒരു ആണിന് ഒരിക്കലും നേരിടാന്‍ കഴിയില്ല എന്നാണു എന്റെ അഭിപ്രായം ( ആണ്‍ വായനക്കാര്‍ തല്ലരുത് ).



22 / Female / Kottayam ചര്‍ച്ച ചെയ്യുന്നതെന്ത് ?


ഈ ഭാഗം വായിക്കുന്നതിനു മുമ്പ് നമ്മുടെ ബ്ലോഗിന്റെ ഒരു പ്രിയപ്പെട്ട വായനക്കാരന്‍ ശ്രീ ജിബിന്‍ എനിക്കയച്ച ഒരു ഇ-മെയിലിന്റെ ചില ഭാഗങ്ങള്‍ നിങ്ങള്‍ വായിക്കുക .



I’m sending you this mail to share my personal views regarding a movie which I saw few days back. The movie is none other than the new trend setter in Malayalam movie industry, “Twenty Two – Female – Kottayam” (22FK). The movie is a sign of the revolution happening in the Malayalam movie industry and is undoubtedly a different approach. The overall make, direction, cast and crew were superb and the exceptional performance of Rima and Asif are laudable. Above all, they dared to expose several aspects which are considered as taboo in our society. Pre-marital sex relationship, women abuse, sex-trafficking etc. are some among those, which are not commonly featured in Malayalam movies. It is really helpful in creating awareness among the youngsters not to fall in such traps. The screenwriter deserves the full credit of it.

But I like to express two points which I found misleading and exaggerated (from my perception) in this movie.


Conveying the sex-relationship as a simple/silly/common thing.

A research study carried out in European countries found that, the female cartoon characters are inversely influencing the girl kids. These characters like Mermaid, Barbie etc. are featured of having adventures by absconding from home. It was the main reason for the numerous girl child missing cases over there.

I feel the same is going to happen here, in our society, but in a much drastic manner.

1.      I felt shocked by watching the scene in which Rima (Tesa) telling Asif (Cyril) that I’m not a Virgin.    It was presented in a very simple manner as if it’s not significant for human life at all.
2.      Another scene in which the girls’ commenting about the hero’s butt was so terrible.
3.      After being brutally raped, she was becoming normal as if nothing happened to her.
4.      Above all, for having her revenge, she is again committing sex with another pimp (Mr. D.K.)

In short, this movie conveys, she is been in relationship with four persons for six times!

We may say that film is a replica of life, and I agree that these things are happening in real life too, but there are certain aspects or limits which we should consciously avoid from the common audience.

In the theater, 80% of the viewers were women audience, they too falling under the age of 25 and below. Even there were several school students too (in uniform). I wonder, how these scenes are affecting them and what message it conveys to them. I’m afraid, after watching this movie, at least 10% of them might had a feeling that having these kind of close relationship is of no harm at all. These sort of wrong ideologies are the main reason for the failure and imbalance of relationships in the western countries. I’m very much worried that whether we are also going in that same path?

If you agree with my views, I request want you to write an article about these potentially catastrophic elements.

    ജിബിന്‍ എഴുതിയ ഈ മെയിലിലെ ആശങ്ക നിങ്ങളില്‍ പലര്‍ക്കും ഉണ്ടെന്നു എനിക്കറിയാം. ഈ മെയില്‍ ഞാന്‍ എന്റെ ഒരു സുഹൃത്തിനെ ആണ് ആദ്യം കാണിച്ചത്. അവന്‍ ഇത് കണ്ടു വെറുതെ ചിരിച്ചു തള്ളി. ജിബിനെ കുറെ കളിയാക്കി. നമ്മളൊക്കെ ഏതോ ഡാര്‍ക്ക്‌ ഏജില്‍ ആണ് ഇപ്പോഴും, ലോകം മാറിക്കൊണ്ടിരിക്കുകയാണ്. These kinda things are happening around man എന്നൊക്കെ പറഞ്ഞു അവന്‍ കളിയാക്കി. ഒരു നിമിഷം അവന്‍ പറയുന്നത് ശരിയാണ് എന്നെനിക്കും തോന്നി എന്നത് സത്യമാണ്. പക്ഷെ പിന്നീട് ആലോചിച്ചപ്പോഴാണ് അതല്ല ശരി എന്ന് മനസ്സിലായത്‌. ഇപ്പോഴത്തെ ന്യൂ ജെനറേഷന്‍ ചിത്രങ്ങളുടെ സ്ഥിരം ചേരുവ ആണ് വിവാഹേതര ബന്ധങ്ങള്‍, വ്യഭിചാരം, തുറന്ന സംഭാഷണങ്ങള്‍ മുതലായവ. ഇപ്പറയുന്നതൊക്കെ  നമ്മുടെ സൊസൈറ്റിയില്‍ സംഭവിക്കുന്നുണ്ട്. പക്ഷെ അത് മാത്രമാണോ ജീവിതം ? ഇങ്ങനത്തെ മിക്ക ചിത്രങ്ങളിലും ഒരു taboo ബ്രേക്ക്‌ ചെയ്യുന്നതിലുപരി കുത്തഴിഞ്ഞ ജീവിതത്തിന്റെ ആഘോഷം മാത്രമാണ് കാണാനുള്ളത്. ഒരു ആണും പെണ്ണും കൂടി ഒരുമിച്ചു നടക്കാന്‍ തന്നെ ബുദ്ധിമുട്ടുള്ള കേരളീയ സമൂഹത്തില്‍ നമ്മള്‍ ഇപ്പോഴും പാലിക്കുന്ന ചില നിയന്ത്രണങ്ങള്‍ കൊണ്ടാണ് കൂടുതല്‍ പ്രശ്നങ്ങളും ഒഴിവാകുന്നത് എന്നാണു എന്റെ അഭിപ്രായം. അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കും നമ്മുടെ നാട്ടില്‍ ഇടയ്ക്കിടയ്ക്ക് പുറത്തു വരുന്ന പെണ്‍ വാണിഭ , കൂട്ട ബലാത്സംഗ കഥകളെ കുറിച്ച്. പക്ഷെ അതൊഴിച്ചാല്‍ ഒരു പെണ്ണിന് വേണ്ടി നടക്കുന്ന Planned crimes കേരളത്തില്‍ കുറവാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോള്‍. അങ്ങനത്തെ ഒരു സമൂഹത്തിനു മുമ്പില്‍ വച്ച് കൊടുക്കുന്ന ഇത്തരം ചിന്തകള്‍ എങ്ങനെ ആയിരിക്കും തിരിച്ചു പ്രവര്‍ത്തിക്കുക എന്നത് ചിന്തിക്കേണ്ട ഒരു വിഷയമാണ്. ഇങ്ങനെയൊക്കെ ആയാലും മലയാളിയുടെ സദാചാര ബോധം എന്നത് തികച്ചും കപടമായ ഒന്നാണെന്ന് പറയാതെ വയ്യ. അടക്കിപ്പിടിച്ച ഇത്തരം വികാരങ്ങള്‍ തന്നെ വഴി വിട്ട ജീവിതത്തിലേക്ക് പലരെയും നയിക്കുന്നതും .

     നമുക്ക് ഈ ചിത്രത്തിലേയ്ക്കു തിരികെ വരാം. മുന്നേ പറഞ്ഞല്ലോ. ചിത്രം ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. പക്ഷെ പല റിവ്യൂകളും വായിച്ചിട്ട് മനസ്സിലായത് ഒരു പ്രതികാര കഥ ആണെന്നാണ്‌. ഈ ചിത്രം അവതരിപ്പിക്കുന്ന female fighter ഒരു ഫെമിനിസ്റ്റ് ആണെന്നാണ് പലരും ധരിച്ചിരിക്കുന്നത്‌. അങ്ങനത്തെ ഒരു മുന്‍വിധിയോടെ എഴുതിയിട്ടുള്ള റിവ്യൂകള്‍  ആണ് പലതും. പിന്നെ, മുകളില്‍ ജിബിന്‍ പറഞ്ഞിരിക്കുന്ന പൊയ്ന്റുകളെ കുറിച്ചാണെങ്കില്‍, പെണ്ണുങ്ങള്‍ ഒരു പയ്യന്റെ ആസനത്തെ പറ്റി കമന്റ്‌ അടിക്കുന്നത് കേട്ടിട്ട് അത്ഭുതം തോന്നേണ്ട കാര്യമില്ല. ഇപ്പോഴത്തെ പെണ്ണുങ്ങള്‍ അടിച്ചു വിടുന്ന ഓരോ കമന്റുകള്‍ കേട്ടാല്‍ നമ്മളൊക്കെ വീണ്ടും സ്കൂളില്‍ പോയി പഠിച്ചു വരേണ്ടി വരും. എല്ലാം വിളഞ്ഞ വിത്തുകള്‍ ആണ് :) . അത് പോലെ തന്നെ വിര്‍ജിനിറ്റിയുടെ കാര്യവും. ഇവിടെ ബാംഗ്ലൂര്‍ ഞാന്‍ വര്‍ഷങ്ങളായി കാണുന്നു പല തരത്തിലുള്ള ലിവ് ഇന്‍ റിലെഷനുകള്‍. നോര്‍ത്തില്‍ നിന്ന് ഇവിടെ വന്നു താമസിക്കുന്ന ഒന്ന് രണ്ടു പേരെ എനിക്ക് നേരിട്ടറിയാം. ഒരാളിന്റെ വീട്ടില്‍ ഇതൊന്നും അറിയില്ല. അവള്‍ ഇവിടെ വന്നു പരിചയപ്പെട്ട ഒരു പയ്യനുമായി ഒരുമിച്ചു താമസിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി. പക്ഷെ ഈയിടക്ക് എന്തോ സംഭവിച്ചു അവര്‍ സ്പ്ലിറ്റ് ആയി. നിങ്ങള്‍ വിശ്വസിക്കില്ല. വെറും ഒരു മാസത്തിനുള്ളില്‍ അവള്‍ക്കു വേറെ പാര്‍ട്ട്ണറെ കിട്ടി. മറ്റേ കുട്ടിയുടെ വീട്ടില്‍ ആണെങ്കില്‍ ഈ കഥകളൊക്കെ അറിയാം. മകള്‍ ഒരു പയ്യനുമായി ജീവിക്കുന്ന കാര്യമൊക്കെ. അവര്‍ക്ക് അതൊരു വിഷയമല്ല. നമ്മുടെ നാട്ടില്‍ നിന്ന് തികച്ചും സാധാരണ സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന കുട്ടികളില്‍ ചിലരും ഇത്തരം പരിപാടികള്‍ ഇവിടെ കാണിക്കുന്നുവെന്നത് സത്യമാണ്. ചിലരെയൊന്നും കണ്ടാല്‍ മലയാളി ആണെന്ന് ഒരിക്കലും നിങ്ങള്‍ പറയില്ല. ഒരു തരം ഡബിള്‍ ലൈഫ് നയിക്കുന്ന പെണ്‍കുട്ടികളും ഉണ്ട്. ഈ ചിത്രത്തില്‍ കോട്ടയത്തെ പെണ്‍കുട്ടികള്‍ ഇവിടെ വന്നു നഴ്സിംഗ് പഠനത്തോടൊപ്പം ശരീരം വിറ്റു കാശുണ്ടാക്കുന്നതായും ഒരു സംഭാഷണം ഉണ്ടെന്നു പറയുന്നത് കേട്ടു. ഇത് നാട്ടില്‍ വന്‍ വാര്‍ത്ത‍ ആയി. പക്ഷെ ഉള്ളത് പറഞ്ഞാല്‍ അത്തരം അഭിപ്രായങ്ങള്‍ ഞാന്‍ ഇവിടെ പല തവണ പലയിടത്ത് നിന്നും കേട്ടിട്ടുണ്ട്. അത് എങ്ങനെ രൂപപ്പെട്ടു എന്ന് എനിക്കറിയില്ല. മാത്രമല്ല അത് കോട്ടയത്തെ കുട്ടികളെ പറ്റി മാത്രം എങ്ങനെ വന്നു എന്നും അറിയില്ല. കോട്ടയത്ത്‌ നിന്നായിരുന്നു പണ്ട് കൂട്ടത്തോടെ പെണ്‍കുട്ടികള്‍ നഴ്സിംഗ് പഠന മോഹവുമായി ഇവിടെ വന്നു കൊണ്ടിരുന്നത്. ഒരു പക്ഷെ അതുകൊണ്ടായിരിക്കാം ഇങ്ങനെ. ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികളെ വിവാഹം കഴിക്കാന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ആണുങ്ങളും ഉണ്ട്. ഇതൊക്കെ കണ്ടതിനു ശേഷം അവര്‍ക്ക് ഉള്ളില്‍ അങ്ങനെ ഒരു വിചാരം രൂപപ്പെടുന്നതാണെന്നു തോന്നുന്നു. പക്ഷെ നഗരത്തിലുള്ള കുട്ടികളെല്ലാം പിഴച്ചതും നാട്ടിന്‍പുറത്ത് ജനിച്ചവര്‍ എല്ലാം പുണ്യവതികള്‍ എന്നൊന്നും എനിക്കഭിപ്രായമില്ല. നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട്. എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ആണ് ഈ നഗരത്തില്‍ ആദ്യമായി വന്നപ്പോ കണ്ടത്. പക്ഷെ ഇപ്പൊ എനിക്ക് തോന്നുന്നു അതാണ്‌ ശരിയെന്ന്. എന്തൊക്കെ പറഞ്ഞാലും ഒടുവില്‍ ഇത് രണ്ടു പേരുടെ മാത്രം ജീവിതമാണല്ലോ. അത് നന്നായാലും നശിച്ചാലും അവര്‍ തന്നെയാണ് ഉത്തരവാദികള്‍. പക്ഷെ നമ്മുടെ നാട്ടില്‍ ഇതൊന്നും വരണം എന്ന് എനിക്കഭിപ്രായമില്ല ( വരില്ല, അത് വേറെ കാര്യം. നമ്മളൊക്കെ ആരാ മൊതല് ). 

വാല്‍ക്കഷണം : 

     22 F.K പറയുന്നതിനേക്കാള്‍ സെന്‍സിറ്റീവ് ആയ വിഷയങ്ങള്‍ നമ്മുടെ മലയാള സിനിമ വര്‍ഷങ്ങള്‍ക്കു മുമ്പ് ചര്‍ച്ച ചെയ്തിട്ടുണ്ട്. മോഹന്‍ സംവിധാനം ചെയ്ത രണ്ടു പെണ്‍കുട്ടികള്‍ ആണ് ഇന്ത്യയില്‍ തന്നെ ലെസ്ബിയനിസം വിഷയമാക്കിയ ആദ്യ ചിത്രം. ഒരിടത്തൊരു ഫയല്‍വാന്‍ ,തകര, രതി നിര്‍വേദം തുടങ്ങി എത്ര ചിത്രങ്ങള്‍. അതുകൊണ്ട് ഈ ചിത്രം കാണാനുള്ള പക്വത മലയാളിക്ക് ഇല്ല എന്ന് പറയാന്‍ പറ്റില്ല. ഇവിടത്തെ വിഷയം ഈ ചിത്രം മുന്നോട്ടു വയ്ക്കുന്ന പ്രലോഭനങ്ങള്‍ ആണ്. സുരക്ഷിതമായ വിഷയങ്ങള്‍ എടുത്തു കളിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സീനിയര്‍ സിനിമാക്കാരുടെ മുന്നില്‍ വിഷയത്തിന്റെ വ്യാപ്തി കൊണ്ടും അത് മറയില്ലാതെ അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യം കൊണ്ടും ആഷിക് ഒരു പടി മുകളില്‍ നില്‍ക്കുന്നു. നൂറു ശതമാനം സത്യമായ കാര്യങ്ങള്‍ ആണെങ്കിലും നമ്മുടേത്‌ പോലുള്ള ഒരു ചെറിയ സമൂഹത്തില്‍ ഇതൊക്കെ വേണോ എന്നൊരു ചോദ്യം മാത്രം അവശേഷിക്കുന്നു. 

2012, ഏപ്രിൽ 18, ബുധനാഴ്‌ച

കോടീശ്വരന്റെ വകഭേദങ്ങള്‍



    ഒടുവില്‍ അത് മലയാളത്തില്‍ അവതരിച്ചിരിക്കുന്നു. മറ്റൊന്നുമല്ല KBC എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കോന്‍ ബനേഗാ കരോട്ട്പതി എന്ന ഇന്ത്യന്‍ ടി വിയിലെ എക്കാലത്തെയും വലിയ ഹിറ്റ്‌ ആയ റിയാലിറ്റി ഷോയെ പറ്റി തന്നെയാണ് പറഞ്ഞത്. കൊടീശ്വരനില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കണ്ടിട്ട് മലയാളികള്‍ കൂകി വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. സത്യം പറഞ്ഞാല്‍ ഇത്രയുമൊക്കെ ഈ പരിപാടിയെ അധിക്ഷേപിക്കേണ്ട കാര്യമുണ്ടോ ? ഇതൊരു ഗെയിം മാത്രമാണ്. ചാനലിനു പണമുണ്ടാക്കാനും ഭാഗ്യമുള്ളവര്‍ക്ക് അതിന്റെ ഒരു പങ്കു കൊടുക്കാനും വേണ്ടിയുള്ള ഒരു തട്ടിപ്പ് പരിപാടി. അത് എത്രത്തോളം എന്‍ജോയ് ചെയ്യാന്‍ പറ്റുന്നു എന്ന് മാത്രം നോക്കിയാല്‍ പോരേ? 

മലയാളം : നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ 

ഷിറ്റ് ഗോപി ആവുന്നത്ര നാടകീയമായി ഈ പരിപാടി അവതരിപ്പിക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ ഗോപിയേട്ടന്റെ പ്രകടനം കണ്ടാല്‍ വരുന്നത്ര ചിരി ഇതിന്റെ ചോദ്യം കണ്ടാല്‍ വരില്ല. എന്തായാലും തോക്ക് ഇല്ലാതെയുള്ള പുള്ളിയുടെ ഉണ്ടയില്ലാ വെടികള്‍ കണ്ടിട്ട് ഒരു ആശ്വാസം ഇല്ലാതില്ല. സാധാരണ വികാരാധീനന്‍ ആയി അഭിമുഖങ്ങളില്‍ പങ്കെടുക്കാറുള്ള സുരേഷ് ഗോപി അതൊന്നുമില്ലാതെ പഴയ പ്രസന്ന ഭാവത്തോട് കൂടി പരിപാടി അവതിരിപ്പിക്കുന്നതു തന്നെ വലിയ കാര്യമാണ്. 




കന്നഡ : കന്നഡദാട കോടി അധിപതി (Karnataka's Crorepati)

     അങ്ങനെയാണ് മറ്റു ഭാഷകളില്‍ എന്താ സ്ഥിതി എന്ന് നോക്കിയത്. ഏഷ്യാനെറ്റ്‌ സുവര്‍ണയില്‍ കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ അവതരിപ്പിക്കുന്ന പരിപാടി കണ്ടു നോക്കി. ഉള്ള കാര്യം പറയാമല്ലോ , മലയാളം പതിപ്പിനെക്കാള്‍ കാതങ്ങള്‍ മുന്നിലാണ് കോടി അധിപതി എന്ന ഈ കന്നഡ വെര്‍ഷന്‍. ഇതിന്റെ ഒരു കാരണം പുനീത് തന്നെയാണ്. കന്നടയിലെ ഏറ്റവും വലിയ ജനപ്രിയ നടന്‍ പുനീത് ആണ്. കന്നടയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടനും അദ്ദേഹം തന്നെ. മലയാളിയുടെ സൌന്ദര്യ സങ്കല്പങ്ങളുമായി ഒരിക്കലും ഒത്തു പോകാത്ത ഒരു നടനാണ്‌ പുനീത്. താന്‍ ഒട്ടും സുന്ദരനല്ല എന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനത്തെ ഒരു നടന്‍ എങ്ങനെ ഇത്രയ്ക്ക് ജനപ്രിയനായി എന്ന് ഈ പരിപാടി കണ്ടാല്‍ പിടികിട്ടും. അദ്ദേഹത്തിന്റെ attitude തന്നെയാണ് പുനീതിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തന്‍ ആക്കുന്നത്. കന്നടയിലെ എവെര്‍ ഗ്രീന്‍ നായകനായ രാജ്കുമാറിന്റെ മക്കളില്‍ ഏറ്റവും ഇളയ ആളായ പുനീത് ഏറ്റവും മൂത്ത മകനായ ശിവരാജ് കുമാറിനെക്കാള്‍ വലിയ നടന്‍ ആയതു തന്റെ അഭിനയ മികവു കൊണ്ട് കൂടിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഏറ്റവും നല്ല ബാല താരത്തിനുള്ള ദേശീയ അവാര്‍ഡ്‌ നേടിയ നടന്‍ ആണ് പുനീത്. കോടി അധിപതിയില്‍ പുനീതിന്റെ പ്രകടനം ഇവിടെ കാണാം. 


പ്രശസ്ത കന്നഡ താരം രമ്യ ( ദിവ്യ സ്പന്ദന ) പങ്കെടുത്ത സ്പെഷ്യല്‍ എപിസോഡ് 



തമിഴ് : നീങ്കളും വെല്ലലാം ഒരു കോടി 

തമിഴിലെ വിലപിടിപ്പുള്ള നായകന്‍ സൂര്യ അവതരിപ്പിക്കുന്ന വിളയാട്ട് നികഴ്ചി ( ഇത് ഞാന്‍ കയ്യില്‍ നിന്നിട്ടതാണ്. കുറച്ചു തമിഴ് കൂടി ഇരുന്നോട്ടെ ). സൂര്യയെ കാണാന്‍ നല്ല സ്മാര്‍ട്ട്‌ ആണെങ്കിലും കൂതറ കളറിലുള്ള കൊട്ടും സൂട്ടും ഒക്കെ ഇടീച്ചാണ് പാവത്തിനെ നിര്‍ത്തിയിരിക്കുന്നത്. തമിഴന്മാരുടെ സ്വത സിദ്ധമായ കളര്‍ സെന്‍സ് കാരണം കുറെ പൂവും കായും ഒക്കെ സെറ്റില്‍ നിരത്തിയിട്ടുണ്ട് .മാത്രമല്ല ബാക്കി ഭാഷകളെ പോലെയല്ലാതെ വന്‍ സിനിമാറ്റിക് ആണ് തമിഴ് വെര്‍ഷന്‍. 


ബംഗാളി : കെ ഹോബെ ബംഗ്ല കോടിപതി 

ക്രികറ്റ് ക്യാപ്ടന്‍ സൌരവ് ഗാംഗുലി അവതരിപ്പിക്കുന്ന പരിപാടി. അങ്ങേര്‍ ഒരുമാതിരി വടി വിഴുങ്ങിയ പോലെ നിന്നാണ് ഈ ഗെയിം ഷോ അവതരിപ്പിക്കുന്നത്‌. ബംഗാളി ഒരു പിടിയും ഇല്ലാത്തത് കൊണ്ട് അഭിപ്രായമൊന്നും പറയുന്നില്ല. അമീര്‍ ഖാനും കിരണ്‍ റാവുവും പങ്കെടുത്ത ഒരു എപിസോഡ്   ഇവിടെ കാണാം 



ഭോജ്പുരി : കെ ബാനി ക്രോര്‍പതി 

ശത്രുഘ്നന്‍ സിന്‍ഹ അവതരിപ്പിക്കുന്ന ഭോജ് പുരി വെര്‍ഷന്‍. മുകളില്‍ പറഞ്ഞ പോലെ ഈ ഭാഷയും അത്ര പിടിയില്ല. പക്ഷെ ശത്രുഘ്നന്‍ സിന്‍ഹയുടെ മുന്‍ ചരിത്രം പരിശോധിച്ചാല്‍ പുള്ളി ഈ ഫീല്‍ഡില്‍ പയറ്റി തെളിഞ്ഞ ആളാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാവും. ഔട്ട്‌ ലുക്ക്‌ വാരികയില്‍ പണ്ട് പുള്ളി എഴുതിയിരുന്ന ഒരു കോളം ഉണ്ട്. വളരെ രസകരമായിരുന്നു. അത് പോലെ തന്നെയാവും ഈ പരിപാടിയും എന്ന് തോന്നുന്നു


ഇനി .. ഇതിന്റെയെല്ലാം ബാപ് : അമിതാഭ് ബച്ചന്‍ 


വാല്‍ക്കഷണം : പണം നേടാനുള്ള ഒരു മത്സരമെന്നതിലുപരി സ്ക്രിപ്റ്റ് ഇല്ലാതെ അഭിനയിക്കാനുള്ള പല നടന്മാരുടെയും കഴിവിന്റെ ഉരകല്ല് കൂടിയാണ് ഈ പരിപാടി. അമിതാഭിന് പകരം ഷാരൂഖിനെ കൊണ്ട് വന്നിട്ട് പുള്ളി എട്ടു നിലയില്‍ പൊട്ടിയത് ഓര്‍മയില്ലേ . തോക്ക് ഗോപിയേട്ടന്റെ ഗതി എന്താവുമോ ..

2012, ഏപ്രിൽ 13, വെള്ളിയാഴ്‌ച

സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍



എല്ലാവര്‍ക്കും നന്മയുടെയും സ്നേഹത്തിന്റെയും വിഷു ആശംസകള്‍ 

കണികാണും നേരം കമലാ നേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ

മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
പുലര്‍ക്കാലേ പാടിക്കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണി കാണാന്‍ 

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണാ
വശത്തു വാ ഉണ്ണീ! കണി കാണാന്‍

ബാലസ്ത്രീകള്‍ തന്‍ തുകിലും വാരി
ക്കൊണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍

എതിരെ ഗോവിന്ദനരികില്‍ വന്നോരോ
പുതുമയായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞ്ഞും തന്‍
മന്ദസ്മിതവും തൂകി വാ കണി കാണാന്‍

2012, ഏപ്രിൽ 12, വ്യാഴാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 30



    കരഞ്ഞു തളര്‍ന്നു അവള്‍ കുറച്ചു നേരം മയങ്ങി. അല്പം കഴിഞ്ഞപ്പോ അമ്മ മുകളിലേയ്ക്ക് വന്നു. 'ചിന്നൂ.. വാ വന്നു ഭക്ഷണം കഴിക്ക്' എന്ന് പറഞ്ഞിട്ട് അമ്മ ഇറങ്ങി പോയി.  അവള്‍ എഴുനേറ്റു. കണ്ണില്‍ നിറയെ കണ്ണീര്‍ പാട കെട്ടിയിരിക്കുന്നു. ഒന്നും കാണാന്‍ പറ്റുന്നില്ല. മുഖം കഴുകിയിട്ട് അവള്‍ താഴേയ്ക്ക് ചെന്നു. അച്ഛന്‍ മുറിയില്‍ പേപ്പര്‍ വായിച്ചിരിപ്പുണ്ട്. 'എന്താ മോളേ.. മരുന്ന് വല്ലതും വേണോ ? " അച്ഛന്റെ ചോദ്യം കേട്ട് അവള്‍ ഒരു നിമിഷം സ്തബ്ധയായി. 'വേണ്ട' എന്ന് പറഞ്ഞിട്ട് അവള്‍ ഡൈനിങ്ങ്‌ ടേബിളില്‍ പോയി ഇരുന്നു. ഒന്നും മിണ്ടാതെ അമ്മ ആഹാരം വിളമ്പി വച്ചു.  എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തിയിട്ട് അവള്‍ എഴുനേറ്റു പോയി. വീണ്ടും മുകളിലത്തെ മുറിയില്‍ പോയി കിടന്നു. തലയിണയില്‍ മുഖം ചേര്‍ത്ത് കിടന്നു അവള്‍ വീണ്ടും കരഞ്ഞു.  ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. ബൈജുവിന്റെ മെസ്സേജ് വന്നതാണ് . വായിച്ചു പോലും നോക്കാതെ അവള്‍ അത് ഡിലീറ്റ് ചെയ്തു . സമയം ഇഴഞ്ഞു നീങ്ങി. ആരോ ചുമലില്‍ കൈ വയ്ക്കുന്നത് പോലെ. അവള്‍ കണ്ണ് തുറന്നു നോക്കി. അമ്മയാണ്. "നീ പേടിക്കണ്ട. താഴേയ്ക്ക് വരാതിരിക്കണ്ട. അച്ഛനോട് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. നിനക്കറിയില്ലേ . അച്ഛന്റെ സ്വഭാവം ? അച്ഛന്‍ അത് എങ്ങനെ എടുക്കും എന്നറിയില്ല. അന്ന് ജോണ്‍ അങ്കിളിന്റെ മോള്‍ അങ്ങനെ കാണിച്ചപ്പോ രാത്രി അച്ഛന്‍ ഉറങ്ങിയിട്ടില്ല. നേരം വെളുക്കുന്നത്‌ വരെ അതോര്‍ത്തു കിടക്കുകയായിരന്നു. ഇപ്പൊ സ്വന്തം മകള്‍ ഇങ്ങനെ.. ' അമ്മ ഇടറിയ ശബ്ദത്തില്‍ നിര്‍ത്തി.. നിനക്ക് നല്ല സുഖമില്ല. എന്തോ പെയിന്‍  പോലെ എന്നൊക്കെയാണ് ഞാന്‍ അച്ഛനോട് പറഞ്ഞത്. ഹോസ്പിറ്റലില്‍ പോണോ എന്ന് അച്ഛന്‍ ഇപ്പൊ ചോദിച്ചതേ ഉള്ളൂ. നിനക്ക് പിന്നെ മാസം തോറും വരുന്ന പയിന്‍ ആണ് .. സാരമില്ല എന്നൊക്കെ പറഞ്ഞപ്പോ ആണ് അച്ഛന്‍ പോയി കിടന്നത്. അങ്ങനത്തെ ഒരാളിനെ ആണോ നീ ചീറ്റ് ചെയ്യാന്‍ നോക്കുന്നത് ? " അമ്മയുടെ വാക്കുകള്‍ കേട്ട് അവള്‍ പൊട്ടിക്കരഞ്ഞു. അവളെ തനിയെ വിട്ടിട്ടു അമ്മ താഴത്തേയ്ക്ക്  പോയി. കുറ്റബോധം കൊണ്ട് അവളുടെ തല കുനിഞ്ഞു തന്നെയിരുന്നു.  അന്ന് രാത്രി അവള്‍ ഒന്നും കഴിച്ചില്ല. താഴേയ്ക്ക് ഇറങ്ങി ചെന്നതുമില്ല.


     നേരം പുലര്‍ന്നു. അച്ഛന്‍ ഏതോ കല്യാണത്തിന് പോയിരിക്കുകയാണ്. അവള്‍ കിച്ചണിലേയ്ക്ക് ചെന്ന്. അമ്മ ദോശ ചുടുകയാണ്. 'നീ എണീറ്റോ ? മുഖം കഴുകിയിട്ട് വാ. ചായ കുടിക്കാം " അമ്മ പറഞ്ഞു. അമ്മയുടെ മുഖത്ത് ദേഷ്യമൊന്നുമില്ല. അത് കണ്ടു അവളുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.       " നീ വിഷമിക്കണ്ട. അച്ഛനോട് ഞാന്‍ പറയില്ല. പക്ഷെ നിന്റെ മനസ്സിലുള്ള കാര്യം നടക്കില്ല. " അവളുടെ മനസ്സ് വായിച്ചിട്ടെന്ന വണ്ണം അമ്മ പറഞ്ഞു. അവള്‍ അമ്മയുടെ അടുത്ത് ചെന്നു. അമ്മയുടെ കൈ കവര്‍ന്നെടുത്തു അവള്‍ സോറി എന്ന് പറഞ്ഞു. അങ്ങനെ പറ്റിപ്പോയി അമ്മേ എന്ന് പറഞ്ഞിട്ട് മുഖം താഴ്ത്തി അവിടെയിരുന്നു ചിന്നു. 'നീ കരയണ്ട. ഞാന്‍ വഴക്കൊന്നും പറഞ്ഞില്ലല്ലോ. " എന്ന് അമ്മ പറഞ്ഞു. അവള്‍ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മയുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. 'പക്ഷെ അമ്മേ..ഇതെന്താ നടത്താന്‍ പറ്റാത്തത് ? " അവള്‍ വിക്കി വിക്കി ചോദിച്ചു. അമ്മയുടെ മുഖത്ത് വീണ്ടും ഒരു അമ്പരപ്പ് പരന്നു. 'അപ്പൊ നീ അത് വിട്ടില്ലേ ? എന്തുകൊണ്ടാണ് നമ്മള്‍ സമ്മതിക്കാത്തത് എന്ന് നിനക്കറിയില്ലേ ? " അമ്മ ചോദിച്ചു. അവള്‍ക്കു അത് മനസ്സിലായില്ലെങ്കിലും പിന്നെ ഒന്നും ചോദിച്ചില്ല. ചിന്നു പതിയെ എണീറ്റ്‌ മുകളിലേയ്ക്ക് പോയി. കിടക്കയില്‍ വീണ്ടും വീണു. മൊബൈല്‍ എടുത്തു നോക്കി. ബൈജുവിന്റെ മെസ്സേജ്. ടെന്‍ഷന്‍ ആണെങ്കില്‍ ഇപ്പൊ അമ്മയോട് ഒന്നും പറയണ്ട. പിന്നെ പറയാം. നീ വിഷമിച്ചിരിക്കല്ലേ' എന്നൊക്കെ. അവളുടെ മനസ്സ് വായിച്ചിട്ടെന്ന പോലെ. ആ മെസ്സേജ് കണ്ടതും ചിന്നുവിന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു. പാവം അവിടെയിരുന്നു എന്നെ പറ്റിയോര്‍ത്ത്‌ സമാധാനിപ്പിക്കാന്‍ ഓരോന്ന് അയക്കുകയാണ്. അവള്‍ മറുപടി ഒന്നും അയച്ചില്ല. 

     അന്നത്തെ രാത്രി അവള്‍ ഉറങ്ങിയില്ല. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. ഇന്ന് വൈകിട്ടാണ് ട്രെയിന്‍. അച്ഛന്‍ വീട്ടിലുള്ള കാരണം അമ്മ ഒന്നും പറയുന്നില്ല. അവളുടെ മുഖം വാടിയിരിക്കുന്നതു കണ്ടിട്ട് അച്ഛന്‍ അവളെ സമാധാനിപ്പിച്ചു. ഇനി അസുഖമോ മറ്റോ ആണെങ്കില്‍ യാത്ര ചെയ്യണ്ട. അവിടെ റസ്റ്റ്‌ എടുത്താല്‍ മതി എന്നൊക്കെ. അവള്‍ നിര്‍വികാരയായി തലയാട്ടി. ഇടയ്ക്ക് എന്തോ കാര്യത്തിന് അച്ഛന്‍ പുറത്തു പോയതും അമ്മ ഓടി വന്നു. 'ഞാന്‍ അച്ഛന്‍ പോകുന്നതും നോക്കിയിരിക്കുകയായിരുന്നു. നിന്നോട് എങ്ങനെ ഒക്കെ പറയേണ്ടി വരും എന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. സത്യം പറഞ്ഞാല്‍ നിന്നോടുള്ള വിശ്വാസം ഒക്കെ പോയി. എന്നാലും പറയുകയാണ്‌. അവിടെ ഞങ്ങള്‍ ആരും അടുത്തില്ല എന്നുള്ള സ്വാതന്ത്ര്യം നീ മിസ്‌ യൂസ് ചെയ്യരുത്. " അമ്മ പറഞ്ഞു. അത് കേട്ട് ചിന്നുവിന്റെ തല കുനിഞ്ഞു. 'എന്താ അമ്മേ ഇങ്ങനൊക്കെ... " അവളുടെ വാക്കുകള്‍ പകുതിയ്ക്ക് വച്ച് മുറിഞ്ഞു. 'ഒന്നുമില്ല. നിനക്കൊരു കുട്ടി ഉണ്ടാവുമ്പോഴേ അതൊക്കെ മനസ്സിലാവൂ. പണ്ടത്തെ പോലെ ഇനി എനിക്ക് ഇവിടെ സമാധാനമായി ഇരിക്കാന്‍ പറ്റില്ല. നീ ഉടനെ നാട്ടിലേക്കു വാ. അവിടത്തെ ജോലിയൊക്കെ മതി. ഇവിടെ വല്ല സ്ഥലത്തും നോക്കാം. " അമ്മ തുടര്‍ന്നു. അവള്‍ ഒന്നും പറഞ്ഞില്ല. അമ്മ ഇനി ഒന്നും പറയല്ലേ. എന്നവള്‍ ഒടുവില്‍ പറഞ്ഞു. അപ്പോഴേയ്ക്കും അച്ഛനും തിരികെ വന്നു. അച്ഛനും അമ്മയും കൂടി അവളെ സ്റെഷനില്‍ കൊണ്ടാക്കി. പതിവില്ലാതെ അന്ന് കൃത്യ സമയത്ത് തന്നെ ട്രെയിന്‍ വന്നു. ട്രെയിന്‍ വിട്ടു കുറെ കഴിഞ്ഞപ്പോ ചിന്നു അമ്മയെ വിളിച്ചു. അത് പതിവുള്ളതാണ്. എവിടെയെത്തി എന്ന് പറയാന്‍. പക്ഷെ ഇത്തവണ അമ്മ തിരിച്ചൊന്നും പറഞ്ഞില്ല. ഒന്ന് മാത്രം പറഞ്ഞു 'ഞാന്‍ പറഞ്ഞതൊന്നും മോള്‍ മറന്നിട്ടില്ലല്ലോ അല്ലെ ? നീ പോയതിനു ശേഷമാണ് എനിക്ക് കരച്ചില്‍ വന്നത്. വീട്ടില്‍ ഞാനും അച്ഛനും മാത്രമല്ലെ ഉള്ളൂ. അച്ഛന്‍ കാണാതെ വേണ്ടേ കരയാന്‍. നീ പോയതിന്റെ വിഷമം കൊണ്ടാണ് , കാര്യമാക്കണ്ട എന്ന് അച്ഛനോട് പറഞ്ഞു. എന്താന്നറിയില്ല. ഞാന്‍ പറഞ്ഞത് കൊണ്ട് മോള്‍ വിഷമിക്കണ്ട. പക്ഷെ ആ കല്യാണമൊന്നും നടക്കില്ല മോളെ.  നിനക്കറിയാമല്ലോ അച്ഛന്‍ ഒരിക്കലും ഇതിനൊന്നും സമ്മതിക്കില്ല " അമ്മ പറഞ്ഞു നിര്‍ത്തി. "അമ്മേ അതിനു ബൈജു അമ്മ വിചാരിക്കുന്ന പോലെ ഒരാളല്ല. അത് കൊണ്ടാ ഞാന്‍ ..." അവള്‍ പറഞ്ഞു. അത് അമ്മയെ ചൊടിപ്പിച്ചു. "വേണ്ട .. ആ ടോപ്പിക്ക് ഇനി സംസാരിക്കണ്ട. അത് അവിടെ അവസാനിച്ചു" അമ്മ ദേഷ്യത്തോടെ പറഞ്ഞു, എന്നിട്ട് ഫോണ്‍ കട്ട്‌ ചെയ്തു. അന്ന് രാത്രി ചിന്നു ഒന്നും കഴിച്ചില്ല. ഫോണ്‍ ഓഫ്‌ ആക്കി വച്ചിട്ട് മുകളില്‍ ബര്‍ത്തില്‍ കയറി കിടന്നു. 


    നേരം പുലര്‍ന്നപ്പോള്‍ ട്രെയിന്‍ മജസ്ടിക്കില്‍ എത്തി. അവള്‍ പുറത്തിറങ്ങി. ഫോണ്‍ ഓണ്‍ ചെയ്തു. എത്തിയെന്ന് വീട്ടില്‍ വിളിച്ചു പറഞ്ഞു. അതാ വരുന്നു ഒരു പത്തു പതിനഞ്ചു എസ് എം എസ്. ബൈജു അയച്ചതാണ്. അവള്‍ അത് വായിച്ചു പോലും നോക്കാതെ ഡിലീറ്റ് ചെയ്തു. ഒരു ഓട്ടോ പിടിച്ചു. ആകെ തളര്‍ന്നിരിക്കുന്നു. ഫോണ്‍ റിംഗ് ചെയ്തു. ബൈജു. അവള്‍ കട്ട്‌ ചെയ്തു. എന്തോ ഒന്നും സംസാരിക്കാന്‍ അവള്‍ക്കു ശക്തിയുണ്ടായിരുന്നില്ല. കുറെ തവണ ആയപ്പോള്‍ ഒടുവില്‍ അവള്‍  ഫോണ്‍ എടുത്തു. "എന്താ മോളെ. എന്താ പറ്റിയത്. നീ എവിടെയാ ? എന്താ ഫോണ്‍ എടുക്കാതിരുന്നത് ? " ഒറ്റ ശ്വാസത്തില്‍ ഒരു നൂറു ചോദ്യങ്ങള്‍ ചോദിച്ചു അവന്‍. "എന്നോട് മിണ്ടണ്ട. എന്നെ മോള്‍ എന്നൊന്നും വിളിക്കണ്ട. ഞാന്‍ അന്നേ പറഞ്ഞില്ലേ ഇതൊന്നും നടക്കില്ല എന്ന്.. ഇനി എന്നെ വിളിക്കരുത് " അത്രയും പറഞ്ഞിട്ട് അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു. ബൈജു അപ്പുറത്ത് നിന്ന് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. പക്ഷെ അവള്‍ അതൊന്നും കേട്ടില്ല. ഓഫീസില്‍ ചെന്നിട്ടു അവള്‍ ബൈജുവിനെ മൈന്‍ഡ് ചെയ്തില്ല. അവന്റെ മുഖത്ത് പോലും നോക്കിയില്ല. ഉച്ചയ്ക്ക് പുറത്തു പോയപ്പോള്‍ ബൈജു യാദൃശ്ചികമായി അവളുടെ നേരെ വന്നു. അറിയാതെ അവള്‍ക്കു അവനെ ഫേസ് ചെയ്യേണ്ടി വന്നു. ബൈജു ആകെ വിളറി വെളുത്തിരിക്കുന്നു. ക്ഷീണിച്ച മുഖം. അത് കണ്ടിട്ടും അവള്‍ ഒരു ഭാവ വ്യത്യാസവും കാണിക്കാതെ കടന്നു പോയി. ബൈജു നിശബ്ദനായി. അവളും എങ്ങനെയൊക്കെയോ അന്നത്തെ ദിവസം തീര്‍ത്തു. 


    വൈകിട്ട് അവള്‍ തിരികെ റൂമില്‍ ചെന്നു. ഇന്ന് ഒറ്റയ്ക്കാണ് അവിടെ. കൌ നാട്ടില്‍ പോയിരിക്കുകയാണ്. കുളിച്ചിട്ടു വന്നു അവള്‍ കുറച്ചു നേരം കിടക്കയില്‍ എണീറ്റിരുന്നു. മനസ്സില്‍ എന്തോ വേദന. ആരോ കുത്തുന്നത് പോലെ. കാരണം അവള്‍ക്കു മനസ്സിലായി. ബൈജു. താന്‍ ചെയ്തതിന്റെ യഥാര്‍ത്ഥ ചിത്രം ഇപ്പോഴാണ് അവള്‍ക്കു പിടി കിട്ടിയത്. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കുറെ നേരം കിടക്കയില്‍ മുഖമമര്‍ത്തി അവള്‍ അലറിക്കരഞ്ഞു. ഇടയ്ക്കെപ്പോഴോ അവളുടെ കണ്ണുകള്‍ അടഞ്ഞു.. രാത്രി ഇഴഞ്ഞു നീങ്ങി. ഇടയ്ക്കിടയ്ക്ക് പുറത്തു കൂടി ചീറി പായുന്ന വാഹനങ്ങളുടെ വെളിച്ചം ജനല്‍ ചില്ലിലൂടെ മുറിയിലേക്ക് ചിതറി വീണു. ഒരു അര മണിക്കൂര്‍ അവള്‍ ഉറങ്ങിക്കാണും. എന്തോ പേടി സ്വപ്നം കണ്ട പോലെ ചിന്നു ഞെട്ടിയുണര്‍ന്നു. ബൈജുവിന്റെ മെസ്സേജ്. 'എന്താ നീ ഇങ്ങനെ ? അറ്റ്‌ ലീസ്റ്റ് എന്നോട് അല്പം സംസാരിക്കൂ ". അത് വായിച്ചിട്ട് അവള്‍ക്കു വീണ്ടും കരച്ചില്‍ വന്നു. ചിന്നു അത് വരെ സംഭരിച്ചിരുന്ന ധൈര്യം ഒക്കെ നഷ്ടപ്പെട്ടു. അവളുടെ നിയന്ത്രണം പോയി. ഒരു സ്വപ്നത്തിലെന്ന പോലെ അവള്‍ ഫോണ്‍ എടുത്തു അവനെ വിളിച്ചു. കുറച്ചു നേരം അവര്‍ രണ്ടു പേരും ഒന്നും മിണ്ടിയില്ല. ചിന്നുവിന്റെ അടക്കി പിടിച്ച തേങ്ങല്‍ നിശബ്ദതയെ ഭഞ്ജിച്ചു. ഇടറിയ ശബ്ദത്തിലും ഇടയ്ക്ക് കരച്ചിലില്‍ മുങ്ങിയും അവള്‍ നടന്നതെല്ലാം അവനോടു പറഞ്ഞു. അത് എല്ലാം കേട്ടിട്ട് ബൈജു ഒന്നും തിരിച്ചു പറഞ്ഞില്ല. ഒടുവില്‍ അവന്‍ ചോദിച്ചു..'നീ എന്ത് തീരുമാനിച്ചു ? അമ്മ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നുണ്ടോ ? " . കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം അവള്‍ പറഞ്ഞു..' ഇല്ല. എനിക്കത് ഒരിക്കലും ഉപേക്ഷിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല. നമ്മള്‍ എന്ത് ചെയ്യും ബൈജൂ ? " അവള്‍ കരഞ്ഞു കൊണ്ട് ചോദിച്ചു. ഇന്ന് ഞാന്‍ ബൈജുവിനെ കാണാതെ നടന്നില്ലേ. എന്നിട്ട് ഞാന്‍ റസ്റ്റ്‌ റൂമില്‍ പോയിരുന്നു കരയുകയായിരുന്നു . അറിയോ ? അല്ലാതെ ഞാന്‍ അത്രയ്ക്ക് ദുഷ്ട ഒന്നുമല്ല. ഒറ്റ ദിവസം കൊണ്ട് എനിക്ക് ബൈജുവിനെ ഉപേക്ഷിക്കാന്‍ പറ്റും എന്ന് വിചാരിച്ചോ ? എന്നോട് എന്താ തോന്നിയത് ? " അവള്‍ ചോദിച്ചു. "നിന്നെ അത്രയ്ക്കെങ്കിലും മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എങ്ങനെ എനിക്ക് നിന്നോട് സ്നേഹം തോന്നും ചിന്നൂ ? " അവന്‍ പറഞ്ഞു. "അമ്മ അങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ ആകെ ഡൌണ്‍ ആയി. ഇത് വരെ അവര്‍ ആരും എന്നോട് ഇങ്ങനെ ഒന്നും സംസാരിച്ചിട്ടില്ല. പക്ഷെ I don't want to lose you too. നമ്മള്‍ എന്ത് ചെയ്യും ബൈജൂ ? " അവള്‍ ചോദിച്ചു. " നീ തല്ക്കാലം കിടന്നുറങ്ങു. നാളെ ശനിയാഴ്ചയല്ലേ.. നമുക്ക് രാവിലെ പുറത്തു എവിടെയെങ്കിലും വച്ച് കാണാം. അപ്പൊ സംസാരിക്കാം. " അവന്‍ പറഞ്ഞു. "ഹേയ് അത് പറ്റില്ല. ഇനി ഞാന്‍ അങ്ങനെ പുറത്തു വരില്ല ബൈജു. എന്നെ നിര്‍ബന്ധിക്കരുത് " ചിന്നു പറഞ്ഞു. "ശരി . വേണ്ട. ഞാന്‍ വിളിക്കാം . ഫോണ്‍ എടുക്കുമോ ? " അവന്‍ ചോദിച്ചു. "അതെന്താ ബൈജൂ അങ്ങനെ പറയുന്നത്. വിളിക്കണം. ഞാന്‍ നോക്കിയിരിക്കും. " അവള്‍ പറഞ്ഞു. ഫോണ്‍ വച്ചതിനു ശേഷം അവള്‍ ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു. എന്തോ എല്ലാം ശരിയാവും എന്ന് അവള്‍ക്കു പെട്ടെന്നൊരു തോന്നല്‍ മനസ്സിലേയ്ക്ക് വന്നു. പഴ്സില്‍ സൂക്ഷിച്ചിരുന്ന ഗുരുവായൂരപ്പന്റെ ചിത്രം എടുത്തുകൊണ്ടു വന്നു അവള്‍ കുറച്ചു നേരം കണ്ണടച്ച് പ്രാര്‍ഥിച്ചു. എന്നിട്ട് ബൈജുവിന് ഒരു മെസ്സേജ് അയച്ചു. "സോറി ബൈജു. ഭഗവാന്‍ എല്ലാം ശരിയാക്കി തരും. ഇന്ന് പറഞ്ഞതിനൊക്കെ സോറി. അവിടെ വിഷമിച്ചിരിക്കല്ലേ. നമുക്ക് നാളെ രാവിലെ ബ്രിസ്ടോയില്‍ വച്ച് കാണാം. " ബ്രിസ്ടോ അവരുടെ സ്ഥിരം ജോയിന്റ് ആണ്. ബൈജുവും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. "ശരി ചിന്നൂ. നീ കിടന്നുറങ്ങൂ. " അവന്‍ മറുപടി അയച്ചു. പുറത്തു നിലാവ് മങ്ങി തുടങ്ങിയിരുന്നു. നഗരം നിശബ്ദമായി ഉറങ്ങുന്നു. അവരും ഉറങ്ങാന്‍ കിടന്നു.

2012, ഏപ്രിൽ 8, ഞായറാഴ്‌ച

സഖാവിന്റെ സാലറി - സി പി എമ്മിന് അഭിവാദ്യങ്ങള്‍


    തികച്ചും ഒരു പിന്തിരിപ്പന്‍ പാര്‍ട്ടി ആണെന്ന് ഞാന്‍ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അവരുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഒരു പ്രമേയം എല്ലാ പാര്‍ടികളുടെയും കണ്ണ് തുറപ്പിക്കേണ്ട ഒന്നാണ്. ശരിക്കും നവീനവും കാലികവുമായ ഒരു തീരുമാനം. അതായതു അവരുടെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് ശമ്പളം കൊടുക്കാനുള്ള തീരുമാനം. വലതു പക്ഷ പത്രമായ മനോരമയുടെ അഭിപ്രായത്തില്‍ പ്രതിഫലം  ഇല്ലാതെ പാര്‍ട്ടി ദൌത്യം ഏറ്റെടുക്കാനൊന്നും ആളെ കിട്ടാത്ത അവസ്ഥയില്‍ ആണ് പാര്‍ടി ഇങ്ങനെ ഒരു പദ്ധതി പ്ലാന്‍ ചെയ്യുന്നതെന്നറിയുന്നു. ഇപ്പോള്‍ തന്നെ അവരുടെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് അലവന്‍സ് എന്ന പേരില്‍ പാര്‍ട്ടി പണം കൊടുക്കുന്നുണ്ട്. ഏരിയ സെക്രട്ടറിക്ക് 125 രൂപയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി / അംഗം എന്നിവര്‍ക്ക് മാസം മൂവായിരം രൂപ പാര്‍ട്ടി കൊടുക്കുന്നുണ്ട്. കോടികളുടെ ആസ്തി ഉള്ള നവ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് ഇതൊന്നും ഒരു ബാധ്യത സൃഷ്ടിക്കില്ല എന്ന് തോന്നുന്നു. ഭാരതത്തില്‍ രണ്ടേ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനം ഉള്ള കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് കോണ്‍ഗ്രസ്‌ പോലെയോ ബി ജെ പി പോലെയോ ഉള്ള ദേശീയ പാര്‍ടികളുടെ ഒരു പ്രശ്നങ്ങളും ബാധകമല്ല തന്നെ. പ്രവര്‍ത്തകരില്‍ നിന്ന് ലെവി പിരിച്ചു വന്ന ഒരു പാര്‍ടി ആണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി. എന്നാല്‍ ഇന്ന് ലെവി തരില്ലെന്ന് മാത്രമല്ല അങ്ങോട്ട്‌ പണം കൊടുക്കുകയും വേണം എന്ന ഗതികേടിലാണ് അവര്‍.

    ഇത് സത്യം പറഞ്ഞാല്‍ വിപ്ലവകരമായ ഒരു തീരുമാനമാണെന്ന് പറയാതെ വയ്യ. പാര്‍ട്ടിക്ക് വേണ്ടി സ്വന്തം സുഖങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നവരുടെയും പാര്‍ട്ടിക്ക് വേണ്ടി ജീവിക്കുകയും ചെയ്യുന്ന ( അങ്ങനെ ഒരു ന്യൂനപക്ഷമെങ്കിലും ഉണ്ട് ) ചെയ്യുന്നവരുടെ ജീവിതം കാക്കേണ്ട ബാധ്യത പാര്‍ട്ടിക്കുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല നമ്മുടെ ജന പ്രതിനിധികള്‍ക്കും ഇത് ബാധകമാണ്. അവര്‍ക്ക് പ്രീമിയം സാലറി തന്നെ കൊടുക്കണം. അതോടൊപ്പം തന്നെ അവര്‍ സ്വന്തം ജോലി മര്യാദക്ക് ചെയ്യുന്നു എന്ന് ഉറപ്പു വരുത്താനുള്ള സിസ്ടവും വേണം. ജനങ്ങള്‍ക്ക്‌ വേണ്ടി എന്തോ ഔദാര്യം ചെയ്യുന്നെന്ന വ്യാജേന അവരെ കൊള്ളയടിക്കുന്ന കള്ളന്മാരെ നമുക്ക് വേണ്ട. ഒരു വരുമാനം ഇല്ലാത്തത് കൊണ്ട് രാഷ്ട്രീയത്തിലേക്ക് വരാന്‍ മടിച്ചു നില്‍ക്കുന്ന കഴിവുള്ള യുവാക്കളെ ആകര്‍ഷിക്കാനെങ്കിലും ഇത് ഉപകരിക്കും. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയുടെ പേരില്‍ നടക്കുന്ന നാണം കേട്ട ചര്‍ച്ചകള്‍ ശ്രദ്ധിച്ചാലറിയാം. ജനങ്ങള്‍ക്ക്‌ എന്തെങ്കിലും ഉപകാരമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഞങ്ങള്‍ക്കൊരു മന്ത്രിയെ വേണം എന്നല്ല അവരുടെ വാദം. അനൂപ്‌ ജേക്കബിന്റെ കാര്യത്തിലാണെങ്കില്‍ ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനും മഞ്ഞളാംകുഴി അലിയുടെ കാര്യത്തിലാണെങ്കില്‍ ലീഗിന്റെ ഭൂരിപക്ഷ വാദം വക വച്ച് കൊടുക്കാനും വേണ്ടിയാണ് ഈ അഞ്ചാം മന്ത്രി. ഭാരതത്തിലെ തെരഞ്ഞെടുപ്പു എപ്പോഴും വികാര പരമായ വസ്തുതകളെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. ജാതി , മതം മുതലായവ. എന്തുകൊണ്ട് നമുക്ക് നമ്മളെ ഭരിക്കാന്‍ വേണ്ടി വിദ്യാഭ്യാസ യോഗ്യത ഉള്ള ആള്‍ക്കാരുടെ ഒരു കണ്‍സോര്‍ഷ്യം പോലൊരെണ്ണം ഉണ്ടാക്കിക്കൂടാ ? ഇപ്പോഴത്തെ പോലെ കുറെ കള്ളന്മാരും ഒട്ടും സുതാര്യമല്ലാത്ത ഒരു ഭരണ വ്യവസ്ഥയും കൊണ്ട് ഭാരതം എത്രകാലം മുന്നോട്ടു പോകും ?


എന്തായാലും കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല. സി പി എമ്മിന് അഭിവാദ്യങ്ങള്‍!!

2012, ഏപ്രിൽ 7, ശനിയാഴ്‌ച

പാഴ് സന്ദേശ റാക്കറ്റും വിവര സാങ്കേതികതയും



     ഇന്ന് മാതൃഭൂമി ഓണ്‍ലൈന്‍ പത്രത്തില്‍ കണ്ട ഒരു തലക്കെട്ടാണ് "പാഴ് സന്ദേശ റാക്കറ്റിനെതിരെ ട്വിറ്റെര്‍ നിയമ യുദ്ധത്തിന്" എന്ന്. സത്യം പറഞ്ഞാല്‍ അത് കണ്ടിട്ട് ഒന്നും മനസ്സിലായില്ല. അങ്ങനെ ആ ലിങ്ക് തുറന്നു നോക്കി. അപ്പോഴാണ്‌ മനസ്സിലായത്‌ സ്പാം മെയിലിനെ പറ്റിയാണ് പാഴ് സന്ദേശം എന്ന് ലേഖകന്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസ്സിലായത്‌. ഇത് പോലെ കുറച്ചു നാളായി കണ്ടു വരുന്ന ഒരു വാക്കാണ്‌  "വിവര സാങ്കേതികത". ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നത് മലയാളീകരിച്ചതാണ് വിവര സാങ്കേതികത എന്നത്. ഇത് പോലെ കണ്ണില്‍ കണ്ട വാക്കുകള്‍ ഒക്കെ നമ്മള്‍ മലയാളത്തിലേക്ക് മാറ്റി മാത്രമേ നമ്മള്‍ ഉപയോഗിക്കൂ. ഇക്കാര്യത്തില്‍ നമ്മള്‍ തമിഴന്മാരുടെ അപ്പനായിട്ട്‌ വരും. കമ്പ്യൂട്ടര്‍ കൊട്ടുന്ന എന്ത് ജോലിയും നമ്മള്‍ക്ക് ഐ ടി ജോലിയാണ്. നിങ്ങള്‍ കര്‍ണാടകയിലോ തമിഴ് നാട്ടിലോ പോയി നോക്കൂ. സോഫ്റ്റ്‌വെയര്‍ , ബി പി ഓ , കാള്‍ സെന്റര്‍ എന്നതൊക്കെ എന്താണെന്നും ഏതാണെന്നും അവിടത്തെ സാധാരണക്കാര്‍ക്ക് വരെ തിരിച്ചറിയാന്‍ പറ്റും. അതിനൊരു കാരണം മുന്നേ തന്നെ ഇതൊക്കെ അവിടെ സ്ഥാനം പിടിച്ചതാവാം. പക്ഷെ എങ്കിലും ചുറ്റിനും നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുക എന്നത് ഭാഷാപരമായ ഒന്നല്ല. 

    മലയാളികള്‍ വലിയ വിദ്യാ സമ്പന്നരും പുരോഗമന വാദികളും ഒക്കെയാണ് എന്നാണല്ലോ വയ്പ്പ്. എന്നിട്ടും എന്തുകൊണ്ട് നമ്മള്‍ക്ക് ഈ വാക്കുകള്‍ തര്‍ജമ ചെയ്യേണ്ടി വരുന്നു ? ലോകം മുഴുവന്‍ ഉപയോഗിക്കുന്ന ഇത്തരം ചില വാക്കുകള്‍ അതേ പടി ഉപയോഗിച്ചാല്‍ എന്താണ് കുഴപ്പം ? അല്ലെങ്കില്‍ തന്നെ മലയാളം ഒരു ശുദ്ധ ഭാഷ ഒന്നുമല്ലല്ലോ. വേറെ പല ഭാഷകളില്‍ നിന്നും എടുത്തിട്ടുള്ള ഒരുപാടു വാക്കുകള്‍ നമ്മള്‍ ഇപ്പോള്‍ തന്നെ മലയാളമെന്നു കരുതി ഉപയോഗിക്കുന്നുണ്ട്. അപ്പോള്‍ എന്തിനാണ് ഇത്തരം ഒരു അഭ്യാസം ? മാതൃഭാഷയോടുള്ള സ്നേഹം ഇങ്ങനെയല്ല കാണിക്കേണ്ടത്.  നമ്മുടെ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും പത്ര ലേഖകരും ഒരു പരിധി വരെ ഇതിനു ഉത്തരവാദികളാണ്. പ്രത്യേകിച്ച് സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍. ഞാന്‍ കുട്ടി ആയിരുന്നപ്പോള്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ചിരുന്ന യുറീക്ക എന്നൊരു വാരികയുടെ വരിക്കാരന്‍ ആയിരുന്നു. അതില്‍ വന്നിരുന്ന പല ലേഖനങ്ങളിലും ഇങ്ങനെയായിരുന്നില്ല. ശാസ്ത്ര നാമങ്ങള്‍ , അതെത്ര സങ്കീര്‍ണമായാലും അത് അതേ പടി തന്നെ ഉപയോഗിക്കാനുള്ള പക്വത അവര്‍ കാണിച്ചിരുന്നു. കാരണം നിങ്ങള്‍ ആ വിഷയം വേറെ എന്തെങ്കിലും അന്താരാഷ്‌ട്ര ജേണലുകളില്‍ നോക്കുമ്പോള്‍ ഇംഗ്ലീഷ് തന്നെ വേണ്ടി വരും. അപ്പോള്‍ ഈ മലയാള വാക്കിന്റെ ഇംഗ്ലീഷ് പരിഭാഷ നോക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ ഇത് ഉപകരിച്ചിരുന്നു. കുട്ടികള്‍ക്ക് വേണ്ടി പ്രസിദ്ധീകരിച്ചിരുന്ന ആ വാരിക കാണിച്ചിരുന്ന അത്രയും ബോധം പോലും നമ്മുടെ ഭാഷയിലെ മുന്‍നിര മാധ്യമ സ്ഥാപനങ്ങള്‍ കാണിക്കുന്നില്ല എന്നത് ദയനീയമായ ഒരു കാര്യമാണ്. ഇന്റര്‍നെറ്റ്‌ ഇത്രയ്ക്കും ജനകീയമായി മാറിയ ഈ കാലത്ത് ഏതു വിഷയവും വെറും ഒരു ക്ലിക്ക് അകലെയാണ്. അപ്പോള്‍ നമുക്ക് കുറച്ചു വാക്കുകളെങ്കിലും ഇംഗ്ലീഷില്‍ തന്നെ പരിചയിച്ചേ പറ്റൂ. മലയാളം മീഡിയത്തില്‍ പഠിച്ചിട്ടുള്ള കുട്ടികള്‍ക്ക് ഇത് കുറച്ചു കൂടി നന്നായി മനസ്സിലാവും. പ്രകാശ സംശ്ലേഷണം, രാസ ത്വരകം, ജഡത്വം അങ്ങനെ കുറെ വിചിത്രമായ വാക്കുകള്‍ സ്കൂളില്‍ പഠിച്ചത് ഓര്‍മയില്ലേ ? അത് കഴിഞ്ഞു പ്രീ ഡിഗ്രി ( ഇന്നത്തെ പ്ലസ്‌ ടു ) ക്ക് ചെല്ലുമ്പോള്‍ അറിയാം ഇതിന്റെ ബുദ്ധിമുട്ട്. മാത്രമല്ല തുടര്‍ന്നുള്ള എല്ലാ കോഴ്സുകളിലും ഇതൊരു കീറാമുട്ടി ആയി നില്‍ക്കും. ഇപ്പോള്‍ ചിലര്‍ പറയുമായിരിക്കും പണ്ടൊക്കെ ഇത് പഠിച്ചു തന്നെയല്ലേ നമുക്ക് മഹാന്മാരായ ഗവേഷകരും മറ്റും ഉണ്ടായതു എന്ന് . പക്ഷെ അതൊക്കെ ചുരുക്കം ചില ആള്‍ക്കാര്‍ മാത്രമാമു. മാത്രമല്ല അവരുടെ സാഹചര്യങ്ങളും അങ്ങനെയായിരിക്കാം. അത് പോലല്ല സാധാരണ വീടുകളില്‍ നിന്ന് വരുന്ന കുട്ടികള്‍. സ്കൂള്‍ ഫൈനല്‍ കഴിഞ്ഞു പുറത്തിറങ്ങുന്ന അവരുടെ മുന്നില്‍ എല്ലാം പുതിയതാണ്. അപ്പോള്‍, ഞാന്‍ പറഞ്ഞു വന്ന പോയിന്റ്‌ എന്താന്നു വച്ചാല്‍ ... അത്യാവശ്യമുള്ള ഇടങ്ങളില്‍ ഇംഗ്ലീഷില്‍ ചില വാക്കുകള്‍ ( കുറഞ്ഞത്‌ ശാസ്ത്രീയ നാമങ്ങള്‍ എങ്കിലും ) പഠിക്കുന്നത് കൊണ്ട് മലയാള ഭാഷയ്ക്ക് ഒന്നും സംഭവിക്കാനില്ല എന്നതാണ്. എന്ത് പറയുന്നു ?


വാല്‍ക്കഷണം 

    ഒരിക്കല്‍ നാട്ടില്‍ നിന്ന് ഞാനും എന്റെ ഒരു സുഹൃത്തും കൂടി കാറില്‍ ബാംഗ്ലൂറിലേയ്ക്ക്
വരികയായിരുന്നു. തമിഴ് നാട്ടില്‍ കൂടി വന്നു കൊണ്ടിരുന്നപ്പോള്‍ കുറച്ചു പാട്ട് കേട്ടേക്കാം എന്ന് കരുതി റേഡിയോ വച്ചു. ഏതു ചാനല്‍ വച്ചാലും അതില്‍ ഇടയ്ക്കിടയ്ക്ക് പുള്ളി എന്ന് പറയുന്നത് കേള്‍ക്കാം. ഞാന്‍ കരുതി എന്റെ തോന്നലായിരിക്കും എന്ന്. കുറച്ചു കഴിഞ്ഞപ്പോ എന്റെ സുഹൃത്ത്‌ ചോദിച്ചു ഡേയ് എന്നതാ ഈ പുള്ളി പുള്ളി എന്ന് ഇവന്മാര്‍ പറയുന്നത് എന്ന്.  കുറച്ചു കൂടി ശ്രദ്ധിച്ചു നോക്കിയപ്പോഴല്ലേ സംഗതി പിടി കിട്ടിയത്. പോയിന്റ്‌ എന്നതിനാണ് ഇവന്മാര്‍ പുള്ളി എന്ന് പറയുന്നത്. അതായതു 91.3 എന്നതിന് തൊണ്ണൂറ്റി ഒന്ട്രു പുള്ളി മൂന്നു എന്ന്. ഇവനെയൊക്കെ എന്ത് ചെയ്യണം അല്ലെ..