2011, ഡിസംബർ 31, ശനിയാഴ്‌ച

പുതു വര്‍ഷ ആശംസകള്‍

 
     ഒരു വര്‍ഷം കൂടി കടന്നു പോകുന്നു. ചിലര്‍ക്ക് സന്തോഷത്തിന്റെയും ചിലര്‍ക്ക് ദുഖത്തിന്റെയും ചിലര്‍ക്ക് നഷ്ടഭംഗത്തിന്റെയും മറ്റും ഒരു വര്‍ഷം. ഇനി വരാനുള്ളതും അങ്ങനെ തന്നെ. പുതിയ പ്രതീക്ഷയുടെയും പുതിയ മോഹങ്ങളുടെയും ഒക്കെ പുതിയ ദിനങ്ങള്‍.. കഴിഞ്ഞ വര്‍ഷം ഈ പാവം ബ്ലോഗിനെ സപ്പോര്‍ട്ട് ചെയ്തതിലുള്ള നന്ദി അറിയിക്കട്ടെ. പുതിയ വര്‍ഷത്തിലും തുടര്‍ന്ന് വായിക്കുക. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു 2012 ആശംസിക്കുന്നു ...



2011, ഡിസംബർ 26, തിങ്കളാഴ്‌ച

ബാക്കിയുള്ളവന്റെ ന്യൂ ഇയര്‍ എങ്ങനെ കുളമാക്കാം - ഒരു ഗൈഡ്


     നിങ്ങള്‍ എല്ലാവരും ഇപ്പൊ ക്രിസ്തുമസ് ഒക്കെ ആഘോഷിച്ചു ക്ഷീണിച്ചിരിക്കുകയായിരിക്കും അല്ലേ. ഇപ്പൊ ഇനി ന്യൂ ഇയര്‍ വരികയാണല്ലോ. എങ്ങനെ ആഘോഷിക്കണം എന്നൊക്കെയുള്ള ചിന്തകള്‍ ആയിരിക്കും എല്ലാവര്‍ക്കും. കഴിഞ്ഞ ന്യൂ ഇയര്‍ പോലെ ആവരുത് . അതിനെക്കാള്‍ ഗംഭീരം ആക്കണം , പക്ഷെ എങ്ങനെ എന്നൊക്കെ ചിന്തിച്ചു വശായി ഇരിക്കുന്നവര്‍ക്ക് ഇതാ ഒരു ഗൈഡ്. വേറൊന്നുമല്ല. ന്യൂ ഇയര്‍ ആഘോഷിക്കുന്നവന് എങ്ങനെ എട്ടിന്റെ പണി കൊടുക്കാം എന്ന്. വമ്പിച്ച ഗവേഷണം നടത്തി കണ്ടു പിടിച്ച ചില സംഗതികള്‍ ഇതാ നിങ്ങള്‍ക്കായി.
ഈ കര്‍മങ്ങളൊക്കെ ന്യൂ ഇയര്‍ തലേന്ന്  ഒരു പതിനൊന്നര മണിക്ക് വേണം പ്രയോഗിക്കാന്‍. 

അസൂയോ തെറാപ്പി - 
     ചില വേന്ദ്രന്മാരോക്കെ ഭാര്യയെ പേടിച്ചു വീട്ടിലിരുന്നു ന്യൂ ഇയര്‍ ആഘോഷിക്കും. എന്നിട്ട് എല്ലാവരോടും വിളിച്ചു പറയും. ഞാന്‍ ഒരു സ്നേഹ സമ്പന്നനായ ഭര്‍ത്താവാണെഡാ .. വെള്ളമടിക്കൊന്നും എന്നെ കിട്ടില്ല. എന്റെ ഭാര്യയോടോപ്പമാണ് ഇത്തവണ ന്യൂ ഇയര്‍ എന്നൊക്കെ. അവരോടു എന്ത് ചെയ്യണം എന്നറിയാമോ. അവരെ വിളിക്കുക. എന്നിട്ട് പറയണം. നിങ്ങള്‍ കൂട്ടുകാരുമായി ന്യൂ ഇയര്‍ ആഘോഷം തുടങ്ങുകയാണ് എന്ന്. എന്നിട്ട് സോഡാ ഗ്ലാസ്സില്‍ ഒഴിക്കുന്ന ശബ്ദം ഫോണില്‍ കൂടി കേള്‍പ്പിച്ചു കൊടുക്കണം. എന്നിട്ടും അങ്ങേ തലക്കലുള്ളവന്‍ പതറിയില്ലെങ്കില്‍ വാളു വയ്ക്കുന്ന ശബ്ദം, ചിക്കന്‍ കടിച്ചു പറിക്കുന്ന ശബ്ദം, സോഡാ പതഞ്ഞു പൊങ്ങുന്ന ശബ്ദം മുതലായവ കേള്‍പ്പിക്കാവുന്നതാണ്. മേമ്പൊടിയ്ക്ക് അല്ലിയാമ്പല്‍ കടവിലിന്നരയ്ക്ക് വെള്ളം, കായാമ്പൂ കണ്ണില്‍ വിടരും, അറ്റ കൈയ്ക്ക് മുക്കാല മുക്കബല വരെ പാടുന്നത് ബാക്ഗ്രൌണ്ടില്‍ പ്രയോഗിക്കാവുന്നതാണ്. ഇതിനെ അസൂയോ തെറാപ്പി എന്ന് ഭിഷഗ്വരന്മാര്‍ വിളിക്കും 

വിരഹോ തെറാപ്പി -
     ഇനി അടുത്തത്. കാമുകി അടുത്തില്ലാത്ത വിരഹ ദുഃഖത്തില്‍ കഴിയുന്ന ചില കാമുക ശിരോമണികള്‍ ഉണ്ട്. അവരുടെ അടുത്ത് ചെല്ലണം. എന്നിട്ട് ഒരു പതിനൊന്നു മണി മുതല്‍ അവളെ പറ്റി അവനെ ഓര്‍മിപ്പിക്കണം. അവന്റെ കാമുകിയെ പറ്റി തന്നെ സംസാരിക്കണം. അവള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ നിങ്ങളുടേത് എത്ര റൊമാന്റിക്‌ ന്യൂ ഇയര്‍ ആയേനെ , കഷ്ടമായിപ്പോയി, എന്നാലും നിന്റെ കഴിവ് കേടാ. നേരത്തെ തന്നെ ഇതൊക്കെ പ്ലാന്‍ ചെയ്യണ്ടേ എന്നൊക്കെ പറഞ്ഞു കുത്തി കുത്തി സംസാരിക്കണം ( ഇങ്ങനെ സംസാരിച്ചു ഓവര്‍ ആയാല്‍ അവന്‍ വല്ലതും എടുത്തു നിങ്ങളുടെ കുണ്ടിക്കിട്ടു കുത്തും. അതിനു നോം ഉത്തരവാദി അല്ല ട്ടാ ). നേരത്തെ പറഞ്ഞ പോലെ ചില വിരഹ ഗാനങ്ങള്‍ ചാമ്പി കൊടുക്കാന്‍ മറക്കണ്ട. മൊബൈല്‍ സ്പീക്കര്‍ ഓണ്‍ ചെയ്തു വച്ചിട്ട് അതില്‍ കൂടി കേള്‍പ്പിച്ചാലും മതി.  ഒടുവില്‍ ശരിയാണെടാ.. ഞാന്‍ ഒരു വിഡ്ഢി ആണെടാ എന്നൊക്കെ പറഞ്ഞു അവന്‍ കരയുന്നത് കണ്ടാല്‍ ഉണ്ടന്‍ സ്ഥലം വിട്ടോണം. കാരണം നിങ്ങളുടെ ഉദ്ദേശം സാധിച്ചുവല്ലോ. ഇനി ശവത്തില്‍ കുത്താന്‍ പാടില്ല. ഇത് കാമുകിമാരോട് കൂട്ടുകാരികള്‍ക്കും പ്രയോഗിക്കാവുന്നതാണ്. ഒരു വ്യത്യാസം മാത്രം. സെന്റി കുറച്ചു കൂടുതല്‍ ഇടേണ്ടി വരും. 

     ഇനി കാമുകി അടുത്തുള്ളവരെ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണം എന്ന് നോക്കാം. മാജിക്കുകാര്‍ പറയുന്നത് പോലെ ഇത് ചെയ്യാന്‍ നിങ്ങള്‍ക്ക് ഒരു കൂട്ടുകാരന്റെയോ കൂട്ടുകാരിയുടെയോ സഹായം ആവശ്യമുണ്ട്. നിങ്ങളുടെ ശത്രു കാമുകിയുമൊത്ത് ആഘോഷത്തില്‍ ഇരിക്കുമ്പോള്‍ കൂട്ടുകാരിയെ കൊണ്ട് അവന്റെ ഫോണിലേക്ക് വിളിപ്പിക്കണം. ആദ്യം എന്തെങ്കിലും പറഞ്ഞു അവനെ കൊണ്ട് ഫോണ്‍ കട്ട്‌ ചെയ്യിക്കണം. പക്ഷെ തുടര്‍ന്നും വിളിക്കുക. എന്നിട്ട് ഒടുവില്‍ അവന്റെ കാമുകി സഹി കേട്ട് ആരാ എന്ന് നോക്കും. അപ്പൊ പറയണം.. ചേട്ടാ.ഇന്ന് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ വരാം എന്ന് പറഞ്ഞിട്ട് എവിടെയാ എന്ന് .. ' ക്ലീന്‍. അതോടെ അവന്റെ ന്യൂ യിയറിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും 

കുപ്പി പോട്ടിനോ തെറാപ്പി -
    ചിലവന്മാര്‍ ഉണ്ട്. പുതു വര്‍ഷ രാവിനു ഒരു മാസം മുമ്പേ കുപ്പി വാങ്ങി റെഡി ആയി ഇരിക്കുന്നവര്‍. അങ്ങനെയുള്ളവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുക. എന്നിട്ട് തലേ ദിവസം രാത്രി പ്ലാനില്‍ ആഘോഷം ഒക്കെ തുടങ്ങിയോ എന്നറിയാന്‍ എന്ന വ്യാജേന അവരുടെ വീട്ടില്‍ ചെല്ലുക. എന്നിട്ട് അബദ്ധത്തില്‍ എന്ന പോലെ ആ കുപ്പി വെറുതെ തള്ളി പൊട്ടിച്ചു കളയുക. ഒരു കാര്യം ഓര്‍ക്കുക. ഇത് പൊട്ടിയാല്‍ ഉടന്‍ സ്ഥലം വിട്ടോണം. അല്ലെങ്കില്‍ അവന്മാര്‍ നിങ്ങളുടെ കഥ കഴിക്കും. ഒരു കാര്യം കൂടി. എല്ലാ ബാറും അടച്ചു എന്ന് ഉറപ്പു വരുത്തിയിട്ട് വേണം കുപ്പി പൊട്ടിക്കാന്‍. വേറെ ഒരു സ്ഥലത്ത് നിന്നും സാധനം കിട്ടരുത്. അല്ലെങ്കില്‍ പണി പാളും


ഫസ്റ്റ് നയിറ്റോ തെറാപ്പി     
    കല്യാണം കഴിഞ്ഞുള്ള ആദ്യ ന്യൂ ഇയര്‍ ആഘോഷിക്കുന്നവനെ ഒതുക്കാന്‍ ഇതാ ഒരു വഴി. തലേ ദിവസം രാത്രി പതിനൊന്നര മുതല്‍ പല ഫോണുകളില്‍ നിന്ന് അവനെ വിളിക്കുക. എന്നിട്ട് എന്തെങ്കിലും അസംബന്ധം ചോദിക്കുക. ചില സാമ്പിള്‍സ് താഴെ..

ഹലോ ... ദൂരദര്‍ശന്‍ കേന്ദ്രമല്ലേ.. ശ്യാമ മേഘമേ നീ.. യദുകുല ... ആ പാട്ട് പാടിയ ....
ഫയര്‍ ഓഫീസ് അല്ലേ.. ഇവിടെ അടുപ്പേല്‍ തീ പിടിച്ചു സാറേ.. വേഗം വായോ.
ബസ്‌ സ്റ്റോപ്പില്‍ നിന്നാല്‍ ബസ്‌ വരും. പക്ഷെ ഫുള്‍ സ്റ്റോപ്പില്‍ നിന്നാല്‍ ഫുള്ള് വരുമോ സാറേ ?
സ്വിച്ച് ഇട്ടാല്‍ ലൈറ്റ് കത്തും. പക്ഷെ ലൈറ്റ് ഇട്ടാല്‍ സ്വിച് കത്തുമോ 

അപ്പോഴേക്കും മിക്കവാറും അവന്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്യും. അതുകൊണ്ട് അവന്റെ എല്ലാ നമ്പരുകളും ആദ്യം തന്നെ സംഘടിപ്പിച്ചു വച്ചിരിക്കണം. എന്നിട്ട് അതേല്‍ മാറി മാറി വിളിക്കണം. 


     ബാക്കിയെല്ലാം നിങ്ങളുടെ ഭാവനക്ക് വിടുന്നു. എന്റെ ദുഷ്ടബുദ്ധിയില്‍ ഇത്രയൊക്കെയേ വരുന്നുള്ളൂ. നിങ്ങളും പുതിയ പോയിന്റ്സ് തന്നു ബാക്കിയുള്ളവരെ സഹായിക്കൂ.. പ്ലീസ്  !!

2011, ഡിസംബർ 13, ചൊവ്വാഴ്ച

പറയൂ സര്‍. ഞങ്ങള്‍ ഇനി എന്ത് ചെയ്യണം ?

    
     നിങ്ങള്‍ക്കറിയാം. ഇവിടെ കോടതിയും പട്ടാളവും ഒന്നുമില്ലായിരുന്നെങ്കില്‍ പണ്ടേയ്ക്ക് പണ്ടേ സ്വയം ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിചിട്ടുണ്ടാവുമായിരുന്ന ഒരു സംസ്ഥാനമാണ് തമിഴ്നാട്.
വിവരമില്ലായ്മ ഒരു കൂട്ടം ആള്‍ക്കാരെ എത്രത്തോളം അന്ധന്മാരാക്കാം എന്ന് തമിഴ് നാട് പലപ്പോഴും നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.  മുപ്പതു ലക്ഷത്തോളം ആള്‍ക്കാരുടെ മേല്‍ ടെമോക്ലീസിന്റെ വാള്‍ പോലെ നില്‍ക്കുന്ന ഒരു ഡാം പൊളിച്ചു മാറ്റി വേറെ പണിയണം എന്ന വളരെ ന്യായമായ ആവശ്യത്തിനെതിരെയുള്ള അവരുടെ പ്രതികരണം തന്നെ ഏറ്റവും പുതിയ ഉദാഹരണം. ജയലളിതയും കരുണാനിധിയും തുടങ്ങി അവിടെയുള്ള അണ്ടനും അടകോടനും വരെ പറയുന്നത് എന്താണ് ? കേരളം അവരെ നശിപ്പിക്കാന്‍ നോക്കുന്നു എന്ന്. ഇന്നലെ കരുണാനിധി പറഞ്ഞത് കേട്ടിട്ട് സത്യം പറഞ്ഞാല്‍ എന്റെ രക്തം തിളച്ചു. തമിഴ് നാടിനെ മരുഭൂമി ആക്കാന്‍ കേരളം ശ്രമിക്കുന്നുവെന്നും വിളിച്ചു പറയാന്‍ അങ്ങേര്‍ക്കു എങ്ങനെ മനസ്സ് വന്നു ? നാറിയ അഴിമതി കേസുകളില്‍ പെട്ട് കസേര പോയ ഒരു വയസ്സന്‍ വീണ്ടും തമിഴ് സ്പിരിറ്റും കൊണ്ട് വന്നിരിക്കുകയാണ്. രാഷ്ട്രീയം കളിയ്ക്കാന്‍. അത് മനസ്സിലാക്കാനുള്ള വകതിരിവ് അവിടത്തെ ജനങ്ങള്‍ക്കുമില്ല എന്നതാണ് സഹതാപാര്‍ഹമായ ഒരു കാര്യം. 

     ഇത്തരം ഒരു ഭീകര അന്തരീക്ഷത്തില്‍ ഒരു പരിഹാരവും ഉണ്ടാക്കാനാവില്ല എന്ന് പറഞ്ഞു തത്വം പറഞ്ഞു നടക്കുന്ന കുറെ ദേശീയ നേതാക്കളും. ഞാന്‍ അറിവില്ലായ്മ കൊണ്ട് ചോദിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു പരിഹാരവും ഉണ്ടാക്കാന്‍ കഴിയില്ല എന്ന് പറയാനാണെങ്കില്‍ എന്തിനാണ് നമുക്ക് ഈ ഭരണ വ്യവസ്ഥയും ഭരണാധികാരികളും ജനാധിപത്യവും ? തമിഴ് നാടിനു കൊടുക്കാനുള്ള വെള്ളത്തില്‍ ഒരു കുറവും വരുത്തില്ല, പണ്ട് ഒപ്പ് വച്ച കരാറില്‍ പറയുന്ന പോലെ വെള്ളം വിട്ടു തരാന്‍ രേഖാമൂലം ഉറപ്പു തരാന്‍ തയ്യാറാണ് എന്ന് വരെ നമ്മുടെ മുഖ്യമന്ത്രി പറഞ്ഞിട്ട് ഇത്തരം ധിക്കാരം കാണിക്കുന്ന ഒരു സംസ്ഥാനത്തെ എന്ത് വിളിക്കണം ? ഇതിന്റെ പേരില്‍ അവര്‍ കൂട്ടമായി വന്നു മലയാളികളെ ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു ഉപകാരം ചെയ്തതിനു കിട്ടിയ പ്രതിഫലം. എന്നിട്ടും നമ്മള്‍ സംയമനം പാലിച്ചില്ല എന്ന് തമിഴന്മാര്‍ പാടി നടക്കുന്നു. ഈ പ്രശ്നം ജാതീയവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ക്കാണ് അവിടത്തെ നേതാക്കള്‍ ഉപയോഗിക്കുന്നത്. അവരുടെ തമിഴ് പ്രേമവും ജാതി സ്പിരിറ്റും മറ്റും ഇത്തരം ലക്ഷ്യങ്ങളിലെക്കുള്ള എളുപ്പ മാര്‍ഗങ്ങള്‍ ആയാണ് അവരുടെ നേതാക്കള്‍ കാണുന്നത് എന്ന് തിരിച്ചറിയാനുള്ള വിവരമോ വിദ്യാഭ്യാസമോ അവന്മാര്‍ക്കില്ല. സിനിമയില്‍ നായകന്മാര്‍ കാണിക്കുന്നതാണ് ജീവിതം എന്ന് വിശ്വസിച്ചു നടക്കുന്ന ഒരു കൂട്ടം മണ്ടന്മാരെ യുഗങ്ങളായി അവരുടെ മൂളയുള്ള നേതാക്കന്മാര്‍ ഉപയോഗിച്ച് വരുന്നതാണ്. മണ്ടന്മാര്‍ എന്ന് പൂര്‍ണമായും അവരെ വിളിക്കാന്‍ പറ്റില്ല. അതിലുപരി തികഞ്ഞ സ്വാര്‍ഥന്‍മാരാണ് അവര്‍. കാവേരി പ്രശ്നത്തില്‍ തമിഴന്മാര്‍ കാണിക്കുന്നത് വേറെന്താണ് ? എല്ലാം തമിഴര്‍ക്കു വേണ്ടി, തമിഴര്‍ ആണ് എല്ലാം എന്ന് അവര്‍ വിശ്വസിക്കുന്നു. അക്കാര്യത്തില്‍ വിദ്യാഭ്യാസമുള്ളവര്‍ പോലും പിറകിലല്ല. ഇവിടത്തെ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കറിയാം. ജോലിയില്‍ പോലുമുണ്ട് അവരുടെ തമിഴ് സ്പിരിറ്റ്‌. മാക്സിമം തമിഴരെ ടീമില്‍ കുത്തി കയറ്റുക, അവര്‍ക്ക് അനര്‍ഹമായ പ്രൊമോഷന്‍ കൊടുക്കുക തുടങ്ങി തമിഴ് പ്രേമം പറഞ്ഞു അവര്‍ ഇതു ലെവല്‍ വരെയും പോകും. ഇങ്ങനെ മൊത്തം തമിഴാറുള്ള ഒരു ടീമില്‍ മാനസിക പീഡനം കാരണം ഒടുവില്‍ റിലീസ് വാങ്ങി പോയ ഒരു സുഹൃത്ത്‌ എനിക്കുണ്ട്. രാജിവ് ഗാന്ധിയുടെ കൊലപാതകത്തെയും എല്‍ ടി ടി യുടെ പ്രവര്‍ത്തികളെയും പരസ്യമായി ന്യയീകരിക്കുന്നവര്‍ പോലുമുണ്ട് ഇവിടത്തെ കമ്പനികളില്‍.  അപ്പോള്‍, ഇങ്ങനെ വിഡ്ഢികളും പിടിവാശിക്കാരുമായ ഒരു കൂട്ടം ജനങ്ങളെ നിയന്ത്രിക്കാന്‍ ഇപ്പൊ വേണ്ടത് കേന്ദ്രത്തിന്റെ ഇടപെടല്‍ ആണ്. അവര്‍ പറയുന്ന വിഡ്ഢിത്തരം കേട്ട് നമ്മള്‍ സംയമനം പാലിച്ചു ഇരുന്നാല്‍ നമ്മളും കൂടി വിഡ്ഢികള്‍ ആവുകയെ ഉള്ളൂ. ഇത്രയെങ്കിലും ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഭരണം നിര്‍ത്തി ഇറങ്ങി പോകൂ സര്‍ എന്നേ എനിക്ക് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോടും പരിവാരങ്ങളോടും പറയാനുള്ളൂ. 

    ഈ പ്രശ്നത്തില്‍ നമ്മുടെ നേതാക്കളുടെയും യഥാര്‍ത്ഥ നിറം പുറത്തു വന്നിട്ടുണ്ട്. ഇതൊക്കെ മനസ്സിലാക്കി അടുത്ത തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം നോക്കാതെ ഈ ശവങ്ങള്‍ക്കൊക്കെ ചുട്ട മറുപടി കൊടുത്തില്ലെങ്കില്‍ , പ്രിയ മലയാളീ .. നിങ്ങള്‍ ഇനി വോട്ട് ചെയ്യണ്ട 

2011, ഡിസംബർ 11, ഞായറാഴ്‌ച

പഴങ്കഞ്ഞി - നോസ്ടാള്‍ജിയ


പഴങ്കഞ്ഞിയുടെ പടം കുറെ തപ്പി. പക്ഷെ കിട്ടിയില്ല.
ഇത് ചെറിയ അരി കൊണ്ടുള്ള ചോറാണ്. യഥാര്‍ത്ഥ പഴങ്കഞ്ഞി ഇങ്ങനല്ല ട്ടാ.. 
   

     ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അച്ഛമ്മയുടെ ( അച്ഛന്റെ അമ്മ ) വീട്ടില്‍ പോയിരുന്നു. കുറച്ചു കാലം കൂടി കണ്ടത് കൊണ്ട് അച്ഛമ്മ സ്നേഹത്തോട് കൂടി സ്വീകരിച്ചു ( അല്ലെങ്കിലും ചെറുമക്കളില്‍ എന്നോടാണ് അച്ഛമ്മയ്ക്ക് സ്നേഹം കൂടുതല്‍ എന്നാണു ബാക്കിയുള്ളവര്‍ പറയുന്നത് ). മോനേ .. രാവിലെ വല്ലതും കഴിച്ചോ എന്നൊക്കെ ചോദിച്ചു അച്ഛമ്മ. ഞാന്‍ പറഞ്ഞു ദോശയും സാമ്പാറും കഴിച്ചു അച്ഛമ്മേ എന്ന്. അപ്പൊ പുള്ളിക്കാരി പറഞ്ഞു ഒരു പതിനൊന്നു മണി ആവട്ടെ, പഴങ്കഞ്ഞി തരാം എന്ന്. എനിക്ക് പണ്ട് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന സാധനമായിരുന്നു പഴങ്കഞ്ഞി. പണ്ട് മാത്രമല്ല . ഇപ്പോഴും.  പതിനൊന്നു മണി ആവുന്നത് വരെ പിടിച്ചു നില്ക്കാന്‍ പറ്റിയില്ല. നേരെ അടുക്കളയില്‍ പോയി അപ്പച്ചിയോടു ചോദിച്ചു. അങ്ങനെ പഴങ്കഞ്ഞി മേശ മേല്‍ നിരന്നു. ഒരു ചെറിയ കോപ്പയില്‍ അല്പം തൈര്, ഒരു പത്രത്തില്‍ നാലഞ്ചു പച്ച മുളക് അപ്പൊ പറിച്ചത് ഇത്രയും കൊണ്ട് വച്ചു. 'അച്ചാറെവിടെ ? ' ഞാന്‍ ചോദിച്ചു. അത് കേട്ടതും അപ്പച്ചിയും അച്ഛമ്മയും ചിരിച്ചു. 'നീ എന്താ അത് ഇത് വരെ ചോദിക്കാത്തതെന്നു നോക്കിയിരിക്കുകയായിരുന്നു' എന്ന് പറഞ്ഞിട്ട് അപ്പച്ചി അച്ചാര്‍ എടുക്കാന്‍ പോയി.

     അവിടെ കണ്ണി മാങ്ങാ കായ്ക്കുന്ന മാവുകള്‍ ഉണ്ട്. എല്ലാ വര്‍ഷവും സീസണില്‍ അത് മുഴുവന്‍ പറിച്ചു മൂന്നു നാല് വലിയ ചീന ഭരണികളില്‍ അച്ചാറിടും. അതുണ്ടാക്കുന്നത്‌ എനിക്കിപ്പോഴും ഓര്‍മയുണ്ട്. മാങ്ങ ചാക്കില്‍ പറിച്ചു കൊണ്ട് വരും. എന്നിട്ട് വലിയ ഒരു ചരുവത്തില്‍ ഇട്ടു കഴുകി വൃത്തിയാക്കി അതിന്റെ മുകളില്‍ പറ്റിപിടിച്ചിരിക്കുന്ന കറയൊക്കെ കഴുകി എടുക്കും. എന്നിട്ട് വലിയ ഭരണികളില്‍ വീതിച്ചു നിറയ്ക്കും. മൂന്നു ഭരണികളില്‍ മുളകുപൊടിയും ഉപ്പും പിന്നെന്തോ സാധനവും ഇടും. വേറെ ഒന്ന് രണ്ടു ഭരണികളില്‍ എരിവില്ലാത്ത അച്ചാര്‍ ആണ് ഇടുന്നത്. എന്നിട്ട് വെള്ള മുണ്ട് അലക്കി വച്ചത് കീറി ഭരണിയുടെ അടപ്പിന് മീതെ വച്ചു ചണക്കയര്‍ കൊണ്ട് വൃത്തിയായി കെട്ടി വയ്ക്കും. പിന്നെ അത് തുറക്കുന്നത് വെക്കേഷന് എല്ലാവരും വീട്ടിലെത്തുംപോഴാണ്. അന്നൊക്കെ ബൂസ്ടും ഹോര്‍ലിക്സും ആണ് കുപ്പികളില്‍ വരുന്നത്. ഇന്നത്തെ പോലെ കണ്ടയിനെഴ്സ് അത്ര വ്യപകമല്ല. അപ്പൊ, അച്ഛമ്മ ഈ ബൂസ്റ്റ്‌ ഹോര്‍ലിക്സ് കുപ്പികള്‍ കഴുകി വൃത്തിയാക്കി അതില്‍ അച്ചാര്‍ നിറച്ചു മക്കള്‍ക്കെല്ലാം വീതിച്ചു കൊടുക്കും. ആ വര്‍ഷത്തേക്കുള്ള ക്വോട്ടാ ആണ് അത്.


     വീടിന്റെ തട്ടിന്‍ പുറത്താണ് അത് സൂക്ഷിരിക്കുന്നത്. അപ്പച്ചി മരക്കോവണി കയറി മുകളില്‍ പോയി അതെടുത്തു വന്നു. ഹോ. ആ അച്ചാറിന്റെ ഒരു മണം. അപ്പച്ചി അതില്‍ നിന്ന് രണ്ടു മാങ്ങാ തട്ടി പാത്രത്തിലിട്ടു. പഴങ്കഞ്ഞിയുടെ നടുക്ക് ഒരു ചെറിയ കുഴി കുത്തി അതില്‍ അല്പം തൈരൊഴിച്ചു. എന്നിട്ട് അതിന്റെ നടുക്കായി അച്ചാറിന്റെ മുളക് ചാര്‍ അല്പം വീഴ്ത്തി. എന്നിട്ട് അത് കൂട്ടിക്കുഴച്ചു. അതില്‍ നിന്ന് കുറച്ചു വായിലേക്കിട്ടു ആ പച്ച മുളക് എടുത്തു കടിച്ചു. അകത്തേക്ക് ഇറക്കിയ ആ ചോറിനോടൊപ്പം കുറെയേറെ ഓര്‍മകളും മനസ്സിലേക്ക് തികട്ടി വന്നു. പഴങ്കഞ്ഞി ഇടകലര്‍ന്ന ഓര്‍മ്മകള്‍. എന്റെ ഒരു സുഹൃത്തുണ്ടായിരുന്നു. കുട്ടിയിലെ അച്ഛന്‍ മരിച്ച അവനെ അമ്മ കൂലിപ്പണി എടുത്താണ് വളര്‍ത്തിയിരുന്നത്. അവന്റെ എല്ലാ ദിവസത്തെയും ബ്രേക്ക്‌ ഫാസ്റ്റ് പഴങ്കഞ്ഞി ആയിരുന്നു. രാവിലെ അവിടെ ചെന്നാല്‍ അവന്റെ അമ്മ പഴങ്കഞ്ഞിയോടൊപ്പം പച്ചമുളകും തലേ ദിവസത്തെ പുളിശ്ശേരിയും തരും. ചിലപ്പോ കരുവാട് ( മീന്‍ ഉപ്പിട്ട് ഉണക്കിയത്, ചാളയും മറ്റും ) ചുട്ടെടുത്തതും തരും. ചിലപ്പോ തലേ ദിവസത്തെ മീന്‍ കറി ചൂടാക്കിയതും ഉണ്ടാവും. വേറൊരു കോമ്പിനേഷന്‍ കഴിച്ചത് ഒരിക്കല്‍ ബീച്ചില്‍ പോയപ്പോഴാണ്. മീന്‍ പിടിത്തക്കാരായ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പഴങ്കഞ്ഞിയും ഞണ്ട് കറിയും കഴിച്ചു. ഞണ്ടാണെങ്കില്‍ ഒടുക്കലത്തെ എരിവും. പക്ഷെ എന്താ ഒരു രുചി. അത് പോലെ പഴങ്കഞ്ഞിയും കപ്പ മുളകിട്ട് വേവിച്ചതും ബീഫ് കറിയും ചേര്‍ത്ത് അടിച്ചിട്ടുണ്ട്.

     കുട്ടന്‍ മേശിരിയെ ( മേസ്തിരി എന്ന് സ്കൂളില്‍ പഠിച്ചവര്‍ വിളിക്കും ) പറ്റി കൂടി പറഞ്ഞില്ലെങ്കില്‍ ഇത് പൂര്‍ണമാവില്ല. കുട്ടന്‍ മേശിരി നാട്ടിലെ ഒരു ലൈന്‍ മാന്‍ ആണ്. മീശ മാധവനില്‍ മച്ചാന്‍ വര്‍ഗീസ്‌ അവതരിപ്പിച്ച പോലുള്ള ഒരു കഥാപാത്രം. ഫുള്‍ ടൈം തണ്ണിയാണ് കക്ഷി. പക്ഷെ എത്ര വെള്ളമായാലും പണിയുടെ കാര്യത്തില്‍ പെര്‍ഫെക്റ്റ്‌ ആണ്. നാട്ടില്‍ ഒരു കാലത്ത് വൈദ്യുതി വകുപ്പ് മന്ത്രിയേക്കാള്‍ വിലയുള്ള താരമായിരുന്നു കുട്ടന്‍ മേശിരി. ഒരു ചെറിയ കുന്നിന്‍ പുറത്തു ഒറ്റപ്പെട്ട ഒരു ഓടിട്ട വീട്ടിലാണ് മേശിരിയുടെ താമസം. മക്കളില്ല. അങ്ങേരുടെ ഭാര്യക്ക്‌ അടുത്തുള്ള ഒരു കാഷ്യൂ ഫാക്ടറിയില്‍ ആണ് പണി. അവര്‍ രാവിലെ എട്ടു മണിക്ക് പണിക്കു പോകും. പിന്നെ മേശിരി വീട്ടില്‍ തനിച്ചാണ്. പന്ത്രണ്ടു മണി ആകുമ്പോ അങ്ങേരും ഇറങ്ങും. ആ സമയത്ത് ചെന്നാല്‍ അങ്ങേര്‍ക്ക് കഴിക്കാന്‍ ചേട്ടത്തി എടുത്തു വച്ചിരിക്കുന്ന പഴങ്കഞ്ഞിയുടെ ഒരു ഭാഗം നമുക്കും തരും. തകരത്തില്‍ ഉണ്ടാകി വെള്ള കളര്‍ പൂശിയിരിക്കുന്ന കോപ്പകള്‍ പണ്ട് നമ്മുടെ നാട്ടില്‍ എല്ലാവരും ഉപയോഗിക്കുമായിരുന്നു. അതിന്റെ നിറം കുറച്ചു കഴിയുമ്പോ ഇളകി ഇളകി പോകും. അങ്ങനെ ലോക ഭൂപടം പോലെ അടയാളങ്ങളുള്ള ഒരു പാത്രത്തില്‍ കുട്ടന്‍ മേശിരി തന്റെ പഴങ്കഞ്ഞിയുടെ ഒരു പങ്കു നമുക്കും പകര്‍ന്നു തരും. ഇതിന്റെ പ്രത്യേകത എന്താന്നു വച്ചാല്‍ സാമ്പാറും മീന്‍ കറിയും കൂട്ടിക്കുഴച്ചതാണ്. സാമ്പാറിലെ വെണ്ടയ്ക്കയും മുളകും മറ്റും അതിനു മുകളില്‍ ചിതറി കിടക്കും. ചിലപ്പോ ഇലിംബിക്ക അച്ചാറും. വെളുത്തുള്ളി വാട്ടിയതും.

    എല്ലാം കൂടി ആലോചിച്ചിട്ട് ഉള്ള സ്വസ്ഥത പോയി. ഉടനെ നാട്ടില്‍ പോകണമല്ലോ. ഈ പഴങ്കഞ്ഞിയുടെ ഒരു കാര്യം. അപ്പൊ ഞാന്‍ പോയി ടിക്കറ്റ്‌ ബുക്ക് ചെയ്തിട്ട് വരാം ട്ടോ ..

2011, ഡിസംബർ 9, വെള്ളിയാഴ്‌ച

ഒരു രൂപയും സംസ്കാരവും - ചില ചോദ്യങ്ങള്‍

 

       എന്റെ ഓഫീസ് വീട്ടില്‍ നിന്നും ഒരു ഇരുപതു കിലോമീറ്റര്‍ അകലെയാണ്. ഒരു ഹള്ളി ഏരിയയിലൂടെ യാത്ര ചെയ്താണ് അവിടെയെത്തെണ്ടത്. ബസ്സില്‍ നിറയെ ഗ്രാമീണര്‍ ആയിരിക്കും. ഇടയ്ക്ക് കുറച്ചു ടെക്കികളും. ഗ്രാമീണര്‍ വെറും കയ്യോടെയല്ല. കുറെ കുട്ടയും വട്ടിയും ഒക്കെയായിട്ടായിരിക്കും അവര്‍ കയറുക. അത് കാണുമ്പോള്‍ ടെക്കികള്‍ അതില്‍ തൊടാതെ ഒഴിഞ്ഞു നില്‍ക്കും. ദേഹത്തൊക്കെ അഴുക്കായാലോ എന്ന് പേടിച്ചിട്ടു. അത് കണ്ടു പാവങ്ങള്‍ ഈ ടെക്കികളെ ബഹുമാനത്തോടെ നോക്കി ഒരു മൂലയ്ക്ക് ഒഴിഞ്ഞുകൊടുക്കും. അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ ഓഫീസിലേക്ക് പോവുകയായിരുന്നു. എന്റെ സീറ്റില്‍ അടുത്തായി ഒരു അപ്പൂപ്പന്‍ വന്നിരുന്നു. കയ്യില്‍ ഒന്ന് രണ്ടു പ്ലാസ്റ്റിക്‌ കവറുകളില്‍ എന്തൊക്കെയോ താങ്ങി പിടിച്ചാണ് ഇരിക്കുന്നത്. വളരെ ക്ഷീണിച്ച ഒരു മുഖം. പഴയതെങ്കിലും വൃത്തിയുള്ള ഷര്‍ട്ടും പാന്റ്സും ആണ് വേഷം. പണ്ടേതോ നല്ല ജോലി ചെയ്തിരുന്ന ആളാവും. പുള്ളി ഒന്‍പതു രൂപയുടെ ഒരു ടിക്കറ്റ്‌ എടുത്തു. ബാക്കി ഒരു രൂപ പിന്നെ തരാം എന്ന് പറഞ്ഞു കണ്ടക്ടര്‍ പോയി. അതോടെ അദ്ദേഹത്തിന്റെ മുഖം ആകെ മാറി. തിരക്കുള്ള ബസ്സില്‍ കണ്ടക്ടര്‍ മുന്നിലെത്തിയിരുന്നു അപ്പൊ. ഇദ്ദേഹം അങ്ങേരെ തിരികെ വിളിച്ചു. എവിടെ എന്റെ ഒരു രൂപ എന്ന് ചോദിച്ചു   കുറെ നേരത്തേയ്ക്ക് ആകെ ബഹളമായിരുന്നു. ഒടുവില്‍ കണ്ടക്ടര്‍ ദേഷ്യം വന്നിട്ട്  ഒരു രൂപ എടുത്തു ആ അപ്പൂപ്പന്റെ മടിയിലേക്ക്‌ എറിഞ്ഞു കൊടുത്തു. അതോടെ ബഹളം ഒന്നടങ്ങി. എന്റെ അടുത്താണല്ലോ കക്ഷി ഇരിക്കുന്നത്. ഇടയ്ക്ക് ഞാന്‍ ഒളികണ്ണിട്ടു അദ്ദേഹത്തെ നോക്കി. ആ മുഖത്ത് ഒരു ആശ്വാസം കാണുന്നുണ്ട്. ഞാന്‍ എന്തോ ചോദിക്കാന്‍ തുടങ്ങിയെങ്കിലും പിന്നെ വേണ്ട എന്ന് വച്ചു.

    സ്റ്റോപ്പ്‌ എത്തി. എന്റെ ഒപ്പം ജോലി ചെയ്യുന്ന ലക്ഷ്മിയും അതേ ബസ്സില്‍ ഉണ്ടായിരുന്നു. ബസ്സില്‍ നിന്നിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോള്‍ അവള്‍ ചോദിച്ചു ബസ്സില്‍ എന്തായിരുന്നു ബഹളം എന്ന്.
ഞാന്‍ പറഞ്ഞു ഒരു അപ്പൂപ്പന്‍ ഒരു രൂപ ബാക്കി കിട്ടാന്‍ വേണ്ടി അടി വച്ചതായിരുന്നു എന്ന്. അത് കേട്ടിട്ട് അവള്‍ പറഞ്ഞു ഇവിടത്തെ ലോക്കല്‍സ് ഒക്കെ വെറും തറയാണ്‌. സംസ്കാരമില്ലാത്തവര്‍ ആണെന്നൊക്കെ. അല്ലെങ്കില്‍ ആരെങ്കിലും ഒരു രൂപയ്ക്ക് വേണ്ടി ഇങ്ങനെ തല്ലു പിടിക്കുമോ എന്നൊക്കെ. കേട്ടിരുന്ന എനിക്കും അത് ശരിയാണെന്ന് തോന്നി. അവരെയൊക്കെ തെറി പറഞ്ഞു കൊണ്ട് നമ്മള്‍ ഓഫീസിലേക്ക് നടന്നു. അന്ന് വൈകിട്ട് ഞാന്‍ തിരികെ വീട്ടിലേക്കു പോകാന്‍ വേണ്ടി ഒരു ബസ്സില്‍ കയറിയപ്പോ അതേ അപ്പൂപ്പന്‍. എന്തായാലും അങ്ങേരെ ഒന്ന് ഉപദേശിക്കണം. ഒന്നുമല്ലെങ്കിലും പ്രായമായ മനുഷ്യനല്ലേ. ആരെങ്കിലും തിരിച്ചു തല്ലിയാല്‍ അത് കൊള്ളാനുള്ള ആരോഗ്യം പോലുമില്ല അങ്ങേര്‍ക്ക്. എന്തിനാണ് അങ്കിള്‍ രാവിലെ ബസ്സില്‍ ബഹളം വച്ചത്. വെറും ഒരു രൂപയുടെ പ്രശ്നമല്ലേ ഉണ്ടായിരുന്നുള്ളൂ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എന്നെ അമ്പരപ്പിച്ചു കൊണ്ട് പുള്ളി ഒന്ന് ചിരിച്ചു.എന്നിട്ട് പറഞ്ഞു. അദ്ദേഹം തന്റെ മകളുടെ വീട്ടില്‍ പോയിട്ട് വരികയാണ്. നാല് മക്കള്‍ ഉണ്ടെങ്കിലും ആരും അദ്ദേഹത്തെ നോക്കുന്നില്ല. ഇടയ്ക്  ഏതെങ്കിലും മക്കളുടെ വീട്ടില്‍ പോയി വിഷമങ്ങള്‍ പറയും. അപ്പൊ അവര്‍ നൂറോ ഇരുനൂറോ രൂപ കൊടുക്കും. രാവിലെ രണ്ടു ബസ്‌ കയറിയാണ് അദ്ദേഹം പോയത്. അടുത്ത ബസ്സില്‍ കൊടുക്കാനുള്ള വണ്ടിക്കൂലിയും ചേര്‍ത്തുള്ള പൈസ മാത്രമേ അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നുള്ളൂ. കണ്ടക്ടര്‍ ഒരു രൂപ തന്നില്ലെങ്കിലോ മറന്നു പോയാലോ അടുത്ത ബസ്സില്‍ ടിക്കറ്റ്‌ എടുക്കാന്‍ പറ്റില്ല. നാലു കിലോമീറ്റര്‍ നടന്നു പോകേണ്ടി വരും. അതുകൊണ്ട് അപ്പൊ തന്റെ നിയന്ത്രണം വിട്ടു പോയതാണെന്ന് ആ അപ്പൂപ്പന്‍ സമ്മതിച്ചു.

    അദ്ദേഹത്തിന്റെ വാക്കുകള്‍ എന്റെ പിടിച്ചുലച്ചു. രാവിലെ ആ വഴക്ക് കണ്ടിട്ട് ലക്ഷ്മിയും ഞാനും ചര്‍ച്ച ചെയ്തതാണ്. ഇവര്‍ക്കൊന്നും സംസ്കാരം ഇല്ലേ എന്നൊക്കെ. ഇപ്പൊ എനിക്ക് തോന്നുന്നു. എന്താണ് ഈ സംസ്കാരത്തോടെയുള്ള പെരുമാറ്റം എന്ന് പറഞ്ഞാല്‍. നമ്മള്‍ ഒരു കംഫര്‍ട്ട് സോണില്‍ എത്തിയാല്‍ മാത്രം  കാണിക്കുന്ന ചില നാട്യങ്ങളല്ലേ എല്ലാം ? പട്ടിണി കിടന്നിരുന്ന ഒരാളെ നമ്മള്‍ വിളിച്ചു കൊണ്ട് പോയി ആഹാരം വാങ്ങി കൊടുത്തു നോക്കിയാലറിയാം. അയാള്‍ ഒരു തീന്മേശ മര്യാദകളും നോക്കാതെ വലിച്ചു വാരി ആര്‍ത്തിയോടെ ആഹാരം കഴിക്കുന്നത്‌. ഓഫീസില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ ഓഫീസില്‍ ഫുഡ്‌ കോര്‍ട്ടില്‍ ഇഡ്ഡലി കൈ കൊണ്ട് എടുത്തു കഴിച്ചു കൊണ്ടിരുന്ന എന്നെ എതിരെ ഇരുന്ന ചില പിള്ളേര്‍ തുറിച്ചു നോക്കിയത്. സ്പൂണ്‍ എടുത്തു മുറിച്ചു അത് കൊണ്ട് തന്നെ സാമ്പാറില്‍ മുക്കി വേണമത്രേ കഴിക്കാന്‍.
ശില്പ ഷെട്ടി പണ്ട് പറഞ്ഞ പോലെ കൈ കൊണ്ട് തൊടാന്‍ കഴിയാത്ത ഒരു സാധനം നമ്മള്‍ എങ്ങനെ സ്പൂണ്‍ കൊണ്ട് കഴിക്കും എന്ന് ഞാന്‍ ഓര്‍ത്തു. പിന്നെ പലരെയും കണ്ടിട്ടുണ്ട്. കൈ തുടയ്ക്കാന്‍ ടിഷ്യൂ ഇല്ലാത്തതിന് ദേഷ്യപ്പെടുന്നവര്‍, പുറത്തു നടക്കുമ്പോള്‍ സ്വന്തം സഹ ജീവികളെ വെറുപ്പോടെ നോക്കുന്നവര്‍, ഒരു അകലത്തില്‍ മാറി നില്‍ക്കുന്നവര്‍. അങ്ങനെ അങ്ങനെ. ഇവരുടെയൊക്കെ പെരുമാറ്റം എല്ലാ സാഹചര്യത്തിലും ഇങ്ങനെ തന്നെ ആയിരിക്കുമോ  ? ആ ഒരു രൂപ നാണയം ഇപ്പോഴും എന്നോട് ഇതൊക്കെ ചോദിക്കുന്നു. നിങ്ങള്‍ക്കെന്തു തോന്നുന്നു ?