ഇന്ന് മാതൃഭൂമി ഓണ്‍ലൈന്‍ പത്രത്തില്‍ കണ്ട ഒരു തലക്കെട്ടാണ് "പാഴ് സന്ദേശ റാക്കറ്റിനെതിരെ ട്വിറ്റെര്‍ നിയമ യുദ്ധത്തിന്" എന്ന്. സത്യം പറഞ്ഞാല്‍ അത് കണ്ടിട്ട് ഒന്നും മനസ്സിലായില്ല. അങ്ങനെ ആ ലിങ്ക് തുറന്നു നോക്കി. അപ്പോഴാണ് മനസ്സിലായത് സ്പാം മെയിലിനെ പറ്റിയാണ് പാഴ് സന്ദേശം എന്ന് ലേഖകന്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസ്സിലായത്. ഇത് പോലെ കുറച്ചു നാളായി കണ്ടു വരുന്ന ഒരു വാക്കാണ് "വിവര സാങ്കേതികത". ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നത് മലയാളീകരിച്ചതാണ് വിവര സാങ്കേതികത എന്നത്. ഇത് പോലെ കണ്ണില്‍ കണ്ട വാക്കുകള്‍ ഒക്കെ നമ്മള്‍ മലയാളത്തിലേക്ക് മാറ്റി മാത്രമേ നമ്മള്‍ ഉപയോഗിക്കൂ. ഇക്കാര്യത്തില്‍ നമ്മള്‍ തമിഴന്മാരുടെ അപ്പനായിട്ട് വരും. കമ്പ്യൂട്ടര്‍ കൊട്ടുന്ന എന്ത് ജോലിയും നമ്മള്‍ക്ക് ഐ ടി ജോലിയാണ്. നിങ്ങള്‍ കര്‍ണാടകയിലോ തമിഴ് നാട്ടിലോ പോയി നോക്കൂ. സോഫ്റ്റ്‌വെയര്‍ , ബി പി ഓ , കാള്‍ സെന്റര്‍ എന്നതൊക്കെ എന്താണെന്നും ഏതാണെന്നും അവിടത്തെ സാധാരണക്കാര്‍ക്ക് വരെ തിരിച്ചറിയാന്‍ പറ്റും. അതിനൊരു കാരണം മുന്നേ തന്നെ ഇതൊക്കെ അവിടെ സ്ഥാനം പിടിച്ചതാവാം. പക്ഷെ എങ്കിലും ചുറ്റിനും നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുക എന്നത് ഭാഷാപരമായ ഒന്നല്ല.
മലയാളികള്‍ വലിയ വിദ്യാ സമ്പന്നരും പുരോഗമന വാദികളും ഒക്കെയാണ് എന്നാണല്ലോ വയ്പ്പ്. എന്നിട്ടും എന്തുകൊണ്ട് നമ്മള്‍ക്ക് ഈ വാക്കുകള്‍ തര്‍ജമ ചെയ്യേണ്ടി വരുന്നു ? ലോകം മുഴുവന്‍ ഉപയോഗിക്കുന്ന ഇത്തരം ചില വാക്കുകള്‍ അതേ പടി ഉപയോഗിച്ചാല്‍ എന്താണ് കുഴപ്പം ? അല്ലെങ്കില്‍ തന്നെ മലയാളം ഒരു ശുദ്ധ ഭാഷ ഒന്നുമല്ലല്ലോ. വേറെ പല ഭാഷകളില്‍ നിന്നും എടുത്തിട്ടുള്ള ഒരുപാടു വാക്കുകള്‍ നമ്മള്‍ ഇപ്പോള്‍ തന്നെ മലയാളമെന്നു കരുതി ഉപയോഗിക്കുന്നുണ്ട്. അപ്പോള്‍ എന്തിനാണ് ഇത്തരം ഒരു അഭ്യാസം ? മാതൃഭാഷയോടുള്ള സ്നേഹം ഇങ്ങനെയല്ല കാണിക്കേണ്ടത്. നമ്മുടെ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും പത്ര ലേഖകരും ഒരു പരിധി വരെ ഇതിനു ഉത്തരവാദികളാണ്. പ്രത്യേകിച്ച് സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍. ഞാന്‍ കുട്ടി ആയിരുന്നപ്പോള്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിരുന്ന യുറീക്ക എന്നൊരു വാരികയുടെ വരിക്കാരന്‍ ആയിരുന്നു. അതില്‍ വന്നിരുന്ന പല ലേഖനങ്ങളിലും ഇങ്ങനെയായിരുന്നില്ല. ശാസ്ത്ര നാമങ്ങള്‍ , അതെത്ര സങ്കീര്‍ണമായാലും അത് അതേ പടി തന്നെ ഉപയോഗിക്കാനുള്ള പക്വത അവര്‍ കാണിച്ചിരുന്നു. കാരണം നിങ്ങള്‍ ആ വിഷയം വേറെ എന്തെങ്കിലും അന്താരാഷ്‌ട്ര ജേണലുകളില്‍ നോക്കുമ്പോള്‍ ഇംഗ്ലീഷ് തന്നെ വേണ്ടി വരും. അപ്പോള്‍ ഈ മലയാള വാക്കിന്റെ ഇംഗ്ലീഷ് പരിഭാഷ നോക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ ഇത് ഉപകരിച്ചിരുന്നു. കുട്ടികള്‍ക്ക് വേണ്ടി പ്രസിദ്ധീകരിച്ചിരുന്ന ആ വാരിക കാണിച്ചിരുന്ന അത്രയും ബോധം പോലും നമ്മുടെ ഭാഷയിലെ മുന്‍നിര മാധ്യമ സ്ഥാപനങ്ങള്‍ കാണിക്കുന്നില്ല എന്നത് ദയനീയമായ ഒരു കാര്യമാണ്. ഇന്റര്‍നെറ്റ് ഇത്രയ്ക്കും ജനകീയമായി മാറിയ ഈ കാലത്ത് ഏതു വിഷയവും വെറും ഒരു ക്ലിക്ക് അകലെയാണ്. അപ്പോള്‍ നമുക്ക് കുറച്ചു വാക്കുകളെങ്കിലും ഇംഗ്ലീഷില്‍ തന്നെ പരിചയിച്ചേ പറ്റൂ. മലയാളം മീഡിയത്തില്‍ പഠിച്ചിട്ടുള്ള കുട്ടികള്‍ക്ക് ഇത് കുറച്ചു കൂടി നന്നായി മനസ്സിലാവും. പ്രകാശ സംശ്ലേഷണം, രാസ ത്വരകം, ജഡത്വം അങ്ങനെ കുറെ വിചിത്രമായ വാക്കുകള്‍ സ്കൂളില്‍ പഠിച്ചത് ഓര്‍മയില്ലേ ? അത് കഴിഞ്ഞു പ്രീ ഡിഗ്രി ( ഇന്നത്തെ പ്ലസ് ടു ) ക്ക് ചെല്ലുമ്പോള്‍ അറിയാം ഇതിന്റെ ബുദ്ധിമുട്ട്. മാത്രമല്ല തുടര്‍ന്നുള്ള എല്ലാ കോഴ്സുകളിലും ഇതൊരു കീറാമുട്ടി ആയി നില്‍ക്കും. ഇപ്പോള്‍ ചിലര്‍ പറയുമായിരിക്കും പണ്ടൊക്കെ ഇത് പഠിച്ചു തന്നെയല്ലേ നമുക്ക് മഹാന്മാരായ ഗവേഷകരും മറ്റും ഉണ്ടായതു എന്ന് . പക്ഷെ അതൊക്കെ ചുരുക്കം ചില ആള്‍ക്കാര്‍ മാത്രമാമു. മാത്രമല്ല അവരുടെ സാഹചര്യങ്ങളും അങ്ങനെയായിരിക്കാം. അത് പോലല്ല സാധാരണ വീടുകളില്‍ നിന്ന് വരുന്ന കുട്ടികള്‍. സ്കൂള്‍ ഫൈനല്‍ കഴിഞ്ഞു പുറത്തിറങ്ങുന്ന അവരുടെ മുന്നില്‍ എല്ലാം പുതിയതാണ്. അപ്പോള്‍, ഞാന്‍ പറഞ്ഞു വന്ന പോയിന്റ് എന്താന്നു വച്ചാല്‍ ... അത്യാവശ്യമുള്ള ഇടങ്ങളില്‍ ഇംഗ്ലീഷില്‍ ചില വാക്കുകള്‍ ( കുറഞ്ഞത് ശാസ്ത്രീയ നാമങ്ങള്‍ എങ്കിലും ) പഠിക്കുന്നത് കൊണ്ട് മലയാള ഭാഷയ്ക്ക് ഒന്നും സംഭവിക്കാനില്ല എന്നതാണ്. എന്ത് പറയുന്നു ?
വാല്‍ക്കഷണം
ഒരിക്കല്‍ നാട്ടില്‍ നിന്ന് ഞാനും എന്റെ ഒരു സുഹൃത്തും കൂടി കാറില്‍ ബാംഗ്ലൂറിലേയ്ക്ക്
വരികയായിരുന്നു. തമിഴ് നാട്ടില്‍ കൂടി വന്നു കൊണ്ടിരുന്നപ്പോള്‍ കുറച്ചു പാട്ട് കേട്ടേക്കാം എന്ന് കരുതി റേഡിയോ വച്ചു. ഏതു ചാനല്‍ വച്ചാലും അതില്‍ ഇടയ്ക്കിടയ്ക്ക് പുള്ളി എന്ന് പറയുന്നത് കേള്‍ക്കാം. ഞാന്‍ കരുതി എന്റെ തോന്നലായിരിക്കും എന്ന്. കുറച്ചു കഴിഞ്ഞപ്പോ എന്റെ സുഹൃത്ത് ചോദിച്ചു ഡേയ് എന്നതാ ഈ പുള്ളി പുള്ളി എന്ന് ഇവന്മാര്‍ പറയുന്നത് എന്ന്. കുറച്ചു കൂടി ശ്രദ്ധിച്ചു നോക്കിയപ്പോഴല്ലേ സംഗതി പിടി കിട്ടിയത്. പോയിന്റ് എന്നതിനാണ് ഇവന്മാര്‍ പുള്ളി എന്ന് പറയുന്നത്. അതായതു 91.3 എന്നതിന് തൊണ്ണൂറ്റി ഒന്ട്രു പുള്ളി മൂന്നു എന്ന്. ഇവനെയൊക്കെ എന്ത് ചെയ്യണം അല്ലെ..
വാല്‍ക്കഷണം
ഒരിക്കല്‍ നാട്ടില്‍ നിന്ന് ഞാനും എന്റെ ഒരു സുഹൃത്തും കൂടി കാറില്‍ ബാംഗ്ലൂറിലേയ്ക്ക്
വരികയായിരുന്നു. തമിഴ് നാട്ടില്‍ കൂടി വന്നു കൊണ്ടിരുന്നപ്പോള്‍ കുറച്ചു പാട്ട് കേട്ടേക്കാം എന്ന് കരുതി റേഡിയോ വച്ചു. ഏതു ചാനല്‍ വച്ചാലും അതില്‍ ഇടയ്ക്കിടയ്ക്ക് പുള്ളി എന്ന് പറയുന്നത് കേള്‍ക്കാം. ഞാന്‍ കരുതി എന്റെ തോന്നലായിരിക്കും എന്ന്. കുറച്ചു കഴിഞ്ഞപ്പോ എന്റെ സുഹൃത്ത് ചോദിച്ചു ഡേയ് എന്നതാ ഈ പുള്ളി പുള്ളി എന്ന് ഇവന്മാര്‍ പറയുന്നത് എന്ന്. കുറച്ചു കൂടി ശ്രദ്ധിച്ചു നോക്കിയപ്പോഴല്ലേ സംഗതി പിടി കിട്ടിയത്. പോയിന്റ് എന്നതിനാണ് ഇവന്മാര്‍ പുള്ളി എന്ന് പറയുന്നത്. അതായതു 91.3 എന്നതിന് തൊണ്ണൂറ്റി ഒന്ട്രു പുള്ളി മൂന്നു എന്ന്. ഇവനെയൊക്കെ എന്ത് ചെയ്യണം അല്ലെ..
കാലിക പ്രസക്തിയുള്ള ലേഖനം......സ്വന്തം ഭാഷ സിന്ദാബാ എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്....പ്രിത്യേകിച്ച് ഇന്‍റര്‍നെറ്റില്‍ മലയാളം അനായാസമായ സ്ഥിതിക്ക്.....എല്ലാ ഇംഗ്ലിഷ് വാക്കിന്റെയും മലയാളീകരണം ഗുണത്തെക്കാള്‍ ദോഷമാണ് വരുത്തുന്നത് എന്നാണ് എന്റെയും അഭിപ്രായം....ആശംസകള്‍
മറുപടിഇല്ലാതാക്കൂതീര്ച്ചയായും. സര്‍വസാധാരണമായി നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍
മറുപടിഇല്ലാതാക്കൂ(സാങ്കേതിക പദങ്ങളും) മലയാളീകരിച്ച് കഴിഞ്ഞ് അത് വായിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്
അനുഭവിച്ചിട്ടുണ്ട്.ചില കുട്ടികള്‍ സംശയം തീര്‍ക്കാന്‍ വരുമ്പോഴാണ് അത് ബോദ്ധ്യമാകുക.
ഉദാഹരണങ്ങള്‍ വേണ്ടുവോളമുണ്ട്.നന്നായിരിക്കുന്നു ലേഖനം.
ആശംസകള്‍
മലയാളഭാഷയെ നന്നാക്കണമെന്നുള്ളവർ ചാനലുകളിലെ വികൃതമായ ഭാഷയുടെ കാര്യത്തിൽ ഇടപെടട്ടെ. ബഞ്ച്, ചോക്ക്, സ്വിച്ച് ഇങ്ങനെയുള്ള പദങ്ങൾ മലയാളത്തിലാക്കിയില്ലെങ്കിലും വലിയ അസഹനീയതയില്ല.
മറുപടിഇല്ലാതാക്കൂ‘തൊണ്ണൂറ്റിഒന്ന് ദശാംശം മൂന്ന്’ എന്ന് മലയാളത്തിൽ പറയുന്നതിൽ തെറ്റുണ്ടോ ?
തൊണ്ണൂറ്റിഒന്ന് ദശാംശം മൂന്ന് എന്ന് ഉപയോഗിക്കുന്നതില്‍ ഒരു തെറ്റുമില്ല. പുള്ളി എന്ന വാക്ക് പല അര്‍ത്ഥത്തില്‍ നമ്മള്‍ ഉപയോഗിക്കാരുണ്ടല്ലോ. അതുകൊണ്ട് അതിലെ തമാശ പറയാന്‍ വേണ്ടി പറഞ്ഞു ന്നെ ഉള്ളൂ. :)
ഇല്ലാതാക്കൂവൈദ്യുത ഗമനാഗമന നിയന്ത്രണോപാധി --> Switch....
ഇല്ലാതാക്കൂHa ha ha Nannayi ezhithi....
What is the malayalam word for "Racket"
മറുപടിഇല്ലാതാക്കൂതമ്പുരാനറിയാം
ഇല്ലാതാക്കൂവളരെ നന്നായി പറഞ്ഞിരിക്കുന്നു...തികച്ചും കാലിക പ്രസക്തിയുള്ള വിഷയം....
മറുപടിഇല്ലാതാക്കൂഇന്നലെ ഒരു തമിഴ് പടത്തില്‍ കേട്ടതാണ് ....."മുതല്‍ ഉധവി "...First Aid ആണ് ...ഞാനത് മലയാളീകരിച്ചു..."ആദ്യ സഹായം"...
മറുപടിഇല്ലാതാക്കൂകുറച്ചു കൂടി സങ്കീര്‍ണ്ണമാണ് കാര്യങ്ങള്‍.
മറുപടിഇല്ലാതാക്കൂഭാഷ അധികാരത്തിന്റെ ഒരു ചിഹ്നം കൂടി ആണ്.
ശാസ്ത്രം sorry സയന്‍സ് എന്നു മുതലാണ് english അതിന്റെ ഭാഷയാക്കിയത് എന്നന്വേഷിക്കുമ്പോള്‍ ഇതിന്റെയൊക്കെ ഗുട്ടന്‍സ് കുറച്ച് പിടികിട്ടും
പിന്നെ ഭാഷകള്‍ വലുതാകുന്നത് മറ്റുഭാഷയില്‍ നിന്നും പദങ്ങള്‍ എടുത്തും പലപ്പോഴും അത്തരം പദങ്ങള്‍ പരുവപ്പ്പെടുത്തിയും ഒക്കെ ആണ്.
ലെസ്ബിയനും ഗേയും മലയാളത്തില്‍ സ്വര്‍ഗ്ഗാനുരാകികള്‍ എന്നു തന്നെയാകും എഴുതുക. രണ്ടിനും വെവ്വേറെ വാക്കുകള്‍ ഉണ്ടോ എന്ന് അന്വേഷിച്ചു. ഇത്വരെ കിട്ടിയില്ല.
ശാസ്ത്രം മുഴുവന്‍ ഇംഗ്ലീഷില്‍ പറയണം എന്നത് ശാസ്ത്രം അറിയാന്‍ എല്ലവരും ഇംഗ്ലീഷ് അറിയണം എന്നു പറയുന്നതിനോട് ഏകദേശം തുല്യമാണ്.
അതുകൊണ്ട് ഇംഗ്ലീഷ് അറിയുന്നവന് അതറിയാത്തവനു മേല്‍ കുതിരകേറാന്‍ ഒരെളുപ്പവഴി കൂടി.
വാക്കികളുടേ വരവും പോക്കും നിസ്സാരമായ ഒന്നല്ല എന്നു പറയാന്‍ എഴുതീന്ന് മാത്രം
ഇത് അടിസ്ഥാനമില്ലാത്ത ഒരു വാദമാണ്. ഉര്‍വശീ ശാപം ഉപകാരമായി എന്നത് പോലെ ആണ് പണ്ട് ബ്രിട്ടീഷുകാര്‍ ലോകം ഭരിച്ചത്. അവര്‍ അന്നു അവരുടെ സൌകര്യത്തിനു വേണ്ടി എല്ലാവരെയും ഇംഗ്ലീഷ് പഠിപ്പിച്ചത് കൊണ്ട് ലോകത്തിനു മുഴുവന്‍ ആശയ വിനിമയം നടത്താന്‍ ഒരു ഭാഷ ഉണ്ടായി. സയന്‍സ് മാത്രമല്ല മറ്റു വിഷയങ്ങളും എന്തുകൊണ്ട് ഇംഗ്ലീഷ് പിന്തുടരുന്നു അല്ലെങ്കില്‍ ഇംഗ്ലീഷില്‍ പ്രചരിപ്പിക്കുന്നു എന്ന ചോദ്യത്തിന് ലളിതമായ ഒരു ഉത്തരം ഉണ്ട്. പ്രായോഗികത എന്നത് മാത്രം.
ഇല്ലാതാക്കൂഭാഷ, അത് മലയാളമായാലും ഇംഗ്ലീഷ് ആയാലും ആശയ വിനിമയം നടക്കുക എന്നതാണല്ലോ ഭാഷയുടെ ലക്‌ഷ്യം. മറ്റു ഭാഷക്കാരുമായി സംസാരിക്കുമ്പോള്‍ രണ്ടു കൂട്ടര്‍ക്കും മനസ്സിലാകുന്ന ഒരു ഭാഷ ഉണ്ടെങ്കില്‍ ഉള്ള പ്രയോജനം മനസ്സിലാകണമെങ്കില്‍ ചൈനക്കാരുമായോ ഫ്രഞ്ചുകാരുമായോ സംസാരിച്ചു നോക്കണം. അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയുന്നതാണ്.
"ശാസ്ത്രം മുഴുവന്‍ ഇംഗ്ലീഷില്‍ പറയണം എന്നത് ശാസ്ത്രം അറിയാന്‍ എല്ലവരും ഇംഗ്ലീഷ് അറിയണം എന്നു പറയുന്നതിനോട് ഏകദേശം തുല്യമാണ്." ഇതിനെ വേറൊരു രീതിയിലും വ്യാഖ്യാനിക്കാമല്ലോ. ഒരാള്‍ പറയുന്ന ശാസ്ത്രം മനസ്സിലാക്കാന്‍ അവന്റെ ഭാഷ ആദ്യം പഠിക്കണമെന്ന് ..
ശാസ്ത്രം ഇത്രയ്ക്ക് വളര്‍ന്നതിലും ശാസ്ത്രത്തിന്റെ ഗുണ ഫലങ്ങള്‍ ലോകം മുഴുവന്‍ പ്രച്ചരിച്ചതിലും ഇംഗ്ലീഷ് ഭാഷയുടെ പങ്കു വളരെ വലുത് തന്നെയാണ്.
ഇനി, ഇംഗ്ലീഷ് ന്റെ പേരില്‍ മാതൃഭാഷയെ തള്ളി പറയണം എന്നാണു ഞാന്‍ പറയുന്നതെന്ന് വല്ലതും ഇഗ്ഗോയ് തെറ്റിധരിച്ചോ ?
ഇല്ല. ആ തെറ്റു ധാരണയൊന്നും ഇല്ല.
മറുപടിഇല്ലാതാക്കൂനീ പറഞ്ഞ ലളിത യുക്തി നേരാണ്. അതെനിക്കും അറിയാം.
ചൈനക്കാരനെ തേടി പോകണ്ട. മണീപ്പൂരിയോടും നാഗലാന്റ് കരോടും സംസാരിക്കന്‍ എനിക് ഇംഗ്ലീഷ് തന്നാണ് ശരണം.
ആശയവിനിമയത്തിനപ്പുറത്ത് ഭാഷ വേറെ കുറേ പണികള്‍ കൂടി ചെയ്യുന്നില്ലേ.
ആശയം തന്നെ അത്ര നിരുപദ്രവകാരിയായ ഒന്നല്ല എന്ന് നമുക്കെല്ലവര്‍ക്കും അറിയാമല്ലോ.
ചോദ്യം ചോദിക്കുന്ന കട്ടിയെ വ്യാകരണം പറഞ്ഞിരുത്തുന്ന അദ്ധ്യാപകര്‍ ഉപയോഗികുന്നത് ഭാഷകൊണ്ടുള്ള ഒരധികാരം കൂടി അല്ലേ.
പക്ഷേ ഭാഷ അധികാരത്തിന്റെ വേറൊരു രൂപം കൂടി ആണ്.
അത്തരം തിരിച്ചറിവുകള്‍ ഉണ്ടായിത്തുടങ്ങിയിട്ട് കുറച്ച് നാളായി.
"അവരുടെ സൗകര്യത്തിനു വേണ്ടി അവരുടെ ഭാഷ പഠിപ്പിച്ചു."
അത് തന്നാണ് അതിന്റെ പ്രശ്നവും. ഇപ്പോ അവരുടേ സൗകര്യം എല്ലാവരുടേം സൈകര്യം ആയി.
സൗകര്യങ്ങള്‍ ആരുടെയാണ് എന്ന് ചോദിക്കുമ്പോഴാണ് ഭാഷയെപ്പറ്റി നമ്മള്‍ കൂടുതല്‍ ആലോചിക്കുന്നത്.
ലാറ്റിന്‍ ആയിരുന്നു ഇംഗ്ലീഷിനു മുമ്പ് ശാസ്ത്രത്തിന്റെ ഭാഷ. പിന്നീടാണ് ഇംഗ്ലീഷ് വന്നത്. അതിന്റെ കൃത്യമായ ചരിത്രം എനിക്കറിയില്ല.
അപ്പോള്‍ സൗകര്യങ്ങള്‍ മാറുന്നുണ്ട് എന്നു കാണാമല്ലോ.
ഒരു ജനതയെ കീഴടക്കാന്‍, പറ്റിയ്ക്കാനും ഉള്ള എളുപ്പ വഴികളില്‍ ഒന്നു അവരുടെ ഭാഷയെ കീഴടക്കലാണ്.
തമിഴ്നാട്ടിലുള്ളതുപോലെ ഫ്രാന്‍സില്‍ ഉണ്ടേന്ന് പറയുന്നതുപോലെ ഉള്ള ഭാഷാമൗലികവാദം വേണം എന്നല്ല ഇപ്പറഞ്ഞതിനു അര്‍ഥം.