Tuesday, February 21, 2012

ജെയിംസ്‌ ബോണ്ടന്റെ ഒരു ദിവസം .. കഷ്ട കാലം വരുമ്പോള്‍
     പത്തു മണിയായല്ലോ കര്‍ത്താവേ .. ഒന്‍പതു മണിക്ക് ഓഫീസില്‍ കയറിയില്ലെങ്കില്‍ ആബ്സന്റ് മാര്‍ക്ക്‌ ചെയ്യുമെന്നാണ് മാഡം ക്യൂ പറഞ്ഞിരിക്കുന്നത്. അവരെ ക്യൂ എന്നല്ല വിളിക്കേണ്ടത് .. എട്ടു മണിയുടെ ബസ്‌ മിസ്സായാല്‍ എട്ടിന്റെ പണി കിട്ടും. ഒരു വിധത്തില്‍ ഒന്‍പതിന് തന്നെ എത്തിപ്പറ്റി. ബോണ്ട്‌ ഇന്‍ എന്ന ബോര്‍ഡ്‌ ഓണ്‍ ചെയ്തിട്ട് മുറിയില്‍ കയറി ഇരുന്നു. ഇന്ന് എന്തെങ്കിലും പണി കാണുമോ എന്തോ. സാമ്പത്തിക മാന്ദ്യം തുടങ്ങിയേ പിന്നെ മുകളിലുള്ളവരുടെ ഓര്‍ഡര്‍ ഇല്ലാതെ ഒരു പ്രശ്നത്തിലും കയറി ഇടപെടരുതെന്ന് പറഞ്ഞിട്ടുണ്ട്. കാശ് കിട്ടുന്ന പണി ചെയ്‌താല്‍ മതി പോലും. ഇങ്ങനെ പോയാല്‍ വെറുതെയിരുന്നു വെറുതെയിരുന്നു ഇത്രയും കാലം കൊണ്ട് ഉണ്ടാക്കിയ സകല പേരും കളയുമെന്നാ തോന്നുന്നത്. മെയില്‍ തുറന്നു നോക്കട്ടെ. ഓഹോ. ഇന്നും കൊക്ക കോള ലോട്ടറി അടിച്ചിട്ടുണ്ട്. ഇവന്മാര്‍ക്ക് ഇത് നിര്‍ത്താറായില്ലേ ? ഒരിക്കല്‍ ഇതിനു മറുപടി അയച്ചു പി എഫില്‍ നിന്ന് ലോണ്‍ എടുത്തു വച്ചിരുന്ന മൂന്നു ലക്ഷം പോയിക്കിട്ടിയതാ. അതിനു ശേഷം ഇത് കണ്ടാലേ പേടിയാണ്. സാക്ഷാല്‍ ബോണ്ടിനെ പറ്റിച്ചതില്‍ സന്തോഷം എന്നൊക്കെ പറഞ്ഞിട്ട് അവന്മാരുടെ സംഘത്തിന്റെ മെയിലും അന്ന് വന്നിരുന്നു. കാശ് പോയതിനേക്കാള്‍ വിഷമമായത് അവന്മാര്‍ക്ക് ആളിനെ പിടികിട്ടിയല്ലോ എന്നോര്‍ത്തപ്പോഴാണ്. ആളെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടി മുഖത്ത് രണ്ടു ഉണ്ണിയും ഒട്ടിച്ചു വച്ച് താടി ഒക്കെ വച്ചാണ് പോയത്. എന്നിട്ടും ശവികള്‍ കണ്ടുപിടിച്ചു കളഞ്ഞു. എന്തായാലും അത് പോട്ടെ. ആ തട്ടിപ്പില്‍ തല വച്ച് എന്നെങ്ങാനും ഇവിടെ അറിഞ്ഞാല്‍ ഇവിടത്തെ പണി പോകും. കഴിഞ്ഞ തവണ അന്വേഷണത്തിന് പോയപ്പോ റോഡ്‌ സൈഡില്‍ നിന്ന ഒരുത്തിയെ വളയ്ക്കാന്‍ ശ്രമിച്ചിട്ട് ഒടുവില്‍ അവള്‍ പേഴ്സ് അടിച്ചു കൊണ്ട് പോയപ്പോ എന്റെ ഇന്‍ക്രിമെന്റ് കട്ട്‌ ചെയ്ത ചെറ്റകളാണ് ഇവിടെ ഇരിക്കുന്നത്.

    ഇനിയുള്ള കാലം പിടിച്ചു നില്‍ക്കുന്നത് അത്ര എളുപ്പമല്ല എന്നാ തോന്നുന്നത്. മുമ്പൊക്കെ കേസ് തെളിയിക്കാന്‍ വേണ്ടി ഓടിച്ചു നടക്കാന്‍ ഓസ്ടിന്‍ മാര്‍ട്ടിനും ബി എം ഡബ്ല്യുവും ഒക്കെ കിട്ടിയിരുന്നിടത്ത് ഇപ്പൊ ചെലവു ചുരുക്കലിന്റെ പേരും പറഞ്ഞു ഇന്ത്യയില്‍ നിന്നോ മറ്റോ ഇറക്കുമതി ചെയ്യുന്ന അംബാസ്സഡര്‍ കാര്‍ എടുത്തോളാനാണ് പറയുന്നത്. അതവിടെ ഇന്ത്യാക്കാര്‍ക്ക് പോലും വേണ്ടാഞ്ഞിട്ടു കയറ്റി അയക്കുന്നതാണത്രെ. ചിലപ്പോ ശരിയായിരിക്കും. കഴിഞ്ഞാഴ്ച ടി വിയില്‍ സി ഐ ഡി മൂസ എന്നൊരുത്തന്‍ ഇതിനെക്കാള്‍ ബെസ്റ്റ് കാറില്‍ വിലസി നടക്കുന്നത് കണ്ടല്ലോ. വേറൊരു പ്രശ്നം എന്താന്നു വച്ചാല്‍ ഇവന്മാരുടെ ലാബ്‌ അടച്ചു പൂട്ടിയതാണ്. പണ്ടൊക്കെ വാച്ചിലും, സോക്സിലും എന്തിനു അണ്ടര്‍ വെയറില്‍ വരെ ബോംബും റോക്കറ്റും ഒക്കെ പിടിപ്പിച്ചു തരാന്‍ ആളുണ്ടായിരുന്നു. ഇനി എല്ലാം കൈവിട്ട കളിയാണ്. കഴിഞ്ഞ തവണ ഒരു ഓപെറേഷന് പോയപ്പോള്‍ കയ്യിലിരുന്ന മുട്ടന്‍ സ്പൈ ക്യാമറ കണ്ടിട്ട് സഹതാപം തോന്നി ഒരു ഗുണ്ട സ്വന്തം ഷര്‍ട്ടിന്റെ ബട്ടണില്‍ ഒളിച്ചു വച്ചിരുന്ന ഒരു ക്യാമറ അഴിച്ചു തന്നു. എന്നിട്ട് അവന്‍ കരഞ്ഞ കരച്ചില്‍. ഹോ. ഓര്‍ത്താല്‍ നമുക്കും കരച്ചില്‍ വരും. ഒടുവില്‍ അവനെ വെടി വയ്ക്കാതെ വെറുതെ വിട്ടു. ഒന്നുമല്ലെങ്കിലും ഇവിടെയിരിക്കുന്നവരെക്കാള്‍ മനസാക്ഷി ഉണ്ട് അവന്.

     പണ്ടൊക്കെ പെണ്ണുങ്ങളെ കിട്ടാനും ഒരു വിഷമവുമില്ലായിരുന്നു. ബോണ്ട്‌ ഇപ്പൊ പാപ്പര്‍ ആണെന്ന് അവളുമാര്‍ക്കും മനസ്സിലായി. മുമ്പൊക്കെ അവളുമാരുടെ മുന്നില്‍ കൂടി മസിലും പെരുപ്പിച്ചു നടന്നാല്‍ തന്നെ ആരെങ്കിലും വീഴുമായിരുന്നു. പക്ഷെ ഇപ്പൊ അതല്ല സ്ഥിതി. ആറു മാസം മുമ്പ് നടന്ന കാര്യം ഓര്‍ത്താല്‍ തന്നെ തൊലിയുരിയുന്ന പോലെ തോന്നും. ഒരുത്തിയെ രാത്രി റൂമിലേക്ക്‌ പോകാം എന്ന് പറഞ്ഞു വിളിച്ചപ്പോ അവള്‍ പറയുകയാണ്‌. അവിടെ ചെന്നിട്ടു മാര്‍ട്ടിനി വേണം , കലക്കരുത്, ഇളക്കരുത് എന്നൊക്കെ പറഞ്ഞാല്‍ അതിന്റെ പൈസ താന്‍ തന്നെ കൊടുത്തോണം. എന്റെ കയ്യില്‍ പൈസ ഇല്ലെന്നൊക്കെ. ഒന്നോര്‍ത്താല്‍ അവള്‍ പറഞ്ഞതും ശരിയാണ്. മാര്‍ട്ടിനിയും വോഡ്കയും പോയിട്ട് ഒരു പെഗ് ഓ പി ആറോ ഓ സി ആറോ കണ്ട കാലം മറന്നു. സത്യം പറഞ്ഞാല്‍ അന്ന് അവളെ മണിയടിച്ചു ഒരെണ്ണം ഒപ്പിക്കാം എന്ന് വിചാരിച്ചതാ. അല്ലെങ്കിലും കണ്ടക ശനി കൊണ്ടേ പോകൂ. നമ്മുടെ ദാരിദ്ര്യം എല്ലാവരും അറിഞ്ഞു. എന്നിട്ട് അന്ന് ആ തള്ള പറയുന്ന കേട്ടു ബോണ്ടിന്റെ പിക്ക് അപ്പ്‌ ഒക്കെ പോയി, ഇപ്പൊ പെണ്ണുങ്ങളെ വളച്ചു കേസിന് തുമ്പുണ്ടാക്കാന്‍ ഒന്നും അങ്ങേര്‍ക്കു കഴിവില്ല എന്നൊക്കെ. അവര്‍ മിക്കവാറും എന്നെകൊണ്ട്‌ തള്ളയ്ക്കു വിളിപ്പിക്കും എന്നാ തോന്നുന്നത്. ഇങ്ങനെ മാന്യനായി ജീവിചിറ്റൊന്നും ഒരു കാര്യവുമില്ല. കഴിഞ്ഞ തവണ പണിക്കരെ കണ്ടപ്പോ അങ്ങേര്‍ പറഞ്ഞതാ മൂലത്തില്‍ വ്യാഴം നില്‍ക്കുന്നത് കാരണം പണി വരുന്ന വഴി അറിയില്ല എന്നൊക്കെ. എന്തായാലും ഒന്ന് കരുതിയിരിക്കണം.

    വക്കീല്‍ വിളിക്കുന്നുണ്ട്. ഹോ . ഇന്ന് സെഷന്‍സ് കോടതിയില്‍ കേസ് ഉണ്ട്. കഴിഞ്ഞ മാസം ഒരു ഗുണ്ടനെ വെടി വച്ച് കൊന്നതിനാണ്. അവന്റെ കാറ്റ് പോയതിനു ശേഷമാണ് അവന്‍ ഗുണ്ടയല്ല, അവനാണ് വാദി എന്ന് മനസ്സിലായത്‌. അബദ്ധം പറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇവിടത്തെ കുറെ ചാരന്മാര്‍ പറഞ്ഞത് കേട്ടിട്ടാണ് അവനെ തട്ടിയത്. ഒടുവില്‍ പണി കിട്ടിയപ്പോ അവന്മാര്‍ ആരുമില്ല. എല്ലാം സഹിക്കാന്‍ ബോണ്ടന്റെ ജന്മം ഇനിയും ബാക്കി. ഇളയ കുഞ്ഞിനെ എല്‍ കെ ജിയില്‍ ചേര്‍ക്കേണ്ട സമയമായി. ബോണ്ടിന്റെ കുട്ടിയായത് കൊണ്ട് ആരും അഡ്മിഷന്‍ തരുന്നില്ല. നമ്മുടെ കഷ്ടപ്പാട് എല്ലാവനും അറിഞ്ഞു എന്ന് തോന്നുന്നു.എന്നാലും മനസ്സിലാക്കാത്തവരുണ്ട്‌. ഒരിക്കല്‍ ടി വി കണ്ടു കൊണ്ടിരുന്നപ്പോ ഏതോ ഹിന്ദി സിനിമയില്‍ കയറില്‍ തൂങ്ങിയും തല കുത്തി നിന്നും ഒക്കെ സ്ടണ്ട് നടത്തുന്ന ഒരുത്തനോട്‌ നായകന്‍ ചോദിക്കുന്നത് കേട്ടു നീയാരാടാ ജെയിംസ്‌ ബോണ്ട്‌ ആണോ എന്ന്. അത് കേട്ടിട്ട് സത്യം പറഞ്ഞാല്‍ ചിരിയാണ് വന്നത്. ഇവിടത്തെ സ്ഥിതി അവനറിയില്ലല്ലോ. വെടി വയ്ക്കാനുള്ള ഉണ്ട വരെ ഇപ്പൊ റേഷന്‍ ആണ്. ആറെണ്ണം കിട്ടും. അതില്‍ കൂടുതല്‍ വില്ലന്മാര്‍ വന്നാല്‍ പിന്നെ ഭാര്യക്കും മക്കള്‍ക്കും എല്‍ ഐ സി കിട്ടും എന്ന് സമാധാനിച്ചു കൊണ്ട് കണ്ണടച്ചാല്‍ മതി. വേറെ ഒരു കൊച്ചു പിച്ചാത്തി പോലും ആയുധമായി ഈ തെണ്ടികള്‍ തരൂല. ഇന്ത്യയില്‍ മുഴുവന്‍ ഇപ്പൊ ബോണ്ടിനെ വെല്ലുന്ന ആള്‍ക്കാരാണെന്ന് തോന്നുന്നു. ഇന്നാളൊരിക്കല്‍ ചിട്ടി എന്ന് പറഞ്ഞിട്ടൊരുത്തന്‍ ഒരു പ്രദേശം മുഴുവന്‍ തകര്‍ത്തു തരിപ്പണമാക്കുന്നത് കണ്ടു. അത് കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞില്ല. വേറൊരുത്തന്‍ റാ വണ്‍ എന്നൊക്കെ പേരിട്ടു വന്നിട്ട് ഇതേ പരിപാടി ചെയ്യുന്നത് കണ്ടു. ഇവന്മാരൊക്കെ ഇങ്ങനെ തുടങ്ങിയാല്‍  ബോണ്ട്‌, സൂപ്പര്‍ മാന്‍ , ഡിങ്കന്‍ എന്നൊക്കെ പറഞ്ഞു നടക്കുന്നവര്‍ എങ്ങനെ ജീവിക്കും എന്ന് ഇവന്മാര്‍ ഓര്‍ക്കണ്ടേ. കണ്ണില്‍ ചോരയില്ലാത്തവന്മാര്‍.


    ഇന്നെങ്കിലും ആറു മണിക്ക് ഇറങ്ങാം എന്ന് കരുതിയതാ. കഴിഞ്ഞ മാസം ഒരു കേസിന്റെ പുറകെ പോയി അവന്മാരുടെ ചവിട്ടു വാങ്ങിച്ചതില്‍ പിന്നെ നടുവിനൊരു പിടിത്തം. കോട്ടക്കലിന്റെ ഒരു ബ്രാഞ്ച് ഇവിടെ അടുതെങ്ങാണ്ടോ ഉണ്ട്. അവിടെ കൊണ്ട് പോയി ഒന്ന് പിഴിച്ചില്‍ നടത്തണം. ഇപ്പോഴാണോര്‍ത്തത് .. കോട്ട് അളക്കാന്‍ കൊടുത്തിരിക്കുകയാണ്. പോകുന്ന വഴിക്ക് അതും വാങ്ങിയെച്ചു ചെല്ലണം. അല്ലെങ്കില്‍ ഏലിയാമ്മ കൈ വയ്ക്കും. എന്തിനാ വെറുതെ എന്നും കുടുംബത്ത് ചെന്ന് വഴക്കുണ്ടാക്കുന്നത്. അപ്പ ശരി. ഇറങ്ങിയെക്കാം.


വാല്‍ക്കഷണം 
ബോണ്ടിന്റെ ഒരു പടത്തിന്റെ റിവ്യൂ.. പണ്ടെഴുതിയത്
 ഞാന്‍ ബോണ്ട്. പൂജ്യം പൂജ്യം ഏഴ്.. ഹല്ലാ പിന്നെ..

8 comments:

 1. thenga ente vaka.....

  kollaam but Bondinte Hardcore fans aaya njangalkkokke ith kodu :(

  Where is baiju

  ReplyDelete
 2. കാശ് കിട്ടുന്ന പണി ചെയ്‌താല്‍ മതി പോലും. ഇങ്ങനെ പോയാല്‍ വെറുതെയിരുന്നു വെറുതെയിരുന്നു ഇത്രയും കാലം കൊണ്ട് ഉണ്ടാക്കിയ സകല പേരും കളയുമെന്നാ തോന്നുന്നത്. :)
  Correct.

  പിന്നെ, കൊക്കകോള മെയിൽ എനിക്കും വന്നുകിടപ്പുണ്ട്. ആരെങ്കിലും ഒരുകൈ നോക്കുന്നോ ...?

  ReplyDelete
  Replies
  1. ഇത് സത്യമായും ആരെയും ഉദ്ദേശിച്ചു പറഞ്ഞതല്ല.. :)

   Delete
 3. ‘വെടി വയ്ക്കാനുള്ള ഉണ്ട വരെ ഇപ്പൊ റേഷന്‍ ആണ്. ആറെണ്ണം കിട്ടും. അതില്‍ കൂടുതല്‍ വില്ലന്മാര്‍ വന്നാല്‍ പിന്നെ ഭാര്യക്കും മക്കള്‍ക്കും എല്‍ ഐ സി കിട്ടും എന്ന് സമാധാനിച്ചു കൊണ്ട് കണ്ണടച്ചാല്‍ മതി.’ ഹഹഹ .... കിടിത്സ് :)

  ReplyDelete
 4. രസായി.കാലത്തിനു വന്ന മാറ്റം!

  ReplyDelete
 5. വ്യത്യസ്തമാമൊരു പോസ്റ്റിട്ട ദുശ്ശാസ്സനാ..
  സത്യത്തില് താനൊരു ബഹുരസികന് തന്നെടോ...

  ReplyDelete
 6. കൊള്ളാം കൊള്ളാം. ഏത് ബോണ്ടിനിട്ട് വേണേലും പണീതോ. പക്ഷേ ഡിങ്കനെ തോടരുത്.

  ReplyDelete