2011, ജൂൺ 11, ശനിയാഴ്‌ച

എന്റെ ആദ്യത്തെ ഓട്ടോ റിവ്യൂ - അതായതു ഓട്ടോ റിക്ഷയുടെ റിവ്യൂ എന്ന്

     ഇന്നലെ കവിത എഴുതിയ പോലെ ഇന്ന് എന്ത് എഴുതണം എന്ന് വിചാരിച്ചു കൊണ്ടാണ് ഉറക്കം ഉണര്‍ന്നത് . കവിതയെ പറ്റി എഴുതിയതിനു നല്ല "സ്വീകരണം" കിട്ടിയതുകൊണ്ട് വേറെന്തെങ്കിലും തപ്പി പിടിക്കാം എന്ന് കരുതി. അപ്പോഴാണ് മേശപ്പുറത്തു ഫാസ്റ്റ് ട്രാക്ക് കിടക്കുന്നത് കണ്ടത്.
എന്നാല്‍ പിന്നെ ഒരു ഓട്ടോ റിവ്യൂ എഴുതിയേക്കാം എന്ന് തീരുമാനിച്ചു. ഓട്ടോ ആവുമ്പോ വായും ചെവിയും ഇല്ലാത്തത് കൊണ്ട് നമ്മളെ തെറി വിളിക്കാന്‍ വരില്ലല്ലോ.  ഇന്ത്യയില്‍ ഇപ്പൊ വണ്ടികളുടെ ഒരു ഘോഷയാത്ര ആണല്ലോ നടക്കുന്നത്. സാധാരണക്കാരന്റെ വാഹനം ആയ റിക്ഷയെ പറ്റി തന്നെ ഒരെണ്ണം കാച്ചിയേക്കാം. ടി വി എസ് ഈ അടുത്ത കാലത്ത് ബാംഗ്ലൂരില്‍ ഇറക്കിയ റിക്ഷയെ പറ്റി തന്നെ ആയിക്കോട്ടെ.

പ്രസ്തുത ഓട്ടോയും
അവിടത്തെ പണിക്കാരന്‍ ആയ ഗോയിന്ദിയും (Mr H. S. Goindi,President - Marketing, TVS Motor Company ) 


     എം ജി റോഡിനടുത്തുള്ള ഏറ്റവും തിരക്കുള്ള ഭാഗമാണ് ടെസ്റ്റ്‌  ഡ്രൈവിനു തെരഞ്ഞെടുത്തത്.
ഓട്ടോ റിക്ഷ ടെസ്റ്റ്‌ ചെയ്യാന്‍ ഏറ്റവും പറ്റിയ സ്ഥലം. നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത രീതിയിലുള്ള ട്രാഫിക്‌. നമ്മുടെ ടെസ്റ്റ്‌ ഡ്രൈവര്‍ ഹോസ്കേരഹള്ളി കട്ട്‌ റോഡില്‍ താമസിക്കുന്ന ഉത്തപ്പ ആയിരുന്നു. എന്നോടൊപ്പം ഈ റിക്ഷ ടെസ്റ്റ്‌ ചെയ്യാന്‍ ഫോട്ടോഗ്രാഫര്‍ , എഡിറ്റര്‍, നമ്മുടെ പത്രം കൊണ്ട് നടന്നു വില്‍ക്കുന്ന അഞ്ചു പയ്യന്മാര്‍, പത്ര ഓഫീസിന്റെ മുന്നില്‍ പെട്ടിക്കട നടത്തുന്ന രാജേന്ദ്ര, അടുത്തുള്ള പമ്പില്‍ ബെട്രൂള്‍ അടിച്ചു തരാന്‍ നില്‍ക്കുന്ന മഞ്ജു ഇവരും ഉണ്ടായിരുന്നു. ശീലം വച്ചിട്ട് ഇനിയും പത്തു പേരെ കൂടി കയറ്റിക്കോളാന്‍ ഊത്തപ്പ പറഞ്ഞെങ്കിലും ഇതൊരു  ടെസ്റ്റ്‌ ആണ്, പത്രത്തില്‍ ആള്‍ക്കാര്‍ വായിക്കേണ്ടതാണ് എന്നൊക്കെ പറഞ്ഞു അവനെ സമാധാനിപ്പിച്ചു. അപ്പൊ അവന്‍ ചോദിച്ചു അല്ല സാറേ.. ഇത് റോഡില്‍ ഓടുമ്പോ ഒരു ഇരുപത്തഞ്ചു പേരൊക്കെ കയറിയാല്‍ എങ്ങനെ ഉണ്ടെന്നു നോക്കണ്ടേ.. അല്ലാതെന്തു ടെസ്റ്റ്‌ എന്നൊക്കെ. 
അല്ല. അവന്‍ പറഞ്ഞതിലും കാര്യമുണ്ട്. അങ്ങനെ എല്ലാവരും കയറി അട്ടിയിട്ടു. വണ്ടിയുടെ പ്രത്യേകതകള്‍ ഓരോന്നായി നോക്കാം. 

പുറം കാഴ്ച :

     ഇതുവരെ ഇന്ത്യയില്‍ ഇറങ്ങിയിട്ടുള്ള പോലുള്ള ഒരു റിക്ഷ അല്ല ഇത്. മോള്‍ഡട്‌ ബോഡി. ഉഗ്രന്‍ ഡാഷ് ബോര്‍ഡ്. നല്ല സീറ്റുകള്‍. ബജാജിന്റെ റിക്ഷ എടുത്തു ദിനേശ് ചബ്രിയ ആള്‍ട്ടര്‍ ചെയ്ത പോലുള്ള ലുക്ക്‌.  ഡാഷ് ബോര്‍ഡ് കണ്ടാല്‍ കൊള്ളാമെങ്കിലും ശംഭുവിന്റെ കവര്‍, ബീഡി പാക്കറ്റ് , സിനിമ മാസിക ഇതൊക്കെ വയ്ക്കാന്‍ സ്ഥലം തീരെ കുറവാണെന്ന് ഊത്തപ്പ പരാതി പറഞ്ഞു. ബാക്കിലത്തെ സീറ്റ് ഇളക്കി വച്ചാലും അവിടെ ലോഡ് കയറ്റാന്‍ പാടാണത്രെ. സ്ഥലം എത്ര ഉണ്ടായാലും ഊത്തപ്പയുടെ പരാതി തീരില്ല എന്ന് തോന്നുന്നു. ഡ്രൈവറുടെ സീറ്റിനടിയില്‍ ഗ്യാസ് സിലിണ്ടര്‍ പിടിപ്പിച്ചിട്ടുണ്ട്. സ്റ്റിക്കര്‍ ഒട്ടിക്കാനുള്ള സ്ഥലം കുറവാണ്. ഇവിടെ ഓട്ടോയില്‍ എല്ലാം സ്റ്റിക്കര്‍ വിട്ടിട്ടുള്ള കളി ഇല്ലല്ലോ. കന്നടയിലുള്ള ഡയലോഗുകള്‍, ഇവന്മാരുടെ ദേശീയ പതാക ( മഞ്ഞയും ചുവപ്പും നിറത്തില്‍ ) ഇതൊക്കെ ആണ് ഏറ്റവും കോമണ്‍. പിന്നുള്ളത് ഓട്ടോക്കാരെ പറ്റി ആദ്യമായി കന്നടയില്‍ സിനിമ എടുത്ത, അകലത്തില്‍ അന്തരിച്ച ശങ്കര്‍ നാഗിന്റെ പടമാണ്. അദ്ദേഹത്തോടുള്ള ആദര സൂചകം ആയി എല്ലാ ഓട്ടോക്കാരും അത് സ്വന്തം റിക്ഷയില്‍ ഒട്ടിച്ചു വയ്ക്കാറുണ്ട്. 

അകം 
    ഒന്നാംതരം സീറ്റുകള്‍ ആണ് ഇതില്‍ ടി വി എസ് പിടിപ്പിച്ചിരിക്കുന്നത്. പക്ഷെ പുറകിലത്തെ സീറ്റിനു മറവു തീരെ കുറവാണ്. അതുകൊണ്ട് ഇതിനകത്ത് കയറി ഉമ്മ വയ്ക്കാന്‍ പ്ലാന്‍ ഉള്ള പയ്യന്മാരും പെമ്പിളകളും കയറാനുള്ള ചാന്‍സ് കുറവാണെന്ന് ഊത്തപ്പ വീണ്ടും. അവന്‍ പറയുന്നത് വെറുതെ അങ്ങ് തള്ളിക്കളയുന്നതും ശരിയല്ല. സ്വന്തം എക്സ്പീരിയന്‍സ് ന്റെ വെളിച്ചത്തില്‍ ആണല്ലോ അവന്‍ പറയുന്നത്. സൈഡില്‍ കര്‍ട്ടന്‍ ഇട്ടു ശരിയാക്കാമെഡേയ്  എന്ന് പറഞ്ഞു അത് ഒതുക്കി. പിന്നെ ബാക്കിലത്തെ സീറ്റില്‍ മടിയില്‍ കൂടി ഇരുന്നു ഓവര്‍ ലോഡ് പോകുമ്പോ സൈഡില്‍ ഇരിക്കുന്നവരുടെ ആസ്സ് പുറത്തോട്ടു തള്ളി നില്‍ക്കുമെന്നും അങ്ങനെ തള്ളി നിന്നാല്‍ അത് വേറെ വണ്ടി കൊണ്ട് പോകുമെന്നും ഊത്തപ്പ വീണ്ടും പറഞ്ഞു. ഇതിപ്പോ ഇങ്ങനെ ഒക്കെ അഭിപ്രായം പറഞ്ഞു ഊത്തപ്പ തനിയെ റിവ്യൂ ചെയ്യുമെന്നാ തോന്നുന്നത്.


എഞ്ചിന്‍ , മൈലേജ് 
     എഞ്ചിന്‍ എങ്ങനെ ഉണ്ടെന്നു നോക്കണമെന്നുണ്ടായിരുന്നെങ്കിലും ഡെമോ റിക്ഷ ആയതു കാരണം അത് പൊളിച്ചു നോക്കാന്‍ പറ്റിയില്ല. പക്ഷെ കമ്പനിക്കാര്‍ പറഞ്ഞത് ഉഗ്രന്‍ എഞ്ചിന്‍ ആണെന്നാണ്. ഒടുക്കലത്തെ മൈലേജ്  ആണ്. ഗ്യാസ് ആയതു കാരണം എങ്ങനെ പറയും എന്നറിയില്ല. പെട്രോളിന് വില കൂടിയാല്‍ ചാര്‍ജ് കൂടുതല്‍ വാങ്ങിക്കും എന്ന് ഊത്തപ്പ പറഞ്ഞു.
അതെങ്ങനെ, ഇത് ഗ്യാസ് അല്ലെ എന്നൊക്കെ നമ്മള്‍ ചോദിച്ചപ്പോ അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ഗ്യാസ് പെട്രോളില്‍ നിന്നല്ലേ സാര്‍ ഉണ്ടാക്കുന്നതെന്ന്. പക്ഷെ ഗ്യാസ് ശരിക്കും എവിടന്നാ ഉണ്ടാക്കുന്നതെന്ന് നമുക്ക് അറിയാന്‍ പാടില്ലാത്തത് കൊണ്ട് മിണ്ടാതിരുന്നു. ഇവന് ഒടുക്കലത്തെ ജനറല്‍ നോളജ് ആണ് . സാധാരണ റിവ്യൂകളില്‍ കാണുന്ന ചില ഐറ്റംസ് .. അതായതു എഞ്ചിന്‍ ടോര്‍ക്ക്, സ്ട്രോക്ക് അങ്ങനത്തെ സാധനങ്ങള്‍ ഒക്കെ ചോദിച്ചു നോക്കി. ടര്‍ബോ ഇല്ല. പവര്‍
സ്ടിയറിംഗ് , എ ബി എസ് ഇതും ഇല്ല.  ഡോര്‍ ഒന്നും ഇല്ലാത്തതു കൊണ്ട് സെന്‍ട്രല്‍ ലോക്കിംഗ് ന്റെ ചോദ്യമേ ഉദിക്കുന്നില്ല .. എന്നൊക്കെയുള്ള നേട്ടങ്ങള്‍ ഈ വണ്ടിക്കു ഉണ്ട്. ഒന്നാഞ്ഞു പിടിച്ചു കഴിഞ്ഞാല്‍ പൂജ്യത്തില്‍ നിന്ന് പത്തു കിലോ സ്പീഡില്‍ എത്താന്‍ ഇതിനു വെറും അഞ്ചു മിനിറ്റ് മതി. 

വില 
    ഒന്നേ കാല്‍ ലക്ഷം ആണ് റിക്ഷയുടെ ഡല്‍ഹിയിലെ വില. ഡല്‍ഹിയില്‍ നിന്ന് വാങ്ങി ബംഗ്ലൂര്‍ കൊണ്ട് വരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ബാങ്ങ്ലൂരില്‍ നിന്ന് വാങ്ങിയാല്‍ മതി. എക്സ് ഷോറൂം വില ഇരുപത്തയ്യായിരം കുറവാണ്. അതായതു ആരുടെയെങ്കിലും വണ്ടി അടിച്ചു മാറ്റി ഷോറൂം വഴി അല്ലാതെ മറിച്ചു വില്‍ക്കുന്ന ബ്രോക്കെര്‍ അന്ത്രുവിന്റെ കയ്യില്‍ നിന്ന് വാങ്ങിച്ചാല്‍. പക്ഷെ അത് കമ്പനി അറിയരുത്. ഇത് വാങ്ങാന്‍ ലോണ്‍ കമ്പനി തന്നെ സംഘടിപ്പിച്ചു തരും. പക്ഷെ കിടപ്പാടത്തിന്റെ ആധാരം കൊടുക്കണം എന്ന് മാത്രം. ബാക്കി ഒക്കെ വിധി പോലെ ഇരിക്കും. 
നട്ടിനും ബോള്‍ട്ടിനും ക്ഷാമം ആയതു കൊണ്ട് ഒരു മാസം വെയിറ്റിംഗ് പീരീഡ്‌ ഉണ്ട്. ഒരു  കളര്‍ മാത്രമേ കിട്ടൂ. മെറ്റാലിക് സില്‍വര്‍ അല്ലെങ്കില്‍ മെറ്റാലിക് റെഡ് ഒക്കെ ഇറക്കാമായിരുന്നു. അടുത്ത തവണ ഒന്ന് ശ്രദ്ധിച്ചേക്കാന്‍ അവന്മാരോട് പറഞ്ഞിട്ടുണ്ട്


മൊത്തത്തില്‍ 
അങ്ങനെ റിവ്യൂ കഴിഞ്ഞു. കൊള്ളാം .ഉഗ്രന്‍ വണ്ടി. അടുത്ത തലമുറയില്‍ പെട്ട ഒരു റിക്ഷ ആണ് നിങ്ങളുടെ മനസ്സില്‍ എങ്കില്‍ ഇതാ പറ്റിയ വണ്ടി. വാടകക്കും സ്വന്തം ആവശ്യങ്ങള്‍ക്കും ഒരു പോലെ ഓടിക്കാവുന്ന റിക്ഷ.  നിങ്ങളുടെ സ്വപ്നങ്ങളിലെ അതേ റിക്ഷ.

7 അഭിപ്രായങ്ങൾ:

  1. T V S കാരുടെ കയ്യിപ്പെടാതെ നടക്കണേ
    അല്ലെങ്കിൽ അവർ പഞ്ചറാക്കാൻ സാധ്യതയുണ്ട്...
    നമുക്ക് ഖണ്ഡശ്ശ.. പ്രസിദ്ധീകരിക്കാനുള്ളതാ...

    മറുപടിഇല്ലാതാക്കൂ
  2. ആ ഊത്തപ്പ ആളു കൊള്ളാട്ടാ....

    മറുപടിഇല്ലാതാക്കൂ
  3. വേറെ ഒരു പണിയും ഇല്ലല്ലേ? ഈ ചവറൊക്കെ എഴുതുന്ന സമയത്ത് നമ്മുടെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എഴുതി തീര്‍ത്തു കൂടെ??

    മറുപടിഇല്ലാതാക്കൂ
  4. ഓട്ടോ റിക്ഷയെ പറ്റി റിവ്യൂ എഴുതുന്ന പോലെ എളുപ്പമല്ല അത്. അതല്ലേ ഇടയ്ക്ക് ഇതൊക്കെ കാച്ചുന്നത് .. ഹി ഹി

    മറുപടിഇല്ലാതാക്കൂ
  5. ആഹാ കലക്കി അത്., നമുക്കും പണി കിട്ടുമായിരിക്കും അല്ല്യോ...lol നന്നായിരുന്നുട്ടാ

    മറുപടിഇല്ലാതാക്കൂ