Tuesday, June 14, 2011

നിങ്ങള്‍ എപ്പോ ഹാപ്പി ആകും ?

രാവിലെ ഒരു സുഹൃത്തിനെ കണ്ടു. എന്തൊക്കെയുണ്ട് ചേട്ടാ വിശേഷം എന്ന് ചോദിച്ചു. ഓ..എന്ത് പറയാനാ ചങ്ങാതീ.. അങ്ങനെ പോണു എന്നവന്‍ മുഖത്തൊരു സന്തോഷമൊന്നുമില്ലാതെ പറഞ്ഞു.
അവന്‍ കഴിഞ്ഞ രണ്ടു വര്‍ഷം ജെര്‍മനിയില്‍  ഓണ്‍സൈറ്റ് പോയിരിക്കുകയായിരുന്നു. അതുകൊണ്ട് അവനുമായി വലിയ കമ്യുണിക്കേഷന്‍ ഒന്നുമില്ലായിരുന്നു. അടുത്ത സുഹൃത്തായതു കൊണ്ട് കുറച്ചു കൂടുതല്‍ നേരം സംസാരിച്ചു. ഒരു വീട് വാങ്ങാന്‍ പോകുന്നു എന്ന് പറഞ്ഞു. നാല്‍പതു ലക്ഷം രൂപയുടെ ഒരു വില്ല. അതും ബാംഗ്ലൂരില്‍. ഓണ്‍സൈറ്റ് സമ്പാദ്യം ഉപയോഗിച്ചാണ് വീട് വാങ്ങുന്നത്. ഇനി ഭാര്യയുമായി വല്ല പ്രശ്നവും.. ഞാന്‍ സംശയിച്ചു. എന്താടാ... കുടുംബത്തില്‍ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ? ഹേയ് ഒന്നുമില്ല. അവള്‍ കാരിയിംഗ് ആണ്. പിന്നെ അല്ലാതെ ജോലിയില്‍ എന്തെങ്കിലും പ്രോബ്ലം ? വീണ്ടും എന്റെ ചോദ്യം കേട്ടപ്പോ അവന്‍ ഒന്ന് അമ്പരന്നു. ഞാന്‍ എന്താ അങ്ങനെ ചോദിച്ചതെന്നായി അവന്റെ സംശയം. 'അല്ല നീ ഒരു സന്തോഷമില്ലാതെ ഇരിക്കുന്ന പോലെ തോന്നി. അതാ ചോദിച്ചത്. ' അപ്പൊ അവന്‍ ഒന്ന് ചിരിച്ചു. 'അല്ലടാ. പ്രത്യേകിച്ച് ഒന്നുമില്ല." അവന്‍ വിശദീകരിച്ചു. 'പിന്നെന്താ നീ വെറുതെ തട്ടി മുട്ടി പോണു എന്നൊക്കെ ഉള്ള രീതിയില്‍ പറഞ്ഞത് ? " ഞാന്‍ ചോദിച്ചു. അതിനവനു മറുപടി ഉണ്ടായില്ല.

യാദൃശ്ചികം ആയി അന്ന് തന്നെ വേറൊരു സംഭവവും നടന്നു. ഓഫീസില്‍ ചെന്നപ്പോ ഒരു സഹപ്രവര്‍ത്തകന്‍ ആകെ വിഷമിച്ചിരിക്കുന്നു. എന്താണെന്ന് പല തവണ ചോദിച്ചപ്പോ അവന്‍ ഉള്ള കാര്യം പറഞ്ഞു. അവനു ഹൈക് തീരെ കുറവാണത്രേ. പന്ത്രണ്ടു ലക്ഷം ആയിരുന്നു അവന്റെ സാലറി. ഹൈക് കിട്ടിയപ്പോ അത് പതിനാലു ലക്ഷം ആയി. അപ്പൊ പിന്നെ എന്താ പ്രശ്നം ? ഞാന്‍ വീണ്ടും ചോദിച്ചു. അപ്പൊ അവന്‍ പറഞ്ഞു അവന്‍ പ്രതീക്ഷിച്ചിരുന്നത് പതിനഞ്ച്‌ ആണെന്ന്. എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അത് കണക്കു കൂട്ടിയത് എന്ന് ചോദിച്ചപ്പോ അവന്‍ പറഞ്ഞു മറ്റുള്ളവരൊക്കെ പറയുന്നത് കേട്ടിട്ടാണെന്ന്. ജീവിതം ആകെ നശിച്ച പോലെയാണ് അവന്‍ സംസാരിച്ചത്. ഞാന്‍ ചോദിച്ചു. 'ഓക്കേ. ഇതല്ലാതെ വേറെന്തെങ്കിലും പ്രശ്നം ? വീട്ടില്‍ എന്തെങ്കിലും ? " . 'ഹേയ് ഇല്ല. അതൊക്കെ സ്മൂത്ത്‌ ആണ്. " അവന്‍ പറഞ്ഞു. അങ്ങനെ ഓരോന്ന് പറഞ്ഞു അവനെ സമാധാനിപ്പിച്ചു.

തിരിച്ചു വീട്ടിലേക്കു നടക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു. എന്താണ് സന്തോഷത്തിന്റെ അടിസ്ഥാനം ? എന്ത് കിട്ടിയാല്‍ നമ്മള്‍ ഹാപ്പി ആവും എന്ന്. പണ്ട് മാസം രണ്ടായിരം രൂപയ്ക്ക് ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ആ രണ്ടായിരം രൂപ കിട്ടിയാല്‍ അതെങ്ങനെ ചിലവാക്കി തീര്‍ക്കണം എന്ന ആലോചനയാണ്. ശ്രീകുമാറില്‍ പോയി ഒരു സെക്കന്റ്‌ ഷോ കാണുക, ഗുല്‍ഷനില്‍ പോയി റുമാലി റൊട്ടിയും ചിക്കനും കഴിക്കുക അങ്ങനെ ചുരുങ്ങിയ ആഗ്രഹങ്ങള്‍ മാത്രം ഉണ്ടായിരുന്നത് കൊണ്ട് വളരെ സന്തോഷമായിരുന്നു ഞങ്ങള്‍ക്ക്. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാനും എന്റെ മൂന്നു സുഹൃത്തുക്കളും. ഇടയ്ക്കിടയ്ക്ക് കിട്ടുന്ന ചില പ്രോജക്ടുകള്‍ ചെയ്തു കിട്ടുന്ന പൈസ കൊണ്ടായിരുന്നു അന്ന് നമ്മുടെ ജീവിതം. ഒരു പൊറോട്ട വാങ്ങി നാലായി കീറി ഓസിനു കിട്ടുന്ന ഗ്രേവിയില്‍ മുക്കി കഴിച്ചിരുന്ന  അക്കാലം ഓര്‍ക്കുമ്പോ ഇന്നും മനസ്സ് നിറയും. എന്നാല്‍ പിന്നെ ഇത് പല മടങ്ങ്‌ വര്‍ധിച്ചിട്ടും അങ്ങനത്തെ ഒരു സന്തോഷം എന്താ ഉണ്ടാവാത്തത് എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.  കാരണവും എനിക്കറിയാം. എന്റെ ആഗ്രഹങ്ങളും അത് പോലെ തന്നെ വര്‍ധിച്ചിരിക്കുന്നു. ഒന്ന് തീരുമ്പോ അടുത്തത്. സോഫ്റ്റ്‌വെയര്‍ ഫീല്‍ഡില്‍ ഇത് വളരെ കോമണ്‍ ആണ്. അടുത്ത ഹൈക്കിനെ പറ്റി ആലോചിച്ചു കൊണ്ടാണ് ഓരോ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറും ജീവിക്കുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ജോലിക്ക് കയറുമ്പോള്‍ തന്നെ കിട്ടുന്ന മികച്ച ശമ്പളത്തോടൊപ്പം തന്നെ പണത്തോടുള്ള ആര്‍ത്തിയും വളര്‍ന്നു തുടങ്ങുന്നു. നമുക്ക് സുഖമായി ജീവിക്കാനുള്ള പണം കിട്ടുന്നുണ്ടോ എന്നല്ല മറ്റുള്ളവര്‍ക്ക് എന്നെക്കാള്‍ എത്ര കൂടുതല്‍ കിട്ടുന്നു എന്നതാണ് ഓരോരുത്തരുടെയും ചിന്ത. അത് വേണ്ടെന്നല്ല പക്ഷെ അതൊരു അത്യാഗ്രഹത്തിന്റെ രൂപത്തിലാവുന്നതാണ് നിര്‍ഭാഗ്യകരം . ഇതൊക്കെ ചിലപ്പോ എന്റെ ചിന്തയുടെ കുഴപ്പമാവാം. അതെല്ലാം ഇവിടെ കുറിച്ച് എന്നെ ഉള്ളൂ. എന്ത് പറയുന്നു ?


20 comments:

 1. വളരെ സത്യം. മൂവായിരം രൂഭായില്‍ പതിനൊന്നു കൊല്ലങ്ങള്‍ക്ക് മുമ്പ് ബംഗളൂരില്‍ തുടങ്ങീതാ ഈ അഭ്യാസം. അന്നൊക്കെ എന്ത് സന്തോഷമായിരുന്നു. ആകെയുള്ള ആഗ്രഹം ഹൈക്ക് കിട്ടുമ്പോ പിസ്സാ കഴിക്കണം എന്നതുമാത്രമായിരുന്നു.

  ReplyDelete
 2. ശരിയാ, ആഗ്രഹങ്ങള്‍ കൂടുന്നു, ജോലി കിട്ടിയപ്പോഴത്തെക്കള്‍ അഞ്ചിരട്ടി ശമ്പളം ഇന്ന് കിട്ടിയിട്ടും...

  ReplyDelete
 3. എത്ര കിട്ടിയാലും എത്ര കൊണ്ടാലും മതിവരാത്തവര്‍...

  ReplyDelete
 4. പണ്ട് ദുശാസനന്റെ ബ്ലോഗ്‌ കണ്ടു ബെര്‍ളി "പ്രജോടിദന്‍" ആയപ്പോ ദുശാസനന്‍ അങ്ങേരെ കളിയാക്കി പോസ്ട്ടിരക്കി. അതേ പോലെ ഞാന്‍ മുന്പ് എഴുതിയ What makes you happy? എന്നാ പോസ്റ്റ് മലയാളത്തില്‍ എഴുതി ഇവിടെ ഇട്ടതു ദുശാസനന്‍ എന്റെ പോസ്റ്റ് കണ്ടു പ്രജോദിടന്‍ ആയതു കൊണ്ടാണോ? അതോ തികച്ചും യാദ്രിശ്ചികാമോ?

  http://sarathgmenon.blogspot.com/2011/03/what-makes-you-happy.html

  ഇത് എന്റെ പോസ്റ്റിന്റെ ലിങ്ക് ആണ്. യാദ്രിശ്ചികം എങ്കില്‍ ഞാന്‍ ഉപയോഗിച്ച ടയിട്ടില്‍ പോലും അതെ പടി വന്നതെങ്ങനെ??

  As a regular reader of your blog, i dint expect this from you

  ReplyDelete
 5. പ്രിയ ശരത്
  സത്യമായും ഞാന്‍ നിങ്ങളുടെ പോസ്റ്റ്‌ എന്നല്ല ഒരു പോസ്റ്റ്‌ പോലും ഇതേ വരെ കോപ്പി അടിച്ചിട്ടില്ല.
  ഇങ്ങനെ ഒരു പോസ്റ്റ്‌ ശരത് എഴുതിയത് പോലും ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. ആ പോസ്റ്റില്‍ പറഞ്ഞത് പോലെ എന്റെ ഒരു സുഹൃത്തിനോട്‌ ചോദിച്ച ചില ചോദ്യങ്ങളില്‍ നിന്നാണ് ഞാന്‍ ഇതെഴുതിയത്. സ്വാഭാവികമായും ഒരു ടൈറ്റില്‍ ആലോചിച്ചപ്പോ എന്റെ ഉള്ളില്‍ വന്ന ചോദ്യം എന്തൊക്കെ കിട്ടിയാല്‍ നിങ്ങള്‍ ഹാപ്പി ആകും എന്നായിരുന്നു. വിശ്വസിക്കണമെങ്കില്‍ വിശ്വസിക്കാം. പിന്നെ. ശരത് പറഞ്ഞ പോലെ what makes you happy എന്നത് ശരത് മാത്രം ഉപയോഗിച്ച ഒന്നല്ല. ഗൂഗിള്‍ ചെയ്തു നോക്കിയാല്‍ ഈ ടൈറ്റില്‍ നൂറു തവണ കാണാം. അതും സെയിം ടോപ്പിക്ക്. ശരതോ ഞാനോ ആദ്യമായി അഡ്രസ്‌ ചെയ്ത ഒരു വിഷയമല്ല ഇത്. ഈ വിഷയത്തില്‍ എനിക്ക് തോന്നിയ ചിലത്
  ഞാന്‍ ഷെയര്‍ ചെയ്തു എന്നേ ഉള്ളൂ. ഇത് വരെ ഞാന്‍ എഴുതിയ ഒരു പോസ്റ്റ്‌ പോലും,. അതെത്ര ചവറായാലും എന്റെ സ്വന്തം രചനകള്‍ തന്നെയാണ്.
  ബെര്‍ളിയുടെ കാര്യത്തില്‍ സംഭവിച്ചത് എന്താണെന്ന് ഞാന്‍ എഴ്തുതിയിട്ടുണ്ട്. പല വട്ടം. എന്നാലും ഒരിക്കല്‍ കൂടി വിശദീകരിക്കാം.ഞാന്‍ ആ പോസ്റ്റ്‌ ഇട്ടതിന്റെ അടുത്ത ദിവസം തന്നെ അതെ തീം , അതെ ലെ ഔട്ടില്‍ എഴുതുന്നത്‌ യാദൃശ്ചികം ആണെന്ന് തോന്നുന്നുണ്ട് ?എനിക്കങ്ങനെ തോന്നിയില്ല.

  ഇനിയും വിശ്വാസമായില്ലെങ്കില്‍ എനിക്കൊന്നും പറയാനില്ല. പക്ഷെ എന്‍റെ ബ്ലോഗ്‌ തുടര്‍ന്ന് വായിക്കണം എന്നൊരാഗ്രഹം ഉണ്ട്.
  എന്‍റെ എല്ലാ വായനക്കാരെയും എനിക്ക് അത്രയ്ക്ക് ഇഷ്ടവും ബഹുമാനവും ഉണ്ട്. ഇത് വെറുതെ പറയുന്നതല്ല.ഉള്ളില്‍ തട്ടി തന്നെ പറയുന്നതാണ്.

  ReplyDelete
 6. ആക്രാന്തത്തിന് എന്തോന്ന് ബോര്‍ഡര്‍.
  സന്തോഷം ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ കാവലിലും.. :)

  ReplyDelete
 7. വളരെ നന്നായി ഈ പോസ്റ്റ്‌.. ഞാനും കാശിനെ കുറിച്ചു ആലോചിച്ചു കുറച്ചു വിഷമത്തില്‍ ആയിരുന്നു ഇന്നലെ..ഹൈക് ഒന്നുമല്ല കാര്യം.. ഉള്ള ജോലി ഇട്ടെറിഞ്ഞു MTech പഠിക്കാന്‍ പോവുകയാ .. ഇനി കുറെ നാളത്തേക്ക് ശമ്പളം ഇല്ല എന്നോര്‍ത്തപ്പോള്‍ ആകെ ഒരു ടെന്‍ഷന്‍.. ആദ്യമേ തീരുമാനിച്ചതാണ് നഷ്ടപ്പെടുത്താന്‍ പോകുന്ന ശമ്പളത്തെ പറ്റി വിഷമിക്കില്ലാന്നു.. എന്നാല് കാര്യത്തോടടുക്കുമ്പോള്‍ എന്തോ ഒരു ഇത്.. മനുഷ്യന്റെ സ്വഭാവമല്ലേ.. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ കുറച്ചു സമാധാനം തോന്നുന്നു :)

  ReplyDelete
 8. വളരെ ശരിയാണ് . ഓടിയോടി ഏഴു കടലും കടന്നു . എന്നിട്ടും ......

  ReplyDelete
 9. ശരിയാ..അടുത്ത hike നു എന്തൊക്ക ചെയ്യണമെന്നു ഇപ്പോഴെ പ്ലാന്‍ ചെയ്തു കൊണ്ടിരിക്കുകയാണ്.

  ReplyDelete
 10. പ്രിയ ദുശ്ശാസ്സനന്‍,

  ഹൈക്കിനെ പറ്റി ചിന്തിച്ച് ബേജാറാകാത്ത ചിലരെങ്കിലും സമൂഹത്തിലുണ്ട്‌.

  പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ജോലി ചെയ്തു തുടങ്ങുമ്പോള്‍ ഈയുള്ളവന്‍ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. അവ ഇന്നും പാലിക്കുന്നു.

  1. I am working to live and not living to work.

  2. I will only do what I love to do and not that which brings me more money.

  പറയുന്ന പോലെ എളുപ്പമല്ല പ്രാവര്‍ത്തികമാക്കാന്‍.

  പത്തു വര്‍ഷത്തിനുള്ളില്‍ പതിനാലു ജോലികള്‍ ചെയ്തു. ആദ്യശംബളത്തിന്റെ ഇരുപതിരട്ടിയാണിന്നത്തെ ശംബളം. എങ്കിലും ഇതു വരേയും ആരോടും ഹൈക്കിനായി ഇരന്നിട്ടില്ല. നാളെ ജോലി പോയാലോ എന്ന പേടിയും ഇല്ല.

  ശരീരത്തിനും മനസ്സിനും ആരോഗ്യവും കൈയില്‍ ഒരു സെറ്റ് ടൂള്‍സും ഉണ്ടെങ്കില്‍ ഈ എഞ്ചിനീയര്‍ ലോകത്തെവിടെയും സുഖമായി ജീവിക്കും.

  അല്ലെങ്കില്‍ നാട്ടില്‍ പോയി വെറുതേ കുത്തിയിരിക്കും. ഹല്ല പിന്നേ.

  ReplyDelete
 11. ശാലിനി : വളരെ സന്തോഷമുണ്ട് അത് കേള്‍ക്കാന്‍. എം ടെക് പഠനത്തിനു എല്ലാ ആശംസകളും നേരുന്നു. നല്ലത് പോലെ പഠിച്ചോ ട്ടാ ..അത് മര്യാദയ്ക്ക് പഠിച്ചു പാസ്സായാല്‍ ഇപ്പൊ കിട്ടുന്നതും ഇടയ്ക്ക് കിട്ടാതിരുന്നതും എല്ലാം കൂടി ചേര്‍ത്ത് കിട്ടുമല്ലോ. അങ്ങനെ ചിന്തിച്ചു നോക്ക്. അപ്പൊ വിഷമമൊന്നും വരില്ല :)

  മനു : മനുവിന്റെ ജീവിതത്തോടുള്ള സമീപനം എനിക്കിഷ്ടപ്പെട്ടു. ആ ആത്മവിശ്വാസവും. ജീവിതത്തില്‍ ഏറ്റവും വലുത് മനസമാധാനവും
  സന്തോഷവുമാണല്ലോ. നല്ലത് വരട്ടെ

  ReplyDelete
 12. ഇത് നന്നായിട്ടോ.
  ഓര്‍മ്മവരണത് 2 വര്‍ഷം മുന്നത്തെ കാര്യാണ്‌. ഞായറാഴ്ച നമുക്ക് ഇഷ്റ്റമുണ്ടേല്‍ ജോലിക്ക് പോയാമതി.
  അന്ന് പോയില്ല. ഉച്ചക്ക് എഴുന്നേറ്റ്. ആകെ 50 രൂപ. ഞങ്ങള് 2 പേരുണ്ട്. പോയി സിഖായിട്ട് ഉണ്ടു. 10 രൂപ് ബാക്കി വന്നു.
  അതെന്ത് ചെയ്യുമെന്നാലോചിച്ച് വിഷമായി. അവന്‍ സിഗരറ്റ് വാങ്ങി. എനിക്ക് 2 മിട്ടായി. അതും ഞങ്ങ:ള്‍ സുഖായി വീട്ടിലേക്ക് പോയി.
  അത്താഴത്തിനുള്ളത് ബാക്കി കൂടെ താമസിക്കൂന്നവന്മാര്‍ കൊണ്ടു വരും. ഫുള്‍ട്ടിഫുള്‍ ഹാപ്പി. 6 മാസത്തെ പണീകഴിഞ്ഞ് ഞാന്‍ പഠിക്കാന്‍ പോന്നു.
  പക്ഷേ ഏറ്റോം സന്തോഷം തോന്നീട്ടുള്‍ലത് പണ്ട് പെയിന്റിംഗ് പണീക്ക് നടക്കണ കാലത്ത് 10 മണീക്ക് ചായക്ക് കേറണതാണ്‌.
  ഒരു കപ്പ. ഒരു കഷണം പുട്ട്. ഒരു ബീഫ്. എല്ലാം മിക്സ് ചെയ്ത് ആവശ്യത്തിനു പച്ചവെള്ളവും കൂട്ടി ഒറ്റയടി. അത് ആശാന്റെ വകയാണ്‌ട്ടൊ.
  പഠനം തീര്‍ക്കാത്തതുകൊണ്ടാകും ഇപ്പോഴും സന്തോഷക്കുറവില്ല.

  ReplyDelete
 13. ഹായ് ഇഗ്ഗോയ് ..സത്യം പറയട്ടെ. ഇത് വായിച്ചപ്പോ പണ്ടത്തെ കാലം ഓര്‍മ വരുന്നു..
  എന്നും കട്ടന്‍ ചായ മാത്രം കുടിക്കുന്ന നമ്മളോട് അവിടത്തെ സപ്ലയര്‍ ചേട്ടന്‍ ഒരിക്കല്‍ ചോദിച്ചതാ..
  മക്കളെ എന്നാ നിങ്ങള്‍ എന്റെ കയ്യില്‍ നിന്ന് പാല് ചേര്‍ത്ത് ഒരു ചായ വാങ്ങി കുടിക്കുന്നതെന്ന്...
  അപ്പൊ ഈ അനുഭവങ്ങളൊക്കെ എനിക്ക് മാത്രമല്ല അല്ലെ.. കൊള്ളാം. ഇതൊക്കെ ഒരിക്കലെങ്കിലും
  അനുഭവിച്ചില്ലെങ്കില്‍ പിന്നെന്തു ജീവിതം അല്ലേ ?

  ReplyDelete
 14. ഇതൊക്കെ ഇത്രയില്‍ ഒന്നും എഴുതിയാല്‍ തീരാത്ത ഒരു വിഷയം ആണ്.ഇങ്ങനെ ഒരു കാര്യം ചര്‍ച്ചയിലെയ്ക്ക് കൊണ്ട് വന്ന ദുശു അഭിനന്ദനം അര്‍ഹിക്കുന്നു..പണം നിയന്ത്രിക്കുന്ന ഒരു മോഹവലയത്തില്‍ ആണ് ഇന്ന് ഓരോ മനുഷ്യനും.അത് സമൂഹത്തിലെ ഇതു തട്ടിലുള്ളവനോ ആകട്ടെ,,എത്ര കിട്ടിയാലും മതിവരാതെ പണത്തിനു പിറകെ പോയി ജീവിതം നശിച്ചു ഒടുവില്‍ സമ്പാദിച്ച പണവും അതില്‍ കൂടുതലും ചിലവാക്കിയാലും ശെരിയാകി എടുക്കാന്‍ പറ്റാത്ത ആരോഗ്യ പ്രശ്നങ്ങളും മാനസിക പ്രശനങ്ങളും ആയി ജീവിക്കുന്നു നിരവധി ആളുകള്‍..

  ReplyDelete
 15. അത് ശരിയാണ് സുനീര്‍. ഇത് തീര്‍ച്ചയായും വിശദമായി എഴുതേണ്ട ഒരു ടോപ്പിക്ക് തന്നെയാണ്. ശരത് മേനോന്‍ എഴുതിയ ഒരു പോസ്റ്റ്‌ ഉണ്ട്
  http://sarathgmenon.blogspot.com/2011/03/what-makes-you-happy.html
  അത് വായിച്ചു നോക്കൂ. പുള്ളി മനോഹരമായി ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. ഞാന്‍ അത് നോക്കി കോപ്പി അടിച്ചുന്നൊക്കെ ശരത് പറഞ്ഞെങ്കിലും :)

  ReplyDelete
 16. കോപ്പി അടിച്ചു എന്നൊന്നും പറഞ്ഞില്ല. ആദ്യം കണ്ടപ്പോ ബെര്‍ളിയെ പോലെ പ്രജോദിദാന്‍ ആയതാണോ എന്ന് സംശയിച്ചു. അങ്ങനെ അല്ല എന്ന് ദുശാസനന്‍ പറഞ്ഞപ്പോ ഞാന്‍ അത് വിട്ടു

  ReplyDelete
 17. വളരെ നന്ദി ശരത്. എന്തായാലും ശരത്തിന്റെ പോസ്റ്റ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതില്‍ പറഞ്ഞ അതേ സ്വഭാവമുള്ള കുറെ
  കഥാപാത്രങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. ചത്ത്‌ ജീവിക്കുന്ന മനുഷ്യര്‍. എന്തിനാണ് നമ്മള്‍ ജീവിക്കുന്നതെന്ന് അവരോടു ഒരു ചോദ്യം
  ചോദിച്ചു നോക്കിയാലറിയാം ഇതിന്റെ ഒക്കെ പൊള്ളത്തരം

  ReplyDelete
 18. Truely said... Baijuvinte oru Sharing kand kazhinja aazcha muthal aanu eyalde post vayikkan thudangiyath ... almost complete aayi :)

  ReplyDelete