2012, മേയ് 23, ബുധനാഴ്‌ച

ഒരു വധവും പ്രതികരിക്കാന്‍ വിധിക്കപ്പെട്ടവരും



     ചന്ദ്രശേഖരന്‍ വധത്തിനെ പറ്റി ലാല്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ നമ്മുടെ നാട്ടിലെ ജനങ്ങള്‍ ആഞ്ഞടിക്കുന്നത് ഇന്നലെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ കാഴ്ചയായിരുന്നു. ഇതേ സംഭവത്തില്‍ താനോ സുഗതകുമാരിയോ മിണ്ടാതിരുന്നത് പ്രതികരിക്കാനുള്ള ഭയം കൊണ്ടാല്ലെന്നോ മറ്റോ ശ്രീ ഓ എന്‍ വി കുറുപ്പ് ഇന്നലെ ടി വിയില്‍ സംസാരിക്കുന്നതു കണ്ടു. കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്നത് അവരുടെ കള്ളത്തരം ആണെന്ന മട്ടിലും കുറെ അഭിപ്രായങ്ങള്‍ കേട്ടു.

      ഇത്രയും കണ്ടപ്പോള്‍ എനിക്കൊരു സംശയം. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍ വേണ്ടി ഒരു ഗ്രൂപ്പ്‌ ഉണ്ടോ ? എന്ത് കാര്യം ഉണ്ടായാലും സാംസ്കാരിക നായകന്മാര്‍ പ്രതികരിച്ചിരിക്കണം എന്ന  നിയമം ആരുണ്ടാക്കി ? എന്ത് കാര്യത്തിനും മറ്റുള്ളവരുടെ മേല്‍ കുറ്റം ചാരി രക്ഷപ്പെടുന്ന ശരാശരി മലയാളിയുടെ മനശാസ്ത്രമാണ് ഇവിടെ വെളിവാകുന്നത്. മുഖത്ത് ഒട്ടനവധി വെട്ടേറ്റു ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു സാധാരണക്കാരന് ഉണ്ടാവുന്ന ഭയപ്പാടു മാത്രമേ ലാല്‍ എഴുതിയ കുറിപ്പില്‍ എനിക്ക് കാണാന്‍ സാധിക്കുന്നുള്ളൂ. തന്റെ വേവലാതിയുടെ അവസാനം നമ്മുടെ നാട് ഇങ്ങനെ പേടിപ്പിക്കുന്ന ഒരു സ്ഥലമായി മാറിയോ എന്ന ആശങ്ക അദ്ദേഹം പങ്കു വയ്ക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ ഇത് വായിച്ചു നോക്കൂ. 





      മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മിണ്ടാതിരുന്ന ഒരാള്‍ ഈ പറയുന്നത് വെറും കള്ളത്തരമല്ലേ എന്ന് ചില പ്രതികരണങ്ങള്‍ കണ്ടു. സ്വന്തം ചേട്ടന്‍ പ്യാരിലാലിന്റെ സ്വത്തു അടിച്ചു മാറ്റാന്‍ ശ്രമിച്ച നരാധമന്‍ ലാല്‍ ഇങ്ങനെ പറയരുത് എന്നൊക്കെ അഴീക്കോടിനെ മുന്‍ നിര്‍ത്തി പ്രതികരിച്ചവരും ഉണ്ട്. ഇതൊക്കെ നമ്മുടെ ഹിപ്പോക്രസി മാത്രമാണ്. സ്വന്തം വികാരം ലാല്‍ തുറന്നു പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.സത്യത്തില്‍ ചന്ദ്രശേഖരന്‍ വധത്തില്‍ ഏറ്റവും മനുഷ്യത്വ രഹിതമായ പ്രതികരണങ്ങള്‍ ഉണ്ടായത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്നാണ്. മരിച്ചു പോയ ആ മനുഷ്യന്‍ വെറും കുലംകുത്തി മാത്രം ആണ് എന്ന് പറയണമെങ്കില്‍ അദ്ദേഹത്തിന്റെ ചിന്ത എങ്ങനെയാണ് പോകുന്നതെന്ന് കൂടി നോക്കണം. പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത ആയിരിക്കാം ഒരുപക്ഷെ ഇങ്ങനെ പറയിക്കുന്നത്. പക്ഷെ ആ വാചകങ്ങളിലെ ക്രൂരതയെ പറ്റിഎന്തുകൊണ്ട് മുകളില്‍ പറഞ്ഞവര്‍ ആക്ഷേപിക്കുന്നില്ല ?

ഇതിന്റെ കാരണം അവര്‍ക്കറിയാം. തടി കേടാവും എന്നത് തന്നെ. മോഹന്‍ ലാല്‍ എന്ന വെറും ഒരു നടനെ പറ്റി  പറയുന്നത് പോലല്ല ഒരു രാഷ്ട്രീയ നേതാവിനെ കുറ്റപ്പെടുത്തുന്നത്.അത് പോലെ തന്നെ പാര്‍ട്ടിയിലെ പുതിയ മശീഹ ആയ അച്ചുതാനന്ദന്‍. ഈ വിഷയം കൊണ്ട് ഏറ്റവും കൂടുതല്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഒരു കള്ളനാണയം മാത്രമാണ് വി എസ. സ്വന്തം മകന്റെ കേസ് വാര്‍ത്തകളില്‍ നിന്ന് കുറച്ചു കാലത്തേക്കെങ്കിലും മാറ്റി നിര്‍ത്താനുള്ള ഒരു ശ്രമം മാത്രമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. സത്യം പറഞ്ഞാല്‍ അദ്ദേഹവുമായി താരതമ്യം ചെയ്‌താല്‍ പിണറായി ആണ് മാന്യന്‍. സ്വന്തം അഭിപ്രായം,അതെത്ര ക്രൂരമായാലും തുറന്നു പറയാന്‍ അദ്ദേഹം മടിച്ചില്ല. ഫേസ് ബുക്കില്‍ ഇത് പോലുള്ള അനവധി സഖാക്കള്‍ രാഷ്ട്രീയം പറയുന്നതും കണ്ടു. അതി ക്രൂരമായ ഒരു കൊലയെ പറ്റിയുള്ള ഒരു സാധാരണ മലയാളിയുടെ ചിന്തകളും ആശങ്കകളും ഞെട്ടലും ഒക്കെ തന്നെയാണ് ലാല്‍ പ്രകടിപ്പിച്ചിരിക്കുന്നത്. അത് മറ്റാരുടെ പ്രതികരണത്തെക്കാളും മുകളില്‍ തന്നെയാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍.

9 അഭിപ്രായങ്ങൾ:

  1. I completely agree with your observations. Lalettan just shared his thoughts over the incident as any normal person with good deeds would react. Thanks

    മറുപടിഇല്ലാതാക്കൂ
  2. സഖാവ്. ചന്ദ്രശേഖരന്‍ നിഷ്ടൂരമായി കൊല്ലപ്പെട്ടു. അദ്ദേഹത്തിന്‍റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കു ഉണ്ടോ ഇല്ലയോ എന്നത് വേറെ വിഷയം. ഇന്നലെ വരെ സഖാവേ എന്ന് വിളിച്ചു നടന്ന ശ്രീ. ചന്ദ്രശേഖരന്റെ മരണം സംബന്ധിച്ച് സംസാരിക്കുമ്പോള്‍ ഒരു വൈരാഗ്യത്തിന്റെ ലക്ഷണം പലരിലും വ്യക്തമാകുന്നു. ഇവിടെ രാഷ്ട്രീയ പകപോക്കല്‍ അരങ്ങേറുമ്പോള്‍ ഒരു കുടുംബം അനാഥമായാതിന്റെ മാനുഷീക വിഷമത പോലും പ്രകടിപ്പിക്കുവാന്‍ മറക്കുന്നതിന്റെ കാരണം ആണ് മനസിലാകാത്തത്. നഷ്ടം ചന്ദ്രശേഖരന്റെ കുടുംബത്തിനു മാത്രം.

    മറുപടിഇല്ലാതാക്കൂ
  3. മിണ്ടിയാലും കുറ്റം മിണ്ടിയില്ലെങ്കിലും കുറ്റം

    മറുപടിഇല്ലാതാക്കൂ
  4. ഈ പറഞ്ഞ വിഷയത്തില്‍ ഞാനും ഒന്ന് പ്രതികരിച്ചായിരിന്നു......http://manassilthonniyathu.blogspot.in/2012/05/blog-post_22.html

    മറുപടിഇല്ലാതാക്കൂ
  5. "സാധാരണ മലയാളിയുടെ ചിന്തകളും,ആശങ്കകളും ഞെട്ടലും................."

    മറുപടിഇല്ലാതാക്കൂ
  6. why Lal did not has a view like this for Mullaperiyar issue? of course he has balls to say for this issue... my point is, സ്വന്തം കഞ്ഞിയില്‍ കല്ലിടാന്‍ ആരും തയ്യാറല്ലാ... ലാലിന്റെ ഈ കത്തിനെ അഭിനന്ദിക്കുയും ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ലാല്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മിണ്ടാതിരുന്നിട്ടു ഇങ്ങനെ ഒരവസരം വന്നപ്പോള്‍ പ്രതികരിച്ചു നല്ലവനാകാന്‍ നോക്കി എന്ന് തോന്നുന്നില്ല. അമ്മയുടെ അടുത്ത് ചെലവഴിച്ച നിമിഷങ്ങളില്‍ കടന്നു വന്ന ചില ചിന്തകള്‍ മാത്രം അദ്ദേഹം പരാമര്‍ശിച്ചു എന്നേ ഉള്ളൂ.

      ഇല്ലാതാക്കൂ
  7. കേരളത്തിലരങ്ങേറുന്ന അക്രമങ്ങള്ക്ക് പിന്നില് മോഹന്ലാല് അഭിനയിച്ച കഥാപാത്രങ്ങള് പ്രചോദനമായി എന്നു പറയുന്നത് അത്യന്തം ബാലിശമായ വാദമാണ്.ദൃശ്യമാധ്യമങ്ങള്ക്ക് അത്രയും സ്വാധീനമുണ്ടായിരുന്നെങ്കില് രാമായണം സീരിയല് കണ്ട് ഇന്ത്യയൊന്നടങ്കം രാമരാജ്യവും അവിഹിതഗര്ഭകഥാസന്ദര്ഭങ്ങള് നിറഞ്ഞ കേരളത്തിലെ മെഗാസീരിയലുകള് കണ്ട് കേരളത്തിലെ മൊത്തം ഗര്ഭങ്ങളും ആ ഗണത്തില് പെടുത്തേണ്ട അവസ്ഥയും എന്നേ സംജാതമാകേണ്ടതായിരുന്നു.

    മറുപടിഇല്ലാതാക്കൂ