ഇപ്പോഴത്തെ ഏറ്റവും വലിയ വിവാദ വിഷയമാണല്ലോ ഇ-മെയില്‍ ചോര്‍ത്തല്‍. മുസ്ലീങ്ങളെ തെരഞ്ഞു പിടിച്ചു അവരുടെ സ്വകാര്യതയിലേക്ക് കയറാന്‍ ഭരണകൂടം ശ്രമിച്ചു എന്ന വാദമുയര്‍ത്തി വിവാദം സൃഷ്ടിച്ചത് മാധ്യമം വരികയാണ്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് അവര്‍ ഈ ലിസ്റ്റില്‍ ഉള്ള അമുസ്ലീങ്ങളുടെ പേരും പ്രസിദ്ധീകരിച്ചു. അങ്ങനെ ഈ ലിസ്റ്റില്‍ മുസ്ലീങ്ങള്‍ അല്ലാത്തവരും ഉണ്ടെന്നു ലോകം അറിഞ്ഞു. പക്ഷെ മാധ്യമം അവരുടെ പ്രാഥമിക വാദത്തില്‍ നിന്ന് തരിമ്പും പിന്നോട്ട് പോയിട്ടില്ല. കൈരളി പീപ്പിള്‍ ഇന്നലെ നടത്തിയ ഒരു ഫോണ്‍ ഇന്‍ അഭിമുഖത്തില്‍ മാധ്യമം എഡിറ്റര്‍ തന്നെ തുറന്നു പറഞ്ഞു ഈ സമുദായത്തെ ഇപ്പോഴും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ലോകം ശ്രമിക്കുന്നുവെന്നും ഭരണകൂടം പൌരന്റെ ( അദ്ദേഹം ഉപയോഗിച്ചത് മുസ്ലീങ്ങളുടെ എന്നാണു ) സ്വകാര്യതയിലേയ്ക്ക് കടന്നു കയറാന്‍ ശ്രമിക്കുന്നതെന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം എന്നും മറ്റും. ഈ പരിപാടിയില്‍ പങ്കെടുത്ത സണ്ണിക്കുട്ടി എബ്രഹാം യാഥാര്‍ത്ഥ്യ ബോധത്തോടെ ഇതിനെ കാണണമെന്നും മറ്റും വാദിച്ചെങ്കിലും കൈരളിയുടെ രാഷ്ട്രീയ ചായ്‌വ് പ്രകടമാകും വിധം മോഡറേറ്റര്‍ ആയ ലാല്‍ ശബ്ദമുയര്‍ത്തുന്നത് കണ്ടു. ആര്യാടന്‍ മുഹമ്മദും ഇതില്‍ ഇടപെട്ടു തന്റെ സാക്ഷരത പ്രകടിപ്പിച്ചു. തികച്ചും രാഷ്ട്രീയമായാണ് ഈ സംഭവം കൈകാര്യം ചെയ്യപ്പെടുന്നത് എന്നത് നമ്മുടെ ജനങ്ങളുടെ കൂടി കഴിവുകേടാണ്. മാത്രമല്ല എന്തുകൊണ്ട് നമ്മുടെ സ്വകാര്യതയിലേക്ക് ഭരണകൂടം എത്തി നോക്കുന്നു എന്ന് കൂടി ചിന്തിക്കണം. ഇതിന്റെ ധാര്‍മികത എന്ന് പറയപ്പെടുന്നത് ശരിക്കും എന്താണ് ? ഈ അവസരത്തില്‍ നമ്മുടെ സ്വകാര്യതയുടെ അതിര്‍ വരമ്പുകളുടെ അര്‍ഥം എന്താണെന്ന് ഒരു പുനര്‍ വായന നടത്തുകയാണിവിടെ.
ഇന്റെര്‍നെറ്റിന്റെ സുതാര്യത -
മിക്കപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട് , ഫോട്ടോയില്‍ കൃത്രിമം കാട്ടി ബ്ലാക്ക് മെയില്‍ ചെയ്യുന്ന കഥകള്‍. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ വരവോടു കൂടി ഒരു ഓണ്‍ലൈന്‍ ഐഡന്റിറ്റി ഇല്ലാത്ത ആളുകള്‍ ചുരുക്കമാണെന്നു പറയാം. ഫേസ്‌ബുക്ക് , ട്വിറ്റെര്‍ മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന വ്യക്തിപരമായ വിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് പലപ്പോഴും ആരും ചിന്തിക്കാറില്ല. ഒരാളുടെ പേരോ ഇമെയില്‍ ഐ ഡിയോ കിട്ടിയാല്‍ അത് വച്ച് നിങ്ങള്‍ക്ക് തന്നെ ഒരു സെര്‍ച്ച് നടത്തി നോക്കാവുന്നതാണ്. എന്തിനധികം പോകുന്നു. നിങ്ങളുടെ സ്വന്തം ഇമെയില്‍ ഐ ഡി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു നോക്കൂ. നിങ്ങള്‍ അതില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍, ഫോണ്‍ നമ്പര്‍, നിങ്ങളുടെ സുഹൃത്തുക്കളുടെ വിവരങ്ങള്‍ മുതലായവ ഉപയോഗിച്ച് social network analysis നടത്തുന്നത് ഇക്കാലത്ത് വളരെ സാധാരണമാണ്. നിങ്ങളെ ജോലിക്കെടുക്കുന്ന കമ്പനികള്‍ തുടങ്ങി പ്രതിശ്രുത വരനെയോ വധുവിനെ പറ്റിയോ ഉള്ള വിവരങ്ങള്‍ അറിയാന്‍ സാധാരണക്കാര്‍ വരെ ഇന്ന് ഇത് ഉപയോഗിക്കുന്നുണ്ട്. മാട്രിമോണി സൈറ്റില്‍ ദാവണിയും മുല്ലപ്പൂവും അണിഞ്ഞു നിന്ന സുന്ദരിയുടെ ഓണ്‍ലൈന്‍ പ്രൊഫൈല്‍ കണ്ടു ഞെട്ടി ആ കല്യാണ ആലോചന തന്നെ വേണ്ടെന്നു വച്ച ഒരു സുഹൃത്തിനെ എനിക്കറിയാം. ഇങ്ങനെ എന്ത് സംഭവം ഉണ്ടായാലും എല്ലാവരും ഇന്റര്‍നെറ്റിനെ കുറ്റപ്പെടുത്തുന്നതല്ലാതെ എന്തുകൊണ്ട് അത് സംഭവിച്ചു എന്ന് ചിന്തിക്കില്ല. ഇപ്പറയുന്ന മിക്ക സൈറ്റുകളിലും privacy settings ഉണ്ട്. അത് മര്യാദയ്ക്ക് സെറ്റ് ചെയ്തു വച്ചാല്‍ തീരുന്നതാണ് സാധാരണ പ്രശ്നങ്ങള്‍ ഒക്കെ. അല്ലെങ്കില്‍ പിന്നെ ആരെങ്കിലും നിങ്ങളുടെ വിവരങ്ങള്‍ കണ്ടു പിടിക്കാന്‍ വേണ്ടി ആ അക്കൗണ്ട് ഹാക്ക് ചെയ്യണം. സാധാരണഗതിയില്‍ ആരും ആ ലെവല്‍ വേറെ പോകില്ല. ഇനി അങ്ങനെയാണെങ്കില്‍ തന്നെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അവിടെ സേവ് ചെയ്തു വയ്ക്കാതിരുന്നാല്‍ പോരെ. മറ്റു ചില രീതിയിലുള്ള തട്ടിപ്പുകള്‍ നിങ്ങളുടെ തന്നെ ശ്രദ്ധയില്ലായ്മ കൊണ്ടുണ്ടാവുന്നതാണ്. phishing എന്ന് വിളിക്കപ്പെടുന്ന പരിപാടികള്‍ ഉണ്ട്. അതായതു നിങ്ങള്‍ക്ക് നിങ്ങളുടെ ബാങ്കില്‍ നിന്ന് വന്നതെന്ന് തോന്നിപ്പിക്കുന്ന വിധം മെയിലുകള്‍ ലഭിക്കും. പെട്ടെന്ന് തന്നെ ഓണ്‍ലൈന്‍ അക്കൗണ്ട് ലോഗിന്‍ ഡീറ്റയില്‍സ് അയച്ചു കൊടുത്തില്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും പറഞ്ഞും മറ്റും പറഞ്ഞു മെയില്‍ കാണുമ്പോ നിങ്ങള്‍ എടുത്ത് ചാടി അതെല്ലാം അയച്ചു കൊടുത്താല്‍ പണി കിട്ടുമെന്ന് തീര്‍ച്ച. ഏറ്റവും സാധാരണ രണ്ടു ഉദാഹരണങ്ങള്‍ കാണൂ. ജിമെയില്‍ / ഫേസ്‌ബുക്ക് എന്നിവ തരുന്ന രണ്ടു ഫീച്ചറുകള്‍.
നിങ്ങള്‍ അവസാനം മെയില്‍ ചെക്ക് ചെയ്തത്തിന്റെ വിവരങ്ങള്‍ നിങ്ങളുടെ ജിമെയില്‍ അക്കൌണ്ടില്‍ തന്നെ കാണാന്‍ സാധിക്കും
വേറെ ആരെങ്കിലും നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഉപയോഗിച്ചാല്‍ അറിയാനുള്ള വഴി.
Surveillance എന്ന് വച്ചാല്‍
ഇതാണല്ലോ നമ്മുടെ പ്രധാന വിഷയം. നിങ്ങളുടെ വീട്ടിന്റെ സ്വകാര്യതയിലിരുന്നു നടത്തുന്ന ഇന്റര്‍നെറ്റ് ഇടപാടുകള്‍ എല്ലാം സുരക്ഷിതമാണെന്നാണോ നിങ്ങളുടെ വിചാരം ? തീര്‍ച്ചയായും അല്ല. സത്യം പറഞ്ഞാല്‍ ഭൌതികമായി നടക്കുന്ന സംഗതികളെക്കാള്‍ കൃത്യമായി ഇലക്ട്രോണിക് ട്രേസുകള്‍ എല്ലാത്തിന്റെയും തെളിവുകള്‍ സൂക്ഷിക്കുന്നുണ്ട്. നിങ്ങള്‍ ഇന്റര്‍നെറ്റില്‍ ഏതൊക്കെ വെബ് സൈറ്റുകള്‍ കണ്ടു, എത്ര നേരം ചിലവഴിച്ചു , അതില്‍ അശ്ലീല സൈറ്റുകള്‍ ഉണ്ടോ ? ബാങ്കിംഗ് ട്രാന്‍സാക്ഷനുകള്‍ നടത്തിയോ ഇല്ലയോ എന്നിങ്ങനെ നൂറു നൂറു കാര്യങ്ങള്‍ നിങ്ങളറിയാതെ റെക്കോര്‍ഡ് ആകുന്നുണ്ട്. നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനം തരുന്ന ദാതാവിന്റെ പക്കല്‍ എല്ലാത്തിനും ഉള്ള രേഖകള്‍ ഉണ്ടാവും. സത്യം പറഞ്ഞാല്‍ ഓണ്‍ലൈന്‍ ആയി നിങ്ങള്‍ നടത്തുന്ന മിക്ക ഇടപാടുകളും ഇപ്പോള്‍ തന്നെ ട്രാക്ക് ചെയ്യപ്പെടുന്നുണ്ട്. സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലിക്ക് എടുക്കുമ്പോള്‍ നിങ്ങളുടെ ബാക്ക്ഗ്രൌണ്ട് വെരിഫിക്കേഷന്റെ ഭാഗമായി ഇപ്പോള്‍ തന്നെ നിങ്ങളുടെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്രൊഫൈല്‍ ഒക്കെ ചെക്ക് ചെയ്യുന്നത് സാധാരണയാണ്. നിങ്ങള്‍ പോകുന്ന പൊതു സ്ഥലങ്ങള്‍ മിക്കതും ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ഷോപ്പിംഗ് മാളുകള്‍ , തീയറ്ററുകള്‍ , തുടങ്ങിയവയും. മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകള്‍ എല്ലാം ചോര്‍ത്തല്‍ ഉപകരണങ്ങള്‍ ഉള്ളതാണ്. GPS സേവനങ്ങള്‍ വഴി ഒരാള്‍ ഇപ്പൊ എവിടെയാണുള്ളത് എന്നറിയാന്‍ സാധാരണ android ഫോണുകളില്‍ തന്നെ സാധ്യമാണ്. ഗൂഗിള്‍ നല്‍കുന്ന Lattitude എന്ന സൌജന്യ സേവനം വഴിയാണിത്. സാങ്കേതിക വിദ്യ ഭരണ നിര്‍വഹണത്തിന് ഉപയോഗിക്കുന്ന അമേരിക്കയില്‍ ഒരു പൌരന്റെ മിക്ക വിവരങ്ങളും സുതാര്യമാണ്. നികുതി ഇടപാടുകള്‍ നിരീക്ഷിക്കാന്‍ വേണ്ടി വിഭാവനം ചെയ്ത SSN അഥവാ Social Security Number എന്ന ഒരു ഒന്‍പതക്ക നമ്പര്‍ ഉപയോഗിച്ച്സര്‍ക്കാര്‍ ഇപ്പോള്‍ ഒരു പൌരന്റെ എല്ലാ സാമ്പത്തിക, തൊഴില്‍, ബിസിനസ് തുടങ്ങി ഒട്ടു മിക്ക ഇടപാടുകളും ട്രാക്ക് ചെയ്യുന്നുണ്ട്. മാത്രമല്ല എഫ് ബി ഐ നയിക്കുന്ന ഒരു massive profiling project ഇപ്പൊ തന്നെ നിലവിലുണ്ട്.
ഇനി ഒളിഞ്ഞു നോട്ടത്തിന്റെ ധാര്‍മികതയെ(?) പറ്റി
ഒളിഞ്ഞു നോട്ടത്തിന്റെ ധാര്‍മികതയെ പറ്റിയാണ് ഇപ്പൊ ചര്‍ച്ച നടക്കുന്നത്. മാത്രമല്ല ഒരു സമുദായത്തെ മാത്രം ഉന്നം വച്ചുകൊണ്ട് നീക്കങ്ങള്‍ നടക്കുന്നു എന്നും മറ്റുമുള്ള രീതിയിലേക്ക് ഇപ്പൊ ഉണ്ടായ ഈ പ്രശ്നം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ലോകത്ത് മിക്ക ഭീകര സംഭവങ്ങളിലും മുസ്ലീം സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന് ആ സമുദായത്തിലെ ഭൂരിഭാഗം വരുന്നവര്‍ക്കും ഉള്ള ധാരണയെ ഉറപ്പിക്കാന്‍ മാത്രമേ ഈ സംഭവം ഉപകരിച്ചുള്ളൂ. മാധ്യമം പത്രത്തില്‍ ഇതിനെ പറ്റി വന്ന വാര്‍ത്തകളില്‍ വായനക്കാര്‍ പോസ്റ്റ് ചെയ്ത കമന്റുകള്‍ വായിച്ചാല്‍ അവരുടെ ആശങ്ക നമുക്ക് ബോധ്യമാകും. ഇതൊഴിച്ചു നിര്‍ത്തിയാല്‍ ഇത്തരം ഒരു വിവാദം ഉണ്ടാക്കാന്‍ വേണ്ടിയുള്ള ഒരു സംഭവം നടന്നിട്ടില്ല എന്നതാണ് സത്യം. എന്തുകൊണ്ട് ഇന്റെലിജെന്‍സ് വിഭാഗം ഈ ഇമെയില്‍ ഐ ഡി കളെ പറ്റി അന്വേഷണം നടത്തുന്നു എന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി അവര്‍ക്ക് ഇത്തരം രേഖകള്‍ പരിശോധിക്കാം. കൊലപാതകങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായി ഇപ്പോള്‍ പോലീസ് മൊബൈല്‍ രേഖകള്‍ പരിശോധിക്കുന്നത് ഓര്‍മിക്കുക. ഒരാളുടെ digital traces പരിശോധിക്കുന്നത് ലോകത്തെ ആദ്യത്തെ സംഭവമൊന്നുമല്ല. നമ്മുടെ നാട്ടില്‍ ഇതൊക്കെ ഒരു വാര്‍ത്ത ആയേക്കും. കാരണം നാട്ടിലെ ഒരു പൌരന്റെ എക്സിസ്ടന്‍സ് ഉറപ്പായും അടയാളപ്പെടുത്താന്‍ പറ്റിയ ഒരു സിസ്റ്റം ഉള്ള നാട്ടിലല്ല നമ്മള്‍ ജീവിക്കുന്നത്. രാഷ്ട്രത്തിന്റെ കാനേഷുമാരി കണക്കുകളില്‍ ഒരിക്കലും വരാതെ ജനിച്ചു, തെരുവോരത്ത് പട്ടിയെ പോലെ ജീവിച്ചു മരിക്കുന്ന ഒട്ടനവധി അജ്ഞാത ജന്മങ്ങള്‍ അലഞ്ഞു തിരിയുന്ന നാടാണ് ഭാരതം. അവരെ കണക്കില്‍ പെടുത്താനുള്ള ഒരു നടപടിയാണ് ആധാര്‍ എന്ന പേരില്‍ ഇവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ അതും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ചാപ്പ കുത്താനുള്ള ശ്രമമാണെന്ന് അച്ചുതാനന്ദന്‍ അടക്കമുള്ളവര്‍ ആരോപിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പറയുന്നവര്‍ ചൈനയില്‍ എന്താണ് നടക്കുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ എന്തോ. മാത്രമല്ല, ഇങ്ങനെ എല്ലാത്തിനും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ആരും പകരം എന്ത് നടപ്പിലാക്കണം എന്ന് പറയുന്നില്ല എന്നതാണ് ലജ്ജാവഹം. നമ്മുടെ നാട്ടില്‍ തെളിയിക്കപ്പെടാതെ കിടക്കുന്ന പല കുറ്റകൃത്യങ്ങളും ഉണ്ടാവാന്‍ കാരണം ഇത്തരം anonymous identity ആണ്. എന്തായാലും ഈ വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ നടക്കും. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉണ്ടാവും. കാത്തിരുന്നു കാണാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ.
വാല്‍കഷണം :
അമേരിക്കയില്‍ വര്‍ഷങ്ങളോളം ഉണ്ടായിരുന്ന ഒരു സുഹൃത്ത് പറഞ്ഞ കഥയാണ്. പുള്ളിയും മൂന്നു നാല് സുഹൃത്തുക്കളും കൂടി വൈറ്റ് ഹൌസ് കാണാന്‍ പോയി. പോകുന്ന വഴി മൂക്കറ്റം വെള്ളമടിച്ചു പാതിരാത്രി വാഷിംഗ്‌ടണില്‍ കാറില്‍ കറങ്ങി നടന്ന അവരെ പോലീസ് പിടിച്ചു. കാബ് ഡ്രൈവറും കോ ഡ്രൈവറും ഒഴിച്ച് എല്ലാവരും വെള്ളം. പക്ഷെ പോലീസ് വിട്ടില്ല. തിരിച്ചും മറിച്ചും ചോദ്യം ചെയ്തു. ഒടുവില്‍ അവര്‍ക്ക് കാര്യം മനസ്സിലായി. വണ്ടി വിട്ടോളാന്‍ പറഞ്ഞു. എല്ലാവനും അകത്തു കയറി ഡോര്‍ അടച്ചു. അപ്പോഴത കൂട്ടത്തിലുള്ള ഒരുത്തന് ഒരു സംശയം. അവന്‍ ഗ്ലാസ് താഴ്ത്തി സാറേ എന്ന് വിളിച്ചു. എന്നിട്ട് നമ്മുടെ നാട്ടില്‍ കെ പിയോട് ചോദിക്കുന്ന പോലെ ഒരു ചോദ്യം. അല്ല സാര്‍. ഈ വൈറ്റ് ഹൌസില്‍ പോകുന്ന വഴിയേതാ എന്ന്. തീര്‍ന്നില്ലേ. വീണ്ടും എല്ലാവരെയും പുറത്തിറക്കി. ഈ അര്‍ദ്ധ രാത്രി വൈറ്റ് ഹൌസ് അന്വേഷിക്കുന്നതെന്തിനാണെന്ന് നൂറു ചോദ്യം. പിന്നെ അവര്‍ക്ക് മനസ്സിലായി വെള്ളത്തിന്റെ പുറത്തു ചോദിക്കുന്നതാണെന്ന്. ഒടുവില്‍ അവരെ വെറുതെ വിട്ടു. എന്നാല്‍ കഥ ഇവിടെ അവസാനിക്കുന്നില്ല. മൂന്നു ദിവസം കഴിഞ്ഞു. രാത്രി ഒന്‍പതു മണിക്കോ മറ്റോ വീട്ടില്‍ സൊറ പറഞ്ഞിരിക്കുന്ന അവരുടെ കതകില്‍ ആരോ മുട്ടി. പുള്ളി ചെന്ന് ഡോര്‍ തുറന്നപ്പോള്‍ അതാ നില്‍ക്കുന്നു ഘടാ ഘടിയന്മാരായ നാല് തടിയന്മാര്‍. we are from FBI എന്ന് പറഞ്ഞു അവര്‍ സ്വയം പരിചയപ്പെടുത്തി. നിങ്ങള്‍ മൂന്നു ദിവസം മുമ്പ് രാത്രി വൈറ്റ് ഹൌസ് അന്വേഷിച്ചു വാഷിംഗ്‌ടണ്‍ പോയില്ലേ എന്ന് തുടങ്ങി കുറെ ചോദ്യങ്ങള്‍ ചോദിച്ചു. ഒടുവില്‍ സഹകരണത്തിന് നന്ദിയൊക്കെ പറഞ്ഞിട്ട് അവര്‍ പോയി. കുറെ വിയര്‍ത്തെങ്കിലും അവര്‍ അതുഭ്തപ്പെട്ടു പോയി. ഒരു loose end പോലും വിടാതെയുള്ള ഗംഭീര ട്രാക്കിംഗ്. നമ്മുടെ നാട്ടില്‍ ഇങ്ങനൊരു സംഗതി വന്നാലുള്ള സ്ഥിതി ഒന്ന് ചിന്തിച്ചു നോക്കൂ.
വിവാദങ്ങള്‍ മുഖവിലക്കെടുക്കാതെ പക്വതയോടെ വിഷയത്തെ സമീപിച്ചിരിക്കുന്നു. കുറച്ചുകൂടി വിശദീകരിക്കാമായിരുന്നു.
മറുപടിഇല്ലാതാക്കൂനല്ല ലേഖനം.വിവരണം നന്നായി.
മറുപടിഇല്ലാതാക്കൂഅനോണിമസ് ഐഡന്റിറ്റി ഒഴിവാക്കാനായാൽ അഴിമതിയും കുറ്റകൃത്യങ്ങളും വളരെയേറെ തടയാനാവും.
മറുപടിഇല്ലാതാക്കൂഎന്തിനാണ് ഇത്രയേറെ സ്വകാര്യത ആഗ്രഹിക്കുന്നത് ? വ്യക്തിത്വം മറച്ചുവച്ച് സമൂഹത്തിൽ മറ്റൊരു മുഖവുമായി കഴിയുന്നവർ, സമൂഹത്തിനൊത്തു ജീവിക്കാത്ത ആളുകളെ കുറ്റപ്പെടുത്തുന്ന ജനങ്ങൾ. ഇതുരണ്ടും മാറിയേതീരൂ.
എങ്ങിനെയും പിറവം ഇലക്ഷന്‍ യു ഡീ എഫ് പരാജയപ്പെട്ട് ഇവിടെ ഭരണ മാറ്റം ഉണ്ടാക്കാന്‍ ഒരു ഹിഡന്‍ അജണ്ട ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് ആ തലച്ചോറില്‍ നിന്നും ഉണ്ടാകുന്നതാണ് മുല്ലപെരിയാരും ഈ വിവാദങ്ങളും എല്ലാം തന്നെ, സാധാരണ ഗതിയില്‍ ഒരു ഡിപ്പാര്‍ ട്മെന്ടല്‍ എന്ക്വയറി ആയ കാര്യം ഒരു സഖാവ് എസ് ഐ ചോര്‍ത്തി മാധ്യമത്തിനു കൊടുത്തു അവരെ കൊണ്ട് വിവാദം ഉണ്ടാക്കിക്കുകയാണ് ഇത് ഉമ്മന്‍ ചാണ്ടിയെയും ലീഗിനെയും തെറ്റിക്കാനാണ് പ്രധാന ശ്രമം , ഇതൊന്നും മുഖ്യന്‍ അറിയേണ്ട ഒരു കാര്യവും അല്ല
മറുപടിഇല്ലാതാക്കൂഈ വിഷയത്തില്‍ വായിച്ച ഏറ്റവും പക്വമായ പോസ്റ്റ്.
മറുപടിഇല്ലാതാക്കൂഅഫിനന്ദനങ്ങളപ്പീ അഫിനന്ദനങ്ങള്‍...