Saturday, March 3, 2012

പത്തിലെത്തുമ്പൊ എട്ടിന്റെ പണി കിട്ടുമല്ലോ ചേട്ടാ     ഇന്നലെ നമ്മുടെ ഒരു സുഹൃത്ത്‌ പറഞ്ഞ കഥ കേട്ടപ്പോഴാണ് ഈ ഓര്‍മ്മകള്‍ മനസ്സിലേക്ക് തികട്ടി വന്നത്. ഇപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്ന പുള്ളിക്കാരി ഇന്നലെ ആകെ ഡൌണ്‍. എന്ത് പറ്റിയെന്നു ചോദിച്ചപ്പോഴല്ലെ കാര്യം പിടി കിട്ടിയത്. അവളുടെ മൂത്ത കുട്ടിയുടെ പരീക്ഷയാണത്രെ. എല്‍ കെ ജി യില്‍ പഠിക്കുന്ന കുട്ടിയാണ്. കൊച്ചു ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാ പിതാക്കളുടെ കഥ നമ്മള്‍ ഒരുപാടു കേട്ടിട്ടുണ്ട്. പക്ഷെ എന്തുകൊണ്ടാണ് അവര്‍ ഇത്രയും ചിന്താകുലരാവുന്നത് എന്ന് ഇന്നലെയാണ് സത്യം പറഞ്ഞാല്‍ എനിക്ക് പിടി കിട്ടിയത്. പെണ്ണും പിടക്കോഴിയും ഒന്നുമില്ലാത്ത എനിക്ക് ഇതൊന്നും ഒരു പ്രശ്നമല്ല എന്നൊക്കെ കവിത പറഞ്ഞെങ്കിലും ഇതിന്റെയൊക്കെ യഥാര്‍ത്ഥ ചിത്രം പറഞ്ഞപ്പോഴാണ് സംഗതിയുടെ ഗൌരവം മനസ്സിലായത്‌. ഈ പറയാന്‍ പോകുന്നത് ബാംഗ്ലൂരിലെ കാര്യങ്ങളാണെങ്കിലും കൊച്ചിയിലും തിരുവനന്തപുരത്തും സ്ഥിതി വ്യത്യസ്തമല്ല എന്നാണു കേട്ടത്.


     ഇപ്പോഴൊക്കെ കുട്ടി സംസാരിച്ചു തുടങ്ങിയാല്‍ ഉടന്‍ തന്നെ പ്ലേ സ്കൂളില്‍ വിടുമല്ലോ. ഒരു വിധം നല്ല പ്ലേ സ്കൂളില്‍ ഒക്കെ കുറഞ്ഞത്‌ നാല്‍പതിനായിരം വാര്‍ഷിക ഫീസ്‌ കൊടുക്കണം. ചാത്തന്‍ പ്ലേ സ്കൂളില്‍ ഒക്കെ ഒരു ഇരുപതിനായിരം - ഇരുപത്തയ്യായിരം വരെ കുറയും. ഇത് കൂടാതെ ഇവിടത്തെ സോഫ്റ്റ്‌വെയര്‍ പാര്‍ക്കുകളില്‍ മിക്കതും ക്രഷുകള്‍ ഉണ്ട്. അവിടെ പ്രീമിയം ചാര്‍ജ് ആണ്. കെ ജി ക്ലാസ്സില്‍ എത്തുമ്പോള്‍ ഈ ചാര്‍ജ് എഴുപത്തയ്യായിരം മുതല്‍ ഒരു ലക്ഷം വരെ ആകും. അതില്‍ ഒരു നാല്‍പതിനായിരം മുതല്‍ അമ്പതിനായിരം വരെ ഡൊണേഷന്‍ ആയിരിക്കും. അതായത് അവിടെ ചേര്‍ന്നതിനു ശേഷം നിങ്ങള്‍ സ്കൂള്‍ മാറിയാല്‍ ഇത് തിരികെ കിട്ടില്ല. ഇനി മുകളിലത്തെ ക്ലാസ്സുകളിലേക്ക് പോകുന്തോറും ഫീസും സംഭാവനയും മറ്റും അന്തം വിട്ട രീതിയിലാണ്. രണ്ടു മൂന്നു ലക്ഷം ഒക്കെ ഫീസ്‌ വാങ്ങുന്ന സ്കൂളുകള്‍ ഇവിടെ കുറേയുണ്ട്. സ്വിമ്മിംഗ് പൂള്‍, പ്ലേ ഗ്രൌണ്ട് , എന്ന് തുടങ്ങി കുതിര സവാരി വരെ പഠിപ്പിക്കുന്ന സ്കൂളുകള്‍ ഉണ്ട്. എങ്ങനെയെങ്കിലും കടം വാങ്ങി കുട്ടിയെ അവിടെ ചേര്‍ത്ത് എന്ന് വയ്ക്കുക. ആനയെ വാങ്ങിയവന്റെ ഗതിയാവും. കാരണം കുട്ടിയുടെ ജീവിത രീതി എങ്ങനെയായിരിക്കണം , എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെ മാതാ പിതാക്കളെ സ്കൂള്‍ ഉപദേശിക്കും. എന്തിനു , സ്കൂളില്‍ വരുമ്പോള്‍ സെഡാന്‍ കാറില്‍ മാത്രമേ വരാവൂ, ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്നൊക്കെ കര്‍ശന നിര്‍ദേശങ്ങള്‍ കൊടുക്കുന്ന സ്കൂളുകളും ഉണ്ട്. അവിടത്തെ യൂണിഫോമിനു തന്നെ നല്ലൊരു തുക ചെലവാക്കേണ്ടി വരും. അമ്മയുടെയും അച്ഛന്റെയും ബാക്ക് ഗ്രൌണ്ട് ചെക്കിങ്ങും ഇന്റര്‍വ്യൂവും ഒക്കെ നടത്തുന്ന സ്കൂളുകള്‍ ധാരാളം. CBSE യും ICSE യും തുടങ്ങിയ വേര്‍തിരിവുകള്‍ വേറെ. ICSE സിലബസ് പഠിക്കുന്ന ഒരു കുട്ടിയുടെ പഠന ഭാരം എത്രയാണെന്ന് കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്. ഒരുവിധം വിദ്യാഭ്യാസമുള്ള അച്ഛനും അമ്മയ്ക്കും പോലും സഹായിച്ചു കൊടുക്കാന്‍ പറ്റാത്തത്ര കഠിനമായ വിഷയങ്ങള്‍ ആണ് പിള്ളേര്‍ പഠിക്കുന്നത് .

    എന്നാല്‍ ഇക്കാലത്ത് ഇതൊക്കെ അവഗണിക്കാനും നിങ്ങള്‍ക്ക് ധൈര്യമുണ്ടാവില്ല. എന്റെ അമ്മാവന്‍ പറയുമായിരുന്നു ഇങ്ങനത്തെ സ്കൂളില്‍ പഠിച്ചിട്ടൊന്നുമല്ല ഞാന്‍ എഞ്ചിനീയര്‍ അയതെന്നൊക്കെ. പക്ഷെ അദ്ദേഹത്തിന്റെ മക്കളെ അവിടത്തെ ഏറ്റവും നല്ല സ്കൂളില്‍ ആണ് പഠിപ്പിക്കുന്നത്‌. അമ്മാവന്റെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴത്തെ മത്സരം നിറഞ്ഞ ലോകത്ത് പിടിച്ചു നില്‍ക്കണമെങ്കില്‍ അത്യാവശ്യം മരുന്ന് ഉണ്ടായാലേ പറ്റൂ. അതുകൊണ്ട് ഒരു റിസ്ക്‌ എടുക്കാന്‍ ആരും തയ്യാറാവില്ല. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ വേറെയാണ് ഇപ്പൊ. നിങ്ങളുടെ കുട്ടിയുടെ കാര്യം വരുമ്പോള്‍ നിങ്ങളും ഇതൊക്കെ ഓര്‍ക്കുമായിരിക്കും അല്ലേ ?


വാല്‍ക്കഷണം :


അമേരിക്കയില്‍ ഉള്ള എന്റെ ഒരു സുഹൃത്ത്‌ ഉണ്ട്. അവനും ഞാനും നാട്ടിലെ സര്‍ക്കാര്‍ സ്കൂളില്‍ ഒരു ബെഞ്ചില്‍ ഇരുന്നാണ് പഠിച്ചത്. ഉച്ചക്കുള്ള ഇടവേളയില്‍ പുറത്തു പോയി ചെറിയ പെട്ടിക്കടയിലെ മാങ്ങയും നെല്ലിക്കയും ഒക്കെ  മുറിച്ചിട്ട ഉപ്പ് വെള്ളവും കുടിച്ചു, കബടിയും  കളിച്ചു ആഘോഷിച്ചു നടന്ന ഒരു ബാല്യകാലമായിരുന്നു നമ്മുടേത്‌. അതുപോലൊരു അനുഭവം തന്റെ കുട്ടിക്കും കൊടുക്കണം എന്ന് ആഗ്രഹമുണ്ടായിരുന്ന അവന്‍ നാട്ടിലേക്ക് വരാന്‍ പ്ലാന്‍ ഇട്ടു. അത് പറഞ്ഞത് കേട്ടിട്ട് അവന്റെ ഭാര്യ അവനെ തല്ലി കൊന്നില്ല എന്നേയുള്ളൂ. പുള്ളിക്കാരി റെഡ് കാര്‍ഡ്‌ കാണിച്ചത് കാരണം അവന്‍ ഇപ്പൊ ഗ്രീന്‍ കാര്‍ഡിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ് :)

15 comments:

 1. :) കാലം മാറുന്നു. ഒപ്പം കോലവും..

  ReplyDelete
 2. അതെന്തായാലും നന്നായി അമേരിക്കയിൽ കെ.ജി. മുതൽ 12 ക്ലാസ്സ് വരെ സർക്കാർ സ്കൂളിൽ പഠനം ഫ്രീയാണു. പുള്ളിക്കാരിക്കു ബുദ്ധിയുണ്ട്... നാട്ടിലാണെങ്കിൽ എത്ര ലക്ഷം ചെലവഴിക്കണം!!! അതെല്ലാം കൂട്ടി വെച്ച് ഒടുവിൽ കോളേജ് പഠനത്തിനു ചെലവഴിക്കാം :) അമേരിക്കയിൽ കുട്ടികൾക്ക് പരമ സുഖമാണു... നമ്മുടെ നാട്ടിലെ പോലെ കുത്തി ഇരുത്തി പഠിപ്പിക്കുകയും ഇല്ല... ടീച്ചർ എങ്ങാൻ ഒന്ന് കണ്ണുരുട്ടിയാൽ കുട്ടി ഉടനെ പോലീസിനെ വിളിക്കും. പിന്നെ പോലീസ് നോക്കിക്കൊള്ളും ടീച്ചറുടെ കാര്യം, രക്ഷിതാക്കളും ഈ സിറ്റുവേഷൻ നേരിടേണ്ടി വരുമെന്ന് മാത്രം :)

  ReplyDelete
 3. പാവം കുട്ടികള്‍
  നെട്ടോട്ടമോടുന്ന രക്ഷകര്‍ത്താക്കളും.

  ReplyDelete
 4. നമ്മുടെ വിദ്യാഭാസ രംഗം പണം കൂടുതല്‍ വാങ്ങുന്നതിനു മാത്രമുള്ള പരിഷ്കാരങ്ങളെ സ്വീകരിക്കുന്നുള്ളു. പഠന, ബോധന, വ്യക്തിത്വ നിലവാരം ഉയരുന്നില്ല, ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ നമ്മുടെ കുട്ടികള്‍ ഏറ്റവും പിന്നില്‍ സ്ഥാനം പിടിക്കുന്നതില്‍ നിന്നും ഇക്കാര്യം മനസിലാകാം, പഴയ കുട്ടികളെ അപേക്ഷിച്ച് ബ്രോയിലര്‍ സംസ്കാരത്തില്‍ വളരുന്ന ഇന്നത്തെ കുട്ടികള്‍ ക്മ്പ്യൂട്ടര്‍ ഗെയിമുകള്‍ക്കപ്പുറമുള്ള യധാര്‍ഥ ജീവിത പരീക്ഷകളില്‍ പലപ്പോഴും പരാജയപ്പെട്ടുപോകുന്നു.

  പണം ഉണ്ടാക്കാനുള്ള എളുപ്പ മാര്‍ഗ്ഗം എന്നതിനപ്പുറം രാജ്യപുരോഗതിയുടെ അടിസ്ഥാന ശില എന്ന നിലയില്‍ സ്കൂളുകളുടെ നടത്തിപ്പ് മാറണം, കടുത്ത ഗുണ നിലവാരം ഉറപ്പു വരുത്തണം എന്നതിനു കുട്ടികളുടെ പഠന ഭാരം വര്‍ധിപ്പിക്കണം എന്നല്ല അര്‍ഥം. സര്‍ക്കാര്‍ സാമുഹിക സേവന, രാജ്യ പുനര്‍ നിര്‍മാണ മേഘലകളില്‍ നിന്നു പിന്മാറിക്കോണ്ട് വാണിജ്യവല്‍കരണത്തിന് അരങ്ങൊരുക്കുന്നിടത്ത്. നിലവാരത്തകര്‍ച്ചയുടെയും വിവേചനത്തിന്റെയും സാമ്പത്തിക ചൂഷണത്തിന്റെയും ആരംഭം കുറിക്കുന്നു.

  ജപ്പാനിലെ കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളെ പറ്റി, സമൂഹം ഒന്നടങ്കം കുട്ടികളുടെ വ്യതിത്വ വികസന പരിശീലനങ്ങളില്‍ പങ്കാളികളാകുന്നതിനെ പറ്റി മഞ്ജു മനോജ് എന്ന ബ്ലോഗര്‍ ഏതാനും പോസ്റ്റുകളില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്

  http://manjumanoj-verutheoruswapnam.blogspot.com/2011/06/blog-post.html

  ReplyDelete
 5. കേരള സിലബസ്സിൽ ഇപ്പോൾ നടക്കുന്നത് വളരെ ഫലപ്രദമായ പഠന മുന്നേറ്റമാണെന്ന് ചൂണ്ടുവിരൽ പോലെയുള്ള ബ്ലോഗുകളിൽ നിന്ന് മനസ്സിലാക്കാവുന്നതാണു. എന്നാൽ പഠിക്കുന്നവ സാഹചര്യമനുസരിച്ച് പ്രയോജനപ്പെടുത്തുവാൻ കഴിവുണ്ടാക്കുന്ന പുതിയ രീതി രക്ഷിതാക്കളെ ഇതു പറഞ്ഞ് മനസ്സിലാക്കിക്കുവാൻ സർക്കാരിനാകുന്നില്ല, അധികാരികൾക്കും!!! സ്വന്തം കുട്ടി നല്ല നിലവാരമുള്ള സ്കൂളിൽ പഠിക്കണമെന്ന് രക്ഷിതാക്കൾ ആഗ്രഹിക്കുന്നു. അതിനാൽ എത്ര പണം മുടക്കുവാനും തയ്യാർ‌. ഇത് ചില ബിസിനസ്സ് മനസ്സുള്ളവർ മുതലെടുക്കുന്നു. ഈ ഹൈഫൈ സ്കൂളുകളിൽ പലതും നിലവാരം ഇല്ല എന്ന് നമ്മൾ അറിയുന്നുമില്ല. ഇത് ചൂണ്ടി കാണിക്കുന്ന ഒരു പരമ്പർ ചൂണ്ട്വിരൽ ബ്ലോഗിൽ വന്നിരുന്നു. http://learningpointnew.blogspot.com/2012/01/blog-post_22.html

  ReplyDelete
 6. ടെ പിന്നേം മനോജ്‌ തുടങ്ങി , എങ്ങിനെ മറുപടി പറയാതിരിക്കാന്‍ പറ്റും , ഇന്ന് സര്‍ക്കാര്‍ സ്കൂളില്‍ നിന്നും കുട്ടികള്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകാന്‍ പ്രധാന കാരണം ഗ്രേഡിംഗ് സിസ്ടവും പരിഷത്തുകാര്‍ കയറിക്കൂടി ഉണ്ടാക്കിയ പരിഷ്ക്കാരങ്ങളും ആണ് , ഗ്രേഡിങ്ങിന്റെ തലതൊട്ടപ്പന്‍ എന്നറിയപ്പെടുന്ന സുരേഷ് കുമാര്‍ ഐ ഇ എസിന്റെ മക്കള്‍ പഠിക്കുന്നതോ സെന്റ്‌ തോമസില്‍ സീ ബീ എസ സിക്കും ,ഒരു പ്രൈമറി സ്കൂള്‍ വിദ്യാര്തിയില്‍ നിന്നും നമ്മള്‍ എന്ത് പ്രതീക്ഷിക്കുന്നു അവനു നാലാം ക്ലാസ് കഴിയുമ്പോള്‍ മലയാളം അക്ഷരം എല്ലാം എഴുതാന്‍ അറിയണം എഞ്ചുവടി അറിയണം , ഇന്ന് ഉന്നത പദവിയില്‍ ഇരിക്കുന്ന ആരോട് ചോദിച്ചാലും അവരെല്ലാം ഇങ്ങിനെ പഠിച്ചു വന്നവരാണ്, പദ്യം കാണാതെ പടിക്കലും ഗ്രാമര്‍ പടിക്കലും ഒക്കെ ഇതില്‍ വരും , തല്ലു കൊല്ലുകയും ചിലപ്പോള്‍ വേണ്ടിവരും , ചൂരല്‍ കണ്ടു പേടിച്ചു തന്നെയാണ് പതിനാറു വരെയുള്ള എഞ്ചുവടി പണ്ട് മനപാഠം ആയത് , അതിന്റെ ഗുണം അപ്പോള്‍ മനസ്സിലാകില്ല പിന്നെ അറിയാം, ഇന്ന് അബാക്കസ് എന്നൊക്കെ പറഞ്ഞു ആള്‍ക്കാരെ പറ്റിച്ചും കൊന്നു കൊലവിളിച്ചും ഒന്നും ആ എഞ്ചുവടി പഠിച്ച സ്പീഡില്‍ കണക്കു ചെയ്യാന്‍ പറ്റുന്നില്ല , അഞ്ചാം ക്ലാസുമുതല്‍ ഇംഗ്ലീഷ് വരുന്നു അത് പത്താം ക്ലാസ് ആകുമ്പോഴേക്കും ഒരുവിധം എഴുതാന്‍ കഴിയുന്നു സ്പോക്കാന്‍ ഇംഗ്ലീഷ് പതുക്കെ വരും ഇതൊക്കെ ആയിരുന്നു പണ്ടത്തെ വിദ്യാഭ്യാസം.
  മര്യാദക്ക് നടന്ന ആ സമ്പ്രദായം ഗ്രേഡിംഗ് വന്നതോടെ തകര്‍ത്തു , ഒന്നും പഠിക്കണ്ട പാട്ടും പാടി തുമ്പിയേം പിടിച്ചു നടന്നാല്‍ മതി എന്നായി അതോടെ അക്ഷരം ഉറപ്പിക്കല്‍ ഇല്ലാതായി കാണാതെ ഒന്നും പഠിക്കാന്‍ പാടില്ല ഇന്നും പ്രൈമറിയില്‍ പഠിച്ച ഗാഥയും തുള്ളലും നമുക്കറിയാം അതുകൊണ്ട് എന്തെങ്കിലും കുഴപ്പം വന്നോ ഉച്ചാരണം ശരിയായതല്ലേ ഉള്ളു? ഇന്ന് കാണാതെ പഠിക്കുന്നത് ക്രിമിനല്‍ കുറ്റം കുട്ടിക്ക് ഒരു അടി കൊണ്ടാല്‍ അതില്‍ ചായം പൂശി മെട്രോ മനോരമക്ക് ഫീച്ചര്‍ ,ക ചാനലില്‍ ചര്‍ച്ച, ടീച്ചറിന് ഡിസ്മിസല്‍ , അപ്പോള്‍ ആരെങ്കിലും എന്തെങ്കിലും നിര്‍ബന്ധിക്കുമോ , പഠിക്കുകയോ കളിക്കുകയോ എന്തോ ചെയ്യ് എന്നായി വിദ്യാഭ്യാസം , പ്രൈമറിയില്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ എയിടാദ് സ്കൂളില്‍ ഒന്നും പടിപ്പിക്കാതായി , ഫലം അക്ഷരം അറിയാതെയും എഞ്ചുവടി അറിയാതെയും കുട്ടികള്‍ അഞ്ചാം ക്ലാസില്‍ എത്തി അവിടെ മുതല്‍ ഇംഗ്ലീഷും കൂടി വന്നു, പുതിയ ഗ്രേഡിംഗ് സിലബസ് അനുസരിച്ച് ഒന്‍പതാം ക്ലാസ് വരെ ഒന്നും പഠിക്കേണ്ട ഒന്‍പതില്‍ ഒരു സ്പീപ്പായ സിലബസ് മാറ്റം , കുട്ടികള്‍ക്കോ സ്പെല്ലിംഗ് അറിയില്ല അക്ഷരം അറിയില്ല പദ്യം അറിയില്ല ഫോര്‍മുല അറിയില്ല അറിയാവുന്നത് കുറെ കാര്‍ട്ടൂണ്‍ സീരിയലുകള്‍ , പറട്ട കണ്ണീര്‍ സീരിയലുകള്‍ , പത ഇരുപതിനായിരം ശമ്പളം വാങ്ങുന്ന അധ്യാപകര്‍ ഒന്നും പഠിപ്പിക്കാതെ ചിട്ടി പിരിവ്, ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പ്, ബ്ലേഡ് അങ്ങിനെ സുഖിച്ചു ജീവിക്കുന്നു, ആരും പുസ്തകം തുറന്നു നോക്കുന്നില്ല, നോക്കിയിട്ടും കാര്യമില്ല അത് വെറും ചവറ മാത്രം, പഠിക്കാന്‍ ഉള്ളത് ലേബര്‍ ഇന്ത്യിലും സ്കൂള്‍ മാസ്ടരിലും ആണുള്ളത് , അത് ബള്‍ക്ക് ആയി വാങ്ങി കുട്ടികള്‍ക്ക് കൊടുത്ത് അതിന്റെ കമ്മീഷന്‍ അടിക്കുന്ന ഹെഡ് മാസ്ടര്മാര്‍ ധാരാളം

  ReplyDelete
 7. ഈ ആപത്തു മനസ്സിലാക്കിയവര്‍ പ്രധാനമായും സര്‍ക്കാര്‍ അധ്യാപകര്‍ അവരുടെ കുട്ടികളെ സീ ബീ എസ് സി സ്കൂളില്‍ കൊണ്ട് ചേര്‍ത്ത്, അത് കണ്ടവര്‍ മുമ്പേ ഗമിക്കുന്ന ഗോവിന്റെ പിന്‍പേ ഗമിച്ചു അങ്ങിനെ സര്‍ക്കാര്‍ എയിഡ് സ്കൂളുകളില്‍ പഠിക്കുന്നത് പിച്ചക്കാരന്റെ മക്കള്‍ മാത്രം എന്നായി , വീടിന്റെ മുറ്റത് സ്കൂള്‍ ബസ് വന്നു കൊണ്ട് പോയി കൊണ്ടുവന്നു മലയാളം പിന്നോക്ക ഭാഷ ആയി ഇംഗ്ലീഷ് പ്രധാന മീഡിയം ആയി , പക്ഷെ പഠിപ്പിക്കുന്നതോ രണ്ടായിരം മൂവായിരം രൂപ ശമ്പളം കിട്ടുന്ന തട്ടിമുട്ടി ബിരുദം എടുത്തു ജോലി ഇല്ലാതെ വീട്ടില്‍ ഇരിക്കുന്ന ഗള്‍ഫ് കാരന്റെ പത്നിമാരും മറ്റും, ഇവര്‍ക്ക് അറിയാവുന്നത് , വഴിയില്‍ ആരെങ്കിലും പോകുന്നത് കാണുമ്പോള്‍ ചില്രന്‍ സ്പീക് അല്ലാത്തപ്പോള്‍ ഇമ്പോസിഷന്‍ പത്തും നൂറും പ്രാവശ്യം എഴുതിപ്പിക്കല്‍ താന്‍ കണക്കിന് ഹോം വര്‍ക്ക് ഹോം വര്‍ക്കില്ലെങ്കില്‍ സ്കൂള്‍ മഹാ മോശം വീട്ടമ്മ ഉടനെ ഫോണ വിളിച്ചു ചോദിക്കും എന്താ ഒന്നും പഠിപ്പിക്കുന്നില്ലേ സ്കൂള്‍ ബസില്‍ മാത്രം സഞ്ചരിക്കുന്ന കുട്ടി ഒരു ബ്രോയിലര്‍ കോഴി , പത്താം ക്ലാസ് കഴിഞ്ഞാലും അവനു ബസിന്റെ ബോര്‍ഡ് വായിക്കാനും അറിയില്ല ഒറ്റയ്ക്ക് ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറാനും അറിയില്ല മര്യാദക്കും ഇംഗ്ലീഷും അറിയില്ല മലയാളവും തഥൈവ ഗ്രാമറും അറിയില്ല ഇങ്ങിനെ രണ്ട സ്ട്രീമില്‍ ആണ് വിദ്യാഭ്യാസം പോകുന്നത് , ഇംഗ്ലീഷ് മണി മണി ആയി സംസാരിക്കുന്ന കുട്ടിക്കും കോമന്‍ സെന്‍സ് ഇല്ല, സമൂഹത്തില്‍ എങ്ങിനെ പെരുമാറണം എന്നറിയില്ല അവന്‍ കാണുന്നത് അവന്റെ അച്ഛന്‍ രാവിലെ ട്രാക്ക് സൂട്ടും ഇട്ടു പ്ലാസിക്ക് ബാഗ് നിറയെ ചവറും വേസ്റ്റും കാറില്‍ നിന്നോ മോണിംഗ് വാക്കെന്ന വ്യാജെനയോ തൂക്കി വല്ലവന്റെയും പറമ്പില്‍ എറിഞ്ഞു പാട്ടും പാടി പോകുന്നതാണ് അങ്ങിനെ തന്റെ വിസര്‍ജ്യം മറ്റുള്ളവന്റെ പറമ്പില്‍ ആരും കാണാതെ തട്ടുന്നതാണ് ജീവിതത്തില്‍ വിജയം കണ്ടെത്താനുള്ള മാര്‍ഗം എന്നാണു ആ സ്വഭാവം അവനു മരിക്കുന്നത് വരെ കാണും ഇതൊക്കെ സമൂഹത്തില്‍ ഉണ്ടാക്കുന്ന മാരകമായ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് ഒക്കെ ഭാവിയില്‍ വര്‍ഗ്ഗ സമരം ഉണ്ടാക്കാന്‍ പര്യാപ്തമാണ് , മിക്സഡ്‌ സമൂഹമല്ല ഇന്ന് ഇതു സ്കൂളിലും , കോളനിക്കാര്‍ പഠിക്കുന്ന ഒരു സ്കൂള്‍ ഐ ടി പ്രഫഷണലുകളുടെ മക്കള്‍ പഠിക്കുന്ന മറൊരു സ്കൂള്‍ വല്ലാത്ത കംപാര്ട്ട്മെന്ട ലൈസേഷന്‍

  ReplyDelete
  Replies
  1. സുശീലന്‍ പറഞ്ഞ പല കാര്യങ്ങളും ശരിയാണെങ്കിലും അതിലെ ചില സംഗതികളോട് യോജിക്കാന്‍ പറ്റുന്നില്ല. നമ്മുടെ നാട്ടിലെ സ്കൂളുകളില്‍ നടപ്പിലാക്കിയ പുതിയ അധ്യാപന രീതിയ്ക്ക് ഇപ്പറയുന്ന തരത്തില്‍ ഒരു തകരാറും ഇല്ല. അത്തരം ഒരു സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ ബൌധിക നിലവാരം ഒരു so called ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്ന കുട്ടിക്ക് ഉണ്ടാവില്ല. ഇത്തരം വിദ്യാഭ്യാസ രീതികളെ താരതമ്യം ചെയ്തു എഴുതാന്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ ഇവിടത്തെ ചര്‍ച്ച ഇങ്ങനെ പോകുന്ന സ്ഥിതിക്ക് ഈ പോസ്റ്റിനു ഒരു രണ്ടാം ഭാഗം കൂടി എഴുതാം.

   Delete
 8. അപ്പോള്‍ ശരിക്കും എന്താ പറഞ്ഞു വന്നത് ????????

  ReplyDelete
 9. കുട്ടികള്‍ പഠിച്ച് വലിയവരാകട്ടെ. കാലം മാറുകയല്ലേ?

  ReplyDelete
 10. നിനക്ക്
  ഞാന്‍ കൈ തരുന്നു.

  ReplyDelete
 11. ഇതിന്റെ വാൽക്കഷണം അങ്ങോട്ട് അസാരം കേമായി കേട്ടോ......

  പോസ്റ്റ് നന്നായിട്ടുണ്ട്....
  കാലത്തിന്റെ മാറ്റം വിദ്യാഭ്യാസ രീതികളിലും സ്വാധീനം ചെലുത്തണമല്ലോ.

  ReplyDelete