2012, ജനുവരി 19, വ്യാഴാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 28


ഞാന്‍ എന്റെ പ്രിയന് വേണ്ടി വാതില്‍ തുറന്നു.
എന്റെ പ്രിയനോ പൊയ്കളഞ്ഞിരുന്നു. 
അവന്‍ സംസാരിച്ചപ്പോള്‍ ഞാന്‍ വിവശയായിരുന്നു.
ഞാന്‍ അന്വേഷിച്ചു. അവനെ കണ്ടില്ല. 
ഞാന്‍ അവനെ വിളിച്ചു. അവന്‍ ഉത്തരം പറഞ്ഞില്ല. 
നഗരത്തില്‍ ചുറ്റി സഞ്ചരിക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടു. 
അവര്‍ എന്നെ അടിച്ചു.. മുറിവേല്‍പ്പിച്ചു. മതില്‍ കാവല്‍ക്കാര്‍ എന്റെ മൂടുപടം എടുത്തു കളഞ്ഞു.
യരുശലേം പുത്രിമാരെ.. നിങ്ങള്‍ എന്റെ പ്രിയനെ കണ്ടെങ്കില്‍ ഞാന്‍ പ്രേമ പരവശയായിരിക്കുന്നു എന്ന് അവനോടറിയിക്കേണമേ  എന്ന് ഞാന്‍ ആണയിടുന്നു 





     ശിശിരം വന്നണഞ്ഞു. മഞ്ഞില്‍ കുളിച്ച പ്രഭാതങ്ങളും സന്ധ്യകളും ബാംഗ്ലൂരിനെ കൂടുതല്‍ സുന്ദരിയാക്കി. Buy one Get one ഓഫറില്‍ രണ്ടു ബ്ലാങ്കറ്റ് വാങ്ങിയതില്‍ ഒരെണ്ണം ചിന്നു ബൈജുവിന് കൊടുത്തു. പകരം Winter Gears for you and your loved one ഓഫറില്‍ കിട്ടിയ girls' jacket അവന്‍ ചിന്നുവിനും കൊടുത്തു.  അങ്ങനെ തണുപ്പിനെ നേരിടാന്‍ അവര്‍ തയ്യാറെടുത്തു. രണ്ടു വര്‍ഷം മുമ്പ് ഇത് പോലൊരു തണുത്ത ദിവസമാണ് ബൈജു ചിന്നുവിനോട് സ്വന്തം ഇഷ്ടം ആദ്യമായി അറിയിച്ചു പണി വാങ്ങിച്ചത്. ഇത്തവണ  റിമൈന്‍ഡര്‍ സെറ്റ് ചെയ്തു വച്ചിരുന്നത് കൊണ്ട് തടി കേടാവാതെ ബൈജു രക്ഷപെട്ടു. സാധാരണ ചിന്നുവാണ് ഇതു പോലുള്ള കാര്യങ്ങള്‍ ഓര്‍ത്തു വച്ചിരിക്കുന്നത്. ഇത്തവണ നമ്മുടെ വാര്‍ഷികം നല്ലത് പോലെ ആഘോഷിക്കണം. എനിക്കൊരുപാട് ആഗ്രഹങ്ങള്‍ ഒക്കെ ഉണ്ട്. എന്ന് ചിന്നു പറഞ്ഞു. പതിവ് പോലെ അത് കേട്ടതും അവളുടെ മുന്‍പില്‍ വച്ച് ബൈജു പഴ്സ് തുറന്നു നോക്കുകയും ചിന്നുവിന്റെ  വായിലിരിക്കുന്നത് കേള്‍ക്കുകയും ചെയ്തു. രാത്രി വിളിക്കുമ്പോ വിശദമായി പറയാം എന്ന് മെസ്സേജ് അയച്ചിട്ട് ചിന്നു ഓഫീസില്‍ നിന്ന് ഇറങ്ങി. മുമ്പൊക്കെ ഇറങ്ങിയതില്‍ പിന്നെ ഉടനെ തന്നെ അവള്‍ വിളിക്കുമായിരുന്നു. പക്ഷെ ഒരിക്കല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് നടന്നു ചിന്നു ഒരു സ്ലാബിനിടയില്‍ കൂടി ഓടയില്‍ വീഴാന്‍ പോയതില്‍ പിന്നെ അത് രണ്ടു പേരും കൂടി നിര്‍ത്തി വച്ചിരിക്കുകയാണ്.

     രാത്രിയായപ്പോള്‍ ചിന്നു വിളിച്ചു. പതിവിലധികം ആര്‍ദ്രമായ ശബ്ദത്തില്‍ അവള്‍ സംസാരം തുടങ്ങി. ബീഫ് അടിച്ചു വയറു വീര്‍പ്പിച്ചു ഇരിക്കുകയായിരുന്നെങ്കിലും ബൈജുവും വളരെ സ്നേഹത്തോട് കൂടി എന്താ മോളെ എന്നൊരു വിളി വിളിച്ചു. സാധാരണ അതിനെ കളിയാക്കുമെങ്കിലും ഇത്തവണ ചിന്നു ആകെ ഡൌണ്‍ ആയി. നാണത്തോടു കൂടി അവള്‍ ഒടുവില്‍ മനസ്സ് തുറന്നു. അവളുടെ ഒരു ഫ്രണ്ട് ഉണ്ടല്ലോ. ഒരു കവിത ഫ്രാന്‍സിസ്. അവള്‍ കല്യാണം കഴിച്ചിട്ട് കണ്ട പബ്ബിലും പാര്‍ക്കിലും ഒക്കെ കറങ്ങി നടക്കുകയാണ്. അത് കണ്ടിട്ട് ചിന്നൂനും ഒരു ആഗ്രഹം. പബ്ബില്‍ പോകാന്‍. തന്നെ കല്യാണം കഴിക്കാന്‍ പോകുന്ന ആളിന്റെ ഒപ്പം മാത്രമേ ആദ്യമായി പബില്‍ പോകൂ എന്ന് പ്രതിജ്ഞ എടുത്തിരിക്കുകയായിരുന്നു പോലും ചിന്നു. ഇപ്പൊ ബൈജുവിനെ കിട്ടിയതില്‍ പിന്നെ അവള്‍ക്കു ആഗ്രഹം നിയന്ത്രിക്കാന്‍ പറ്റുന്നില്ല. ഇത് കേട്ട് ബൈജുവിന് ചിരി വന്നു. അല്ല ചക്കരേ അവിടെയൊക്കെ മുടിഞ്ഞ കാശാ.. മാത്രമല്ല അവന്മാര്‍ കപ്പിളിനെ മാത്രമേ അകത്തു കയറ്റൂ. അത് കേട്ടതും ചിന്നു പറഞ്ഞു .. പൈസ ഞാന്‍ കൊടുക്കാം. പിന്നെ കപ്പിള്‍. നമ്മള്‍ ഇപ്പോ കപ്പിള്‍ ആണല്ലോ. എന്ന് പറഞ്ഞു  അവള്‍ വന്‍ ചിരി ചിരിച്ചു. ബൈജുവും അത് കേട്ട് ചിരിച്ചു. 'അല്ല .. നമ്മള്‍ അവിടെ പോയിട്ട് എന്ത് ചെയ്യാനാ ? ഞാന്‍ പണ്ട് ഒരുപാടു പബ്ബുകളിലൊക്കെ പോയിട്ടുണ്ട്. അവിടെ പോയി വെറുതെ സൊറ പറഞ്ഞിരുന്നിട്ട് തിരിച്ചു വരും. അതാ പരിപാടി. ബൈജു പറഞ്ഞു. അത് കേട്ടതും ചിന്നുവിന്റെ മറുപടി. നമുക്ക് പോയി ഡാന്‍സ് ചെയ്യാം എന്ന്. എനിക്ക് ഡാന്‍സ് ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണെന്ന്. അത് കേട്ട് ബൈജു ഒരു നിമിഷം നിശബ്ദനായി. ജീവിതത്തില്‍ ഇന്ന് വരെ ഡാന്‍സ് ചെയ്തിട്ടില്ല. പാര്‍ടിക്കൊക്കെ പോകുമ്പോ കൂടെയുള്ളവര്‍ ഡാന്‍സ് ചെയ്യുന്നത് കണ്ടു നില്‍ക്കുന്നതല്ലാതെ ഇതൊന്നും അറിയില്ല. ഇനി ഡാന്‍സ് ചെയ്തില്ലെങ്കില്‍ ഞാന്‍ വെറും പഴഞ്ചന്‍ ആണെന്ന് അവള്‍ വിചാരിക്കുമോ. അല്ലെങ്കിലേ ചിന്നുവിന് സല്‍സ പഠിക്കാന്‍ പോണം എന്ന് പറഞ്ഞു ഇടയ്ക്ക് ബഹളം കൂട്ടിയിട്ടുള്ളതാ. പിന്നെ കൂടെ ഡാന്‍സ് ചെയ്യാന്‍ ആണുങ്ങള്‍ വേണമല്ലോ എന്ന് വിചാരിച്ചാണ് അവള്‍ വേണ്ടാ എന്ന് വച്ചത്. അന്ന് ബൈജുവിനെയും അത് പഠിക്കാന്‍ പോകാന്‍ വിളിച്ചുവെങ്കിലും റിലീസിന്റെയും പ്ലാനിങ്ങിന്റെയും പേര് പറഞ്ഞു അവന്‍ അത് മുടക്കി. ഹോ. ആകെ വന്ന സന്തോഷമൊക്കെ പോയി.. 'എന്താ ചക്കരേ ഒന്നും മിണ്ടാത്തത് ?' അവള്‍ ചോദിക്കുന്നു. അവന്‍ ചിരിച്ചിട്ട് പറഞ്ഞു അപ്പൊ നിനക്കും അങ്ങനൊക്കെ വിളിക്കാനറിയാം അല്ലേ ? ചിലപ്പോ ഒക്കെ നിന്നെ അങ്ങനെ വിളിച്ചാല്‍ നീ തിരിച്ചു എന്തൊക്കെയാ എന്നെ വിളിക്കുന്നതെന്ന് വല്ല ഓര്‍മയുമുണ്ടോ ? ". " അതൊക്കെ സ്നേഹം കൊണ്ട് പറയണതല്ലേ .. പോട്ടെ ട്ടാ .." അവള്‍ ബൈജുവിനെ സമാധാനിപ്പിച്ചു.


    അങ്ങനെ ചിന്നുവിന്റെ സുഹൃത്തും റൂം മീറ്റും സര്‍വോപരി ഒന്നാം തരം പാരയുമായ ജെസ്സിനോട് നല്ല പബ് ഏതാണെന്ന് ചിന്നു പ്ലാനില്‍ ചോദിച്ചു മനസ്സിലാക്കി. ജെസ്സും അവളുടെ ബോയ്‌ ഫ്രണ്ടും സ്ഥിരം പോണ സ്ഥലമാണത്രേ . രണ്ടെണ്ണവും നല്ല പിച്ചകള്‍ ആയതു കാരണം അധികം കാശ് ചെലവുള്ള സ്ഥലമായിരിക്കില്ല എന്ന് ബൈജു അവളോട്‌ പറഞ്ഞു. പറഞ്ഞത് പോലെ തന്നെ ജെസ്സ് ഒരു പബ്ബിന്റെ പേര് പറഞ്ഞു തന്നു. ബ്രിഗേഡ് റോഡില്‍ ഒരു വശത്തായി വരും. ഒരു തലയ്ക്കു എഴുനൂറു രൂപയാണ് അവന്മാര്‍ വാങ്ങിക്കുന്നത്. ഒരു ബോട്ടില്‍ ബിയര്‍ , കുറച്ചു സ്നാക്സ് എന്നിവ ഫ്രീ ഉണ്ട്. അവിടെയാകുമ്പോ ആരും കാണുകയുമില്ല. എന്തിനാ ഇതൊക്കെ അന്വേഷിക്കുന്നതെന്ന് ജെസ്സ് കുറെ തവണ ചിന്നുവിനോട് ചോദിച്ചു. ഒരു ഫ്രണ്ട് നാട്ടില്‍ നിന്ന് വരുന്നുണ്ട്. അവര്‍ക്ക് പോകാനാ എന്ന് ചിന്നു മറുപടി പറഞ്ഞു. അത്രയ്ക്ക് വിശ്വാസമായില്ലെങ്കിലും ജെസ്സ് ഒരു വിധം അടങ്ങി.

     അങ്ങനെ ആ ദിവസം വന്നെത്തി. ഒരു വെള്ളിയാഴ്ചയാണ്. ബൈജു അന്ന് ലീവ് എടുത്തു. ചിന്നു ഉച്ചയ്ക്ക് പല്ല് വേദനയെന്നോ പനിയെന്നോ മറ്റോ പറഞ്ഞിട്ട് ഓഫീസില്‍ നിന്ന് ചാടി വരാം എന്ന് പറഞ്ഞു. ബ്രിഗേഡ് റോഡിന്റെ താഴെയുള്ള റെക്സ് സിനിമയുടെ അടുത്ത് വന്നാല്‍ മതി. അവിടെ നിന്ന് ഒരുമിച്ചു പോകാം എന്ന് ബൈജു അവളോട്‌ പറഞ്ഞു. അവള്‍ അത് തല കുലുക്കി സമ്മതിച്ചു. നാല് മണിക്ക് വരാം എന്ന് പറഞ്ഞ ചിന്നുവിനെ നാലരയായിട്ടും കാണാനില്ല. അതാ വരുന്നു അവളുടെ ഫോണ്‍. 'അതേയ് ബൈജു ഞാന്‍ ബ്ലോക്കില്‍ കുടുങ്ങിയതാ. ഇപ്പൊ ഇതാ ഒരു പൊക്കമുള്ള ബില്‍ഡിംഗ്‌ന്റെ അടുത്തായി. എവിടെയാ ഈ റെക്സ് ? ' ചിന്നു ചോദിക്കുകയാണ്. 'കഴുത.. അപ്പൊ നീ എന്തോര്‍ത്തിട്ടാ അവിടെ വരാം എന്ന് പറഞ്ഞെ ? ' അവന്‍ ചൂടായി. അത് കേട്ടിട്ട് അവളും ചൂടായി. 'പെട്ടെന്ന് പറഞ്ഞു തന്നോ. അല്ലെങ്കില്‍ ഞാന്‍ ഈ ഓട്ടോയില്‍ തന്നെ തിരിച്ചു പോകും. ഹല്ലാ പിന്നെ. ' അത് കേട്ടതും ബൈജു അടങ്ങി. വഴിയൊക്കെ പറഞ്ഞു കൊടുത്തു. പത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോ ചിന്നു വന്നിറങ്ങി. അവള്‍ ഒരു ജീന്‍സും ടോപ്പും ഒക്കെയായി പബ്ബിലേയ്ക്ക് വേണ്ട വേഷമൊക്കെ ഇട്ടാണ് വന്നിരിക്കുന്നത്. നീ ആകെപ്പാടെ ഒരു സുന്ദരി ആയിട്ടുണ്ടല്ലോ എന്ന് വന്നപാടെ ബൈജു ചിന്നുവിനെ ഒന്ന് പുകഴ്ത്തി. 'വേണ്ട വേണ്ട .. ഈ നമ്പര്‍ വേണ്ട.' എന്ന് അവളും പറഞ്ഞു.അവന്റെ നമ്പര്‍ പൊളിഞ്ഞത്തിന്റെ ചമ്മല്‍ മറയ്ക്കാന്‍ അവനും പൊട്ടിച്ചിരിച്ചു. ലിവിസ് ന്റെ ഒരു ഷോ റൂം ഉണ്ട്. ചൊമല നിറത്തില്‍. അതിന്റെ മുന്നില്‍ ഉള്ള വഴി പിടിച്ചു അകത്തേക്ക് പോകുമ്പോഴാണ് പബ്. അതിന്റെ ഒരു അഡ്വാന്റെജ് എന്താന്നു വച്ചാല്‍ ആള്‍ക്കൂട്ടത്തില്‍ ആരും ശ്രദ്ധിക്കപ്പെടാതെ നടന്നു പോയിട്ട് ടപേ എന്ന് പറഞ്ഞു ചാടി കയറാം. അങ്ങനത്തെ ഒരു സ്ഥലമാണ്. ജെസ്സിനെ സമ്മതിക്കണം. ഇതൊക്കെ കണ്ടു പിടിക്കുന്നതിന്. ചിന്നു പറഞ്ഞു. 'ഡീ . അവള് പോയി കണ്ടു പിടിച്ചത് ഇപ്പൊ നമുക്ക് ഉപകാരമായില്ലേ. നീ ഇനി വെറുതെ അവളെ പറ്റി പരദൂഷണം പറയണ്ട." എന്ന് ബിജുവും പറഞ്ഞു. അല്ലേലും ഒരു പെണ്ണിന് വേറൊരു പെണ്ണിനെ, അവളിനി എത്ര അടുത്ത സുഹൃത്തായാലും കണ്ണെടുത്താല്‍ കണ്ടുകൂടല്ലോ. അക്കാര്യത്തില്‍ നമ്മള്‍ ആണുങ്ങള്‍ തന്നെ ഭേദം. ബൈജു ഓര്‍ത്തു.

     പബ്ബിന്റെ ബോര്‍ഡ്‌ കണ്ടു. അകത്തേയ്ക്ക് കയറി. ഡോറില്‍ രണ്ടു തടിയന്മാര്‍ നില്‍പ്പുണ്ട്. അവര്‍ കയ്യോടെ പൈസ വാങ്ങിച്ചു. എന്നിട്ട് രണ്ടു പേരുടെയും കയ്യില്‍ ഓരോ ബാന്‍ഡ് കെട്ടിക്കൊടുത്തു.
എന്നിട്ട് വളരെ ഭവ്യതയോടെ അകത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. ചെറിയ ഇരുണ്ട ഒരു പാസ്‌ വേയിലൂടെ വേണം അകത്തേക്ക് പോകാന്‍. വന്‍ ആംബിയന്‍സ്. ചിന്നു ചെറിയ പേടിയോടെ ബൈജുവിന്റെ കയ്യില്‍ തൂങ്ങി. അകത്തെ ഫ്ലോര്‍ കൊള്ളാം. ചെറിയ ഇരുളും വെളിച്ചവും വീണ അന്തരീക്ഷം. ഒരു വശത്ത് ബാര്‍. നടുക്കായി ഡാന്‍സിംഗ് ഫ്ലോര്‍. അവിടവിടെ പ്രകാശത്തിന്റെ ചെറിയ തുരുത്തുകളില്‍ പ്രണയിതാക്കള്‍ ഇരിപ്പുണ്ട്. കസേരയ്ക്കു പകരം ലൌന്‍ജ് ആണ്. അവര്‍ രണ്ടു പേരും ഒരു മൂലയില്‍ പോയിരുന്നു. അവര്‍ രണ്ടും ഒരല്പം അകലം വിട്ടാണ് ഇരുന്നത്. ചിന്നു ചുറ്റിനും നോക്കിയിട്ട് പറഞ്ഞു സംഗതി കൊള്ളാമല്ലോ എന്ന്. അവന്‍ അപ്പുറത്തിരിക്കുന്നവരെ ഒക്കെ ഒന്ന് നോക്കി. എല്ലാ തരത്തിലുള്ള മുതലുകളും ഉണ്ട്. നെറ്റിയിലും ചെവിയിലും ഒക്കെ തുളച്ചു കമ്മലിട്ടവന്മാര്‍, ജെല്‍ തേച്ചു ഷോക്ക്‌ അടിച്ച പോലെ മുടി എഴുനേല്‍പ്പിച്ചു നിര്‍ത്തിയിരിക്കുന്നവര്‍,
വരമ്പ് പോലെ മീശയും താടിയും വച്ചവന്മാര്‍, അമീര്‍ ഖാന്‍ ചെയ്ത പോലെ കീഴ്താടിക്ക് താഴെ കുറ്റിക്കാട് പോലെ അല്പം രോമം നിര്‍ത്തിയിരിക്കുന്നവര്‍ എന്ന് വേണ്ട സകല അലവലാതികളും ഉണ്ട്. ആരോ കാലില്‍ ചെറുതായി ഞോണ്ടുന്നു . ചിന്നുവാണ്. അടുത്ത ടേബിളില്‍ ഇരിക്കുന്നവനെ കാണിച്ചിട്ട് അവള്‍ പറയുകയാണ്‌ അവന്റെ മുടി കണ്ടോ ? തലയില്‍ പശു കിടാവ് നക്കിയ പോലെ ഉണ്ട് അല്ലേ ' എന്ന്. അത് കേട്ടിട്ട് ബൈജുവിന് ചിരി വന്നു.  സംഗതി ശരിയാ. തലയില്‍ കൂടി റോഡ്‌ റോളര്‍ കയറ്റി ഇറക്കിയ പോലുണ്ട്. പണ്ട് മൃഗാശുപത്രിയില്‍ കുത്തി വയ്പ്പിക്കാന്‍ വേണ്ടി കൊണ്ട്  വരുന്ന ചെവിയില്‍ കമ്മലിട്ട കന്നുകാലികലെയാണ് ബൈജുവിന് ഓര്‍മ വന്നത്. പക്ഷെ അവന്റെ ഒപ്പമുള്ള പെണ്ണ് കൊള്ളാം. ഇറുകിയ ഒരു ടോപ്പും കഷ്ടിച്ച് മുട്ടറ്റം എത്തുന്ന ഒരു സ്കര്‍ട്ടും . ബൈജുവിന്റെ നോട്ടം കണ്ടിട്ട് ചിന്നു അവന്റെ കയ്യില്‍ ഒരു നുള്ള് വച്ച് കൊടുത്തു. 'അതേയ്.. മതി നോക്കിയത്..' അവള്‍ ശാസിച്ചു. 'അല്ല. നീയല്ലേ പണ്ട് പറഞ്ഞത് വേറെ പിള്ളേരെ നോക്കിയാലോന്നും ഞാന്‍ ഒന്നും പറയില്ല എന്നൊക്കെ .. എന്നിട്ട് ? അതൊക്കെ പോട്ടെ.. നിനക്ക് ഇങ്ങനെ വല്ലതും ഡ്രസ്സ്‌ ചെയ്തു കൂടെ ചക്കരേ' അവന്‍ കുസൃതിയോടെ ചോദിച്ചു. 'ഹയ്യട. അത് മാത്രം നല്ല ഓര്‍മ. വേല മനസ്സിലിരിക്കട്ടെ .' എന്ന് പറഞ്ഞുവെങ്കിലും ചിന്നുവിന്റെയും നോട്ടം ആ പെണ്ണിന്റെ മേലായിരുന്നു. അവള്‍ പറഞ്ഞു 'ആ കുട്ടി ഇട്ടിരിക്കുന്ന ഡ്രസ്സ്‌ ഭയങ്കര ചീപ് സാധനമാണ്. കമേര്‍സ്യല്‍ സ്ട്രീറ്റില്‍ ഇരുനൂറു രൂപയ്ക്കു കിട്ടുന്നതാണ്.. രണ്ടും കൂടി. ' . 'എങ്കില്‍ ഉറപ്പിച്ചോ. അത് അവന്‍ അവള്‍ക്കു വാങ്ങി കൊടുത്തതായിരിക്കും. അവന്റെ കോലം കണ്ടാലറിയാം അവന്‍ ഇവളെ തീറ്റി പോറ്റി പിച്ചയെടുത്തിരിക്കുകയാണെന്നു" ..' ബൈജു ചിരിച്ചു കൊണ്ട് പറഞ്ഞു. " ബൈജുവിന്ഒരു കാര്യം അറിയാമോ ? നിങ്ങള്‍ ആണുങ്ങള്‍ വായിനോക്കുന്നതിനേക്കാള്‍ കൂടുതല്‍ പെണ്ണുങ്ങളെ വായി നോക്കുന്നത് പെണ്ണുങ്ങള്‍ തന്നെയാണ്. പുതിയ ഡ്രസ്സ്‌, മാല, വള അങ്ങനെ അങ്ങനെ.. ' ചിന്നു പറഞ്ഞു. 'അത് ശരി.. അപ്പൊ ഇനി മുതല്‍ നമുക്ക് ഒരുമിച്ചു വായി നോക്കാം ട്ടാ..' അവന്‍ പറഞ്ഞു. 'അത് വേണ്ട. മനസ്സിലിരിപ്പ് പിടി കിട്ടി . ഞാന്‍ നോക്കിക്കോളാം.' അവളും പറഞ്ഞു.

    കുറച്ചു നേരം കഴിഞ്ഞപ്പോ ഒരുത്തന്‍ അവരുടെ ടേബിളില്‍ വന്ന് ഒരു മെനു കൊണ്ട് വച്ചു. ഡ്രിങ്ക് സെലക്ട്‌ ചെയ്യാനാണ്. മെക്സിക്കന്‍ ഡ്രീം എന്ന് പറഞ്ഞിട്ടൊരു മോക് ടയില്‍ അവര്‍ ഓര്‍ഡര്‍ ചെയ്തു. കുറച്ചു കഴിഞ്ഞപ്പോ നാട്ടില്‍ സപ്ലൈ ചെയ്യുന്ന റേഷന്‍ മണ്ണെണ്ണ പോലത്തെ നീല നിറത്തിലുള്ള ഒരു സാധനവും കൊണ്ട് അവന്‍ വന്നു. ചിന്നുവും ബൈജുവും മുഖാമുഖം നോക്കി. 'ഇത് കുടിച്ചാല്‍ പണി കിട്ടുമോ ? ' അവള്‍ ചോദിച്ചു. 'ശരിയാ. കണ്ടിട്ട് പണ്ട് കെമിസ്ട്രി ലാബില്‍ ഉണ്ടായിരുന്ന എന്തോ സാധനം പോലെ തോന്നുന്നു. കോപ്പെര്‍ സല്‍ഫേറ്റോ എന്നോ  മറ്റോ പറയും ' അവനും പറഞ്ഞു. കുറച്ചു സ്നാക്സ് അവിടെ നിരത്തി വച്ചിട്ടുണ്ട്. ബൈജു പോയി അതില്‍ കുറച്ച് രണ്ടു ചെറിയ പ്ലേറ്റില്‍ എടുത്തു കൊണ്ട് വന്നു. രണ്ടു പേരും കൂടി അതും കൊറിച്ചു കൊണ്ട് ചുറ്റിനും നോക്കിയിരിക്കുകയാണ്. 'അല്ല. ഇവിടൊന്നും നടക്കുന്നില്ലല്ലോ. എല്ലാവനും തീറ്റിയും കുടിയും തന്നെ. ' ബൈജു ആരോടെന്നില്ലാതെ പറഞ്ഞു. 'ഇപ്പൊ തുടങ്ങുമായിരിക്കും. അതിനു മുമ്പ് നമുക്ക് ഇത് ഫിനിഷ് ചെയ്യാം. ' എന്ന് പറഞ്ഞു ചിന്നു തീറ്റ തുടര്‍ന്നു. ഒരു മൂലയ്ക്ക് ഒരു മൈക്ക് സെറ്റും കുറെ സാധന സാമഗ്രികളും ഒക്കെ കൊണ്ട് വച്ചിട്ടുണ്ട്. അല്പം കഴിഞ്ഞപ്പോ ഒരു ടീഷര്‍ട്ടും ബര്‍മൂടയും ഇട്ടു ഒരുത്തന്‍ അതിന്റെ ഇടയിലേക്ക് കയറി. അവന്‍ അവിടത്തെ ഡി ജെ ആണ്. വിക്കി എന്നാണു പേര്. ഗണപതിക്ക്‌ അടിക്കാനെന്ന പോലെ അവന്‍ ഒരു ഡിസ്ക് എടുത്തു വച്ചു. വിചാരിച്ച പോലല്ല.. അസഹ്യമായ ശബ്ദം. അടുത്ത് തിന്നും കുടിച്ചും ഇരിക്കുന്നവന്മാര്‍ ഒക്കെ കൈ കൊട്ടാനും ബഹളം വയ്ക്കാനും തുടങ്ങി. ആ ബഹളം കേട്ട വിക്കി കൂടുതല്‍ കൂടുതല്‍ ശബ്ദത്തില്‍ പാട്ട് വച്ചുകൊണ്ടിരുന്നു. സിഗരറ്റിന്റെ ദുര്‍ഗന്ധം അവിടെ നിറഞ്ഞു നില്‍ക്കുന്നത് കാരണം ചിന്നു അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. നമുക്ക് പോയാലോ എന്നൊക്കെ അവള്‍ ചോദിച്ചു തുടങ്ങി. 'ഹേ. എന്തായാലും വന്നതല്ലേ.  എന്താവും എന്ന് നോക്കിയിട്ട് പോകാം ' എന്ന് ബൈജു പറഞ്ഞു. അധികം കാത്തിരിക്കേണ്ടി വന്നില്ല. ഏതോ ടബ്ബാം കൂത്ത്‌ പാട്ട് വച്ചിട്ട് വിക്കി അവിടെ വെളിച്ചപ്പാട് തുള്ളുകയാണ്. കണ്ടിട്ട് അവന്റെ ട്രൌസറിനുള്ളില്‍ ഉറുമ്പ് കയറിയ പോലുണ്ട് എന്ന് ബൈജു പറഞ്ഞു. ബഹളത്തിനിടയില്‍ ചിന്നുവിന്റെ പൊട്ടിച്ചിരി ആരും കേട്ടില്ല. സംഗീതം മൂര്‍ധന്യാവസ്ഥയില്‍ എത്തി. അവിടെയിരുന്ന പിള്ളേര്‍ ഒക്കെ നടുത്തളത്തിലേയ്ക്ക്  ഇറങ്ങിതുടങ്ങി. വിക്കി എന്തൊക്കെയോ പാട്ടുകള്‍ വച്ചലക്കുകയാണ്. വെറുതെ ഇരിക്കുന്നവരെ ഒക്കെ അവന്‍ ഡാന്‍സ് ചെയ്യാന്‍ ക്ഷണിക്കുന്നുണ്ട്‌. പണ്ടാരക്കാലന്‍. ഡാന്‍സ് അറിഞ്ഞുകൂടാത്തവര്‍ എന്ത് ചെയ്യുമോ എന്തോ. ബൈജു ഓര്‍ത്തു. അവന്‍ ചിന്നുവിനെ ഒന്ന് പാളി നോക്കി. അവള്‍ മറ്റുള്ളവര്‍ ഡാന്‍സ് ചെയ്യുന്നത് ഉറ്റു നോക്കിയിരിക്കുകയാണ്. ചെറുതായി കാലു കൊണ്ട് താളം പിടിക്കുന്നുമുണ്ട്.  'വാ നമുക്കും ഇറങ്ങാം' എന്ന് പറഞ്ഞു കൊണ്ട് ചിന്നു അവന്റെ കയ്യില്‍ പിടിച്ചു എഴുനേറ്റു. 'ഈശ്വരാ. രക്ഷിക്കണേ 'എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു കൊണ്ട് അവനും എഴുനേറ്റു.


     വുഡന്‍  ഫ്ലോര്‍ ആണ്. അതുകൊണ്ട് തെന്നി വീഴാന്‍ ചാന്‍സ് ഉണ്ട്. ചിന്നു ചെറുതായി ആടി തുടങ്ങി. രണ്ടു പേരും കൂടി പണ്ടത്തെ ഹിന്ദി സിനിമകളില്‍ ദേവാനന്ദ്‌ ഷര്‍മിള ജോടികളെ പോലെ കൈ കോര്‍ത്ത്‌ നില്‍ക്കുകയാണ്. ചുറ്റിനും വന്‍ ഡാന്‍സ് നടക്കുന്നു. പാവം ബൈജു. അവന്‍ ചില സ്റെപ്പുകള്‍ പുറത്തെടുക്കാന്‍ നോക്കി. രാജ് കപൂറിനെയാണ് ഉദ്ദേശിച്ചതെങ്കിലും വന്നതെല്ലാം പണ്ട് മാര്‍ത്താണ്ടത്തു കോളേജില്‍ പഠിച്ചപ്പോ കണ്ടു പഠിച്ച പാണ്ടി സ്റെപ്സ്‌. അത് കണ്ടു ചിന്നു കളിയാക്കി ചിരിച്ചു. 'അയ്യേ. എന്തൊക്കെയാ ഈ കാണിക്കുന്നത് ? ' അവള്‍ ചിരി നിര്‍ത്തുന്നില്ല. ബൈജു ധൈര്യം അഭിനയിക്കാന്‍ നോക്കി. പക്ഷെ അത് സംഗതി കൂടുതല്‍ കുളമാക്കിയതേ ഉള്ളൂ. മാങ്ങ പറിയും ചെളി കുത്തും മാത്രമല്ല ഇടയ്ക്കിടയ്ക്ക് ഓരോ ഹോയ് വിടുകയും ചെയ്തു ബൈജു. ചുറ്റിനും നിന്ന് തുള്ളി കളിക്കുന്നവരെ നോക്കി ചില സ്റെപ്സ്‌ ഒക്കെ ബൈജു ട്രൈ ചെയ്തു നോക്കി. ആ ബഹളം ഒക്കെ തീരാറായപ്പോഴെയ്ക്കും ഒന്ന് രണ്ടു സ്റെപ്പുകള്‍ ബൈജു പഠിച്ചെടുത്തു. അവന്റെ മുഖം വിടര്‍ന്നു. എന്നാല്‍ ചിന്നുവിന്റെ മുഖത്ത് തിരിച്ചായിരുന്നു. അവളുടെ മുഖം ആകെ വാടിയിരുന്നു. രണ്ടു പേരും വീണ്ടും ടേബിളില്‍ പോയിരുന്നു.  അവള്‍ ഒന്നും മിണ്ടുന്നില്ല. ബൈജുവും ആകെ സൈലന്റ് ആയി. അവള്‍ക്കു നാണക്കേടായി കാണും. 'നമുക്ക് പോകാം' എന്ന് പറഞ്ഞു അവള്‍ എഴുനേറ്റു. പുറകെ നിരാശനായി ബൈജുവും. വിക്കിയുടെ മുന്നിലൂടെ വേണം പുറത്തേക്കു പോകാന്‍. നെക്സ്റ്റ് വീക്ക്‌ കാണാം എന്ന് വിക്കി അവരെ നോക്കി വിളിച്ചു പറഞ്ഞു. മാത്രമല്ല അവന്‍ ഫോണിലൂടെ ആരോടോ സംസാരിക്കുന്നുണ്ട്. അടുത്തെത്തിയപ്പോള്‍ ബൈജു വ്യക്തമായും കേട്ടു. 'ഡേയ് അടുത്ത ശനിയാഴ്ച നീ ഇങ്ങോട്ടിറങ്ങ് , നമുക്ക് അലംബാക്കാം' എന്ന് അവന്‍ വ്യക്തമായ കോട്ടയം മലയാളത്തില്‍ വച്ചു താങ്ങുന്നത്. അമ്പടാ. നീ മലയാളി ആയിരുന്നല്ലേ. ശരി. പിന്നെ എടുത്തോളാം.

     ഇന്ന് ഇനി ചിന്നുവിനെ എങ്ങനെ സമാധാനിപ്പിക്കും , കമ്പ്ലീറ്റ്‌ ഇമേജ് പോയല്ല്ലോ എന്നൊക്കെയോര്‍ത്ത് ബൈജു ഓട്ടോ വിളിച്ചു. ചിന്നു ഒന്നും മിണ്ടുന്നില്ല. നിശബ്ദത അസഹ്യമായപ്പോള്‍ അവന്‍ പറഞ്ഞു. 'സോറി മോളെ. എനിക്കീ ഡാന്‍സ് ഒന്നും അറിയില്ല. ഞാന്‍ അങ്ങനെ ഒരിടത്തും ഡാന്‍സ് പാര്‍ടിയില്‍ ഒന്നും അങ്ങനെ പോകാറില്ല. പിന്നെ പണ്ടേ എനിക്ക് അലര്‍ജിയൊക്കെ ഉണ്ടായിരുന്നത് കൊണ്ട് ഇങ്ങനത്തെ ഒരു പരിപാടിക്കും ഞാന്‍ പോയിട്ടില്ല. നിനക്ക് നാണക്കേടായി അല്ലെ ? അവിടെ വന്ന എല്ലാവരും എന്തൊരു ഡാന്‍സ് ആയിരുന്നു ..' എന്നൊക്കെ വിക്കി വിക്കി അവന്‍ പറഞ്ഞൊപ്പിച്ചു. എന്നാല്‍ ചിന്നു മറുപടിയൊന്നും പറഞ്ഞില്ല. പകരം അവള്‍ അവനെ വാരിപ്പുണര്‍ന്നു. കണ്ണീര്‍ ഒഴുകുന്ന മിഴികളോടെ അവള്‍ അവന്റെ കവിളില്‍ ചുംബിച്ചു. ആ കണ്ണീര്‍ അവന്റെ മുഖത്തേയ്ക്കും ഒഴുകിയിറങ്ങി. 'എന്തിനാ ബൈജു അങ്ങനെയൊക്കെ ചെയ്തത് ? ഞാന്‍ നിര്‍ബന്ധിച്ചോ ഡാന്‍സ് ചെയ്യാന്‍ ? അറിയില്ല എന്ന് പറഞ്ഞാല്‍ പോരായിരുന്നോ ? ബൈജുവിന്റെ ഡാന്‍സ് കണ്ടിട്ടാണോ ഞാന്‍ ഇഷ്ടപ്പെട്ടത് ? ' അവള്‍ വിങ്ങി വിങ്ങി കരയുകയാണ്. ' ബൈജു അവിടെ എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടി പാട് പെടുന്നത് കണ്ടിട്ട് എനിക്ക് കരച്ചിലാണ് വന്നത് ' എന്ന് പറഞ്ഞു കൊണ്ട് അവള്‍ അവന്റെ ചുമലില്‍ ചാഞ്ഞു. ഒരു പെരുമഴ പെയ്തു തോര്‍ന്നത്‌ പോലെ തോന്നി ബൈജുവിന്. എന്തൊക്കെയോ പറഞ്ഞു അവന്‍ ചിന്നുവിനെ സമാധാനിപ്പിച്ചു. 'പോട്ടെ മോളെ. ഞാന്‍ കരുതി എന്റെ ഡാന്‍സ് കണ്ടിട്ട് നീ കരഞ്ഞു പോയതാണെന്ന്. ' അവന്‍ പറഞ്ഞത് കേട്ടു അവളുടെ മുഖത്ത് ഒരു ചെറു ചിരി പടര്‍ന്നു. 'അതെ. അത് കണ്ടാല്‍ ആരും ചിരിച്ചു പോകും. ' അവളും പറഞ്ഞു. 'എന്തായാലും ഇനി ഇങ്ങനത്തെ അക്രമം ഒന്നും വേണ്ട എന്റെ ചക്കരേ ' എന്ന് അവനും പറഞ്ഞു.  ഇരുട്ട് വീണത്‌ കാരണം പുറത്തു നിന്ന് നോക്കിയാല്‍ ഒന്നും കാണാന്‍ പറ്റില്ല. റിക്ഷ ഡ്രൈവര്‍ ഇതൊക്കെ കുറെ കണ്ടതാണെന്ന മട്ടില്‍ പുറത്തോട്ടു നോക്കി ഏകാഗ്രതയോടെ വണ്ടി ഓടിക്കുകയാണ്. പുറത്തു നിന്ന് ഇടയ്ക്കിടയ്ക്ക് പ്രകാശം അകത്തേക്ക് ചിതറി വീഴുന്നുണ്ട്‌. ഓടിയോടി ഒടുവില്‍ അത് ചിന്നൂന്റെ വീടിനടുത്തെത്തി. റിക്ഷാക്കാരന്‍ രണ്ടിനെയും അര്‍ഥം വച്ചൊന്നു നോക്കി. എന്നിട്ട് പൈസയും വാങ്ങി പോയി. 'അവന്റെ നോട്ടം കണ്ടോ ? നിന്റെ കെട്ടിപ്പിടിത്തം കണ്ടിട്ടാ ' ബൈജു ചിന്നുവിനെ കളിയാക്കി. പക്ഷെ അവള്‍ മൈന്‍ഡ് ചെയ്തില്ല. 'വേറെ ആരെയുമല്ലാലോ.. അങ്ങേര്‍ക്കെന്താ ..' എന്നൊക്കെ ചോദിച്ചു അവള്‍. അവരുടെ പതിവ് സ്ഥലത്തെത്തി. വീട്ടിലേക്കു കയറുന്നതിനു മുമ്പ് ചിന്നു നാണത്തോടെ മുഖം താഴ്ത്തി അവനോടു പറഞ്ഞു..'ഇന്ന് ഞാന്‍ കെട്ടിപ്പിടിച്ചപ്പോള്‍ എന്തോ ഒരു തോന്നല്‍. something which I can't ...' അവളുടെ സംസാരം ഇടയ്ക്ക് വച്ചു മുറിഞ്ഞു. 'എനിക്കും തോന്നി.' ബൈജുവും പറഞ്ഞു. അവന്‍ അവളെ അടുത്തേക്ക് ചേര്‍ത്തു. ഒരു മരത്തിന്റെ ചുവട്ടില്‍ ആണ് നില്‍ക്കുന്നത് അവര്‍. അവിടത്തെ ഇരുണ്ട ആ അന്തരീക്ഷം അവരെ പ്രലോഭിപ്പിച്ചു. അവളുടെ മുടി നീക്കി കഴുത്തിന്‌ പുറകില്‍ അവന്‍ ചുംബിച്ചു. പക്ഷെ എന്തോ ഞെട്ടലിലെന്ന പോലെ ചിന്നു അകന്നു മാറി. 'വേണ്ട ബൈജു... ഞാന്‍ പോട്ടെ ' എന്ന് പറഞ്ഞിട്ട് അവള്‍ ഓടി പോയി.

     ബൈജുവും റൂമിലേയ്ക്ക് നടന്നു. ഫോണ്‍ ശബ്ദിക്കുന്നു. എന്ത് പറ്റി .. ഇന്നവള്‍ നേരത്തെ വിളിക്കുന്നു. ഓ. ഓര്‍ത്തില്ല. ഇന്ന് ചിന്നു റൂമില്‍ തനിച്ചാണ്. കൌ നാട്ടില്‍ പോയിരിക്കുകയാണ്. അവന്‍ ഫോണ്‍ എടുത്തു. ചിന്നു ഒന്നും മിണ്ടുന്നില്ല. ഇടക്ക് ബൈജു.. ബൈജുവേ.. എന്നൊക്കെ വിളിക്കുന്നുണ്ട്. 'എന്ത് പറ്റി കുട്യേ ? ' അവനും ചോദിച്ചു. ലജ്ജയില്‍ മുങ്ങിയ ശബ്ദത്തില്‍ ചിന്നു പറഞ്ഞു തുടങ്ങി. 'പണ്ട് മില്‍സ് ആന്‍ഡ്‌ ബൂണ്‍ വായിക്കുമ്പോ അതിലൊക്കെ ഇങ്ങനെ വരുമായിരുന്നു. ഉമ്മ വയ്ക്കുന്നതൊക്കെ. പക്ഷെ ഇത്രയും ഫീലിങ്ങ്സ്‌ ഒക്കെ വരും എന്നെനിക്കറിയില്ലായിരുന്നു. ഇന്നെന്തോ ബൈജു ഉമ്മ വച്ചപ്പോള്‍ ഞാന്‍ ആകെ melt ആയിപ്പോയി. എന്നാലും നമ്മള്‍ തെറ്റല്ലേ ചെയ്തത് ? ' അവള്‍ പറഞ്ഞു. 'അതൊന്നും എനിക്കറിയില്ല ചിന്നൂ. ഇതൊക്കെ നമ്മുടെ കണ്ട്രോളില്‍ ഉള്ള കാര്യങ്ങള്‍ അല്ല എന്നാ എനിക്ക് തോന്നുന്നത് . കുറച്ച് നേരം കൂടി നീ അവിടെ നിന്നെങ്കില്‍ ചിലപ്പോ ..' അവന്‍ പറഞ്ഞത് മുഴുമിപ്പിച്ചില്ല. 'എന്ത് ചെയ്യുമായിരുന്നു എന്ന് ? പറ ..' അവളും വിജ്രഭിച്ച ശബ്ദത്തില്‍ ചോദിച്ചു. 'അത്.. അത്... അതൊക്കെ ... ' അവനും നാണം. 'ഇത് തെറ്റല്ലേ എന്നൊക്കെ ചോദിച്ചാല്‍... sesual ആയ ഫീലിങ്ങ്സ്‌ ഒക്കെ എല്ലാവര്‍ക്കും രണ്ടു രീതിയിലല്ലേ ... ചിലര്‍ക്ക് അതും വെറും fleshy ആയിരിക്കും. പക്ഷെ ബാക്കിയുള്ളവര്‍ക്ക് മിക്കപ്പോഴും ലവ് സെക്സില്‍ എത്തുന്നത്‌ sex is the extension of true love ആയതു കൊണ്ടാണെന്ന് ഞാന്‍ എവിടോ വായിച്ചിട്ടുണ്ട്. '' ബൈജു പറഞ്ഞു. 'വേണ്ട ബൈജു.. നമുക്ക് ഈ സംസാരം ഇവിടെ വച്ചു നിര്‍ത്താം. എനിക്കെന്തോ പോലെ തോന്നുന്നു. ഇനി ഇങ്ങനൊന്നും സംസാരിക്കണ്ട കേട്ടോ. പേടിയാകുന്നു  ' അവള്‍ പറഞ്ഞു. 'വയ്ക്കല്ലേ. വയ്ക്കല്ലേ.. ' അവന്‍ വിളിച്ചു കൂവി. 'ശരി നിര്‍ത്തി.. നീ ചോദിച്ചത് കൊണ്ട് പറഞ്ഞുന്നെ ഉള്ളൂ. ' എന്നവനും പറഞ്ഞു.  നാളെക്കാണാം എന്ന് പറഞ്ഞു രണ്ടു പേരും ഉറങ്ങാന്‍ കിടന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ബൈജുവിന്റെ മൊബൈല്‍ മിന്നി തെളിഞ്ഞു. ചിന്നുവിന്റെ മെസ്സേജ് ആണ്. അവന്‍ അത് തുറന്നു നോക്കി. പരസ്പരം ചുംബിക്കുന്ന രണ്ടു ചുണ്ടുകള്‍. തിരിച്ചും അത് പോലെ ഒന്ന് അയച്ചിട്ട് അവന്‍ കണ്ണുകള്‍ പൂട്ടി.

വായിച്ചിട്ട് അഭിപ്രായങ്ങള്‍ ഇടണേ. അടുത്ത ഭാഗം എഴുതാന്‍ ഒരു ഉത്സാഹം കിട്ടാനാ.. 

19 അഭിപ്രായങ്ങൾ:

  1. ശ്ശോ....
    ഈ ദുശ്ശൂന്റെ ഒരു കാര്യം..
    ഹും..എന്തു ചെയ്യാനാ..ലവള്‍ കൈവിട്ടൂ പോയില്ലേ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അല്ല ചാര്‍ളീ .. ദുശ്ശൂന്റെ കാര്യമല്ല. ബൈജൂന്റെ കാര്യം എന്ന് വേണ്ടേ പറയാന്‍ ?

      ഇല്ലാതാക്കൂ
  2. ഇത്രയും താമസിച്ച് എഴുതിയാൽ ഇനി ആദിയെ പോയി മുൻപിലത്തേതൊക്കെ വായിക്കണ്ടി വരും.
    (പഴയതൊക്കെ മറന്നു പോയി എത്ര കഥകളാ, ഏതൊക്കെ കഥാപാത്രങ്ങളാ കല്യാണം കഴിച്ചതും കഴിക്കാത്തതും കഴിച്ചു പിരിഞ്ഞതും ഹ ഹ ഹ)
    അതു കൊണ്ട് ജാഗ്രതൈ

    മറുപടിഇല്ലാതാക്കൂ
  3. വായിക്കാൻ തുടങ്ങുന്നതിനു മുന്നെ ആയിരുന്നു ആദ്യം കമന്റിയത്
    വായിച്ചു കഴിഞ്ഞപ്പോൾ തോന്നി ഞങ്ങളൊക്കെ വളരെ പണ്ടു ജനിച്ചതു നന്നായിപ്പോയി ന്ന്.

    മറുപടിഇല്ലാതാക്കൂ
  4. എന്റിഷ്ടാ
    കാമുകിയെ ഡൈവേഴ്സ് ചെയ്തിട്ട് കാലം കുറേ ആയെങ്കിലും ഡാന്‍സിന്റെ കാര്യം വന്നപ്പോള്‍ ചെറുതായി ഒന്നു പേടിച്ചു.
    ശേഷം പേറ്റിയൊക്കെ മാറി.

    മറുപടിഇല്ലാതാക്കൂ
  5. ഈ ദുശ്ശൂന്റെ ഒരു കാര്യം... ഇനി ഇങ്ങനെ ഗ്യാപ്പില്ലാതെ എഴുതണേ.... ബൈജുവിനെ ഒരു വഴിക്കാക്കാതെ പോകാന്‍ ഞാന്‍ സമ്മതിക്കില്ല.....

    മറുപടിഇല്ലാതാക്കൂ
  6. ഇങ്ങനെ വൈകിപ്പിക്കുന്നതിന് അഡ്രസ്സ് അറിയാമായിരുന്നേ നേരിട്ട് വന്ന് രണ്ടെണ്ണം പൊട്ടിക്കാമായിരുന്നു.... ഇനി ലേറ്റായാ കൊല്ലും ഞാന്‍...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാനാരാ മോന്‍. അതല്ലേ അഡ്രസ്‌ തരാത്തത് .. ഇടയ്ക്കൊക്കെ മാരുതി നഗറില്‍ എനിക്കും ഇറങ്ങി നടക്കണ്ടേ? ഹി ഹി..

      ഇല്ലാതാക്കൂ
    2. അപ്പോള്‍ മാരുതി നഗറാ സ്ഥലം തപ്പി പിടിച്ചോളാം മോനെ

      ഇല്ലാതാക്കൂ
    3. ഹേ അവിടല്ല. പണ്ട് ഞാന്‍ അവിടായിരുന്നു താമസം. ഇപ്പൊ സിനിമ മംഗളവും മീനും വാങ്ങിക്കാന്‍ ഇടയ്ക്ക് വരും. അത്ര തന്നെ.. :)

      ഇല്ലാതാക്കൂ
    4. പഞ്ചാരകുട്ടാ...മാരുതി നഗറാണോ താമസം???..... നമുക്ക് ഈ ദുശ്ശൂനെ തപ്പിപിടിക്കേണ്ടേ..... ഞാന്‍ മാരുതി നഗര്‍ ഫുഡ് സിറ്റി സൂപ്പര്‍മാര്‍ക്കറ്റിന്റെ അടുത്താ....

      ഇല്ലാതാക്കൂ
  7. ഇടയ്ക്കുവച്ച് നിറുത്തിയപ്പോള്‍ ഇത് അവസാനിപ്പിച്ചു എന്നാണു ദിവാരേട്ടന്‍ കരുതിയത്‌.
    എന്തായാലും വായിക്കാന്‍ ഒരു ത്രില്ലോക്കെ ഉണ്ട് ട്ടോ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതങ്ങനെയിങ്ങനെയൊന്നും അവസാനിക്കുന്ന കഥയല്ല ദിവാരേട്ടാ ... :)

      ഇല്ലാതാക്കൂ
  8. വളരെ നന്നായിരിക്കുന്നു എന്നു പറയാതെ വയ്യ.....

    മറുപടിഇല്ലാതാക്കൂ
  9. ഹോ.... ഇനിയപ്പോ അടുത്ത കൊല്ലം കാണാം...;)

    മറുപടിഇല്ലാതാക്കൂ
  10. Athu thanne captain....

    Njaan ivide varunne nirthiyathaa.....
    inin gapittal pinne varooollla soookshicho :(

    pinne eppozhatheyum pole nannayittundu ennu prathyakam parayandallo :)

    മറുപടിഇല്ലാതാക്കൂ