2012, ജനുവരി 27, വെള്ളിയാഴ്‌ച

കാസനോവ - റിവ്യൂ

    


     കുറെ കാലം കൂടിയാണ്  ഒരു സിനിമ റിലീസ് ദിവസം തന്നെ കാണുന്നത്. അങ്ങനെ വളരെക്കാലം കൂടി കണ്ട ഒരു ചിത്രമാണ് കാസനോവ. ഗോപാലന്‍ മാള്‍ എന്ന് പറഞ്ഞിട്ട് ഇവിടെ ഒരു ഷോപ്പിംഗ്‌ മാള്‍ ഉണ്ട്. അവിടെയാണ് ഇന്നലെ ചിത്രം കണ്ടത്.  സുന്ദരിമാരുടെ ഹാര്‍ട്ട്‌ ത്രോബ് ആയ അന്താരാഷ്‌ട്ര പൂക്കച്ചവടക്കാരന്‍ ആയ കാസനോവ എന്ന അഭിനവ കാമദേവന്റെ വേഷമാണ് നമ്മുടെ ലാലേട്ടന്‍ അവതരിപ്പിക്കുന്നത്‌ ( അവതരിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത് എന്ന് വേണം പറയാന്‍).  എന്റെ വീട് അപ്പൂന്റേം, നോട്ട് ബുക്ക്‌ , ട്രാഫിക്‌ മുതലായ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ ബോബ്ബി - സഞ്ജയ്‌ , ആദ്യ ചിത്രത്തിലൂടെ തന്നെ മുന്‍ നിരയില്‍ സ്ഥാനം നേടിയ റോഷന്‍ , മലയാളത്തിന്റെ 'കനപ്പെട്ട' സൌഭാഗ്യമായ ലാലേട്ടന്‍ തുടങ്ങി വന്‍ പുലികള്‍ ആണ് ചിത്രത്തിന്റെ മുന്നിലും പിന്നിലും. പക്ഷെ ഇതിന്റെ അണിയറക്കാര്‍ ഉദ്ദേശിച്ച പോലുള്ള വികാരമല്ല ചിത്രം കാഴ്ചക്കാരില്‍ ഉണ്ടാക്കുന്നത്‌ എന്ന് മാത്രം 

എന്താണ് കഥ ( പേടിക്കണ്ട. spoilers ഒഴിവാക്കിയിട്ടുണ്ട് ) ? 

     ദുബായ് നഗരത്തിലെ അംബര ചുംബികളില്‍ അതീവ സാഹസികമായ രീതിയില്‍ നടത്തുന്ന മോഷണ പരമ്പരകള്‍ നടത്തുന്ന ഒരു masked robber gang ന്റെ ഒരു വന്‍ മോഷണം കാണിച്ചു കൊണ്ടാണ് കഥ തുടങ്ങുന്നത്. ആ ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലംഗ സംഘം അടുത്തതായി ലക്‌ഷ്യം വയ്ക്കുന്നത് ഉടന്‍ തന്നെ ദുബായില്‍ നടക്കാന്‍ പോകുന്ന ഒരു വന്‍ വിവാഹ ചടങ്ങാണ്. അതില്‍ വരുന്ന അതി സമ്പന്നരായ  അതിഥികള്‍ ആണ് അവരുടെ ലക്‌ഷ്യം. Casanova's Eternal Spring  എന്ന പേരില്‍ ഹോര്‍ട്ടി കള്‍ച്ചര്‍ ബിസിനസ്‌ നടത്തുന്ന, വിജയ്‌ മല്യയെ പോലെ ജീവിതം അടിച്ചു പൊളിക്കുന്ന ഒരു വ്യവസായി ആണ് കാസനോവ. അദ്ദേഹവും ഈ വിവാഹത്തിനെത്തുന്നുണ്ട് . അതിഥികള്‍ക്കിടയില്‍ നുഴഞ്ഞു കയറിയ അവരെ കാസനോവ തിരിച്ചറിയുന്നു. പോലീസിനെ അറിയിക്കാതെ അവരെ നേരിട്ട് കുടുക്കാന്‍ വേണ്ടി മറ്റു പരിപാടികള്‍ എല്ലാം ഉപേക്ഷിച്ചു അയാള്‍ അവിടെ തങ്ങുന്നു. എന്തിനാണ് അയാള്‍ അവരെ ലക്ഷ്യമിടുന്നത് ?  എന്താണ് അവരുടെ ബന്ധം ? എന്താണ് കസനോവയുടെ ജീവിതത്തില്‍ സംഭവിച്ചത് ?  തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ചിത്രത്തിന്റെ ബാക്കി പാതി. 

അഭിനേതാക്കള്‍ 

സത്യം പറഞ്ഞാല്‍ ഈ ചിത്രത്തില്‍ മുഴച്ചു നില്‍ക്കുന്ന ഒരേ ഒരു കഥാപാത്രം നായകനായ കാസനോവ തന്നെയാണ്. internationally അറിയപ്പെടുന്ന ഒരു പ്ലേ ബോയ്‌ ആയ കസനോവയെ അവതരിപ്പിക്കാന്‍ മോഹന്‍ ലാലിനെ തെരഞ്ഞെടുത്തത് തെറ്റായ ഒരു തീരുമാനമായി പോയി എന്ന് പറയാതെ വയ്യ. ഇത്രയും സ്ത്രീകളെ ആകര്‍ഷിക്കാനുള്ള ഒരു കരിസ്മ ഉള്ള ഒരു കഥാപാത്രമായി മാറാന്‍ ശാരീരികമായ പരിമിതികള്‍ മൂലം അദ്ദേഹത്തിന് പറ്റുന്നില്ല എന്നത് ഒരു സത്യമാണ്. 
ക്ഷീണിച്ച മുഖവും അതിനേക്കാള്‍ ക്ഷീണിച്ച ശരീര ഭാഷ കൊണ്ടും കഥാപാത്രത്തില്‍ നിന്നും ബഹുദൂരം പുറകിലാണ് എന്ന് ഇപ്പോഴും തോന്നിപ്പിക്കുന്ന അഭിനയമാണ് മോഹന്‍ലാല്‍ നടത്തിയിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് പ്രേമത്തെ പറ്റി വാചകങ്ങള്‍ തട്ടി മൂളിക്കുന്നതോ അല്ലെങ്കില്‍ സ്വന്തം സ്വീറ്റിലും കോഫി ഷോപ്പിലും വിളിച്ചു വരുത്തി അവരെ കോഫി കുടിപ്പിക്കുന്നത് കൊണ്ടോ ഇക്കാലത്ത് പെണ്ണുങ്ങള്‍ വീഴുമെന്നു എനിക്ക് തോന്നുന്നില്ല. ലോകം വളരെ മാറി കഴിഞ്ഞിരിക്കുന്നു. പ്രണയവും. പക്ഷെ അത് ചിത്രത്തില്‍ കാണാന്‍ പറ്റുന്നില്ല എന്ന് മാത്രം. അതൊക്കെ പോട്ടെ .. ലാലേട്ടനിലേയ്ക്ക്  വരാം. ചില രംഗങ്ങളില്‍ അദ്ദേഹം ഉപയോഗിച്ച വിഗ് വളരെ നന്നായിട്ടുണ്ട്. പക്ഷെ ചില സീനുകളില്‍ ഇപ്പൊ പറന്നു പോകും എന്ന് നമുക്ക് സംശയം തോന്നുന്ന തരം തല്ലിപ്പൊളി സാധനം ആണ് അദ്ദേഹം തലയില്‍ ഫിറ്റ്‌ ചെയ്തിരിക്കുന്നത്. പിന്നെ മലയാള സിനിമകളില്‍ മാത്രം കാണുന്ന തരം തൊങ്ങല്‍ പിടിപ്പിച്ച കോട്ടുകളും. പാട്ടുകളില്‍ റോഷന്റെ വിദഗ്ധമായ ശ്രമങ്ങള്‍ കാരണം അധികം ബോര്‍ ആകാതെ നോക്കിയിട്ടുണ്ട്. ഒരു കാലത്ത് സ്വാഭാവികമായ അഭിനയത്തിന്റെ പര്യായ പദമായി അറിയപ്പെട്ടിരുന്ന ഒരു അതുല്യ നടനെ കുറിച്ച് ഇങ്ങനെയൊക്കെ പറയേണ്ടി വരുന്നതില്‍ ഒരു കടുത്ത ലാലേട്ടന്‍ ഫാന്‍ എന്ന നിലക്ക് ദുഖമുണ്ട്. പക്ഷെ എന്ത് ചെയ്യാന്‍. അമീര്‍ ഖാന്‍ ഒക്കെ ചെയ്യുന്ന പോലെ വര്‍ഷത്തില്‍ ഒരു ചിത്രം എന്ന തീരുമാനത്തിലെയ്ക്ക് അദ്ദേഹം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മോഹന്‍ ലാല്‍ സിനിമകളിലെ സ്ഥിരം അസംസ്കൃത വസ്തുവായ ലക്ഷ്മി റായി ഇതിലുമുണ്ട്. തരക്കേടില്ലാതെ അഭിനയിച്ചു. റോമയ്ക്ക് വ്യത്യസ്തമായ ഒരു വേഷമാണ്. പക്ഷെ റോമ തടിച്ചു തടിച്ചു ഡിങ്കനെ പോലെ ( എന്റെ ഒരു സുഹൃത്തിട്ട പേരാണ്. നല്ല ചേര്‍ച്ചയുണ്ട് ) ആയിട്ടുണ്ട്‌. ജഗതിയുടെ ഒന്നും ഒരു ആവശ്യവും ഈ ചിത്രത്തിലില്ല. പക്ഷെ അങ്ങേരും ഉണ്ട്. ലാലു അലക്സ്‌ കൊള്ളാം. തരക്കേടില്ല. ലാലേട്ടന് കാമുകി ഇല്ല എന്ന് കരുതി സമാധാനിചിരിക്കുമ്പോള്‍ അതാ വരുന്നു ശ്രേയ ശരന്‍. അതിനെ പറ്റി 

ഏറ്റവും നന്നായി തോന്നിയത് ആ നാല് കള്ളന്മാരാണ്. ബട്ട്‌ ഒന്നിന്റെയും പേരറിയില്ല. അവന്മാര്‍ നാലും കൊള്ളാം. തീപ്പൊരികള്‍ ആണ്. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഷെയര്‍ ചെയ്യൂ പ്ലീസ്. 
അവന്മാര്‍ക്ക് അഭിനന്ദനം

സാങ്കേതികം 

    കഥ കൊള്ളാം. പക്ഷെ തിരക്കഥയ്ക്ക് നീളം കുറയ്ക്കാമായിരുന്നു. പല രംഗങ്ങളും ആവശ്യത്തിലധികം നീണ്ടു പോയി. ക്യാമറ, മ്യൂസിക്‌ മുതലായവ ഒന്നാംതരം. മലയാള സിനിമ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും തികവുള്ള ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ചിത്രം. ഒരുപക്ഷെ ഈ ചിത്രത്തിന്റെ ഒരേ ഒരു അട്രാക്ഷന്‍. പിന്നെ മേല്പറഞ്ഞ കള്ളന്മാരുടെ മോഷണങ്ങളും. അത് എന്ത് കോപ്പി ആയാലും തകര്‍പ്പനായി ചിത്രീകരിച്ചിരിക്കുന്നു. റോള്‍സ് , റോവര്‍ , ഹമ്മര്‍ , ലിമോ മുതലായ അത്യാഡംബര കാറുകളുടെ നീണ്ട നിര ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.  കോണ്‍ഫിടന്റ്റ് ഗ്രൂപ്പിന്റെ ഉടമയായ റോയിയുടെ കാര്‍ ആയിരിക്കാന്‍ സാധ്യത ഉണ്ട്. അങ്ങേരുടെ ഇവിടത്തെ വീട്ടില്‍ എപ്പോഴും  ഇത് പോലെ കുറച്ചെണ്ണം കിടക്കുന്നത് കാണാം. പ്രതിഭയുള്ള  ഒരു സംവിധായകന്‍ എന്ന നിലയില്‍ റോഷന്‍ ഇനിയും വര്‍ഷങ്ങള്‍ മലയാള സിനിമയില്‍ നില്‍ക്കാന്‍ കഴിവുള്ള ആള്‍ തന്നെയെന്നു സംശയമില്ലാതെ പറയാം. 

ചുരുക്കി പറഞ്ഞാല്‍ 

പടം കണ്ടിറങ്ങുമ്പോള്‍ എന്താണവശേഷിക്കുന്നത് എന്ന് ചോദിച്ചാല്‍ ഒരു പാട് നിറം കലര്‍ത്തിയ ചില കെട്ടുകാഴ്ചകള്‍ മാത്രമാണ് എന്ന് പറയേണ്ടി വരും. പക്ഷെ എന്നാലും ഒരു തവണ ഉറപ്പായും കാണാവുന്ന ഒരു ചിത്രം.

വാല്‍ കഷണം .. ഇപ്പോഴും വാല് മുറിയാതെ കിടക്കുന്നത് 

      ഒരു പാട് പ്രശ്നങ്ങളില്‍ പെട്ട് വളരെ കാലമെടുത്താണ് ഇത് പൂര്‍ത്തിയാക്കിയതെന്ന് ചിത്രം കണ്ടാല്‍ പറയില്ല. അതിന്റെ ഫുള്‍ ക്രെഡിറ്റ്‌ റോഷന് കൊടുക്കണം. പക്ഷെ ചില രംഗങ്ങളില്‍ ശ്രദ്ധക്കുറവില്ലേ  എന്നൊരു സംശയം. ചില പാച് അപ്പ്‌ ഷോട്ടുകള്‍ ബാംഗ്ലൂര്‍ വച്ചാണ് എടുത്തത്‌. അതില്‍ വന്ന ചില പാളിച്ചകള്‍ എനിക്ക് തോന്നിയത് പറയാം. 

     ദുബായില്‍ നടക്കുന്ന ഒരു ശവ സംസ്കര ചടങ്ങ് കാണിക്കുമ്പോള്‍ , അത് ദുബായ് തന്നെയെന്നു തോന്നിപ്പിക്കാന്‍ ആഡംബര കാറുകള്‍ നിരത്തി നിര്‍ത്തിയിട്ടുണ്ട്. പക്ഷെ അതില്‍ ഒരെണ്ണത്തില്‍ നമ്മുടെ നാട്ടില്‍ കിട്ടുന്ന നെറ്റിപ്പട്ടവും ഗുരുവായൂരപ്പന്റെ ലോക്കറ്റും ഉള്ള ഒരു സാധനം കെട്ടി തൂക്കിയിട്ടിട്ടുണ്ട്. ദുബായിലും അത് കിട്ടുമോ ആവോ

    പിന്നെ കസനോവയുടെ ഹോട്ടല്‍ സ്വീറ്റ്. അതില്‍ തൂക്കിയിട്ടിരിക്കുന്ന പയിന്റിങ്ങുകള്‍ മുഴുവന്‍ പണ്ട് തിരുവിതാങ്കൂര്‍ ഭരിച്ചിരുന്ന ശശി എന്ന രാജാവിന്റെ ചിത്രങ്ങള്‍. ദുബായില്‍ ആണെങ്കില്‍ അവിടത്തെ രാജാവിന്റെ പടം അല്ലെ മിനിമം തൂക്കേണ്ടത്. സത്യം പറഞ്ഞാല്‍ ആ പെയിന്റിംഗ് കണ്ടപ്പോഴാണ് കാസനോവ ബംഗ്ലൂര്‍ ലീല പാലസില്‍ ഷൂട്ട്‌ ചെയ്ത കാര്യം ഓര്‍മ വന്നത്. അവിടത്തെ മുറി ആണ് ദുബായിലെ മുറി ആയി കാണിക്കുന്നത്. പക്ഷെ പടം മാറ്റാന്‍ വിട്ടു പോയി എന്ന് തോന്നുന്നു. ഹി ഹി .

15 അഭിപ്രായങ്ങൾ:

  1. അവസാന രണ്ടു പാര വായിച്ചു ഞാനീ ദുബായും വിട്ടോടി.
    കിടിലന്‍ കിക്കിടിലന്‍ !

    മറുപടിഇല്ലാതാക്കൂ
  2. പയിന്റിങ്ങുകള്‍ മുഴുവന്‍ പണ്ട് തിരുവിതാങ്കൂര്‍ ഭരിച്ചിരുന്ന ശശി എന്ന രാജാവിന്റെ ചിത്രങ്ങള്‍! Wow :)

    മറുപടിഇല്ലാതാക്കൂ
  3. കാസനോവ-റിവ്യൂ വായിച്ചു.പടം കണ്ടിട്ടില്ല.............

    മറുപടിഇല്ലാതാക്കൂ
  4. "ദുബായില്‍ നടക്കുന്ന ഒരു ശവ സംസ്കര ചടങ്ങ് കാണിക്കുമ്പോള്‍ , അത് ദുബായ് തന്നെയെന്നു തോന്നിപ്പിക്കാന്‍ ആഡംബര കാറുകള്‍ നിരത്തി നിര്‍ത്തിയിട്ടുണ്ട്. പക്ഷെ അതില്‍ ഒരെണ്ണത്തില്‍ നമ്മുടെ നാട്ടില്‍ കിട്ടുന്ന നെറ്റിപ്പട്ടവും ഗുരുവായൂരപ്പന്റെ ലോക്കറ്റും ഉള്ള ഒരു സാധനം കെട്ടി തൂക്കിയിട്ടിട്ടുണ്ട്. ദുബായിലും അത് കിട്ടുമോ ആവോ"
    അതൊക്കെ നമ്മുടെ മലയാളികള്‍ എവിടെ ചെന്നാലും ഉപയോഗിക്കുന്നതാ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് ശരി തന്നെ. പക്ഷെ ദുബായില്‍ ഈ സാധനം കിട്ടുമോ ? ഇത് ഇവിടെയൊക്കെ കാറില്‍ കോമണ്‍ ആയി തൂക്കിയിടുന്നതാണ്. ചിലപ്പോ ഉണ്ടായിരിക്കും. ഞാന്‍ ഈ ദുബായില്‍ ഇത് വരെ പോയിട്ടില്ല കേട്ടോ

      ഇല്ലാതാക്കൂ
    2. അത് ശരി. എന്നാ പിന്നെ ആ പ്രസ്താവന പിന്‍വലിച്ചിരിക്കുന്നു.

      ഇല്ലാതാക്കൂ
  5. പിന്നെ കസനോവയുടെ ഹോട്ടല്‍ സ്വീറ്റ്. അതില്‍ തൂക്കിയിട്ടിരിക്കുന്ന പയിന്റിങ്ങുകള്‍ മുഴുവന്‍ പണ്ട് തിരുവിതാങ്കൂര്‍ ഭരിച്ചിരുന്ന ശശി എന്ന രാജാവിന്റെ ചിത്രങ്ങള്‍. ദുബായില്‍ ആണെങ്കില്‍ അവിടത്തെ രാജാവിന്റെ പടം അല്ലെ മിനിമം തൂക്കേണ്ടത്. ...........dussasanan is trying harder than roshan andrews to make people laugh.pity...

    മറുപടിഇല്ലാതാക്കൂ
  6. ഇങ്ങനെ രണ്ടു പടമിറങ്ങിയാല്‍ കോന്‍ഫിടെന്‍റ് റോയിച്ചന്‍ കുത്തുപാള എടുക്കും..ഒറപ്പാ...
    ഏതായാലും വന്‍തുക മുടക്കി ഏഷ്യാനെറ്റ് സാറ്റലൈറ്റ് റൈറ്റ് വാങ്ങിയതിനാല്‍ അടുത്ത ഓണത്തിന് സിനിമ ടിവിയില്‍ വരുമെന്ന്‍ പ്രതീക്ഷിക്കാം....

    മറുപടിഇല്ലാതാക്കൂ
  7. എന്തൊക്കെ പറഞ്ച്ചാലും കാസനോവ മലയാളി സമൂഹത്തോടുള്ള ഒരു വെല്ലുവിളിയാണ്ണ്‍ .വലിച്ചു നീട്ടിയ ഒരു തിരകഥ .കഥയോ ഒരു കാമ്പും ഇല്ലാത്തത് .ആര്ക് വേണ്ടിയാണ്ണ്‍ ഇങ്ങിനെ ഒരു സിനിമ .ദൈരയിലുള്ള രഷിയന്സിനെ മാര്‍കറ്റ്‌ ചെയ്യാനോ ?ഒരു പാവം prekshakante സംശയമാണ്.

    മറുപടിഇല്ലാതാക്കൂ
  8. ഛായാഗ്രഹണം, പശ്ചാത്തലസംഗീതം എന്നിവ ഒന്നാംതരം തന്നെ. നാലു കള്ളന്മാർ മാത്രമല്ല, ഇന്റർപോൾ ഓഫീസർ ആയി വേഷമിട്ട റിയാസ് ഖാനും ആ കഥാപാത്രത്തിന്‌ നൂറുശതമാനവും യോജിക്കുന്ന പ്രകടനം കാഴ്ചവച്ചു. ഇത് മലയാളസിനിമ ആണെങ്കിലും കേരളീയ സിനിമ അല്ല. ഈ സിനിമയ്ക്ക് അതിന്റേതായ അർത്ഥ തലങ്ങളുണ്ട്. നല്ല Ambience.

    മോഹൻ ലാൽ അല്ലെങ്കിൽപിന്നെ ആരെ പകരം വയ്ക്കും ? പത്തുവർഷം മുൻപുണ്ടായിരുന്ന മോഹൽ ലാൽ ആയിരുന്നെങ്കിൽ ചേരുമായിരുന്നു. കഥ ഒട്ടും വലിച്ചുനീട്ടി കൂട്ടിയിട്ടില്ല.

    മറുപടിഇല്ലാതാക്കൂ