2012, ജനുവരി 8, ഞായറാഴ്‌ച

അവിടെ പിന്നെ വേറെ ആരാ ഉള്ളത് ?

   

     കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് മടങ്ങി വന്ന ഒരു സുഹൃത്തിനെ കണ്ടു. സാധാരണ നാട്ടില്‍ വരുമ്പോള്‍ ആകെ ഓളം സൃഷ്ടിച്ചു നടക്കുന്ന ഒരു ചേട്ടനാണ്. പക്ഷെ ഇത്തവണ കണ്ടപ്പോ ആകെ മ്ലാനമായി ഇരിക്കുന്നു. എന്ത് പറ്റി എന്ന് ചോദിച്ചു. കുറച്ചു നേരം ചോദിച്ചപ്പോ അവന്‍ കാര്യം പറഞ്ഞു. അവന്റെ അച്ഛന്‍ നാട്ടില്‍ ഒറ്റയ്ക്കാണ് താമസം. അവന്റെ അമ്മ മരിച്ചതിനു ശേഷം അവന്‍ പല തവണ പറഞ്ഞു നോക്കിയെങ്കിലും അവന്റെ ഒപ്പം പോകാന്‍ അച്ഛന്‍ കൂട്ടാക്കിയില്ല. അച്ഛനോട് ഒന്ന് സംസാരിച്ചു ശരിയാക്കി തരണം എന്ന് അവന്‍ എന്നോട് പറഞ്ഞു. അങ്ങനെ ഞാന്‍ പുള്ളിയെ പോയി കണ്ടു. അവന്റെ അച്ഛന്‍ നാട്ടില്‍ ചെറിയ കൃഷിയും പശു വളര്‍ത്തലും ഒക്കെയായി ജീവിച്ച ആളാണ്‌. അതില്‍ നിന്നുള്ള വരുമാനം കൊണ്ട് മകളെ നന്നായി വളര്‍ത്തി ഡോക്ടര്‍ ആക്കി കെട്ടിച്ചു വിട്ടു. മകനെ ആരുടെയോ ബന്ധം ഉപയോഗിച്ച് ഗള്‍ഫിലെത്തിച്ചു. അവനും ഇപ്പൊ നല്ല നിലയിലായി. ജീവിതത്തിന്റെ സായാഹ്നം ആസ്വദിക്കാന്‍ ഇരുന്ന അദ്ദേഹത്തെ നിരാശപ്പെടുത്തിക്കൊണ്ട്‌ ഭാര്യ നേരത്തെ അങ്ങ് പോയി. ഇപ്പൊ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഭക്ഷണം ഉണ്ടാക്കികൊടുക്കാന്‍ ഒരു പയ്യന്‍ ഉണ്ട്. അവന്‍ രാവിലെ വന്നു എല്ലാം ഉണ്ടാക്കി വച്ചിട്ട് പോകും. ഭാര്യ മരിച്ചതിനു ശേഷം പശുക്കളെയും കോഴികളെയും വിറ്റു.അങ്ങനെ ഞാന്‍ അവന്റെ വീട്ടിലെത്തി. അങ്കിളേ .ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് ബുദ്ധിമുട്ടി ജീവിക്കുന്നതിനേക്കാള്‍ നല്ലത് അവന്റെ ഒപ്പം പോയി നില്‍ക്കുന്നതല്ലേ ? അവന്റെ ഭാര്യക്കും ഒരു പ്രശ്നവുമില്ല. മാത്രമല്ല നേരത്തെ അച്ഛന്‍ മരിച്ചു പോയ അവന്റെ ഭാര്യക്ക്‌ അങ്കിള്‍ എന്ന് പറഞ്ഞാല്‍ സ്വന്തം അച്ഛനെപ്പോലെയാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇക്കാലത്ത് ഇത്രയും സ്നേഹമുള്ള മക്കളെയും മരുമക്കളെയും കിട്ടുന്നത് ഒരു ഭാഗ്യമല്ലേ ? ഇങ്ങനെ എന്റെ പരിമിതമായ അറിവ് വച്ച് നിരത്താവുന്ന നമ്പരുകള്‍ ഒക്കെ ഞാന്‍ നിരത്തി. എല്ലാം  കേട്ടിരുന്നിട്ട് അദ്ദേഹം ഒരു ചോദ്യം. മോനെ . ഞാന്‍ ഇപ്പൊ അങ്ങോട്ട്‌ പോയാല്‍ പിന്നെ ഇവിടെ ആരാ ഉള്ളത്  എന്ന്. സത്യം പറഞ്ഞാല്‍ അത് കേട്ടിട്ട് എനിക്ക് ദേഷ്യം വന്നു. ഞാന്‍ പറഞ്ഞു അങ്കിള്‍ എന്തിനാ ഇപ്പൊ അതാലോചിക്കുന്നത് ? ഇവിടെ ഇപ്പൊ ആരാ വേറെ ഉള്ളത്. അങ്കിള്‍ മാത്രമല്ലെ ഉള്ളൂ. പിന്നെ എന്താലോചിക്കാനാ എന്ന് ഞാന്‍ അല്പം ഈര്‍ഷ്യയോടെ ചോദിച്ചു. അതൊന്നും നിങ്ങള്‍ പിള്ളേര്‍ക്ക് മനസ്സിലാവില്ല മക്കളെ എന്ന് അങ്കിള്‍ അല്പം മങ്ങിയ മുഖത്തോടെ പറഞ്ഞു.

     അന്ന് ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് വെറുതെ ഒന്ന് മയങ്ങാന്‍ കട്ടിലില്‍ കിടന്നു.  ഇത്തരം രംഗങ്ങള്‍ ഞാന്‍ പല സത്യന്‍ അന്തിക്കാട് സിനിമകളിലും കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് ആദ്യമായാണ്. എന്താണ് അദ്ദേഹത്തിന്റെ പ്രശ്നം ? ആ വീട്ടില്‍ വേറെയാരുമില്ല. പക്ഷെ എന്താവും അദ്ദേഹത്തെ പുറകോട്ടു വിളിക്കുന്നത്‌ ? എന്റെ അമ്മാമ്മ പറഞ്ഞത് പെട്ടെന്ന് ഓര്‍മ വന്നു. അമ്മമ്മ എപ്പോഴും പറയുമായിരുന്നു ജനിച്ചു വളര്‍ന്ന വീട്ടില്‍ ജീവിക്കുന്നതിന്റെ സുഖം ഒരിക്കലും പറഞ്ഞു തരാന്‍ പറ്റില്ല എന്ന്. ശരിയാണ്.  പിറന്ന മണ്ണിന്റെ മണം , വീടിന്റെ സുഗന്ധം മുതലായവ എന്നോ കളഞ്ഞു പോയിരിക്കുന്നു അല്ലേ ? വാടക വീടുകളില്‍ ജനിച്ചു വളര്‍ന്ന ഒരു കുട്ടിക്ക് അത്തരം ഒരു ഗൃഹാതുരത ഉണ്ടാവുമോ ? ഒരു പക്ഷെ വീട്ടില്‍ നിന്ന് മാറി നില്‍ക്കുമ്പോഴാവും  അല്ലേ ഇതൊക്കെ ആദ്യം തിരിച്ചറിയുക ? നിങ്ങള്‍ ഒന്ന് തിരിഞ്ഞു നോക്കൂ.. സ്വന്തം വീട്ടിലേക്ക് നിങ്ങളെ പിടിച്ചു വലിച്ചു നിര്‍ത്തുന്ന എന്തെങ്കിലും ഉണ്ടോ ? എങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ് ... എന്ത് പറയുന്നു ?

5 അഭിപ്രായങ്ങൾ:

  1. എല്ലാറ്റിനും ലോജിക്കലായി ഉത്തരം വേണം എന്ന്
    ശഠിച്ചുനടന്ന നാളില്‍ എന്നെ തോപ്പിച്ച ചോദ്യങ്ങളാണ്‌ ഇതൊക്കെ.

    മറുപടിഇല്ലാതാക്കൂ
  2. " അന്യോട്ത്തെ മണിമാളിക്യേംഭേദം
    അവനോന്‍റെ കൂര്യാ സൊര്‍ഗ്ഗം"
    എന്നു് ദുശ്ശാസനന്‍ കേട്ടിട്ടില്ല്യേ!??
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  3. നിനക്കു പ്രായം അറുപതു കഴിയണം അപ്പൊ മനസിലാകും എന്നാണു എനിക്കു കിട്ടിയിരുന്ന മറുപടി..

    മറുപടിഇല്ലാതാക്കൂ
  4. സത്യമാണ്....ഓർമ്മകൾ തങ്ങി നിൽക്കുന്ന സ്നേഹിക്കുന്നവർ എല്ലാമുള്ള സ്വന്തം വീട്. അതാണ് സ്വർഗ്ഗം......

    മറുപടിഇല്ലാതാക്കൂ
  5. ജനിച്ചു വളര്‍ന്ന വീട്ടില്‍ ജീവിക്കുന്നതിന്റെ സുഖം ഒരിക്കലും പറഞ്ഞു തരാന്‍ പറ്റില്ല എന്ന്. ശരിയാണ്.

    മറുപടിഇല്ലാതാക്കൂ