Saturday, November 27, 2010

ഖാമോഷി - നിശബ്ദതയുടെ സംഗീതം


     കുറച്ചു പഴയ ഒരു ചിത്രമാണ്. ഖാമോഷി. സഞ്ജയ്‌ ലീല ബന്‍സാലിയുടെ ആദ്യ ചിത്രം. കരീബ് എന്ന പടം സംവിധാനം ചെയ്യാനുള്ള വിധു വിനോദ് ചോപ്രയുടെ നിര്‍ദേശം നിരസിച്ചു കൊണ്ട് സഞ്ജയ്‌ സംവിധാനം ചെയ്ത ഒരു ചിത്രമാണ് ഖാമോഷി. ഈ ചിത്രത്തിന്റെ പേരിലാണ് ഇവര്‍ രണ്ടു പേരും വഴക്കിലായതും. സഞ്ജയ്‌ നൊപ്പം  സുപ്രദാ സിക്ദര്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. നാന പടെകര്‍, സീമ ബിശ്വാസ്, മനീഷ കൊയ് രാള, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ആണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു നല്ല വേഷത്തില്‍ പഴയ കാല നായിക ഹെലെനും ഉണ്ട്. ജതിന്‍ ലളിത് ഒരുക്കിയ അതി മനോഹര ഗാനങ്ങള്‍ ഉണ്ട്. വന്ദേമാതരം ആല്‍ബത്തിലൂടെ പ്രശസ്തയായ ബേല സെഗള്‍ ( സഞ്ജയ്‌ ലീല ബന്‍സാലിയുടെ സഹോദരി ആണ് ബേല ) ആണ് എഡിറ്റര്‍.

     ഖാമോഷി എന്ന വാക്കിനു നിശബ്ദത എന്നാണ് അര്‍ഥം. മൂകരും ബധിരരും ആയ ഒരു ഭര്‍ത്താവിന്റെയും ഭാര്യയുടെയും ജീവിതം ആണ് ഈ സിനിമ. ഗോവയില്‍ മനോഹരമായ ഒരു കടല്‍ത്തീരത്ത്‌ അതിനോളം തന്നെ മനോഹരമായ ഒരു വീട്ടില്‍ സന്തോഷത്തോടെ ജീവിക്കുന്ന ജോസെഫും ഫ്ലാവിയും. തങ്ങള്‍ക്കു ജനിക്കാന്‍ പോകുന്ന കുട്ടിക്ക് സംസാര ശേഷിയും കേള്‍വിയും ഉണ്ടാകുമോ എന്ന ആശങ്ക ആണ് അവര്‍ക്കുള്ളത്. കുട്ടി ജനിച്ച ഉടന്‍ തന്നെ പേടിയോടെ അവര്‍ ആദ്യം അന്വേഷിക്കുന്നത് കുട്ടിക്ക് സംസാരിക്കാന്‍ പറ്റുന്നുണ്ടോ എന്നാണു. എന്നാല്‍ അവരുടെ ആശങ്കകളെ അസ്ഥാനത്താക്കി മിടുക്കിയായ ഒരു സുന്ദരി കുട്ടി ജനിക്കുന്നു. അതാണ് ആനി. കുറച്ചു കൂടി കഴിയുമ്പോള്‍ സാം എന്ന പേരില്‍ ഒരു ആണ്‍കുട്ടി കൂടി അവര്‍ക്ക് ഉണ്ടാകുന്നു. സ്നേഹ സമ്പന്നയായ മുത്തശ്ശി മറിയയുടെ സ്നേഹ ലാളനകള്‍ അനുഭവിച്ചു അവര്‍ വളരുന്നു. മുത്തശ്ശി അവരെ ഉറക്കാന്‍  പാടുന്ന പാട്ടുകളില്‍ നിന്നു ആനിയില്‍ സംഗീതത്തോട്‌ ഒരു അഭിരുചി ഉണ്ടാവുന്നു. കേള്‍ക്കാന്‍ ആവുന്നില്ലെങ്കിലും ജോസെഫിന്റെയും ഫ്ലാവിയുടെയും നിശബ്ദമായ ജീവിതത്തില്‍ ആനിയുടെ സംഗീതം ഒരു ജലധാരയായി വന്നു നിറയുന്നു. 

     കവിഞ്ഞൊഴുകുന്ന ആഹ്ലാദവും സന്തോഷവും വഴി മാറിയത് പെട്ടെന്നായിരുന്നു. ഒരു ദിവസം കുര്‍ബാനക്കു പള്ളിയില്‍ പോയ സാം പള്ളിയുടെ മുകളില്‍ നിന്നു താഴെ വീണു മരിക്കുന്നു.  അപ്രതീക്ഷിതമായ ദുരന്തം ജോസെഫിനെയും ഫ്ലാവിയെയും ആനിയേയും  മാറ്റി മറിക്കുന്നു. അവരുടെ വീട്ടിലെ പ്രകാശം അസ്തമിച്ചു. ആനിയുടെ ജീവിതത്തില്‍ നിന്നു സംഗീതം മാഞ്ഞു പോകുന്നു. നിറം നഷ്ടപ്പെട്ട ആ വീട്ടില്‍ അതിനെക്കാള്‍ നിറം മങ്ങി ഒരു അച്ഛനും അമ്മയും മകളും. വിരസമായ ഒരു ഗാനം പോലെ ജീവിതം ഇഴഞ്ഞു നീങ്ങാന്‍ തുടങ്ങി.

     അങ്ങനെ ഇരിക്കെ ആനിയുടെ ജീവിതത്തിലേക്ക് കടന്നു വരികയാണ് രാജ്. ഒരു സംഗീത അധ്യാപകന്‍ ആയ രാജ് ആനിയുടെ ജീവിതത്തില്‍ ബലമായി ഒരു സ്ഥാനം പിടിച്ചെടുത്തു. സ്വന്തം ജീവിതത്തില്‍ നിന്നു മറന്നു പോയ നല്ലതെല്ലാം തിരികെ കൊണ്ട് വരാന്‍ രാജ് ഒരു നിമിത്തമാകുന്നു. പണ്ട് പാടി മറന്ന പാട്ടുകള്‍ ആനി ഓര്‍ത്തെടുക്കുന്നു. അവള്‍ വീണ്ടും പാടാന്‍ തുടങ്ങുന്നു. ഇതിനിടയില്‍ അവര്‍ തമ്മിലുള്ള സ്നേഹ ബന്ധം അതിന്റെ ഉച്ച സ്ഥായിയില്‍ എത്തിയിരുന്നു. ഏതോ ഒരു നിമിഷത്തില്‍ അവര്‍ ഒന്നാവുന്നു. ആനി ഗര്‍ഭിണി ആയി. ഇതറിഞ്ഞ ജോസഫ്‌ പൊട്ടിത്തെറിക്കുന്നു. അത് അബോര്‍ട്ട് ചെയ്യാന്‍ അയാള്‍ വാശി പിടിക്കുന്നു.
അവിവാഹിതയായ ഒരു അമ്മ എന്ന ദുഷ്പേര് തങ്ങള്‍ക്കു താങ്ങാന്‍ പറ്റില്ല എന്നു ജോസഫ്‌ തീര്‍ത്തു പറയുന്നു. അയാളെ സ്വന്തം ജീവന്റെ പാതി ആയി കാണുന്ന ഫ്ലാവി ജോസെഫിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു.

     പള്ളിയും അധികാരികളും ആനിയെ ചോദ്യം ചെയ്തു. എന്നാല്‍ ഒന്നിലും പതറാതെ കുട്ടിയെ പ്രസവിച്ചു വളര്‍ത്തുക എന്ന തീരുമാനവുമായി അവള്‍ മുന്നോട്ടു പോകുന്നു. ഇതറിഞ്ഞ ജോസഫ്‌ അവളോട്‌  വീട് വിട്ടു പുറത്തു പോകാന്‍ പറയുന്നു. ഒരു ഹിന്ദു ആയ രാജിനെ അംഗീകരിക്കാന്‍ ജോസെഫിനു കഴിയുന്നില്ല. എന്നാല്‍ രാജിന്റെ ജാതി അല്ല ജോസെഫിന്റെ പ്രശ്നം. ഗോവയ്ക്ക് പുറത്തു താമസിക്കുന്ന രാജിനെ വിവാഹം കഴിച്ചാല്‍ ആകെ ഉള്ള മകള്‍ ദൂരേക്ക്‌ പോകുമെന്നുuള്ളതാണ് അയാളെ അലട്ടുന്നത് . എന്തിനേറെ പറയുന്നു. ഒടുവില്‍ ആനി രാജിനോടൊപ്പം വീട് വിട്ടിറങ്ങുന്നു. 

     അവര്‍ വീണ്ടും ഒറ്റക്കായി. അങ്ങോട്ടും ഇങ്ങോട്ടും കാണണം എന്നുണ്ടെങ്കിലും അവര്‍ അകന്നു തന്നെ കഴിയുന്നു. കാലം കടന്നു പോയി. ആനിക്കുണ്ടായ ആണ്‍ കുട്ടിക്ക് മരിച്ചു പോയ സഹോദരന്റെ ഓര്‍മ്മക്കായി സാം എന്നു പേരിടുന്നു. കാലം അവരുടെ മുറിവുകളില്‍ അല്‍പം മരുന്ന് പുരട്ടി. ആനിയും രാജും അവരുടെ കുഞ്ഞും കൂടി ജോസെഫിനെ കാണാന്‍ തിരികെ വരുന്നു. അതിനോടകം തന്നെ എല്ലാം അംഗീകരിക്കാന്‍ മനസ്സാ തയ്യാറെടുത്തു കഴിഞ്ഞിരുന്നു ജോസഫ്‌. അയാള്‍ സന്തോഷത്തോടെ ആനിയേയും കുഞ്ഞിനേയും സ്വീകരിക്കുന്നു. മാത്രമല്ല രാജിനെ സ്നേഹത്തോടെയും സന്തോഷത്തോടെയും സ്വന്തം മരുമകന്‍ ആയി അംഗീകരിക്കുന്നു. പണ്ടെങ്ങോ മാഞ്ഞു പോയതെല്ലാം തിരിച്ചു വന്നു. ആ വീട് പഴയ പോലെ പ്രകാശ പൂര്‍ണമായി. കുറച്ചു കാലത്തിനു ശേഷം ജോസെഫും ഫ്ലാവിയും സന്തോഷത്തില്‍ മതി മറക്കുന്നു.

എന്നാല്‍ വേറെയും ദുരന്തങ്ങള്‍ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു അപകടത്തില്‍ പെട്ടു ആനി കോമയില്‍ ആവുന്നു. ജീവശ്ചവം പോലെ കിടക്കുന്ന ആനി അവര്‍ക്ക് മുന്നില്‍ ഒരു പുതിയ വേദന ആയി. മരവിച്ചു കിടക്കുന്ന ആനിയുടെ മുന്നില്‍ ജോസഫ്‌ പൊട്ടി കരയുന്നു. ആംഗ്യ ഭാഷയില്‍ സ്വന്തം വേദന  പ്രകടിപ്പിക്കാന്‍ പാട് പെടുന്ന ജോസെഫും ഫ്ലാവിയും രാജും ആനിയെ ഒടുവില്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നിടത്ത് സിനിമ അവസാനിക്കുന്നു.

     ജോസഫ്‌ ആയി അഭിനയിക്കുന്ന നാനയുടെയും ഫ്ലാവി ആയി അഭിനയിക്കുന്ന സീമയുടെയും അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. നിങ്ങളെ പിടിച്ചുലക്കുന്ന ചില രംഗംങ്ങള്‍ എങ്കിലും ഇതിലുണ്ട്. സാം പള്ളിമേടയുടെ മുകളില്‍ നിന്നു വീഴുന്ന രംഗം തന്നെ ഉദാഹരണം. പള്ളി മുറ്റത്ത്‌ നില്‍ക്കുന്ന അവരുടെ പുറകില്‍ ആണ് സാം വന്നു വീഴുന്നത്. പക്ഷെ ഒരു ശബ്ദവും അവര്‍ കേള്‍ക്കുന്നില്ല. തിരിഞ്ഞു നോക്കുമ്പോഴാണ് മകന്‍ പുറകില്‍ ചേതനയറ്റു കിടക്കുന്നത് അവര്‍ കാണുന്നത്. എന്തെങ്കിലും ഒന്ന് പറഞ്ഞു കരയാന്‍ പോലുമാവാതെ അവ്യക്തമായ ചില ശബ്ദങ്ങള്‍ ഉണ്ടാക്കി  കൊണ്ട് അലറി വിളിക്കുന്ന ജോസഫ്‌ ആ നോവ് നമ്മള്‍ പ്രേക്ഷകരിലേക്ക് പകരുന്നു. സത്യം പറഞ്ഞാല്‍ ആ സീന്‍ എന്നില്‍ വല്ലാത്ത ഒരു അസ്വസ്ഥത ആണ് അന്നുണ്ടാക്കിയത്‌. എങ്ങനെയെങ്കിലും അതൊന്നു കഴിഞ്ഞു കിട്ടിയാല്‍ മതി എന്നായിരുന്നു അന്ന് എനിക്ക്.  അത് പോലെ തന്നെയാണ് ജോസെഫും ഫ്ലാവിയും മകളോടും മുത്തശ്ശിയോടും ഒക്കെ ആംഗ്യ ഭാഷയില്‍ സംസാരിക്കുന്നതു. ഒരു വാക്ക് പോലും ഇല്ലാതെ തന്നെ നമുക്ക് ആ സൈലന്റ് കമ്യുണിക്കേഷന്‍ മനസ്സിലാവും. അങ്ങനെ ആണ് അത് ചിത്രീകരിച്ചിരിക്കുന്നത്. ആ വീട്ടില്‍ തിങ്ങി നിറയുന്ന സന്തോഷവും ദുഖവും ഒക്കെ നിങ്ങള്‍ക്കും അനുഭവിക്കാനാവും.

    വര്‍ഷങ്ങള്‍ക്കു മുമ്പ് ആണ് ഞാന്‍ ഈ ചിത്രം കണ്ടത്. അന്ന് കോളേജില്‍ നിന്നു ക്ലാസ് ബങ്ക് ചെയ്തു കണ്ട പടമാണ് ഇത് . അന്ന് ഏതോ തട്ട് പൊളിപ്പന്‍ തമിഴ് സിനിമ കാണാന്‍ പോയതാണ്. അതിന്റെ ടിക്കറ്റ്‌ കിട്ടാത്തത് കൊണ്ട് ഇതിനു കയറുകയായിരുന്നു. എന്നാല്‍ ഒരു ഹയര്‍ ഡിഗ്രീയിലുള്ള ഫാസില്‍ ചിത്രം കണ്ട പോലെ ആണ് അന്ന് എനിക്ക് തോന്നിയത്. പക്ഷെ ഇപ്പോഴും ഈ പേര് കേള്‍ക്കുമ്പോള്‍ നിസ്സഹായനായ ജോസെഫിന്റെയും ഫ്ലാവിയുടെയും ചിത്രങ്ങള്‍ മനസ്സിലേക്ക് ഓടി വരും. അത് പോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് ഇതിലെ ഗാനങ്ങള്‍ . ജതിന്‍ ലളിത് സംഗീതം നല്‍കിയ അതി മനോഹര ഗാനങ്ങള്‍ ആണ് കഥയുടെ കണ്ണികളെ കൂട്ടിയിണക്കുന്ന ഒരു ഘടകം. ഗോവയുടെ ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തില്‍
ഇത്രയ്ക്കു മനോഹരമായി ഒരു ചിത്രം അടുത്ത കാലത്തെങ്ങും വന്നിട്ടില്ല. ഒരു സംവിധായകന്‍ എന്ന നിലയില്‍ സഞ്ജയ്‌ ലീല ബന്‍സാലി സ്വന്തം കയ്യൊപ്പിട്ട ചിത്രം. കാണാന്‍ ശ്രമിക്കൂ. അല്‍പം ബുദ്ധിമുട്ടി വേണം ഇതിലെ ചില ഭാഗങ്ങള്‍ ഒക്കെ കാണേന്ടതെങ്കിലും കണ്ടു കഴിയുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ നിന്നു എന്തൊക്കെയോ ഉരുകി ഒലിച്ചു പോയത് പോലെ തോന്നാതിരിക്കില്ല. 

1 comment:

  1. താങ്ക്സ് ...കാണാന്‍ ശ്രമിക്കാം ..പിന്നെ ഇത് പോലെയുള്ള പടങ്ങള്‍ ഞാന്‍ കാണാന്‍ നില്‍ക്കാറില്ല ..നിങ്ങളുടെ സെയിം പ്രശ്നം തന്നെ ..കുറെ കാലം അത് മനസ്സിനെ അലട്ടി കൊണ്ടിരിക്കും ..

    ReplyDelete