Friday, November 5, 2010

മഴ പെയ്തപ്പോള്‍

    
     ഇന്ന് ദീപാവലി. മുന്നിലുള്ള റോഡില്‍ കുട്ടികള്‍ പടക്കം പൊട്ടിക്കുന്നുണ്ട്. ചിലരൊക്കെ വീട് നന്നായി അലങ്കരിച്ചിട്ടുമുണ്ട്. എന്തായാലും കൊള്ളാം. ഒരു ഐശ്വര്യം ഒക്കെ ഉണ്ട്. എല്ലാ വായനക്കാര്‍ക്കും എന്റെ ദീപാവലി ആശംസകള്‍ .

     വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ആഘോഷിച്ച ഒരു ദീപാവലി ആണ് ഓര്‍മ വരുന്നത്. അച്ഛന് ഇടയ്ക്കിടയ്ക്ക് സ്ഥലം മാറ്റം കിട്ടുന്നത് കൊണ്ട് കൂടുതലും വാടക വീടുകളിലായിരുന്നു ഞങ്ങളുടെ എല്ലാ ആഘോഷവും. അങ്ങനെ ഇരിക്കെ ആണ് ഒരിക്കല്‍ യാദ്രിശ്ചികം ആയി അച്ഛന് ഒരിക്കല്‍ ദീപാവലിക്ക് ലീവ് കിട്ടി. അങ്ങനെ നമ്മള്‍ നാട്ടില്‍ പോകാന്‍ തീരുമാനിച്ചു. വൈകിട്ടുള്ള ബസ്‌ കയറി അച്ഛന്‍, അമ്മ , ഞാന്‍ , അനിയത്തി എല്ലാവരും കൂടി നാട്ടിലേക്ക് തിരിച്ചു. രാത്രി ആയപ്പോ വീട്ടില്‍ എത്തി. അടുത്ത ദിവസമാണ് ദീപാവലി. അവിടെ മാമനും കൊച്ചച്ചനും ഒക്കെ ഉണ്ട്. എല്ലാവരും കൂടി ദീപാവലി ആഘോഷമാക്കാന്‍ പ്ലാന്‍ ഇട്ടു. ഞങ്ങള്‍ കുട്ടികള്‍ ഒക്കെ ഉള്ളത് കൊണ്ട് പടക്കവും പൂത്തിരിയും ഒക്കെ കാര്യമായി വാങ്ങാന്‍ തീരുമാനിച്ചു. അപ്പോഴാണ് അറിഞ്ഞത് വീട്ടിനടുത്തുള്ള ആരോ ശിവകാശിയില്‍ നിന്നു പടക്കം കൊണ്ട് വന്നിട്ടുണ്ടെന്ന്.  വിളക്ക് പാറ എന്നൊരു സ്ഥലമുണ്ട് ( നിങ്ങള്‍ ചിലപ്പോ കേട്ടുകാണും. റസൂല്‍ പൂക്കുട്ടി ജനിച്ചു വളര്‍ന്ന സ്ഥലം ). അവിടെ പോയി വാങ്ങി കൊണ്ട് വരണം. കൊച്ചച്ചന്‍ അത് വാങ്ങാന്‍ വേണ്ടി പോയി. ഞങ്ങള്‍ കുട്ടികള്‍ക്ക് ആകെ രസം കയറി നില്‍ക്കുകയാണ്. ദൂരെ നിന്നു ആരു വന്നാലും ഞങ്ങള്‍ ഓടി പോയി നോക്കും. അങ്ങനെ കുറെ സമയം കഴിഞ്ഞപ്പോള്‍ അതാ കൊച്ചച്ചന്‍ വരുന്നു. കയ്യില്‍ ലൈഫ്ബോയ് സോപ്പിന്റെ ഒരു കാര്‍ട്ടന്‍ ഉണ്ട്.  പുള്ളി അത് വളരെ ശ്രദ്ധയോടെ താങ്ങി പിടിച്ചു തറയില്‍ വച്ചു.  ഞാനും അനിയത്തിയും വളരെ ബഹുമാനത്തോടെ കൊച്ചച്ചനെ നോക്കി. ഞങ്ങളുടെ കണ്ണില്‍ അത് കൊണ്ട് വന്ന കൊച്ചച്ചന് ഒരു ഹീറോയുടെ സ്ഥാനം ആയിരുന്നു. ഇനി വൈകിട്ട് വരെ കാത്തിരിക്കണം ഇതൊക്കെ ഒന്ന് തുറന്നു പുറത്തെടുക്കാന്‍.

     ഇരുന്നിരുന്നു നേരം ഇരുട്ടിച്ചു. പൂമുഖം മുഴുവന്‍ വിളക്ക് വച്ചു അലങ്കരിച്ചിട്ടുണ്ട്.. ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ ആ പെട്ടിയുടെ അടുത്ത് പോയി നോക്കും. അത് കാണുമ്പോ മാമനും അമ്മമ്മയും ഒക്കെ വന്നു ഓടിച്ചു വിടും. ഒടുവില്‍ എല്ലാവരും വന്നെത്തി. വീട്ടിന്‍റെ മുന്നില്‍ ഒരു ചെറിയ ഷെഡ്‌ പോലെ ഒന്നുണ്ട്. തെക്കെത് എന്ന് വിളിക്കും. അതിന്റെ പടിയില്‍ ആ പെട്ടി കൊണ്ട് വച്ചു. എന്നിട്ട് മാമന്‍ അത് ശ്രദ്ധയോടെ തുറന്നു അതിലുള്ള സാധനങ്ങള്‍ ഓരോന്നായി പുറത്തെടുത്തു വച്ചു.  എല്ലാം എടുത്തതിനു ശേഷം ഒരു വലിയ മെഴുകു തിരി എടുത്തു കത്തിച്ചു വച്ചു. എന്നിട്ട് പറഞ്ഞു ഇതില്‍ നിന്നു വേണം എല്ലാം കത്തിക്കാന്‍ എന്ന്. എല്ലാം റെഡി ആയി.  പുള്ളി ആദ്യം തന്നെ ഒരു ചെറിയ വടിയില്‍ ഒരു ചന്ദന തിരി വച്ചു കെട്ടി. എന്നിട്ട് കുറച്ചു പടക്കം മുറ്റത്ത്‌ നിരത്തി വച്ചു. എന്നിട്ട് ആ വടിയിലെ തിരി കത്തിച്ചു. ഉദ്ഖാടനം എന്നാ നിലക്ക് ആദ്യം ആ തിരി കൊണ്ട് ഒരു പടക്കതിലേക്ക് നീട്ടി. അത് റോ എന്ന് പറഞ്ഞു പൊട്ടി. പിന്നെ പാമ്പ്‌ എന്ന് പറഞ്ഞ ഒരു സാധനം എടുത്തു. കത്തിച്ചപ്പോ തന്നെ അത് ഒരു ശബ്ദം ഒക്കെ ഉണ്ടാക്കി ശൂ എന്ന് പറഞ്ഞു ഇഴഞ്ഞു പോയി. ഓരോന്ന് പൊട്ടിക്കുമ്പോഴും നമ്മള്‍ കുട്ടികള്‍ കയ്യടിച്ചു മാമനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

     അങ്ങനെ ആദ്യ ഐറ്റംസ് ഒക്കെ കഴിഞ്ഞു. ഇനി ആണ് വന്‍ സംഭവങ്ങള്‍. ഒരു വലിയ മത്താപ്പ് പുള്ളി പുറത്തെടുത്തു. കത്തിച്ചപ്പോ തന്നെ അത് ആകാശത്തോളം പൊങ്ങി തീപ്പൊരി ചിതറി. ഞങ്ങള്‍ കയ്യടിക്കാന്‍ പോലും മറന്നു കുറച്ചു നേരം നിന്നു പോയി. അങ്ങനെ ഒന്ന് രണ്ടെണ്ണം പുള്ളി കത്തിച്ചു. എന്നിട്ട് മാമന്‍ പ്രഖ്യാപിച്ചു ഇനി വരാന്‍ പോകുന്നത് വന്‍ കരിമരുന്നു പ്രകടനം ആണെന്ന്. എന്നിട്ട് കമ്പം രാമു ആശാനെ പോലെ മാമന്‍ ബാക്കിയുള്ള എല്ലാ വന്‍ സംഭവങ്ങളും മുറ്റത്ത്‌ നിരത്തി. ചുറ്റുവട്ടത്തുള്ള വീട്ടിലെ ആള്‍ക്കാരും കുട്ടികളും ഒക്കെ ഇത് കാണാന്‍ വന്നിട്ടുണ്ട്. കൊച്ചച്ചന്‍ പോയി ഒരു പഴയ കഴുക്കോല്‍ എടുത്തുകൊണ്ടു വന്നു. മത്താപ്പ്, റോക്കറ്റ് , പടക്കം ഒക്കെ അതില്‍ നിരത്തി വച്ചു. എല്ലാവരും വളരെ ആകാംഷയോടെ നില്‍ക്കുകയാണ്. ഇതുവരെ നമ്മുടെ നാട്ടില്‍ ആരും കണ്ടിട്ടില്ലാത്ത വെടിക്കോപ്പുകള്‍ ആണെന്നാണ്‌ ഇത് തന്ന വിളക്ക് പാറയിലെ ചേട്ടന്‍ പറഞ്ഞിരിക്കുന്നത്. എല്ലാവരും നിര്‍നിമേഷരായി നോക്കി നിന്നു. ഇതാ കൊളുത്താന്‍ പോവുകയാണ്... എന്നാല്‍ ഇതിനിടക്ക്‌ ആകാശത്ത് നടന്നു കൊണ്ടിരുന്ന കരിമരുന്നു പ്രകടനങ്ങള്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. ആകാശമാകെ മൂടിക്കെട്ടി ഇരിക്കുകയായിരുന്നു. പുള്ളി ആദ്യത്തെ മത്താപ്പിന് തിരി കൊളുത്തിയതും ദാ കിടക്കുന്നു പൊട്ടി വീണ പോലെ ഒരു മഴ. നിരത്തി വച്ചിരുന്ന കമ്പ്ലീറ്റ്‌ സാമഗ്രികളും ഒറ്റയടിക്ക് നനഞ്ഞു ഐസ് കട്ട പോലെ ആയി. അതിനെക്കാള്‍ തണുത്തു പോയി മാമന്റെ മുഖം. ഞങ്ങള്‍ കുട്ടികള്‍ക്കും ആകെ വിഷമമായി. അങ്ങനെ ഏത്‌ പറയാന്‍. മല പോലെ വന്നത് ഒടുവില്‍ എലി പോലെ പോയി. ഇന്നും ഞാന്‍ മറന്നിട്ടില്ല ആ ദിവാലി.

     അപ്പൊ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്മയുടെയും സന്തോഷത്തിന്റെയും ഒരായിരം ആശംസകള്‍ നേരുന്നു. നല്ല ദിനങ്ങള്‍ ആഘോഷിക്കാനുള്ളതാണ്. അത് സന്തോഷത്തോടെ ആഘോഷിക്കുവിന്‍...

6 comments:

 1. എല്ലാവർക്കും ദീപാവലി ആശംസകൾ. സന്തോഷത്തിന്റേയും സമാധാനത്തിന്റേയുമാവട്ടെ വരും നാളുകൾ.

  ReplyDelete
 2. ദുസ്ശാസനാആആ ....ദീപാവലി ആശംസകള്‍ ഉണ്ട് കേട്ടോ ..

  ReplyDelete
 3. വളരെ നന്ദി ഫയ്സു. തിരിച്ചും ഉണ്ട് ട്ടോ

  ReplyDelete
 4. ദീപാവലി ആശംസകൾ...

  ReplyDelete
 5. നന്ദി ജിഷാദ്. തിരിച്ചും ആശംസകള്‍ നേരുന്നു

  ReplyDelete
 6. ദീപാവലി ആശംസകൾ

  ReplyDelete