Saturday, November 13, 2010

അഭിനന്ദനങ്ങള്‍ ലങ്കാ

 
    ഇത് ശ്രീലങ്കയെ പറ്റിയോ അല്ലെങ്കില്‍ ശ്രീലങ്ക കടന്നു പോയ സംഘര്‍ഷങ്ങളെ പറ്റിയോ അല്ല. അതിനേക്കാള്‍ സങ്കീര്‍ണമായ ഘട്ടങ്ങളിലൂടെ കടന്നു പോയി വിജയം വരിച്ച ഒരു വനിതയെ പറ്റി ആണ് . മറ്റാരുമല്ല ..മയൂഖം എന്ന ഹരിഹരന്‍ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് മലയാളം സിനിമയിലേക്ക് കടന്നു വന്ന.. ലങ്ക എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് വിപ്ലവം സൃഷ്‌ടിച്ച ... നടി എന്നതിലുപരി ഒരു ഗായിക എന്ന നിലയിലും സ്വന്തം മേല്‍വിലാസം ഉണ്ടാക്കിയ മമത മോഹന്‍ദാസ്‌ എന്ന അഭിനേത്രിയെ പറ്റി ആണ്. നയന്‍ താരയെ പോലെ തന്നെ തികച്ചും പ്രൊഫെഷണല്‍ ആയ ... എന്നാല്‍ വിവാദങ്ങളില്‍ നിന്നു ഒഴിഞ്ഞു നടക്കുന്ന ഈ നടിയെ പറ്റി ഇപ്പോള്‍വന്ന ഒരു വാര്‍ത്ത‍ ആദ്യം എന്നെ ഞെട്ടിക്കുകയും പിന്നെ ചിന്തിപ്പിക്കുകയും ചെയ്തു.

     അന്‍വര്‍ എന്ന പുതിയ ചിത്രത്തില്‍ വെട്ടി ചെറുതാക്കിയ മുടിയുമായി പ്രത്യക്ഷപ്പെട്ട മമതയോട് പലരും പറഞ്ഞു ഈ ഹെയര്‍ കട്ട്‌ നന്നായിരിക്കുന്നു എന്നൊക്കെ. എന്ത് പറ്റി ഇപ്പൊ ഇങ്ങനെ ചെയ്യാന്‍ എന്ന് ചോദിച്ച പലരോടും നടി ഇത് വരെ പുറത്തു പറയാതിരുന്ന ആ സത്യം വെളിപ്പെടുത്തി. താന്‍ കാന്‍സര്‍ ബാധിത ആയിരുന്നെന്നും എന്നാല്‍ ചികിത്സയിലൂടെ രോഗത്തില്‍ നിന്നു രക്ഷപെട്ടതാണെന്നും. കീമോ തെറാപ്പിയുടെ ബാക്കിപത്രമായിരുന്നു ആ മുടി. സത്യം പറഞ്ഞാല്‍ ആദ്യം ഒന്ന്  അമ്പരന്നെങ്കിലും പിന്നീട് ആ അമ്പരപ്പ് ബഹുമാനമായി മാറുകയായിരുന്നു. നെഞ്ചില്‍ എന്തോ ഇന്‍ഫെക്ഷന്‍ കാരണം അഭിനയം കുറച്ചിരിക്കുകയായിരുന്നു മമത എന്നാണ് പുറത്തു വിട്ടിരുന്ന വാര്‍ത്ത‍. അത് കഴിഞ്ഞു സാവകാശം തിരിച്ചു വന്ന  മമത തെലുഗില്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. പാട്ട് പാടുകയും ( അതിനു അവാര്‍ഡും ) അഭിനയിക്കുകയും ചെയ്തു കൊണ്ട് ശക്തമായി തന്നെ. എന്നാല്‍ അടുത്ത കാലത്ത് അഭിനയിച്ച അന്‍വര്‍ എന്ന ചിത്രത്തിന്‍റെ അഭിനയിതിനിടയില്‍ ആണ് തന്റെ രോഗം തിരിച്ചറിഞ്ഞത്. ആരംഭ ദശയില്‍ ആയിരുന്നത് കൊണ്ട് ഭേദമാക്കാന്‍ പറ്റി. തന്റെ രോഗത്തിന്റെ കാര്യമോ അതിന്റെ വിഷമതകളോ പറഞ്ഞു വാര്‍ത്ത‍ സ്രിഷ്ടിക്കാതിരുന്ന മമത ഒടുവില്‍ എല്ലാം കഴിഞ്ഞതിനു ശേഷം സ്വയം അത് വെളിപ്പെടുത്തുകയായിരുന്നു.  JFW ( Just For Woman ) മാസിക നടത്തിയ ഒരു അഭിമുഖത്തില്‍.

     ഇത്തരം ഒരു സാഹചര്യം സ്വന്തം ജീവിതത്തില്‍ സംഭവിച്ചാല്‍ ഒരു സാധാരണ ഒരാള്‍ എന്ത് ചെയ്യുമോ അതൊന്നുമല്ല മമത ചെയ്തത്. യശശരീരനായ സത്യന്‍ പണ്ട് ചെയ്തത് പോലെ എല്ലാം സ്വകാര്യമായി ഒതുക്കി വച്ചു അസാധാരണ ധൈര്യത്തോടെ മമത അതിനെ നേരിട്ടു. ലങ്കയില്‍ താന്‍ അവതരിപ്പിച്ച ആ കഥാപാത്രത്തിന്റെ അതേ വീര്യത്തോടെ.  ആ ധൈര്യം നമ്മള്‍ അംഗീകരിച്ചേ  പറ്റൂ. ചെറിയ ഒരു ജലദോഷം വന്നാല്‍ പോലും അതിനു ഡോക്ടറുടെ അടുത്തേക്ക് ഓടുകയും ബഹളം വയ്ക്കുകയും ചെയ്യുന്ന കിടാങ്ങള്‍ ഇതൊന്നു കാണൂ. അത് മാത്രമല്ല ഇങ്ങനത്തെ എന്ത് കാര്യമുണ്ടെങ്കിലും അത് ഒളിച്ചു വയ്ക്കാന്‍ മാത്രം നോക്കുന്ന സിനിമാ നടികള്‍ക്ക് ഒരു അപവാദം ആയി മമത. മമതയുടെ രോഗത്തെ പറ്റി പൈങ്കിളി എഴുതുകയല്ല ഞാന്‍. ആ ധൈര്യത്തെയും സത്യസന്ധതയെയും അഭിനന്ദിക്കാന്‍ ഞാന്‍ ഈ പോസ്റ്റ്‌ ഉപയോഗിക്കട്ടെ. അഭിനന്ദനങ്ങള്‍ മമതാ... കീപ്‌ ഇറ്റ്‌ അപ് ...

2 comments:

  1. പുതിയ അറിവാണ്. മമ്ത ബോള്‍ഡാണെന്ന് തോന്നിയിരുന്നു. ഇത്രക്കുണ്ടെന്ന് മനസ്ലായിരുന്നില്ല... hats off to u mamtha..

    ഈ അറിവിന് നന്ദി സുഹൃത്തേ

    ReplyDelete