2010, ജൂൺ 25, വെള്ളിയാഴ്‌ച

എങ്ങനെ പുട്ടടിക്കാം ?


എന്താണീ പുട്ട് ? 
ഈ പോസ്റ്റ്‌ മറ്റൊന്നിനെയും പറ്റി അല്ല. നമ്മുടെ ദേശീയ ആഹാരമായ പുട്ടിനെ പറ്റിയും അതെങ്ങനെ കഴിക്കാം എന്നുള്ളതിനെ പറ്റിയും ആണ്. ഒരു വിധമുള്ള എല്ലാ മലയാളിക്കും പരിചിതമായ ഒരു രുചിയാണ് പുട്ടിന്‍റെതു.
കേരളത്തില്‍ പലയിടത്തും പുട്ട് പല രീതിയില്‍ ആണ് ഉണ്ടാക്കുന്നത്. എന്‍റെ വീട്ടില്‍ ഞാന്‍ കണ്ടിട്ടുള്ളത് പുട്ടുകുറ്റി ഉപയോഗിച്ചുള്ള പരിപാടി ആണ്. ഇപ്പൊ ഉള്ളത് പോലെ ചിരട്ടയുടെ ഷേപ്പില്‍ ഉള്ള സ്റ്റീല്‍ പുട്ട് കുടം അല്ല. പൌഡര്‍ ടിന്‍ പോലെ ഇരിക്കുന്ന ( പഴയ കുട്ടിക്കൂറ ആണ് ഞാന്‍ ഉദ്ദേശിച്ചത് ) സാധനം. അതിന്‍റെ താഴെ ഒരു കാലം ഉണ്ടാവും. ഈ സിലിണ്ടറില്‍ നനച്ച അരിമാവ് നിറച്ചു വച്ചിട്ട് ചില്ലി ഇട്ടു അടക്കും. കുറച്ചു കഴിയുമ്പോ ആവിയില്‍ പുഴുങ്ങി എടുക്കാം. തേങ്ങ ചിരകി ഇടുന്ന കാര്യം മറന്നു പോയി. തേങ്ങയുടെ തൊങ്ങലുകള്‍ ഇല്ലെങ്കില്‍ അതിന്‍റെ ബ്യൂട്ടി പോകും. അരിമാവ് വച്ചു മാത്രമല്ല ഗോതമ്പ് മാവു വച്ചും ഇത് ഉണ്ടാക്കാം. എന്‍റെ അമ്മയുടെ വീട്ടില്‍ പണ്ട് ഞാന്‍ ചിരട്ടയിലും മുളം കുറ്റിയിലും ഉണ്ടാക്കിയ പുട്ട് കഴിച്ചിട്ടുണ്ട്. ആ ചിരട്ട ദിവസവും ഉപയോഗിക്കുന്നത് കാരണം ഒരു കറുത്ത നിറത്തിലാണ് ഉണ്ടാവുക. 
പുട്ട് അതില്‍ ഇരുന്നു അവിയുമ്പോള്‍ ഉണ്ടാകുന്ന ഒരു മണം ഉണ്ട്. ജനിച്ചിട്ട്‌ ഇത്രയും വര്‍ഷം ആയെങ്കിലും ഇതാ ഇപ്പോഴും ആ മണം എന്‍റെ മൂക്കില്‍ ഉണ്ട്. എന്നിട്ട് അത് എടുത്തു നല്ല പച്ച നിറത്തിലുള്ള മുറിച്ച തൂശനിലയില്‍ വിളമ്പും. അതില്‍ പഴം അല്ലെങ്കില്‍ കടല എടുത്തു മിക്സ്‌ ചെയ്തു ഒന്ന് പിടിപ്പിചാലുണ്ടല്ലോ..
ആഹാ.. ഓര്‍ക്കാന്‍ തന്നെ വയ്യ...  ഇപ്പൊ പിന്നെ പ്രഷര്‍ കുക്കറിന്റെ സേഫ്റ്റി വാല്‍വില്‍ പിടിപ്പിക്കുന്ന ചിരട്ടയുടെ രൂപത്തിലുള്ള സ്റ്റീല്‍ പുട്ടുകുടം മാര്‍കെറ്റില്‍ കിട്ടും. പഴയ ഒരു പുട്ട് കുടത്തിന്റെ പടം കണ്ടോ.
ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പത്രത്തിനെ അടിസ്ഥാനമാക്കി പുട്ട് രണ്ടു രൂപത്തില്‍ ലഭ്യമാണ്.
സിലിണ്ടര്‍ രൂപത്തിലും ചിരട്ടയുടെ രൂപത്തിലും.  നമ്മള്‍ മലയാളികള്‍ വേറെ പല പലഹാരങ്ങളും ഇങ്ങോട്ട് എടുത്തെങ്കിലും പുട്ട് മലയാളിയുടെ ഒരു എക്സ്ക്ലൂസീവ് ആഹാരമായി തുടരുന്നു. കേരളം സന്ദര്‍ശിക്കുന്ന വിദേശികളും ഇത് രുചിച്ചു നോക്കാറുണ്ട്. കേരളത്തിന്‌ പുറത്തു ഇന്‍സ്റ്റന്റ് മിക്സ്‌ ആയി ഇപ്പൊ പുട്ട് ഉണ്ടാക്കാനുള്ള സാമഗ്രികള്‍ കിട്ടും. യൂ കെയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സൌത്ത് ഇന്ത്യന്‍ സ്റ്റോര്‍ അയ ആബേല്‍ ഫുഡ്സ് വില്‍ക്കുന്ന രണ്ടു സാധനങ്ങള്‍ കണ്ടു നോക്കു .

പുട്ട് എന്തിന്‍റെ ഒപ്പം കഴിക്കാം ? 
സത്യം പറയാമല്ലോ .പുട്ട് എങ്ങനെ കഴിച്ചാലും ഒടുക്കലത്തെ രുചി ആണ് . എന്നാലും കേരളത്തില്‍ അങ്ങോളം ഇങ്ങോളം ആളുകള്‍ അംഗീകരിച്ച ചില കോമ്പിനേഷനുകള്‍ കണ്ടു നോക്കു..
൧ . പുട്ട് വിത്ത്‌ കടല 
൨. പുട്ട് ആന്‍ഡ്‌ പഴം
൩.  പുട്ട് വിത്ത്‌ പഞ്ചാര 
൪. പുട്ട് വിത്ത്‌ ബീഫ്
൫. പുട്ട് വിത്ത്‌ പൊട്ടറ്റോ സ്ട്യൂ

ഇത് കൂടാതെ ഞാന്‍ തന്നെ കണ്ടു പിടിച്ച രണ്ടെണ്ണം കൂടി ഉണ്ട് ( പച്ചാളം ഭാസി വെര്‍ഷന്‍ )
൧. പുട്ട് വിത്ത് കടുമാങ്ങ അച്ചാര്‍ 
൨. പുട്ട് വിത്ത്‌ സാംബാര്‍ 

പുട്ടിനെ പറ്റി ഒരു ചൊല്ല് .. 
അവന്‍ ആ പൈസ കൊണ്ട് പോയി പുട്ടടിച്ചു എന്ന് കേട്ടിട്ടില്ലേ ? പുട്ട് തിന്നവന്‍ വെള്ളം കുടിക്കും എന്നൊരു ചൊല്ലുണ്ട് എന്ന് തോന്നുന്നു... പുട്ടിനു മീതെ ഇഡലിയും പറക്കില്ല. പുട്ടെടുത്തവന്‍ പുട്ടാല്‍ .. 
കുട്ടികള്‍ മണ്ണപ്പം ചുട്ടു കളിച്ചു എന്ന് കേട്ടിട്ടില്ലേ ? പക്ഷെ സാങ്കേതികമായി നോക്കിയാല്‍ പിള്ളേര്‍ ഉണ്ടാക്കിയത് പുട്ടാണെന്ന് വേണം കരുതാന്‍. കേരളത്തില്‍ ആറും ചിരട്ടയില്‍ അപ്പം ഉണ്ടാക്കിയതായി അറിയില്ല. ദുശാസ്സനന്‍ ആണ് ഈ ഒരു കണ്ടു പിടിത്തം നടത്തിയിരിക്കുന്നതെന്നുള്ളത് അതി ഭയങ്കരമായ അഭിമാനത്തോടും വൈരാഗ്യതോടും വാശിയോടും കൂടി ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്.

ധീര പോരാളികള്‍ ആയിരുന്ന തച്ചോളി ഒതേനന്‍ , എടച്ചേരി കുങ്കന്‍, കോതേരി മാക്കം തുടങ്ങിയവരൊക്കെ പുട്ട് തീനികള്‍ ആയിരുന്നെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കായംകുളം കൊച്ചുണ്ണി ഇത് കഴിചിരുന്നോ എന്ന് ദയവു ചെയ്തു കായംകുളതുള്ള ആരെങ്കിലും പറഞ്ഞു തരാന്‍ അപേക്ഷിക്കുന്നു. 

പുട്ടിനെ പറ്റി വികി പീഡിയ 
പുട്ടിനെ പറ്റി വികി കുക്ക് ബുക്ക്‌ പറയുന്നത് ഇവിടെ വായിക്കാം. പുട്ടുണ്ടാക്കുന്നതിനെ പറ്റി വിശദമായി വിവരിക്കുന്ന ഒരു ബ്ലോഗ്‌ ഇവിടെ 

പുട്ട് സിനിമയില്‍ 
സിനിമയിലും പുട്ട് ഒരു വന്‍ സംഭവമാണ്. മമ്മൂട്ടി പോലുള്ള ഒരു സൂപ്പര്‍ തരം നായകനായ ഒരു പടം പണ്ട് ഇറങ്ങിയിട്ടുണ്ട്. അതിലെ നായക കഥാപാത്രത്തിന്‍റെ പേര് തന്നെ പുട്ടുറുമീസ് എന്നാണ്. സൂര്യമാനസം എന്ന പടം. ആറു വയസ്സുകാരന്‍റെ ബുദ്ധിയും ആറു ആനയുടെ ശക്തിയും ഉള്ള ഒരു കഥാപാത്രം. അയാളുടെ പുട്ടിനോടുള്ള ആക്രാന്തം കാരണം വീണ പേരാണ് പുട്ടുറുമീസ് എന്നത്. അക്കാലത്തെ ഒരു സൂപ്പര്‍ ഹിറ്റ്‌ പടമായിരുന്നു കേട്ടോ.. 

ഈ അടുത്ത കാലത്ത് പിന്നെ പുട്ടിനെ പ്രൊമോട്ട് ചെയ്യാന്‍ വേണ്ടി സിദ്ദിക് സംവിധാനം ചെയ്തു ഇറക്കിയ വേറൊരു പടമാണ് ക്രോണിക് ബാച്ചിലര്‍. അതില്‍ ഹരിശ്രീ അശോകന്‍, ഭാവന എന്നിവര്‍ പുട്ടുണ്ടാക്കുന്നത്‌ അതി വിശദമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ഒരു ഗാന രംഗത്തില്‍ ഭാവന നില്‍ക്കുന്നത് തന്നെ പുട്ട് കുടത്തില്‍ മാവു നിറക്കുന്നത് അഭിനയിച്ചു കൊണ്ടാണ്. അത് പറഞ്ഞപ്പോഴാണ് വേറൊരു കാര്യം ഓര്‍മ വന്നത്.
കാബൂളി വാലയില്‍ കന്നാസും കടലാസും കൂടി ചായക്കടയില്‍ ചെന്നു പുട്ട് പാര്‍സല്‍ വാങ്ങിക്കുന്ന സീന്‍.
ഹമ്മേ.. ചിരിച്ചിട്ട് വയ്യ ട്ടാ.. 

25 അഭിപ്രായങ്ങൾ:

  1. പുട്ടുകൊണ്ട് മിസൈൽ ഉണ്ടാക്കാം!

    മറുപടിഇല്ലാതാക്കൂ
  2. മമ്മൂട്ടിയുടെ "പുട്ടുറുമീസിന്റെ" കാര്യം മറന്നു പോയോ ദുശാസനാ...? അച്ചുവിന്റെ അമ്മയില്‍ ഉര്‍വശി ഇംഗ്ലീഷ് പറയുമ്പോഴും പുട്ട് വരുന്നുണ്ടല്ലോ. പുട്ട് സം ഒനിയന്‍, പുട്ടു സം വെളിച്ചെണ്ണ പുട്ട് സം കടുക്..എന്നിങ്ങനെ. പറക്കും തളികയില്‍ ഹരിശ്രീ അശോകന്‍ പുട്ടു ഉണ്ടാക്കി വന്നപ്പോള്‍ അത് പുട്ടപ്പമായതും നമ്മള്‍ കണ്ടില്ലേ.?..അങ്ങിനെ പുട്ട് ഒരു മഹാ സംഭവം തന്നെ... ഏതായാലും പോസ്റ്റിനു ഒത്തിരി ആശംസകള്‍ പുട്ടുന്നു...

    മറുപടിഇല്ലാതാക്കൂ
  3. പുട്ട് പയര്‍ പഞ്ചാര കോമ്പിനേഷന്‍ ഒന്നുകൂടി കലക്കും

    മറുപടിഇല്ലാതാക്കൂ
  4. ഹമ്മേ വിശക്കുന്നു... എനിക്ക് പുട്ടും മീന്‍ കറിയും വേണം :(((((((

    മറുപടിഇല്ലാതാക്കൂ
  5. ഇനിയുമുണ്ടല്ലോ ദുശ്ശാ കോമ്പിനേഷന്‍സ്.
    പുട്ട്+ചെറുപയര്‍ പുഴുങ്ങിയത്
    പുട്ട്+പരിപ്പ് കറി
    പുട്ട്+പരിപ്പ് പുഴുങ്ങിയത് വിത്ത് തേങ്ങാപീര.
    വെറുതെ വായില്‍ വെള്ളമൂറിച്ചു...............

    മറുപടിഇല്ലാതാക്കൂ
  6. അത് എഴുതിയിട്ടുണ്ടല്ലോ പട്ടാളം ചേട്ടാ.. ചേട്ടന്‍ ചെടിക്ക് വെള്ളമടിക്കുന്നത് നിര്‍ത്തിയിട്ടു സ്വയം അടി തുടങ്ങിയോ ? ( തമാശിച്ചതാ ട്ടോ.. പിണങ്ങല്ലേ )

    മറുപടിഇല്ലാതാക്കൂ
  7. പുട്ട് ,ഉപ്പുമാവ് പോലെയാക്കിയ ഒരു വിഭവം ഉണ്ട് !
    പുട്ട്+ ഉപ്പുമാവ് = പുട്ടുപ്പുമാവ് ! ;(

    മറുപടിഇല്ലാതാക്കൂ
  8. പുട്ടുപുരാണം വളരെ നന്നായിരിക്കുന്നു. ഇന്ന് ഇവിടെയും പുട്ടാണ്. പുട്ട്, പയര്‍, പപ്പടം, തൈര് മുളക് വറുത്തത്, ചായ. എന്നാലും പണ്ടത്തെ മുള കുഴലില്‍ ഉണ്ടാക്കുന്ന പുട്ട് കൊതിയാവുന്നു...

    CET MH-നു അടുത്തുള്ള കിങ്ങിണിയുടെ ചായക്കടയില്‍ നല്ല പുട്ടും കടലകറിയും കിട്ടും, എന്‍റെ favorite food ആണ്. ഇന്നും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അവിടെപോയി തട്ടും!

    മറുപടിഇല്ലാതാക്കൂ
  9. അണ്ണാ....ഒരു ചൊല്ല് വിട്ടു പോയി...
    "ഇന്നു പല്ല് തേച്ചിട്ടില്ലാത്തത്‌ കൊണ്ട്‌ പുട്ട് മതി"...
    കട: സലിം കുമാര്‍ (കുഞ്ഞിക്കൂനന്‍)

    ബ്രേക് ഫാസ്റ്റിന് ഒണക്കാ ബ്രെഡ് തിന്നൊണ്ടിരുന്ന എന്നോട്‌ ഈ ചതി വേണ്ടാര്‍ണ്നു....
    ഉണ്ടൊന്ടിരുന്നവനെ വിളിച്ചിട്ട്‌ എലായില്ലെന്നോ....വിടില്ല ഞാന്‍.....

    മറുപടിഇല്ലാതാക്കൂ
  10. പുട്ടും പഴുത്ത മാങ്ങയും കൂടി കഴിച്ചിട്ടുണ്ടോ......excellent combination

    മറുപടിഇല്ലാതാക്കൂ
  11. ഈ പരഞ്ഞ പോലെ പലതരം പുട്ടുണ്ടാക്കാ‍മ്. ഗൊതമ്പു പുട്ടു, റാഗി പുട്ടു, ചോള പുട്ടു. ഇതൊക്കെ അടിപൊളിതന്നണേയ്. പിന്നെ പുട്ടട്ദിച്ചിട്ടുള്ള ഉറക്കം അതും ഗംഭീരം.

    മറുപടിഇല്ലാതാക്കൂ
  12. ഹോ. എല്ലാവരും കൂടി എന്നെ കൊതിപ്പിച്ചു കൊല്ലും

    മറുപടിഇല്ലാതാക്കൂ
  13. ചീനിപ്പുട്ടു കഴിച്ചിട്ടുണ്ടോ ? മരച്ചീനി പൊടി കൊണ്ടുണ്ടാക്കിയത്. അരിപ്പൊടി പുട്ട് വട്ടയിലയില്‍ പൊതിഞ്ഞാല്‍ നല്ല മണം ഉണ്ടാകും. രുചിയും. പുട്ടില്‍ ചായ ഒഴിച്ചു കഴിക്കാനും നല്ല രുചിയാണ്.

    മറുപടിഇല്ലാതാക്കൂ
  14. പുട്ട് നീണ്ട് ഇരിക്കുന്നതുകൊണ്ട് വിഷമം
    പുട്ട് പരത്തി ഉണ്ടാക്കമോ ഗുരോ
    എങ്കിൽ അതിൻ കോമ്പി എന്താണ്?

    മറുപടിഇല്ലാതാക്കൂ
  15. അജ്ഞാതന്‍2010, ജൂൺ 26 9:51 PM

    പുട്ടുപുരാണം കൊള്ളാല്ലോ...ആരു പറഞ്ഞ് ചിരട്ടപ്പുട്ട് ഉണ്ടാക്കി നോക്കിയിട്ടില്ലെന്ന്? പിന്നെ തിരു.ത്ത് പുട്ടു പയര്‍ പപ്പടം കോമ്പിനേഷന്‍ ഹിറ്റാണ് കോട്ടോ.......ഞാന്‍ അതില്‍ ലേശം പഞ്ചസാരകൂടി ചേര്‍ക്കും...എന്നാലും ഏറ്റവും നല്ല കോമ്പിനേഷന്‍ പുട്ട്, കടല തന്നെയാണ്, അതും കുഞ്ഞുകടല.....ഇനി ഒരു രഹസ്യം കൂടി പറഞ്ഞുതരാം.... വെള്ളപ്പുട്ടുപൊടിയുടെ കൂടെ കുറച്ചു ചുവന്ന പുട്ടുപൊടി കൂടി ചേര്‍ത്തു ഉണ്ടാക്കിയാല്‍ കിടിലനാണ് കോട്ടോ...

    മറുപടിഇല്ലാതാക്കൂ
  16. ബട്ട്‌ ഈ ചുവന്ന പൊടി, വെളുത്ത പൊടി എന്നൊക്കെ പറയുന്നത് ഒറിജിനല്‍ ആണോ ഉദ്ദേശിച്ചത് ? കടയില്‍ കിട്ടുന്ന പൊടി കൊള്ളാമോ ?
    ഇന്ന് ഞാന്‍ ശരിക്കും പുട്ട് മിസ്സ്‌ ചെയ്തു ... :(

    മറുപടിഇല്ലാതാക്കൂ
  17. ചുവന്ന പുട്ടുപൊടി എന്നുദ്ദേശിച്ചത്‌ ഗോതമ്പ് മാവാണോ? ചമ്പ അരിയുടെ മാവാണോ? ഇപ്പൊ പുതുതായി വന്ന ബ്രാഹ്മിണ്‍സ്സ് പുട്ടുപൊടി കിടിലം ആണെന്നാ എന്റെ 'സംസാരം' പറയുന്നെ. ആര്‍ക്കാ ഇപ്പൊ മില്ലിലൊക്കെ പോകാന്‍ നേരം?

    മറുപടിഇല്ലാതാക്കൂ
  18. വീട്ടില്‍ അധികവും പുട്ട് ആകും..
    പിന്നെ കോളേജില്‍ പഠിക്കാന്‍ പോയപ്പോള്‍ അവിടെ റൂം എടുത്താണ് നിന്നത്.രാവിലെ ഫുഡ്‌ ഉണ്ടാക്കാന്‍ മടി ആയതു കൊണ്ട് എന്നും കോളേജ് കാന്റീനില്‍ നിന്നും ആയിരുന്നു പ്രാതല്‍..
    അവിടെയും പുട്ട് തന്നെ,ആദ്യ രണ്ടു വര്‍ഷങ്ങള്‍ പുട്ട് മാത്രം.പൊറോട്ട വെറുപ്പായതിനാല്‍ അതു കഴിക്കത്തില്ല.രണ്ടു രൂപ അമ്പത് പൈസക്ക് ഒരു പുട്ട് കിട്ടും.മൂന്ന് രൂപയ്ക്ക് കടലക്കറി..രണ്ടു രൂപ അമ്പത് പൈസയ്ക്ക് തന്നെ ചായയും..കുശാല്‍...
    ചില ദിവസങ്ങളില്‍ ഇന്നസെന്‍റ് പറഞ്ഞപോലെ പുട്ട് തണുത്ത് കല്ലു പോലെ ഇരിക്കും..രണ്ടു വര്‍ഷം അങ്ങനെ പോയി.ഹോട്ടലില്‍ പോയി കഴിച്ചാല്‍ മുതലാകത്തില്ല..!അവിടെ പുട്ടൊന്നിനു രൂപ നാലാ..കറിക്ക് എട്ടും..
    പിന്നീടാണ് ദോശയും ഇടിയപ്പവും ഒക്കെ വരുന്നത്.
    അപ്പൊ അതിലേക്കു മാറി.
    സത്യം പറയാലോ...കഴിച്ചു കഴിച്ചു പുട്ട് ഇപ്പൊ അലര്‍ജി ആയി പോയി..

    മറുപടിഇല്ലാതാക്കൂ
  19. പുട്ട് കൊണ്ട് ബ്ലോഗ്പോസ്റ്റും ഉണ്ടാക്കമല്ലേ
    കൂടെ കുറേ കമന്റും.. :)
    “ബ്ലുട്ട്“ വിത്ത് കമന്റ് നല്ല ടേസ്ട്ടാല്ലേ

    മറുപടിഇല്ലാതാക്കൂ
  20. അജ്ഞാതന്‍2010, ജൂൺ 29 10:54 PM

    ബ്രാഹ്മിന്‍സ് നല്ല പൊടി. ചുവന്നത് ചമ്പാ പുട്ടുപൊടി. പുട്ടുപൊടി എന്നെഴുതിയാല്‍ വെളുത്തത്. വെളുത്തത് കുഴയ്ക്കുമ്പോള്‍ ഇത്തിരി കട്ട പിടിക്കും. ചുവപ്പു ചേര്‍ത്താല്‍ ആ പ്രശ്‌നം പരിഹൃതമാകും. അരമണിക്കൂര്‍ നേരം കുഴച്ചു വച്ചാല്‍ എളുപ്പം. ചുവപ്പു കുതിരാന്‍ ഇത്തിരി സമയമെടുക്കും.
    The comment window takes too much time to open.

    മറുപടിഇല്ലാതാക്കൂ
  21. ബ്രാഹ്മിണ്‍‌സ് പുട്ടുപൊടി (വെളുത്തത്) കിടിലം ആണ്‌. നല്ല് സോഫ്റ്റ് സ്പോഞ്ച് പോലത്തെ പുട്ടു കിട്ടും. ഒട്ടും കട്ടയില്ലാതെ. ഇന്നും കൂടി കഴിച്ചതെ ഉള്ളു.

    മറുപടിഇല്ലാതാക്കൂ
  22. ha..ha..ha.. നല്ല പുട്ട് പുരാണം.

    മറുപടിഇല്ലാതാക്കൂ
  23. ഇന്ന് തന്നെ പോയി അമ്മയോട് പറഞ്ഞു നോക്കാം. പണ്ട് പുട്ട് എന്ന് കേട്ടാല്‍ കലി ആയിരുന്നു.
    ഇപ്പൊ കുറച്ചു വര്‍ഷമായി വീട്ടില്‍ നിന്ന് മാറി നിന്നപ്പോഴാ അതിന്‍റെ വില മനസ്സിലായത്.
    ഒരു കഷണത്തിന് പത്തു രൂപ !!

    മറുപടിഇല്ലാതാക്കൂ