Monday, June 28, 2010

സ്ത്രീകളും പുരുഷന്‍മാരും പുറത്തു പറയാന്‍ മടിക്കുന്ന രഹസ്യ രോഗങ്ങള്‍

ഹാ ഹാ .. ആരും മുഖം ചുളിക്കരുതേ.. ഇത് അശ്ലീലം അല്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരം ഒരു പരസ്യം വായിച്ചിട്ടില്ലാത്ത ഒരു മലയാളിയും ഉണ്ടാവില്ല. എല്ലാ പ്രസിദ്ധീകരനങ്ങളിലും പത്രത്തിലും എന്ന് വേണ്ട ഇക്കാലത്ത് ടി വി ചാനലുകളില്‍ വരെ ഇത്തരം പരസ്യം കാണാം.. പണ്ടൊക്കെ മനോരമയിലും മംഗളത്തിലും മാത്രമാണ് ഇത് കണ്ടിരുന്നത്‌. ശിവകാശിയില്‍ ഉണ്ടാക്കിയ ഹാഫ് ടോണ്‍ ബ്ലോക്കുകളില്‍ പ്രിന്‍റ് ചെയ്തു വന്നിരുന്ന ഇത്തരം പരസ്യങ്ങള്‍ ഇന്ന് കമ്പ്യൂട്ടറില്‍ ഡിസൈന്‍ ചെയ്ത വര്‍ണ മനോഹരമായ പരസ്യങ്ങള്‍ക്ക് വഴി മാറിയിരിക്കുന്നു. പണ്ട് കൊച്ചു ക്ലാസ്സില്‍ പഠിക്കുന്ന പ്രായത്തില്‍ ഈ പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന പല രോഗങ്ങളും ആര്‍ക്കാണ് വരുന്നത് , എപ്പോഴാണ് വരുന്നത് , എന്താണീ രോഗം എന്നൊക്കെ ഞാനും സുഹൃത്തുക്കളും അന്തം വിട്ടിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ ഇപ്പൊ പോലും അറിയില്ല അതിലെ പല രോഗങ്ങളും. ഉദാഹരണത്തിന് ധാതു ക്ഷയം . ഇത് ഏത്‌ ധാതു കുറയുമ്പോ ഉണ്ടാവുന്നതാണെന്ന് അമ്മച്ചിയാണേ എനിക്കറിയില്ല. ഈ പരസ്യങ്ങളില്‍ പറയുന്ന പല അസുഖങ്ങളും വന്നു കഴിഞ്ഞാല്‍ ഏത്‌ ഹീമാനും തട്ടിപോവും എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇവര്‍ പലരും യൂനാനി ചികിത്സകര്‍ ആണ്. ഈ പരസ്യങ്ങള്‍ കാണുന്ന പലരും യുനാനിയില്‍ ഇങ്ങനത്തെ പിശക് രോഗങ്ങള്‍ക്കുള്ള മരുന്ന് മാത്രമേ ഉള്ളോ എന്ന് ചിന്തിച്ചു പോവുക സ്വാഭാവികം. എനിക്കറിയാവുന്ന വേറെ യുനാനി വൈദ്യന്മാര്‍ ഇല്ലാത്തതു കൊണ്ട് ഈ സംശയം ഇത് വരെ തീര്‍ക്കാന്‍ പറ്റിയിട്ടില്ല. എന്തുവാണോ എന്തോ.. ഇത്രയും പറഞ്ഞപ്പോ ആണ്... യൂനാനി മാത്രമല്ല സിദ്ധ വൈദ്യന്മാരും ഇപ്പൊ ഇതിനുള്ള മരുന്നുകള്‍ തങ്ങളുടെ കയ്യിലുണ്ടെന്ന് അവകാശപ്പെട്ടു വരുന്നുണ്ട്. വക്കീലിന്‍റെ മോന്‍ വക്കീല്‍ ആവും, എന്ജിനീയരുടെ മോന്‍ എന്‍ജിനീയര്‍ ആവും എന്ന് പറഞ്ഞ പോലെ ഈ പറയുന്ന യുനാനി വൈദ്യന്മാരുടെ മക്കള്‍ എല്ലാം യുനാനി വൈദ്യന്മാര്‍ ആയി മാരും എന്ന തോന്നുന്നത്. പണ്ട് കണ്ട ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് പരസ്യങ്ങളില്‍ കോട്ടും സൂട്ടും ഇരുന്നു ചിരിച്ചിരുന്നു പോസ് ചെയ്തിരുന്നവരുടെ മക്കള്‍ ഒക്കെ ഇപ്പൊ നല്ല കടുത്ത കളറുകളില്‍ ചിരിച്ചു കൊണ്ടിരിക്കുന്ന പടങ്ങള്‍ ആണ് പരസ്യങ്ങളില്‍. പക്ഷെ കോട്ടിന്റെ സ്റ്റൈല്‍ മാറിയിട്ടില്ല. ഈ മരുന്നൊക്കെ അടിച്ചാല്‍ ഉള്ള ധാതു കൂടി പോവും എന്നാണ് മറ്റു വൈദ്യ ശാഖകളിലെ പുലികള്‍ പറഞ്ഞു നടക്കുന്നത്. എന്തിനു, സിദ്ധ വൈദ്യം ഒരു വൈദ്യ ശാഖയെ അല്ല എന്നാണ് അവര്‍ പറഞ്ഞു പരത്തിയത്. ഈയിടെ സിദ്ധ വൈധ്യക്കാര്‍ അരിശം മൂത്ത് കോടതിയില്‍ പോയി എന്തോ വിധി ഒക്കെ ഒപ്പിച്ചിട്ടുണ്ട്. എന്തായാലും കൊള്ളാം. പിന്നെ പറയുമ്പോ എല്ലാം പറയണമല്ലോ. ഈ ക്ലിനിക്കുകളുടെ നേട്ടം എന്താന്ന് വച്ചാല്‍ ആര്‍ക്കെങ്കിലും മരുന്ന് ഫലിച്ചില്ല എങ്കിലും പരാതിപ്പെടാന്‍ പോവില്ല. എല്ലാം സേഫ് ഡീല്‍ ആണ്. എന്തായാലും ഈ കഥ ഇനിയും തുടരും. ഇതൊക്കെ കൊണ്ട് ആര്‍ക്കെങ്കിലും ഫലം ഉണ്ടായാല്‍ കൊള്ളാം. അത്ര തന്നെ..


വാല്‍കഷണം


പണ്ട് ഞാന്‍ തിരുവനന്തപുരത്ത് കമ്പ്യൂട്ടര്‍ കുത്തി നടന്ന കാലത്ത് മണക്കാട് ആയിരുന്നു താമസം. അവിടെ ഞങ്ങള്‍ താമസിക്കുന്നതിന്റെ അടുത്ത് കേരളത്തിലെ പ്രസിദ്ധനായ ഒരു യുനാനി വൈദ്യന്‍ ഉണ്ട് ( ഒരു ക്ലൂ തരാം.. ഗവണ്മെന്റ് എന്നതിന്‍റെ ഒരു പര്യായ പദം ആണ് ഇദ്ദേഹത്തിന്‍റെ പേര് ). ചിലപ്പോ വളരെ ദൂരെ നിന്നൊക്കെ ആള്‍ക്കാര്‍ ഇദ്ദേഹത്തെ കാണാന്‍ വരും. അതിനടുത്ത് ബലവാന്‍ നഗറില്‍ വേറൊരു വൈദ്യനും ഉണ്ട്. ഇവര്‍ രണ്ടു പേരും അവരവരുടെ പരസ്യങ്ങളില്‍ നമ്മുടെ ചാത്തന്‍ സേവാ മഠങ്ങള്‍ ചെയ്യുന്ന പോലെ റൂട്ട് മാപ് ഒക്കെ വിശദമായി കൊടുക്കാറുണ്ട്. എന്നാലും അത് വായിച്ചു മനസ്സിലാക്കാന്‍ കഴിവില്ലാത്ത പാവങ്ങള്‍ മണക്കാട് ജങ്ക്ഷനില്‍ വന്നിട്ട് ആട്ടോക്കാരോട് ഒക്കെ വഴി ചോദിക്കും. നാണക്കേട്‌ കാരണം വളരെ താഴ്ന്ന ശബ്ധത്തില്‍ ഒക്കെ ആണ് വഴി ചോദിക്കുന്നത്. അവിടുത്തെ ആട്ടോ ചേട്ടന്മാര്‍ ആരാ മൊതല്. അവര്‍ക്ക് അറിയാമെങ്കിലും നല്ല എട്ടു പൊട്ടുമാറുച്ചത്തില്‍ വഴി പറഞ്ഞു കൊടുക്കും ആ സാധുക്കളുടെ കമ്പ്ലീറ്റ്‌ മാനവും അതോടെ പോയിക്കിട്ടും. അന്ന് നമ്മള്‍ സുഹൃത്തുക്കള്‍ക്ക് ഇത് രസകരമായ ഒരു പതിവ് കാഴ്ചയായിരുന്നു 

10 comments:

 1. സമൂഹത്തിലെ പുഴുക്കുത്തുകളിലേക്ക് ടോര്‍ച്ചിന്റെ വെളിച്ചം പോലെയാണ് താങ്കളുടെ ലേഖനം . ഇവരുടെ ചികിത്സ ഗുണം ചെയ്തില്ലെങ്കിലും പരസ്യം കൊണ്ട് പത്ര മുതലാളി മാരുടെ കുടവയര്‍ ഒന്നുകുടി വീര്‍ത്തു . ഒരു കണക്കിന് ഇത്തരം പരസ്യങ്ങള്‍ കൊടുക്കുന്ന പത്രങ്ങളും സമുഹത്തിന്റെ ശാപമാണ് .

  ReplyDelete
 2. എന്താ ഈ ധാതു ക്ഷയം? എനിക്കും അറിയില്ല.

  ReplyDelete
 3. ദുസ്സു...നല്ല പോസ്റ്റ്‌....

  ReplyDelete
 4. അപ്പോ ഈ ധാതു കുറഞ്ഞാ എന്താ ചെയ്യാ??
  (ധാതൂന്ന് പറഞ്ഞാ എന്തൂട്ടാ സാധനം)

  ReplyDelete
 5. മോനേ കൂതറെ ... ഈ ധാതു ധാതു എന്ന് പറയുന്നത് ഒരു വന്‍ സാധനമാണ്. പോയ ധാതു പിടിച്ചാല്‍ കിട്ടില്ല...

  ReplyDelete
 6. *മോനേ കൂതറെ ... ഈ ധാതു ധാതു എന്ന് പറയുന്നത് ഒരു വന്‍ സാധനമാണ്. പോയ ധാതു പിടിച്ചാല്‍ കിട്ടില്ല...
  അതെ ...
  പോയ ധാതു ... ഇനി ഓട്ടോ പിടിച്ച് പോയാല്‍ പോലും കിട്ടില്ല ..!!

  അല്ലാ ... സത്യത്തില്‍ എന്താ ഈ ധാതു..!!

  ReplyDelete
 7. ഒരു പിടിയുമില്ല ചേട്ടന്‍മാരെ.. ശരീരത്തില്‍ ഉള്ള എന്തെങ്കിലും സംഗതി ആയിരിക്കും. എനിക്കാകെ അറിയാവുന്ന ധാതുക്കള്‍ ഇരുമ്പു , ചെമ്പു, സ്വര്‍ണം ഒക്കെയാണ് പണ്ട് അഞ്ചാം ക്ലാസ്സില്‍ പഠിച്ച ഓര്‍മയാ

  ReplyDelete
 8. മുസലി പവര്‍ എക്സ്ട്രാ വന്നതോടെ പല ലാഡന്മാര്‍ക്കും യൂനാനികള്‍ക്കും ഗതിയില്ലാതായി. ഇതു പോലൊരെണ്ണം എന്റെ ആലക്കോടന്‍ ബ്ലോഗിലുമുണ്ട്.
  പിന്നെ, ദുശ്ശാ, പാരഗ്രാഫ് തിരിച്ച് എഴുതിക്കൂടെ..അതല്ലേ വായനാസുഖം?

  ReplyDelete
 9. ശരിയാ. അങ്ങനെ എഴുതാം. പലപ്പോഴും സ്പെല്ലിംഗ്, പരഗ്രാഫ് ഒക്കെ നോക്കാതെ ഒറ്റ എഴുത്താ.. അതാ പ്രശ്നം പറ്റുന്നത്. ഇനി ശ്രദ്ധിക്കാം.

  ReplyDelete