ഇന്നലെ വന്ന കിളിരൂര്‍ കേസ് വിധി മാത്രമല്ല ഈ പോസ്റ്റ് എഴുതാന്‍ പ്രേരിപ്പിച്ചത്. മറിച്ചു പത്രത്തില്‍ കണ്ട വേറൊരു വാര്‍ത്തയാണ്. മുന്‍പ് വാര്‍ത്തകളിലെ താരമായിരുന്ന സൂര്യനെല്ലി പെണ്‍ വാണിഭ കേസിലെ പെണ്‍കുട്ടി രണ്ടേ കാല്‍ ലക്ഷം രൂപയോളം വരുന്ന ഒരു തിരിമറി കേസില്‍ അറസ്റ്റിലായി എന്ന വാര്‍ത്ത. 2010-11 കാലയളവില്‍ ചങ്ങനാശേരി സെയില്‍സ് ടാക്സ് ഓഫീസില്‍ ജോലി ചെയ്യവേയാണ് തിരിമറി നടത്തിയത്. സെയില്‍സ് ടാക്സ് ഓഫീസില്‍ നടത്തിയ ഓഡിറ്റിലാണ് തിരിമറി കണ്ടെത്തിയത്. തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് തുക തിരിച്ചടച്ചിരുന്നു. എന്നാല്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്ന് കാണിച്ചാണ് അറസ്റ്റ്.
ഈയടുത്ത് വന്നുകൊണ്ടിരുന്ന വാര്‍ത്തകളില്‍ എല്ലാം ഈ പെണ്‍ വാണിഭ കേസിലെ നായികമാരെ പാവങ്ങളായും അവരെ 'പീഡിപ്പിച്ച' ആണുങ്ങള്‍ എല്ലാം മൃഗങ്ങള്‍ ആണെന്നും മട്ടിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇവരെപറ്റി വളരെയധികം വായിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും രക്ഷപെടാന്‍ പറ്റാത്ത രീതിയില്‍ ഉള്ള ഒരു അന്തരീക്ഷത്തില്‍ അകപ്പെട്ടു വേറെ വഴിയില്ലാതെ പീഡനത്തിന് വഴങ്ങി കൊടുക്കേണ്ടി വന്നിട്ടുള്ള പച്ചപാവങ്ങള്‍ ആയി ഇവരെ കാണാന്‍ സത്യം പറഞ്ഞാല്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അത് ചിലപ്പോള്‍ എന്റെ ക്രൂരമായ മനസ്സായിരിക്കും. പക്ഷെ യുക്തിപരമായി ചിന്തിച്ചാല്‍ ആ പെണ്‍കുട്ടികളുടെ ഭാഗത്തും തെറ്റില്ലേ ? ഏതു പ്രലോഭനത്തിലും വീണു പോയി തെറ്റുകള്‍ക്ക് മൌന സമ്മതം നല്‍കുന്നവരും തെറ്റുകാരല്ലേ ? അതില്‍ ഒരു വിഭാഗത്തെ മാത്രം പ്രതി കൂട്ടില്‍ നിര്‍ത്തുന്നതില്‍ എന്താണര്‍ത്ഥം ? ഞാന്‍ പീഡിപ്പിച്ചവരെ ന്യായീകരിക്കുകയല്ല. പക്ഷെ യഥാര്‍ത്ഥത്തില്‍ തെറ്റ് ചെയ്തത് ആരാണ് ? കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മിക്ക വാണിഭ കേസുകളിലും ശ്രദ്ധിച്ചാലറിയാം. സീരിയലില്‍ അഭിനയിക്കുക, പണം സമ്പാദിക്കുക, ആഭരണങ്ങള്‍ സമ്പാദിക്കുക മുതലായ ആഗ്രഹങ്ങളില്‍ വീണു പോയവര്‍ തന്നെയാണ് മിക്കതിലെയും നായികമാര്‍. ഈയടുത്ത കാലത്ത് വന്ന ഒരു വാര്‍ത്ത എല്ലാവരും കണ്ടിട്ടുണ്ടാവും. സീരിയല്‍ നായിക നടി ആയിരുന്ന പ്രിയങ്കയുടെ മരണ വാര്‍ത്ത . ടെലി ഫിലിം സംവിധായകനായ ഒരാളുടെ 'ചൂണ്ടയില്‍' കുരുങ്ങി ഒടുവില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന ഒരു നടി. മരിക്കുമ്പോള്‍ പ്രിയങ്ക രണ്ടു മാസം ഗര്‍ഭിണി ആയിരുന്നുവെന്നാണ് പത്ര വാര്‍ത്തകള്‍. റഹിം പ്രിയങ്കയെ വഞ്ചിക്കുകയും ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നൊക്കെ പറഞ്ഞു പ്രിയങ്കയുടെ അമ്മയുടെ പതം പറച്ചിലുകള്‍ വാര്‍ത്താ പ്രാധാന്യം നേടി. പക്ഷെ ഭാര്യയും നാല് കുട്ടികളുമുള്ള മധ്യ വയസ്കനായ ഒരാള്‍ പരസ്യമായി അവളെ കൊണ്ട് നടന്നത് ആ അമ്മ അറിഞ്ഞില്ലെന്നോ അല്ലെങ്കില്‍ അതിനു മൌന സമ്മതം കൊടുത്തു എന്നതോ ഒരു തെറ്റല്ലേ ? അത്ര പോലും മനസ്സിലാക്കാനോ മകളെ തിരുത്താനോ കഴിയാതിരുന്ന ഒരമ്മ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിലപിക്കുന്നത് ?
പലരും പറയുന്നത് കേട്ടു , വീട്ടിലെ ബുദ്ധിമുട്ടുകള്‍ കൊണ്ട് ഈ വഴിയിലേക്ക് അവര്‍ വീണു പോയതാണെന്ന്. നമ്മുടെ നാട്ടില്‍ പാവപ്പെട്ട കുടുംബങ്ങളിലെ , അതായതു പട്ടിണി പാവങ്ങള്‍ ഉള്‍പ്പെടെ ഉള്ള വീട്ടിലെ ഒരുപാടു പാവം പെണ്‍കുട്ടികള്‍ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്നുണ്ട്. അവരെ അപമാനിക്കുന്നതിനു തുല്യമാണ് ഇങ്ങനത്തെ പ്രസ്താവനകള്‍. ബലമായി തടവില്‍ വച്ച് പീഡിപ്പിച്ചു എന്ന വാദത്തിന്റെ പൊള്ളത്തരം കുറഞ്ഞത് സൂര്യ നെല്ലി പെണ്‍കുട്ടിയുടെ കാര്യത്തിലെങ്കിലും നമ്മള്‍ കണ്ടതാണ്. ആ കുട്ടിക്ക് രക്ഷപ്പെടാന്‍ പല സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടും രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല എന്ന് കോടതി വരെ കണ്ടെത്തിയിരുന്നു. മേല്പറഞ്ഞ പത്ര വാര്‍ത്ത ശ്രദ്ധിച്ചാലറിയാം ആ കുട്ടിയുടെ പശ്ചാത്തലം. നമ്മുടെ മാധ്യമങ്ങള്‍ പറയുന്ന തരം പീഡനങ്ങള്‍ കേരളത്തില്‍ അല്ല നടക്കുന്നത്. ജാതി വ്യവസ്ഥ കൊടി കുത്തി വാഴുന്ന ഉത്തരേന്ത്യയില്‍ അതുണ്ട്. ജന്മിമാരും ജമീന്ദാര്‍മാരും തങ്ങളുടെ ജോലിക്കാരുടെ സ്ത്രീകളെ ബലമായി ആക്രമിക്കാറുണ്ട്. പലപ്പോഴും അച്ഛന്റെയും അമ്മയുടെയും മുന്നില്‍ വച്ച് പോലും ബലാല്‍സംഗം ചെയ്തതിനു ശേഷം കൊന്നു പട്ടിയെ പോലെ വലിച്ചെറിയുന്നുണ്ട്. ഇപ്പോഴും. ഭന്‍വാരി ദേവിയുടെ കേസ് തന്നെ ഏറ്റവും നല്ല ഉദാഹരണം. അത്തരം വ്യക്തമായ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥകള്‍ ഇത് പോലുള്ള വാണിഭങ്ങളുമായി ചേര്‍ത്ത് വായിക്കുന്നത് തന്നെ തെറ്റാണ്.
കേരളത്തിലെ പെണ്‍ വാണിഭ കഥകളിലെ നായകന്മാരെ ന്യായീകരിക്കുകയല്ല ഞാന്‍. പക്ഷെ ഇരയായവര്‍ക്കും അതില്‍ കൂട്ടുത്തരവാദിത്വമുണ്ട് എന്ന് പറയുക തന്നെ വേണം. നമ്മുടെ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രത്യേക അവകാശങ്ങളുടെ നഗ്നമായ ദുരുപയോഗം തന്നെയാണ് ഈ കേസുകളില്‍ പലതിലും നടന്നിട്ടുള്ളത്. അതിനെ എന്ത് പേരിട്ടു വിളിച്ചാലും ശരി. നമ്മള്‍ സമ്മതിക്കാതെ വേറൊരാള്‍ക്ക് നമ്മളെ പറ്റിക്കാന്‍ കഴിയില്ല. നടന്നടുക്കുന്നത് ഒരു കെണിയിലേക്കാണ് എന്ന് തിരിച്ചറിയാനുള്ള കഴിവ് മാതാ പിതാക്കള്‍ വേണം മക്കളില്‍ ഉണ്ടാക്കിയെടുക്കേണ്ടത്. അത് ചെയ്യാതെ എന്റെ കുട്ടിയെ പറ്റിച്ചു എന്ന് ഇപ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല. തൊണ്ണൂറു ശതമാനം കേസുകളിലും അറിഞ്ഞു കൊണ്ട് കെണിയിലേക്കു വീണവരാണ് അപകടത്തില്‍ പെട്ടതും. കേരളത്തിലെ കുടുംബങ്ങളുടെ ഓര്‍ഗാനിക് ഘടന തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. അണുകുടുംബങ്ങളില്‍ പലതിലും തങ്ങളുടെ മക്കള്‍ എന്താണ് ചെയ്യുന്നതെന്ന് തീര്‍ത്തും അന്ധരായ മാതാ പിതാക്കള്‍ ആണുള്ളത്. ശ്രദ്ധിച്ചാലറിയാം. നിങ്ങളുടെ അച്ഛനമ്മമാര്‍ക്ക് നിങ്ങള്‍ക്ക് വരാന്‍ പോകുന്ന ഒരു ചെറിയ ജലദോഷത്തെ പോലും തിരിച്ചറിയാനുള്ള ശേഷിയുണ്ടായിരുന്നു. നിങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്ന പാതയിലെ കള്ളി മുള്ളുകളെയും കൂര്‍ത്ത കരിങ്കല്ലുകളെയും പറ്റി മുന്നറിയിപ്പ് തരാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ ആ കഴിവ് നിങ്ങള്‍ക്കുണ്ടോ ? സത്യസന്ധമായി ചിന്തിച്ചു നോക്കൂ. ഇല്ല എന്ന് തന്നെയായിരിക്കും ഉത്തരം.
ഇതൊക്കെ ഇനിയും കേരളത്തില്‍ നടക്കും. കിളിരൂരും സൂര്യനെല്ലിയും ആവര്‍ത്തിക്കും. ഭൌതിക സുഖങ്ങളോട് ആര്‍ത്തിയുള്ള പെണ്‍കുട്ടികള്‍ ഇനിയും ഇത്തരം വലകളിലേക്ക് സ്വയം വീണു കൊടുക്കും. അവസാനം അതില്‍ നിന്ന് രക്ഷപ്പെടാന്‍ വയ്യാത്ത വിധം കേട്ടു മുറുകുമ്പോള്‍ അത് വരെ സഹകരിച്ചവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയോ അല്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തി പണം വാങ്ങി മിണ്ടാതിരിക്കുകയോ ചെയ്യും. നമ്മുടെ മാധ്യമങ്ങള്‍ അവരെ ദുഖപുത്രിമാരാക്കും. നായകന്മാരെ വില്ലന്മാരാക്കും. ഈ വാര്‍ത്ത അവരും ഞാനും നിങ്ങളും താല്പര്യത്തോടെ വായിക്കും. കുറച്ചു കാലത്തെ ഒച്ചപ്പാടുകള്‍ക്ക് ശേഷം അത് കെട്ടടങ്ങും.
- ശുഭാപ്തി വിശ്വാസം തീരെയില്ലാത്ത ഒരു ക്രൂരന്‍


