2011, നവംബർ 12, ശനിയാഴ്‌ച

ഗോവിന്ദ ചാമിയും പെങ്ങളേ എന്ന വിളിയും





     അങ്ങനെ ഒടുവില്‍ കേരളം കാത്തിരുന്ന വിധി വന്നു. ഗോവിന്ദ ചാമിക്ക്‌ വധശിക്ഷ. നല്ലത്. സൗമ്യയുടെ ആത്മാവിനു നീതി കിട്ടി. നമ്മുടെ ജനങ്ങള്‍ അയാളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. സംഘടനകള്‍ അയാള്‍ക്കെതിരെ പൊരുതി. ചാനലുകള്‍ ചര്‍ച്ച ചെയ്തു. പ്രോസിക്യൂഷന്‍ വക്കീല്‍ ശ്രീ സുരേഷ് തന്റെ കഴിവിന്റെ അങ്ങേയറ്റം ജോലി ചെയ്തു എല്ലാ പഴുതുകളും അടച്ചു. പ്രതിഭാഗം വക്കീലായ ആളൂരും തന്റെ കക്ഷിയെ രക്ഷപെടുത്താന്‍ വളരെ കഷ്ടപ്പെട്ടു. പ്രധാന സാക്ഷിയായ ഉന്മേഷ് എന്ന ഡോക്ടര്‍ നാടകീയമായി മൊഴി മാറ്റിയിട്ടും നീതി ജയിച്ചു. ഇന്നലെ നമ്മുടെ ടി വി ചാനലുകളില്‍ നടന്ന ചര്‍ച്ചകള്‍ കാണുകയായിരുന്നു ഞാന്‍. രാഷ്ട്രീയക്കാരും അഭിഭാഷകരും വനിതാ വിമോചന സംഘടന നേതാക്കളും മറ്റും പങ്കെടുത്ത നിരവധി ചര്‍ച്ചകള്‍. ഇതില്‍ കോമണ്‍ ആയി കേട്ട ചില അഭിപ്രായങ്ങളാണ് ഈ പോസ്റ്റിനു ആധാരം. വാസ്തവത്തില്‍ സൗമ്യയുടെ മരണത്തിനു ആരാണ് ഉത്തരവാദി ? മതിയായ സുരക്ഷയില്ലാതെ ട്രെയിന്‍ ഓടിക്കുന്ന റെയില്‍വേ ആണോ ? അടുത്ത കമ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിട്ടും പ്രതികരിക്കാതിരുന്ന യാത്രക്കാരാണോ ? അതോ നമ്മളൊക്കെതന്നെയോ ? ആ യാത്രക്കാരെ കുറ്റപ്പെടുത്തുന്നതില്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. എന്നാല്‍ ഞാന്‍ ഒന്ന് ചോദിക്കട്ടെ.. അവരുടെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു ? നിങ്ങളും അത് തന്നെ ചെയ്തേനെ. തൊട്ടു മുന്നില്‍ നടക്കുന്ന ഒരു അക്രമത്തില്‍ ഇടപെടാന്‍ പേടിച്ചു ഒരു മനുഷ്യന്‍ മാറി നില്‍ക്കുന്നത് അവനു വികാരങ്ങളില്ലാഞ്ഞിട്ടല്ല. പേടി കൊണ്ട് കൂടിയാണ്. ഒരു കുടുംബം പുലര്‍ത്താനായി വീട്ടില്‍ നിന്നിറങ്ങുന്ന ഒരാളുടെ മുന്നിലുള്ള കടമ്പകള്‍ ഏറെയാണ്‌. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരികെ വീട്ടിലെത്തും എന്ന് പോലും ഉറപ്പില്ലാത്ത ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അങ്ങനെയുള്ള ഒരാള്‍ രാത്രിയില്‍ കേള്‍ക്കുന്ന അസ്വാഭാവികമായ എന്തിനോടും ഒരു നിര്‍വികാരത കാണിക്കുന്നത് ഒരു തെറ്റാണെന്ന് ഒറ്റയടിക്ക് പറയാന്‍ പറ്റുമോ ? ഇപ്പൊ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും എനിക്കെങ്ങനെ ഇത് ഇത്ര ലാഘവത്തോടെ പറയാന്‍ പറ്റുന്നു എന്ന് . തന്റെ സഹോദരിയായിരുന്നു സൗമ്യയുടെ സ്ഥാനത്തെങ്കില്‍ താന്‍ ഇങ്ങനെ പറയുമായിരുന്നോ എന്നൊക്കെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവാം. പക്ഷെ സുഹൃത്തേ. അങ്ങനെ ആണെങ്കില്‍ തന്നെ മറിച്ചു പ്രതീക്ഷിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ജസ്റ്റിസ് ശ്രീദേവി മാത്രമാണ് ഇത് തുറന്നു പറയാനുള്ള ധൈര്യം കാണിച്ചത്. പക്ഷെ ട്രെയിനില്‍ ഭിക്ഷക്കാരെ അനുവദിക്കുകയും യാത്രക്കാര്‍ക്ക് മതിയായ സുരക്ഷ ( കുറഞ്ഞത്‌ സ്ത്രീ യാത്രക്കാര്‍ക്കെങ്കിലും) നല്‍കാതിരുന്ന റെയില്‍വേ വ്യക്തമായ തെറ്റാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കോടതി അതിനെപ്പറ്റി ഒരക്ഷരം ഉരിയാടിയില്ല. അതില്‍ അധികമാരും പ്രതിഷേധിച്ചു കണ്ടില്ല. അതേ സമയം പ്രതിഭാഗം അഭിഭാഷകന്‍ ആളൂര്‍ അത് ഉന്നയിക്കുകയും ചെയ്തു. 


     വിഷയത്തില്‍ നിന്ന് മാറിപ്പോയി. നമ്മുടെ വിഷയം പെങ്ങളേ എന്ന വിളിയാണ്. ഗോവിന്ദ ചാമി സംഭവത്തിലും കേരളത്തില്‍ അടുത്തിടെ നടന്ന സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളിലും വനിതാ സംഘടനകള്‍ നമ്മുടെ പുരുഷന്മാരെ കുറ്റപ്പെടുത്തിയതിനും തെറി വിളിച്ചതിനും കയ്യും കണക്കുമില്ല ( ഒരര്‍ത്ഥത്തില്‍ ഒരു സാധാരണ മലയാളി പുരുഷന്റെ പ്രതീകം തന്നെയാണ് ഗോവിന്ദ ചാമി. പക്ഷെ അത് ഈ മണ്ടന്‍ വനിതാ സംഘടന നേതാക്കള്‍ പറയുന്ന രീതിയിലല്ലെന്നു മാത്രം ). അതില്‍ എത്രത്തോളം വാസ്തവമുണ്ട് എന്ന് ചിന്തിച്ചപ്പോള്‍ മനസ്സില്‍ ആദ്യം മുഴങ്ങിയതാണ് പെങ്ങള്‍ എന്ന വിളി. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ തൊട്ടു കണ്ടിട്ടുണ്ട് പ്രായത്തിനു മൂത്ത ചേട്ടന്മാര്‍ സ്കൂളിലും കോളജിലും മറ്റും സമപ്രായക്കാരായ പെണ്‍കുട്ടികളെ പെങ്ങളേ എന്ന് വിളിക്കുന്നത്‌. കൌമാരത്തില്‍ എനിക്ക് മനസ്സിലായി നമ്മള്‍ പെണ്‍കുട്ടികളെ പെങ്ങളേ എന്ന് വിളിച്ചാല്‍ മാത്രമേ ചിലപ്പോള്‍ ഒരു സ്വീകാര്യത ലഭിക്കൂ എന്ന്. പിന്നെ പിന്നെ മനസ്സിലായി , മലയാളിയുടെ ഏറ്റവും വലിയ കാപട്യമാണ് പെങ്ങളേ എന്ന വിളി എന്ന്. എന്റെ സ്വന്തം സഹോദരിയെ അല്ലാതെ വേറൊരു പെണ്‍കുട്ടിയെ പെങ്ങളേ എന്ന് വിളിക്കാന്‍ എനിക്ക് പറ്റില്ല എന്ന് പറഞ്ഞതിനുണ്ടായ പ്രതികരണം കടുത്തതായിരുന്നു. ഒരു സ്ത്രീലംബടനെയോ ആഭാസനെയോ നോക്കുന്നത് പോലെ എന്റെ സഹപാഠികള്‍ എന്നെ തുറിച്ചു നോക്കി. അതിന്റെ കാരണം മനസ്സിലാവാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. 


     കേരളത്തിലെ പുരുഷനും സ്ത്രീയും വിദ്യാഭ്യാസത്തില്‍ മറ്റുള്ളവരേക്കാള്‍ കാതങ്ങള്‍ മുന്നിലാണെങ്കിലും വളരെ യാഥാസ്ഥിതികര്‍ ആണ്. മാനസികമായ പക്വതയുടെ കാര്യത്തില്‍ ഇപ്പോഴും നമ്മള്‍ യുഗങ്ങള്‍ പിന്നിലാണ്. ഒരു പെണ്‍കുട്ടിയോട് ഇടപഴകുമ്പോള്‍ പെങ്ങള്‍ എന്ന് വിളിച്ചു അങ്ങനെ അഭിനയിച്ചാല്‍ മാത്രമേ മാന്യമായി അവളോട്‌ പെരുമാറാന്‍ പറ്റൂ എന്ന മലയാളിയുടെ മിഥ്യാ ധാരണയാണ് ഇതിനു കാരണം. എന്തുകൊണ്ട് പുരുഷന് അഭിനയിക്കേണ്ടി വരുന്നു ? അതിനു കാരണം നമ്മുടെ പൊതു സമൂഹത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന അദൃശ്യമായ നിയന്ത്രണ രേഖകള്‍ തന്നെയാണ് .പത്തു പേര് കൂടുന്നിടത്തൊക്കെ മാന്യത അഭിനയിക്കുന്നതിനേക്കാള്‍ നല്ലതല്ലേ ഉള്ളിന്റെ ഉള്ളില്‍ അതുണ്ടാവുന്നത്‌ ? ഒരു പെണ്‍കുട്ടിയോട് മാന്യമായി പെരുമാറാന്‍ നമ്മള്‍ അവളെ സഹോദരി ആയി തന്നെ കാണേണ്ടതുണ്ടോ ? വേറൊരു മനുഷ്യ ജീവി എന്ന് കരുതി പെരുമാറിയാല്‍ എന്താണ് തെറ്റ് ?  ഇങ്ങനെ എല്ലായിടത്തും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതല്ലേ യഥാര്‍ത്ഥ പ്രശ്നം ? 


     സഹോദരന്‍ സഹോദരിയെ പീഡിപ്പിച്ചു, അച്ഛന്‍ മകളെ പീഡിപ്പിച്ചു, വിറ്റു കാശാക്കി മുതലായ വാര്‍ത്തകള്‍ വരുമ്പോള്‍ ചിലര്‍ പറയാറുണ്ട്‌ ഇതൊക്കെ മറ്റു സ്ഥലത്തും നടക്കുന്നുണ്ട്. കേരളത്തില്‍ മാത്രം ഇത് വാര്‍ത്തയാകുന്നതാണ് എന്ന്. ഒരു വാദത്തിനു വേണ്ടി ഇത് അംഗീകരിച്ചാല്‍ തന്നെ പേടിപ്പിക്കുന്ന ഒരു സത്യമാണ്. കാരണം മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്‌ മാത്രം അവകാശപ്പെടാവുന്ന ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമാണ്. മാത്രമല്ല കേരളത്തില്‍ ലൈംഗിക മാസികകള്‍ കൂടി വരുന്നു. ലൈംഗിക ഉത്തേജക മരുന്നുകള്‍ കൂടി വരുന്നു.  എല്ലായിടത്തുമുള്ള മലയാളിയുടെ ഹിപ്പോക്രസി മാത്രമാണ് ഇങ്ങനെ ഒക്കെ പെരുമാറാന്‍ ഇവിടത്തെ സ്ത്രീകളെയും പുരുഷന്മാരെയും പ്രേരിപ്പിക്കുന്നതെന്ന് തോന്നുന്നു. അതുകൊണ്ടാണ് കേരളം വിട്ടു കഴിഞ്ഞാല്‍ അവരുടെ അടാപ്ടബിലിറ്റി കൂടുന്നത്. വിവാഹ ആലോചന പരസ്യങ്ങള്‍ ശ്രദ്ധിച്ചാലറിയാം കേരളത്തിന്‌ പുറത്തു ജനിച്ചു വളര്‍ന്ന പെണ്‍കുട്ടികള്‍ തീര്‍ച്ചയായും ഇത് എടുത്തു പറഞ്ഞിരിക്കും. അതായതു കേരളത്തിന്‌ പുറത്തു ജനിച്ചു വളര്‍ന്ന ഒരു മലയാളി പയ്യനെ മതിയെന്ന്.ഒരിക്കല്‍ ഞാന്‍ ഒരു കുട്ടിയോട് ചോദിച്ചു എന്താ അതുകൊണ്ടുള്ള നേട്ടം എന്ന്. പുള്ളിക്കാരി പറഞ്ഞു ഒന്നുമല്ലെങ്കിലും അവനു ബോധം കൂടുതലായിരിക്കും എന്ന്. അതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നില്ലെങ്കിലും അതില്‍ പലതും അടങ്ങിയിരിക്കുന്നു. എന്ത് പറയുന്നു ? ഇനി പെങ്ങളെ എന്ന് വിളിക്കുന്നതിനു മുമ്പ് ഒരിട ആലോചിക്കുമോ ? 

11 അഭിപ്രായങ്ങൾ:

  1. സൌമ്യയുടെ പേരില്‍ ധാരാളം ബ്ലോഗുകള്‍,ചാനല്‍ ചര്‍ച്ചകള്‍,അങ്ങനെ പലതും.
    മനുഷ്യന്റെ മനസ്സ് മാറിയില്ലെങ്കില്‍ ഇതെല്ലാം വെറും വെയിസ്റ്റ്.

    ദുശ്ശാസനാ.ഇത് ചിന്തിപ്പിക്കുന്ന പോസ്റ്റ് തന്നെ.എന്നിരുന്നാലും .....

    മറുപടിഇല്ലാതാക്കൂ
  2. ദുശ്ശസന ഞാന്‍ കൈ തന്നു. പെങ്ങള്‍ വിളി എത്ര കാലം മുന്നേ നിര്‍ത്തിയാതാണ്‌.
    പൊന്നു കുട്ടീ എനിക്കിനി പെങ്ങന്മര്‍ വേണ്ടാ. ഇത്രേം കാലം ഒരുപാട് പേരുടെ ഏട്ടനായി മടുത്തു
    എന്ന് കുറേ പേരോട് പറഞ്ഞിട്ടുണ്ട്. അതില്‍ വിവരമുള്ളാ ഒരുത്തി ഇതേപറ്റി കായമായി സംസാരിക്കുകയും ചെയ്തു.
    അമ്മ, പെങ്ങള്‍, ഭാര്യ. മകള്‍ ഇത്തരം പേരിലല്ലാതെ ഒരു പെണ്ണിനെ എന്ത് വിളീക്കും എന്ന് നിശ്ചയമില്ലാത്ത അവസ്ഥയാണ്‌.
    പെണ്‍കുട്ടികള്‍ക്കും ഈ പ്രശനം ഉണ്ട്. മേല്പറഞ്ഞതിന്റെ പുരുഷലിംഗത്തിലല്ലാതെ ഒരാണീനെ എന്ത് വിളീക്കും എന്നു.

    മറുപടിഇല്ലാതാക്കൂ
  3. ഒരു പെണ്‍കുട്ടിയോട് ഇടപഴകുമ്പോള്‍ പെങ്ങള്‍ എന്ന് വിളിച്ചു അങ്ങനെ അഭിനയിച്ചാല്‍ മാത്രമേ മാന്യമായി അവളോട്‌ പെരുമാറാന്‍ പറ്റൂ എന്ന മലയാളിയുടെ മിഥ്യാ ധാരണയാണ് ഇതിനു കാരണം.

    വിയോജിക്കുന്നു ദുശ്ശൂ....ഒരു പെണ്‍കുട്ടിയോട് മാന്യമായി ഇടപെടാന്‍ പെങ്ങള്‍ എന്ന ബോധം വേണമെന്നു പറയുന്നത് അസംബന്ധമായാണ് എനിക്ക് തോന്നുന്നത്.അത്തരക്കാരുണ്ടാകാം പക്ഷേ അത് തുലോം കുറവായിരിക്കും എന്നാണെന്റെ പക്ഷം.

    മറുപടിഇല്ലാതാക്കൂ
  4. ശ്രീക്കുട്ടാ. ഞാനും അത് തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഒരു പെണ്‍കുട്ടിയോട് മാന്യമായി പെരുമാറാന്‍ അവളെ പെങ്ങളായി കാണേണ്ടതില്ല . പക്ഷെ നിര്‍ഭാഗ്യവശാല്‍ അങ്ങനെ ചിന്തിക്കുന്ന ഒരുപാടു കൂട്ടുകാര്‍ നമുക്കിടയിലുണ്ട്

    മറുപടിഇല്ലാതാക്കൂ
  5. "മലയാളിയുടെ ഏറ്റവും വലിയ കാപട്യമാണ് പെങ്ങളേ എന്ന വിളി എന്ന്".ഇത് സത്യം .വീണ്ടും നല്ലത് പോലെ എഴുതിയിരിക്കുന്നു .സത്യത്തില്‍ ഇങ്ങനെ വേണം എഴുതാന്‍ .ആവശ്യത്തിനു മാത്രം .അതിലെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ട് .നേരിട്ടൊരു thanks പറയണമെന്നുണ്ട് .ഫോണ്‍ നമ്പര്‍ ഒന്ന് തരുമോ .ഇനിയും ഇങ്ങനെ നല്ല വിഷയങ്ങളെ കുറിച്ച് നല്ലത് പോലെ എഴുതണം ഒരു സത്യം കൂടി നാന്‍ ഈ ബ്ലോഗില്‍ നിന്നാണ് ലോക്പാല്‍ ബില്‍ എന്തെന്ന് മനസ്സിലാക്കിയത്‌

    മറുപടിഇല്ലാതാക്കൂ
  6. ദുശ്ശൂ... സമ്മതിച്ചു... ബാങ്കളൂരില്‍ തന്നെ ആണ് ഞാനും.. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോ എന്റെ സ്വന്തം പെങ്ങളെ കൂട്ടി ബൈക്കില് പോയപ്പോ എന്റെ വീട്ടില്‍ ഫോണ്‍ വന്നു നിങ്ങടെ മോള് ഏതോ ഒരുത്തന്റെ കൂടെ ബൈക്കില്‍ പോകുന്നത് കണ്ടല്ലോ എന്ന്... അങ്ങനത്തെ നാടാ നമ്മടേത്...

    മറുപടിഇല്ലാതാക്കൂ
  7. എനിക്കും ദുശ്ശൂനെ ഒന്നു നേരിട്ട് പരിചയപ്പെട്ടാല്‍ കൊള്ളാം എന്നുണ്ട്... ഞാന്‍ താമസം മഡിവാള മാരുതി നഗര്‍... 9620563322 ഇത് എന്റെ മൊവീല്... പറ്റിയാ ഒന്ന് വിളി...

    മറുപടിഇല്ലാതാക്കൂ
  8. പക്ഷേ അങ്കിൾ വിളിയെ പ്പറ്റി ആരും എന്തെ ഒന്നും പറയാത്തത്‌. അത്‌ നിങ്ങൾക്കൊക്കെ ഇഷ്ടമായിരിക്കും അല്ലേ

    മറുപടിഇല്ലാതാക്കൂ
  9. അങ്കിള്‍ ,പെങ്ങള്‍ ഇതൊക്കെ പൊള്ള വാക്കുകള്‍ ആണ്.
    ഒരിക്കല്‍ ഒരു പതിനേഴു കാരി ഒരു ഇന്‍സ്റ്റി ട്ട്യൂട്ടില്‍ വന്നു.
    ആദ്യ ദിവസം തന്നെ അവള്‍ ആണ്‍കുട്ടികളുമായി ഒരു നേര്‍ത്ത
    തുണിയുടെ അകലം വരെ അടുത്തു. എന്നോടുംഎന്തൊക്കെയോ മധുര തരമായി പറഞ്ഞു. ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ ഒരു ആണ്‍ കുട്ടിയുമായി വഴക്കുണ്ടാക്കി, പിടിയും വലിയും വരെ ആയി. ഇടയ്ക്ക് എന്നെ പ്രശംസിച്ചു എന്തൊക്കെയോ പറഞ്ഞു. ചേട്ടാ എന്ന് വരെ വിളിച്ചു. അതില്‍ വീഴുന്നില്ലെന്നു കണ്ടപ്പോള്‍ പെട്ടെന്ന് അവളെന്നെ അങ്കിള്‍ എന്ന് വിളിച്ചു. അത് ഏതായാലും എനിക്ക് കൊണ്ടു.

    മറുപടിഇല്ലാതാക്കൂ
  10. സമ്മതിച്ചു മാഷേ,ഉഗ്രന്‍ .

    മറുപടിഇല്ലാതാക്കൂ