Tuesday, November 1, 2011

ഇന്ന് ദൈവം എന്റെ സ്വീകരണ മുറിയില്‍ വന്നു      ഇന്നലെ രാവിലെ എഴരക്ക്‌ തുടങ്ങി ഏകദേശം എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി നീണ്ടു നിന്ന ജോലിക്ക് ശേഷം വീട്ടിലെത്തി ഭക്ഷണം കഴിച്ചിട്ട് എന്റെ ഒരു സുഹൃത്ത്‌ ഫ്രാന്‍സില്‍ നിന്ന് കൊണ്ട് വന്ന വൈന്‍ ഒരു ഗ്ലാസ്‌ അടിച്ചിട്ട് കിടന്നുറങ്ങിയതാണ്. കനത്ത മഴയും വരാന്‍ പോകുന്ന ശിശിരത്തിന്റെ തുടക്കമെന്നോണവും ബാംഗ്ലൂര്‍ തണുത്തു തുടങ്ങിയിരിക്കുന്നു. രാവിലത്തെ ചെറിയ തണുപ്പില്‍ പായില്‍ തന്നെ കുറച്ചു നേരം ഉണര്‍ന്നു കിടന്നു. ടി വിയില്‍ ചാനലുകള്‍ മാറി മാറി തപ്പുന്നതിനിടയിലാണ് ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗറില്‍ സുകേഷ് കുട്ടന്‍ എന്ന കുട്ടിയുടെ പ്രകടനം കണ്ടത്. കുറച്ചു നാള്‍ മുമ്പ് ആരോ പറഞ്ഞു കേട്ടിരുന്നു ഇങ്ങനെ ഒരു മത്സരാര്‍ഥി ഈ പരിപാടിയില്‍ ഉണ്ടെന്നൊക്കെ. ഇന്ന് ആണ് അത് കാണാന്‍ ഒരു അവസരം കിട്ടിയത്. ഓട്ടിസം ബാധിച്ച ഒരു കുട്ടിയാണ് ഈ പാടുന്നതെന്ന്  നിങ്ങള്‍ക്ക് ഒരിക്കലും വിശ്വസിക്കാന്‍ പറ്റില്ല. അത്രയ്ക്ക് മനോഹരമായി സംഗീതത്തിന്റെ അരോഹണാവരോഹണങ്ങളെ സുകേഷ് നേരിട്ടു. അതി മനോഹരമായ ഒരു ശബ്ദത്തിനും ഉടമയാണ് സുകേഷ്. മാനസികമായി ചില അപാകതകള്‍ ഉള്ള ഒരു കുട്ടി പാടുന്നത് കണ്ടിട്ട് സഹതാപം കൊണ്ട് പുകഴ്ത്തി പറയുന്നതല്ല. അത്രയ്ക്ക് മനോഹരമാണ് ആ സംഗീതം. അതിനെ പറ്റി കൂടുതലെഴുതി വാക്കുകള്‍ പാഴാക്കുന്നില്ല. നിങ്ങള്‍ തന്നെ കണ്ടു നോക്കൂ. ഇത് മിസ്സ്‌ ചെയ്യരുത്. വീഡിയോ എംബെഡ്‌ ചെയ്യാന്‍ പറ്റുന്നില്ല.
 ലിങ്ക് ക്ലിക്ക് ചെയ്തു കാണൂ. അത്ഭുതകരം എന്ന് തന്നെ പറയണം 

ഹരി മുരളീ രവം - ദുബായിലെ ഒരു പെര്‍ഫോര്‍മന്‍സ്     സുകെഷിന്റെ പ്രകടനം കണ്ടിട്ട് ഒരിക്കല്‍ ജയചന്ദ്രന്‍ പറഞ്ഞുവത്രേ അദ്ദേഹം ആ വേദിയില്‍ അന്ന് ദൈവത്തെ കണ്ടു എന്ന്. ഇപ്പൊ എനിക്കും മനസ്സിലാവുന്നു അത്. കുറച്ചു നേരത്തേക്ക് ദൈവം ആ ടെലിവിഷന്‍ സ്ക്രീനില്‍ കൂടി എന്റെ മുന്നില്‍ വന്നോ എന്ന് ഞാന്‍ സംശയിച്ചു. തികച്ചും ദൈവീകമായ ഒരു കലയാണ് സംഗീതം എന്നാണല്ലോ പറയാറുള്ളത്. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ഒരു ഗുരുവും ഇല്ലാതെ വെറുതെ പാട്ട് കേട്ട് പഠിക്കുകയാണ് സുകേഷ്. സംഗീതം അജ്ഞാതമായ ഏതോ വഴികളിലൂടെ അവനിലേക്ക്‌ ഇറങ്ങി ചെല്ലുകയാണ്. സുകെഷിന്റെ എല്ലാ ഭാഗ്യവും അവന്റെ അമ്മയാണ്. സ്നേഹവും ക്ഷമയും കൊണ്ട് മകനെ ഇത്രയും വളര്‍ത്തി വലുതാക്കിയ അമ്മയ്ക്കും സുകെഷിനും എന്റെ സ്നേഹം നിറഞ്ഞ ഒരുപാടു ഉമ്മ. 

ഇഷ്ടപ്പെടാഞ്ഞത് : 
മാനസികമായി വളര്‍ച്ചയില്ലാത്ത ഒരു കുട്ടിയെ അച്ഛനും അമ്മയും വെറുക്കുമെന്നാണോ ചാനല്‍ കരുതിയിരിക്കുന്നത് ? സ്വന്തം മകനോ മകളോ ഇങ്ങനെ ഒരു അസുഖം ബാധിച്ചാല്‍ അതൊരു വിഷമമായിരിക്കും. പക്ഷെ അതിനപ്പുറം ആ കുട്ടികള്‍ അച്ഛനമ്മമാരുടെ ഓമനകള്‍ ആണ്. അത്രയും സ്നേഹത്തോട് കൂടി തന്നെയാണ് അവരും  മക്കളെ വളര്‍ത്തുന്നത്. ഒരു ടി വി സീരിയല്‍ കഥയിലെ കണ്ണീര്‍ സീനുകള്‍ പോലെ ആ അമ്മയെ അവതരിപ്പിച്ചത് അവരെ അപമാനിക്കുന്നതിനു തുല്യമാണ്. അതിനൊരു ന്യായീകരണം ചാനല്‍ നിരത്തുന്നുണ്ട്‌. പലരും കത്തെഴുതി ചോദിക്കുന്നുവത്രേ ഓട്ടിസം ബാധിച്ചത് കൊണ്ട് കുട്ടിയെ വളര്‍ത്താന്‍ എന്തൊക്കെ വിഷമതകള്‍ ആണ് ആ അമ്മ അനുഭവിച്ചത് എന്നൊക്കെ. ആ ചോദ്യം ഒട്ടും ദയയില്ലാതെ ചാനല്‍ ആ പാവം അമ്മയോട് ചോദിച്ചു. ഈ ഒരു ചോദ്യം മാത്രമാണ് അവരില്‍ സങ്കടം ഉണ്ടാക്കുന്നതെന്ന് ആ അമ്മ തുറന്നു പറഞ്ഞു. അവരെ കൊണ്ട് അത് പറയിച്ചത് കൊണ്ടോ ആ പാവത്തിനെ കരയിച്ചത് കൊണ്ടോ കത്തയച്ചു എന്ന് പറയുന്ന മാനസിക രോഗികള്‍ക്ക് എന്ത് തേങ്ങാക്കുല ആണ് കിട്ടുന്നതെന്ന് സത്യമായിട്ടും എനിക്ക് മനസ്സിലാവുന്നില്ല. ടി വി സീരിയലുകളിലെ അവിഹിത ബന്ധവും അസംബന്ധ കഥകളും കണ്ടു ജീവിക്കുന്ന തരം താണ പ്രേക്ഷകര്‍ക്ക്‌ മാത്രമേ അതൊക്കെ ആസ്വദിക്കാന്‍ പറ്റൂ. ഇതിനു പകരം ആ മകന്റെ കഴിവ് കണ്ടെടുത്തു ഇത്രയും വലിയ ഒരു വേദി വരെ എത്തിച്ച ആ അമ്മയുടെ പ്രയത്നത്തെ ബഹുമാനിക്കുന്ന രീതിയില്‍ വേണം നമ്മള്‍ പ്രതികരിക്കാന്‍ എന്നാണു എന്റെ വിനീതമായ അഭിപ്രായം. 

7 comments:

 1. കറക്റ്റ് !സഹതാപവചനങ്ങളേക്കാള്‍ എത്ര മഹത്തരമായതാണ്
  ആദരവും,അംഗീകാരവും പ്രകടമാകുന്ന പെരുമാറ്റങ്ങള്‍ !

  ReplyDelete
 2. Fully agree with you. There are such other instances in which an autistic shows exemplary talents. Michael Phelps was once mentioned as a good example.

  The affinity towards other persons tears is increasing day by day, especially in Kerala.
  Soaring viewership to megaserials & programmes like kadhayallithu jeevitham underlines that.
  Nowadays peoplp are more interested in shooting an accident in mobile camera than extending a helping hand.

  ReplyDelete
 3. അഭിപ്രായങ്ങള്‍ക്ക് നന്ദി. എല്ലാവരും പ്രത്യേകിച്ച് അഭിലാഷ് പറഞ്ഞത് വളരെ ശരിയാണ്. മറ്റുള്ളവന്റെ വേദന കണ്ടു ആസ്വദിച്ചു വെറുതെ സമയം കളയുന്ന ഒരു തലമുറയാണ് കേരളത്തില്‍ വളര്‍ന്നു വരുന്നത് എന്നത് പേടിപ്പിക്കുന്ന ഒരു സത്യമാണ്. ഇതില്‍ മാധ്യമങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഇപ്പൊ ഇതു ചാനല്‍ എടുത്താലും വാര്‍ത്തകളിലും വാര്‍ത്താധിഷ്ടിത പരിപാടികളിലും കാണിക്കുന്ന അറപ്പിക്കുന്ന ദൃശ്യങ്ങള്‍. അപകടത്തില്‍ മരിച്ച ഒരാളുടെ വികൃതമായ മൃതദേഹം കാണിക്കുന്ന ഇവര്‍ക്ക് അത് സ്വന്തം കുടുംബത്തില്‍ പെട്ട ഒരാള്‍ക്ക്‌ വരുമ്പോഴേ എല്ലാം മനസ്സിലാവൂ എന്ന് തോന്നുന്നു

  ReplyDelete
 4. "സ്നേഹവും ക്ഷമയും കൊണ്ട് മകനെ ഇത്രയും വളര്‍ത്തി വലുതാക്കിയ അമ്മയ്ക്കും സുകെഷിനും എന്റെ സ്നേഹം നിറഞ്ഞ ഒരുപാടു ഉമ്മ. "

  എന്‍റെയും.

  സ്റ്റാര്‍ സിങ്ങര്‍ കാണാത്തത് കൊണ്ടു ഈ കുട്ടിയെപ്പറ്റി വലിയ വിവരം ഇല്ലായിരുന്നു.എന്നാലും പ്രോഗ്രാമിന്റെ പരസ്യം കാണുമ്പോള്‍ ഈ മുഖം ഞാന്‍ കണ്ടിട്ടുണ്ട്.

  ആ മകനെ ഇത്രയും കൊണ്ടെത്തിച്ച അമ്മക്ക് ഒരിക്കല്‍ കൂടി എന്റെ അഭിനന്ദനം.


  ദുശ്ശാസ്സനന്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു

  ReplyDelete
 5. പ്രോഗ്രാം കാണാൻ കഴിയാറില്ല.ശരിക്കും കണ്ണുനിറഞ്ഞു..ദുശാ...നന്ദി.

  ReplyDelete