2010, ഏപ്രിൽ 19, തിങ്കളാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 12


     അങ്ങനെ ആദ്യ ആലോചന ചീറ്റി. ബൈജു ആകെ നിരാശനായി. പിന്നെയും ആരൊക്കെയോ വിളിച്ചു. കുറച്ചു പെണ്ണുങ്ങളെ ഒക്കെ പോയി കണ്ടു. ചായയും ബിസ്കറ്റും ഒക്കെ കഴിച്ചിട്ട് വന്നു. ബട്ട്‌ ഒന്നും അങ്ങട് ശരിയാവുന്നില്ല. എന്നാല്‍ പിന്നെ ആരെയെങ്കിലും പ്രേമിച്ചാലോ..? ഒരു ദുര്‍ബല നിമിഷത്തില്‍ ബിജുവിന് അങ്ങനെ തോന്നി. ഒരാഴ്ച മുഴുവന്‍ ആലോചിച്ചതിനു ശേഷം ബൈജു ജീവിതത്തിലെ നിര്‍ണായകമായ ആ തീരുമാനം എടുത്തു. ഏതെങ്കിലും ഒരു പെണ്ണിനെ പ്രേമിച്ചിട്ടേ ബാക്കി കാര്യമുള്ളൂ. ഇത്രയും കാലം എന്തായാലും വേസ്റ്റ് ആയി.

     അപ്പൊ ഇനി പ്രേമിക്കാനുള്ള പെണ്ണിനെ കണ്ടു പിടിക്കണം. ബൈജു സീറ്റിലിരുന്നു ചുറ്റിനും നോക്കി. ആദ്യത്തെ ക്യുബിക്കിളില്‍ ഇരിക്കുന്നത് ഒരു ആന്ധ്രാക്കാരി. അവളെ പ്രേമിച്ചാല്‍ വിവരമറിയും. അന്യായ സൈസ് ആണ്. അവളെങ്ങാനും മറിഞ്ഞു ദേഹത്തൂടെ വീണാല്‍ പിന്നെ തറയില്‍ നിന്ന് ഷേവ് ചെയ്തെടുക്കേണ്ടി വരും.അടുത്തതില്‍ ഒരു നോര്‍ത്തി ആണ്. അവളെ മേക്കാന്‍ എന്നെ കൊണ്ട് പറ്റില്ല. വലിയ ചെലവാ... പക്ഷെ അവളെ കണ്ടാല്‍ ഒടുക്കലത്തെ കളര്‍ ആണ്. നല്ല സൗന്ദര്യവും ഉണ്ട്. പക്ഷെ എന്തുണ്ടായാല്‍ എന്താ.. അവള്‍ വാ തുറന്നാല്‍ പോയി. മനുഷ്യന്‍റെ എല്ലാ മൂടും പോവും.
     
     അടുത്ത ക്യുബിക്കിളില്‍ നോക്കിയതും ബൈജുവിന്‍റെ മുഖം വിടര്‍ന്നു. ഒരു മലയാളി സുന്ദരി ആണ് അതില്‍. പേര് ചിന്നു. ബൈജു അവളെ അടിമുടി ഒന്ന് നോക്കി. അവള്‍ എന്തോ കാര്യമായി പണിയെടുത്തു കൊണ്ടിരിക്കുകയാണ്. ജീന്‍സും ബലൂണ്‍ ടോപ്പും ആണ് വേഷം. ഒരു കണ്ണടയും വച്ചിട്ടുണ്ട്. അത് അവള്‍ക്കു ഒന്ന് കൂടി ഭംഗി നല്‍കുന്നു. വാച്ചിന് പിങ്ക് സ്ട്രാപ് ആണ്. കാതില്‍ വളരെ ചെറിയ രണ്ടു കമ്മലുകള്‍. ക്രിസ്ടല്‍ വച്ച ഒരു ചെറിയ മൂക്കുത്തിയും ഉണ്ട് അവള്‍ക്ക്. ആകെ കൂടി ഇന്നത്തെ പ്രഭാതത്തില്‍ വിരിഞ്ഞ ഒരു ആമ്പല്‍ പൂ പോലെ മനോഹരിയായ ചിന്നു. ഇവളെ തന്നെ നോക്കാം.  ബൈജു ഉറപ്പിച്ചു. നാളെ തന്നെ അവളോട്‌ ചോദിക്കാം ഇഷ്ടമാണോ എന്ന്. അടുത്ത ദിവസം ബൈജു ബാത്ത് റൂമില്‍ കയറി നിന്ന് ഒരു മണിക്കൂര്‍ പ്രാക്ടീസ് ചെയ്തു. 'ചിന്നു. ഒരു കാര്യം ചോദിക്കാനുണ്ട്. എന്നെ തെറി പറയരുത്. എനിക്ക് പറയാനുള്ളത് കേട്ടിട്ട് മറുപടി പറയണം.' എന്നൊക്കെ ബൈജു പറഞ്ഞു നോക്കി. ഹേ. ഇതൊരു രസമില്ല. ഗോഡ് ഫാദര്‍ ഇല്‍ മുകേഷ് പറയുന്ന പോലെ. മാലൂ.. ഇന്നലെ ഞാന്‍ ഉറങ്ങിയില്ല ... അങ്ങനെ തുടങ്ങിയാലോ.. വേണ്ട. രാവിലെ തൊട്ടു ചിന്നുവിന്‍റെ അടുത്തൊക്കെ ചുറ്റി പറ്റി നടന്നെങ്കിലും ബൈജുവിന് അത് ചോദിക്കാനുള്ള ധൈര്യം വന്നില്ല. അങ്ങനെ ഒരാഴ്ച കടന്നു പോയി.

     അങ്ങനെ ഒരു ബുധനാഴ്ച വന്നെത്തി. ബൈജു രാവിലെ തന്നെ ഓഫീസില്‍ ചെന്നപ്പോ ചിന്നു സീറ്റിലുണ്ട്. ബൈജു ലോഗിന്‍ ചെയ്തതിനു ശേഷം അവളുടെ അടുത്തേക്ക് ചെന്നു. 'ഹായ് ബൈജു.. എന്തൊക്കെ ഉണ്ട് ?' എന്ന് അവള്‍ ചോദിച്ചു. 'ഒന്നുമില്ല. സുഖം' എന്ന് ബൈജു മറുപടി പറഞ്ഞു. ഹോ. ഇവളോട്‌ എങ്ങനെ ചോദിക്കും ? അവള്‍ ഞാന്‍ ഒരു മാന്യന്‍ ആണെന്ന് കരുതി ആണ് ഇങ്ങനെ സുഖ വിവരം ഒക്കെ ചോദിക്കുന്നത്. ഇനി ഇത് ചോദിച്ചു കുളമാകുമോ.. ടെന്‍ഷന്‍ ആയി. 'ചിന്നു..എനിക്കൊരു കാര്യം പറയാനുണ്ട്‌.' ബൈജു മടിച്ചു മടിച്ചു പറഞ്ഞു. 'എന്താ ? ' അവള്‍ . 'ഒന്നുമില്ല. നമ്മള്‍ തമ്മില്‍ എന്തോ ഉണ്ടെന്നു ഒരു സംശയം' ബൈജു പറഞ്ഞു. 'അങ്ങനെ ആര് പറഞ്ഞു ? ' അവള്‍ സീറ്റില്‍ നിന്ന് എഴുനേറ്റു. 'അല്ല . എനിക്ക് തന്നെ തോന്നിയതാ.' ബൈജു പേടിച്ചു പേടിച്ചു പറഞ്ഞു. ഒന്ന് അകന്നു നിന്നേക്കാം. അവളെങ്ങാനും ചെരുപ്പ് ഊരിയാലോ. എന്നാല്‍ ആ മറുപടി കേട്ട് അവളുടെ മുഖത്ത് ചുവപ്പ് പടര്‍ന്നു. ചെറിയ ഒരു നാണത്തോടെ അവള്‍ മുഖം കുനിച്ചു. അത് കണ്ടപ്പോ ബൈജുവിന് ധൈര്യം ആയി. ' എനിക്ക് ചിന്നുനോട് ഇഷ്ടമാണെന്ന് ഒരു തോന്നല്‍. ചിന്നുവിന് എന്നെ ഇഷ്ടമാണോ ? ' എന്ന് ബൈജു തുറന്നു ചോദിച്ചു.അവള്‍ ഒന്നും മിണ്ടുന്നില്ല. ഈശ്വരാ. അവള്‍ എന്താ ഒന്നും മിണ്ടാത്തത് ? പണ്ടാരം .. ആ ആന്ധ്രാക്കാരി വരുന്നുണ്ട്. കുന്തം . ചിന്നു അതോടെ വീണ്ടും സീറ്റില്‍ ഇരുന്നു.
     പട പടാ ഇടിക്കുന്ന ഹൃദയത്തോടെ ബൈജു സീറ്റില്‍ പോയിരുന്നു. ഒന്നും ചെയ്യാന്‍ തോന്നുന്നില്ല. അവളുടെ മറുപടി എന്താന്ന് അറിയാനും വയ്യ. വേണ്ടായിരുന്നു. ഇനി അവള്‍ക്കു ഇഷ്ടമല്ലെങ്കില്‍ എന്ത് ചെയ്യും . ഉച്ചക്ക് ഉണ്ണാന്‍ ഇറങ്ങിയപ്പോ ബൈജു അവളെ ഒന്ന് നോക്കി. അവള്‍ ബിജുവിനെ നോക്കുന്നുണ്ടായിരുന്നു. സംഗതി പാളി എന്നാ തോന്നുന്നത്. വൈകിട്ട് പോയി അവളോട്‌ മാപ്പ് പറയാം. ഒരുവിധത്തില്‍ വൈകിട്ട് ആയി. എല്ലാവരും പോയി. ചിന്നു കാര്യമായി എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഇവള്‍ വീട്ടില്‍ പോണില്ലേ ?
ബൈജു എഴുതിയ കോഡ് തന്നെ തൂത്തും തുടച്ചും അവിടെ ഇരുന്നു. ഇവള്‍ ഇറങ്ങുമ്പോ ഒപ്പം പോവാം. അവളും ഇവിടെ അടുത്തെവിടോ ആണ് താമസം. അതാ അവള്‍ ഷട്ട് ഡൌണ്‍ ചെയ്യുന്ന ശബ്ദം. ബൈജുവും ടപെന്നു മെഷീന്‍ ഓഫ്‌ ചെയ്തു. അവള്‍ ഇറങ്ങുകാ. 'ചിന്നു.. ഒരു സെക്കന്റ്‌' എന്ന് ബൈജു പറഞ്ഞു. 'സോറി . ഞാന്‍ വെറുതെ പറഞ്ഞുന്നെ ഉള്ളു. കാര്യമാക്കണ്ട. അത് മറന്നേക്കു' എന്ന് ബൈജു പറഞ്ഞു. അത് കേട്ടതും അവളുടെ മുഖം വാടി. 'ബൈജു ഇവിടുള്ള മറ്റു പയ്യന്മാരെ പോലല്ല എന്നാ ഞാന്‍ കരുതിയത്‌. അപ്പൊ ബൈജുവും അവരെ പോലെ വെറുതെ ലൈന്‍ അടിക്കാന്‍ ആണ് ശ്രമം അല്ലെ ? മോശമായിപോയി. ഇനി സോറി പറഞ്ഞു കൂടുതല്‍ പ്രകടനം ഒന്നും വേണ്ട. ഞാന്‍ ഇതൊക്കെ ഇവിടെ പലരും പലരോടും പ്രയോഗിക്കുന്നതും ഒക്കെ കണ്ടിട്ടുണ്ട്. ഇനി എന്നോട് മിണ്ടാനും വരണ്ട. ബൈജുവിന് നില്‍ക്കുന്ന ഇടം കുഴിഞ്ഞു പോകുന്നത് പോലെ തോന്നി. വെളുക്കുന്ന വരെ വെള്ളം കോരിയിട്ടു അവസാനം കുടം കൊണ്ടിട്ടുടച്ചല്ലോ ഈശ്വരാ... ആകെ തകര്‍ന്ന ബൈജു ചിന്നു നടന്നു നീങ്ങുന്നതും നോക്കി നിര്‍നിമേഷനായി നിന്നു.
( തുടരും ) കഴിഞ്ഞ ഭാഗം 





3 അഭിപ്രായങ്ങൾ:

  1. ഏയ് അതു സാരല്യ, ചിന്നുവിനോട് കാര്യം ശരിക്കു പറഞ്ഞാല്‍ പോരേ? പേടിച്ചിട്ടാണെന്നു്.

    മറുപടിഇല്ലാതാക്കൂ
  2. നമ്മുക് ഒരു ചിന്നു പെറ്റിഷന്‍ കൊടുകാം. എല്ലാ ബ്ലോഗര്‍മാരും, ഓരോ മെയില്‍ ചിന്നു കുട്ടിയ്ക്ക് ഇത്രയം വേഗം അയക്കുക - എന്തെ ? പോരെ ? ;)

    മറുപടിഇല്ലാതാക്കൂ