Monday, December 26, 2011

ബാക്കിയുള്ളവന്റെ ന്യൂ ഇയര്‍ എങ്ങനെ കുളമാക്കാം - ഒരു ഗൈഡ്


     നിങ്ങള്‍ എല്ലാവരും ഇപ്പൊ ക്രിസ്തുമസ് ഒക്കെ ആഘോഷിച്ചു ക്ഷീണിച്ചിരിക്കുകയായിരിക്കും അല്ലേ. ഇപ്പൊ ഇനി ന്യൂ ഇയര്‍ വരികയാണല്ലോ. എങ്ങനെ ആഘോഷിക്കണം എന്നൊക്കെയുള്ള ചിന്തകള്‍ ആയിരിക്കും എല്ലാവര്‍ക്കും. കഴിഞ്ഞ ന്യൂ ഇയര്‍ പോലെ ആവരുത് . അതിനെക്കാള്‍ ഗംഭീരം ആക്കണം , പക്ഷെ എങ്ങനെ എന്നൊക്കെ ചിന്തിച്ചു വശായി ഇരിക്കുന്നവര്‍ക്ക് ഇതാ ഒരു ഗൈഡ്. വേറൊന്നുമല്ല. ന്യൂ ഇയര്‍ ആഘോഷിക്കുന്നവന് എങ്ങനെ എട്ടിന്റെ പണി കൊടുക്കാം എന്ന്. വമ്പിച്ച ഗവേഷണം നടത്തി കണ്ടു പിടിച്ച ചില സംഗതികള്‍ ഇതാ നിങ്ങള്‍ക്കായി.
ഈ കര്‍മങ്ങളൊക്കെ ന്യൂ ഇയര്‍ തലേന്ന്  ഒരു പതിനൊന്നര മണിക്ക് വേണം പ്രയോഗിക്കാന്‍. 

അസൂയോ തെറാപ്പി - 
     ചില വേന്ദ്രന്മാരോക്കെ ഭാര്യയെ പേടിച്ചു വീട്ടിലിരുന്നു ന്യൂ ഇയര്‍ ആഘോഷിക്കും. എന്നിട്ട് എല്ലാവരോടും വിളിച്ചു പറയും. ഞാന്‍ ഒരു സ്നേഹ സമ്പന്നനായ ഭര്‍ത്താവാണെഡാ .. വെള്ളമടിക്കൊന്നും എന്നെ കിട്ടില്ല. എന്റെ ഭാര്യയോടോപ്പമാണ് ഇത്തവണ ന്യൂ ഇയര്‍ എന്നൊക്കെ. അവരോടു എന്ത് ചെയ്യണം എന്നറിയാമോ. അവരെ വിളിക്കുക. എന്നിട്ട് പറയണം. നിങ്ങള്‍ കൂട്ടുകാരുമായി ന്യൂ ഇയര്‍ ആഘോഷം തുടങ്ങുകയാണ് എന്ന്. എന്നിട്ട് സോഡാ ഗ്ലാസ്സില്‍ ഒഴിക്കുന്ന ശബ്ദം ഫോണില്‍ കൂടി കേള്‍പ്പിച്ചു കൊടുക്കണം. എന്നിട്ടും അങ്ങേ തലക്കലുള്ളവന്‍ പതറിയില്ലെങ്കില്‍ വാളു വയ്ക്കുന്ന ശബ്ദം, ചിക്കന്‍ കടിച്ചു പറിക്കുന്ന ശബ്ദം, സോഡാ പതഞ്ഞു പൊങ്ങുന്ന ശബ്ദം മുതലായവ കേള്‍പ്പിക്കാവുന്നതാണ്. മേമ്പൊടിയ്ക്ക് അല്ലിയാമ്പല്‍ കടവിലിന്നരയ്ക്ക് വെള്ളം, കായാമ്പൂ കണ്ണില്‍ വിടരും, അറ്റ കൈയ്ക്ക് മുക്കാല മുക്കബല വരെ പാടുന്നത് ബാക്ഗ്രൌണ്ടില്‍ പ്രയോഗിക്കാവുന്നതാണ്. ഇതിനെ അസൂയോ തെറാപ്പി എന്ന് ഭിഷഗ്വരന്മാര്‍ വിളിക്കും 

വിരഹോ തെറാപ്പി -
     ഇനി അടുത്തത്. കാമുകി അടുത്തില്ലാത്ത വിരഹ ദുഃഖത്തില്‍ കഴിയുന്ന ചില കാമുക ശിരോമണികള്‍ ഉണ്ട്. അവരുടെ അടുത്ത് ചെല്ലണം. എന്നിട്ട് ഒരു പതിനൊന്നു മണി മുതല്‍ അവളെ പറ്റി അവനെ ഓര്‍മിപ്പിക്കണം. അവന്റെ കാമുകിയെ പറ്റി തന്നെ സംസാരിക്കണം. അവള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ നിങ്ങളുടേത് എത്ര റൊമാന്റിക്‌ ന്യൂ ഇയര്‍ ആയേനെ , കഷ്ടമായിപ്പോയി, എന്നാലും നിന്റെ കഴിവ് കേടാ. നേരത്തെ തന്നെ ഇതൊക്കെ പ്ലാന്‍ ചെയ്യണ്ടേ എന്നൊക്കെ പറഞ്ഞു കുത്തി കുത്തി സംസാരിക്കണം ( ഇങ്ങനെ സംസാരിച്ചു ഓവര്‍ ആയാല്‍ അവന്‍ വല്ലതും എടുത്തു നിങ്ങളുടെ കുണ്ടിക്കിട്ടു കുത്തും. അതിനു നോം ഉത്തരവാദി അല്ല ട്ടാ ). നേരത്തെ പറഞ്ഞ പോലെ ചില വിരഹ ഗാനങ്ങള്‍ ചാമ്പി കൊടുക്കാന്‍ മറക്കണ്ട. മൊബൈല്‍ സ്പീക്കര്‍ ഓണ്‍ ചെയ്തു വച്ചിട്ട് അതില്‍ കൂടി കേള്‍പ്പിച്ചാലും മതി.  ഒടുവില്‍ ശരിയാണെടാ.. ഞാന്‍ ഒരു വിഡ്ഢി ആണെടാ എന്നൊക്കെ പറഞ്ഞു അവന്‍ കരയുന്നത് കണ്ടാല്‍ ഉണ്ടന്‍ സ്ഥലം വിട്ടോണം. കാരണം നിങ്ങളുടെ ഉദ്ദേശം സാധിച്ചുവല്ലോ. ഇനി ശവത്തില്‍ കുത്താന്‍ പാടില്ല. ഇത് കാമുകിമാരോട് കൂട്ടുകാരികള്‍ക്കും പ്രയോഗിക്കാവുന്നതാണ്. ഒരു വ്യത്യാസം മാത്രം. സെന്റി കുറച്ചു കൂടുതല്‍ ഇടേണ്ടി വരും. 

     ഇനി കാമുകി അടുത്തുള്ളവരെ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണം എന്ന് നോക്കാം. മാജിക്കുകാര്‍ പറയുന്നത് പോലെ ഇത് ചെയ്യാന്‍ നിങ്ങള്‍ക്ക് ഒരു കൂട്ടുകാരന്റെയോ കൂട്ടുകാരിയുടെയോ സഹായം ആവശ്യമുണ്ട്. നിങ്ങളുടെ ശത്രു കാമുകിയുമൊത്ത് ആഘോഷത്തില്‍ ഇരിക്കുമ്പോള്‍ കൂട്ടുകാരിയെ കൊണ്ട് അവന്റെ ഫോണിലേക്ക് വിളിപ്പിക്കണം. ആദ്യം എന്തെങ്കിലും പറഞ്ഞു അവനെ കൊണ്ട് ഫോണ്‍ കട്ട്‌ ചെയ്യിക്കണം. പക്ഷെ തുടര്‍ന്നും വിളിക്കുക. എന്നിട്ട് ഒടുവില്‍ അവന്റെ കാമുകി സഹി കേട്ട് ആരാ എന്ന് നോക്കും. അപ്പൊ പറയണം.. ചേട്ടാ.ഇന്ന് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ വരാം എന്ന് പറഞ്ഞിട്ട് എവിടെയാ എന്ന് .. ' ക്ലീന്‍. അതോടെ അവന്റെ ന്യൂ യിയറിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും 

കുപ്പി പോട്ടിനോ തെറാപ്പി -
    ചിലവന്മാര്‍ ഉണ്ട്. പുതു വര്‍ഷ രാവിനു ഒരു മാസം മുമ്പേ കുപ്പി വാങ്ങി റെഡി ആയി ഇരിക്കുന്നവര്‍. അങ്ങനെയുള്ളവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുക. എന്നിട്ട് തലേ ദിവസം രാത്രി പ്ലാനില്‍ ആഘോഷം ഒക്കെ തുടങ്ങിയോ എന്നറിയാന്‍ എന്ന വ്യാജേന അവരുടെ വീട്ടില്‍ ചെല്ലുക. എന്നിട്ട് അബദ്ധത്തില്‍ എന്ന പോലെ ആ കുപ്പി വെറുതെ തള്ളി പൊട്ടിച്ചു കളയുക. ഒരു കാര്യം ഓര്‍ക്കുക. ഇത് പൊട്ടിയാല്‍ ഉടന്‍ സ്ഥലം വിട്ടോണം. അല്ലെങ്കില്‍ അവന്മാര്‍ നിങ്ങളുടെ കഥ കഴിക്കും. ഒരു കാര്യം കൂടി. എല്ലാ ബാറും അടച്ചു എന്ന് ഉറപ്പു വരുത്തിയിട്ട് വേണം കുപ്പി പൊട്ടിക്കാന്‍. വേറെ ഒരു സ്ഥലത്ത് നിന്നും സാധനം കിട്ടരുത്. അല്ലെങ്കില്‍ പണി പാളും


ഫസ്റ്റ് നയിറ്റോ തെറാപ്പി     
    കല്യാണം കഴിഞ്ഞുള്ള ആദ്യ ന്യൂ ഇയര്‍ ആഘോഷിക്കുന്നവനെ ഒതുക്കാന്‍ ഇതാ ഒരു വഴി. തലേ ദിവസം രാത്രി പതിനൊന്നര മുതല്‍ പല ഫോണുകളില്‍ നിന്ന് അവനെ വിളിക്കുക. എന്നിട്ട് എന്തെങ്കിലും അസംബന്ധം ചോദിക്കുക. ചില സാമ്പിള്‍സ് താഴെ..

ഹലോ ... ദൂരദര്‍ശന്‍ കേന്ദ്രമല്ലേ.. ശ്യാമ മേഘമേ നീ.. യദുകുല ... ആ പാട്ട് പാടിയ ....
ഫയര്‍ ഓഫീസ് അല്ലേ.. ഇവിടെ അടുപ്പേല്‍ തീ പിടിച്ചു സാറേ.. വേഗം വായോ.
ബസ്‌ സ്റ്റോപ്പില്‍ നിന്നാല്‍ ബസ്‌ വരും. പക്ഷെ ഫുള്‍ സ്റ്റോപ്പില്‍ നിന്നാല്‍ ഫുള്ള് വരുമോ സാറേ ?
സ്വിച്ച് ഇട്ടാല്‍ ലൈറ്റ് കത്തും. പക്ഷെ ലൈറ്റ് ഇട്ടാല്‍ സ്വിച് കത്തുമോ 

അപ്പോഴേക്കും മിക്കവാറും അവന്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്യും. അതുകൊണ്ട് അവന്റെ എല്ലാ നമ്പരുകളും ആദ്യം തന്നെ സംഘടിപ്പിച്ചു വച്ചിരിക്കണം. എന്നിട്ട് അതേല്‍ മാറി മാറി വിളിക്കണം. 


     ബാക്കിയെല്ലാം നിങ്ങളുടെ ഭാവനക്ക് വിടുന്നു. എന്റെ ദുഷ്ടബുദ്ധിയില്‍ ഇത്രയൊക്കെയേ വരുന്നുള്ളൂ. നിങ്ങളും പുതിയ പോയിന്റ്സ് തന്നു ബാക്കിയുള്ളവരെ സഹായിക്കൂ.. പ്ലീസ്  !!

11 comments:

 1. പന്ന പൊ..പൊ..പൊന്നുമോനേ..നിന്റെ നമ്പര്‍ താടാ..
  ബാക്കി പ്രയോഗങ്ങള്‍ നേരിട്ടു നടത്താം.

  ReplyDelete
 2. സാമദ്രോഹീ ......
  അണ്ണന്റെ നമ്പര്‍ താ .....
  എന്റെ സ്വയം ഭാവന സംഭാവന ചെയ്യാനാ...

  പിന്നെ നമ്മുടെ ബൈജുനും ചിന്നുനും ക്രിസ്തുമസും പുതുവത്സരവും ഒന്നുമില്ലേ ??

  എന്തായാലും എന്റെ പുതുവത്സര ആശംസകള്‍ ....

  ReplyDelete
 3. മകനേ ചാര്‍ളീ .. ഈ തെറി വിളി കണ്ടപ്പോഴാണ് ഓര്‍ത്തത്‌.. ചാര്‍ലീടെ നമ്പര്‍ താ. നിങ്ങേടെ ന്യൂ ഇയര്‍ നമ്മ കൊളമാക്കി തരാം ട്ടാ :)

  ഗിച്ചൂ : ബൈജു ആന്‍ഡ്‌ ചിന്നു വരുന്നുണ്ട്. പുതിയ ചില പാഠങ്ങള്‍ പഠിക്കാനും ചിലത് പഠിപ്പിക്കാനും .. ഹി ഹി

  ReplyDelete
 4. ഇത് കേള്‍ക്കാന്‍ തുടങ്ങിട്ട് കുറച്ചായി വേഗമാട്ടെ .....

  ReplyDelete
 5. ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,"ദുഷ്ടബുദ്ധി മാറ്റി സത്ബുദ്ധി
  കൊടുക്കണമേ" എന്ന്.
  ഐശ്വര്യവും,സമൃദ്ധിയും,സമാധാനവും,സന്തോഷവും
  നിറഞ്ഞ പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട്,
  സി.വി.തങ്കപ്പന്‍

  ReplyDelete
 6. ഗോളളാം...ഗോളളാം

  ReplyDelete
 7. വളരെ ഇഷ്ടമായി ഈ അലമ്പ് ഐഡിയകള്‍

  ReplyDelete
 8. വെറുതെ അല്ല പാണ്ഡവര്‍ തല്ലി കൊന്നത്. ഭീമന്റെ ന്യൂ ഇയര്‍ കുളമാക്കിയിട്ടുണ്ടാവും

  ReplyDelete
 9. പണി നമുക്കും തിരിച്ചു വരും

  ReplyDelete