2011, ഡിസംബർ 9, വെള്ളിയാഴ്‌ച

ഒരു രൂപയും സംസ്കാരവും - ചില ചോദ്യങ്ങള്‍

 

       എന്റെ ഓഫീസ് വീട്ടില്‍ നിന്നും ഒരു ഇരുപതു കിലോമീറ്റര്‍ അകലെയാണ്. ഒരു ഹള്ളി ഏരിയയിലൂടെ യാത്ര ചെയ്താണ് അവിടെയെത്തെണ്ടത്. ബസ്സില്‍ നിറയെ ഗ്രാമീണര്‍ ആയിരിക്കും. ഇടയ്ക്ക് കുറച്ചു ടെക്കികളും. ഗ്രാമീണര്‍ വെറും കയ്യോടെയല്ല. കുറെ കുട്ടയും വട്ടിയും ഒക്കെയായിട്ടായിരിക്കും അവര്‍ കയറുക. അത് കാണുമ്പോള്‍ ടെക്കികള്‍ അതില്‍ തൊടാതെ ഒഴിഞ്ഞു നില്‍ക്കും. ദേഹത്തൊക്കെ അഴുക്കായാലോ എന്ന് പേടിച്ചിട്ടു. അത് കണ്ടു പാവങ്ങള്‍ ഈ ടെക്കികളെ ബഹുമാനത്തോടെ നോക്കി ഒരു മൂലയ്ക്ക് ഒഴിഞ്ഞുകൊടുക്കും. അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ ഓഫീസിലേക്ക് പോവുകയായിരുന്നു. എന്റെ സീറ്റില്‍ അടുത്തായി ഒരു അപ്പൂപ്പന്‍ വന്നിരുന്നു. കയ്യില്‍ ഒന്ന് രണ്ടു പ്ലാസ്റ്റിക്‌ കവറുകളില്‍ എന്തൊക്കെയോ താങ്ങി പിടിച്ചാണ് ഇരിക്കുന്നത്. വളരെ ക്ഷീണിച്ച ഒരു മുഖം. പഴയതെങ്കിലും വൃത്തിയുള്ള ഷര്‍ട്ടും പാന്റ്സും ആണ് വേഷം. പണ്ടേതോ നല്ല ജോലി ചെയ്തിരുന്ന ആളാവും. പുള്ളി ഒന്‍പതു രൂപയുടെ ഒരു ടിക്കറ്റ്‌ എടുത്തു. ബാക്കി ഒരു രൂപ പിന്നെ തരാം എന്ന് പറഞ്ഞു കണ്ടക്ടര്‍ പോയി. അതോടെ അദ്ദേഹത്തിന്റെ മുഖം ആകെ മാറി. തിരക്കുള്ള ബസ്സില്‍ കണ്ടക്ടര്‍ മുന്നിലെത്തിയിരുന്നു അപ്പൊ. ഇദ്ദേഹം അങ്ങേരെ തിരികെ വിളിച്ചു. എവിടെ എന്റെ ഒരു രൂപ എന്ന് ചോദിച്ചു   കുറെ നേരത്തേയ്ക്ക് ആകെ ബഹളമായിരുന്നു. ഒടുവില്‍ കണ്ടക്ടര്‍ ദേഷ്യം വന്നിട്ട്  ഒരു രൂപ എടുത്തു ആ അപ്പൂപ്പന്റെ മടിയിലേക്ക്‌ എറിഞ്ഞു കൊടുത്തു. അതോടെ ബഹളം ഒന്നടങ്ങി. എന്റെ അടുത്താണല്ലോ കക്ഷി ഇരിക്കുന്നത്. ഇടയ്ക്ക് ഞാന്‍ ഒളികണ്ണിട്ടു അദ്ദേഹത്തെ നോക്കി. ആ മുഖത്ത് ഒരു ആശ്വാസം കാണുന്നുണ്ട്. ഞാന്‍ എന്തോ ചോദിക്കാന്‍ തുടങ്ങിയെങ്കിലും പിന്നെ വേണ്ട എന്ന് വച്ചു.

    സ്റ്റോപ്പ്‌ എത്തി. എന്റെ ഒപ്പം ജോലി ചെയ്യുന്ന ലക്ഷ്മിയും അതേ ബസ്സില്‍ ഉണ്ടായിരുന്നു. ബസ്സില്‍ നിന്നിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോള്‍ അവള്‍ ചോദിച്ചു ബസ്സില്‍ എന്തായിരുന്നു ബഹളം എന്ന്.
ഞാന്‍ പറഞ്ഞു ഒരു അപ്പൂപ്പന്‍ ഒരു രൂപ ബാക്കി കിട്ടാന്‍ വേണ്ടി അടി വച്ചതായിരുന്നു എന്ന്. അത് കേട്ടിട്ട് അവള്‍ പറഞ്ഞു ഇവിടത്തെ ലോക്കല്‍സ് ഒക്കെ വെറും തറയാണ്‌. സംസ്കാരമില്ലാത്തവര്‍ ആണെന്നൊക്കെ. അല്ലെങ്കില്‍ ആരെങ്കിലും ഒരു രൂപയ്ക്ക് വേണ്ടി ഇങ്ങനെ തല്ലു പിടിക്കുമോ എന്നൊക്കെ. കേട്ടിരുന്ന എനിക്കും അത് ശരിയാണെന്ന് തോന്നി. അവരെയൊക്കെ തെറി പറഞ്ഞു കൊണ്ട് നമ്മള്‍ ഓഫീസിലേക്ക് നടന്നു. അന്ന് വൈകിട്ട് ഞാന്‍ തിരികെ വീട്ടിലേക്കു പോകാന്‍ വേണ്ടി ഒരു ബസ്സില്‍ കയറിയപ്പോ അതേ അപ്പൂപ്പന്‍. എന്തായാലും അങ്ങേരെ ഒന്ന് ഉപദേശിക്കണം. ഒന്നുമല്ലെങ്കിലും പ്രായമായ മനുഷ്യനല്ലേ. ആരെങ്കിലും തിരിച്ചു തല്ലിയാല്‍ അത് കൊള്ളാനുള്ള ആരോഗ്യം പോലുമില്ല അങ്ങേര്‍ക്ക്. എന്തിനാണ് അങ്കിള്‍ രാവിലെ ബസ്സില്‍ ബഹളം വച്ചത്. വെറും ഒരു രൂപയുടെ പ്രശ്നമല്ലേ ഉണ്ടായിരുന്നുള്ളൂ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എന്നെ അമ്പരപ്പിച്ചു കൊണ്ട് പുള്ളി ഒന്ന് ചിരിച്ചു.എന്നിട്ട് പറഞ്ഞു. അദ്ദേഹം തന്റെ മകളുടെ വീട്ടില്‍ പോയിട്ട് വരികയാണ്. നാല് മക്കള്‍ ഉണ്ടെങ്കിലും ആരും അദ്ദേഹത്തെ നോക്കുന്നില്ല. ഇടയ്ക്  ഏതെങ്കിലും മക്കളുടെ വീട്ടില്‍ പോയി വിഷമങ്ങള്‍ പറയും. അപ്പൊ അവര്‍ നൂറോ ഇരുനൂറോ രൂപ കൊടുക്കും. രാവിലെ രണ്ടു ബസ്‌ കയറിയാണ് അദ്ദേഹം പോയത്. അടുത്ത ബസ്സില്‍ കൊടുക്കാനുള്ള വണ്ടിക്കൂലിയും ചേര്‍ത്തുള്ള പൈസ മാത്രമേ അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നുള്ളൂ. കണ്ടക്ടര്‍ ഒരു രൂപ തന്നില്ലെങ്കിലോ മറന്നു പോയാലോ അടുത്ത ബസ്സില്‍ ടിക്കറ്റ്‌ എടുക്കാന്‍ പറ്റില്ല. നാലു കിലോമീറ്റര്‍ നടന്നു പോകേണ്ടി വരും. അതുകൊണ്ട് അപ്പൊ തന്റെ നിയന്ത്രണം വിട്ടു പോയതാണെന്ന് ആ അപ്പൂപ്പന്‍ സമ്മതിച്ചു.

    അദ്ദേഹത്തിന്റെ വാക്കുകള്‍ എന്റെ പിടിച്ചുലച്ചു. രാവിലെ ആ വഴക്ക് കണ്ടിട്ട് ലക്ഷ്മിയും ഞാനും ചര്‍ച്ച ചെയ്തതാണ്. ഇവര്‍ക്കൊന്നും സംസ്കാരം ഇല്ലേ എന്നൊക്കെ. ഇപ്പൊ എനിക്ക് തോന്നുന്നു. എന്താണ് ഈ സംസ്കാരത്തോടെയുള്ള പെരുമാറ്റം എന്ന് പറഞ്ഞാല്‍. നമ്മള്‍ ഒരു കംഫര്‍ട്ട് സോണില്‍ എത്തിയാല്‍ മാത്രം  കാണിക്കുന്ന ചില നാട്യങ്ങളല്ലേ എല്ലാം ? പട്ടിണി കിടന്നിരുന്ന ഒരാളെ നമ്മള്‍ വിളിച്ചു കൊണ്ട് പോയി ആഹാരം വാങ്ങി കൊടുത്തു നോക്കിയാലറിയാം. അയാള്‍ ഒരു തീന്മേശ മര്യാദകളും നോക്കാതെ വലിച്ചു വാരി ആര്‍ത്തിയോടെ ആഹാരം കഴിക്കുന്നത്‌. ഓഫീസില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ ഓഫീസില്‍ ഫുഡ്‌ കോര്‍ട്ടില്‍ ഇഡ്ഡലി കൈ കൊണ്ട് എടുത്തു കഴിച്ചു കൊണ്ടിരുന്ന എന്നെ എതിരെ ഇരുന്ന ചില പിള്ളേര്‍ തുറിച്ചു നോക്കിയത്. സ്പൂണ്‍ എടുത്തു മുറിച്ചു അത് കൊണ്ട് തന്നെ സാമ്പാറില്‍ മുക്കി വേണമത്രേ കഴിക്കാന്‍.
ശില്പ ഷെട്ടി പണ്ട് പറഞ്ഞ പോലെ കൈ കൊണ്ട് തൊടാന്‍ കഴിയാത്ത ഒരു സാധനം നമ്മള്‍ എങ്ങനെ സ്പൂണ്‍ കൊണ്ട് കഴിക്കും എന്ന് ഞാന്‍ ഓര്‍ത്തു. പിന്നെ പലരെയും കണ്ടിട്ടുണ്ട്. കൈ തുടയ്ക്കാന്‍ ടിഷ്യൂ ഇല്ലാത്തതിന് ദേഷ്യപ്പെടുന്നവര്‍, പുറത്തു നടക്കുമ്പോള്‍ സ്വന്തം സഹ ജീവികളെ വെറുപ്പോടെ നോക്കുന്നവര്‍, ഒരു അകലത്തില്‍ മാറി നില്‍ക്കുന്നവര്‍. അങ്ങനെ അങ്ങനെ. ഇവരുടെയൊക്കെ പെരുമാറ്റം എല്ലാ സാഹചര്യത്തിലും ഇങ്ങനെ തന്നെ ആയിരിക്കുമോ  ? ആ ഒരു രൂപ നാണയം ഇപ്പോഴും എന്നോട് ഇതൊക്കെ ചോദിക്കുന്നു. നിങ്ങള്‍ക്കെന്തു തോന്നുന്നു ? 

11 അഭിപ്രായങ്ങൾ:

  1. നമ്മള്‍ ആദ്യം ഒരു കംഫര്‍ട്ട് സോണില്‍ എത്തിയാല്‍ മാത്രം നമ്മള്‍ കാണിക്കുന്ന ചില നാട്യങ്ങളല്ലേ എല്ലാം ?
    എത്ര സത്യം.

    മറുപടിഇല്ലാതാക്കൂ
  2. ഇത് വായിച്ച് ഞാന്‍ അല്‍പ നേരം നിശബ്ദനായി. നമ്മള്‍ പിശുക്കന്മാര്‍ എന്ന് പുച്ഛത്തില്‍ നോക്കും. എത്രയോ തവണ കണ്ടിരിക്കുന്നു. താങ്കള്‍ നല്‍കിയ പാഠത്തിനു നന്ദി.
    എഴുത്ത് അസ്സലായി എന്ന് ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ?

    മറുപടിഇല്ലാതാക്കൂ
  3. തീര്‍ച്ചയായും!സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്
    സംസ്കാരത്തിന്റെ രൂപവും ഭാവവും
    മാറികൊണ്ടിരിക്കുന്നു!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം .നന്നായി എഴുതി .SE എവിടെ

    മറുപടിഇല്ലാതാക്കൂ
  5. പണത്തിന്‌ വിലയില്ല. വസുതുക്കൾക്കും സേവനങ്ങൾക്കുമാണ്‌ മൂല്യമെന്ന് നാം മനസ്സിലാക്കണം. ഇതാണ്‌ യഥാർത്ഥ സാമ്പത്തികശാസ്ത്രം.


    പിന്നെ, നന്നായി എഴുതിയിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  6. സംസ്കാരം ഓരോയിടത്തും ഓരോന്നാണ് ,കൈ കൊണ്ട് ആഹാരം കഴിച്ചതിനെ കളിയാക്കിയ സയ്യിപ്പിനോട് നമ്പൂതിരി പറഞ്ഞത് ഓര്‍മ്മ വരുന്നു "ഞാനെന്റെ വായില്‍ മാത്രം ഇട്ട കൈ കൊണ്ട കഴിക്കുന്നത്‌ ,നിങ്ങള്‍ നാടുകാരുടെ മുഴുവന്‍ വായിലിട്ട സ്പൂണ്‍ കൊണ്ടും "

    മറുപടിഇല്ലാതാക്കൂ
  7. ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടാനാവാതെ ഇരുന്നു പോയി. ചിന്തിക്കാൻ മെനക്കെടാത്റ്റ് ഒരു വിഷയം അതിന്റെ തീവ്രതയോടെ പറഞ്ഞു..

    മറുപടിഇല്ലാതാക്കൂ
  8. എഴുതിയത് പൂർണ്ണമായും ശരിയാണ്.
    സ്വന്തത്തേ മാത്രം കാര്യമായെടുക്കുന്ന സ്വന്തം വിചാരങ്ങളും സങ്കല്പങ്ങളും അബദ്ധങ്ങളും ഗമയും മാത്രം കാര്യമായി എടുക്കുന്ന മറ്റു ജീവജാലങ്ങളേയും ജീവനില്ലാത്ത ജാലങ്ങളേയും ഒന്നും തെല്ലും പരിഗണിയ്ക്കാത്ത അപൂർവ ജന്തുക്കളാകുന്നു മനുഷ്യരിൽ അധികവും.
    നല്ല പോസ്റ്റ്.

    മറുപടിഇല്ലാതാക്കൂ