2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

ടി വി ചീഞ്ഞു നാറുമ്പോള്‍

ഇക്കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് രണ്ടു ഗുണ്ടകളെ കൊലപ്പെടുത്തിയതും അവരുടെ സംഘം  മറ്റൊരു ഗുണ്ടയെ തട്ടി പ്രതികാരം ചെയ്തതും ഒക്കെ നിങ്ങള്‍ പത്രങ്ങളില്‍ വായിച്ചിരിക്കുമല്ലോ. ഇതേ വാര്‍ത്ത‍ ടിവിയില്‍ കാണാന്‍ ഇടയായി. എല്ലാ ചാന്നലുകളും ഈ വാര്‍ത്ത‍ കവര്‍ ചെയ്തത് ഒരേ രീതിയിലായിരുന്നു. ഗുണ്ടയെ വെട്ടി കൊന്നു / റിയാലിറ്റി ഷോയിലെ പെണ്‍കുട്ടിയെ ചൊല്ലിയാണ് തര്‍ക്കം ഇങ്ങനെ വിശദീകരണത്തോടൊപ്പം മരിച്ചു കിടക്കുന്ന ഗുണ്ടകളുടെ ക്ലോസ്  അപ്പ്‌  ദൃശ്യങ്ങളും പല തവണ ആവര്‍ത്തിച്ചു കാണിക്കുന്നുണ്ടായിരുന്നു. ഇത് പോലെ തന്നെ തിരുവനന്തപുരത്ത് സ്കൂള്‍ ബസ് മറിഞ്ഞു മരിച്ച കുട്ടികളുടെ മൃതദേഹങ്ങളും ചാനലുകള്‍ നന്നായി കവര്‍ ചെയ്തിരുന്നു. വാളകത്തെ സ്കൂള്‍ അധ്യാപകന്‍ വീണ്ടും മൊഴി മാറ്റിയ ദിവസം ചാനലുകളിലെ സ്ക്രോള്‍ ന്യൂസ്‌ ഇങ്ങനെയായിരുന്നു. 'അധ്യാപകന്റെ മലദ്വാരത്തില്‍ പാര കയറിയിട്ടില്ല എന്ന്" . ഇതൊക്കെ കണ്ടപ്പോള്‍ ഒരു സംശയം. എന്താണ് മലയാളി ടിവിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന്. ഹിന്ദി ചാനലുകളില്‍ വരുന്ന പല റിയാലിറ്റി ഷോകളെയും കളിയാക്കുന്നവനാണ് മലയാളി. ഇമോഷണല്‍ അത്യാചാര്‍ ഒക്കെ ഉദാഹരണം. എന്നിട്ട് നമ്മുടെ ടിവിയില്‍ വരുന്ന പരിപാടികള്‍ എന്താണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ ? നിങ്ങള്‍ അന്തിച്ചു പോകും. അത്രയ്ക്ക് തരം താണ രീതിയിലാണ് നമ്മുടെ ചാനലുകളുടെ പ്രവര്‍ത്തനം. താഴെ എഴുതിയിരിക്കുന്നത് വായിച്ചിട്ട് നിങ്ങള്‍ ഈ പരിപാടികള്‍ ദയവു ചെയ്തു കാണാന്‍ പോകരുതെന്ന് ഒരു മുന്നറിയിപ്പോടെ ...


 മനസ്സിലൊരു മഴവില്ല് 



പ്രശസ്ത ഡബ്ബിംഗ് ആര്‍ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി അവതരിപ്പിക്കുന്ന പരിപാടിയാണ് . പ്രേമിച്ചു വിവാഹിതരായ ദമ്പതികളെ ഒന്നിച്ചിരുത്തിയുള്ള ഒരു ടോക്ക് ഷോ ആണ് ഇത്. അവര്‍ എങ്ങനെയാണ് രക്ഷിതാക്കളെ പറ്റിച്ചു പ്രേമിച്ചത് , കല്യാണത്തിന് എന്തൊക്കെ എതിര്‍പ്പുണ്ടായിരുന്നു , എങ്ങനെയാണ് ഒളിച്ചോടിയത്‌ ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ആണ് പ്രധാനമായും പുള്ളിക്കാരി അതിഥികളോട് ചോദിക്കുന്നത്. ഇപ്പോള്‍ പ്രേമിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും പ്രേമിച്ചു വിവാഹിതരാവാന്‍ കൊതിക്കുന്നവര്‍ക്കും ഒട്ടനവധി ടിപ്സ് ഈ പരിപാടിയില്‍ നിന്ന് സൌജന്യമായി കിട്ടും. വിവാഹത്തിന് സമ്മതിക്കാതിരുന്ന മാതാ പിതാക്കളെ ഭാഗ്യലക്ഷ്മിയും ദമ്പതിമാരും ചേര്‍ന്ന് തെറി പറയുന്ന രംഗങ്ങളും കാണാം. മാതാ പിതാക്കള്‍ക്ക് അത്രയും പക്വതയേ ഉള്ളൂ, അവരെ പറഞ്ഞിട്ട് കാര്യമില്ല, അങ്ങനെ പോകുന്നു അഭിപ്രായ പ്രകടനങ്ങള്‍. പ്രശസ്ത നടന്‍ ബാല, അശ്വമേധം ഫെയിം പ്രദീപ്‌, കവിയായ അനില്‍ പനച്ചൂരാന്‍ , ബീന ആന്റണി, അങ്ങനെ ഒട്ടനവധി പേര്‍ ഇതിനകം ഈ പരിപാടിയില്‍ പങ്കെടുത്തു കഴിഞ്ഞു 


കഥയല്ലിത് ജീവിതം 


പഴയകാല നായിക നടിയും പ്രശസ്ത ക്യാമറമാന്‍    ആയ മധു അമ്പാട്ടിന്റെ സഹോദരിയുമായ വിധുബാലയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്‌. ഇത് വന്‍ തമാശയാണ്. അടിച്ചു പിരിഞ്ഞ ദമ്പതികളെ കൊണ്ട് വന്നു അവരുടെ പ്രശ്നങ്ങള്‍ സംസാരിച്ചു ഒത്തു തീര്‍പ്പാക്കുന്നു എന്ന വ്യാജേന ആണ് ഈ പരിപാടി അവതരിപ്പിക്കുന്നത്‌. പക്ഷെ ഫലത്തില്‍ കാടും പടലും തല്ലുന്ന ഒരു ഇടപാടാണ്. സംശയ രോഗം കൊണ്ട് ഭാര്യയെ ഉപേക്ഷിച്ച ഭര്‍ത്താവ്, വിവാഹേതര ബന്ധം കൊണ്ട് ഭര്‍ത്താവിനെ ഉപേക്ഷിച്ച ഭാര്യമാര്‍, സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി വീട്ടുകാരെ പുലിവാല്‌ പിടിപ്പിച്ച വീരന്മാര്‍, എന്ന് വേണ്ട എല്ലാ ഫ്രോഡുകളെയും നന്നാക്കാന്‍ വേണ്ടി ഒരു പരിപാടി. ഇതില്‍ പങ്കെടുക്കുന്നവരില്‍ നിയമ വിദഗ്ദ്ധരും ഒക്കെയുണ്ട്.  പുട്ടിനു തേങ്ങ പീര വയ്ക്കുന്നത് പോലെ അവര്‍ ഇടയ്ക്കിടക്ക് വിദഗ്ധ അഭിപ്രായങ്ങള്‍ പാസ്സാക്കും.


ഇത് കൂടാതെ ഇതേ കാറ്റഗറിയില്‍ പെടുത്താവുന്ന ഒട്ടനവധി പരിപാടികള്‍ എല്ലാ ചാനലുകളുമായി നടന്നു വരുന്നുണ്ട്. മുകളിലത്തെ രണ്ടെണ്ണം പേരെടുത്തു പറയാന്‍ തോന്നി. അത്രയേ ഉള്ളൂ. 
കിരണിലെയും ഏഷ്യാനെറ്റ്‌ പ്ലസിലെയും മിക്ക ഫോണ്‍ ഇന്‍ പ്രോഗ്രാമ്മുകളും ഇത്തരം കന്റെന്റ്റ് കൊണ്ട് സമൃദ്ധമാണ്. നമ്മുടെ ടി വി സീരിയലുകള്‍ക്കൊക്കെയും ഒരേ കഥ തന്നെയേ പറയാനുള്ളൂ. വീട്ടില്‍ വേറെ പണിയൊന്നുമില്ലാതെ ടി വി കണ്ടിരിക്കുന്ന ഒരാളിനെ ഇതൊക്കെ ചെറിയൊരളവില്‍ എങ്കിലും സ്വാധീനിക്കും. വിദേശ ചാനലുകള്‍ പേടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുന്നതിന് മുമ്പ് ഒരു മുന്നറിയിപ്പ് എങ്കിലും കൊടുക്കാറുണ്ട്. ഇനി വരുന്ന ദൃശ്യങ്ങള്‍ കുട്ടികളെ കാണിക്കരുത് എന്നൊക്കെ. പക്ഷെ നമുക്ക് അങ്ങനെയൊന്നുമില്ല. ടി വിയുടെ മുന്നിലിരിക്കുന്ന ഒരു കുട്ടി കാണുന്ന കൊലപാതകങ്ങളുടെയും അവിശുദ്ധ ബന്ധങ്ങളുടെയും കഥകള്‍ എണ്ണമറ്റതാണ് . ലോകത്തെ മറ്റു ഒരു ചാനലിലും കാണാന്‍ കിട്ടാത്ത ദൃശ്യങ്ങള്‍ ഒക്കെ അവര്‍ക്ക് ഇവിടെ കാണാം. ചോരയൊലിപ്പിച്ചു കിടക്കുന്ന മൃതദേഹങ്ങള്‍, കൊലപാതകത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ അങ്ങനെ അങ്ങനെ. 

എല്ലാ കാര്യങ്ങളിലും അന്തിമ അഭിപ്രായം പറയാനുള്ള അധികാരം ചാനലുകള്‍ ബലമായി പിടിച്ചെടുത്തിരിക്കുന്നു. ചാനലുകളെ പേടിച്ചു ഭരണ വര്‍ഗം ദൂരെ മാറി നില്‍ക്കുന്നു. ആര് മണികെട്ടും എന്നതാണ് ചോദ്യം . പണ്ടൊരിക്കല്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭസ്മക്കുളത്തില്‍ ഒരു മാനസിക രോഗി ഒരാളെ മുക്കി കൊന്നത് തത്സമയം ടിവിയില്‍ കണ്ടവരാണ് നമ്മള്‍. എറണാകുളത്തു ഒരു ബസ് നിയന്ത്രണം വിട്ടു ഒരാളെ ഇടിച്ചു തെറിപ്പിക്കുന്നതും നമ്മള്‍ ടിവിയില്‍ ആണ് കണ്ടത്. എന്തിനും ഏതിനും പ്രതികരിക്കുന്ന മലയാളി ഇതൊക്കെ ടിവിയില്‍ കാണിക്കുന്നതിനെ പറ്റി ഒരക്ഷരം പറഞ്ഞില്ല എന്നത് അപകടകരമായ ഒരു സിഗ്നല്‍ ആണ് തരുന്നത് എന്ന് എനിക്ക് തോന്നുന്നു. ബാക്കി സംസ്ഥാനങ്ങളില്‍ ഉള്ളവരെ അപേക്ഷിച്ച് വിദ്യാഭ്യാസവും വിവരവും ഉള്ള മലയാളികള്‍ ഇന്ന് എവിടെ നില്‍ക്കുന്നു എന്നതിന്റെ ഒരു മുന്നറിയിപ്പ്  എന്ത് പറയുന്നു ? 

6 അഭിപ്രായങ്ങൾ:

  1. എന്ത് തോന്നിവസ്സവും കാണിച്ചു റേറ്റിംഗ് കൂട്ടാനാണ് ഇവന്മാര്‍ നോക്കുന്നത് .
    ഏഷ്യാനെറ്റില്‍ അല്പമെങ്കിലും നിലവാരമുള്ള ഒരു പരിപാടി സിനിമാലയാണ്.
    വേറെ എല്ലാം കണക്ക്കു തന്നെ .

    മറുപടിഇല്ലാതാക്കൂ
  2. മേല്‍ പറഞ്ഞ പരിപാടികളോ ചാനലുകളോ ഞാന്‍ കാണാറില്ല. അതുകൊണ്ട് അതിനെ കുറിച്ച് ഒരു അഭിപ്രായവും പറയുന്നില്ല. ആകപാടെ ഞാന്‍ കാണാറുള്ള ന്യൂസ്‌ ചാനലിന്റെ പോക്കിനെ പറ്റി കഴിഞ്ഞ മാസം ഒരു പോസ്റ്റ്‌ ഇട്ടിരിന്നു.... വായിച്ചു നോക്കാം... വളരെ ചുരുക്കിയാണ് അത് എഴുതിയത്....
    http://manassilthonniyathu.blogspot.com/2011/09/blog-post_20.html

    മറുപടിഇല്ലാതാക്കൂ
  3. എതിര്‍ക്കപ്പെടേണ്ടതാണ്.. ആരെതിര്‍ക്കും!..

    മറുപടിഇല്ലാതാക്കൂ
  4. വിദ്യാഭ്യാസവും വിവരവും ഉള്ള മലയാളികള്‍

    അതു തമാശ ആയിപ്പോയി

    മുകളില്‍ എഴുതിയതെല്ലാം വായിച്ചു കഴിഞ്ഞ്‌ 'വിവരം ഉള്ള' എന്നു കൂടി കേള്‍ക്കുമ്പോള്‍ ചിരിച്ചു പോകും

    മറുപടിഇല്ലാതാക്കൂ
  5. ചാനലുകാരെ മാത്രം പറയണ്ട ദുശ്ശു. ഒരു അപകടം നടന്നാല്‍ ആ സ്ഥലത്തു നിന്നു മൊബൈലില്‍ ഫോട്ടോ എടുക്കുന്ന ചെറുപ്പക്കാര്‍ ഇഷ്ടം പോലെ. ഇത്തരം സീനുകള്‍ ടിവിയില്‍ കാട്ടുമ്പോഴും അത്തരക്കാരെ കാണാറുണ്ട്. പിന്നെ മനോരമയിലെ നേരേ ചൊവ്വേ എനിക്കിഷ്ടമുള്ള പ്രോഗ്രാമാണ്. വേണ്ടാത്തത് കാണുമ്പോള്‍ റിമോട്ട് ഉപയോഗിക്കാമല്ലോ നമുക്ക്.

    മറുപടിഇല്ലാതാക്കൂ