2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

യാത്ര - പച്ച വെളിച്ചം തെളിയുമ്പോള്‍

     

     ഒരുവിധം ബസ്സില്‍ കയറിപ്പറ്റി. അല്ലെങ്കിലും ഈ ബനശങ്കരി ഒരു തിരക്ക് പിടിച്ചയിടമാണ്. ബാന്‍ഗ്ലൂര്‍ വന്നിട്ട് വര്‍ഷങ്ങള്‍ പലതായെങ്കിലും ഇവിടത്തെയും കെ ആര്‍ മാര്‍ക്കെറ്റിലെയും തിരക്ക് ഇത് വരെ കുറഞ്ഞു കണ്ടിട്ടില്ല. ബസ്സിനകത്ത് ഭൂരിഭാഗവും ഗ്രാമീണരാണ്. നഗരത്തിനു പുറത്തുള്ള ഹള്ളികളില്‍ നിന്ന് കൃഷി ചെയ്ത സാധനങ്ങള്‍ വിറ്റു പൈസയുമായി പോകാന്‍ വന്ന തനി നാട്ടിന്‍പുറത്തുകാര്‍. ചിലരുടെ കയ്യില്‍ ഏതൊക്കെയോ ചെടികളുടെ ഇല ചെറിയ കുട്ടകളില്‍ നിറച്ചതുണ്ട്. ബസ്സിന്റെ മുന്നില്‍ ഡ്രൈവറുടെ ഇടതു വശത്ത് ഒന്ന് രണ്ടു വാഴ തൈകള്‍ വച്ചിരിക്കുന്നത് കണ്ടു. മിക്കവാറും ഏതെങ്കിലും കല്യാണത്തിന് അലങ്കാരത്തിനായിരിക്കും. നമ്മുടെ നാട് പോലല്ല ഇവിടെ. അവിടത്തെ പോലെ പരിഷ്കാരി കര്‍ഷകരൊന്നുമല്ല ഇവിടത്തുകാര്‍. പാളത്താറും ഉടുത്തു പുകയിലയും ചവച്ചു എണ്ണ തേയ്ക്കാത്ത പാറിപ്പറക്കുന്ന മുടിയുമായി വലിഞ്ഞു മുറുകിയ മുഖത്തോടെ നില്‍ക്കുന്ന ആളുകള്‍. ഒരു കമ്പിയില്‍ ഒരുവിധം പിടിത്തം കിട്ടി. ഭര്‍ത്താവിനു ഇന്ന് നേരത്തെ ഓഫീസില്‍ പോകണമായിരുന്നത് കൊണ്ട് മോളെ സ്കൂളില്‍ വിടുന്ന ജോലി ഇന്ന്  ഏല്‍പ്പിച്ചിട്ട് പോയതാണ്. ശിഖയാണെങ്കില്‍ വന്‍ കുസൃതിയും ആണ്. അവളെ ഒരുക്കുന്നതിന് തന്നെ വേണം ഒരു മണിക്കൂര്‍. ശേഖറിനാനെങ്കില്‍ ചിലപ്പോ ഭ്രാന്തു പിടിക്കും. അല്ല. ശേഖറിനെ പറഞ്ഞിട്ട് കാര്യമില്ല. സാമ്പത്തിക മാന്ദ്യം വന്നതിനു ശേഷം ആരുടെയൊക്കെയോ ജോലി പോയെന്നു ഇന്നലെ കൂടി ശേഖര്‍ പറഞ്ഞു. അവള്‍ക്കു മൂന്നു വയസ്സെങ്കിലും ആയെങ്കില്‍ എനിക്കും കൂടി ജോലിക്ക് പോകാമായിരുന്നു. അത്രയ്ക്ക് ചെലവാണ് ഇവിടെ.  അങ്ങോട്ട്‌ ഓട്ടോയില്‍ പോയിട്ട് തിരികെ ബസ്സില്‍ വരാം എന്ന് കരുതിയത്‌ നന്നായി. വൈകിട്ട് മോളെ വിളിക്കാന്‍ പോകുമ്പോഴും ബസ്സില്‍ പോകാം. തിരികെ വരുമ്പോ എന്തായാലും ഓട്ടോ പിടിക്കേണ്ടി വരും. ഇങ്ങനെയൊക്കെ സേവ് ചെയ്താലേ ജീവിക്കാന്‍ പറ്റൂ. പല തുള്ളി പെരുവെള്ളം. 

    ഭാഗ്യം. ഒരു സീറ്റ് കിട്ടി. ബസ് കുറച്ചു ദൂരം കൂടി മുന്നോട്ടു പോയി ഒരു ചെറിയ ചന്തയുടെ അടുത്തെത്തി. അതോടെ ബസ്സിലെ തിരക്ക് തീര്‍ന്നു. ആ പാവങ്ങള്‍ വട്ടിയും കുട്ടയും എല്ലാം എടുത്തിട്ട് ഇറങ്ങി. ആദ്യം ഒരു അസൌകര്യമായി തോന്നിയെങ്കിലും ഇപ്പൊ വാണിക്ക് അവരോടു പാവം തോന്നി. എത്ര കഷ്ടപ്പെട്ടാണ് അവര്‍ ജീവിക്കുന്നത്. അടുത്ത സ്റ്റോപ്പില്‍ വാണിയുടെ അടുത്തിരുന്ന സ്ത്രീ ഇറങ്ങി. വാണി ബാഗ് അങ്ങോട്ട്‌ നീക്കി വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് പെട്ടെന്ന് ആരോ അവളുടെ മേലേയ്ക്കു മറിഞ്ഞു വീണത്‌. 'സോറി' എന്ന് ആ സ്ത്രീ പറഞ്ഞു. വാണിക്ക് പെട്ടെന്ന് ദേഷ്യം വന്നുവെങ്കിലും അവരുടെ മുഖത്തേക്ക് നോക്കിയപ്പോ അത് പ്രകടിപ്പിക്കാന്‍ തോന്നിയില്ല. നല്ല ആഭിജാത്യമുള്ള ഒരു സ്ത്രീ. 'ബസ്‌ ബ്രേക്ക്‌ ചെയ്തതാണ് ' എന്നവര്‍ ശുദ്ധമായ ഇംഗ്ലീഷില്‍ പറഞ്ഞു. സാരമില്ല എന്ന് വാണിയും പറഞ്ഞു. അവര്‍ അടുത്ത് ഒതുങ്ങി ഇരുന്നു. വാണി ഇടം കണ്ണിട്ടു അവരെ നോക്കി. വില കൂടിയ ഒരു സാരി ആണ് ഉടുത്തിരിക്കുന്നത്. അതിനു ചേര്‍ന്ന ആഭരണങ്ങളും. 
കയ്യില്‍ എന്തൊക്കെയോ പൊതികളും ഉണ്ട്. വെളുത്ത ചില മുടിയിഴകളും അങ്ങിങ്ങായി ഉണ്ട്. 

     ഇനി ഒരു അര മണിക്കൂര്‍ കൂടി വേണം വീട്ടിലെത്താന്‍. ദൂരം കുറച്ചേയുള്ളൂവെങ്കിലും നഗരത്തിലെ നശിച്ച ട്രാഫിക് കാരണം ഉടനെയൊന്നും എത്തില്ല. വാണി അടുത്തിരുന്ന സ്ത്രീയോട് കുശല പ്രശ്നങ്ങള്‍ ഒക്കെ നടത്തി. മോളെ സ്കൂളില്‍ വിട്ട് വരികയാണെന്ന് പറഞ്ഞു തുടങ്ങിയ വാണി പിന്നെ സ്കൂളിലെ അഡ്മിഷന്‍ പ്രശ്നങ്ങളെപറ്റിയും കനത്ത ഫീസിനെ പറ്റിയുമൊക്കെ വാചാലയായി. അവര്‍ അത് കേട്ട് മന്ദഹസിച്ചതല്ലാതെ അഭിപ്രായമൊന്നും പറഞ്ഞില്ല. വാണി പറഞ്ഞതിനൊക്കെ നിശബ്ദമായി അവര്‍ തലയാട്ടി. മോളെ ഇവിടത്തെ കോളേജില്‍ തന്നെ പഠിപ്പിക്കണം. ഇവിടെ പഠിച്ചു കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്ല എക്സ്പോഷര്‍ കിട്ടും. പിന്നെ അവരുടെ ഫ്യൂച്ചറില്‍ അത് ഗുണം ചെയ്യും. താനൊക്കെ നാട്ടിന്‍പുറത്തെ സാധാരണ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ പഠിച്ചത് കാരണം ഇപ്പോഴും അനുഭവിക്കുകയാണ്. മോള്‍ക്കെങ്കിലും അതൊന്നും വരരുത് എന്നാണു തന്റെയാഗ്രഹം എന്നൊക്കെ വാണി പറഞ്ഞു. അവരും അത് ശരി വച്ചു. ഇപ്പൊ മോള്‍ പഠിക്കുന്നത് അത്രയ്ക്ക് നല്ല സ്കൂളില്‍ അല്ല . കൊള്ളാം എന്നേയുള്ളൂ. അടുത്ത വര്‍ഷമെങ്കിലും അവളെ ഡല്‍ഹി പബ്ലിക്‌ സ്കൂളില്‍ ചേര്‍ക്കണം. അവിടെ ചെന്നാല്‍ മോള്‍ക്ക്‌ യൂറോപ്യന്‍ ഇംഗ്ലീഷ് ഒക്കെ എഴുതാനും പറയാനും ഉള്ള ഒരു കഴിവൊക്കെ ഉണ്ടാവും. താനും കൂടി ജോലിക്ക് പോയിട്ട് വേണം. വന്‍ പണചെലവാണ് എന്നൊക്കെയുള്ള തന്റെ ആശങ്കകളും വാണി പങ്കു വച്ചു. 


   ബസ് ഓടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അത് ഏതോ ഒരു സിഗ്നലില്‍ നിര്‍ത്തി. ഒരു വശത്ത് മെട്രോ റയിലിന്റെ പണി നടക്കുന്നത് കാരണം ഒരു വരിയില്‍ കൂടി മാത്രമേ വാഹനങ്ങള്‍ പോകുന്നുള്ളൂ. സിഗ്നല്‍ ചുവപ്പ് കത്തി കിടക്കുകയാണ്.  ഇത്രയും നേരം വാണിയെ കേട്ട് കൊണ്ടിരുന്നതല്ലാതെ അവര്‍ അഭിപ്രായമൊന്നും പറഞ്ഞിരുന്നില്ല. എല്ലാത്തിനും മനോഹരമായി പുഞ്ചിരിക്കുക മാത്രം ചെയ്തു അവര്‍. പണ്ടൊരു അതി സുന്ദരി ആയിരുന്നിരിക്കും അവര്‍. വാണി ഓര്‍ത്തു. ഇപ്പോഴും അത്രയ്ക്കുണ്ട് അവരുടെ സൌന്ദര്യം.  ആന്റി  ഇപ്പൊ എവിടെ പോയിട്ട് വരുന്നു എന്ന് വാണി അവരോടു ചോദിച്ചു. അവര്‍ ഒരു സ്കൂളിന്റെ പേര് പറഞ്ഞു. വാണി പക്ഷെ അത് മുമ്പ് കേട്ടിട്ടുണ്ടായിരുന്നില്ല. അവിടെ ? അവള്‍ ചൊദിച്ചു. കാരണം അവര്‍ക്ക് അല്പം പ്രായമുണ്ട്. സ്കൂളില്‍ പഠിക്കുന്ന മക്കളുള്ള ഒരാളല്ല അവര്‍. ഇനി അവിടത്തെ ടീച്ചര്‍ ആണോ . വാണി മടിച്ചു മടിച്ചു ചോദിച്ചു. 'ഹേ അല്ല. ഞാന്‍ മോളെ കാണാന്‍ പോയതാ..' അവര്‍ പറഞ്ഞു. 'ഹോ അത് ശരി. മോള്‍ എന്താ അവിടെ ടീച്ചര്‍ ആണോ ? അതോ ചെറുമകള്‍ വല്ലതും ? " വാണി വീണ്ടും ചോദിച്ചു. അപ്പോഴേക്കും അവരുടെ കയ്യിലിരുന്ന പൊതികളുടെ കൂട്ടത്തില്‍ ഒരു മിട്ടായി പൊതി അവള്‍ കണ്ടു പിടിച്ചു കഴിഞ്ഞിരുന്നു. 'അല്ല മകള്‍ അവിടെ പഠിക്കുകയാണ് ' അവര്‍ തുടര്‍ന്ന് പറഞ്ഞു. 'ആദ്യം അവള്‍ ഇവിടെ അടുത്തുള്ള വേറൊരു സ്കൂളില്‍ ആയിരുന്നു. ഈയിടയ്ക്കാണ് ഈ സ്കൂളിലേക്ക് മാറ്റിയത്. ഇവിടാവുമ്പോ സംസാരിക്കാനൊക്കെ കുറച്ചു കഴിവ് വരും എന്ന് കേട്ടു. അതാ. ' അവര്‍ വിശദീകരിച്ചു. അത് കേട്ടു വാണി ഒരു നിമിഷം ആശയക്കുഴപ്പത്തിലായി. മകള്‍ ഇതു ക്ലാസിലാ അപ്പൊ ? അവള്‍ ചോദിച്ചു. 'അവള്‍ ഇപ്പൊ ഒന്നാം ക്ലാസ്സിലാണ് ' അവര്‍ മറുപടി പറഞ്ഞു. ഹോ. അപ്പൊ ലേറ്റ് മാര്യേജ് ആയിരിക്കും ചിലപ്പോ. വാണി ഒന്നും മിണ്ടിയില്ല. അങ്ങനെയാണെങ്കില്‍ എന്റെ മോള്‍ പഠിക്കുന്നിടത്തു ചേര്‍ത്ത് കൂടെ ആന്റീ ? അവിടാകുമ്പോ നല്ല കെയര്‍ ആണ്. നല്ലത് പോലെ ഭാഷ ഫ്ലുവന്റ് ആവുകയും ചെയ്യും " വാണി പറഞ്ഞു. അതിനു മറുപടിയായി അവര്‍ വീണ്ടും ഒന്ന് ചിരിച്ചതേ  ഉള്ളൂ. എന്തായാലും പരിചയപ്പെട്ടതില്‍ സന്തോഷം ആന്റി. പിന്നെയും കാണാം. എന്റെ വക ഈ ചോക്ലേറ്റ് മോള്‍ക്ക്‌ കൊടുത്തേക്കു എന്ന് പറഞ്ഞു ശിഖയ്ക്ക് കൊടുക്കാന്‍ വാങ്ങിച്ചു വച്ചതില്‍ നിന്ന് ഒരു ചോക്ലേറ്റ് എടുത്തു വാണി അവര്‍ക്ക് നേരെ നീട്ടി. അത് വാങ്ങിയിട്ട് ഒരു ചെറു ചിരിയോടെ അവര്‍ പറഞ്ഞു. 'വാണീ. നിങ്ങള്‍ വിചാരിക്കുന്ന പോലെ എന്റെ മോള്‍ ഒരു ചെറിയ കുട്ടിയല്ല. അവള്‍ക്കു ഇരുപതു വയസ്സുണ്ട്. പക്ഷെ ഒരു വ്യത്യാസം മാത്രം. വാണിയുടെ മോളുടെ അത്ര ബുദ്ധിയെ എന്റെ മോള്‍ക്കുള്ളൂ. നേരത്തെ ഞാന്‍ പറഞ്ഞില്ലേ സംസാരിക്കാന്‍ പഠിക്കാനാണ് ഈ സ്കൂളില്‍ ചേര്‍ത്തതെന്നു ... അത് ഇംഗ്ലീഷ് സംസാരിക്കാന്‍ അല്ല. എന്നെ അമ്മേ എന്ന് വിളിച്ചു സംസാരിക്കാന്‍ അവര്‍ പഠിപ്പിക്കും എന്ന് കേട്ടിട്ടാണ്. എന്തായാലും ഞാന്‍ ഒരു ആന്റി തന്നു എന്ന് പറഞ്ഞു ഇത് അവള്‍ക്കു കൊടുത്തേക്കാം. താങ്ക്സ് ' . ചുറ്റിനുമുള്ള ലോകം ഒരു നിമിഷം നിശ്ചലമായതായി വാണിയ്ക്ക് തോന്നി. സിഗ്നലില്‍ പച്ച വെളിച്ചം തെളിഞ്ഞു. ബസ് വീണ്ടും ഉരുണ്ടു തുടങ്ങി.

5 അഭിപ്രായങ്ങൾ:

  1. അങ്ങനെ സ്വല്പം സീരിയസ് ആയല്ലേ .കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  2. അല്ല. ഇത് പോലുള്ള ഐറ്റംസ് പണ്ട് ഞാന്‍ എഴുതീട്ടുണ്ട്‌. ദോപനഹള്ളി ബസ് സ്റൊപ്പിലെ പെണ്‍ കുട്ടി / സ്വര്‍ണ നിറമുള്ള പേന മുതലായവ. തപ്പി നോക്ക്. ഈ ദുശാസ്സനന്റെ ഉള്ളില്‍ ചങ്ങലക്കിട്ടിരിക്കുന്ന സീരിയസ് അയ ഒരു മനുഷ്യന്‍ ഉണ്ട്. അതിനു ഇടയ്ക്കു കാടിയും വെള്ളവും കൊടുക്കാനാണ് ഇതൊക്കെ :)

    മറുപടിഇല്ലാതാക്കൂ
  3. "ഈ ദുശാസ്സനന്റെ ഉള്ളില്‍ ചങ്ങലക്കിട്ടിരിക്കുന്ന സീരിയസ് അയ ഒരു മനുഷ്യന്‍ ഉണ്ട്."
    അപ്പോള്‍ ദുശാസ്സനന്‍ ഒരു മൃഗമാണോ

    മറുപടിഇല്ലാതാക്കൂ
  4. ഇത് കൊള്ളാട്ടോ. കൊള്ളുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  5. നമുക്കു ചുറ്റും നമ്മൾ കാണാത്ത ദു:ഖങ്ങൾ എത്രയേറെ.

    മറുപടിഇല്ലാതാക്കൂ