Tuesday, October 12, 2010

സോഡാ സോഡാ

     ആരും തെറ്റിദ്ധരിക്കണ്ട. നിങ്ങളെല്ലാം കുടിക്കുന്ന സോഡയെ പറ്റി ആണ് ഈ പോസ്റ്റ്‌. പുട്ടിനെ പറ്റിയും ഐസ് മുട്ടായിയെ പറ്റിയും മുമ്പ് ഇട്ടിരുന്ന പോസ്റ്റുകള്‍ക്ക്‌  കിട്ടിയ അഭിപ്രായങ്ങള്‍ കണ്ടിട്ടാണ് സോഡയെ പറ്റിയും ഒരെണ്ണം കാച്ചിയാലോ എന്ന് തോന്നിയത്.  സദയം ക്ഷമിക്കുക 


     എന്റെ കുട്ടിക്കാലത്ത് ഞാന്‍ കണ്ടിട്ടുള്ള സോഡാ കുപ്പികള്‍ ഇപ്പൊ വിപണിയില്‍ കിട്ടില്ല. ഗോലി സോഡാ അല്ലെങ്കില്‍ വട്ടു സോഡാ എന്ന് പറയുന്ന ഇനം.ഗോലി എന്താണ് എന്നറിയാതവരുടെ ശ്രദ്ധക്ക് - കുട്ടികള്‍ കളിക്കാനുപയോഗിച്ചിരുന്ന സ്ഫടിക ഗോള സമാനമായ വസ്തുക്കളാണ് ഗോലികള്‍. വന്ദനം, സി ഐ ഡി മൂസ പോലുള്ള ചിത്രങ്ങളില്‍ കള്ളനെ ഉരുട്ടി വീഴ്ത്താന്‍ നമ്മുടെ താരങ്ങള്‍ ഉപയോഗിച്ചിരുന്ന അതേ വസ്തുക്കള്‍. പണ്ട് എന്റെ വീട്ടിനടുത്ത് ഒരു സോഡാ ഫാക്ടറി ഉണ്ടായിരുന്നു. അവിടത്തെ ചേട്ടന്‍ സോഡാ ഉണ്ടാക്കുന്നത് നമ്മള്‍ കുട്ടികള്‍ ഒക്കെ ഭയങ്കര

അത്ഭുതത്തോടെ ആണ് കണ്ടു കൊണ്ടിരുന്നത്. സോഡാ ഉണ്ടാക്കുന്നത് ബോംബ്‌ ഉണ്ടാക്കുന്നത് പോലെ തന്നെ അപകടം നിറഞ്ഞ ഒരു ജോലി ആണെന്നാണ് ഞാന്‍ അന്ന് കേട്ടിട്ടുള്ളത്. സോഡാ ഉണ്ടാക്കുന്നതിനിടയില്‍ അത് പൊട്ടി തെറിച്ചു കൈ പോയ ഒരു ചേട്ടന്‍ അവിടെ ഉണ്ടായിരുന്നു. 

     അന്നത്തെ എല്ലാ പെട്ടിക്കടകളെയും അലങ്കരിച്ചിരുന്ന ഒരു മനോഹരമായ സംഗതി ആയിരുന്നു ഈ ഗോലി സോഡാ കുപ്പികള്‍. ദേ ഒന്ന് നോക്ക്. കൊള്ളാം അല്ലെ ? 

അതിനു മുകളില്‍ ഭംഗിക്ക് ഒരു നാരങ്ങയും വച്ചിരിക്കും. എന്തെങ്കിലും അടിപിടിയോ മറ്റോ നടക്കുമ്പോള്‍ ആള്‍ക്കാര്‍ ഈ സോഡാ കുപ്പി എടുത്തു ചാമ്പും. പണ്ടത്തെ ഐ വി ശശി സിനിമകളിലെ ഒരു സ്ഥിരം അഭിനേതാവ് ആയിരുന്നു ഗോലി സോഡാ. കുറച്ചു കാലം കൂടി കഴിഞ്ഞപ്പോള്‍ ആണ് ഗോലി സോഡയെ റീപ്ലേസ് ചെയ്തു കൊണ്ട് ഇപ്പോഴത്തെ തരത്തിലുള്ള സോഡാ കുപ്പികള്‍ വന്നത്. ലോക്കല്‍ സോഡാ കമ്പനികളെ കൂടാതെ വമ്പന്‍ കമ്പനികളും സോഡാ ഇറക്കി തുടങ്ങി. ടി വിയില്‍ മദ്യത്തിന്റെ പരസ്യം കാണിക്കാന്‍ പറ്റാത്തത് കൊണ്ട് ഈ സോഡാ പരസ്യം കാണിച്ചു അവര്‍ സ്വന്തം ബ്രാന്‍ഡുകള്‍ മാര്‍ക്കറ്റ്‌ ചെയ്തു കൊണ്ടിരുന്നു. സിനിമയിലും നാട്ടിലും മറ്റും സോഡാ കുപ്പികള്‍ കൊണ്ടുള്ള ഏറു കുറഞ്ഞു. വിദ്യാര്‍ഥി സമരത്തില്‍ പോലും സോഡാ വേണ്ടാതായി.

      പിന്നെ ഞാന്‍ സോഡയെ പറ്റി കേള്‍ക്കുന്നത് കൊല്ലത്ത് വച്ചാണ്. കൊല്ലം എസ് എന്‍ കോളേജ് ജങ്ക്ഷന് അടുത്ത് ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു. കോളേജ് ഹൌസ്. അവിടെ ഐസ് ക്രീം സോഡാ കിട്ടും എന്ന് എന്റെ സുഹൃത്തായിരുന്ന മനേഷ് പറഞ്ഞത് കേട്ടിട്ട് ഒരു ദിവസം അവിടെ പോയി  നോക്കി. കുടിച്ചു നോക്കിയപ്പോ സംഗതി കൊള്ളാം. നല്ല രുചി. എന്തോ മധുരം ചേര്‍ത്തിട്ടുണ്ട്. ഞാന്‍ പിന്നെ അവിടത്തെ സ്ഥിരം സോഡാ കുടിയന്‍ ആയിരുന്നു. 


     നാട്ടില്‍ വച്ചാണ് അവിടെ പെട്ടിക്കട നടത്തുന്ന സുന്ദരേട്ടന്‍ സോഡാ വച്ചിട്ടുള്ള പല ഡ്രിങ്കുകള്‍ പരിചയപെടുത്തിയത്. നാരങ്ങ പിഴിഞ്ഞ് ഒഴിച്ച സോഡാ. നാരങ്ങ സോഡാ അല്ലെങ്കില്‍ ബോഞ്ചി എന്നൊക്കെ പറയുന്ന ഇനം. എന്താ അതിന്റെ  ഒരു രുചി. നല്ല വെയിലത്ത്‌  വിയര്‍ത്തോലിച്ച്  ചെല്ലുമ്പോ പുള്ളി ഒരു നാരങ്ങ സോഡാ ഉണ്ടാക്കി തരും. ഒരു ഗ്ലാസ്‌ എടുത്തു അതില്‍ ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കും. എന്നിട്ട് കുറച്ചു ഐസ് തല്ലിപ്പൊട്ടിച്ചു അതിലിടും. കുറച്ചു ഉപ്പ്. എന്നിട്ട് ഇതിനു മീതെ ആ സോഡാ പൊട്ടിച്ചു ഒഴിക്കും. ആ നുരയുന്ന സോഡാ കുടിക്കുമ്പോള്‍ നിങ്ങള്ക്ക് തന്നെ തോന്നും ക്ഷീണമൊക്കെ എങ്ങോട്ടോ ഇറങ്ങി ഓടി എന്ന്.  പുള്ളി തന്നെയാണ് മോരില്‍ സോഡാ ഒഴിച്ച് ആദ്യമായി കുടിപ്പിച്ചത്‌. കുറച്ചു കട്ടി മോര് ഒഴിച്ചതിനു ശേഷം, ചിലപ്പോ അല്പം കടുമാങ്ങയും അതില്‍ ഇടും. എന്നിട്ട് സോഡാ ഒഴിക്കും. വായില്‍ വെള്ളം നിറഞ്ഞിട്ടു എന്റെ ലാപ്ടോപില്‍ 
വീണു.

      കൊച്ചിയില്‍ വച്ച് ഇത് നോക്കി നടന്നു ഒരു ചെറിയ പണിയും കിട്ടി. ഒരു ചെറിയ കട കണ്ടിട്ട് അവിടെ ചെന്ന് നാരങ്ങ സോഡാ ചോദിച്ചു. പുള്ളി ചോദിച്ചു അല്പം എരിവു കൂടി ചേര്‍ത്തോട്ടെ എന്ന്. ശരി നടക്കട്ടെ . എന്ന് ഞാനും പറഞ്ഞു. പുള്ളി ഒരു ചെറിയ കുപ്പിയില്‍ നിന്ന് എന്തോ അതിലേക്കു ഒഴിച്ചു. എന്നിട്ട് ആ ഗ്ലാസ്‌ കയ്യിലേക്ക് തന്നു. ദാഹിച്ചു വലഞ്ഞിരുന്നത് കാരണം കിട്ടിയ പാടെ ഒരു വലി വച്ച് കൊടുത്തു. എന്റമ്മേ... നവ ദ്വാരങ്ങളിലൂടെയും പുക വന്നു. 'എന്താ ചേട്ടാ ഇതില്‍ ചേര്‍ത്തിരിക്കുന്നത് ? ' പുള്ളിയോട് ചോദിച്ചു. 'അല്പം പച്ച മുളക് അരച്ച് കലക്കി അതില്‍ രണ്ടു മൂന്നു തുള്ളി ചേര്‍ത്തതാ മോനെ എന്ന് ചേട്ടന്‍ കൂളായി  പറഞ്ഞു. തിരിച്ചു ഒന്നും പറയാന്‍ പോലും പറ്റാത്ത അവസ്ഥ ആയിരുന്നത് കൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല.

      മിസ്ടര്‍ ബട്ട്ലര്‍ സോഡാ മേക്കര്‍ ഇറങ്ങിയ വിവരം ഞാന്‍ അത്ഭുതത്തോടെ ആണ് കേട്ടത്. വീട്ടില്‍ വച്ച് സോഡാ ഈസി ആയി ഉണ്ടാക്കാം എന്നത് എനിക്ക് അവിശ്വസനീയമായ ഒരു അറിവായിരുന്നു. കേരളത്തിലെ കള്ള് കുടിയന്മാരെ ഉദ്ദേശിച്ചാണ് ഈ സാധനം ഇറക്കിയത്
എന്ന് തോന്നുന്നു. ആ മെഷീന്‍ കണ്ടതോടെ പണ്ട് ഒരു കട മുറിയില്‍ കറക്കി കറക്കി സോഡാ ഉണ്ടാക്കി കൊണ്ടിരുന്ന രമേശന്‍ ചേട്ടനോടുള്ള ബഹുമാനം ഒക്കെ എങ്ങോ പോയി മറഞ്ഞു. അത് മാത്രമോ. വന്‍ കമ്പനികള്‍ ഒക്കെ അര ലിറ്റര്‍ , ഒരു ലിറ്റര്‍ മുതലായ അളവുകളില്‍ പ്ലാസ്റ്റിക്‌ കുപ്പികളില്‍ പല പേരുകളില്‍ സോഡാ ഇറക്കി തുടങ്ങി. പണ്ട് രമേശന്‍ ചേട്ടന്‍ ഗോലി സോഡയില്‍ ശിവകാശിയില്‍ അടിച്ച സ്റ്റിക്കര്‍ ഒട്ടിച്ചു ബ്രാന്‍ഡ്‌ ചെയ്യാന്‍ ഒരു ശ്രമം നടത്തിയിരുന്നു. 'പുഞ്ചിരി' സോഡാ എന്നായിരുന്നു അതിന്റെ പേര്. സോഡാ പൊട്ടിക്കുമ്പോ ഒരു പൊട്ടിച്ചിരി പോലെ ഉയരുന്ന നുരയും പതയും ആയിരിക്കും ചിലപ്പോ ചേട്ടനെ ആ പേരിടാന്‍ പ്രേരിപ്പിച്ചത്. എന്തായാലും ആ ബ്രാണ്ടിംഗ് ആണ് ഇപ്പൊ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 

     അപ്പൊ ശരി. ഓഫീസില്‍ പോകാന്‍ ടൈം ആയി. സോഡാ പുരാണം ഇവിടെ നിര്‍ത്താം. നിങ്ങള്‍ക്കും സോഡയെ പറ്റി എന്തെങ്കിലും നല്ല ഓര്‍മ്മകള്‍ ഉണ്ടോ ? എങ്കില്‍ വരൂ. അത് പങ്കു വയ്ക്കാം 

3 comments:

 1. ശരിയ്ക്കും നൊസ്റ്റാൾജിയ ഉണർത്തി ഈ പോസ്റ്റ്. സോഡ പൊട്ടിക്കുമ്പോഴുള്ള ആ ശബ്ദം പണ്ട് ഭയങ്കര കൗതുകകരമായ ഒരു സംഗതിയായിരുന്നു. സോഡയേക്കാൾ രുചികരമായ പാനീയം വേറെയില്ലെന്നാണ് അന്നൊക്കെ തോന്നിയിരുന്നത്.
  ജീരകസോഡ എന്ന പേരിലൊരു സോഡ അന്ന് ഇവിടങ്ങളിലൊക്കെ ഉണ്ടായിരുന്നു.

  ReplyDelete
 2. ഡാ പുല്ലേ,ദുശ്ശൂ..
  എന്നും ഈ ബ്ലോഗില്‍ വന്നെത്തി നോക്കുന്നത് ബൈജൂനേ ഓര്‍ത്താ...
  എവിടെടാ തുടരന്റെ ബാക്കി. ബങ്കളൂര്‍ പോട്ടം പിടിച്ചു നടക്കാന്‍ സമയം ഉണ്ടല്ലോ അല്ലേ...?

  ReplyDelete
 3. supporting chaRLichaann.....

  pakchenki njaan pullennu vilichillatto ;)

  ReplyDelete