2010, മേയ് 7, വെള്ളിയാഴ്‌ച

രാജപ്പന്‍ ചേട്ടന്‍റെ ഒളി ക്യാമറ ഓപ്പെറേഷന്‍






    അങ്ങനെ രാജപ്പന്‍ ചേട്ടന്‍ ഒരു ഒളി ക്യാമറ വാങ്ങി. പ്രായം കുറച്ചായെങ്കിലും ഇപ്പോഴും ഉള്ളില്‍ താരുണ്യം കാത്തു സൂക്ഷിക്കുന്ന രാജപ്പന്‍ ചേട്ടനെ കോഴിക്കോട് ഒരു ഹോട്ടലില്‍ നിന്ന് ഒളി ക്യാമറ പരിപാടികള്‍ പിടിച്ച വാര്‍ത്ത‍ കുറച്ചു കാലമായി ഹോണ്ട് ചെയ്യാന്‍ തുടങ്ങിയിട്ട്. അന്ന് തൊട്ടേ ചേട്ടന്‍ അന്വേഷിക്കുകയാണ് ഇത് എവിടെ കിട്ടും എന്ന്. പക്ഷെ നിങ്ങള്‍ ഒക്കെ വിചാരിക്കുന്ന പോലെ പെണ്ണുങ്ങളുടെ കുളി കടവില്‍ വച്ച് നോക്കാനോ അല്ലെങ്കില്‍ കിടപ്പ് മുറിയില്‍ പിടിപ്പിച്ചു നോക്കാനോ അല്ല രാജപ്പന്‍ ചേട്ടന് ക്യാമറ. കുറച്ചു നാലായി സ്വന്തം പൊണ്ടാട്ടി ആയ ഭാര്‍ഗവി ചേച്ചിയുടെ പോക്ക് അത്ര ശരിയല്ല എന്നൊരു സംശയം. വീട്ടിനു കിഴക്കുള്ള കവലയില്‍ പുതിയതായി പല ചരക്കു കട തുറന്ന രമേശന്റെ കടയില്‍ അവള്‍ ചുറ്റി തിരിഞ്ഞു നടപ്പാണ് ഇപ്പോഴും. ഇനി അവന്‍ വീട്ടിലെങ്ങാന്‍ വരുന്നുണ്ടോ ആവോ. തളത്തില്‍  ദിനേശനെ പോലെ ചെറുതായി തുടങ്ങിയ ഈ സംശയം ഒടുവില്‍ ഒരു വണ്ട്‌ മൂളുന്ന പോലെ രാജപ്പന്‍ ചേട്ടന്റെ ഉള്ളില്‍ കിടന്നു വട്ടമിടാന്‍ തുടങ്ങി. ഒടുവില്‍ ആകെ വട്ടായി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരു മകനും കോളേജില്‍ പഠിക്കുന്ന മകള്‍ വിലാസിനിയും ഉണ്ടായിട്ടു ഈ വയസ്സുകാലത്ത് ഇവള്‍ക്ക് എന്താണ് പ്രശ്നം എന്നറിയണമല്ലോ.  ചേച്ചിയോട് ചോദിക്കാനും വയ്യ. 

     അപ്പോഴാണ് ഈ ബുദ്ധി കിട്ടിയത്. മിന്നാരത്തില്‍ ജഗതി കാണിക്കുന്ന പോലെ ക്യാമറ ഒരെണ്ണം പിടിപ്പിക്കാം. അതില്‍ പതിയുമല്ലോ എല്ലാം. ക്യാമറ എവിടെ കിട്ടും ? പത്രത്തില്‍ വാര്‍ത്തകളില്‍ ഒക്കെ ഇവന്മാര്‍ പറയുന്നത് ഇത് ഇതു മുറുക്കാന്‍ കടയിലും കിട്ടുന്ന രീതിയില്‍ ആയിട്ടുന്ടെന്നാണ്.എന്തായാലും രാവിലെ ആപ്പീസില്‍ പോകുമ്പോ ഒന്ന് തപ്പി നോക്കാം. അങ്ങനെ രാജപ്പന്‍ ചേട്ടന്‍ ഈസ്റ്റ്‌ ഫോര്‍ടില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ ഒക്കെ വില്‍ക്കുന്ന ഒരു കട കണ്ടു പിടിച്ചു. അവിടെ ഉണ്ടാവാതിരിക്കില്ല. വൈകിട്ട് വീട്ടിലേക്കു വരുന്ന വഴി അവിടെ ഇറങ്ങി. ചെന്നപ്പോ എന്താ ഒരു തിരക്ക്. ഒരു രക്ഷയുമില്ല. അത് ഒരു ഹോള്‍ സേല്‍ കട ആയതു കാരണം ആണെന്ന് തോന്നുന്നു നല്ല തിരക്ക്. ഒരു വിധതി രാജപ്പന്‍ ചേട്ടന്‍ അതിനിടക്ക് കൂടെ മുന്നിലേക്ക്‌ ചെന്ന്. 'മോനേ.. ഇവിടെ ഈ ക്യാമറ ഉണ്ടോ ? ' സേല്‍സ് മാനോട് ചോദിച്ചു. ' ഉണ്ട് ചേട്ടാ. ഏതാ വേണ്ടത്  ? ' എന്ന് പറഞ്ഞിട്ട് അവന്‍ സോണിയുടെ ഒരു ക്യാമറ എടുത്തു നീട്ടി. 'ഇതല്ല. ഈ ചെറിയ ക്യാമറ ഇല്ലേ ? ഈ സീക്രട്ട് ആയി പടം പിടിക്കുന്ന... ' രാജപ്പന്‍ ചേട്ടന്‍ ആവശ്യം ഒന്നുകൂടി വ്യക്തമാക്കി. എന്നാല്‍ ആ ചോദ്യം കേട്ടതോടു കൂടി അവിടെ സാധനം വാങ്ങാന്‍ വന്നവരും കടയില്‍ നില്‍ക്കുന്നവരും ഒക്കെ ഒരു നിമിഷം നിശ്ചലമായി. എന്നിട് എല്ലാവരും രാജപ്പന്‍ ചേട്ടനെ തുറിച്ചു നോക്കി. അത് കണ്ടതോട്‌ കൂടി സംഗതി പന്തിയല്ല എന്ന് രാജപ്പന്‍ ചേട്ടന് പിടി കിട്ടി. 'ഇല്ലെങ്കില്‍ വേണ്ട. ഞാന്‍ പിന്നെ വരം' എന്ന് പറഞ്ഞിട്ട് രാജപ്പന്‍ ചേട്ടന്‍ തടിയൂരി.

     ഇനി ഇപ്പൊ ഇത് എങ്ങനെ ഒപ്പിക്കും ? അപ്പോഴാണ് പേപ്പറില്‍ ഒരു പരസ്യം കിടക്കുന്നത് ചേട്ടന്‍ കണ്ടത്. 'candid cameras - offer of the day'.. ടൈറ്റില്‍ കണ്ടിട്ട്  മനസ്സിലായില്ലെങ്കിലും ഒപ്പമുള്ള ക്യാമറയുടെ പടം കണ്ടതോട്‌ കൂടി രാജപ്പന്‍ ചേട്ടന് കാര്യം മനസ്സിലായി. 5000 രൂപയുടെ സാധനം ഇന്ന് മാത്രം 2000 രൂപയ്ക്കു. കൊള്ളാം. രോഗി ഇശ്ചിച്ചതും  പാല്. വൈദ്യന്‍ കല്പിച്ചതും പാല്. അപ്പൊ തന്നെ രാജപ്പന്‍ ചേട്ടന്‍ ആ പരസ്യത്തിലുള്ള ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ചു ഏറ്റവും വില കുറവുള്ള ഒരു ക്യാമറ ഓര്‍ഡര്‍ ചെയ്തു. അടുത്ത ദിവസം മുതല്‍ രാജപ്പന്‍ ചേട്ടന്‍ പ്രസവം കാത്തിരിക്കുന്ന ഒരു ഗര്‍ഭിണിയെ പോലെ നാളുകള്‍ എണ്ണാന്‍ തുടങ്ങി. ഓഫീസില്‍ പോകുന്ന വഴി എല്ലാ ദിവസവും പോസ്റ്റ്‌ ഓഫീസില്‍ കയറി അന്വേഷിക്കും പാഴ്സല്‍ വല്ലതും വന്നോ എന്ന്. വീട്ടില്‍ അറിയരുതല്ലോ. അങ്ങനെ ആ ദിവസം വന്നെത്തി. സാധനം എത്തി.
രാവിലെ തന്നെ പോയി വാങ്ങിച്ചു നേരെ സുഭാഷ്‌ പാര്‍ക്കിലേക്ക് വച്ചു പിടിച്ചു. തുറന്നു നോക്കി. ചെറിയ ഒരു ക്യാമറ. ഹോമിയോ മരുന്ന് വരുന്ന ചെറിയ കുപ്പിയുടെ അത്രയേ ഉള്ളു. ഭാര്‍ഗവി അല്ല അവളുടെ ചത്ത്‌ പോയ തന്ത പാക്കരന്‍ വൈദ്യര്‍ വിചാരിച്ചാല്‍ ഇത് കണ്ടു പിടിക്കാന്‍ പറ്റില്ല. ഇന്ന് തന്നെ ഇത് വീട്ടില്‍ ഉറപ്പിക്കണം. രാത്രി ആയി. വിലാസിനി കൂര്‍ക്കം വലിച്ചു ഉറങ്ങുന്നുണ്ട്. ഭാര്‍ഗവി ചേച്ചി ഉറക്കത്തില്‍ തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടപ്പുണ്ട്. അവള്‍ക്കു എങ്ങനെ ഉറക്കം വരും.മനസ്സ് നിറയെ രമേശന്‍ അല്ലേ.. രാജപ്പന്‍ ചേട്ടന്‍ ഓര്‍ത്തു. ഇന്ന് കൊണ്ട് എല്ലാം ഞാന്‍ ശരിയാക്കി തരാമെടീ എന്നൊക്കെ മനസ്സിലോര്‍ത്തു കൊണ്ട് രാജപ്പന്‍ ചേട്ടന്‍ അത് തുണി ഒക്കെ ഇടാന്‍ വേണ്ടി മുറിയുടെ സൈഡില്‍ വച്ചിരിക്കുന്ന സോള്‍ ഓഫ് കേരളയുടെ പുറകില്‍ ഉറപ്പിച്ചു. നാട്ടില്‍ പ്ലാവ് മുറിച്ചപ്പോള്‍ ബാക്കി വന്ന വേര് മോഡി പിടിപ്പിച്ചു പോളിഷ് ചെയ്തു വച്ചിരിക്കുന്നതിനു വിലാസിനി ഇട്ട പേരാണ് സോള്‍ ഓഫ് കേരള എന്നത്. എന്തായാലും 



ആ സാധനത്തിനു ആ പേര് ചേരും. വേരും ശിഖരവും ഒക്കെ പോയി വളര്‍ച്ച മുരടിച്ച ഈ തടി കഷണത്തിന് ഇതിനെക്കാള്‍ ചേര്‍ന്ന പേര് വേറെയില്ല. ക്യാമറക്ക് എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി റെക്കോര്‍ഡ്‌ ചെയ്യാനുള്ള കഴിവുണ്ട്. നാളെ ഓഫീസില്‍ നിന്ന് വന്നതിനു ശേഷം നോക്കാം. 

     രാവിലെ നേരത്തെ തന്നെ കുളിച്ചു രാജപ്പന്‍ ചേട്ടന്‍ ഓഫീസില്‍ പോയി. വൈകിട്ട് വന്നിട്ട് വേണം എല്ലാം ശരിയാക്കാന്‍. എന്തൊക്കെയോ ചെയ്തു ഒടുവില്‍ വൈകിട്ടാക്കി.  തിരിച്ചെത്തി. ക്യാമറയില്‍ എന്താവും ഉണ്ടാവുക എന്ന ആകാംഷ. പോയി ക്യാമറ എടുത്തു. അതിന്‍റെ മുകളില്‍ ഭാര്‍ഗവി ചേച്ചി കുളിച്ചിട്ടു തോര്‍ത്ത്‌ കൊണ്ട് ഇട്ടിട്ടുണ്ട്. കുന്തം. ഇതില്‍ വല്ലതും പതിഞ്ഞിട്ടുണ്ടാവുമോ ആവോ . ക്യാമറയുടെ ഒപ്പം കിട്ടിയ പൊസ്തകം ഒക്കെ വായിച്ചു പഠിച്ചു. അതില്‍ പറയുന്ന പോലെ കേബിള്‍ കണക്ട് ചെയ്തിട്ട് അത് കമ്പ്യൂട്ടറില്‍ കുത്തണം. വിലാസിനി കോളേജില്‍ നിന്ന് നേരത്തെ വന്നത് കാരണം അവള്‍ കമ്പ്യൂട്ടറിന്റെ മുന്നിലാണ്. അവള്‍ ഇനി കിടന്നിട്ടേ ഇത് നോക്കാന്‍ പറ്റൂ. അത്താഴം കഴിച്ചു എല്ലാവരും കിടന്നു. രാജപ്പന്‍ ചേട്ടന്‍ മാത്രം ഉറങ്ങിയിട്ടില്ല. എല്ലാവരും ഉറങ്ങി എന്ന് ഉറപ്പു വരുത്തിയിട്ട് രാജപ്പന്‍ ചേട്ടന്‍ പതിയെ എഴുനേറ്റു. ക്യാമറ പിടിപ്പിച്ചു. കേബിള്‍ കുത്തി. അവന്‍മാര്‍ അയച്ചു തന്നിരുന്ന സി ഡി ഇട്ടു അതിലെ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തു. സ്റ്റാര്‍ട്ട്‌ പ്ലേ എന്നൊരു ബട്ടണ്‍ കണ്ടു. അതില്‍ ക്ലിക്ക് ചെയ്തതും അതാ സിനിമ ഓടി തുടങ്ങി. ആദ്യത്തെ കുറച്ചു മണിക്കൂറുകള്‍ ഒന്നുമില്ല. ഒരേ ദൃശ്യം മാത്രം. ആ മുറി തന്നെ കണ്ടു കണ്ടു മടുത്തു. ഈ സെക്യൂരിറ്റി ക്യാമറ ഒക്കെ വച്ച് ആള്‍ക്കാരെ നിരീക്ഷിക്കുന്നവന്മാരെ ഒക്കെ സമ്മതിക്കണം. അവനൊക്കെ ബോര്‍ അടിച്ചു മരിക്കില്ലേ. വീഡിയോയുടെ അവസാന ഭാഗത്തേക്ക്‌ എത്താറായി. ആരോ മുറിയില്‍ വന്നു ലൈറ്റ് ഓണ്‍ ചെയ്തു. ഇപ്പൊ ദൃശ്യം കൂടുതല്‍ വ്യക്തമാണ്‌. ആരോ അകത്തേക്ക് വരുന്നുണ്ട്.
ഹമ്മേ.. ഇത് കവലയിലുള്ള ചീട്ടുകളി ക്ലബിലെ ആ പയ്യന്‍ ആണല്ലോ. എന്താ അവന്‍റെ പേര്.. പ്രദീപ്‌. അപ്പൊ ഇവനുമായും ഇവള്‍ക്ക് ബന്ധം ? അവന്‍റെ സൈഡില്‍ കൂടി വന്ന സ്ത്രീ  വന്നു ക്യാമറക്ക് നേരെ തിരിഞ്ഞു നില്‍ക്കുകയാണ്. അവള്‍ ക്യാമറ മറഞ്ഞു നില്‍ക്കുന്ന കാരണം ആള്‍ ആരാണെന്നു അറിയാന്‍ പറ്റുന്നില്ല. അവള്‍ കുറച്ചു മുന്നോട്ടു നീങ്ങി. ഇപ്പൊ ആ വസ്ത്രം ഒരു വിധം കാണാം. പാവം രാജപ്പന്‍ ചേട്ടന്‍റെ ഉള്ളില്‍ ഒരു വെള്ളിടി വെട്ടി. പിങ്ക് കളറില്‍ വെള്ള പൂക്കള്‍ ഉള്ള ആ നൈറ്റി. കഴിഞ്ഞ ഓണത്തിന് ടൌണിലെ മനോഹരി texstiles ല്‍ നിന്ന് വാങ്ങി കൊടുത്ത ആ നൈറ്റി. എടീ ഭാര്‍ഗവീ. എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു. കൂടുതല്‍ കാണാന്‍ ശേഷി ഇല്ലാതെ രാജപ്പന്‍ ചേട്ടന്‍ എല്ലാം ഓഫ്‌ ആക്കി. 

     നേരം വെളുത്തു. ഭാര്‍ഗവി ചേച്ചി ഒരു ഭാവ വ്യത്യാസവും  കൂടാതെ അടുക്കളയില്‍ പണിയിലാണ്. 'നിങ്ങള്‍ ഇന്നലെ രാത്രി എപ്പോഴാ കിടന്നത് ? അവിടെ എന്തെടുക്കുകയായിരുന്നു ? " അവര്‍ ചോദിച്ചു. 'ഹോ. നിന്‍റെ ഒരു കാര്യം. നിനക്കൊക്കെ എങ്ങനെ ചോദിയ്ക്കാന്‍ പറ്റുന്നെടീ ' എന്നൊക്കെ രാജപ്പന്‍ ചേട്ടന്‍ മനസ്സില്‍ ഓര്‍ത്തു. 'ഒന്നുമില്ല. എല്ലാം പഠിക്കുകയായിരുന്നു' എന്ന് രാജപ്പന്‍ ചേട്ടന്‍ മറുപടി കൊടുത്തു. നീറുന്ന മനസ്സുമായി രാജപ്പന്‍ ചേട്ടന്‍ ഓഫീസില്‍ പോയി. അന്ന് ക്യാമറ വച്ചില്ല. ഒരു ദിവസം കൊണ്ട് തന്നെ മതിയായി. തന്നെ ചതിക്കുന്ന ഒരു ഭാര്യയുമായുള്ള ജീവിതം... സഹിക്കാന്‍ പറ്റില്ല. വൈകിട്ട് തിരിച്ചെത്തിയ രാജപ്പന്‍ ചേട്ടന്‍ നേരത്തെ അത്താഴം കഴിച്ചു. എന്നിട് കട്ടിലില്‍ കയറി കിടന്നു. കുറച്ചു കഴിഞ്ഞപ്പോ ഭാര്‍ഗവി ചേച്ചിയും വന്നു കിടന്നു. 'അതേ , നിങ്ങള്‍ ഉറങ്ങിയോ ? ' ഭാര്‍ഗവി ചേച്ചി ചോദിച്ചു. ഉറക്കം നടിച്ചു കിടക്കുകയായിരുന്ന രാജപ്പന്‍ ചേട്ടന്‍ ആദ്യം അത് കേട്ടതായി ഭാവിച്ചില്ല.. രണ്ടു തവണ ചോദിച്ചതിനു ശേഷം എന്താ എന്ന് ചോദിച്ചു. 'അല്ല വിലാസിനി വളര്‍ന്നു വരികയാണ്‌. കെട്ടിച്ചു വിടണമെങ്കില്‍ ഇന്നത്തെ കാലത്ത് എത്ര പവന്‍ കൊടുക്കണം എന്നറിയാമോ ? നിങ്ങള്ക്ക് ഇങ്ങനെ കിടന്നുറങ്ങാന്‍ എങ്ങനെ പറ്റുന്നു ?' എന്നൊക്കെ ഭാര്‍ഗവി ചേച്ചി പറഞ്ഞു കൊണ്ടിരുന്നു. ഒടുവില്‍ സഹി കെട്ടു 'അതൊക്കെ അപ്പൊ നോക്കാം . നീ തല്‍ക്കാലം കിടന്നുറങ്ങു ' എന്ന് രാജപ്പന്‍ ചേട്ടന്‍ ദേഷ്യപ്പെട്ടു. അത് ഭാര്‍ഗവി ചേച്ചിക്ക് പിടിച്ചില്ല. 'നിങ്ങള്‍ അതും പറഞ്ഞു കിടന്നോ. അവള്‍ക്കു മര്യാദക്ക് ഉടുക്കാന്‍ ഡ്രസ്സ്‌ പോലുമില്ല. ഇപ്പ തന്നെ എന്‍റെ നൈറ്റിയും സാരിയും ഒക്കെയാ അവള്‍ ഇട്ടു കൊണ്ട് നടക്കുന്നത്. വന്നു വന്നു എനിക്ക് ഇപ്പൊ ആകെ ഒരു നേരിയതു മാത്രമുണ്ട് അകത്തും പുറത്തും ഒക്കെ ഉടുതുകൊണ്ട് പോകാന്‍. ' അവര്‍ പറഞ്ഞു.
അത് കേട്ട രാജപ്പന്‍ ചേട്ടന്‍റെ തലയില്‍ നിന്ന് ഒരു കൂട്ടം കിളികള്‍ പറന്നു പോയി. 'നീ എന്താ പറഞ്ഞത് ? ' രാജപ്പന്‍ ചേട്ടന്‍ ചാടി എഴുനേറ്റു. 'അപ്പൊ നിങ്ങള്‍ ഇത് വരെ ഞാന്‍  പറഞ്ഞതൊന്നും കേട്ടില്ലേ ? ' ഭാര്‍ഗവി ചേച്ചിക്കും ദേഷ്യം വന്നു. 'അപ്പൊ ആ പിങ്ക് നൈറ്റിയും നീ അവള്‍ക്കു കൊടുത്തോ ? ' ഭാര്‍ഗവന്‍ ചേട്ടന്‍ വിറയലോടെ ചോദിച്ചു. 'ആ നൈടിക്കു എന്താ ഇത്ര പ്രത്യേകത. അന്ന് മനോഹരിയില്‍ നിന്ന് അത് വാങ്ങിച്ചു കൊണ്ട് വന്നിട്ട് എനിക്ക് ചെറുതാണെന്ന് പറഞ്ഞിട്ട് വിലാസിനി അന്നേ അത് എടുത്തില്ലേ. ഇപ്പൊ എനിക്ക വീട്ടില്‍ ഇടാന്‍ തുണി ഇല്ലാത്തതു.. ' ഭാര്‍ഗവി ചേച്ചി ചെറിയ ശോക ഭാവത്തോടെ പറഞ്ഞു... ' അപ്പൊ ക്യാമറയില്‍ അന്ന് കണ്ടത്... എന്‍റെ മോളെ.. വിലാസിനീ .. നീ ' രാജപ്പന്‍ ചേട്ടന്‍ ഭാര്‍ഗവി ചേച്ചിയെ പതുക്കെ തന്നോട് ചേര്‍ത്ത് പിടിച്ചു.. ' നേരാ ഭാര്‍ഗവീ.. നമ്മുടെ മോളെ കെട്ടിച്ചു വിടാന്‍ സമയമായി ...' 



5 അഭിപ്രായങ്ങൾ:

  1. രാജപ്പന് ചേട്ടന്റെ മോളുടെ ശുഡ ജാതകം ആണോ അണ്ണാ........

    ഭാര്‍ഗവി, വിലാസിനി.....ദാക്ഷായണീ...കൊള്ളാം........syuper post....I enoyed..aaaa(Dileep style).......

    മറുപടിഇല്ലാതാക്കൂ
  2. ആഹാ നല്ല വിവരണം.. :)
    ന്നാലും വിലാസിനി...!!

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, മേയ് 7 10:54 PM

    ക്യാമറയില്‍ കണ്ടത് ബാകി explain ചെയ്യന്ഞ്ഞത് ശുദ്ധ ബോശ്ക് ആയിപോയി..ഇത്തവണ ക്ഷമിചേക്കാന്..അടുത്ത തവണ ഫുള്‍ explain ചെയ്യണം.

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം... എങ്കിലും വിലാസിനീ..

    മറുപടിഇല്ലാതാക്കൂ