2013, മാർച്ച് 13, ബുധനാഴ്‌ച

ഇന്നൊരു സുദിനം


     സത്യം പറഞ്ഞാല്‍ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ പറ്റുന്നില്ല. എന്തൊക്കെയാണ് കേള്‍ക്കുന്നത് അല്ലേ  ? കുറച്ചു കാലമായി ഒന്നും എഴുതാതിരുന്ന ഒരാളെ പ്രചോദിപ്പിക്കുന്ന എന്തൊക്കെ വിഷയങ്ങളാണ് മുന്നില്‍.. .. ഗണേഷ് കുമാറിനു കിട്ടിയ അടി, രാം സിംഗ് എന്ന നിരപരാധിയുടെ ആത്മഹത്യ,  പി സി ജോര്‍ജിന്‍റെ  കുട്ടി , ബാലകൃഷ്ണപിള്ളയുടെ മകനെ കണ്ടെത്തല്‍ , അമൃതയുടെ കരാട്ടെ കളി,പഴയ പോപ്പിന്‍റെ  രാജി. പുതിയ പോപ്പിന്‍റെ  തെരഞ്ഞെടുപ്പിന്‍റെ  ഭാഗമായുള്ള കറുത്ത പുകയും വെളുത്ത പുകയും ,  മദനിയുടെ കരച്ചില്‍,  ബിട്ടി മൊഹന്തി തുടങ്ങി ഇന്നിതാ ഇറ്റലി നമ്മളെ ഫൂളാക്കിയത് വരെയെത്തി നില്‍ക്കുന്നു കഥകള്‍.ഓരോന്നായി ഓര്‍ത്തെടുക്കട്ടെ.

ഗണേഷിനു കിട്ടിയ അടി 

സത്യത്തില്‍ ഇത് ഗണേഷിന്‍റെ കഥയല്ല . പി സി ജോര്‍ജ് എന്ന മഹാത്മാവിന്‍റെ കഥയാണ്‌.പീ സി ജോര്‍ജ് എന്ന മഹാനായ ജന നേതാവ് നടത്തിയ ഒരു വെളിപ്പെടുത്തല്‍ ആണ് ഈയടുത്ത കാലത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചത് . ചുറ്റിനും പോലീസുകാര്‍ കാവല്‍ നില്‍ക്കുന്ന ഒരു മന്ത്രി മന്ദിരത്തില്‍ കയറി മന്ത്രിയുടെ കാമുകീ ഭര്‍ത്താവു മന്ത്രിയെമര്‍ദിച്ചു  എന്ന  വാര്‍ത്ത മംഗളം എന്ന മഹത്തായ പത്രമാണ്‌ കണ്ടെത്തിയത്. ഇനി അത് വായിച്ചിട്ടാരെങ്കിലും  ഇത്രയും നിഷ്കളങ്കരായ നമ്മളെ ആരെയെങ്കിലും ജനങ്ങള്‍ തെറ്റിദ്ധരിച്ചാലോ എന്ന സന്ദേഹം കാരണം ഉറക്കം നഷ്ടപ്പെടും എന്ന അവസ്ഥയിലെത്തിയപ്പോഴാണ് പാവം ജോര്‍ജ് ഇത് പറഞ്ഞു പോയത്. കറണ്ട് പോയതിന്‍റെ  പേരില്‍ ഇലെക്ട്രിസിറ്റി  ഓഫീസില്‍ അദ്ദേഹം നടത്തിയ ഒരു തിറയാട്ടം പണ്ട് യൂടൂബില്‍ കണ്ടിട്ടുണ്ട്. ആ തെറ്റിധാരണ മാറിയത് ഇപ്പോഴാണ്. ഇത്രയും നല്ല ഉദ്ദേശത്തോടു കൂടി അദ്ദേഹം നടത്തിയ ഒരു വെളിപ്പെടുത്തല്‍ കേരള സമൂഹം എങ്ങനെ ആണ് എടുത്തതെന്ന് നമ്മള്‍ കണ്ടു. അതവിടെ നില്‍ക്കട്ടെ. നമ്മളോടൊക്കെ ദൈവം ചോദിച്ചോളും. അതുകഴിഞ്ഞ് എണീറ്റ്‌ നില്‍ക്കാന്‍ ശേഷിയില്ലാത്ത ഗൌരിയമ്മയും ലോനപ്പന്‍ നമ്പാടനും ആ പാവത്തിനെ പറഞ്ഞതോ അങ്ങേര്‍ക്കു പണ്ട് ഒരു സെറ്റപ്പില്‍ ഒരു കുട്ടിയുണ്ടായിരുന്നെന്ന് . 

ഗണേഷിനു  കിട്ടിയ രണ്ടാമത്തെ അടി 

     ഗണേഷിനു  കിട്ടിയ രണ്ടാമത്തെ അടി എന്താണെന്നല്ലേ ? മറ്റൊന്നുമല്ല. സ്വന്തം അച്ഛനും സര്‍വോപരി കേരള കോണ്‍ഗ്രസ്‌ ( ബാ ക്രി ) ഗ്രൂപ്പ്‌ ഉടമയുമായ ബാലകൃഷ്ണ പിള്ളയദ്യം  തക്കം നോക്കി തന്നെ കൊടുത്തു അടി. പ്രവര്‍ത്തി പരിചയത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്നു പിള്ള തെളിയിച്ചു . ഒരു ഉപാധിയുമില്ലാതെ മകനെ സ്വന്തം കാല്‍ക്കല്‍ വരുത്തിച്ചു പിള്ള വീണ്ടും മഹാനായി. മാത്രമല്ല പൊതു ശത്രുവായ ജോര്‍ജിനെതിരെ രണ്ടു പേരും യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

ലേഡി ടാര്‍സന്‍ 

എന്തൊക്കെയായിരുന്നു അമൃതയെ പറ്റി  പാണന്മാര്‍ പാടി നടന്നത്. പെണ്‍ പുലി , പെണ്‍  സിംഹം തുടങ്ങി എല്ലാ ആണ്‍ മൃഗങ്ങളെയും പെണ്ണുങ്ങളുടെ പേര് വിളിച്ചു അവര്‍ അമൃതയ്ക്ക് ചാര്‍ത്തി കൊടുത്തു. ഞാന്‍ ഒരു സംഭവം ആണെന്ന് പുള്ളിക്കാരിയും കിട്ടുന്ന സ്ഥലങ്ങളിലൊക്കെ സൂചിപ്പിച്ചു. ഒടുവില്‍ പോലീസ് ക്യാമറ തപ്പി നോക്കിയപ്പോഴോ .. ആട് കിടന്നിടത്ത് പൂട പോലുമില്ല എന്ന അവസ്ഥയിലായി. പക്ഷെ അമൃത അവരെ തല്ലിയ  വാര്‍ത്തയ്ക്കു കിട്ടിയതിന്‍റെ പകുതിയുടെ പകുതി വാര്‍ത്താ പ്രാധാന്യം ഈ ഒരു കണ്ടെത്തലിനു കിട്ടിയില്ല .

മഹാ മിടുക്കന്‍ 

ഉള്ളതില്‍ മിടുക്കന്‍ ലവനാണ്. ഓടീഷയില്‍  നിന്ന് വന്നു ഇത്രയും കാലം നമ്മളെയെല്ലാം പറ്റിച്ചു ഇവിടെ സുഖമായി ജീവിച്ച ഈ ചേട്ടന്‍ ആരാണെന്ന് പറയേണ്ടതില്ലല്ലോ അല്ലെ . കൂടുതല്‍ എഴുതുന്നില്ല . അദ്ദേഹത്തിന്‍റെ കഥയൊന്നും അങ്ങനെയിങ്ങനെ ഒരു വരിയില്‍ എഴുതാന്‍ പറ്റുന്നതല്ല.  

ഇനി എനിക്ക് പറയാനുള്ളത് 

ഈ സംഭവങ്ങളില്‍ യഥാര്‍ത്ഥ ഹീറോകള്‍  ആരാണെന്ന് അറിയാമോ ? മറ്റാരുമല്ല. നമ്മുടെ മാധ്യമങ്ങള്‍ തന്നെയാണ്. പത്ര പ്രവര്‍ത്തനത്തിന്‍റെ  നിര്‍വചനം പോലുമറിയാത്ത ഏത്  വിവരം കെട്ടവനും  പണിയെടുക്കാവുന്ന ഒരു മേഖലയാണ് മലയാള മാധ്യമ സ്ഥാപനങ്ങള്‍. .നാറിയ സീരിയലുകളും തരം  താണ കുറ്റാന്വേഷണ പരിപാടികളും റിയാലിറ്റി ഷോകളും കൊണ്ട് ഇപ്പോള്‍ തന്നെ മലീമസമായ നമ്മുടെ ചാനലുകളില്‍ ഇതൊന്നും ഒരു വാര്‍ത്തയേ അല്ല.   ഗണേഷ് കുമാര്‍ സ്വന്തം കഴിവ് തെളിയിച്ച ഒരു മന്ത്രിയാണ്. കേരളത്തില്‍ പല പുതിയ പദ്ധതികളും കൊണ്ട് വന്നു വിജയിപ്പിച്ച ഒരു നേതാവ് ആണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ  സ്വകാര്യ ജീവിതം ചുരണ്ടിയെടുത്ത് സമൂഹത്തില്‍ വാര്‍ത്തയാക്കാനും വിഴുപ്പലക്കാനും നമ്മുടെ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. മന്ത്രി സമൂഹത്തിനു മുഴുവന്‍ മാതൃക ആകേണ്ട ഒരാളാണെന്നും അദ്ദേഹം ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്നുമൊക്കെയുള്ള ഉപദേശങ്ങള്‍ നല്‍കാന്‍ അവര്‍ മത്സരിക്കുകയായിരുന്നു. എന്നാല്‍ ഇതുവരെ പൊതുജനത്തിന് അറിയാത്ത കഥകള്‍ ആരാണ് ഇങ്ങനെ ചര്‍ച്ചക്ക് വയ്ച്ചത്‌ എന്ന് എല്ലാവരും മറന്നു. ഏറ്റവും വലിയ തമാശ കണ്ടത് കൈരളി ചാനലില്‍ ആണ്. അവരുടെ വാര്‍ത്തയില്‍ മന്ത്രിയുടെ കവിളിനു ചുറ്റും ഒരു ചുവന്ന വൃത്തം വരച്ചിട്ടു അടി കൊണ്ട പാട് ആയി വാര്‍ത്തയില്‍ കാണിക്കുന്നത് കണ്ടു . ഒരു സംശയം മാത്രം. കേരളത്തില്‍ ആരാണ്  ഇത് വരെ  ജീവിതത്തില്‍ ഒരു മന്ത്രിയെ മാതൃക ആക്കിയിരിക്കുന്നതെന്ന്.ഇരുപത്തി നാല് മണിക്കൂറും അവിഹിത ബന്ധങ്ങളുടെയും പരസ്ത്രീ ഗമനത്തിന്‍റെയും കഥകള്‍ പറയുന്ന ഈ ചാനലുകള്‍ക്ക് ഇങ്ങനത്തെ ഉപദേശങ്ങള്‍ നല്‍കാനുള്ള ധാര്‍മിക ബാധ്യത ഉണ്ടോ എന്ന നിസ്സാര ചോദ്യത്തിന് ഒരു ഉത്തരം ആര് തരും ?

ഏറ്റവും ചീഞ്ഞ പരിപാടി കണ്ടത് ഇന്നലെയാണ്. ഡല്‍ഹി പീഡന കേസിലെ ഒന്നാം പ്രതി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ചാനലുകളില്‍ വന്ന ചര്‍ച്ചകള്‍. .തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് വന്ന വീഴ്ച, കൊലപാതകം, എന്ന് തുടങ്ങി ഒട്ടേറെ പരാതികള്‍. .. . ഒരു തടവ്‌ പ്രതി മരിക്കാതിരിക്കണമെങ്കില്‍ എന്ത് ചെയ്യണം ? ഇരുപത്തി നാല് മണിക്കൂറും അവനു കാവല്‍ കൊടുക്കണോ ? ഒരു പെണ്‍കുട്ടിയെ ഇതിലും ക്രൂരമായി ഒരാള്‍ക്കും കൊല്ലാന്‍ കഴിയില്ല. അങ്ങനെ ഒരാള്‍ അവിടെ തൂങ്ങി മരിച്ചെങ്കില്‍ അത് കുറ്റബോധം കൊണ്ടല്ല . മറിച്ചു  സമൂഹത്തിലേക്കു ഇറങ്ങി ചെല്ലേണ്ട ഒരു സാഹചര്യം ഉണ്ടായാല്‍ അവിടെ കിട്ടാന്‍ പോകുന്ന ശിക്ഷയെ കുറിച്ചുള്ള പേടി മാത്രമാണ് കാരണം. കഴിഞ്ഞയാഴ്ച കേരളത്തില്‍ മൂന്നു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയുടെ ദൃശ്യം ടിവിയില്‍ കണ്ടവര്‍ക്ക് അത് മനസ്സിലാകും. അയാളുടെ ഭീതി നിറഞ്ഞ മുഖത്ത് കാണാന്‍ കഴിഞ്ഞത് പേടി മാത്രമാണ്. ജനങ്ങള്‍ തല്ലിക്കൊല്ലുമോ  എന്ന പേടി. ഇടതു പക്ഷം ഈ സംഭവത്തെ കണ്ടത് വലതു പക്ഷത്തിന്‍റെ  വീഴ്ചയായാണ് . മരിച്ചയാളുടെ മനുഷ്യാവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നു. മനുഷ്യാവകാശത്തെ പറ്റി  ഘോരഘോരം പ്രസംഗിക്കുന്നവര്‍ 16 വര്‍ഷങ്ങള്‍ക്കു മുമ്പ്   ഇതേ  തീഹാര്‍ ജയിലില്‍ കൊല്ലപ്പെട്ട രാജന്‍ പിള്ളയെ മറന്നു. ആ വാര്‍ത്തകള്‍ ഒന്ന് കൂട് വായിച്ചു നോക്കുന്നതും ഈയടുത്ത കാലത്ത് ആ കേസില്‍ വന്ന കോടതി വിധിയും ഒന്ന് കണ്ടു നോക്കുക. 

ഒരു കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം. ഒരു പീടനമോ മരണമോ ഉണ്ടാകുമ്പോള്‍ കൂടി നിന്ന് മെഴുകു തിരി കത്തിച്ചത് കൊണ്ടോ കൂട്ടയോട്ടം നടത്തിയത് കൊണ്ടോ ഫേസ് ബുക്ക്‌ കൂട്ടായ്മ ഉണ്ടാകിയത് കൊണ്ടോ ഒരു പോസ്റ്റ്‌ ഇട്ടതു കൊണ്ടോ രാജ്യം മാറാന്‍ പോകുന്നില്ല . എന്ത് മാറ്റം ഉണ്ടാകണമെങ്കിലും അത് ഉണ്ടാക്കേണ്ടത് ഒരു വ്യക്തിയുമാണ്. അല്ലാതെ നിങ്ങളുടെ നേതാവ് മാറിയത് കൊണ്ടോ നിങ്ങളെ ഭരിക്കുന്ന പാര്‍ട്ടി മാറിയത് കൊണ്ടോ നിങ്ങള്‍ രക്ഷപെടില്ല . ഭാരതത്തില്‍ നിങ്ങള്‍ ജീവിക്കുന്നത് മറ്റുള്ളവരുടെ ഔദാര്യത്തിലാണ്. അല്ലാതെ ജീവിക്കാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിതമല്ല ഇവിടെ . ഒരു ഭാരതീയന്‍ എവിടെ പോയി കൊല്ലപ്പെട്ടാലും നമുക്ക് അത് കേവലം വാര്‍ത്ത മാത്രമാണ്. പക്ഷെ മറ്റുള്ള രാജ്യങ്ങളെ നോക്കൂ. ഒരു അമേരിക്കന്‍ പൌരന്‍ എവിടെയെങ്കിലും പോയി എന്തെങ്കിലും അപകടത്തില്‍ പെട്ടാല്‍ അവര്‍ എങ്ങനെ ആണ് പെരുമാറുന്നത് എന്ന് മാത്രം നോക്കിയാല്‍ മതി. നമ്മുടെ രാജ്യം മഹത്തായ ഒരു രാജ്യമാണ്, അഹിംസ ആണ് നമ്മുടെ ശക്തി എന്നൊക്കെ നമ്മള്‍ ഒരു സമാധാനത്തിനു വേണ്ടി വെറുതെ പറഞ്ഞു നടക്കുന്നതാണ്. ശക്തിയുള്ളവനേ സമാധാനം ഉറപ്പു വരുത്താന്‍ കഴിയൂ എന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. അപ്പൊ , അത് കൊണ്ട് നമുക്ക് ഇങ്ങനെ ബാക്കിയുള്ളവന്റെ കഥകളും ചര്‍ച്ച ചെയ്തു പാട്ടും പാടി സിനിമയും കണ്ടു സന്തോഷത്തോടെ ജീവിക്കാം . നിങ്ങള്‍ വാര്‍ത്തയില്‍ പെടാത്തിടത്തോളം കാലം ഇത്രയും സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ പറ്റുന്ന വേറൊരു രാജ്യം ലോകതുണ്ടാവില്ല . മേരാ  ഭാരത്‌ മഹാന്‍ 


7 അഭിപ്രായങ്ങൾ:

  1. നിങ്ങള്‍ വാര്‍ത്തയില്‍ പെടാത്തിടത്തോളം കാലം ഇത്രയും സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍....


    എന്തോ...എന്തരോ.....
    ആറുമാസമായി മുങ്ങി നടന്നിട്ട് വന്നിരിക്കുന്നോ...ഗുണപാഠവുമായി..
    നോവലിന്റെ ബാക്കി ഇടടോ...
    ഇല്ലേല്‍ തന്നെ വാര്‍ത്തേല്‍ കേറ്റും കേട്ടാ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എഴുതാം . ഇപ്പോഴാണ് ആ മടി മാറിയത് . ശരിയാക്കി തരാം

      ഇല്ലാതാക്കൂ
    2. ശ്ശോ..വെറുതേ ഒന്നു പേടിപ്പിച്ചു നോക്കിയതാ..അതേറ്റോ..
      ലവ്യൂ ദുശ്ശൂ....

      ഇല്ലാതാക്കൂ
  2. മടിമാറി എന്നറിഞ്ഞല്ലോ. സന്തോഷം

    മറുപടിഇല്ലാതാക്കൂ
  3. വാര്‍ത്താതരംഗങ്ങളല്ലേ?

    മറുപടിഇല്ലാതാക്കൂ