പി സി ജോര്‍ജ് ആണല്ലോ ഇപ്പൊ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരം. ഒപ്പം ഗണേശനും. പതിവ് പോലെ ഉമ്മന്‍ ചാണ്ടി പുലിവാല് പിടിച്ചു നില്‍പ്പുണ്ട്. ജോര്‍ജിന്റെയും ഗണേഷിന്റെയും ചെയ്തികളുടെ ശരി തെറ്റുകള്‍ അന്വേഷിക്കുകയല്ല ഇവിടെ. അവര്‍ ചെയ്തതിനെ ഏതു ഭാഷയില്‍ ന്യായീകരിച്ചാലും ചെയ്തത് തെറ്റല്ലാതാകുന്നില്ല. പക്ഷെ ഈ വിഷയത്തില്‍ വിവാദമുയര്‍ത്തി ഇടതുപക്ഷം നാട്ടിലാകെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അച്യുതാനന്ദനെ ഇങ്ങനെ ഒക്കെ പറയാന്‍ പാടുണ്ടോ ? ജോര്‍ജ് ഇപ്പറഞ്ഞത് കേരളത്തിലെ സ്ത്രീകളെ മുഴുവന്‍ അപമാനിക്കലല്ലേ തുടങ്ങിയ അനേകം ചോദ്യങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നിറഞ്ഞു കവിയുന്നു. ഞാന്‍ കണ്ട മിക്ക വാദ പ്രകടനങ്ങളിലും അച്യുതാനന്ദനെ ഒരു ഹീറോ ആയി വിശേഷിപ്പിച്ചത് കണ്ടപ്പോള്‍ ഒരു ആന്റി കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ ഈ സംഭവത്തെ ഒന്ന് പുനര്‍ വായന ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്.
വെറും ഒരു കവല പ്രസംഗം ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ആണ് ഇപ്പോള്‍ കേരളം കണ്ടു കൊണ്ടിരിക്കുന്നത്. ആ വീഡിയോ കണ്ടാല്‍ തന്നെ അറിയാം അതൊരു ലോക്കല്‍ സ്റ്റേജില്‍ സാധാരണ ആള്‍ക്കാരെ ഉദ്ദേശിച്ചു സംഘടിപ്പിച്ചിരിക്കുന്നതാണെന്ന്. പക്ഷെ അത് കൊണ്ടൊന്നും അവര്‍ പറഞ്ഞത് ലഘുവായിട്ടെടുക്കാന്‍ പറ്റില്ല. പക്ഷെ നാട്ടിന്‍പുറങ്ങളില്‍ ഉള്ളവര്‍ക്കറിയാം ഇത്തരം വേദികളുടെ സ്വഭാവം. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുടെ കയ്യടി ലക്ഷ്യമാക്കി മാത്രം സംഘടിപ്പിക്കുന്ന ഒന്നാം തരം രാഷ്ട്രീയ യോഗങ്ങളാണ് ഇവ. പാര്‍ട്ടി ഭേദമെന്യേ എല്ലാ നേതാക്കളും ഇത്തരം വില കുറഞ്ഞ ഭാഷ തന്നെയാണ് ഇത് പോലുള്ള യോഗങ്ങളില്‍ ഉപയോഗിക്കുക. അതുകൊണ്ട് ഗണേഷ് അല്ലെങ്കില്‍ പി സി ജോര്‍ജ് ഉപയോഗിച്ച ഭാഷയില്‍ വലിയ അത്ഭുതമൊന്നും എനിക്ക് തോന്നുന്നില്ല. ചിലപ്പോള്‍ ഇടതു പക്ഷത്തെ ഒരു നേതാവ് ഇത് പോലുള്ള യോഗങ്ങളില്‍ സംസാരിക്കുന്നതു ഇതിലും മ്ലേച്ചമായ ഭാഷ ഉപയോഗിച്ചാവും. അതവിടെ നില്‍ക്കട്ടെ. നമുക്ക് കുറച്ചൊന്നു തിരിച്ചു പോകാം. ഈ സംഭവത്തില്‍ സി പി എം പ്രതികരിച്ചത് വച്ച് നോക്കുമ്പോള്‍ അവര്‍ ആരുടെ നേരെയും ഇത്തരം ഭാഷ ഉപയോഗിച്ചിട്ടില്ല എന്നാണു ഒരാള്‍ക്ക് തോന്നുക. മാത്രമല്ല സഭ്യമായ പെരുമാറ്റത്തെ പറ്റി അവരുടെ നേതാക്കള്‍ വാ തോരാതെ സംസാരിക്കുകയും ചെയ്യുന്നു. ഈ അവസരത്തില്‍ ചരിത്രം പരിശോധിക്കുന്നത് ഉചിതമായിരിക്കും. വസ്തുതകളെ അധികരിച്ച് മാത്രം ചിന്തിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു.
ഇടതു പക്ഷവും അച്യുതാനന്ദനും എന്തിനു നമ്മള്‍ ജനങ്ങള്‍ തന്നെയും മറന്നു പോയ ചില സംഗതികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം.
ഇടതു പക്ഷവും അച്യുതാനന്ദനും എന്തിനു നമ്മള്‍ ജനങ്ങള്‍ തന്നെയും മറന്നു പോയ ചില സംഗതികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം.
1 . സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ അച്യുതാനന്ദന്റെ പ്രകടനം - സ്വന്തം മകന്റെ മരണത്തില്‍ സമനില നശിച്ച ഒരു അച്ഛന്‍ ചിലപ്പോ പല രീതിയിലും പൊട്ടിത്തെറിച്ചു എന്ന് വരും.
സന്ദീപിന്റെ ശവ സംസ്കാര ചടങ്ങുകളില്‍ കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ചു ആരും പങ്കെടുത്തിരുന്നില്ല. ചടങ്ങുകള്‍ കഴിഞ്ഞു നാല് ദിവസം കഴിഞ്ഞു വെറും ഒരു വഴിപാടു തീര്‍ക്കാനെന്നോണം അവിടെയെത്തിയ വി എസ്സിനോടും കൊടിയെരിയോടും ശ്രീ ഉണ്ണികൃഷ്ണന്‍ പൊട്ടിത്തെറിച്ചു. അവരെ വീട്ടില്‍ കയറ്റാന്‍ അദ്ദേഹം സമ്മതിച്ചില്ല. കേരളത്തിലെ ഒരു രാഷ്ട്രീയക്കാരനും വീട്ടില്‍ കയറണ്ട എന്നാണു അദ്ദേഹം ബഹളം വച്ചത്. മകന്‍ നഷ്ടപ്പെട്ട ഒരു പിതാവ് മാത്രമല്ല ആത്മാഭിമാനം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു പഴയ സൈനികന്‍ കൂടിയാണ് അദ്ദേഹം. ഇതിനെ പറ്റി വി എസ് പറഞ്ഞത് അത് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീടല്ലെങ്കില്‍ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല എന്നാണ്. വളരെയധികം വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയ ഈ പ്രസ്താവന പിന്‍വലിക്കില്ല എന്നും താന്‍ മാപ്പ് പറയില്ല എന്നും വി എസ് പ്രഖ്യാപിച്ചുവെങ്കിലും വര്‍ധിച്ച ജന രോഷത്തെ തുടര്‍ന്ന് ഡിസംബറില്‍ പ്രകാശ് കാരാട്ടും അച്യുതാനന്ദനും ഈ സംഭവത്തില്‍ മാപ്പ് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ എന്തോ പറയട്ടെ, ഉത്തരവാദിത്വമുള്ള ഒരു നേതാവ് എന്ന നിലയിലെങ്കിലും ഒരാള്‍ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത് എന്ന് ദുശ്ശു സംശയിക്കുന്നു. സന്ദീപിനെ പറ്റിയുള്ള വികി ലേഖനത്തില്‍ ഇപ്പോഴും ഈ പരാമര്‍ശങ്ങള്‍ നിങ്ങള്‍ക്ക് കാണാം. അതുമായി ബന്ധപ്പെട്ട ചില വീഡിയോകളും താഴെ
ലതിക സുഭാഷിനെ പറ്റി പറഞ്ഞത് -
എതിര്‍ സ്ഥാനാര്‍ഥിയായ ലതിക സുഭാഷിനെ പറ്റി ഇദ്ദേഹം പറഞ്ഞതാണ്. അവര്‍ 'വേറെ' രീതിയില്‍ പ്രശസ്തയാണെന്നു എല്ലാവര്‍ക്കും അറിയാം. താന്‍ അത് പറയേണ്ട കാര്യമില്ലല്ലോ എന്ന്.
സ്ത്രീകളെ ബഹുമാനിക്കാന്‍ എതിരാളികളെ ഉപദേശിക്കുന്ന അദ്ദേഹം ഒരു പ്രകോപനവും കൂടാതെ ആണ് ഇങ്ങനെ വിളിച്ചു കൂവിയത്.
സന്തോഷ് മാധവനെ പറ്റി -
സന്തോഷ് മാധവനെ പറ്റി വളരെ തറയായി അദ്ദേഹം സംസാരിക്കുന്നത് ഇവിടെ കാണാം. സന്തോഷ് മാധവന്‍ ചിത്രീകരിച്ച നീല കാസറ്റുകളെ പറ്റിയുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം ശ്രദ്ധിക്കുക.
പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അച്യുതാനന്ദന്‍ നടത്തിയ ഒരു പരാമര്‍ശം :
ഉമ്മന്‍ ചാണ്ടി എന്ന പേര് അക്ഷരം മാറ്റി വിളിച്ചു എന്നും തികഞ്ഞ അശ്ലീലമായ ചില പ്രയോഗങ്ങള്‍ അച്യുതാനന്ദന്‍ നടത്തി എന്നും കെ എം മാണി പ്രസംഗിക്കുന്നത് ഇവിടെ കാണാം. പക്ഷെ അതിനെതിരെ അച്യുതാനന്ദന്‍ പ്രതികരിച്ചിട്ടില്ല. മാത്രമല്ല ഈ വീഡിയോയില്‍ തന്നെ സുധാകരന്‍ പ്രസംഗിക്കുന്നത് നോക്കൂ. ഇതൊന്നും അശ്ലീമല്ലെങ്കില്‍ പിന്നെന്താണ് ?
എന്തിനു അച്യുതാനന്ദനെ മാത്രം പറയണം. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും മോശമല്ല. പ്രശസ്തനായ മറ്റൊരു നേതാവാണ് എം വി ജയരാജന്‍. ജഡ്ജിമാരെ പറ്റി അദ്ദേഹം പറയുന്നത് ശ്രദ്ധിക്കൂ. റോഡ് സൈഡില്‍ പൊതു യോഗങ്ങള്‍ മൂലം ഉണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി അത് നിരോധിച്ച ഹൈ കോടതിയുടെ ജട്ജുമാരെ ശ്രീ ജയരാജന്‍ ശുംഭന്‍ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. എന്നാല്‍ സംഗതി തിരിച്ചടിക്കും എന്ന് പേടിയായപ്പോള്‍ ശുംഭന്‍ എന്ന വാക്കിനു തന്നെ പുതിയ അര്‍ഥങ്ങള്‍ കണ്ടു പിടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണദ്ദേഹം .
കോഴിക്കോട് പോലീസ് വെടിവയ്പ്പിലെ കഥാ നായകന്‍ രാധ കൃഷ്ണ പിള്ളയെ റോഡില്‍ കണ്ടാല്‍ തല്ലണം എന്ന് ജയരാജന്‍ അണികളെ ഉപദേശിക്കുന്നത് ഇവിടെ കാണാം.
പിണറായി വിജയനും മോശക്കാരനല്ല. താമരശ്ശേരി ബിഷപ് ആയിരുന്ന പോള്‍ ചിറ്റിലപ്പള്ളിയെ നികൃഷ്ട ജീവി എന്ന് വിശേഷിപ്പിച്ച മഹാനാണദ്ദേഹം. വളരെയധികം എതിര്‍പ്പുകള്‍ വിളിച്ചു വരുത്തിയ ഈ പരാമര്‍ശം പിന്‍വലിക്കാനോ മാപ്പ് പറയാനോ നാളിതു വരെ പിണറായി തയ്യാറായിട്ടില്ല.
ഇങ്ങനെ പോകുന്നു ഇവരുടെ വീര ഗാഥകള്‍. രജനി എന്ന വനിതയെ ശാരീരികമായി കയ്യേറ്റം ചെയ്തു എന്ന ജോര്‍ജിന്റെ വാര്‍ത്ത ഏറ്റവും വൃത്തികെട്ട രീതിയില്‍ ചര്‍ച്ച ചെയ്തത് കൈരളി വാര്‍ത്തകള്‍ ആണ്. രാവിലെ മുതല്‍ രജനിയുടെ ദൃശ്യങ്ങളും ജോര്‍ജിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങളും മാറി മാറി കാണിച്ചു കൊണ്ടിരിക്കുകയാണ് കൈരളി. മറ്റു ചാനലുകള്‍ അക്കാര്യത്തില്‍ മിതത്വം പാലിക്കുമ്പോള്‍ ഇത്തരം ദൃശ്യങ്ങള്‍ വഴി ഒരു സഹതാപ തരംഗം ഉണ്ടാക്കാനാണ് കൈരളിയുടെ ശ്രമം. ജോര്‍ജ് തന്റെ പ്രസംഗത്തിലൂടെ ആ പാവം യുവതിയുടെ പേര് വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് പോലെ തന്നെയാണ് വാര്‍ത്തയില്‍ ഇത് ആഘോഷിക്കുന്നതും. സഭയില്‍ നടത്തുന്ന ശാരീരികമായ അഭ്യാസങ്ങള്‍ ഇപ്പോഴും ന്യായീകരിക്കാറുള്ള ഒരു പാര്‍ട്ടി ആണ് സി പി എം. ഇപ്പറഞ്ഞതെല്ലാം കോണ്‍ഗ്രസിനെ ന്യായീകരിക്കാനല്ല. പി സി ജോര്‍ജ് പണ്ടേ ഇത്തരം അസഭ്യ വാക്കുകളുടെ പ്രയോഗം കൊണ്ടും തന്റെ സ്ഥാനത്തിനു ചേരാത്ത പെരുമാറ്റം കൊണ്ടും കുപ്രസിധനാണ്. ഗണേഷിന്റെ അടുത്ത് നിന്ന് ഒരു പരിധി വരെ ജനങ്ങള്‍ ഇത്തരം ഒരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല എന്ന് തോന്നുന്നു. പക്ഷെ ഇതിനേക്കാള്‍ ഒക്കെ അപലപനീയമാണ് തങ്ങള്‍ ഇത് വരെ ചെയ്തതെല്ലാം ശരിയെന്നുള്ള ഇടതു പക്ഷത്തിന്റെ ഭാവവും പ്രതികരണങ്ങളും. ഈയടുത്ത കാലത്ത് കടകംപള്ളി സുരേന്ദ്രന്‍ ഓര്‍ക്കാതെ നിയമസഭയില്‍ കയറിയത് പാര്‍ട്ടി ചര്‍ച്ച ചെയ്തു പോലുമില്ല. താന്‍ ഇരിക്കേണ്ടത് എവിടെയാണെന്നോ നിയമ സഭ എന്താണെന്നോ ഒരു ബോധവുമില്ലാത്ത ഒരാള്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ഉണ്ടെന്നത് അവര്‍ക്ക് ഒരു പ്രശ്നമല്ല. പക്ഷെ ഇതേ പ്രവൃത്തി ഒരു ഭരണകക്ഷി ക്കാരന്‍ ചെയ്തിരുന്നെങ്കില്‍ കളി മാറിയേനെ. മാത്രമല്ല അച്യുതാനന്ദന്‍ ബാക്കിയുള്ളവരെ അഴിമതിക്കാര്‍ എന്ന് വിളിക്കുകയും അവരെ തുരുങ്കിലടയ്ക്കുകയും ചെയ്യും എന്നൊക്കെ ഭീഷണി മുഴക്കുമ്പോഴും സ്വന്തം മകനായ അരുണ്‍ കുമാറിന്റെ കേസില്‍ കാണിക്കുന്ന അപകടകരമായ മൌനം അദ്ദേഹത്തിന്റെ വിശ്വാസ്യതയില്‍ വിള്ളല്‍ വീഴിച്ചിരിക്കുന്നു.
ഇടതു പക്ഷം വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ഇത്തരം ഇരട്ട താപ്പുകള്‍ ശരിക്കും ലജ്ജാകരമാണ്. ഞാന്‍ നിര്‍ത്തുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവികള്‍ക്ക് തങ്ങളുടെ തെറി താഴെ രേഖപ്പെടുത്താവുന്നതാണ്