Friday, August 19, 2011

ഒരു വിളക്ക് കൂടി അണഞ്ഞു - ജോണ്‍സന്‍ മാഷിന് വിട
     പണ്ടെവിടെയോ വായിച്ചതാണ്. ഒരു സിനിമയുടെ പാട്ടുകളുടെ റിക്കോര്‍ഡിംഗ് നടക്കുകയാണ്. പാട്ട് പാടുന്നത് ഗാന ഗന്ധര്‍വന്‍ ആയ യേശുദാസ്. സംഗീത സംവിധായകന്‍ പഠിപ്പിച്ചു കൊടുത്ത ഈണം യേശുദാസ് പാടി. പക്ഷെ എവിടെയോ എന്തോ കുഴപ്പം. കേള്‍ക്കുന്നവര്‍ക്ക് അത് ഫീല്‍ ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തോട് നേരിട്ട് പറയാന്‍ എല്ലാവര്‍ക്കും പേടി. പക്ഷെ അവരെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സംഗീത സംവിധായകന്‍ അത് യേശുദാസിനോട് തുറന്നു പറഞ്ഞു. വീണ്ടും രണ്ടു തവണ കൂടി പാടിയെങ്കിലും ആ ഭാഗം വീണ്ടും പിഴച്ചു. സംഗീത സംവിധായകന്‍ അദ്ദേഹത്തോട് വീണ്ടും പറഞ്ഞു ആ ഭാഗം ശരിയായില്ല. ഒന്ന് കൂടി പാടണം എന്ന്. പക്ഷെ യേശുദാസ് വഴങ്ങിയില്ല. ഇത്രയുമൊക്കെ മതി. എന്റെ ഈ മധുര ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടോളും എന്ന് ചെറിയ ഒരു ഈര്‍ഷ്യയോടെ അദ്ദേഹം മറുപടി പറഞ്ഞു. പക്ഷെ സംഗീത സംവിധായകന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു. താന്‍ ഉണ്ടാക്കിയ ഈണം അതെ പടി പാടുക എന്നതാണ് ഗായകന്റെ ജോലി. അത് അതു പോലെ തന്നെ എനിക്ക് കിട്ടണം എന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. പറ്റില്ല എന്ന് പറഞ്ഞു യേശുദാസ് സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപോയി. നിര്‍മാതാവും സംവിധായകനും ആകെ പുലിവാല് പിടിച്ചു. എന്ത് വന്നാലും തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ല എന്ന് സംഗീത സംവിധായകന്‍ ഉറപ്പിച്ചു പറഞ്ഞു. ഒടുവില്‍ നിര്‍മാതാവും സംവിധായകനും പോയി യേശുദാസിനെ കണ്ടു സംസാരിച്ചു ഒരു വിധത്തില്‍ വീണ്ടും സ്റ്റുഡിയോയില്‍ എത്തിച്ചു. അടുത്ത തവണ ആ പാട്ട് പാടിയത് പെര്‍ഫെക്റ്റ്‌ ആയിട്ടായിരുന്നു. പാടിക്കഴിഞ്ഞതോടെ സംഗീത സംവിധായകന്‍ അതു ഓക്കേ പറഞ്ഞു. അതു കേട്ടതോടെ യേശുദാസിന്റെ ദേഷ്യവും എങ്ങോട്ടോ പമ്പ കടന്നു. പിന്നെ ഒരുപാടു ചിത്രങ്ങളില്‍ ഒരു പാട് മനോഹര ഗാനങ്ങള്‍ക്ക് വേണ്ടി അവര്‍ ഒന്നിച്ചു.

     മുകളില്‍ പറഞ്ഞ സംഗീത സംവിധായകന്‍ ആരെന്നു ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാവും. ഇന്നലെ രാത്രി നമ്മളെ വിട്ടു പിരിഞ്ഞ ജോണ്‍സന്‍ മാഷ്.  തന്റെ ഗുരുവായ ദേവരാജന്റെ രീതികള്‍ എല്ലാ അര്‍ത്ഥത്തിലും പിന്തുടര്‍ന്ന, അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമി ആയിരുന്നു ജോണ്‍സന്‍. നിലവാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും നില്‍ക്കുമായിരുന്നില്ലാത്ത ദേവരാജന്റെ അതെ രീതികള്‍ ആയിരുന്നു ജോണ്‍സന്റെയും. മലയാള സിനിമയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഒരുപാടു മനോഹര ഗാനങ്ങള്‍ സമ്മാനിച്ചിട്ടാണ് അദ്ദേഹം നമ്മെ വിട്ടു പോയത്. അതിനെക്കാളുപരി അനുവാചകന്റെ സ്വകാര്യ ദുഖങ്ങളുടെയും സന്തോഷങ്ങളുടെയും വേദനകളുടെയും മധുര നൊമ്പരങ്ങളുടെയും ഓര്‍മകളുമായി അലിഞ്ഞു ചേര്‍ന്ന ഒട്ടനവധി ഗാനങ്ങള്‍. മാനസികമായ ചില അസ്വസ്ഥതകളുടെ ഇരുട്ടില്‍ നിലച്ചു പോയി എന്ന് തന്നെ ഒരിട എല്ലാവരും വിശ്വസിച്ച അദ്ദേഹം ഫോട്ടോഗ്രാഫറിലെ മനോഹരമായ ഗാനങ്ങളുമായി തിരിച്ചു വന്നു. കൈരളി ടി വിയില്‍ ഒരു സംഗീത പരിപാടിയില്‍ ജഡ്ജ് ആയി. അലങ്കോലമായ വേഷത്തില്‍, വാര്‍ധക്യം ബാധിച്ച മുഖത്തോട് കൂടി  അദ്ദേഹം ആ കസേരയിലിരുന്നു പറഞ്ഞ ചില സംഗതികള്‍ ചിലപ്പോഴൊക്കെ നമ്മെ അത്ഭുതപ്പെടുത്തി.  അദ്ദേഹം സ്വബോധതോട് കൂടി തന്നെയാണോ സംസാരിക്കുന്നതു എന്ന് വിഡ്ഢിയായ ഞാന്‍ അന്ന് ചിന്തിച്ചു. പക്ഷെ ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു... സംഗീതത്തിനല്ലാതെ വേറൊന്നിനും പ്രലോഭിപ്പിക്കാന്‍ പറ്റാത്ത, തന്റെ വഴിയിലൂടെ ശരിക്ക് വേണ്ടി തലയുയര്‍ത്തി നടന്ന ഒരു ധിക്കാരി ആയിരുന്നു അദ്ദേഹമെന്ന്. പ്രിയപ്പെട്ട ജോണ്‍സന്‍ മാഷ് മരിച്ചിട്ടില്ല എന്ന്  വിശ്വസിക്കാനാണ് എനിക്കിഷ്ടം...

5 comments:

 1. മഹാനായ സംഗീത സംവിധായകന്ന് ആദരാജ്ഞലികള്‍.

  ReplyDelete
 2. മെലഡികളുടെ ജോണ്‍സണ്‍ മാഷിന് ആദരാഞ്ചലികളോടെ...

  ReplyDelete
 3. ജോണ്സന്‍ മാഷിനു ആദരാഞ്ജലികള്‍

  ReplyDelete
 4. അദ്ദേഹം പോയി,
  ഇനിയും കേള്‍ക്കാത്ത,
  ഇനിയും പാടാത്ത
  നവ്യമായ ഈണങ്ങളും...

  ReplyDelete
 5. ആദരാജ്ഞലികള്‍

  ReplyDelete