Tuesday, August 9, 2011

ആംവേ - എന്തേ ആരും ഒന്നും മിണ്ടുന്നില്ല ?

           കേരളത്തില്‍ വര്‍ധിച്ചു വരുന്ന മണി ചെയിന്‍ തട്ടിപ്പുകളുടെ വെളിച്ചത്തില്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് നിരോധിച്ചു. മാത്രമല്ല ഈ മേഖലയിലെ മുന്‍ നിരക്കാരായ ആംവേ എന്ന അമേരിക്കന്‍ ഡയറക്റ്റ് മാര്‍ക്കറ്റിംഗ് കമ്പനിയുടെ കേരളത്തിലെ ഓഫീസുകള്‍ റൈഡ് ചെയ്യുകയും പൂട്ടി മുദ്ര വയ്ക്കുകയും ചെയ്തു.ഇന്നിപ്പോ പത്രത്തില്‍ കിടക്കുന്നു അതിന്റെ ചീഫ് ഡിസ്ട്രിബ്യൂട്ടര്‍ മുന്‍‌കൂര്‍ ജാമ്യം എടുത്തു എന്ന്.  കഴിഞ്ഞയാഴ്ച ഏഷ്യാനെറ്റില്‍ ഈ വിഷയത്തെ പറ്റി നമ്മള്‍ തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നു. അതില്‍ പങ്കെടുത്തവരുടെ പൊതുവായ അഭിപ്രായം ഇതൊരു തട്ടിപ്പാണ് എന്നായിരുന്നു. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് ചെയ്യുന്ന കുറച്ചു യുവാക്കളും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അവരുടെ രോഷ പ്രകടനവും അതില്‍ ഉണ്ടായിരുന്നു. 

     സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്ത്‌ നാല്‍പതു രൂപയ്ക്ക് ആക്ഷന്‍ ഷൂ കിട്ടുന്ന ഒരു സ്കീം കൊണ്ട് വന്നത് ഞാന്‍ ഓര്‍ക്കുന്നു. അന്ന് ആക്ഷന്‍ ഷൂ ഒരു തരംഗം ആയിരുന്നു. അവരുടെ ഏറ്റവും കുറഞ്ഞ ട്രെന്ടി ഷൂവിനു തന്നെ മുന്നൂറു രൂപ വിലയുണ്ട്‌. നമ്മള്‍ അവനു നാല്‍പതു  രൂപ കൊടുക്കുമ്പോ ഒരു ബുക്ക്‌ തരും. അതില്‍ എട്ടു കൂപ്പണ്‍ ഉണ്ട്. അത് കൊടുത്തു  വേറെ എട്ടു പേരെ ചേര്‍ക്കുമ്പോ ഷൂ കിട്ടും. കൂപ്പണ്‍ വിറ്റു കിട്ടുന്ന പൈസ മധ്യപ്രദേശില്‍ ഉള്ള ഗയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക്‌ അയച്ചു കൊടുക്കണം. ആദ്യം അതില്‍ ചേര്‍ന്ന നാലഞ്ച് പേര്‍ക്ക് ഷൂ കിട്ടി. പക്ഷെ വന്ന ഷൂ ഒറിജിനല്‍ ആണോ എന്ന് പലര്‍ക്കും സംശയം ഉണ്ടായെങ്കിലും നാല്‍പതു രൂപയ്ക്ക് ആക്ഷന്‍ ഷൂ തരുന്ന കമ്പനിയെ സംശയിക്കുന്നത് പാപമല്ലേ എന്ന് കരുതി ആരും ഒന്നും പുറത്തു മിണ്ടിയില്ല. നമ്മുടേത്‌ ഒരു പാവം സര്‍ക്കാര്‍ സ്കൂള്‍ ആയിരുന്നു. ചെരിപ്പിട്ടു വരുന്ന കുട്ടികള്‍ തന്നെ അപൂര്‍വ്വം. അതുകൊണ്ട് തന്നെ ഷൂ കിട്ടിയ ചുള്ളന്മാര്‍ അതുമിട്ട് കയ്യില്‍ കൂപ്പണ്‍ ബുക്കും പിടിച്ചു വന്‍ തോതില്‍ മാര്‍ക്കറ്റിംഗ് തുടങ്ങി. രാവിലെ റബ്ബര്‍ ടാപ്പിംഗ് നു പോയിട്ട് പഠിക്കാന്‍ വരുന്നവരും ഒഴിവു സമയത്ത് കൂലിപ്പണിക്ക് പോകുന്നവരും പത്ര വിതരണത്തിന് പോയി പഠിക്കാന്‍ പൈസ ഉണ്ടാക്കുന്നതുമായ ഒരുപാടു കുട്ടികള്‍ തുച്ഛമായ തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ഈ പദ്ധതിയില്‍ പണം മുടക്കി. ഷൂ ഇടാനുള്ള ആഗ്രഹം ഒന്ന് കൊണ്ട് മാത്രം. ഒരു മാസം കൊണ്ട്
നല്ലൊരു തുക മണി ഓര്‍ഡര്‍ വഴി ഗയയിലേക്ക് ഒഴുകി. പക്ഷെ ഇത്തവണ ആര്‍ക്കും ഷൂ
കിട്ടിയില്ല. ഇത്രയും ഓര്‍ഡര്‍ ചെന്നതല്ലേ . സമയമെടുക്കും ചിലപ്പോള്‍. അങ്ങനെ പറഞ്ഞു ഇതിന്റെ നേതാവായ ജോണ്‍ ബാക്കിയുള്ളവരെ സമാധാനിപ്പിച്ചു. പാവം പയ്യന്മാര്‍ അതൊക്കെ വിശ്വസിച്ചു. ജോണ്‍ അടക്കം ആരും കമ്പനിയെ സംശയിച്ചില്ല. തങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം പോയി എന്ന് മനസ്സിലാവാന്‍ അവര്‍ക്ക് പിന്നെയും ദിവസങ്ങള്‍ വേണ്ടി വന്നു.


 ഒരു കാലത്ത് കേരളത്തില്‍ നെറ്റ്‌വര്‍ക്ക് അല്ലെങ്കില്‍ ഡയറക്റ്റ് മാര്‍ക്കറ്റിംഗ് കമ്പനികളുടെ വസന്തകാലമായിരുന്നു. മോഡി കെയര്‍, ആംവേ , യു എക്സ് എല്‍ , അങ്ങനെ നൂറു കൂട്ടം കമ്പനികള്‍. എന്റെ പല സുഹൃത്തുക്കളും വിദ്യാഭ്യാസ കാലത്ത് തന്നെ സര്‍ക്കാര്‍ ജോലി ഒന്നും വേണ്ട , ഇത് കൊണ്ട് കോടീശ്വരന്‍ ആകാം എന്ന് പറഞ്ഞു  ഇത്തരം കമ്പനികളില്‍ ചേര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവശേഷിച്ച ഒരു കമ്പനി ആണ് ആംവേ. മറ്റുള്ളവ മിക്കവാറും പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. ഒരു സ്ഥിരം ജോലി ഉള്ള പലരും അധിക വരുമാനത്തിന് വേണ്ടിയും അത്യാഗ്രഹം കൊണ്ടും ഇത്തരം പണികള്‍ ചെയ്യുന്നുണ്ട്. യുവാക്കളാണ് ഇതിലേക്ക് ആകര്ഷിക്കപ്പെടുന്നതില്‍ ഭൂരിഭാഗവും. പക്ഷെ മുകളില്‍ പറഞ്ഞ ഷൂ കമ്പനിയുടെ കാര്യം പറഞ്ഞ പോലെയാണ് മിക്കവരുടെയും സ്ഥിതി. എന്റെ ഒരു ബന്ധു ജോലിയില്‍ നിന്ന് പിരിഞ്ഞപ്പോള്‍ കിട്ടിയ പണം മുഴുവന്‍ ഒരു നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനിയില്‍ നിക്ഷേപിച്ചു ഒടുവില്‍ പാപ്പരായ അവസ്ഥയിലായി. ഇങ്ങനെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി ആയി  ഈ ബിസിനെസ്സ് ചെയ്യുന്നവര്‍ പറയുന്ന ഒരു മറുപടി ഉണ്ട്. ഒരു ഉല്പന്നം അല്ല നിങ്ങള്‍ക്ക് വില്‍ക്കുന്നത്. ഒരു ഒപ്പര്‍ച്യൂനിറ്റി ആണെന്ന്.പക്ഷെ അവസാനം എവിടെയെങ്കിലും ഒരാള്‍ പറ്റിക്കപ്പെടുകയാണ് ചെയ്യുന്നത് . മണി ചെയിന്‍ തന്നെ വേറൊരു രൂപത്തില്‍ അവതരിപ്പിചിരിക്കുന്നതല്ലേ

ശരിക്കും ആംവേയുടെയും രീതി ? എന്തായാലും മനുഷ്യന്റെ ജന്മ സിദ്ധമായ ആര്‍ത്തിയെ അതി വിദഗ്ധമായി ചൂഷണം ചെയ്യുക തന്നെയാണ് ഇത്തരം കമ്പനികള്‍ ചെയ്യുന്നത് . എന്താണ് നിങ്ങളുടെ അനുഭവം ? ദയവു ചെയ്തു അത് പങ്കു വയ്ക്കൂ 

7 comments:

 1. ദുശാസ്സനാ...മുകളിൽ പറഞ്ഞ ഷൂ പദ്ധതി ഞങ്ങളുടെ നാട്ടിലും നടത്തിയിരുന്നു...ആദ്യം പദ്ധതിയിൽ ചേർന്നവർക്ക് അവിടെയും ഷൂ കിട്ടി..ബാക്കിയുള്ളവരുടെ കാശും പോയി..നമ്മൾ തമ്മിലെ യുവാക്കളുടെ രോഷപ്രകടനവും കണ്ടിരുന്നു.ബാങ്കു ജോലി ഉപേക്ഷിച്ച് മാർക്കറ്റിംഗ് ചെയ്യുന്നുവെന്ന് അഭിമാനിക്കുന്നവനും,മാസം 25000 രൂപ ഇതിൽനിന്ന്, കഷ്ടപ്പെട്ട് ഉണ്ടാക്കുന്നു എന്ന് പറഞ്ഞവനും, പാവപ്പെട്ടവന്റെ കഞ്ഞിക്കലത്തിൽ കൈയിട്ടുവാരിയാണ്, ഈ പൈസ ഉണ്ടാക്കുന്നതെന്ന് നന്നായി അറിയാം..ഞങ്ങളുടേ നാട്ടിൽ,മാന്യമായി, നല്ല ഒരു തൊഴിൽ ചെയ്തു ജീവിച്ചിരുന്ന ഒരു വ്യക്തി, സൂപ്പർമാർക്കറ്റിന്റെ മറവിലുള്ള മാർക്കറ്റിംഗ് പദ്ധതികളിൽ ചേർന്ന്,ഇപ്പോൾ നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയിലായിരിക്കുന്നു..മാർക്കറ്റിംഗ് കമ്പനിക്കാരൻ ഫ്രീയായി നൽകിയ ലക്ഷ്വറികാറിന്റെ സുഖത്തിനു പിന്നിൽ, സ്വന്തം അയൽക്കാരന്റെ കണ്ണീരിന്റെ ഉപ്പുരസം തിരിച്ചറിയാൻ സാധിക്കാതെ പോയവന്റെ പരാജയം...

  ReplyDelete
 2. ഈ ഷൂ തട്ടിപ്പ് ഞങ്ങളുടെ സ്കൂളിലും ഉണ്ടായിരുന്നു. പക്ഷെ ഇത് കൊണ്ട് വന്നവന്‍ ഒഴികെ വേറെ ആര്‍ക്കും ഷൂ കിട്ടിയില്ല. ആംവെയില്‍ ചേര്‍ന്ന് കാശ് കുറെ (ലക്ഷക്കണക്കിന്‌) പോയവരും കുറവല്ല. ഈ നാട്ടില്‍ എന്ത് തട്ടിപ്പും നടക്കും. പിന്നെ, ഇതില്‍ ഏതോ ഒരു കമ്പനി കാര്‍ തട്ടിപ്പും ആയിട്ട് വന്നിരുന്നു. ഒരാളുടെ വീട്ടില്‍ കുറെ വില കൂടിയ കാറുകള്‍ നിരത്തി ഇട്ടു നാട്ടുകാരെ "ഇത് തട്ടിപ്പല്ല, നിങ്ങള്‍ക്കും കിട്ടും കാര്‍" എന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടി. ഞാന്‍ കഷ്ടിച്ചാണ് അതില്‍ പെടാതെ തല ഊരിയത്. ഇതില്‍ പെടുത്താന്‍ ശ്രമിക്കുന്നവരുടെ വാക്ക് ചാതുര്യം അപാരമാണ്. നല്ല ജോലി ഒക്കെ കളഞ്ഞു ഫുള്‍ ടൈം ഇറങ്ങിയിരിക്കുകയാണ്, ആളെപ്പിടിക്കാന്‍. അതുകൊണ്ട് പിന്നെ, ഇപ്പോള്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് ചങ്ങായിമാരെ കണ്ടാല്‍ അടുപ്പിക്കുകയുമില്ല. കഷ്ട്ടപെട്ടു ഉണ്ടാക്കുന്ന കാശു എറിഞ്ഞു കളയാന്‍ പ്രേരിപ്പിക്കുന്നവരുമായി ഉള്ള ഫ്രെണ്ട്ഷിപ് വേണ്ട എന്ന് തന്നെ വയ്ക്കും.

  ReplyDelete
 3. മലയാളികളുടെ അത്യാര്തിയെ ആണ് കുറ്റം പറയേണ്ടത്.
  അത് കൊണ്ട് നമുക്ക് ഇനിയും ഒരു പാട് തട്ടിപ്പ് വാര്‍ത്തകളും വര്‍ത്തമാനങ്ങളുംകേള്‍ക്കാം.
  എത്ര കിട്ടിയാലും പഠിക്കത്തവര്‍ ആണ് മലയാളികള്‍ . ഉദാഹരണത്തിന്, ഇമെയില്‍ തട്ടിപ്പിനെ കുറിച്ച് എത്ര മാത്രം വാര്‍ത്തകള്‍ വന്നിട്ടുള്ളതാ, എന്നിട്ടും ഇപ്പോഴും പലരും അതിലേക്കു ചാടുന്നു . നാണക്കേട്‌ കൊണ്ട് കുറെ പേര്‍ പുറത്തു പറയുന്നില്ലെന്നു മാത്രം . നന്നായി എഴുതി .

  ReplyDelete
 4. അത്യാര്‍ത്തിക്കാരുടെ പണാമല്ലേ. ചുമ്മാ പോട്ടെന്നേ! എത്ര പറഞ്ഞാലും മനസ്സിലാവാത്ത ഒരു വര്‍ഗ്ഗമാണ് നമ്മള്‍ മലയാളികള്‍. ലോട്ടറി ടിക്കറ്റിനോടുള്ള ആക്രാന്തം കണ്ടാല്‍ പോരേ ഇത് മനസ്സിലാവാന്‍.

  ReplyDelete
 5. മുകളിൽ പറഞ്ഞതിൽ മോഡി കെയർ കമ്പനിയെക്കുറിച്ച് പരാമർച്ചിരിക്കുന്നു. മോഡിയൈർ ഇന്നും സജീവമായി നിലനിൽക്കുന്ന കമ്പനിയാണ്. യാതൊരു തട്ടിപ്പുമില്ല. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക.

  ReplyDelete
 6. മുകളിൽ പറഞ്ഞതിൽ മോഡി കെയർ കമ്പനിയെക്കുറിച്ച് പരാമർച്ചിരിക്കുന്നു. മോഡിയൈർ ഇന്നും സജീവമായി നിലനിൽക്കുന്ന കമ്പനിയാണ്. യാതൊരു തട്ടിപ്പുമില്ല. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക.

  ReplyDelete
 7. മുകളിൽ പറഞ്ഞതിൽ മോഡി കെയർ കമ്പനിയെക്കുറിച്ച് പരാമർച്ചിരിക്കുന്നു. മോഡിയൈർ ഇന്നും സജീവമായി നിലനിൽക്കുന്ന കമ്പനിയാണ്. യാതൊരു തട്ടിപ്പുമില്ല. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക.

  ReplyDelete