2014, മേയ് 25, ഞായറാഴ്‌ച

ഗാംഗ്ടോക് ഡയറി - ഭാഗം 2



( ഒന്നാം ഭാഗം ഇവിടെ വായിക്കാം )


    സ്വാഗതം എഴുതിയ കമാനം പിന്നിട്ടു വണ്ടി മുന്നോട്ടു നീങ്ങി. സ്കൂൾ വിടുന്ന സമയമാണെന്ന് തോന്നുന്നു. റോഡിന്റെ രണ്ടു വശത്തുമായി ചെറിയ കണ്ണുകളും കമ്പി പോലുള്ള മുടിയും പ്രസന്നമായ, ചിരിക്കുന്ന മുഖമുള്ള സുന്ദരിക്കുട്ടികളും സുന്ദരക്കുട്ടന്മാരും. ഇളം മഞ്ഞ നിറത്തിലുള്ള സായാഹ്ന സൂര്യന്റെപ്രകാശം അവരുടെ ഭംഗി ഇരട്ടിയാക്കി തോന്നിപ്പിച്ചു . കഷ്ടിച്ച് രണ്ടു വണ്ടികൾക്ക് പോകാൻ മാത്രം വീതിയുള്ള റോഡ്‌ ആണ്. പക്ഷെ ഒരു വശത്തായി തറയോടു  പാകിയ , കൈവരിയുള്ള നല്ല വൃത്തിയുള്ള ഫുട്പാത്ത് ഉണ്ട്. കുറച്ചു വളവുകളും തിരിവുകളും കഴിഞ്ഞു. അഞ്ചു മണിയേ ആയിട്ടുള്ളെങ്കിലും നേരം ഇരുട്ടിയിരിക്കുന്നു. ഇവിടെ പുലരുന്നതും ഇരുട്ടുന്നതും വളരെ നേരത്തെയാണ് എന്ന് ഡ്രൈവർ വിശദീകരിച്ചു. ഹോട്ടലിന്റെ മുമ്പിലെത്തി കാർ നിന്നു. ന്യൂ കാസിൽ എന്നാണു ഹോട്ടലിന്റെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കാസിൽ പോലെയാണ് അതിന്റെ രൂപകൽപന.


ഇതാണ് പ്രസ്തുത ഹോട്ടൽ
ഡിയോറാലി ബസാറിലെ കൊള്ളാവുന്ന ഒരു ഹോട്ടൽ ആണ് ന്യൂ കാസിൽ. ട്രിപ്പ്‌ അഡ്വൈസറിൽ വളരെ നല്ല അഭിപ്രായമാണ് എല്ലാവരും ഇട്ടിരിക്കുന്നത്. ചെക്ക്‌ ഇൻ ചെയ്യാൻ അകത്തു കയറിയപ്പോൾ അതാ മുറ്റത്തൊരു മലയാളി ഫാമിലി. ഹോ. ഈ മലയാളികളെ കൊണ്ട് തോറ്റു. You simply can't escape dude. എവിടെ പോയാലുമുണ്ട് നമ്മടെ ആൾക്കാർ. സാധനങ്ങൾ ഒക്കെ എടുത്തു മുറിയിലേക്ക് കയറി. മനോഹരമായ മുറി. ഒരു വശത്തുള്ള നെടു നീളൻ ജനാലകൾ വഴി ദൂരെ താഴ്‌വാരം മുഴുവൻ വിളക്കുകൾ കത്തി നിൽക്കുന്നത് കാണാം. ഏഴു മണിയായിട്ടുണ്ടാവും. ബാഗ്ദോഗരയിൽ നിന്ന് ഏകദേശം അഞ്ചുമണിക്കൂർ എടുത്തു ഇവിടെയെത്താൻ. നല്ല തണുപ്പുണ്ട്. വിശക്കുന്നു.  ഹോട്ടലിന്റെ താഴെ ഒരു ബേക്കറി കം കോഫീ ഷോപ്പും ഒരു റെസ്ടോറന്റും ഉണ്ട്. ബേക്കറിയുടെ പേര് പൊർക്കീസ് ( തമിഴിൽ പൊറുക്കീസ് ) റൊട്ടിയും ചിക്കൻ കറിയും ഓർഡർ ചെയ്തു. ചൂട് ചായയും. പതിനഞ്ചു മിനിറ്റിൽ അവർ ആഹാരം മുറിയിലെത്തിച്ചു. എരിവുള്ള ചിക്കൻ കറിയും റൊട്ടിയും കഴിച്ചു ആ ചായയും കുടിച്ചതോടു കൂടി ക്ഷീണം ഒക്കെ പമ്പ കടന്നു. ടി വി വച്ചു നോക്കി. പണ്ടൊക്കെ വി സി പിയിൽ കാസ്സറ്റ്‌ ഇടുമ്പോ കാണുന്നത് പോലെ വെട്ടലും ചീറ്റലും ഒക്കെയായിട്ടാണ് ടി വി പ്രവർത്തിക്കുന്നത്. ഏഷ്യാനെറ്റ്‌ ആണ് ഏക മലയാളം ചാനൽ. ഏതോ കച്ചറ സീരിയൽ നടക്കുന്നു. അത് കാണുന്നതിനെക്കാൾ നല്ലത് വേറെയെന്തെങ്കിലും ആണ് എന്ന് പറയേണ്ട താമസം, ഉടൻ ഭാര്യ റിമോട്ട് എടുത്തു ഏതോ സ്പോര്ട്സ് ചാനൽ വച്ചു. അവൾ ഒരു ക്രിക്കറ്റ് ഭ്രാന്തിയാണ്. വച്ചയുടനെ കണ്ടത് ഏതോ ഒരുത്തൻ ഔട്ട്‌ ആവുന്നതാണ്. അതോടെ നട്ട് പോയ അണ്ണാനെ പോലെ അവൾ അവിടിരിക്കുന്നത്‌ കണ്ടു. കുറച്ചു കഴിഞ്ഞപ്പോ ആ വിഷമം കാരണം അവൾ കോമഡി സെൻട്രൽ വച്ചു. അതിൽ ഓരോ ഡയലോഗ് പറഞ്ഞതിന് ശേഷവും ഒരു കൂട്ടച്ചിരി ശബ്ദം കേൾപ്പിക്കുന്ന കുറെ സീരിയലുകൾ ഉണ്ട്. കുറച്ചു നേരം അത് കണ്ടുകൊണ്ടിരുന്നു.  യാത്രയുടെ ഹാങ്ങ്‌ഓവർ കാരണം നല്ല ഉറക്കം വരുന്നു. പതുക്കെ പുതപ്പിനടിയിലേക്കു നൂണ്ടു. ടി വിയിലെ ചിരിയുടെ ശബ്ദം നേർത്തു വന്നു ഒടുവിൽ അത് തീരെ ഇല്ലാതായി.

     കടുത്ത പ്രകാശം മുഖത്തടിച്ചപ്പോഴാണ് ഉണർന്നത്. നേരം വെളുത്തു. ഉണർന്നിട്ടും കുറച്ചു നേരം കൂടി ബെഡിൽ തന്നെ കിടന്നു. അപ്പോഴതാ ഭാര്യയുടെ ഫോണിലെ വേക്ക് അപ്പ്‌ അലാം അടിക്കുന്നു. അത് പക്ഷെ ആറു മണിക്കാണല്ലോ അടിക്കേണ്ടത് , ഇന്ന് ലേറ്റ് ആയോ എന്നൊക്കെ കരുതി ഫോണ്‍ എടുത്തു നോക്കി. ഓഹോ. സമയം തെറ്റിയിട്ടില്ല. ആറുമണി തന്നെ. പക്ഷെ പത്തു മണി പോലെ നേരം വെളുത്തിരിക്കുന്നു. അപ്പോഴാണ് ഇന്നലെ ഡ്രൈവർ പറഞ്ഞത് ഓർമ വന്നത്. ബ്രഷ് ചെയ്തതിനു ശേഷം, ജനാലയിലെ കർട്ടൻ ഒരു വശത്തേക്ക് നീക്കി. പുറത്തെ കാഴ്ച കണ്ടു ഒരു നിമിഷം സ്തബ്ധനായി പോയി. ദൂരേക്ക്‌ ദൂരെ പരന്നു കിടക്കുന്ന ഒരു താഴ്‌വര .. തട്ട് തട്ടുകളായി കടും പച്ച നിറത്തിലുള്ള ചെറിയ പാടങ്ങൾ. ചിലയിടങ്ങളിൽ മഞ്ഞു മൂടിയും ചിലയിടങ്ങളിൽ അത് പുലർ വെയിലിൽ അലിഞ്ഞു മാറിയും ഒക്കെ കാണാം. ഒരല്പം ഉറച്ച പരന്ന നിലത്തൊക്കെ കെട്ടിടങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു

ചില നഗര ദൃശ്യങ്ങൾ ..


 തട്ട് തട്ടായുള്ള കെട്ടിടങ്ങൾ 

.
കൃഷിയും അങ്ങനെ തന്നെ..

 കുറഞ്ഞത്‌ നാല് നിലയെങ്കിലും കാണും ഓരോ കെട്ടിടത്തിനും. ശക്തമായ സൂര്യപ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന ഒരു മിനിയേച്ചർ നഗരത്തിന്റെ സിനിമാ സെറ്റ് പോലെ തോന്നിപ്പിച്ചു ആ ദൃശ്യം. പല നിറത്തിലുള്ള കൊടികൾ പല വീടുകളുടെയും മട്ടുപ്പാവുകളിൽ കാണാം. ജനലിന്റെ ഗ്ളാസ് കുറച്ചു നീക്കി. ഒരു ഇളം കാറ്റിന്റെ അകമ്പടിയോടെ പുറത്തുള്ള തണുപ്പ് അകത്തേക്ക് കയറി. ഭാര്യ കമ്പിളിക്കടിയിൽ നിന്ന് ആമ കഴുത്ത് നീട്ടുന്നത് പോലെ തല പുറത്തേക്കിട്ടു നോക്കിയിട്ട് വീണ്ടും അകത്തേക്ക് വലിച്ചു. സ്വെറ്റർ കൊണ്ട് വന്നത് നന്നായി. അത് വലിച്ചു കയറ്റി പതുക്കെ പുറത്തേക്കിറങ്ങി.

     നമ്മളുടെ ഹോട്ടൽ നിൽക്കുന്നിടത്തു നിന്നാണ് ഗാംഗ്ടോക് ടൌണ്‍ തുടങ്ങുന്നത്. ഹോട്ടലിന്റെ മുന്നിലായി റോഡ്‌ ക്രോസ് ചെയ്യാൻ ഒരു ഓവർ ഹെഡ് വോക്ക് വേ ഉണ്ട്. ഒരു പൂവും അതിന്റെ നടുക്ക് വന്നിരിക്കുന്ന ഒരു ചിത്രശലഭവും പോലെയാണ് അതിന്റെ രൂപകൽപന. അതിൽ കയറി അപ്പുറത്തെത്തി. ഫുട്പാത്തിലൂടെ മുകളിലേക്ക് നടന്നു. ഒരു കയറ്റമാണ്. റോഡിന്റെ ഇരു വശത്തും നിരനിരയായി കടകളാണ്. നിരപ്പലകകൾ ഇട്ടു അടക്കുന്ന പഴയ കടമുറികളും പുതിയ കെട്ടിടങ്ങളും ഒക്കെയുണ്ട്. റോഡിലോ ഫുട്പാത്തിലോ ഒരു ചപ്പോ ചവറോ ഒന്നും കാണാനില്ല. ഇടവിട്ട്‌ ഇടവിട്ട്‌ കുരങ്ങിന്റെയും കരടിയുടെയും മറ്റും രൂപത്തിൽ നിർമിച്ച ആകർഷകമായ വേസ്റ്റ് ബിന്നുകൾ ഉണ്ട്.ഏഴു മണിയേ ആയിട്ടുള്ളെങ്കിലും എല്ലാ കടകളും തുറന്നിട്ടുണ്ട്. തെരുവിൽ വാഹനങ്ങളും ആൾക്കാരും ഒക്കെയുണ്ട്. ഫുട്പാത്തിൽ കൊച്ചു കുട്ടികൾ നിന്ന് കളിക്കുന്നു. ഒരു വശത്തുള്ള ചെറിയ ഒരു ഹോട്ടലിൽ നിന്ന് പേപ്പർ കപ്പിൽ ഒരു ചായ വാങ്ങി. ഒരു വശത്ത് ചെറിയ ഒരു വളച്ചു കെട്ടു പോലെ ഒരു സ്ഥലം. തുരുമ്പെടുത്തും കമ്പിയൊക്കെ ഒടിഞ്ഞും ഒന്ന് രണ്ടു ബഞ്ചുകളും ഉണ്ട്. ഹോട്ടൽ മുറിയിൽ നിന്നു കാണുന്നതിനേക്കാൾ നന്നായി താഴ്‌വര കാണാൻ കഴിയുന്നുണ്ട് ഇവിടെ. ആവി പറക്കുന്ന ചായ കുടിച്ചു കൊണ്ട് താഴേക്കു നോക്കി ആ ബഞ്ചിലിരുന്നു. ദൂരെയായി താഴെ കുട്ടികൾ കളിക്കുന്നത് കാണാം. അടുക്കടുക്കായി ചെറിയ വയലുകളും. മുളക്കൂട്ടങ്ങളും ഉണ്ട് , ഇടയ്ക്കായി. മിക്ക കെട്ടിടങ്ങളുടെയും ബാൽക്കണിയിലും കൈവരികളിലും ഒക്കെയായി ചെടി ചട്ടികൾ വച്ചും ചെറിയ ഇലച്ചെടികൾ പടർത്തിയും അലങ്കരിച്ചിട്ടുണ്ട്. മരങ്ങൾ കൊണ്ട് മാത്രം ഉണ്ടാക്കി നിറങ്ങൾ കൊടുത്തു മനോഹരമാക്കിയ ചെറിയ വീടുകളാണ് കൂടുതലും. ഇവരുടെ ശരീരത്തിന്റെ സൈസ് നമ്മുടെയൊക്കെ വച്ച് നോക്കുമ്പോൾ ചെറുതാണ് . അതുകൊണ്ട് തന്നെ ഈ വീടുകളും കോണിപ്പടികളും ഒക്കെ ചെറിയ അളവിലാണ് ഉണ്ടാക്കിയിരിക്കുന്നത്. പെട്ടെന്ന് കുടിച്ചു തീർത്തില്ലെങ്കിൽ ഈ തണുത്ത കാറ്റിൽ ചായയും തണുത്തു പോകും. ചായ കപ്പിലേക്ക് ഊതുമ്പോൾ ചെറിയ ചൂടുള്ള ഒരു ഇളം കാറ്റ് മുഖത്ത് അടിക്കുമല്ലോ. അങ്ങനെ ആ ചായ ഊതിയും കുടിച്ചും രസിച്ചു അവിടിരുന്നു. ഇവിടെ നിന്ന് സിഗരറ്റ് വലിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ എന്ന് അനുവാദം ചോദിച്ചു ഒരാൾ അടുത്ത് വന്നിരുന്നു. സാരമില്ല എന്ന് പറഞ്ഞിട്ടും പുള്ളി ആ കൈവരിയുടെ മറ്റേയറ്റത്തേയ്ക്ക് പോയി. സിക്കിമിലെ ആൾക്കാരുടെ ആതിഥ്യ മര്യാദയെപ്പറ്റി ഇവിടെയ്ക്ക് വരുന്നതിനു മുമ്പ് ഒരുപാട് കേട്ടിരുന്നു. അത് അക്ഷരാർത്ഥത്തിൽ സത്യമാണ്. സ്നേഹവും മര്യാദയും അവരുടെ പ്രസന്നമായ  മുഖത്ത് വായിച്ചെടുക്കാം. റോഡിന്റെ മുകളിലൂടെ ഒരു റോപ് വേ ഉണ്ട്. ഇന്നത്തെ ദിവസം ടൌണിൽ കറങ്ങാനാണ് പ്ളാൻ. ചായ കുടിച്ചു തീർത്തു. ഇത് പാൽപൊടിയിൽ ഉണ്ടാക്കുന്നതായത് കൊണ്ട് ഒരു രുചിയുമില്ല. തിരികെ റൂമിലെത്തി. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു , ചൂട് വെള്ളത്തിൽ ഒരു കുളിയും പാസ്സാക്കി. പെട്ടെന്ന് തന്നെ റെഡിയായി ക്യാമറാ ബാഗും തൂക്കി നമ്മൾ പുറത്തിറങ്ങി. അന്തരീക്ഷം നല്ല തണുപ്പാണ് എങ്കിലും വെയിൽ ദേഹത്ത് വീഴുമ്പോൾ നല്ല സുഖം.

     റോപ് വേയിൽ നിന്ന് തന്നെ തുടങ്ങാം എന്ന് നമ്മൾ തീരുമാനിച്ചു. ഡിയോറലി ബാസാറിൽ നിന്ന് ടൌണ്‍ വരെ പോയി തിരികെ വരുന്നതാണ് ഈ കേബിൾ കാർ. ഇരുപത്തി അഞ്ചു പേർക്ക് കയറാം. അങ്ങോട്ടും ഇങ്ങോട്ടും കൂടി ഒരാൾക്ക്‌ എഴുപതു രൂപ മാത്രമാണ് ടിക്കറ്റ്. ഒരു വശത്തേക്ക് പതിനഞ്ചു മിനിറ്റ് നീണ്ടു നിൽക്കുന്ന യാത്ര. ഇടയ്ക്കു ആകാശത്ത് മൂന്നു സ്ഥലത്ത് അവർ കാർ നിർത്തും. സിക്കിമിന്റെ മനോഹരമായ ആകാശ ദൃശ്യങ്ങൾ ഇതിലിരുന്നു കാണാം. ക്യാമറക്ക് പ്രത്യേകിച്ച് ചാർജ് ഒന്നുമില്ല. ഞങ്ങൾ അതിൽ കയറി. നിറയെ ആളുണ്ട്. പുതുതായി കല്യാണം കഴിച്ച ഒരു ദമ്പതികളും അവരുടെ സുഹൃത്തുക്കളും ഉണ്ട്. കയറിയ പാടെ അവർ ഫോട്ടോ പിടിത്തം ആരംഭിച്ചു. കാറിന്റെ ഒരു വശത്ത് തന്നെ കൂടി നിൽക്കാതെ രണ്ടു വശത്തുമായി ബാലൻസ് ചെയ്തു നിൽക്കാൻ കേബിൾ കാർ അസിസ്റ്റന്റ്‌ എല്ലാവരെയും ഉപദേശിച്ചു. ഏതോ തട്ട് പൊളിപ്പൻ പാട്ട് ഉച്ചത്തിൽ വച്ചിട്ടുണ്ട്.  കുറച്ചു കൂടി പോയതിനു ശേഷം കാർ നിശ്ചലമായി. താഴെയുള്ള മനോഹര ദൃശ്യങ്ങൾ കാണാനും ഫോട്ടോ പിടിത്തത്തിനും മറ്റുമായാണ് ഇത്. ഞങ്ങൾ താഴേക്ക്‌ നോക്കി. ഹോ. അതി മനോഹരം. ഇതിൽ കയറിയില്ലെങ്കിൽ ശരിക്കും നല്ല ഒരു അനുഭവം മിസ്സ്‌ ആയേനെ. ടൌണിന്റെയും ചിത്രശലഭ രൂപത്തിലുള്ള വോക്ക് വേയും കെട്ടിടങ്ങൾ നിറഞ്ഞ താഴ്‌വരയുടെയും ഒക്കെ മനോഹരമായ കാഴ്ചകൾ കണ്ടു. കുറെ പടങ്ങൾ നമ്മളും എടുത്തു.
 ദൂരെ കാണുന്ന പൊക്കമുള്ള കെട്ടിടമാണ് ഇതിന്റെ കണ്ട്രോൾ ടവർ
 ഓവർ ഹെഡ് വോക്ക് വേ 


 കേബിൾ കാറിന്റെ ഉള്ളിൽ നിന്നൊരു മനോഹര ദൃശ്യം 



 ചിത്രശലഭത്തിന്റെ രൂപത്തിലുള്ള മേൽ പാലങ്ങൾ .. മുകളിൽ നിന്ന് കാണുമ്പോൾ 


അങ്ങനെ നമ്മൾ അങ്ങോട്ടുമിങ്ങോട്ടുമുള്ള സഞ്ചാരം പൂർത്തിയാക്കി താഴെയിറങ്ങി. ഇനി കുറച്ചു വിശ്രമം, അത് കഴിഞ്ഞു മാർക്കറ്റിംഗ്  ( അതായതു മാർകറ്റിൽ പോയി ചില്ലറ പർച്ചേസിംഗ് ) ആണ് പ്ളാൻ ചെയ്തിരിക്കുന്നത്. തിരിച്ചു വന്നു ഭക്ഷണം കഴിക്കാൻ വേണ്ടി നമ്മൾ റെസ്ടോറന്റിൽ കയറി. ചിക്കനും മട്ടനും കൂടാതെ പോർക്ക് മീറ്റ്‌ കൊണ്ടുള്ള വിഭവങ്ങൾ ഒത്തിരിയുണ്ട്. സിക്കിമിൽ എവിടെ പോയാലും സുലഭമായി കിട്ടുന്ന ഒന്നാണ് പോർക്ക് ഇറച്ചി. കുന്നും മലയും തണുപ്പും എല്ലാം കൂടി പിടിച്ചു നിൽക്കാൻ അല്പം മദ്യവും പന്നിയിറച്ചിയും കഴിക്കുന്നവരാണ്‌ ഇവിടത്തുകാർ. പക്ഷെ കുടിച്ചു കുന്തം മറിഞ്ഞു നടക്കുന്നവരെ ആരെയും ഇവിടെ കാണാൻ കിട്ടില്ല. നല്ല വിശപ്പുണ്ട്. നമ്മൾ ഓരോ ചിക്കൻ സിസ്സ്ലെർ അകത്താക്കി. മുറിയിൽ പോയി വീണ്ടും കുറച്ചു സമയം വിശ്രമിച്ചു.

    ഉച്ച തിരിഞ്ഞു നമ്മൾ മാർക്കറ്റിൽ പോകാൻ ഇറങ്ങി. ഹോട്ടലിന്റെ മുന്നിൽ നിന്ന് ഷെയർ ചെയ്തു പോകാവുന്ന കാബുകൾ കിട്ടും. ഒരാൾക്ക്‌ ഇരുപതു രൂപയ്ക്ക് താഴെയേ ആകൂ. അങ്ങനെ നാല്പതു രൂപ മുടക്കി നമ്മൾ മാർകറ്റിൽ ലാൻഡ്‌ ചെയ്തു. ഇവിടത്തെ പ്രധാന ആകർഷണം സ്വെറ്ററുകളും കമ്പിളി പുതപ്പുകളും തുകലിൽ ഉണ്ടാക്കിയ പല സാധനങ്ങളുമാണ്. ബാംഗ്ളൂരിൽ രണ്ടായിരം രൂപയ്ക്ക് വിൽക്കുന്ന ജാക്കറ്റ് ആയിരം രൂപയ്ക്ക് താഴെയാണ് ഇവിടത്തെ വില. പിന്നെയുള്ളത് പല പല കരകൌശല വസ്തുക്കളാണ്‌. ശ്രീ ബുദ്ധന്റെ പല തരത്തിലുള്ള ചെറിയ പ്രതിമകൾ , പ്രയർ വീലുകൾ ( അതിനെയൊക്കെ പറ്റി വിശദമായിതാഴെ പറയാം ) ഒക്കെയാണ് അതിൽ പ്രധാനപ്പെട്ടത്. തമാശ എന്താണെന്ന് വച്ചാൽ പൊതുവെ നോക്കുമ്പോൾ വില്പന സാധനങ്ങളിൽ ഏറ്റവും വില കുറവ് ബുദ്ധ ഭഗവാനാണ്. ബ്രാസ്സിലും ഗ്ളാസ്സിലും ഉണ്ടാക്കിയ ഒന്ന് രണ്ടു പ്രതിമകൾ നമ്മൾ വാങ്ങി. കൂടാതെ തടിയിലും കളിമണ്ണിലും ഉണ്ടാക്കിയ താഴ്‌വരയുടെയും റ്റീസ്റ്റയുടെയും ചെറിയ മാതൃകകൾ, പൊടിയും മഞ്ഞും മൂക്കിൽ കയറാതെ സൂക്ഷിക്കുന്ന മാസ്ക് പത്തെണ്ണം ( എന്റെ ഒരു സുഹൃത്തിന് വേണ്ടി ), അല്ലറ ചില്ലറ കൗതുക വസ്തുക്കൾ ഒക്കെ വാങ്ങി. ബുദ്ധന്റെ ക്രിസ്റ്റൽ പ്രതിമക്കു വെറും ഇരുനൂറു രൂപയേ ഉള്ളൂ. പിന്നെയാണ് ഒരുകാര്യം ശ്രദ്ധിച്ചത്. എല്ലാം മേഡ് ഇൻ ചൈന ആണ്. ചുമ്മാതല്ല, ഈ വിലക്കുറവ്. ശ്രീ ബുദ്ധൻ വരെ മലയിറങ്ങി ചൈനയിൽ നിന്നാണ് വന്നിരിക്കുന്നത്. കടലാസ്സിൽ ഉണ്ടാക്കിയ മനോഹരമായ വിളക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ചെറിയ കടയാണ്. വില പേശൽ ഒന്നും നടന്നില്ല. പിന്നെ, വിലക്കുറവു ഉള്ളത് കൊണ്ട് ഞങ്ങളും അധികം ആവേശം കാണിച്ചില്ല.  ചെറിയ പടികൾ നിറഞ്ഞ ഒരു തെരുവാണ്. അതിനു രണ്ടു വശത്തും ഇത് പോലുള്ള കടകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇനി കുറച്ചു തേയിലയും കാപ്പിപൊടിയും വാങ്ങണം. നാട്ടിൽ നിന്ന് ഒന്ന് രണ്ടു പേർ പറഞ്ഞു വിട്ടിട്ടുണ്ട്. പടികൾ കയറി മുന്നോട്ടു പോകുന്തോറും അങ്ങനത്തെ കടകൾ കണ്ടു തുടങ്ങി.


 M G മാർഗ്


 ഇത്തരം തകര പാട്ടകൾ വൻ നൊസ്റ്റാൽജിയ ഉണ്ടാക്കി..









പല തരത്തിലുള്ള തേയില ഇവിടെ കിട്ടും. സിക്കിം തേയില , ഡാർജീലിംഗ് റ്റീ , അസ്സം റ്റീ അങ്ങനെ പലതരം. നമ്മൾ ഒരു ചെറിയ കടയിലേക്ക് കയറി.  ആ ചെറിയ മുറി മുഴുവൻ പലതരത്തിലുള്ള തേയില പൊതികളും അച്ചാറുകളും അഗർബത്തികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പഴയ ബ്രിട്ടാനിയ ബിസ്കറ്റ് വരുന്ന തകര പാട്ടകൾ ഓർമയില്ലേ ? അത് പെയിന്റ് അടിച്ചു മനോഹരമാക്കി തേയില നിറച്ചു വച്ചിട്ടുണ്ട്. പച്ച കാന്താരി മുളക്, നാരങ്ങ , മുളയുടെ കൂമ്പ് , വെളുത്തുള്ളി തുടങ്ങി പല പല രുചികളിലുള്ള അച്ചാറുകളും ഉണ്ട്. കടക്കാരൻ ആ പാട്ടയിൽ നിന്ന് ചെറിയ ഒരു കിണ്ണത്തിൽ അല്പം തേയില എടുത്ത് അതിലേക്കു ഒന്ന് ഊതിയിട്ടു മണപ്പിക്കാൻ തന്നു. നമ്മുടെ ശ്വാസത്തിലെ ചെറിയ ചൂടേൽക്കുമ്പോൾ അതിന്റെ മണം പുറത്തേക്കു വരും. ഇല തേയിലകൾ ആണ് അവിടെ കൂടുതലും. പൊടി തേയില ഇല്ല എന്ന് തന്നെ പറയാം. ഒരു ചെറിയ പാക്കറ്റിന് നൂറു രൂപ മുതൽ  ആയിരവും രണ്ടായിരവും ഒക്കെ വിലയുള്ള തേയിലകൾ അവിടെ വിൽപ്പനക്കുണ്ട്. തിരികെ തിരികെ പോവുമ്പോൾ എല്ലാവർക്കും കൊടുക്കാനായി നമ്മൾ കുറെ തേയില വാങ്ങി. കാന്താരി മുളകിന്റെ ഒരു അച്ചാറും. അല്ലറ ചില്ലറ സാധനങ്ങളൊക്കെ വാങ്ങി നമ്മൾ എം ജി റോഡ്‌ ജങ്ക്ഷനിൽ എത്തി. ബാംഗ്ളൂറിലെയും കൊച്ചിയിലെയും തിരുവനന്തപുരത്തെയും എം ജി റോഡുകളിൽ പോയിട്ടുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തമായി മനോഹരമായ ഒരു തെരുവാണ് ഇവിടത്തേത്‌. ലിറ്റർ ഫ്രീ, സ്പിറ്റ് ഫ്രീ സോണ്‍ ആണ് (  സ്പിറ്റ് ഫ്രീയുടെ വില അറിയണമെങ്കിൽ ബാംഗ്ളൂർ വന്നു നോക്കണം. നിൽക്കുന്നിടത്ത് തന്നെ തുപ്പിയിട്ട് അതിന്റെ മുകളിൽ കൂടി കൂളായി നടന്നു പോകുന്നത് ഇവിടെയുള്ളവരുടെ ഒരു വിനോദമാണ്‌ ). പൂച്ചട്ടികളിൽ മനോഹരമായ ചെടികളും പൂക്കളും കൊണ്ടലങ്കരിച്ച തെരുവിൽ വിശ്രമിക്കാൻ നീളൻ ബഞ്ചുകളും ഇട്ടിട്ടുണ്ട്.  നമ്മൾ അവിടെ കുറച്ചു നേരം ചുറ്റി തിരിഞ്ഞു.

     ഡിയോറാലി ബസാറിന്റെ അടുത്ത് ഒരു തിബത്തൻ സെറ്റിൽമെന്റ് ഉണ്ട്. ഇങ്ങോട്ട് വരുന്ന വഴിയിൽ ഒരു അലങ്കരിച്ച ഗേറ്റ് കണ്ടിരുന്നു. വ്യാളിയുടെയും മറ്റും ചിത്രങ്ങൾ കടുത്ത ചുവപ്പ് നിറത്തിൽ വരച്ചു വച്ചിരിക്കുന്ന ഒരു പഗോഡ പോലത്തെ ഒരു പ്രവേശന കവാടം. അത് തന്നെ സ്ഥലം എന്ന് കരുതി നമ്മൾ അങ്ങോട്ട്‌ വച്ചു പിടിച്ചു. സമയം ഏകദേശം നാലര ആയിട്ടുണ്ടാവും. കവാടത്തിൽ ഒരു പട്ടാളക്കാരൻ നിൽപ്പുണ്ട്. അയാളെ മൈൻഡ് ചെയ്യാതെ ഞങ്ങൾ അകത്തേക്ക് കയറി. അപ്പോഴതാ പുള്ളി പുറകെ നിന്ന് വിളിക്കുന്നു. അല്ല, ചേട്ടനും ചേച്ചിയും എങ്ങോട്ടാ ? അങ്ങേർ ചോദിച്ചു. കയ്യിൽ ഒരു തോക്കുമുണ്ട്. അറിയാവുന്ന ഹിന്ദിയിൽ ഞാൻ പറഞ്ഞു 'യേ മൊണാസ്ട്രി നഹി ഹേ ക്യാ ? " എന്ന്. പുള്ളിയുടെ മുഖം ഒന്ന് വിടർന്നു. 'യേ മൊണാസ്ട്രി വോണാസ്ട്രി  നഹി ഹേ. ആർമി ക്യാമ്പ് ഹേ " എന്ന് അങ്ങേർ മാന്യമായി പറഞ്ഞു. ഇതൊക്കെ കണ്ടു കണ്ണ് തള്ളി നിന്ന ഭാര്യ ഉടൻ ബുദ്ധി ഉപയോഗിച്ചു. അപ്പൊ ഇവിടെ കറങ്ങാൻ അകത്തു വിടില്ലേ എന്ന് അങ്ങേരോട് ചോദിച്ചു. ഇത്രയും നേരം ഹൈബി ഈഡനെ പോലെ നിന്ന അങ്ങേരുടെ മുഖം ആനത്തലവട്ടം ആനന്ദന്റെ പോലെയായി. 'മാഡം, യേ ആർമി ക്യാമ്പ് ഹേ .. ആർമി ക്യാമ്പ്' എന്ന് അങ്ങേർ ഒച്ചയെടുത്തു. "വാ, വിട്ടേക്കാം, അല്ലെങ്കിൽ അങ്ങേർ നമ്മളെ വെടി വയ്ക്കും' എന്ന് ഭാര്യയോട്‌ പറഞ്ഞിട്ട് നമ്മൾ സ്ഥലം കാലിയാക്കി.

നിങ്ങൾ തന്നെ പറയ്‌.. ഇത് കണ്ടാൽ പട്ടാള ക്യാമ്പ് ആണെന്ന് ആരേലും പറയുമോ ?

തൊട്ടപ്പുറത്ത് ഒരു ഗുരുദ്വാര ഉണ്ട്. അടുത്ത് കണ്ട ഒരു ചെറിയ ഹോട്ടലിൽ കയറി ചായ അകത്താക്കി. ഹോ. ഈ പാൽപ്പൊടി ചായ കുടിച്ചു മടുത്തു. തിരികെ റൂമിലേക്ക്‌ നടക്കുമ്പോഴതാ ഒരു വശത്ത് ഒരു ചെറിയ മഠം. ശ്രീ ബുദ്ധന്റെ വചനങ്ങൾ മതിലിൽ എഴുതി വച്ചിട്ടുണ്ട്. ഗേറ്റ് തുറന്നു നമ്മൾ അകത്തു കയറി. കെട്ടിടത്തിനു ചുറ്റും പ്രയർ വീലുകൾ ഉണ്ട്. തടിയിലും ലോഹത്തിലും മറ്റും ഉണ്ടാക്കിയ സിലിണ്ടർ രൂപത്തിലുള്ള വീലുകളാണ് ഇത്. ഓം മണി പദെ ഹം എന്ന മന്ത്രം  സംസ്കൃതത്തിൽ ഇതിൽ എഴുതിയിട്ടുണ്ടാവും. തിബത്തൻ വിശ്വാസം അനുസരിച്ച് ഈ വീൽ കറക്കുന്നതും ആ മന്ത്രം ജപിക്കുന്നതും ഒരേ ഫലമാണ് നൽകുന്നത്. കൈ കൊണ്ട് കറക്കുന്നതും യന്ത്ര സഹായത്താൽ കറക്കുന്നതുമായി പല തരത്തിലുണ്ട് ഇത്. ഈ മന്ത്രം സേവ് ചെയ്തു വച്ചിരിക്കുന്ന ഒരു കമ്പ്യൂട്ടർ ഒരു പ്രയർ വീലിനു തുല്യമാണ് എന്നാണു ദലായി ലാമ പറഞ്ഞിരിക്കുന്നത്. കാരണം അതിലെ ഹാർഡ് ഡിസ്ക് എപ്പോഴും കറങ്ങി കൊണ്ടിരിക്കുകയാണല്ലോ. പ്രാർത്ഥന മുറിയുടെ വാതിൽ അടച്ചിട്ടിരിക്കുകയാണ്. അപ്പുറത്ത് പാചക ഹാളിൽ കുറച്ചു സന്യാസിമാർ എന്തൊക്കെയോ ചെയ്യുന്നുണ്ട്. അവരോടു പറഞ്ഞപ്പോൾ അതിലൊരു സന്യാസി വന്നു വാതിൽ തുറന്നു തന്നു. ചെരുപ്പ്  ഊരി  വച്ചിട്ട് ഞങ്ങൾ അകത്തു കയറി. അതിമനോഹരമായ കാഴ്ചയാണ് അകത്ത് . ഒത്ത നടുക്കായി പിത്തളയിൽ നിർമിച്ച  ബുദ്ധ ഭഗവാന്റെ ഒരു വലിയ പ്രതിമ. അതിനു ചുറ്റും പല തരത്തിലുള്ള അലങ്കാര വസ്തുക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു വശത്ത് ദലൈ ലാമയുടെ ചിത്രവും, തിബത്തൻ പ്രക്ഷോഭത്തിലേക്ക് സംഭാവന സ്വീകരിക്കാനുള്ള ചെറിയ പെട്ടിയും ഒക്കെയുണ്ട്. മന്ത്രങ്ങൾ എഴുതി നിറച്ച കടലാസ് കെട്ടുകൾ പല വർണത്തിലുള്ള സിൽക്ക് തുണികളിൽ പൊതിഞ്ഞു ചില്ലിട്ട ചെറിയ അലമാരകളിൽ അടുക്കി വച്ചിട്ടുണ്ട്. മന്ത്രങ്ങൾ എഴുതിയ കൊടികൾ ഇവിടെയുമുണ്ട്. ഇത് വെറും ഒരു കൊടിയല്ല. പ്രയർ വീലിന്റെ കാര്യം പറഞ്ഞ പോലെ ഈ കൊടിക്കും ഒരു ചരിത്രമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ രൂപകൽപന ചെയ്യപ്പെട്ട ഇത് ബുദ്ധമതധർമത്തെ പ്രതിനിധാനം ചെയ്യുന്നു. നീല, മഞ്ഞ, വെളുപ്പ്‌, ഓറഞ്ച് , ചുവപ്പ് എന്നീ നിറങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

 ബുദ്ധിസ്റ്റ് ഫ്ളാഗ്







കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞ പോലെ ഇത് ആത്മാക്കളുടെ ഓർമയ്ക്കായും അവർ പാറിക്കുന്നു. ഒരാൾ മരിച്ചു കഴിഞ്ഞാൽ, പതിനെട്ടു വർഷം തുടർച്ചയായി ഈ കൊടികൾ അവർ സ്ഥാപിക്കും. ഓരോ വർഷവും ഓരോ പുതിയ കൊടി അതിൽ ചേർക്കും . ഇവിടത്തെ താഴ്‌വരകളിലെ ഒഴിഞ്ഞ ചില സ്ഥലങ്ങളിലൊക്കെ ഇത്തരം കൊടികൾ കൊണ്ട് നിറഞ്ഞിരിക്കുന്നത്‌ കാണാം. ബുദ്ധ മതം എല്ലാവരും വിചാരിക്കുന്നത് പോലെ കേവലം ഒരു കൂട്ടം വിശ്വാസങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല . എല്ലാ മതങ്ങളിലെയും ധാർമിക വശങ്ങളെ അവർ അംഗീകരിക്കുകയും അത് അവരുടെ വിശ്വാസത്തിൽ ചേർക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ബുദ്ധിസ്റ്റ് ഹിന്ദു, ബുദ്ധിസ്റ്റ് മുസ്ളീം , ബുദ്ധിസ്റ്റ് ക്രിസ്ത്യൻ എന്നൊക്കെയും ആ വകഭേദങ്ങളെ വിളിക്കാം. പണ്ട് നാലാം ക്ളാസ്സിലെ ചരിത്ര പുസ്തകത്തിൽ കേട്ടു മാത്രം പരിചയമുള്ള ബുദ്ധഭഗവാൻ ഇപ്പോൾ കുറച്ചു കൂടി അടുത്തായത് പോലെ ഒരു തോന്നൽ. നാലഞ്ച് ഫോട്ടോ എടുത്തിട്ട് ഒരു നൂറു രൂപയും സംഭാവന പെട്ടിയിൽ നിക്ഷേപിച്ചു നമ്മൾ പുറത്തിറങ്ങി.

      നേരം ഇരുട്ടിയിരിക്കുന്നു. മഞ്ഞിൽ ചെറിയ മഴ ചാറ്റലും ഉണ്ട്. നല്ല അൽക്കഹോളിക്ക് വെതർ. വഴിയരികിൽ കണ്ട ഒരു ചെറിയ കടയിൽ നിന്ന് ഒരു കപ്പ് കോഫീ വാങ്ങി. അതും അകത്താക്കികൊണ്ട് ഹോട്ടൽ ലക്ഷ്യമാക്കി വലിഞ്ഞു വച്ച് നടന്നു. ഹോട്ടലിലെത്തി. നാളെ  ചാംഗു  ലേക്ക് കാണാൻ പോകുകയാണ്. നാഥുലാ പാസ്സിലെക്കുള്ള വഴിയിലുള്ള മഞ്ഞും ഐസും മൂടിയ ഒരു തടാകമാണ് ചാംഗു. അവിടെ നിന്നും വെറും അഞ്ചു കിലോമീറ്റർ പോയാൽ ചൈന അതിർത്തിയാണ്. ലേക്ക് സന്ദർശനത്തിനു പ്രത്യേക പാസ്‌ എടുക്കണം. അതിനു തിരിച്ചറിയൽ കാർഡ്‌, ഫോട്ടോ ഒക്കെ വേണം. അതെല്ലാം റിസപ്ഷനിൽ കൊടുത്തു. രാവിലെ ഒൻപതു മണിക്ക് വണ്ടി റെഡി ആയിരിക്കും എന്ന് അവർ ഉറപ്പു പറഞ്ഞു. റൂമിലെത്തി. ടി വീയിൽ അവിടത്തെ ലോക്കൽ ചാനലിൽ എന്തോ മ്യൂസിക്‌ വീഡിയോ നടക്കുന്നു. സിക്കിമിലെ സൂപ്പർ ഹീറോകളും ഹീറോയിനികളും അഭിനയിച്ച ഒരു സംഗീത ശിൽപം. കുറച്ചു നേരം അത് കണ്ടു കൊണ്ടിരുന്നു. പിന്നെ കുറെ റൊട്ടിയും കറിയും ഒക്കെ അകത്താക്കി കിടക്കയിലേക്ക് ചാഞ്ഞു.


17 അഭിപ്രായങ്ങൾ:

  1. വെറുതേ ഗംഭീരം എന്നൊക്കെ പറഞ്ഞാൽ മോശമല്ലേ ! എന്നാലും അസ്സലായിട്ടുണ്ട്. പടംസ് അല്പം കൂടി നന്നാക്കാമാരുന്നു :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത്രയും കഷ്ടപ്പെട്ട് ഇതെഴുതിയിട്ട് ഒരാൾ പോലും ഒരു അഭിപ്രായം പറഞ്ഞില്ലല്ലോ എന്ന് നോക്കിയിരിക്കുകയായിരുന്നു. നന്ദ്രി.
      ഞാൻ അങ്ങനെ ഒരു പ്രൊഫെഷണൽ ഫോട്ടോഗ്രാഫർ ഒന്നുമല്ല. ഒരു വിധം ഒപ്പിച്ചു എന്നേ ഉള്ളൂ :)

      ഇല്ലാതാക്കൂ
  2. അതു ദുശ്ശൂ.. അഭിപ്രായം പറയാത്തതു മറ്റൊന്നും കൊണ്ടല്ല...
    മുടിഞ്ഞ അസൂയ...ലൊ ലെവന്റെ ഒരു ടൈം.. കോപ്പിലെ ഒരു ബ്ലോഗും പോട്ടംസും..-ന്നൊക്കെ ആരാണ്ടും ഉള്ളിലിരുന്ന് പറയുന്നു...

    പിന്നെ നുമ്മടെ ബൈജൂനെ പണ്ടാരമടക്കിയേന്റെ ദേഷ്യം ഇതുവരെ തീര്‍ന്നിട്ടില്ലാന്നും കൂട്ടിക്കോ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതു നുമ്മ തന്നെയാ കേട്ടോ...ഇങ്ങക്കടെ പഴേ ചാര്‍ളി.. ദിത് പുതിയ അവതാരം.

      ഇല്ലാതാക്കൂ
    2. ഹോ.. അത് ശരി. അപ്പൊ ചാർളി ആയിരുന്നല്ലേ ഉണ്ടാപ്രി ... ആ ഭാഷ കണ്ടപ്പോഴേ തോന്നി... ഗൊച്ചു ഗള്ളൻ

      ഇല്ലാതാക്കൂ
  3. അവിടെ പോയി ഇത്രയും ഫോട്ടം പിടിച്ചിട്ടും ഒരു സെൽഫി പിടിക്കാഞ്ഞത് മോശമായിപ്പോയി ...:-P

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതായത് സ്വന്തം കുഴി വെട്ടാഞ്ഞത് മോശമായി പോയി എന്ന് .. അല്ലെ? :)

      ഇല്ലാതാക്കൂ
  4. അമ്പലം പോലത്തെ പട്ടാളകോളനി ഉള്ള സ്ഥല. നമ്മെ ഹഠാദാകര്‍ഷിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. ഇതൊക്കെ ഇന്‍ഡ്യയില്‍ തന്നെയാണോന്ന് സംശ്യം തോന്നുന്നു. “സ്പിറ്റ് ഫ്രീ ആന്‍ഡ് ലിറ്റര്‍ ഫ്രീ”

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിക്കും. ഇതൊക്കെ വേണമെന്ന് വച്ചാൽ നടപ്പിലാക്കാവുന്ന കാര്യമേ ഉള്ളൂ. കുറച്ചു നാൾ നല്ല ഫൈൻ ഒക്കെ അടിച്ചു തുടങ്ങുമ്പോൾ ആൾക്കാർ കുറഞ്ഞത്‌ സ്വയം നിയന്ത്രിക്കാൻ ശ്രമിക്കും. സിക്കിമിൽ ഇതൊരു വിജയമാകാൻ ഒരു കാരണം അവിടത്തെ ആൾക്കാരാണ് . ഒട്ടും ഈഗോ ഇല്ലാതെ നമ്മൾ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അത് അംഗീകരിക്കുന്നവരാണ് അവിടത്തുകാർ. കേരളത്തിൽ ഇങ്ങനൊരു നിയമം കൊണ്ട് വന്നു എന്നിരിക്കട്ടെ, ഒന്നോ രണ്ടോ മാസം നമ്മൾ അതിന്റെ പേരിൽ ചർച്ചകളും സെമിനാറും ഒക്കെ നടത്തും, എന്നിട്ട് ഒടുവിൽ ആ നിയമം പിൻവലിക്കുകയും ചെയ്യും.

      ഇല്ലാതാക്കൂ
  6. ഇഷ്ടമായി , നല്ല അവതരണം .ഫോട്ടോസ് കൊള്ളാം .ഇനിയും പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. കൊള്ളാം ദുസ്സു.. നന്നായിട്ടുണ്ട് വിവരണം. ഫോട്ടോസ് കൂടി ആയപ്പോൾ കണ്ട ഒരു ഫീൽ കിട്ടി...

    മറുപടിഇല്ലാതാക്കൂ
  8. ദുശ്ശു കഴിഞ്ഞ ജന്‍മത്തില്‍ കുറക്കനായിരുന്നെന്നു തോന്നുന്നു. കോഴി തീറ്റ കണ്ടു തോന്നിയതാ...:-) യാത്രയില്‍ എന്തു തിന്നാലും അതില്‍ ചിക്കന്‍ കൂടിയുണ്ടല്ലോ? He he he :-)

    മറുപടിഇല്ലാതാക്കൂ