2014, മേയ് 14, ബുധനാഴ്‌ച

ഗാംഗ്ടോക് ഡയറി - ഭാഗം 1

      കുറച്ചു കാലമായി വിചാരിക്കുന്നതാണ് നോർത്ത് ഈസ്റ്റ് ഒക്കെ ഒന്ന് പോകണമെന്ന്.അപ്പോൾ നിങ്ങൾ വിചാരിക്കും നോർത്ത് അമേരിക്കയിലോ ഈസ്റ്റ് ആഫ്രിക്കയിലോ പോകുന്ന കാര്യമാണ് ഉദ്ദേശിച്ചതെന്ന് . എന്നാൽ അല്ല. നമ്മുടെ  സ്വന്തം ഇന്ത്യയുടെ വടക്കോട്ട്‌ പോകുന്ന കാര്യമാണ് കവി ഉദ്ദേശിച്ചത്. ഹണിമൂണ്‍ അങ്ങോട്ട്‌ പോകാം എന്ന് വിചാരിച്ചെങ്കിലും നടന്നില്ല. പിന്നെയും കുറെ തടസ്സങ്ങൾ. കാലം കടന്നു പോയി. അങ്ങനെയിരിക്കെ ഭാര്യക്ക്‌ ഒരു ഫ്രീ ടൂർ പാക്കേജ് അവരുടെ കമ്പനിയുടെ വകയായി കിട്ടി.  രോഗി ഇശ്ചിച്ചതും പാല്, വൈദ്യർ കൽപ്പിച്ചതും പാല് എന്നത് പോലെ അതാ കിടക്കുന്നു നോർത്ത് ഈസ്റ്റിലെ കുറെ സ്ഥലങ്ങൾ. ആദ്യം മണാലിയോ സിംലയോ പോകാം എന്ന് വിചാരിച്ചെങ്കിലും ഒടുവിൽ സിക്കിം തെരഞ്ഞെടുത്തു. അതിനു രണ്ടു കാരണങ്ങളുണ്ട്.  സിംലയെയും മനാലിയെയും ഒക്കെ പോലെ ഇനിയും അധികം കച്ചവടവൽക്കരിക്കപ്പെടാത്ത ഒരു സ്ഥലമാണ്‌ സിക്കിം. വലിയ തിക്കും തിരക്കും ഇല്ലാത്ത സമാധാനം നിറഞ്ഞ മനോഹരമായ ഒരു പ്രദേശം.

അപ്പ ഇതാണ് ഷെഡ്യൂൾ.

ബാംഗ്ളൂർ --> കൽക്കട്ട --> ബാഗ്ദോഗ്ര ( ഇത് വരെ വീമാനത്തിൽ )
ബാഗ്ദോഗ്ര --> ഗാങ്ങ്ടോക് ( ടാക്സി )
വായിനോട്ടം --> ടാക്സിയിലും നടന്നും ഇരുന്നും കിടന്നും

      മൂന്നു രാത്രിയും നാല് പകലുമാണ് പാക്കേജ്. താമസം & ബ്രേക്ക്‌ഫാസ്റ്റ് ഫ്രീ. ബാക്കിയെല്ലാം നമ്മ കൊടുക്കണം. മൂന്നു നാല് ദിവസത്തേക്ക് മാത്രമായി പോകുന്നത് നഷ്ടമാണെങ്കിലും മുന്നോട്ടു വച്ച കാൽ പുറകോട്ടില്ല എന്ന് നമ്മൾ  ലോകത്തോട്‌  പ്രഖ്യാപിച്ചു.  വേഷ വിധാനങ്ങൾ, ബ്രഷ് , പേസ്റ്റ്  തുടങ്ങിയ സാധനങ്ങൾ ഒക്കെ കുത്തി നിറച്ചു രണ്ടു ട്രോളിയുമായി നമ്മൾ യാത്രയ്ക്ക് റെഡിയായി.തണുപ്പ് സീസണ്‍ കഴിഞ്ഞത് കൊണ്ട് സ്വെറ്റർ , ജെർക്കിൻ  തുടങ്ങിയവയൊന്നും ആവശ്യമില്ല.എങ്കിലും ഒരു സ്വെറ്റർ ഒപ്പം കരുതി. ഇനി എങ്ങാനും ശരിക്കും  അവിടെ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ. സാന്ദർഭികമായി  പറയട്ടെ, നമ്മൾ മലയാളികൾ യാത്ര ചെയ്യുന്നത് കാണേണ്ട ഒരു കാഴ്ചയാണ്. രാവിലെ പല്ല് മിനുക്കാനുള്ള ഉമിക്കരി മുതൽ കുളിക്കാനുള്ള വെളിച്ചെണ്ണയും ഈരെഴ തോർത്തും വരെ നമ്മൾ ഒപ്പം കൊണ്ട് പോകും. കുറച്ചു സാധനങ്ങളുമായി യാത്ര ചെയ്യുന്നത് പൊതുവെ നമുക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല.

      എയർ പോർട്ടിൽ പോകാൻ മേരു കാബ്സിന്റെ ടാക്സി ബുക്ക്‌ ചെയ്തു. ആറരയ്ക്കാണ് വിമാനം പുറപ്പെടുന്നത്. ടാക്സി അഞ്ചു മണിക്ക് തന്നെ എത്തി. പുതിയ സിക്സ് ലേൻ എലിവേറ്റഡ്‌ ഹൈവേ വഴി നമ്മുടെഡ്രൈവർ വണ്ടി പറപ്പിച്ചു. കാളയുടെയും പശുവിന്റെയും തലയോട്ടിയുടെയും ഒക്കെ സ്റ്റിക്കർ ഒട്ടിച്ചു നിറച്ച ലോക്കൽ കാബുകളും അതിലെ പറന്നു പോകുന്നുണ്ട്. പുതിയ ടെർമിനൽ കൂടി തുറന്നതിനു ശേഷം ബാംഗ്ളൂർ എയർപോർട്ട് അതിമനോഹരം ആയിട്ടുണ്ട്‌. ഫ്രാങ്ക്ഫർട്ട് , പാരിസ്, ഹീത്രൂ എയർപോർട്ടുകൾ പോലെ അത്യുഗ്രൻ എന്ന് പറയാൻ പറ്റില്ല. കാരണം ഞാൻ ഈ പറഞ്ഞ സ്ഥലത്തൊന്നും പോയിട്ടില്ല. ഹി  ഹി .. വിമാനം പൊങ്ങി. ഗിയറുകൾ പലതും മാറി മാറി ഇട്ടു ഒടുവിൽ ഒരു മുപ്പത്തയ്യായിരം അടി ഉയരത്തിലെത്തി. അടുത്ത രണ്ടു മണിക്കൂറിനുള്ളിൽ നമ്മൾ കൽക്കട്ടയിൽ എത്തും എന്ന് പൈലറ്റ്‌ അനൌണ്‍സ് ചെയ്തു. എയർ ഹോസ്റ്റസുമാർ  ട്രോളിയിൽ സ്നാക്സ് ഒക്കെ കൊണ്ടുനടന്നു വിൽക്കുന്നുണ്ട്. യാത്രക്കാരിൽ കൂടുതലും ഉറക്കമാണ്. ചിലരൊക്കെ പുസ്തകം വായിച്ചും പാട്ട് കേട്ടുമൊക്കെ ഇരിപ്പുണ്ട്. സ്വന്തം വാക്കിൽ ഒരു വിശ്വാസം ഇല്ലാത്ത പോലെ പൈലറ്റ് ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട് ഇപ്പ എത്തും ഇപ്പ എത്തും എന്ന്. മറ്റേ മലേഷ്യൻ വിമാനത്തിന്റെ കാര്യമൊക്കെ ഓർമ വരുന്നു. അങ്ങനെ ഒടുവിൽ ഉന്തിയും തള്ളിയും വിമാനം കൽക്കട്ടയിലെത്തി . സാംബശിവന്റെ കഥാപ്രസംഗങ്ങളിലൂടെയും കമ്മ്യൂണിസ്റ്റ്‌കാരുടെ പ്രസംഗങ്ങളിലൂടെയും കേട്ടിട്ടുള്ള കൽക്കട്ട നഗരം. എയർപോർട്ട് അഥോറിറ്റി ആണ് ഈ എയർപോർട്ടിന്റെ നടത്തിപ്പുകാർ. അതിന്റെ ഒരു വൃത്തികേട്‌ കാണാനുമുണ്ട്. ഒന്നര മണിക്കൂർ സമയമുണ്ട് ഇനി അടുത്ത വിമാനം വരാൻ.  അങ്ങനെ കുറെ നേരം തിന്നും കുടിച്ചുമൊക്കെ നമ്മൾ സമയം തള്ളി നീക്കി. ബാഗ്ദോഗരയിലേക്ക് പോകാനുള്ള വിമാനം കൃത്യ സമയത്ത് തന്നെ എത്തി.  അത്രയ്ക്ക് വൃത്തിയൊന്നുമില്ലാത്ത ഒരു വിമാനം. സലിം കുമാർ പറയുന്ന പോലെ ഒരു പച്ചക്കറി ഫ്ലൈറ്റ്. ഒരു കൂട്ടം ആൾക്കാർ തിക്കി തിരക്കി വന്നു കയറി. കുറെ വിദേശികളും നാടൻ വിദേശികളും ഒക്കെയുണ്ട്. ഡാർജിലിംഗ്, ഗൌഹാത്തി , ഷിംല തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള ഒരു ഹബ് ആണ് ബാഗ്ദോഗ്ര. ഏകദേശംഒരു മണിക്കൂർ കൊണ്ട് നമ്മൾ ബാഗ്ദോഗ്രയിൽ ലാൻഡ്‌ ചെയ്തു.

    ഇറങ്ങിയ പാടെ ഒരു ഫോട്ടോ പിടിക്കാം എന്ന് വിചാരിച്ചു ക്യാമറ എടുത്തു. അതാ ഓടിക്കൊണ്ട്‌ വരുന്നു ഒരു പട്ടാളക്കാരൻ. ഇത് വെറും ഒരു എയർപോർട്ട് അല്ല. മിലിട്ടറി ആണ് ഈ എയർപോർട്ടിന്റെ നടത്തിപ്പുകാർ. മാത്രമല്ല ഇതൊരു എയർ ഫോഴ്സ് ബേസ് ആണ്. ഫോട്ടോഗ്രഫി ഒന്നും അനുവദനീയമല്ല. ഒരു വൃത്തിയും ഇല്ലാത്ത ഒരുസ്ഥലം. കാലി തൊഴുത്തിനേക്കാൾ കഷ്ടം.  ഇവിടത്തെ ബാക്കി പരിപാടികൾ ഒക്കെ എയർപോർട്ട് അഥോരിറ്റി ആണ് ചെയ്യുന്നത്. സ്വകാര്യ കമ്പനിയായ ജി വി കെ നടത്തുന്ന മുംബൈ,ബാംഗ്ളൂർ എയർ പോർട്ടുകൾ കണ്ടാലറിയാം ഇതിലൊക്കെ സ്വകാര്യ വൽക്കരണം കൊണ്ട് വരണം എന്ന് ജനങ്ങൾ പറയുന്നതിന്റെ കാരണം. ബാഗ് ദോഗ്രയിൽ നിന്ന് ഗാംഗ്ടോക്കിലെയ്ക്ക് പോകാൻ ടാക്സിയാണ് പ്രധാനമായും ആശ്രയം. ഷെയർ ചെയ്തു പോകാവുന്ന ടാറ്റാ സുമോ, വാഗണ്‍ ആർ , ഇന്നോവ തുടങ്ങിയുള്ള വാഹനങ്ങളും ഉണ്ട്. പിന്നെയുള്ള വഴി പവൻ ഹംസ് നടത്തുന്ന ഹെലികോപ്ടർ സർവീസ് ആണ്. ഒരാൾക്ക്‌ 2700 രൂപയാണ് ചാർജ്. പത്തു കിലോ വരെ ലഗേജും കൊണ്ട് പോകാം. ഞായർ , ചൊവ്വ, ബുധൻ , വ്യാഴം , ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കും തിങ്കളും വെള്ളിയും ഉച്ചക്ക് മൂന്നരയ്ക്കുമാണ് സർവീസ്. ഗാംഗ്ടോക്കിൽ  നിന്ന് തിരിച്ചുള്ള സർവീസ് എല്ലാ ദിവസവും ഉച്ചക്ക് പന്ത്രണ്ടരയ്ക്കുണ്ട്. സൈറ്റ് സീയിങ്ങ്നും നിങ്ങൾക്ക് ഇത് ബുക്ക്‌ ചെയ്യാം.

   നമ്മൾ വാഗൻ ആർ ആണ് ബുക്ക്‌ ചെയ്തിരുന്നത്. എയർ പോർട്ടിൽ നിന്ന് ഗാംഗ്ടോക്കിലേയ്ക്കും തിരികെ വരുന്ന ദിവസം ഡ്രോപ്പ് ചെയ്യുന്നതിനും കൂടി 5800 രൂപ ആണ് പറഞ്ഞിരുന്നത്. ഒരു വശത്തേയ്ക്ക് ഏകദേശം നൂറ്റി നാൽപതു കിലോമീറ്റർ ഉണ്ട്.  പക്ഷെ അന്ന് വാഗൻ ആറിനു പകരം ഇന്നോവയാണ് അവർ അയച്ചത്. ബാഗുകൾ ഒക്കെ അട്ടിയിട്ടു നമ്മൾ അതിൽ കയറി. സണ്‍ ഗ്ളാസ്സ് വച്ച പരിഷ്കാരിയായ ഒരു ഡ്രൈവർ. നമസ്തേ പറഞ്ഞു  പുള്ളി നമ്മളെ സ്വാഗതം ചെയ്തു. വണ്ടിയുടെ ഡാഷ് ബോർഡിൽ ബുദ്ധ ഭഗവാന്റെ ഒരു പ്രതിമയും അതിനു ചുറ്റിനും ഗണപതിയുടെയും ദുർഗാ ദേവിയുടെയും മറ്റും മൂർത്തികളും ഉണ്ട്. ഒരു വശത്ത് പുള്ളിയുടെ ഭാര്യയും കുട്ടിയുമായി ഇരിക്കുന്ന ഒരു മങ്ങിയ ഫോട്ടോയും വച്ചിട്ടുണ്ട്. കടുത്ത ഫുട്ബോൾ ഭ്രാന്തന്മാരാണ് ഇവർ. ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം ബൈചുങ്ങ് ബൂട്ടിയയുടെ നാട് കൂടിയാണ്  സിക്കിം. Chelsea ഫുട്ബോൾ ക്ളബ്ബിന്റെ ഒരു dangler വണ്ടിയിൽകണ്ടു. ഈ വണ്ടിയിൽ മാത്രമല്ല, തെരുവിലുള്ള മിക്ക  വാഹനങ്ങളിലും Manchester United, Arsenal തുടങ്ങി ലോകത്തെ പ്രശസ്ത ഫുട്ബോൾ ക്ളബ്ബുകളുടെ സ്റ്റിക്കറുകളും ഒക്കെ കാണാം.  ഇന്ത്യാക്കാരുടെ ദേശീയ വിനോദമായ ക്രിക്കറ്റിനു അവിടെ വലിയ സ്ഥാനമൊന്നുമില്ല. ഗണപതി ഭഗവാനെ വണങ്ങി പുള്ളി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ( ബുദ്ധ മത വിശ്വാസികളായ ഇവർ ദുർഗയെയും ഗണപതിയെയും ആരാധിക്കുന്നത് എന്തിനാണെന്ന് എനിക്ക് സംശയം തോന്നാതിരുന്നില്ല. പിന്നെ അതിനുള്ള മറുപടി കിട്ടി. അത് വഴിയെ പറയാം )

     വണ്ടി എയർ പോർട്ടിനു പുറത്തേക്കിറങ്ങി. ഗേറ്റിനു വലതു വശത്ത് മനോഹരമായ ഒരു തേയില തോട്ടമാണ്.ദൂരെ മഞ്ഞുമൂടി കിടക്കുന്നത് പോലെ കാണാം. ഗേറ്റ് വിട്ടു ഒരു നൂറു മീറ്റർ പോയതേ ഉള്ളൂ. റോഡിന്റെ ഇടതു വശത്തായി ഒരു ക്ഷേത്രം. "ബാഗ്ദോഗ്ര അയ്യപ്പ ക്ഷേത്രം" എന്ന് മലയാളത്തിൽ എഴുതി വച്ചിട്ടുണ്ട്. അവിടെ ഒരുപാടു ആർമി / എയർ ഫോഴ്സ് ക്യാമ്പുകൾ ഉണ്ട്. സ്വാഭാവികമായും അവിടെ ഒരുപാടു മലയാളികളും ഉണ്ടാവാൻ സാധ്യത ഉണ്ട്. അതാവും ആ അമ്പലം അവിടെ വരാൻ കാരണം എന്നൊക്കെ ഭാര്യ ഷെർലക് ഹോംസ് ബുദ്ധി ഉപയോഗിച്ച് വിശദീകരിക്കുന്നത് കേട്ടു. ഒരു വനത്തിന്റെ ഉള്ളിലൂടെയാണ് നമ്മൾ പൊയ്ക്കൊണ്ടിരിക്കുന്നത്. എന്തൊക്കെയോ വൈൽഡ്‌ ലൈഫ് ക്യാമ്പുകളുടെയും മറ്റുംകവാടങ്ങൾ  കണ്ടു.   ഉച്ച ഭക്ഷണം കഴിക്കാൻ വേണ്ടി ഒരു ചെറിയ ഹോട്ടലിൽ നിർത്തി. ഒരു മൂലയ്ക്ക് കുറച്ചു പേർ ഇരുന്നു മദ്യപിക്കുന്നുമുണ്ട്.  കുറെ കുടുംബങ്ങൾ മറുവശത്ത് ഇരുന്നു ഭക്ഷണം കഴിക്കുന്നു. കുടിയന്മാർ പക്ഷെ ബഹളമൊന്നും ഉണ്ടാക്കാതെ ഇരുന്നാണ് കുടിച്ചു കൊണ്ടിരിക്കുന്നത്. ആദ്യം ഒരു വല്ലായ്മ തോന്നിയെങ്കിലും ഇനി കുറെ ദൂരം കഴിഞ്ഞാൽ ഇത് പോലും കിട്ടില്ല എന്നാ ഡ്രൈവറുടെ മുന്നറിയിപ്പ് നമ്മൾ കണക്കിലെടുത്തു. നോണ്‍ വെജ് താലി ആണ് ഓർഡർ ചെയ്തത്. നല്ല ഫ്രഷ്‌ കാരറ്റും ഉരുണ്ട കടും പച്ച നിറത്തിലുള്ള മുളകും വെള്ളരിക്കയും ഒക്കെ അരിഞ്ഞിട്ട ഒരു സാലഡും ഉണ്ടായിരുന്നു. എന്താ അതിന്റെ ഒരു രുചി. അത്രയ്ക്ക് എരിവില്ലാത്ത മുളകാണ്. ചിക്കൻ കൊണ്ട് എന്തോ ഒരു കറിയും. വലിയരുചിയൊന്നുമില്ല . ഭക്ഷണം കഴിഞ്ഞു പുറത്തിറങ്ങി. അഞ്ചു മിനിറ്റ് മൂരി നിവർത്തിയ ശേഷം വീണ്ടും യാത്ര തുടർന്നു.

 ഏതോ ഒരു കാട്ടിലൂടെ... 


ഇത് പോലെ വൃത്തിയുള്ള റോഡ്‌ അല്ല ഇനിയങ്ങോട്ട് ... 

     ടാർ റോഡുകൾ കടന്നു ചെറിയ കുണ്ടും കുഴികളും നിറഞ്ഞ നിരത്തുകൾ കണ്ടു തുടങ്ങി. വണ്ടി നല്ലത് പോലെ കുലുങ്ങുന്നുണ്ട്. ഇന്നോവയുടെത് നല്ല സസ്പെൻഷൻ ആയതു കൊണ്ട് അത്രയ്ക്ക് ഫീൽ ആകുന്നില്ല. കുലുക്കം കൂടി കൂടി വരുന്നു. നമ്മൾ മല കയറാൻ തുടങ്ങിയിരിക്കുന്നു. കേന്ദ്ര സേനയുടെ ബോർഡർ റോഡ്സ് ഡിവിഷൻ ആണ് ഈ മേഘലയിലെ റോഡ്‌ നിർമാണം ഒക്കെ നടത്തുന്നത്. മിക്ക സ്ഥലത്തും പണി തകൃതിയായി നടക്കുന്നുണ്ട്. ഒരു വാഹനത്തിനു കഷ്ടി പോകാനുള്ള വീതിയെ ഉള്ളുവെങ്കിലും നമ്മുടെ ചേട്ടൻ ആററുപതിൽ വണ്ടി വിടുകയാണ്. ജീപ്പ് പോലുള്ള എസ് യൂ വികൾ ആണ് ഈ റോഡിനു ഏറ്റവും പറ്റിയത്. ഇളം തവിട്ടു നിറത്തിലുള്ള പൊടി മണ്ണ് നിറഞ്ഞ വഴി.  ഒരു വശത്ത് ചെങ്കുത്തായ മലയും ഒരു വശത്ത് നല്ല താഴ്ചയും ആണ്.

സ്വർഗത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണല്ലോ 

    പാതയുടെ ഒരു വശത്ത് കൂടി റ്റിസ്റ്റാ നദിശാന്തമായി ഒഴുകുന്നുണ്ട്. സിക്കിമിന്റെ ഹൃദയ രേഖയാണ് റ്റീസ്റ്റ. ഏകദേശം 310 കിലോ മീറ്റർ നീളമുണ്ട് ഈ നദിക്ക്. ഹിമാലയൻ മലനിരകളിൽ നിന്നുത്ഭവിച്ചു പശ്ചിമ ബംഗാളിലൂടെ ബ്രഹ്മപുത്രയുടെ ഭാഗമാകുകയാണ് റ്റീസ്റ്റ. കുറെ ദൂരം പോയപ്പോൾ ഒരു കൂറ്റൻ പാലം കണ്ടു. അതാണ് കൊറോണേഷൻ ബ്രിഡ്ജ്. ഭൂട്ടാനിലേക്ക് പോകുന്നത് ഈ പാലം കടന്നാണ്. നദിയുടെ ഓരത്തുള്ള കല്ലുകളും പാറകളും മാത്രമല്ല നദിയിലെ മണലും വൻ തോതിൽ ഊറ്റിയെടുക്കുന്നത്‌ കൊണ്ട് കനത്ത പരിസ്ഥിതി നാശമാണ് ഉണ്ടാവുന്നതെന്ന് ഡ്രൈവർ പറഞ്ഞു. ചിലയിടങ്ങളിൽ ഡാമുകളുടെ പണി നടക്കുന്നത് കണ്ടു. റ്റീസ്റ്റ നദിയിൽ ചെറുതും വലുതുമായി നാല്പത്തി രണ്ടു ഹൈഡ്രോ ഇലക്ട്രിക്‌ പ്രോജക്ടുകളാണത്രെ പണി നടന്നു വരുന്നത്. മാറി വരുന്ന ഋതുക്കൾക്ക്‌ അനുസൃതമായി ചിരിച്ചും കരഞ്ഞും കലഹിച്ചും റ്റീസ്റ്റ ഒഴുകിക്കൊണ്ടിരിക്കുന്നു. ഇനിയുള്ള ദൂരം മുഴുവൻ റ്റീസ്റ്റ നമ്മുടെ ഒപ്പമുണ്ട്. മണലും മണ്ണും മരങ്ങളും ഒക്കെ ചെറിയ മഞ്ഞ കലർന്ന തവിട്ടു നിറത്തിലാണ് ഇവിടത്തെ ഭൂ പ്രകൃതി. ആ നിറപ്പൊലിമയിൽ അലിഞ്ഞും ഒളിഞ്ഞും ഒഴുകുന്നു റ്റീസ്റ്റ. ശാന്തമായ കാലാവസ്ഥയിൽ നദിയിൽ പല വിനോദങ്ങൾക്കും വകുപ്പുണ്ട്. Rafting നടത്താൻ പറ്റിയ ചില ഭാഗങ്ങളിൽ ബോട്ടുമായി നീങ്ങുന്ന ജീപ്പുകളെയും കണ്ടു. ബോട്ടിൽ കയറി നദിയുടെ മറുകരയിൽ ടെന്റ് ഒക്കെ അടിച്ചു വിശ്രമിക്കാം. പെട്ടെന്നൊരു വെള്ളപ്പൊക്കം വന്നാൽ ഒലിച്ചു പോകും എന്നല്ലാതെ വേറെ പ്രശ്നമൊന്നുമില്ല. ഹി ഹി .


റ്റീസ്റ്റ 

 നദിയോരത്തെ കുന്നിൻ ചെരിവ് വെട്ടി മിനുക്കിയുണ്ടാക്കിയ റോഡുകൾ 










വഴിയിലെ ഒരു ചെറിയ മണ്ണിടിച്ചിൽ നീക്കുന്നതിനിടയിലെ
ട്രാഫിക്‌ ബ്ളോക്ക് ദൂരെ കാണാം 

 കൊറോണേഷൻ ബ്രിഡ്ജ്. ഇതിന്റെ നല്ല ഫോട്ടോ ഒന്നും കിട്ടിയില്ല 




 ഇതും റോഡ്‌ തന്നെ 




വണ്ടി പതിയെ മല  കയറിക്കൊണ്ടിരിക്കുകയാണ്. സിക്കിമിലേയ്ക്ക് സ്വാഗതം എന്നെഴുതിയ ഒരു കവാടം കണ്ടു. ആർമിയുടെ ഒരു ചെക്ക്പോസ്റ്റ് ഉണ്ട്. ചൈന ,നീപ്പാൾ , ഭുട്ടാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നത് കൊണ്ട് സിക്കിം തന്ത്ര പ്രധാനമായ ഒരു സ്ഥലമാണ്‌. അതുകൊണ്ട് തന്നെ ആർമിയുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലും ആണ് പല സ്ഥലങ്ങളും. സിക്കിമിലെ ചില സ്ഥലങ്ങൾ സന്ദർശിക്കണമെങ്കിൽ നിങ്ങൾ ഇന്ത്യൻ പൌരൻ ആയാൽ പോലും തിരിച്ചറിയൽ രേഖകളും പെർമിറ്റും ഒക്കെ ആവശ്യമാണ് എന്ന് ഡ്രൈവർ വിശദീകരിച്ചു. കവാടം കടന്നു വീണ്ടും മുന്നോട്ട്. മനോഹരമായ ഒരുപാടു കാഴ്ചകൾ കാത്തിരിക്കുന്നു എന്ന പ്രതീക്ഷയോടെ നമ്മളും ..



( തുടരും )


12 അഭിപ്രായങ്ങൾ:

  1. കിടിലന്‍ പോട്ടംസ്സ് ദുശ്ശൂ..
    ബാക്കി ഇനി എന്നാണാവോ..(ബൈജുവിന്റെ കാര്യം മറന്നിട്ടില്ല..അടുത്ത കൊല്ലം നോക്കിയാല്‍ മതിയോ ആവോ അടുത്ത പോസ്റ്റ്.)

    മറുപടിഇല്ലാതാക്കൂ
  2. യാത്രാവിവരവും പടങ്ങളും വളരെ നന്നായി. :) മഞ്ഞു കാണാൻ പോകുക എന്നത് ഒരു ലൈഫ് ടൈം ആഗ്രഹം ആയതു കൊണ്ട്, വായിക്കുമ്പോൾ കുറച്ചു അസൂയ തോന്നി. :( എല്ലാം വിശദമായി എഴുതണേ, എന്നെങ്കിലും സിക്കിമിൽ പോകാൻ ഇടയായാൽ ഒരു സഹായമാകും... :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീർച്ചയായും. സത്യം പറഞ്ഞാൽ ഈ മൂന്നു ദിവസത്തെ ട്രിപ്പ്‌ ഒറ്റ പോസ്റ്റിൽ എഴുതാവുന്നതേ ഉള്ളൂ. പക്ഷെ കുറച്ചു വിശദമായി പറയാനുണ്ട്‌ എന്ന് വിചാരിച്ചാണ് നാല് ഭാഗം ആക്കാൻ തീരുമാനിച്ചത്. അടുത്ത ഭാഗം ഒക്കെ മഞ്ഞും ഐസും കൊണ്ടുള്ള കളിയാണ്. :)

      ഇല്ലാതാക്കൂ
  3. നന്നായിട്ടുണ്ട്, ചിത്രങ്ങളും. തുടരുക...

    മറുപടിഇല്ലാതാക്കൂ
  4. കൂടുതൽ വിവരണങ്ങളും ചിത്രങ്ങളും പോരട്ടെ !!!!

    മറുപടിഇല്ലാതാക്കൂ
  5. സംഗതി കൊള്ളാം. ലേകിന്‍, ഇത്രേം വല്യ പേരെഴുതി കൊള്ളാവുന്ന ഫോട്ടംസിന്റെ ഭംഗി കുറച്ചത് ക്ഷമിക്കുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  6. ഗാംഗ്ടോക് ഡയറി ഇഷ്ടപ്പെട്ടു. ഫോട്ടോകളും!

    മറുപടിഇല്ലാതാക്കൂ
  7. ദുസ്സു... പണ്ട് ഓർഡിനറി സിനിമാ ഇറങ്ങിയപ്പോൾ എല്ലാവരും ഗവി കാണാൻ ചാടി പുറപ്പെട്ടപ്പോൾ ആണു അറിയുന്നത് അത് ഗവി അല്ല മുന്നാർ ആണ് എന്ന്... :) ഈ ഫോട്ടോസ് കണ്ടു ഞാൻ സിക്കിം പോയാലോ എന്നൊരു ആലോചനയിൽ ആണ്. ഫോട്ടോസ് സത്യമാണല്ലോ അല്ലെ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ധൈര്യമായിട്ട് പൊയ്ക്കോ. സത്യം പറഞ്ഞാൽ ഈ പടത്തിൽ കാണുന്നതിനേക്കാൾ മനോഹരമാണ് സിക്കിം. പ്രത്യേകിച്ച് നോർത്ത് സിക്കിം. ഞങ്ങ അടുത്ത തവണ അങ്ങോട്ട്‌ വിട്ടാലോ എന്നൊരു ആലോചനയുണ്ട്

      ഇല്ലാതാക്കൂ