2014, ഏപ്രിൽ 6, ഞായറാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - അവസാന ഭാഗം





     കഴിഞ്ഞ നാലു വർഷമായി അവൾ കൊണ്ടു നടന്ന ഭീതി ഒടുവിൽ യാഥാർത്ഥ്യമായി. ആ പയ്യന്റെ വീട്ടുകാർ നേരിട്ടു വന്നു അവളുടെ അച്ഛനോട് സംസാരിച്ചു. എന്തോ കമ്യൂണിക്കേഷൻ ഗ്യാപ് ആണത്രേ. ഒന്നും തന്നില്ലെങ്കിലും സാരമില്ല, ഈ കല്യാണം നടത്തിയാൽ മതിയെന്ന പേരിൽ ആ പയ്യന്റെ അമ്മ സംസാരിച്ചു. അച്ഛനില്ലാത്ത കുട്ടിയാണ്, ഈ കല്യാണം മുടങ്ങിയാൽ പിന്നെ ആ പയ്യൻ തകർന്നു പോകും എന്നൊക്കെ കേട്ടപ്പോൾ അവളുടെ അച്ഛനും അമ്മയും ഉടൻ തന്നെ കല്യാണം നടത്താൻ സമ്മതിച്ചു.  വിക്കി വിക്കി ഇത്രയും ചിന്നു പറഞ്ഞൊപ്പിച്ചു. ഏതോ മേഘ കൂട്ടിൽ ഇരിക്കുന്നത് പോലെ അവൻ അത് കേട്ടു . അവൾ ആ സംഭാഷണം മുഴുമിപ്പിക്കുന്നതിനു മുമ്പ് തന്നെ അവൻ ഫോണ്‍ വലിച്ചെറിഞ്ഞു. ചുമരിൽ ചെന്നിടിച്ചു ആ ഫോണ്‍ നാലു കഷണമായി. മരവിച്ച മനസ്സുമായി അവൻ ചുമരിലേയ്ക്കു ചാരി.

    ഒരു ശവ ശരീരം പോലെ എത്ര നേരം ഇരുന്നുവെന്ന് അവനു ഓർമയുണ്ടായിരുന്നില്ല. വൈകിട്ട് മഹേഷ്‌ വന്നപ്പോഴും അവൻ അത് പോലെ തന്നെയിരിക്കുകയായിരുന്നു. മഹേഷ്‌ അകത്തു വന്നതും വാതിൽ അടച്ചതും ഒന്നും ബൈജു അറിഞ്ഞില്ല. ഒടുവിൽഅവൻ ചുമലിൽ തൊട്ടു വിളിച്ചപ്പോഴാണ് ബൈജു ബോധം വീണ്ടെടുത്തത്. കഴിഞ്ഞ അഞ്ചു മണിക്കൂറായി ആ ചുമരിൽ ചാരി തറയിൽ ഇരിക്കുകയാണെന്നു അപ്പോഴാണ്‌ അവൻതിരിച്ചറിഞ്ഞതും . മുറിഞ്ഞു കിടക്കുന്ന ഫോണിന്റെ കഷണങ്ങൾ കണ്ട മഹേഷിനു എല്ലാം മനസ്സിലായി. ഒരു കസേര വലിച്ചിട്ടു അവനും അവിടെയിരുന്നു. നിശബ്ദമായ കുറെ മണിക്കൂറുകൾ കടന്നു പോയി. മഹേഷ്‌ പുറത്തിറങ്ങി ഒരു സിഗരറ്റിനു തിരി കൊളുത്തി. മുമ്പിൽ പറന്നുയരുന്ന പുക ചുരുളുകൾ . ആകാശത്തിൽ ചന്ദ്രൻ ഉണ്ടെങ്കിലും ഏതോ ഇരുട്ടിലാണ് തങ്ങൾ എന്ന് അവർക്ക് തോന്നി. "നമ്മൾക്ക് അവളോട്‌ ചോദിച്ചാലോ, ഇറങ്ങി വരാൻ പറ്റുമോ എന്ന് ? " മഹേഷ്‌ പറഞ്ഞു. "ഇല്ല. ഒന്നും വേണ്ട ..ഇതിങ്ങനെ അവസാനിക്കണം" ബൈജുവിന്റെ വാക്കുകളിൽ അസാധാരണമായ ഒരുഘനം. അവൻ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ. അവിടവിടെ കിടന്ന കഷണങ്ങൾ കൂട്ടി യോജിപ്പിച്ച് മഹേഷ്‌ ആ ഫോണ്‍ ഓണ്‍ ചെയ്തു വച്ചു. ഓണ്‍ ആയതും അതാ അത് റിംഗ് ചെയ്യുന്നു. അമ്മയാണ്. അന്ന് ബൈജു വീട്ടിലേക്കു വിളിച്ചിരുന്നില്ല. അത് കണ്ടു പേടിച്ചിട്ടു അമ്മ വിളിച്ചതാണ്. കുറെ നേരമായി പാവം വിളിക്കുന്നു. "എന്താ അമ്മേ . എന്തു പറ്റി ?" അവൻ പകുതി കരഞ്ഞത് പോലെ ചോദിച്ചു. അത് കേട്ട് അമ്മയും പരിഭ്രമിച്ചു. അത് വരെ വിളിച്ചിട്ട് കിട്ടാതിരുന്ന ദേഷ്യമൊക്കെ മറന്നു അമ്മ അവനോടു ചോദിച്ചു എന്താ മോനേ അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ " എന്നൊക്കെ. ഒന്നുമില്ല എന്ന് ബൈജു പറഞ്ഞിട്ടും അമ്മയ്ക്ക് വിശ്വാസമായില്ല. "എടാ. ജോലി എന്തെങ്കിലും കുഴപ്പമുണ്ടോ ? നീ വെറുതെ ടെൻഷൻ അടിക്കണ്ട. ഒട്ടും പറ്റിയില്ലെങ്കിൽ നീ ഇങ്ങു വാ . " എന്നൊക്കെ അമ്മ അവനെ സമാധാനിപ്പിച്ചു. അമ്മ വിചാരിച്ചത് ഓഫീസിലെ എന്തോ പ്രശ്നം കാരണം അവൻ വിഷമിച്ചിരിക്കുകയാണെന്നാണ്. എന്തൊക്കെയോ പറഞ്ഞിട്ട് അവൻ ഫോണ്‍ വച്ചു.

     കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ മെസ്സേജ് എത്തി. "ബൈജൂ .. എനിക്കറിയാം എല്ലാം അവസാനിച്ചുവെന്നു. എങ്കിലും എന്നെ ഉപേക്ഷിക്കരുത്.  മരിക്കുന്നത് വരെ എനിക്ക് ബൈജുവിനോട് സംസാരിക്കാതിരിക്കാൻ പറ്റില്ല. ഇനിയും എന്റെ ലൈഫിൽ എല്ലാകാര്യങ്ങളും ബൈജു പറയുന്നത് പോലെ മാത്രമേ ഞാൻ ചെയ്യൂ." എന്തോ മന്ത്രം ജപിക്കുന്നത്‌ പോലെ അവൾ പറഞ്ഞു കൊണ്ടേയിരുന്നു." അവളുടെ വാചകങ്ങൾ അവനെ ചൊടിപ്പിച്ചു. "ഇനിയെന്തിനാണ് എന്നെ വിളിക്കുന്നത്‌? അതിനല്ലേ നീ ഒരാളെ കെട്ടുന്നത് ? " അവൻപൊട്ടിത്തെറിച്ചു. വാവിട്ടു നിലവിളിച്ചുകൊണ്ട് അവൾ ഫോണ്‍ വച്ചു. പത്തു മിനിറ്റ് കഴിഞ്ഞില്ല. അവൾ വീണ്ടും വിളിച്ചു. വീണ്ടും വീണ്ടും ഏതോ മതിഭ്രമത്തിലെന്ന പോലെ എന്തൊക്കെയോ അവൾ പറഞ്ഞുകൊണ്ടിരുന്നു. നിശബ്ദനായി ബൈജു എല്ലാം കേട്ടു കൊണ്ട് നിന്നു.


    മിന്നൽ പിണർ പോലെ ദിവസങ്ങൾ പാഞ്ഞു പോയി. ഇന്നാണ് ചിന്നുവിന്റെ കല്യാണം. രണ്ടു ദിവസം മുമ്പും അവളുടെ മാപ്പ് പറച്ചിലും കരച്ചിലും ഒക്കെ ഉണ്ടായിരുന്നു. ഒടുവിൽ ബൈജു പൊട്ടിത്തെറിച്ചു. ഇനി മേലിൽ വിളിക്കരുതെന്നു പറഞ്ഞിട്ട് അവൻ ഫോണ്‍ കട്ട്‌ ചെയ്തു. പിന്നെയും മെസ്സേജുകൾ കുറെ വന്നെങ്കിലും വായിച്ചു പോലും നോക്കാതെ അവൻ അത് ഡിലീറ്റ് ചെയ്തു. അന്നൊരു ഞായറാഴ്ച ആണ്. യാദൃശ്ചികമായി അവന്റെ പ്രൊജക്റ്റ്‌ റിലീസും അന്ന് തന്നെയാണ്. സന്തോഷത്തോടെ ആ ഉത്തരവാദിത്വം അവൻ ഏറ്റെടുത്തു. മാനേജറുടെ കണ്ണ് വീണ്ടും ബൾബായി. ഒരു മേജർ ഒപെറേഷൻ പോലെ ഏഴെട്ടു മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന റിലീസ് ആണ്. പതിനൊന്നര ആയപ്പോൾ അവൻ ഓർത്തു.. ഇപ്പോൾ അവിടെ എല്ലാം കഴിഞ്ഞു കാണും. ഫോണ്‍ റിംഗ് ചെയ്യുന്നു. പ്രേമിയാണ്‌. എന്താ അവൻ കല്യാണത്തിന് വരാത്തതെന്ന് പ്രേമിക്ക്‌ അറിയണം. എന്തോ ഒക്കെ പറഞ്ഞിട്ട് ബൈജു ഫോണ്‍ വച്ചു. ഒടുവിൽ രാത്രി ഒൻപതു മണിയായപ്പോൾ റിലീസ് കഴിഞ്ഞു. റിലീസ് എല്ലാം സ്മൂത്ത്‌ ആയി കഴിഞ്ഞു. ബൈജുവിനെ അഭിനന്ദിച്ചു കൊണ്ട് തുരു തുരാ മെയിലുകൾ വന്നു. കഴിഞ്ഞ കുറെയായി ഇന്നാണ് ഒരു പ്രശ്നവുമില്ലാതെ ഒരു റിലീസ് കഴിയുന്നത്‌. എല്ലാ മെയിലും വികാര രഹിതമായി വായിച്ചു തീർത്തു. ലാപ്ടോപ് ഒക്കെ അഴിച്ചു ബാഗിൽ വച്ചു. റെസ്റ്റ് റൂമിൽ പോയി മുഖമൊക്കെ കഴുകി. ഇനി കുറച്ചു മണിക്കൂറുകൾ കഴിയുമ്പോൾ ചിന്നു വേറൊരാളുടെ ഒപ്പം ഉറങ്ങാൻ പോവുകയാണ്. അവളുടെ ജീവിതവും അവിടെ തുടങ്ങുന്നു. ഇതുവരെ കണ്ട സ്വപ്നങ്ങളെല്ലാം അവസാനിച്ചു , അതൊക്കെ മായ്ച്ചു കളയേണ്ട സമയം കഴിഞ്ഞു എന്നൊക്കെ ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. ചിന്നുവിനെ കുറെ ഉപദേശിച്ചെങ്കിലും ഇതൊക്കെ സ്വന്തം കാര്യത്തിൽ മാത്രം അംഗീകരിക്കാൻ പറ്റുന്നില്ല. വായിൽ കർചീഫ് തിരുകി അവൻ പൊട്ടിക്കരഞ്ഞു. കണ്ണും മുഖവും തുടച്ചു അവൻ പുറത്തു വന്നു. ഒരു ആശ്വാസം തോന്നുന്നുണ്ട്. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവൻ വീട്ടിലേക്കു തിരിച്ചു. ഒരു വിധത്തിൽ വീട്ടിലെത്തി. ഇന്നൊന്നും കഴിച്ചിട്ടില്ല. ഒൻപതു മണിക്കൂർ നിർത്താതെ ജോലി ചെയ്തതൊന്നും അവൻ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഒരു കുപ്പി വെള്ളം കുടിച്ചിട്ട് ബൈജു ഉറങ്ങാൻ കിടന്നു.



    ജനാലയിലൂടെ വെയിൽ അകത്തേക്ക് വീണപ്പോഴാണ് അവൻ ഉണർന്നത്. നല്ല ചൂടുണ്ട്. മുറിയിൽ വച്ചിരിക്കുന്ന പൂച്ചട്ടിയിലെ ചെടിയും പൂവുമെല്ലാം വാടിയിരിക്കുന്നു. ചിന്നു പണ്ട് തന്നതാണ് അത്. അവൻ പതിയെ ആ കിടക്കയിൽ നിന്നെഴുനേറ്റു.  ആ ചെടി ആ ചട്ടിയിൽ നിന്ന് എടുത്തു മാറ്റി. വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു. യാന്ത്രികമായി അവൻ അലമാരയുടെ അടുത്തേക്ക് നീങ്ങി. അവളുടെതായി അവിടെ ഉണ്ടായിരുന്ന എല്ലാ സാധനവും എടുത്തു കിടക്കയിലേക്ക് ഇട്ടു. പാവക്കുട്ടികൾ,  പേന, പെർഫ്യൂം തുടങ്ങി ഒരു ചെറിയ ബാഗ്‌ നിറയ്ക്കാനുള്ള സാധനങ്ങൾ ഉണ്ട്. എല്ലാം അവൻ വാരി ഒരു കവറിൽ നിറച്ചു. എന്നിട്ട് ആ ബാസ്കറ്റിൽ കൊണ്ടിട്ടു. ബ്രഷ് ചെയ്തതിനു ശേഷം ആഹാരം കഴിക്കാനായി ബൈജു പുറത്തിറങ്ങി. പ്രാതൽ കഴിച്ചതിനു ശേഷം തിരികെ മുറിയിലെത്തി വാതിൽ തുറന്ന ബൈജു എന്തുകൊണ്ടോ ആദ്യം നോക്കിയത് ആ ബാസ്കറ്റിലേയ്ക്കാണ്.  ആ കവർ അവൻ പുറത്തെടുത്തു. അത് വീണ്ടും അലമാരയിൽ കൊണ്ട് വച്ചു. എന്തൊക്കെയോ എഴുതി നിറച്ച ഒരു ചുമർ കഴുകി വൃത്തിയാക്കുന്നത് പോലെയല്ല പ്രിയപ്പെട്ടതായിരുന്ന ഒരു ഓർമ എന്ന് അവനറിഞ്ഞു. കുറച്ചു നേരം കിടക്കയിൽ തന്നെ ഇരുന്നു അവൻ. കുറച്ചു നേരം കിടന്നുറങ്ങി. ഉണർന്നെഴുനേറ്റ ബൈജു പുതിയ ഒരാളായിരുന്നു. ഒരു പുതിയ ജീവിതത്തിലേയ്ക്ക് കടക്കാൻ അവൻ മാനസികമായി തയ്യാറെടുത്തു. പുതിയ ലോകത്തേയ്ക്ക് ഇറങ്ങി ബൈജു.. വളവിലുള്ള ജ്യൂസ് സ്റ്റാളിൽ പിള്ളേർ തിരക്ക് കൂട്ടുന്നുണ്ട്. ഒരു ജ്യൂസ് കുടിക്കാമെന്ന് കരുതി അവൻ അവിടെയ്ക്ക് നീങ്ങി. ജ്യൂസ് ഓർഡർ ചെയ്തിട്ട് അവൻ മുന്നിലുള്ള തടി ബെഞ്ചിൽ ഇരുന്നു. അതിന്റെ മറ്റേ മൂലയ്ക്ക് ഒരു പയ്യൻ ചെവിയിൽ മൊബൈലും വച്ച് ജ്യൂസും നുണഞ്ഞിരിപ്പുണ്ട്. നൃത്തമാടുന്ന മയിലിനെ പോലെ സകല നിറത്തിലും ഉള്ള വേഷ വിധാനം. പച്ച പാന്റ്സ്, മഞ്ഞ ഷർട്ട് , നീല ഷൂ തുടങ്ങി ആകെപ്പാടെ ഒരു ഉത്സവം തന്നെ. എന്താണവൻ പറയുന്നതെന്ന് ബൈജു കാതോർത്തു. "മോളേ .. ഞാൻ .പറഞ്ഞില്ലേ. ഇപ്പൊ ഞാൻ പുറത്താ. നാളെയെ എത്തൂ .. നാളെ വന്നിട്ട് കാണാം ട്ടോ.. " അടക്കിയ ശബ്ദത്തിൽ അവൻ കുറെ ഉമ്മയും വിക്ഷേപിച്ചു.. സത്യം പറഞ്ഞാൽ ബൈജുവിന് അവനോടു ഒരു മതിപ്പ് തോന്നി.. ഇവനൊരു പ്രൊഫെഷണൽ കാമുകൻ ആണെന്ന് തോന്നുന്നു.. അനുഭവിക്കെടാ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ബൈജു എഴുനേറ്റു.. എന്നിട്ട് പ്രകാശം പരന്നു നിൽക്കുന്ന പുതിയ ലോകത്തേക്ക് നെഞ്ചു വിരിച്ചുകൊണ്ട് പുതിയ ഒരാളായി അവൻ നടന്നു നീങ്ങി...

( അവസാനിച്ചു )

ഒരു വാൽകുറിപ്പ് 

     സാധാരണ നീണ്ട കഥകൾ അവസാനിക്കുന്നത് പോലെയല്ലാതെ ഒരു മുപ്പത്താറാം ഭാഗത്തിൽ ഒരു കഥ തീരുന്നത് ഒരു പക്ഷെ അത്രയ്ക്ക് സാധാരണമായിരിക്കില്ല. പക്ഷെ ഇത് ഇനി നീട്ടിയെഴുതി ഒരു നല്ല സംഖ്യയിലെത്തിക്കാൻ ഉള്ള വഹകൾ എന്റടുത്തില്ലാത്തതു കൊണ്ട് മാത്രമാണ് ഈ കഥ ഇവിടെ നിർത്തുന്നത്. ഈ കഥയുടെ അന്ത്യം ഇങ്ങനെയാണോ അവേണ്ടതും എന്നറിയില്ല. എന്നാൽ ഈ കഥ ശരിക്കും  ഇവിടെ  തീർന്നോ എന്ന് ചോദിച്ചാൽ തീർന്നിട്ടില്ല എന്ന് ഞാൻ പറയും. ഈ കണ്ടത് ശരിക്കും പറഞ്ഞാൽ ഒരു prelude ആണ്. യഥാർത്ഥ കഥ, അഥവാ ഇനിയുള്ള കഥ ഒരിക്കൽ ദുഷ് എഴുതും. പക്ഷെ ഉടനില്ല.


    ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കൂടി. ഈ കഥ വന്നു തുടങ്ങിയപ്പോൾ മുതൽ ഏറ്റവും കൂടുതൽ പേർ ചോദിച്ച ചോദ്യമാണ് ഈ ബൈജുവും ചിന്നുവും മഹേഷും ഒക്കെ ശരിക്കും ഉള്ള ആൾക്കാരാണോ എന്ന്. അതെ എന്നാണ് ഉത്തരം. ബൈജുവും ചിന്നുവും യഥാർത്ഥ മനുഷ്യർ തന്നെയാണ്. അവരിപ്പോഴും എന്റെ കണ്മുന്നിലുണ്ട്. അവരുടെ സ്വകാര്യതക്ക് വേണ്ടി ചെറിയ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട് എന്ന് മാത്രം. കഥയെക്കാൾ പ്രവചനാതീതവും വിചിത്രവുമാണ് ജീവിതം. അവരുടെ ജീവിതത്തിൽ സംഭവിച്ചതിന്റെ വെറും നാല്പതോ അൻപതോ ശതമാനം മാത്രമേ ഈ കഥയിൽ വന്നിട്ടുള്ളൂ. വിട്ടു കളഞ്ഞത് പലതും എഴുതാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷെ അതിനുള്ള ഭാഷാ വൈഭവം ദുഷിനില്ല. അത് നോം എഴുതിയാൽ ഒരു സാധാരണ കഥ പോലെയായി പോവും. ദുഷ് ഒരു നല്ല കഥാകാരനല്ല. വിനയം കൊണ്ട് പറയുന്നതല്ല ( അങ്ങനെ ഒരു സാധനം എനിക്കില്ല ). തട്ടിക്കൂട്ടിയ ഈ എഴുത്ത് ആസ്വദിക്കാൻ നിങ്ങൾക്ക് പറ്റിയതിനു ഒരേ ഒരു കാരണം മാത്രമേ കാണുന്നുള്ളൂ. നമ്മുടെയെല്ലാം ജീവിതത്തിൽ ഇത് പോലെ എപ്പോഴൊക്കെയോ സംഭവിച്ചിട്ടുണ്ടാകണം. നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ദയവു ചെയ്തു തുറന്നെഴുതൂ.


നന്ദി 

    ഈ കഥയുടെ ഭാഗങ്ങൾക്കിടയിൽ വന്നിട്ടുള്ള ഗ്യാപ്പുകളുടെ സമയത്ത് എന്നെ മാക്സിമം ചൊറിഞ്ഞു പുളിച്ച തെറിയും വിളിച്ചു വീണ്ടും എഴുതിച്ച കുറച്ചു പേരുണ്ട്. കിച്ചു ( നമ്പ്ര ഒന്ന് ) , ചാർളി, ക്യാപ്ടൻ, ശാലിനി, രായപ്പൻ , അജിത്‌ ചേട്ടൻ , ഇഗോയ് , നകുലൻ , മുക്കുവൻ തുടങ്ങിയവർ.
( പേര് വിട്ടു പോയതു കൊണ്ട് ആരും തല്ലരുത് ) .  ഒരുപാടു പേർ ഇത് സ്ഥിരമായി വായിക്കാറുണ്ട് എന്ന് പേജ് വ്യൂസ് കണ്ടപ്പോൾ മനസ്സിലായിട്ടുണ്ട്. ഇതിന്റെ ഓരോ ഭാഗവും കുറഞ്ഞത്‌ അഞ്ഞൂറ് മുതൽ ആയിരം പേർ വരെ വായിക്കുന്നുണ്ട്. ഈ കഥയുടെ വായനക്കാരിൽ ഏറ്റവും സീനിയർ ശ്രീ സി വി തങ്കപ്പൻ ചേട്ടൻ ആണെന്ന് തോന്നുന്നു. ജീവിത സായാഹ്നത്തിലും ഈ കഥ ആസ്വദിക്കാൻ പറ്റുന്ന അദ്ദേഹത്തിന്റെ ചെറുപ്പമായ മനസ്സിനെ അഭിനന്ദിക്കുന്നു. ആദരിക്കുന്നു.  ഇത് വരെയും ഈ കഥ തുടർച്ചയായി വായിച്ചിരുന്ന എല്ലാവരും ദയവു ചെയ്തു നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ പോസ്റ്റ്‌ ചെയ്യുക. നിങ്ങളുടെ ഉള്ളിലിരുപ്പ് അറിയാൻ വേണ്ടി മാത്രം :)


അപ്പോൾ ഒരിക്കൽ കൂടി എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. 
എന്റെ വകയായും ബൈജുവിന്റെയും ചിന്നുവിന്റെയും പേരിലും. 
..............................



16 അഭിപ്രായങ്ങൾ:

  1. അങ്ങനെ പുതിയ ഒരു മനുഷ്യനായി ബൈജു ജീവിതത്തിലേയ്ക്ക് ഇറങ്ങി.

    അവസാനത്തെ വാല്‍ക്കുറിപ്പ് വായിച്ചപ്പോള്‍ കഥയുടെ സ്വഭാവം ആകെ മാറിപ്പോയി. ഇപ്പോള്‍ ബൈജുവുംചിന്നുവും മഹേഷുമൊക്കെ നമ്മുടെ പരിചയത്തിലുള്ള ആരൊക്കെയോ ആയി പ്രത്യക്ഷപ്പെടുന്നു.

    ഇടയ്ക്ക് ഞാന്‍ ഇവിടെ കമന്റ് ചെയ്തതുപോലെ “കണ്ടിന്യുവിറ്റി” കുറഞ്ഞുപോയത് അല്പം പ്രശ്നമുണ്ടാക്കി. അതൊഴിച്ചാല്‍ എഴുത്തും പ്രസന്റേഷനും ഒക്കെ വളരെ ഭംഗിയായിരുന്നു. വെറും ഒരു ഭാവനാസൃഷ്ടി മാത്രമായിരുന്നെങ്കില്‍ കുറ്റങ്ങളും കുറവുകളുമൊക്കെ ചൂണ്ടിക്കാണിക്കാന്‍ പലതും ഉണ്ട്. പക്ഷെ അനുഭവങ്ങളെ ആവിഷ്കരിച്ചതാകുമ്പോള്‍ വിമര്‍ശനത്തിനും അവലോകനത്തിനുമൊക്കെ എന്ത് പ്രസക്തി.

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. മേലാൽ ഇത്തരം അവസാനരംഗവുമായി ഈ പ്രദേശത്ത് കണ്ടേക്കരുത്.

    മറുപടിഇല്ലാതാക്കൂ
  3. satyam parayallo..ending eniku ishtapettu :) sequel pratheekshikunnu :D

    മറുപടിഇല്ലാതാക്കൂ
  4. അവസാനം അവരെ പിരിച്ചു ല്ലേ ????

    അതിനുള്ള തെറി ഞാൻ private ആയി തരാം.....

    ജീവിതത്തിലോ അവർ പിരിഞ്ഞു കഥയിലെങ്കിലും അവരെ ഒന്നിപ്പിച്ച്ചുടായിരുന്നോ :( :(.... വല്ല തമിഴ് നാട്ടിലും ആയിരുന്നേൽ അവര് ബ്ലോഗ്‌ വലിച്ചു കീറിയേനെ ....

    ഈ കഥയുടെ ഭാഗങ്ങൾക്കിടയിൽ വന്നിട്ടുള്ള ഗ്യാപ്പുകളുടെ സമയത്ത് എന്നെ മാക്സിമം ചൊറിഞ്ഞു പുളിച്ച തെറിയും വിളിച്ചു വീണ്ടും എഴുതിച്ച കുറച്ചു പേരുണ്ട്. കിച്ചു ( നമ്പ്ര ഒന്ന് ) , ചാർളി, ക്യാപ്ടൻ, ശാലിനി, രായപ്പൻ , അജിത്‌ ചേട്ടൻ , ഇഗോയ് , നകുലൻ , മുക്കുവൻ തുടങ്ങിയവർ.


    Danku Danku......


    മറുപടിഇല്ലാതാക്കൂ
  5. നന്നായി...അതങ്ങനെ തീര്‍ന്നു കിട്ടി...
    ന്നാലും. ന്റെ ദുശ്ശൂ...

    മറുപടിഇല്ലാതാക്കൂ
  6. അവസാനം അവരെ 2 വഴിക്ക് ആക്കി അല്ലേ.... ഇത് ഇങ്ങനേ വരൂ എന്ന് എനിക്ക് അറിയാമായിരുന്നു... കാരണം ഇത് എന്റെ കഥ ആയിരുന്നല്ലോ... :) അതേ ഇത് വായിച്ച് തുടങ്ങുമ്പോ ഞാനും ഒരു ബൈജു ആയിരുന്നു... ഒരു വര്‍ഷം മുന്‍പ് ഞാനും ബൈജുവിനെ പോലെ ഒരു പുതിയ ജീവിതത്തിലേക്ക് നടന്ന് തുടങ്ങിയതാ... അതുകൊണ്ടാ മനസ്സുകൊണ്ട് ബൈജുവും ചിന്നുവും ഒന്നാകണം എന്ന് ആഗ്രഹിച്ചത്. സാരമില്ലാ കഥകളേകാള്‍ വിചിത്രമാണ് ജീവിതം.

    PS : ഈ മാസം 27ന് എന്റെ കല്യാണമാണ്... :)

    മറുപടിഇല്ലാതാക്കൂ
  7. അയ്യോ... ഈ കഥ ഇങ്ങനെ അവസാനിച്ചോ?? കഷ്ടമായിപ്പോയി ദുശ്ശൂ... :( കഥയിൽ എങ്കിലും അവരെ ഒന്നിപ്പിക്കാമായിരുന്നു... ഏതായാലും അടുത്ത നോവലിനുള്ള വട്ടം കൂട്ടുന്നുണ്ടല്ലോ... വേഗം എഴുതി തുടങ്ങു... വായിക്കാൻ ഞങ്ങൾ റെഡി... അപ്പൊ സിഗ്നിംഗ് ഓഫ്‌... :)

    മറുപടിഇല്ലാതാക്കൂ
  8. ഇങ്ങനെ അവസാനിപ്പിക്കേന്ടായിരുന്നു :(

    മറുപടിഇല്ലാതാക്കൂ
  9. ഇതൊരുമാതിരി പഴയ പ്രിയദർശൻ പടത്തിന്റെ അവസാനം പോലെ ആയി ...


    അവടെ കല്യാണം ഇവിടെ റിലീസ് കല്യാണം റിലീസ് ..................................

    മറുപടിഇല്ലാതാക്കൂ
  10. enikku ithinte avasanam ishtappettilla ................. ithrayum kashtappettu paranju vannathalle kurachu koodi nannayi paranju avasanippikkamayirunnu.

    മറുപടിഇല്ലാതാക്കൂ
  11. ചിന്നു ബൈജു എന്നീ ജീവികള്‍ ശരിക്കുള്ള ജീവികളാകാന്‍ സാധ്യത തുലോം കൂടുതല്‍ ആണെന്ന് ചുറ്റുപാടും നോക്ക്യാല്‍ അറിയാലോ. ഇനി അങ്ങനത്തെ ജീവികള്‍ ശരിക്കും ഇല്ലെങ്കിലും കുഴപ്പം ഒന്നുമേ ഇല്ല. എന്നാലും രണ്ടിനേം രണ്ടു വഴിയ്ക്കാക്കിയിട്ട് "എന്തൊക്കെയോ എഴുതി നിറച്ച ഒരു ചുമര്‍ കഴുകി വൃത്തിയാക്കുന്നത് പോലെയല്ല പ്രിയപ്പെട്ടതായിരുന്ന ഒരു ഓര്‍മ എന്ന് അവനറിഞ്ഞു" എന്ന് ഈ ഡയലോഗ് കൊടിയ അക്രമമായിപ്പോയി. ഈ ഒറ്റ ഡയലോഗില്‍ തൂങ്ങുന്നുണ്ട് സകലമാന പ്രണയികളുടേയും ഭാവി!
    എന്തായാലും പ്രൊഫഷണല്‍ കാമുകര്‍ നീണാല്‍ വാഴട്ടെ.
    അടുത്തത്, തുടരനോ അല്ലാത്തതോ ആയത്, എപ്പോ തുടങ്ങും?

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍2014, ഏപ്രിൽ 15 9:27 PM

    ഈ അവസാന ഖണ്ഡം മനസ്സിനെ കുത്തി കീറിക്കളഞ്ഞു...പണ്ടൊരിക്കൽ ഈ ബൈജുവിന്റെ സ്ഥാനത്ത് നിന്നിട്ടുള്ളത് കൊണ്ട് തന്നെ അന്നത്തെ അതേ വേദന വീണ്ടും ഞാൻ അറിയുന്നു...എന്റെ മനസ്സില് തോന്നുന്ന സങ്കീർണ്ണ വികാരങ്ങളുടെ തിരതള്ളൽ പ്രകടിപ്പിക്കാൻ പോന്ന ഒരേ ഒരു വാക്ക് മാത്രമേ നമ്മുടെ ഭാഷയിൽ ഉള്ളെന്നു തോന്നിപ്പോകുന്നു - ദ്രാവിഡ ഭാഷയുടെ സൌന്ദര്യം മുഴുവൻ നിറഞ്ഞ ആ മനോഹരമായ വാക്കു പറയാതിരിക്കാൻ തോന്നുന്നില്ല...
    " മയിര്"...

    മറുപടിഇല്ലാതാക്കൂ