2013, ഡിസംബർ 21, ശനിയാഴ്‌ച

ദൃശ്യം - റിവ്യൂ


    മോഹൻ ലാലിന്റെ ക്രിസ്തുമസ് ചിത്രം ദൃശ്യം കണ്ടു. സത്യത്തിൽ ഇത് സംവിധായകനായ ജിത്തു ജോസഫിന്റെ മാത്രം ചിത്രമാണ്. കൊഴിഞ്ഞു വീഴുന്ന വർഷത്തെ അവസാനത്തെ സൂപ്പർ ഹിറ്റ്‌ സിനിമ  തന്നെയാവും ദൃശ്യം എന്ന് ഉറപ്പിച്ചു പറയാം. മെമ്മറീസിന്റെ വിജയം വെറും ചക്ക വീണതായിരുന്നില്ല എന്ന് ഈ ചിത്രത്തിലൂടെ ജിത്തു തെളിയിച്ചു.

   ഇടുക്കി ജില്ലയിലെ രാജാക്കാട് എന്ന മലയോര ഗ്രാമത്തിൽ കേബിൾ ടി വി സർവീസ് നടത്തുന്ന ജോർജ് കുട്ടിയുടെയും ( ലാൽ ) അയാൾ ജീവനേക്കാൾ സ്നേഹിക്കുന്ന കുടുംബത്തെയും അവിചാരിതമായി അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തത്തിന് മുകളിലൂടെ നടന്നു പോകാൻ ആ കുടുംബം നടത്തുന്ന സമരത്തിന്റെയും സംഘർഷം നിറഞ്ഞ കഥയാണ് ദൃശ്യം പറയുന്നത്. ഒരു സിനിമാ ഭ്രാന്തൻ കൂടിയായ ജോർജ് കുട്ടി ഒരനാഥനാണ്.  നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജ് കുട്ടിയുടെ ഭാര്യയാണ് പത്താം ക്ലാസ്സിൽ തോറ്റ റാണി ( മീന ).
സ്കൂൾ വിദ്യാർഥിനികളായ രണ്ടു മക്കളും അടങ്ങുന്നതാണ് അയാളുടെ കുടുംബം. പ്രകൃതി രമണീയമായ ആ ഗ്രാമത്തിലെ ശാന്തമായ അവരുടെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാതെ എത്തുന്ന അഥിതിയാണ് വരുണ്‍ ( റോഷൻ ).  ഒരു രാത്രിയിൽ ഇരുട്ടിലൂടെ അവരുടെ മുന്നിലേക്ക്‌ നടന്നെത്തുന്ന റോഷൻ ആ രാത്രി കൊണ്ട് അവരുടെ നാലുപേരുടെയും വിധി മാറ്റിയെഴുതുന്നു. ത്രില്ലടിപ്പിക്കുന്ന ഒരു രണ്ടാം പകുതി ഒട്ടനവധി കലക്കം മറിച്ചിലുകൾക്ക് ശേഷം മനോഹരമായ ഒരു പരിസമാപ്തിയിൽ പൂർണമാകുന്നു.

    ജിത്തുവിന്റെ ഡിറ്റക്റ്റീവ്, മെമ്മറീസ് എന്നീ മുൻ ചിത്രങ്ങൾ പോലെ തന്നെ ഒരു ത്രില്ലർ ആണ് ദൃശ്യവും. പളുങ്ക് , കാഴ്ച മുതലായ ചിത്രങ്ങളിൽ നാം കണ്ട മലയോര കുടുംബത്തിന്റെ ഒരു കുഴഞ്ഞു മറിഞ്ഞ രൂപമാണ് ഈ ചിത്രത്തിലെ ആദ്യ അര മണിക്കൂർ അവതരിപ്പിക്കുന്നത്‌. മലയോരത്തെ നിഷ്കളങ്കനായ നായകനെ അവതരിപ്പിക്കാൻ ഒരുപാടു സമയം പാഴാക്കി കളഞ്ഞു. നന്മ നിറഞ്ഞ ഗ്രാമത്തെ അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന സ്ഥിരം സംഗതികളായ ചായക്കട, പോലീസ് സ്റ്റേഷൻ , നന്മ മാത്രം പറയുന്ന ഗ്രാമീണർ എന്നിങ്ങനെ പലരെയും നല്ല ഒന്നാം നമ്പർ സുവിശേഷ പ്രസംഗത്തിന്റെ അകമ്പടിയോടെ വലിച്ചു നീട്ടി കാണിച്ചിട്ടുണ്ട്. അങ്ങനെ വിരസമായ രംഗങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും വലിഞ്ഞിഴഞ്ഞു നീങ്ങുന്ന കഥയിലേക്ക്‌ വരുണ്‍ കയറി വരുന്നു. അതാണ്‌ കഥയിലെ വഴിത്തിരിവ്. വളരെ സാധാരണമായ അവരുടെ കുടുംബ ജീവിതം ആരും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നത്  ത്രസിപ്പിക്കുന്ന രീതിയിൽ പറഞ്ഞു പോവുകയാണ് പിന്നെ.  രണ്ടാം പകുതിക്കു കുറച്ചു കൂടി മൂർച്ച കിട്ടാൻ വേണ്ടി ജിത്തു ആദ്യ പകുതി മനപൂർവം ഇഴപ്പിച്ചതാണോ എന്നും ഒരു സംശയം ഇല്ലാതില്ല.

    മനുഷ്യ മനസ്സിന്റെ സങ്കീർണതകൾ വിചിത്രം തന്നെയാണ്. മനസ്സ് നമ്മളെക്കൊണ്ട് എപ്പോൾ എന്തൊക്കെ ചെയ്യിക്കും എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. ഒരിക്കലും തന്നെക്കൊണ്ട് ചെയ്യാൻ കഴിയില്ല എന്ന് വിചാരിക്കുന്ന പല കാര്യങ്ങളും സാഹചര്യങ്ങളും പരിഭ്രാന്തമായ മനോനിലയും നിങ്ങളെക്കൊണ്ട് ചെയ്യിക്കും. അതുപോലെയാണ് ഈ കുടുംബം എത്തിപ്പെടുന്ന പ്രതിസന്ധിയും അവരുടെ പ്രതിരോധവും. പക്ഷെ  "There is no such thing as a perfect crime" എന്ന്. കേട്ടിട്ടില്ലേ ? അത് പോലെ വിട്ടു പോയ അല്ലെങ്കിൽ അവിടവിടെ ചിതറി കിടക്കുന്ന പൊട്ടും പൊടിയും വച്ച് ഒരു ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അന്വേഷകരും അവരുടെ വലയിൽ പെടാതിരിക്കാൻ സ്വയം ഉത്തരങ്ങൾ മെനഞ്ഞെടുക്കുന്ന ഇരയുടെയും ഒരു കഥയാണ്‌ ദൃശ്യം. സൂക്ഷിച്ചു നോക്കിയാൽ ഷട്ടറിൽ ജോയ് മാത്യു പരീക്ഷിച്ച ചില കഥാപരമായ ടെക്നിക്കുകൾ ഇതിൽ ജിത്തു ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നുന്നു. എന്തായാലും ഇത് സംവിധായകന്റെ ചിത്രം തന്നെയാണ്. കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കലാകാരന്മാർ നമ്മുടെ സിനിമയിൽ കുറഞ്ഞു വരികയാണല്ലോ.

    അഭിനേതാക്കളുടെ പ്രകടനം പറയുകയാണെങ്കിൽ ആദ്യം പറയേണ്ട പേര് കലാഭവൻ ഷാജോണിന്റെയാണ്. സ്ഥിരം തമാശ വേഷങ്ങൾ വിട്ടു ഒരു തനി വില്ലൻ വേഷം തന്മയത്വത്തോടെ ഷാജോണ്‍ ഉജ്ജ്വലമാക്കി. ചില രംഗങ്ങളിൽ , ചിത്രം കാണുന്ന ഏതൊരാളിലും അസ്വസ്ഥതയുണ്ടാക്കുന്ന വിധം ഒരു വികാരം സൃഷ്ടിക്കാൻ ഷാജോണിനു കഴിഞ്ഞു. ജിത്തുവിന്റെ മുൻ ചിത്രമായ മൈ ബോസ്സിൽ ഒരു രസകരമായ കഥാപാത്രത്തെ അവതരിപ്പിച്ച ഷാ ജോണ്‍ തന്നെ ഇതിൽ നേരെ വിപരീത ദിശയിലുള്ള ഒരു കഥാപാത്രത്തെ അനശ്വരമാക്കി. പിന്നെ എന്നെ ആകർഷിച്ചത് ആശാ ശരത്തിന്റെ അഭിനയമാണ്. ഏഷ്യാനെറ്റിലെ കണ്ണീർ സീരിയലുകളുടെ പരസ്യത്തിൽ കണ്ട പരിചയം മാത്രമാണ് അവരോടുള്ളത്. മലയാള സിനിമയ്ക്ക് സധൈര്യം ഉപയോഗിക്കാവുന്ന ഒരു കഴിവുറ്റ നടി തന്നെയാണ് ആശ എന്ന് ദൃശ്യത്തിന്റെ രണ്ടാം പകുതി കണ്ട ഏതൊരാൾക്കും മനസ്സിലാകും. അത് പോലെ തന്നെ ജോർജ് കുട്ടിയുടെ മക്കളെ അവതരിപ്പിച്ച പെണ്‍കുട്ടികൾ , പ്രത്യേകിച്ച് ആ കൊച്ചു കുട്ടി. വളരെ മികച്ച അഭിനയം.

    മോഹൻ ലാലിനെ പറ്റി ഒന്നും പറയാനില്ലേ എന്ന് ഇപ്പോൾ ഇത് വായിക്കുന്നവർക്ക് തോന്നുന്നുണ്ടാവും. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾ ചില രംഗങ്ങളിലെങ്കിലും മുടന്തുന്നത് ഈ ചിത്രത്തിൽ കാണാം. ചിലപ്പോ അദ്ദേഹത്തിന് താല്പര്യമില്ലാത്ത ഒരു രംഗം ആർക്കോ വേണ്ടി അഭിനയിച്ചു തീർക്കുന്നത് പോലെയും തോന്നി. എന്നാൽ, അതേ സമയം തന്നെ ചില രംഗങ്ങളിൽ പഴയ ലാൽ അസാമാന്യമായ മെയ് വഴക്കത്തോടെ ചിറകു വിരിക്കുന്നതും കാണാം. ഉദാഹരണം, ഭാര്യയിൽ നിന്ന് തലേന്ന് രാത്രിയിൽ നടന്ന സംഭവങ്ങൾ കേട്ടതിനു ശേഷം ഇനിയെന്ത് എന്ന ആശയക്കുഴപ്പവും ഒരു തരം അരക്ഷിതത്വ ബോധവും നിഴലിക്കുന്ന ഒരു മുഖഭാവത്തോടെ നിൽക്കുന്ന അദ്ദേഹത്തിന്റെ ഒരു പ്രകടനമുണ്ട്. അത് പോലെ തന്നെ ചിത്രത്തിലുടനീളം അദ്ദേഹം നില നിർത്തുന്ന ആ തുടർച്ച ലാലിലെ അതുല്യ നടൻ ഇപ്പോഴും മരിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ്.

    പിന്നെ ഇതിൽ എടുത്തു പറയേണ്ട പേര് വേറൊരു നടന്റെയാണ്. മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം എന്ന ചൊല്ല് എത്ര സത്യമാണെന്ന് ആ നടന്റെ അഭിനയം കണ്ടപ്പോ പിടി കിട്ടി. ആലോചിച്ചു ബുദ്ധി മുട്ടണ്ട. പെരുമ്പാവൂരിൽ നിന്നും ജയറാമിന് ശേഷം വന്ന അടുത്ത വാഗ്ദാനം. ആന്റണി പെരുമ്പാവൂർ ആണ് ആ താരം. ദോഷം പറയരുതല്ലോ. തരക്കേടില്ലാതെ ആന്റണി അത് അഭിനയിച്ചിട്ടുണ്ട്. പക്ഷെ ആ കഥാപാത്രത്തെ ആദ്യ രംഗത്ത്‌ അവതരിപ്പിച്ചിരിക്കുന്നത് കഥയിൽ എന്തോ പ്രാധാന്യമുള്ള ഒരാൾ ആണെന്ന സൂചന നൽകിക്കൊണ്ടാണ്. എന്നാൽ അങ്ങേർ വന്നത് പോലെ തന്നെ അപ്രത്യക്ഷമാവുകയാണ്.


ക്രിസ്തുമസ് / ന്യൂ ഇയർ അവധിക്കു നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നതിനിടയിലും ഇത് എഴുതാം എന്ന് വിചാരിച്ചത് ഈ ചിത്രതോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്. ഈ സിനിമ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. മലയാളം മര്യാദക്കറിയാത്ത എന്റെ പ്രിയപ്പെട്ട ഭാര്യ പോലും ബാക്കിയുള്ളവരുടെ ഒപ്പം കയ്യടിച്ചാണ് ഇതിലെ ക്ലൈമാക്സ്‌ രംഗത്തെ അഭിനന്ദിച്ചത്. അവിടെ അന്ന് മുഴങ്ങി കേട്ട കയ്യടികൾ ഇനിയും ഇത് പോലെയുള്ള നല്ല ചിത്രങ്ങളുമായി വരാൻ ജിത്തുവിന് പ്രചോദനമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

4 അഭിപ്രായങ്ങൾ:

  1. ഞാന്‍ കാണാന്‍ തീരുമാനിച്ചതുകൊണ്ട് ഈ അവലോകനം മുഴുവനും വായിച്ചില്ല
    നല്ല റിവ്യൂ ആണെല്ലായിടത്തും കിട്ടുന്നത്

    മറുപടിഇല്ലാതാക്കൂ
  2. എഴു സുന്ദര രത്രികളും ഇന്ത്യന്‍ പ്രണയ കഥയും അത്ര ഗുണമല്ല എന്ന റിപ്പോര്‍ട് ആയതിനാല്‍ ഇതിനു തലവയ്ക്കേണ്ടി വരും എതെങ്കിലും ഒരെണ്ണം കാണണമല്ലോ ധൂം 3 ക്കും അഭിപ്രായം പോര , മോഹന്‍ ലാലിനു അഭിനയം ഇപ്പോള്‍ താല്‍പ്പര്യം ഇല്ലെന്ന് തോന്നുന്നു

    മറുപടിഇല്ലാതാക്കൂ