2011, മേയ് 7, ശനിയാഴ്‌ച

ജാതി പറയുന്നവര്‍


     ഈയിടെയായി കേരളത്തില്‍ കണ്ടു വരുന്ന ഒട്ടും ആരോഗ്യകരമല്ലാത്ത ഒരു പ്രവണതയെ കുറിച്ചാണ് ഈ പോസ്റ്റ്‌. മറ്റൊന്നുമല്ല എല്ലാത്തിലുമുള്ള തരം താണ ജാതി പ്രയോഗം. സുകുമാരന്‍ നായര്‍ അച്യുതാനന്ദനെ പറ്റി പറഞ്ഞതല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. സുകുമാരന്‍ നായരുടെ പ്രയോഗത്തെ ചിലര്‍ വിശകലനം ചെയ്തത് അച്യുതാനന്ദന്റെയും സുകുമാരന്‍ നായരുടെയും ജാതിയുമായി കണക്ട് ചെയ്താണ്.അതാണ്‌ ഇവിടത്തെ വിഷയം  സത്യം പറഞ്ഞാല്‍ മലയാളിയുടെ ജാതി ഭ്രമം ഒരു പുതിയ കാര്യമല്ല. പക്ഷെ കാലം പുരോഗമിക്കുംതോറും ഇത് കൂടുതല്‍ വഷളായി വരുന്നു എന്ന് തോന്നുന്നു. 


     malayal.am എന്നൊരു സൈറ്റ് ഉണ്ട്. അതില്‍ വന്ന ഒരു ഫിലിം റിവ്യൂ വായിച്ചപ്പോ ആണ് സത്യം പറഞ്ഞാല്‍ ഇതിന്റെ ഒരു ആഴം ഞാന്‍ തിരിച്ചറിഞ്ഞത്. ട്രാഫിക്‌ എന്നൊരു ചിത്രത്തിനെ അതിലെ കഥാപാത്രങ്ങളുടെ ജാതിയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്ന ഒരു നിരൂപണം. അതില്‍ പല വയാനക്കാരും ഇട്ടിരിക്കുന്ന കമന്റുകള്‍ വായിച്ചപ്പോള്‍ അല്പം ആശ്വാസം തോന്നി. ആ നിരൂപണം എഴുതിയ അബൂബക്കര്‍ എന്ന ലേഖകനെ തെറി പറഞ്ഞു കൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ ആണ് കൂടുതലും. ഈ സൈറ്റില്‍ എന്തോ എല്ലാത്തിനെയും ജാതീയമായി വിശകലനം ചെയ്യുന്ന ഒരു രീതി വ്യാപകമായി ഉള്ളതായി തോന്നുന്നു. എന്തിനേറെ പറയുന്നു ഇപ്പൊ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത‍ ആയ ഇന്ദുവിന്റെ മരണം പോലും കുറ്റാരോപിതന്‍ ആയ സുഭാഷിന്റെയും ഇന്ദുവിന്റെ മുറ ചെറുക്കന്‍ ആയ അഭിഷേകിന്റെയും ജാതി വച്ചിട്ടാണ് ഇവര്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.


     ഒസാമ ബിന്‍ ലാദന്‍ മരിച്ച വിവരം മാധ്യമങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്തല്ലോ. പക്ഷെ ഈ വാര്‍ത്ത‍ എല്ലാവരും ഒരു പോലെ ആണോ കണ്ടത് ? മാധ്യമം പത്രത്തില്‍ ഈ വാര്‍ത്തയ്ക്കു താഴെ വായനക്കാര്‍ കമന്റ്‌ ചെയ്തത് കണ്ടു. വളരെ വര്‍ഗീയ ചുവയുള്ള  ഒരു വാചക മേള.  എല്ലാം കൊള്ളാം. പക്ഷെ ഈ കൊച്ചു കേരളത്തില്‍ എന്തിനു ഇങ്ങനെ എന്ന് തോന്നി. മനുഷ്യനെ ബഹുമാനിക്കാന്‍ അറിയാത്ത  ഒരു കൂട്ടം എഴുത്തുകാര്‍. കേരള കൌമുദി ഫ്ലാഷ് ഇന്ദു സുഭാഷ്‌ സംഭവത്തെ ജാതീയമായിട്ടാണ് കണ്ടത് എന്ന് തോന്നുന്നു. മാത്രമല്ല ഏറെ തരം താണ രീതിയില്‍ അവര്‍ അത് പുറത്തു പ്രകടിപ്പിക്കുകയും ചെയ്തു. കറുത്ത നിറത്തിലുള്ള, കാണാന്‍ അല്പം പോലും ഭംഗിയില്ലാത്ത സുഭാഷിനെ ഒരിക്കലും ഇന്ദു സ്നേഹിക്കില്ല എന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ഉപദേശിച്ച ഒരു യുഗപുരുഷന്റെ ആശിര്‍വാദത്തിനു കീഴില്‍ തുടങ്ങിയ ഒരു പത്രമാണ്‌ ഇത് ചെയ്യുന്നതെന്ന് ഓര്‍ക്കണം. 

ഇത്  മാത്രമല്ല ... ഇപ്പൊ സോഷ്യല്‍ നെറ്റ്വര്‍കിംഗ്  സൈറ്റുകളില്‍ വരുന്ന പല ചര്‍ച്ചകളിലും വായനക്കാര്‍ ഇടുന്ന കമന്റുകള്‍ പലതും ശക്തമായ വര്‍ഗീയ ചായ്‌വ്  പ്രകടിപ്പിക്കുന്നതാണ്. എല്ലാ മതങ്ങളില്‍ പെട്ടവരും ഈ കാര്യത്തില്‍ ഒരേ രീതിയിലാണ് എന്ന് തോന്നുന്നു. ഏതെങ്കിലും കപട ഐഡന്റിറ്റി ഉപയോഗിച്ച് എന്തും വിളിച്ചു പറയാവുന്ന ഒരു മാധ്യമം ആണല്ലോ ഇത്. പക്ഷെ അങ്ങനെ പറയുന്ന കൂട്ടത്തില്‍ ഇതും കൂടി വേണോ ? ഇങ്ങനത്തെ വികാര പ്രകടനങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ക്രിസ്ത്യാനികളുടെ കാര്യം എടുത്താല്‍ ഒരുവിധം ഉള്ള സഭകള്‍ക്കെല്ലാം സ്വന്തമായി ബ്ലോഗുകള്‍ ഉണ്ട്. ഇത് സഭകള്‍ നേരിട്ട് നടത്തുന്നതതല്ല. ഉപദേശികള്‍ എന്ന് പണ്ട് വിളിച്ചിരുന്നവര്‍ ആണ് ഈ പരിപാടികള്‍ക്ക് പിന്നില്‍. എന്നാല്‍ യേശു ക്രിസ്തുവിന്റെ ത്യാഗത്തിന്റെ കഥകള്‍ പറഞ്ഞു അതിലെ നല്ല അംശങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ കാണാനേ ഇല്ല. ഇസ്ലാമും അത് പോലെ തന്നെ. ഓരോ മത നേതാക്കളുടെയും സംഘടനകളുടെയും അനുയായികള്‍ക്ക് ഇത്തരം സൈറ്റുകള്‍ ഉണ്ട്. സ്ഥിതി മുകളില്‍ പറഞ്ഞത് തന്നെ. ഹിന്ദു തത്വ സംഹിതകള്‍ എവിടെയും വായിക്കാന്‍ പറ്റില്ല. പകരം ഒട്ടനവധി ആത്മീയ സൈറ്റുകള്‍ ഉണ്ട്. പക്ഷെ ഇതില്‍ ചര്‍ച്ച വേദികള്‍ കുറവാണ് എന്ന് തോന്നുന്നു. ഹിന്ദുക്കള്‍ക്കിടയില്‍ മത സംഘടനകളെക്കാള്‍ സമുദായ സംഘടനകള്‍ ആണല്ലോ അധികം. അവര്‍ ചില സൈറ്റുകള്‍ വഴി ഈ പരിപാടി നന്നായി ചെയ്യുന്നുണ്ട്. ഹിന്ദു ആത്മീയ സൈറ്റുകളില്‍ കണ്ട വേറൊരു കാര്യം ജ്യോതിഷ സൈറ്റുകളുടെ ആധിക്യമാണ്. വാളെടുത്തവന്‍ വെളിച്ചപ്പാട് എന്ന രീതിയില്‍ ഒട്ടനവധി ജ്യോത്സ്യ ശിരോമണികള്‍ ഈ പരിപാടി വിജയകരമായി നടത്തികൊണ്ട് പോകുന്നുണ്ട്. 


     ഇനി ഒരു ചോദ്യം. ഒരു കാലത്ത് ഭാരതത്തിനു മുഴുവന്‍ മാതൃക ആയിരുന്ന ഒരു സംസ്ഥാനം ആണ് കേരളം. വിദ്യാഭ്യാസം, ആരോഗ്യം എന്ന് വേണ്ട എല്ലാത്തിലും മറ്റുള്ള സംസ്ഥാനങ്ങള്‍ അസൂയയോടെ നോക്കിയിരുന്ന കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയാന്‍ നമ്മുടെ ടെലിവിഷന്‍ ഒന്ന് നോക്കിയാല്‍ മതി. ജനങ്ങളെ ആകര്‍ഷിക്കുന്ന പരിപാടികളുടെ ഉള്ളടക്കം നോക്കൂ. ഒരു ഇരുപതു കൊല്ലം മുമ്പ് മലയാളിയെ ആവേശം കൊള്ളിച്ചിരുന്നതൊന്നും അവനു ഇന്ന് ഇഷ്ടമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ഉണ്ടായ വസന്തത്തിന്റെ ഇടി മുഴക്കം ഇനി ഒരിക്കലും ഉണ്ടാവില്ല. ഉപരിപ്ലവമായ കാര്യങ്ങള്‍ മാത്രമേ അവനെ ഇന്ന് പ്രലോഭിപ്പിക്കുന്നുള്ളൂ. ഒപ്പം വളര്‍ന്നു വരുന്ന ഇത്തരം വര്‍ഗീയമായ ചിന്തകള്‍ , അത് ഇതു മതത്തിന്റെതായാലും ഒട്ടും ആരോഗ്യകരമല്ല. നമ്മള്‍ക്ക് നേടാന്‍ ഇനിയും ഒരുപാടുണ്ട്. എന്ത് തോന്നുന്നു ?

7 അഭിപ്രായങ്ങൾ:

  1. പ്രധാന കാരണം അരാഷ്ട്രീയ വല്‍ക്കരണവും ജാതി മത സംഘങ്ങള്‍ക്ക് പല രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്ള അമിത സ്വാധീനവും ഭരണ, മാധ്യമ, പോലീസ്, നിയമ വ്യവസ്തിതികളിലെ മത ജാതി സംവരണ്വും തന്നെ,

    സമൂഹം അവവനവനിലേക്ക് ചുരുങ്ങിപ്പോയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. http://twitpic.com/4q2q67 ithaanu ippolathe yuvaakkalude sthithi

    മറുപടിഇല്ലാതാക്കൂ
  3. കേരളം ഇപ്പോഴും ഭ്രാന്താലയം തന്നെ!

    മറുപടിഇല്ലാതാക്കൂ
  4. മറ്റൊന്നും സ്വന്തമായി പറയാനില്ലാത്തവര്‍ക്ക്
    ഇതൊക്കെയല്ലേ പറ്റൂ.
    പറയട്ടെ, പരസ്പരം കൊന്നു തിന്നട്ടെ.

    മറുപടിഇല്ലാതാക്കൂ
  5. എല്ലാം ശരി. എന്റെ ജാതിക്കാരെ പറയരുത്!!!

    മറുപടിഇല്ലാതാക്കൂ