2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

ഒരു പ്രൊജക്റ്റ്‌ മാനേജരുടെ ജീവിതത്തില്‍ നിന്നൊരേട് - ഹയ്യോ

    


( ഈ പോസ്റ്റിനു ജീവിച്ചിരിക്കുന്നതോ മരിച്ചു പോയതോ മരിച്ചു ജീവിക്കുന്നതോ ആയ ഒരു പ്രൊജക്റ്റ്‌ മാനെജരുമായും ഒരു ബന്ധവുമില്ല എന്ന് ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. ഇനി അഥവാ അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ എച് ആറിനോട് പറഞ്ഞു എനിക്ക് പണി വാങ്ങി തരരുത് എന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു. )


      ഈശ്വരാ.. നേരം വെളുത്തോ ? അവള്‍ ഇത് വരെ എണീറ്റില്ലേ ? അവള്‍ക്കൊക്കെ ആകാമല്ലോ. ഇന്നലെ എപ്പോഴാണ് കിടന്നതെന്ന് തന്നെ ഓര്‍മയില്ല. പ്രൊജക്റ്റ്‌ മാനേജര്‍ ആണത്രേ പ്രൊജക്റ്റ്‌ മാനേജര്‍. പണ്ട് ഇത്രയും വിചാരിച്ചില്ല ഭഗവാനേ.. ലാപ്ടോപ് ഓണ്‍ ആയി ഇരിപ്പുണ്ട്. മെയില്‍ വല്ലതും ഉണ്ടോ എന്ന് നോക്കാം. അത് നോക്കുന്നതോടെ ഉറക്കച്ചടവോക്കെ പോകും. അങ്ങനത്തെ മെയിലുകള്‍ ആണ് ഓരോരുത്തന്മാര്‍ അയച്ചുകൊണ്ടിരിക്കുന്നത്. നേരെ അതിന്റെ മുന്നില്‍ ചെന്നിരുന്നു. 136 unread mails . രാവിലെ തന്നെ കുരിശാണല്ലോ. ഒരു കാര്യം ചെയ്യാം. ഇമ്പോര്‍ട്ടന്റ് ആയിട്ടുള്ളത് മാത്രം മറുപടി അയക്കാം. ഹോ. അതും നടക്കുമെന്ന് തോന്നുന്നില്ല. എല്ലാം റെഡ് ഫ്ലാഗ് ചെയ്താണ് ലവന്മാര്‍ അയച്ചിരിക്കുന്നത്. ഓഫീസിലേക്ക് വിടാം. ഇവിടിരുന്നാല്‍ അവള്‍ അതുമിതും പറഞ്ഞു ചൊറിഞ്ഞുകൊണ്ടിരിക്കും. ഇനിയിപ്പ ഓഫീസിലേക്ക് പോകുന്നു എന്ന് പറഞ്ഞാലും ലവള്‍ ചൊറിയും. ഈയിടെയായി അവള്‍ക്കു സംശയം ഉണ്ട്. വര്‍ക്ക്‌ ഫ്രം ഹോം ഓപ്ഷന്‍ ഉണ്ടായിട്ടും ഓഫീസിലേക്ക് പോകുന്നത് അവിടെ സുഖം പിടിച്ചിരിക്കാനാണെന്ന്. അവളെ പറഞ്ഞിട്ട് കാര്യമില്ല. ബാക്കിയുള്ളവന്‍ നോക്കുമ്പോ മള്‍ടി നാഷണല്‍ കമ്പനിയിലെ പ്രൊജക്റ്റ്‌ മാനേജര്‍. വന്‍ ശമ്പളം. അത്യുഗ്രന്‍ ഓഫീസ്. പക്ഷെ ഇവിടെ മനുഷ്യന്‍ ഉള്ളില്‍ തീയുമായാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ക്കറിയില്ലല്ലോ. ഒരു നമ്പര്‍ ഇട്ടു നോക്കാം. 'മോളെ. ഇവിടെ നെറ്റ് വര്‍ക്ക്‌ ചെയ്യുന്നില്ല കേട്ടോ. എന്തോ കുഴപ്പമുണ്ട്. ഞാന്‍ ഓഫീസ് വരെ ഒന്ന് പോയിട്ട് വരാം. ഈ ബി എസ് എന്‍ എല്ലിനെ കൊണ്ട് ഞാന്‍ തോറ്റു ഡീ ' . പതുക്കെ ഒളി കണ്ണിട്ടു നോക്കി. 'വൈകിട്ട് എപ്പോ വരും ?' അവളുടെ മറുചോദ്യം. 'അത് ഇപ്പൊ പറയാന്‍ പറ്റില്ല . ഞാന്‍ എത്തിയാലുടനെ വിളിക്കാം '

     ഒരു വിധത്തില്‍ പുറത്തു ചാടി. റോഡില്‍ മുടിഞ്ഞ ട്രാഫിക്. പത്തു മണിയായപ്പോള്‍ വല്ല വിധേനയും ഓഫീസിലെത്തി. ഫ്ലോര്‍ ഒഴിഞ്ഞു കിടക്കുന്നു. ആരും വന്നിട്ടില്ല. അല്ല. അവന്മാരെ പറഞ്ഞിട്ട് കാര്യമില്ല. വൈകിട്ടാണല്ലോ മിക്കവാറും പണി കിട്ടുന്നത്. അപ്പൊ പിന്നെ ഉറക്കമൊഴിഞ്ഞ് ഇരിക്കുന്നതല്ലേ. പാവങ്ങള്‍. ഇന്നെന്തൊക്കെയാണ്‌ ചെയ്യാനുള്ളത്. ഔട്ട്‌ ലുക്ക്‌ തുറക്കാന്‍ തന്നെ പേടിയാകുന്നു. കുറച്ചു മെയില്‍ ഒക്കെ റിപ്ലൈ ചെയ്തു. ഇന്ന് രാത്രി പന്ത്രണ്ടു മണി വരെ മീറ്റിങ്ങുകള്‍ ഉണ്ട്. ഓരോരോ അവന്മാര്‍ വെറുതെ മീറ്റിംഗ് റിക്വസ്റ്റ് അയച്ചിട്ടുണ്ട്. ഇവനെയൊക്കെ കൊണ്ട് തോറ്റു. മീറ്റിങ്ങില്‍ നൂറു കാര്യങ്ങള്‍ ചെയ്യാന്‍ തരും. എന്നിട്ട് അത് ചെയ്തു തീര്‍ക്കാന്‍ സമയവും തരില്ല. ഇങ്ങനെ പോയാല്‍ ദാമ്പത്യത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും. ഇപ്പൊ തന്നെ വീട്ടില്‍ വീട്ടില്‍ ഒരു കാര്യത്തിനും കിട്ടുന്നില്ല എന്ന് പറഞ്ഞു അവള്‍ വഴക്കാണ്. അവള്‍ക്കറിയില്ലല്ലോ ഇതൊക്കെ കൊണ്ടാണ് കഞ്ഞി കുടിച്ചു ജീവിച്ചു പോകുന്നതെന്ന്. ഒരിക്കല്‍ ഒരു മീറ്റിംഗ് അറ്റന്‍ഡ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ അവള്‍ വിളിച്ചു. ഫോണ്‍ കട്ട്‌ ചെയ്ത ദേഷ്യത്തിന് അവള്‍ ഒരു മുപ്പതു തവണയാണ് തുടരെ വിളിച്ചത്. ഒടുവില്‍ മുമ്പിലിരുന്ന സായിപ്പു പറഞ്ഞു അത് എടുത്തു നോക്കാന്‍. എടുത്തപ്പോ അവളുടെ ടയലോഗ്. അപ്പൊ എടുക്കാന്‍ അറിയാം അല്ലെ. എന്നോട് കളിച്ചാല്‍ ഇങ്ങനിരിക്കും എന്ന്. ചുറ്റിനും ആളിരിക്കുന്നത് കൊണ്ട് തെറി വിളിച്ചില്ല. അന്ന് രാത്രി ഒരു കാളരാത്രി ആയിരുന്നു. ഒടുവില്‍ രാത്രി രണ്ടു മണിയായപ്പോ ആണ് പറഞ്ഞു കോമ്പ്രമൈസ് ആക്കിയത്. അവളോട്‌ സ്നേഹത്തില്‍ ചോദിച്ചു അപ്പൊ എന്തിനാ ഫോണ്‍ ചെയ്തതെന്ന്. അപ്പൊ ഭാര്യ പറയുകാണ് ടാങ്കില്‍ വെള്ളം തീര്‍ന്നത് കൊണ്ടാണ് വിളിച്ചതെന്ന്. ഡീ അതിനു ഞാന്‍ ഓഫീസിലിരുന്നു എന്ത് ചെയ്യാനാ എന്ന് വളരെ സ്നേഹം കലര്‍ത്തി ചോദിച്ചു. പിന്നെ ഞാന്‍ ആരോട് പറയണം എന്നായിരുന്നു ലവളുടെ മറുപടി. പിന്നൊരു അങ്കത്തിനു ആരോഗ്യം ഇല്ലായിരുന്നത് കൊണ്ട് അര്‍ജുന പത്തു ജപിച്ചു കിടന്നുറങ്ങി. സന്തുഷ്ടമായ ദാമ്പത്യത്തിനു അനുസരണ ശീലം വളരെ വളരെ അത്യാവശ്യമാണെന്ന് ഇന്നസെന്റ് ഏതോ പടത്തില്‍ പറഞ്ഞിട്ടുണ്ട്. 

     ഇന്ന് ഒരുത്തനും ലീവ് പറഞ്ഞില്ലല്ലോ എന്ന് വിചാരിച്ചതേ ഉള്ളൂ.. ഫോണ്‍ അടിക്കുന്നു. നാഗേഷ് ആണ്. ലീഡ്. അവനു നല്ല സുഖമില്ല. ഇന്ന് വരുന്നില്ലെന്ന്. റസ്റ്റ്‌ എടുക്കു. മരുന്ന് കഴിക്കൂ. ഡോക്ടറെ കാണൂ എന്നൊക്കെ ഉപദേശിച്ചു. അവന്റെ ഭാര്യയും കുറെ കാലമായി ചൊറിച്ചില്‍ ആണെന്ന് അവന്‍ സൂചിപ്പിച്ചിരുന്നു. ചിലപ്പോ വെറുതെ ലീവ് എടുത്തതായിരിക്കും. ഉച്ച കഴിഞ്ഞിട്ട് എന്തെങ്കിലും ഭേദമുണ്ടെങ്കില്‍ ഓഫീസിലേക്ക് വാ എന്നൊക്കെ ഒരു സൈഡില്‍ കൂടി പറഞ്ഞു. അവന്‍ അര്‍ഥം വച്ചൊന്നു മൂളി. മതി. കൂടുതല്‍ ഉപദേശിച്ചാല്‍ അവന്‍ ചിലപ്പോ പണി നിര്‍ത്തി പോകും. മണി പന്ത്രണ്ടായി. ഓരോരുത്തര്‍ ആയി വന്നു തുടങ്ങി. പ്രൊജക്റ്റ്‌ മാനേജര്‍ ടീമിനെ മുഴുവന്‍ മോട്ടിവേറ്റ് ചെയ്യണം എന്നാണു കമ്പനി ഇപ്പോഴും പറയുന്നത് . ഒരുത്തനോടും പോയി വഴക്ക് പറയാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത ഒരു മാനേജര്‍ . സഹിക്കുക തന്നെ. ആ കിഷോര്‍ ഇടയ്ക്കിടയ്ക്ക് മൊബൈല്‍ എടുത്തുകൊണ്ടു കോണ്‍ഫറന്‍സ് റൂമിലേക്ക്‌ പോകുന്നുണ്ട്. അവന്‍ വേറെ ജോലിക്ക് ട്രൈ ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. നമുക്കിട്ടു പണി തരുമോ ഈശ്വരാ.. അവന്റെ സ്കില്‍ മാട്രിക്സ് എടുത്തു നോക്കി. സാരമില്ല. വലിയ ഹോട്ട് സ്കില്‍സ് ഒന്നുമല്ല. എന്നാലും നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമല്ലോ. അവനെ വിളിച്ചൊന്നു ഉപദേശിച്ചേക്കാം. പതുക്കെ അവനെ ക്യുബിക്കിളിലേക്ക് വിളിച്ചു. എന്തൊക്കെയുണ്ട് മോനെ കിഷോര്‍ വിശേഷം ? പണി ഒക്കെ എങ്ങനെയുണ്ട് ? എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എന്നൊക്കെ അവനോടു ചോദിച്ചു. കിട്ടിയ തക്കത്തിന് അവന്‍ കുറെ ഉപദേശം ഫ്രീ ആയി തന്നു. ഷെഡ്യൂളിംഗ് പ്രോപ്പെര്‍ അല്ല, വര്‍ക്ക്‌ അസൈന്‍ ചെയ്യുന്നത് ശരിയല്ല. അതാണ്‌ ഇതാണ് എന്നൊക്കെ പറഞ്ഞു ഒരുകൂട്ടം കുറ്റം അവന്‍ പറഞ്ഞു. അവന്റെ വാചകം കേട്ട് ഉള്ളില്‍ ചൊറിഞ്ഞു വന്നെങ്കിലും എല്ലാം അടക്കി വച്ചു . ഈ  മുന്നിലിരിക്കുന്ന വൃത്തികെട്ടവന്‍ ചെയ്തു വച്ച ഒരു മണ്ടത്തരത്തിന് ഒരാഴ്ചയാണ് എസ്കലെഷന്‍ കാള്‍ അറ്റന്‍ഡ് ചെയ്തു വല്ലവന്റെയും വായിലിരിക്കുന്നതൊക്കെ കേട്ടത്. എന്നിട്ട് അവന്‍ ഉപദേശിക്കാന്‍ വന്നിരിക്കുകയാണ്. ഒരു വിധം അവനെ സമാധാനിപ്പിച്ചു അയച്ചു.  അതാ അടുത്ത മാരണം വരുന്നു. സ്നേഹ. അവള്‍ ഓണ്‍ സൈറ്റ് വേണം എന്ന് പറഞ്ഞു ബഹളം വയ്ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അവള്‍ പേപ്പര്‍ ഒന്നും വായിക്കാറില്ല എന്ന് തോന്നുന്നു. അമേരിക്ക വിസ റിജെക്റ്റ് ചെയ്യുന്നതിനും തെറി എനിക്കാണ്. അവളുടെ വിസയ്ക്ക് വേണ്ടി ആരും ശ്രമിക്കുന്നില്ല. ഇത് ശരിയല്ല എന്നൊക്കെ പറഞ്ഞു അവള്‍ കുറെ കരച്ചില്‍. അമേരിക്കയില്‍ പോവുകയാണത്രേ അവളുടെ അന്തിമ ലക്‌ഷ്യം. ഇവളുമാരൊക്കെ ഇങ്ങനെ ഓരോ തീരുമാനമെടുക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ എന്ത് ചെയ്യും ഭഗവാനെ. ഒരു കാര്യം ചെയ്യാം അവളോട്‌ അങ്ങോട്ട്‌ ചെന്ന് സംസാരിക്കാം. സ്നേഹ...നിങ്ങളുടെ വിസയ്ക്കുള്ള അപ്ലിക്കേഷന്‍ ഒരെണ്ണം കൂടി ഫില്‍ ചെയ്യാനുണ്ട് കേട്ടോ. വിസ ഡിപ്പാര്‍ട്ട്മെന്റ് എന്തോ ഡീറ്റയില്‍സ്   ചോദിച്ചു മെയില്‍ അയച്ചിട്ടുണ്ട്. അത് കേട്ടതും അവളുടെ മുഖം വിടര്‍ന്നു. സംഗതി ഏറ്റു എന്നാണു തോന്നുന്നത്. കുറച്ചു നേരം കൂടി സംസാരിച്ചിട്ടു അകത്തു പോയിരുന്നു. നേരത്തെ അയച്ച മെയിലിന്റെ  ഒക്കെ മറുപടി വന്നിട്ടുണ്ട്. ഇതൊക്കെ അന്വേഷിച്ചു ഒരു പരിഹാരം ഉണ്ടാക്കുമ്പോഴേയ്ക്കും നേരം വെളുക്കും എന്നാ തോന്നുന്നത് 


     ഊണ് കഴിക്കാന്‍ ടൈം കിട്ടിയില്ല. ഒരു ബര്‍ഗര്‍ വാങ്ങിച്ചു കൊണ്ട് വന്നു സീറ്റില്‍ ഇരുന്നു തന്നെ അകത്താക്കി. ഒരിക്കല്‍ ഇത് കണ്ടിട്ട് ടെക് ലീഡ് ഒരുത്തന്‍ കളിയാക്കുന്നുണ്ടായിരുന്നു. ഇപ്പോഴും യൂറോപ്യന്‍ ഭക്ഷണം ആണല്ലേ എന്നൊക്കെ ചോദിച്ചിട്ട്. അവനറിയില്ലല്ലോ നമ്മുടെ അവസ്ഥ. അഞ്ചു മിനിറ്റ് ഒന്ന് മയങ്ങി. അതാ വരുന്നു ഒരു മെസ്സേജ്. പൂനം അയച്ചതാണ്. അവള്‍ക്കു ഒരു പത്തു മിനിട്ട് എന്തോ ഡിസ്കസ് ചെയ്യാനുണ്ടത്രേ. ഈശ്വരാ. അവളുടെ കല്യാണമൊന്നുമായിരിക്കരുതേ. ദൈവം കനിഞ്ഞില്ല. അത് തന്നെ. അവളുടെ കല്യാണം ഉറപ്പിച്ചുവത്രേ. ഒരു മാസം ലീവ് വേണമെന്ന്. മോളെ പൂനം. അത് നടക്കുമെന്ന് തോന്നുന്നില്ല. കൂടിയാല്‍ പത്തു  ദിവസം തരാം എന്ന് പറഞ്ഞു. എന്റെ കല്യാണത്തിന് ആകെ മൂന്നു ദിവസം ആയിരുന്നു കിട്ടിയത് എന്നൊക്കെ പറഞ്ഞു അവളെ സമാധാനിപ്പിച്ചു. അവള്‍ സമ്മതിച്ചു. പത്തു ദിവസം ഇനി ആരെക്കൊണ്ടു ഇതൊക്കെ ചെയ്യിക്കുമോ ആവോ. നാല് മാസം മുമ്പ് കല്യാണം കഴിഞ്ഞ വേറൊരു പെണ്ണവിടെ ഇരിപ്പുണ്ട്. അവള്‍ ഇനി എന്നാണാവോ മെറ്റെണിറ്റി ലീവ് ചോദിച്ചു വരുന്നത്. കുട്ടികള്‍ ആകാന്‍ കുറച്ചു പ്ലാനിംഗ്  ഒക്കെ വേണമെന്ന് കൂടി ഇനി ഇതിനെയൊക്കെ പറഞ്ഞു മനസ്സിലാക്കേണ്ടി വരുമോ എന്തോ. അവള്‍ പ്രസവിക്കാനോ മറ്റോ പോയാല്‍ അടുത്ത റിലീസ് കുളമായതു തന്നെ. ഭഗവാനെ അവര്‍ക്ക് നല്ല ബുദ്ധി തോന്നിക്കണേ. ഇങ്ങനെയൊക്കെ പറയുന്നത് മനുഷ്യത്വം അല്ല എന്നറിയാം. പക്ഷെ a good manager cannot be a good human being and a good human being cannot become a manager എന്നാണു പണ്ട് എന്റെ മാനേജര്‍ ആയിരുന്ന മുകുള്‍ ഷാ പറഞ്ഞു പഠിപ്പിച്ചത് 


     ഇന്ന് നാല് മണിക്ക് ഒരു ടീം മീറ്റ്‌ ഉണ്ട്. ചായകുടി. സ്നാക്സ് . പിന്നെ ടീം മേറ്റ്സ് നെ മോട്ടിവേറ്റ് ചെയ്യാന്‍ കുറെ ഗെയിംസ്. അതിനു മുമ്പ് തീര്‍ക്കേണ്ട പണികള്‍ എന്തൊക്കെയാണ് ..
പ്രൊജക്റ്റ്‌ ടീം മെംബേര്‍സ് എല്ലാവരും അറ്റന്‍ഡ് ചെയ്യേണ്ട കുറച്ചു ട്രെയിനിംഗ് ഉണ്ട്. ഓണ്‍ലൈന്‍. അതൊക്കെ ചെയ്യാത്ത കഴുതകളെ മെയില്‍ അയച്ചു ഉപദേശിക്കണം. എല്ലാവനും വയസ്സ് പത്തു മുപ്പതൊക്കെ ആയി. പക്ഷെ വകതിരിവ് എന്നൊരു സാധനം ഇല്ല. ആരെങ്കിലും കോലിട്ട് കുത്തിയാല്‍ മാത്രമേ എന്തെങ്കിലും ചെയ്യൂ. മെയില്‍ തുറന്നു. അതാ ചുവന്ന നിറത്തില്‍ എനിക്കൊരു മെയില്‍ വന്നിട്ടുണ്ടല്ലോ. ഹോ. പ്രൊജക്റ്റ്‌ മാനേജര്‍മാര്‍ ചെയ്യ്യേണ്ട ചില കോഴ്സുകള്‍ ഉണ്ട്. അത് പെട്ടെന്ന് കമ്പ്ലീറ്റ്‌ ചെയ്തില്ലെങ്കില്‍ പണി പോകും എന്ന് പറഞ്ഞു ഒരു മെയില്‍.  ഇത് വലിയ കുരിശായല്ലോ. എന്തായാലും ആദ്യം ടീം മേറ്റ്സിനുള്ള മെയില്‍ അയച്ചേക്കാം. അപ്പിയിടാന്‍ മുട്ടി നില്‍ക്കുമ്പോള്‍ കോണകം കടുംകെട്ടു കെട്ടും എന്ന് പറഞ്ഞ പോലെ ഔട്ട്‌ ലുക്ക്‌ ആകെ തൂങ്ങി പിടിച്ചു നില്‍പ്പുണ്ട്. അത് ശരിയാക്കണമെങ്കില്‍ ഒരു ആഴ്ച നീണ്ടു നില്‍ക്കുന്ന പ്രോസെസ്സ് ആണ്. കമ്പനി ഭയങ്കര പ്രോസെസ്സ് ഓറിയെന്റട് കമ്പനി ആണല്ലോ. നാട്ടിലുള്ള ഭഗവതിക്ക് നേര്‍ച്ച നേര്‍ന്നു. ഭാഗ്യം ശരിയായി. മെയില്‍ ഒക്കെ വിട്ടു. പാര്‍ട്ടിക്കായി കഫെറ്റെരിയയിലേക്ക് നീങ്ങി. ബര്‍ത്ത് ഡേ ആഘോഷിക്കുന്ന പിള്ളേരുടെ കേക്ക് കട്ടിംഗ്, ബലൂണ്‍ ഊതി വീര്‍പ്പിക്കല്‍ മത്സരം. അത് കഴിഞ്ഞാല്‍ ആ ബലൂണ്‍ കാലില്‍ വച്ച് കെട്ടിയിട്ടു അത് ചവിട്ടി പൊട്ടിക്കുന്ന മത്സരം ഒക്കെയാണ് പരിപാടികള്‍. വലിയ മാനേജര്‍ ആണ് , ലീഡ് ആണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. എല്ലാവനും ബലൂണിന്റെ പുറകെ ഓട്ടം തന്നെ. ഒടുവില്‍ ഒരു വിധത്തില്‍ എല്ലാം ചവിട്ടി പൊട്ടിച്ചു ശ്രീനിവാസന്‍ ഗുണ്ട് റാവു വിജയിയായി. അല്ലെങ്കിലും വല്ലവന്റെയും ബലൂണിന്റെ പണി തീര്‍ക്കാന്‍ ആന്ധ്രാക്കാരെ കഴിഞ്ഞിട്ടേ ഉള്ളൂ. ആകെയുള്ള രണ്ടു മലയാളികള്‍ കാലില്‍ ചവിട്ടും വാങ്ങി ഒരു മൂലയ്ക്കിരുപ്പുണ്ട്. അവനൊക്കെ അത് തന്നെ വേണം. ഹാ ഹാ .

      എല്ലാം കഴിഞ്ഞു വീണ്ടും ഡെസ്കില്‍ തിരിച്ചെത്തി. അമേരിക്കയില്‍ നേരം വെളുത്തു എന്ന് തോന്നുന്നു. സായിപ്പന്മാര്‍ ഓരോരുത്തര്‍ ആയി വരാന്‍ തുടങ്ങി. വളരെ സ്നേഹത്തോടെ ആണ് സംസാരിക്കുന്നതെങ്കിലും മുട്ടന്‍ പണികള്‍ അവന്മാര്‍ ഒരു സൈഡില്‍ കൂടി വച്ച് താങ്ങുന്നുണ്ട്. എല്ലാം ഏറ്റു വാങ്ങാന്‍ ചന്തുവിന്റെ ജന്മം ഇനിയും ബാക്കി. മോനെ കാണുന്നത് ആകെ ഞായറാഴ്ച ആണ്. വേറൊരു മാനേജര്‍ ആയ പ്രകാശ്‌ പറഞ്ഞത് ഓര്‍മ വരുന്നു. അവന്റെ മോള്‍ ഉറക്കമെഴുനേല്‍ക്കുന്നതിനു മുമ്പ് പ്രകാശ്‌ ഓഫീസിലേക്ക് ഇറങ്ങും. വൈറ്റ് ഫീല്‍ഡില്‍ ആണ് അവനു പണി. രാത്രി എല്ലാവരും ഉറക്കമായതിനു ശേഷം ആണ് എല്ലാ ദിവസവും തിരിച്ചു വരുന്നത്. സപ്പോര്‍ട്ട് മാനേജര്‍ ആയതു കാരണം ശനിയാഴ്ചയും പോകേണ്ടി വരും. ഞായറാഴ്ച രാവിലെ പോയി ചിക്കന്‍ വാങ്ങി കൊണ്ട് വരും. അവന്‍ തിരിച്ചു വരുന്നത് കണ്ടാണ്‌ മോള്‍ ഉറക്കം ഉണരുന്നത്. അടുത്ത കാലം വരെ ഞായറാഴ്ച വീട്ടില്‍ ചിക്കന്‍ വാങ്ങി കൊണ്ട് വരുന്ന ഒരു അങ്കിള്‍ ആണ് പ്രകാശ്‌ എന്നാണു മോള്‍ ധരിച്ചു വച്ചിരുന്നത്. നമ്മുടെയൊക്കെ വിഷമം ആരറിയാന്‍. ഹോ. ആരോ പിംഗ് ചെയ്യുന്നു. എന്താണെന്ന് നോക്കട്ടെ ട്ടോ.. പിന്നെ കാണാം.. ( ബാക്കിയുണ്ടെങ്കില്‍ )

2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

മീല്‍സ് റെഡി





     ഈ ഒരു ബോര്‍ഡ് ഇന്നലെ ഇവിടെ ഒരു ഹോട്ടലിന്റെ മുന്നില്‍ തൂക്കിയിരിക്കുന്നത് കണ്ടു. സാധാരണ ബാന്‍ഗ്ലൂര്‍ ഹോട്ടലുകളില്‍ ഈ ബോര്‍ഡ് കാണാറില്ല. കയറി നോക്കി. പ്രതീക്ഷിച്ച പോലെ ഒരു മലയാളി റെസ്ടോറന്റ് ആയിരുന്നു. അങ്ങനെ തീര്‍ത്തു പറയാനും പറ്റില്ല. ഒരു ചെറിയ മെസ്സ് ആണ് അത്. എന്തോ ആ ബോര്‍ഡ് കണ്ടപ്പോള്‍ ഒരുപാടു പഴയ ഓര്‍മ്മകള്‍ മനസ്സിലേക്ക് കയറി വന്നു. പഠിച്ചതൊക്കെ അടുത്തുള്ള സ്കൂളിലും കോളജിലും ഒക്കെ ആയിരുന്നത് കൊണ്ട് പുറത്തു നിന്ന് ഭക്ഷണം കഴിക്കേണ്ടി വന്നിട്ടില്ല. ഏകദേശം ഒന്‍പതു വര്‍ഷം മുമ്പാണ് വീട്ടിലെ സുഖവാസം മതിയാക്കി ഞാന്‍ പണിക്കു പോയി തുടങ്ങിയത്. അന്ന് മുതലാണ്‌ വീട്ടിനു പുറത്തു നിന്ന് ആഹാരം കഴിക്കല്‍ തുടങ്ങുന്നത്. ഈയിടക്ക് സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ നെ പറ്റിയുള്ള വാര്‍ത്തകള്‍ വായിച്ചപ്പോഴും ഞാന്‍ ഇതൊക്കെ ഓര്‍ത്തിരുന്നു. 


    വീട്ടില്‍ ബീഫ് ഉണ്ടാക്കാത്തത് കൊണ്ട് അത് അടുത്തുള്ള ഒരു തട്ടുകടയില്‍ പോയി കഴിക്കുമായിരുന്നു. അവിടെ ചെന്ന് ഓര്‍ഡര്‍ ചെയ്യുമ്പോ ആണ് അവര്‍ അത് ചൂടാക്കി തരുന്നത്. ബീഫ് മുളകും ചേരുവകളും ഒക്കെ പുരട്ടി ഒരു പത്രത്തില്‍ വച്ചിരിക്കും. നമ്മള്‍ ഒരു പ്ലേറ്റ് ബീഫ് ഫ്രൈ എന്ന് ഓര്‍ഡര്‍ ചെയ്താല്‍ ഉടനെ അതുണ്ടാക്കുന്ന കണ്ണന്‍ ചേട്ടന്‍ ഒരു ചെറിയ കിണ്ണത്തില്‍ കുറച്ചു ബീഫ് എടുത്തു മുന്‍പില്‍ തിളച്ചു കൊണ്ടിരിക്കുന്ന എണ്ണയിലേക്ക്   ഇടും. ആ എണ്ണയില്‍ വീണ ഉടന്‍ തന്നെ അവന്‍ അങ്ങനെ വീതി തിളക്കാന്‍ തുടങ്ങും. മാത്രമല്ല ബീഫ് എണ്ണയില്‍ വീഴുമ്പോള്‍ ഒരു മണമുണ്ട്. ഹോ. ഇപ്പോഴും അത് മൂക്കിന്‍ തുമ്പത്തുണ്ട് . പിന്നെ പുള്ളി അതില്‍ എന്തൊക്കെയോ സാധനങ്ങള്‍ വാരി വിതറും. ഒരു അഞ്ചു മിനിറ്റ് ഈ അഭ്യാസമൊക്കെ കാണിച്ചിട്ട് ഒരു കീറ് പത്രകടലാസിന്റെ മുകളില്‍ വിരിച്ചിരിക്കുന്ന മെഴുകു പേപ്പറിന്റെ മുകളിലേക്ക് ഇടും. എന്നിട്ട് അത് ചൂടോടെ പൊതിഞ്ഞു തരും. 


     പിന്നെ തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്നപ്പോള്‍ മണക്കാട് ആയിരുന്നു താമസം. നല്ല ഒന്നാംതരം ഭക്ഷണം കിട്ടുന്ന ഹോട്ടലുകള്‍ കൊണ്ട് സമൃദ്ധമാണ് തിരുവനന്തപുരം. സീനത്ത് എന്നൊരു ഹോട്ടലിലായിരുന്നു നമ്മുടെ ഭക്ഷണം കഴിക്കല്‍. അത് നടത്തിയിരുന്ന ഒരു കാക്ക ഉണ്ട്. അദ്ദേഹം രാവിലെ നാല് മണിക്ക് തന്നെ ഹോട്ടലില്‍ എത്തും. എന്നിട്ടാണ് സുബഹി നിസ്കരിക്കാന്‍ അദ്ദേഹം അട്ടക്കുളങ്ങര പള്ളിയിലേക്ക് പോകുന്നത്. അന്ന് കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ട് ഞങ്ങള്‍ക്ക് വയറു നിറയെ ഭക്ഷണം തന്നിരുന്നത് കാക്കയുടെ ഒരു കാരുണ്യമായിരുന്നു. പൊറോട്ട വാങ്ങിയാല്‍ അതിന്റെ ഒപ്പം കറി വാങ്ങാന്‍ പലപ്പോഴും പൈസ ഉണ്ടാവില്ല. അതുകൊണ്ട് ഞങ്ങള്‍ എന്നും കുറച്ചു ഗ്രേവി ചോദിക്കും. വല്ലപ്പോഴുമെങ്കിലും ഒരു കറി വാങ്ങിച്ചു കഴിക്കൂ മക്കളെ എന്ന് കാക്ക തമാശ പറയുമെങ്കിലും എന്നും നമ്മള്‍ ചോദിക്കാതെ തന്നെ ഗ്രേവി തരാന്‍ അദ്ദേഹം സപ്പ്ലയര്‍മാരോട് പറയും. മിക്ക ദിവസവും ആ ഗ്രെവിയും അല്ലെങ്കില്‍ രണ്ടു സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്താണ് പൊറോട്ട കഴിക്കുന്നത്‌. പക്ഷെ കഴിക്കുന്ന സമയം ഒക്കെ കിറുകൃത്യമായിരുന്നു. മീല്‍സ് റെഡി ബോഡ് തൂങ്ങുന്ന ആ നിമിഷം തന്നെ നമ്മള്‍ അവിടെ വരവ് വയ്ക്കും. 


     ഒരു ദിവസം അവിടെ കഴിക്കാന്‍ പോയപ്പോള്‍ കണ്ടു നല്ല പരിചയമുള്ള ഒരാള്‍ അവിടെ നില്‍ക്കുന്നത് കണ്ടു. മട്ടന്‍ വാങ്ങിക്കാന്‍. അങ്ങേര്‍ പോയതിനു ശേഷം കാക്കയോടു ചോദിച്ചപ്പോഴാണ് മനസ്സിലായത് നമ്മുടെ 'അനന്തം അജ്ഞാതം ' അവതരിപ്പിക്കുന്ന പുള്ളിയാണെന്ന്. അങ്ങേര്‍ അവിടത്തെ സ്ഥിരം കുറ്റിയാണ്. സീനത്തിലെ പഴം പൊരിയും ഉഴുന്ന് വടയും എന്റെ ഒരു ഫേവറിറ്റ് ആയിരുന്നു. നോമ്പ് കാലത്ത് വളരെ താമസിച്ചേ ഹോട്ടല്‍ തുറക്കൂ. സുഹൃത്തുക്കള്‍ എല്ലാം മുസ്ലീങ്ങള്‍ ആയതു കാരണം ആ ഒരു മാസം കഴിക്കാന്‍ ഞാന്‍ ഒറ്റക്കാവും. രാഹത്ത് എന്ന് പറഞ്ഞിട്ട് വേറൊരു ഹോട്ടല്‍ കൂടി അവിടുണ്ടായിരുന്നു. അവിടെ പോയി ബിരിയാണി കഴിച്ചിട്ട് കൈ സോപ്പിട്ടു കഴുകാതെ തിരിച്ചു വന്നു ഞാന്‍ എന്റെ സുഹൃത്തുക്കളെ ആ കൈ മണപ്പിക്കുമായിരുന്നു. ഒരു തമാശയായി അങ്ങനെ ചെയ്തെങ്കിലും പിന്നെ നോമ്പിന്റെ പുണ്യത്തെ അപമാനിക്കരുത് എന്ന് കരുതി ഞാന്‍ ആ പരിപാടി നിര്‍ത്തി. അന്ന് അവര്‍ പാളയം പള്ളിയില്‍ നോമ്പ് തുറയ്ക്ക് പോയിട്ട് വരുമ്പോ എനിക്കും മഞ്ഞളും ഇഞ്ചിയും ഒക്കെ ചേര്‍ത്ത സ്വാദിഷ്ടമായ നോമ്പ് കഞ്ഞി കൊണ്ട് വരുമായിരുന്നു. എന്താ അതിന്റെ ഒരു രുചി.. ഹോ.. 


     പിന്നെ ഓര്‍മ വരുന്നത് അട്ടക്കുളങ്ങര ജയിലിന്റെ അടുത്തുള്ള ബുഹാരി ആണ്. പുട്ടും മട്ടന്‍ കറിയും ആണ് അവിടത്തെ സ്പെഷ്യല്‍. സിനിമ കണ്ടിട്ട്  ഓട്ടോ പിടിക്കാന്‍ കാശില്ലാത്തത്‌ കൊണ്ട് പലപ്പോഴും തമ്പാനൂര്‍ നിന്ന് മണക്കാട് വരെ നടന്നാണ് പോകുന്നത്. കിഴക്കേ കോട്ട വഴി നടന്നു തളര്‍ന്നു അട്ടക്കുളങ്ങര എത്തുമ്പോ ഒരു തണ്ണീര്‍ പന്തല്‍ പോലെ ബുഹാരി ഉണ്ടാവും. 

കഴുകി വൃത്തിയാക്കിയ തൂശനിലക്കഷണത്തില്‍ മഞ്ഞു പോലത്തെ വെണ്മയുള്ള രണ്ടു കഷണം പുട്ടും അതിന്മേല്‍ തൂവിയ രുചികരമായ മട്ടന്‍ കറിയും. ചിലപ്പോ ചായയും ഉണ്ടാവും. എപ്പോ അവിടെ ചെന്നാലും ഒരുപോലെയാണ്. നിറയെ ആളുകളും ഹോട്ടല്‍ നിറഞ്ഞു നില്‍ക്കുന്ന മട്ടന്‍ കറിയുടെ മണവും. ചാല കമ്പോളത്തിന്റെ ഒത്ത നടുവില്‍ മുബാറക് എന്നൊരു ഹോട്ടലുണ്ട്. പണ്ടൊരുപാട് കേട്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ അവിടെ പോയപ്പോഴാണ് എന്തുകൊണ്ടാണ് മുബാറക് ഇത്ര പ്രസിദ്ധം എന്ന് മനസ്സിലായത്. ഒരു ചെറിയ, അത്രയ്ക്ക് ആഡംബരമോന്നുമില്ലാത്ത ഒരു കെട്ടിടത്തിലാണ് മുബാറക് പ്രവര്‍ത്തിക്കുന്നത്. ഉച്ചയൂണിനു പ്രസിദ്ധമാണ് മുബാറക്. 

ചോറും കറികളും തേങ്ങ ചേര്‍ത്തരച്ച അത്യുഗ്രന്‍ മീന്‍ കറിയും കപ്പയും ആണ് ഇവിടത്തെ സ്പെഷ്യാലിറ്റി. പറഞ്ഞാല്‍ വിശ്വസിക്കില്ല. ഉച്ചക്ക് അവിടെ പോയി നോക്കിയാല്‍ ഭക്ഷണം പാര്‍സല്‍ വാങ്ങിച്ചു കൊണ്ട് പോകാന്‍ കാരിയറുമായി വന്നു കാത്തു നില്‍ക്കുന്ന സ്റ്റേറ്റ് കാര്‍ ഡ്രൈവര്‍മാരെ കാണാം. നോമ്പിന്റെ സമയത്ത് അതി രാവിലെ അവിടെ ചെല്ലുന്നവര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം ( മീന്‍ പൊരിച്ചത് ഉള്‍പ്പെടെ ) സൌജന്യമാണ്. നോമ്പ് സമയത്ത് ഒരു പുണ്യ പ്രവര്‍ത്തി പോലെ ആ ഹോട്ടലുടമ വര്‍ഷങ്ങളായി ചെയ്തു വരുന്ന ഒരു കാര്യമാണ്. ചെല്ലുന്നവന്റെ ജാതിയോ മതമോ നോക്കാതെ എല്ലാവര്‍ക്കും സൌജന്യ ഭക്ഷണം. എന്റെ സുഹൃത്തായ വിനോദും അവന്റെ അനിയനും അവിടത്തെ സ്ഥിരം പുള്ളികള്‍ ആയിരുന്നു.
     കേത്തലിന്റെ കടയെ പറ്റി കൂടി എഴുതിയില്ലെങ്കില്‍ ഇത് പൂര്‍ണമാവില്ല. പണ്ട് കെറ്റിലില്‍ ചായ കൊണ്ട് നടന്നു വിറ്റിരുന്ന ആളാണ്‌ ഇതിന്റെ ഉടമ. കെറ്റില്‍ നു ലോക്കല്‍ ആയി കേത്തല്‍ എന്നാണല്ലോ നമ്മുടെ നാട്ടുകാര്‍ വിളിക്കുന്നത്‌. അദ്ദേഹത്തിന്റെ കടയില്‍ എന്താ കിട്ടുക എന്നറിയാമോ ? പൊരിച്ച ഒരു ഫുള്‍ ചിക്കന്‍, ആറു ചപ്പാത്തി. ഇതിനു ഫ്ലാറ്റ് റേറ്റ് ആണ്. പണ്ട് നാല്പതു രൂപയായിരുന്നു. ഇപ്പൊ എത്രയാണെന്ന് അറിയില്ല. ഇതിന്റെ ഒപ്പം നാരങ്ങ വെള്ളം ഫ്രീ ആണ്. എത്ര വേണേലും കുടിക്കാം. വളരെ പ്രസിദ്ധമാണ് ഈ കട. മോഹന്‍ ലാല്‍ ഏതോ ഒരു പടത്തില്‍ ഈ കടയെ പറ്റി പറയുന്നുണ്ട്. മാത്രമല്ല അവരുടെ ഗാംഗ് പണ്ട് എക്സ്പ്ലോര്‍ ചെയ്തിരുന്ന കടകളില്‍ ഒരെണ്ണമായിരുന്നു   ഇത്. ഇവര്‍ ഇപ്പൊ കൊല്ലത്ത് പള്ളിമുക്കിലും കട തുടങ്ങിയിട്ടുണ്ട്. അത് പോലെ തന്നെ രഹമാനിയ ഹോട്ടലും. 
      രസകരമായ ഒരു കാര്യം കൂടി. കൊല്ലത്ത് ഓലയില്‍ എന്നൊരു സ്ഥലമുണ്ട്. മലയാള സിനിമയിലെ മണ്‍ മറഞ്ഞ ഇതിഹാസം ജയന്‍ ജനിച്ചു വളര്‍ന്ന വീടിനു തൊട്ടടുത്തായി ഒരു മെസ്സ് ഉണ്ടായിരുന്നു. അത് നടത്തുന്ന ചേട്ടനെ നമ്മള്‍ കളിയായി ഊണ് reddy എന്നായിരുന്നു വിളിച്ചിരുന്നത്‌. രാമ reddy എന്നൊക്കെ വിളിക്കുന്നത്‌ പോലെ. കാരണം പുള്ളി ഊണ് റെഡി ആയാല്‍ നമ്മളെ കാണുമ്പോ വാതിലില്‍ നിന്നേ വിളിച്ചു കൂവും ഊണ് റെഡി എന്ന്. പക്ഷെ റെഡി എന്ന വാക്ക് കുറെ കടുപ്പിച്ചാണ് പറയുന്നത്. നമ്മുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു രസികന്‍ അത് അങ്ങേര്‍ക്കു പേരായി ചാര്‍ത്തിക്കൊടുത്തു.    ഇങ്ങനെ പലതും ഓര്‍മയില്‍ വരുന്നുണ്ട്. പക്ഷെ അതിന്റെയൊക്കെ ഓര്‍മ്മകള്‍ തന്നെ വായില്‍ വെള്ളം നിറച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് കൂടുതല്‍ എഴുതാന്‍ പറ്റുന്നില്ല. അയ്യോ അതാ അപ്പുറത്ത് മീല്‍സ് റെഡി ബോര്‍ഡ് തൂങ്ങി. ഞാന്‍ കഴിക്കാന്‍ പോട്ടെ. പിന്നെ കാണാം.

വാല്‍ക്കഷണം :
കൊച്ചിയില്‍ നമ്മള്‍ കഴിക്കാന്‍ പോയിരുന്ന ഒരു മെസ്സ് ഉണ്ടായിരുന്നു. ഒരു വീടിന്റെ ചായ്പ് വളച്ചെടുത്തു സ്റ്റീല്‍ ഷീറ്റ് മുകളില്‍ പാകിയ ഒരു തട്ടിക്കൂട്ട് സെറ്റപ്പ്. അറുപതിനോടടുത്തു പ്രായമുള്ള രണ്ടു അമ്മൂമ്മമാര്‍ ആണ് അത് നടത്തിയിരുന്നത്. ചൂടുകാലത്ത് ആ ഷീറ്റ് വെയിലത്ത്‌ ചുട്ടു പഴുത്തു നമ്മള്‍ ഭക്ഷണം കഴിക്കാന്‍ ചെല്ലുന്ന നേരത്ത് അകത്തു തീക്കാറ്റ് വീശും. പക്ഷെ അതെല്ലാം നമ്മള്‍ അറിയുകയേ ഇല്ല. കാരണം ആ ഭക്ഷണത്തിന്റെ രുചി. വീട്ടില്‍ അമ്മ ഉണ്ടാക്കി തരുന്ന അതെ രുചി മാത്രമല്ല അതേ സ്നേഹത്തോടും ശ്രദ്ധയോടും കൂടിയാണ് ആ അമ്മൂമ്മമാര്‍ നമുക്ക് ആഹാരം വിളമ്പുന്നത്. അവിടുന്ന് കിട്ടിയിരുന്ന പച്ച മോരിന്റെ രുചി ഓര്‍ത്താല്‍ ഇപ്പോഴും നമ്മള്‍ അവിടെ ഓടിയെത്തും.

ഇതില്‍ എഴുതാതെ വിട്ടു പോയ ഒരുപാടു സ്ഥലങ്ങള്‍ ഉണ്ട്. 
     നിങ്ങള്‍ക്കറിയാവുന്നതൊക്കെ ഒന്ന് ഓര്‍മിപ്പിച്ചേക്കണേ

ചിത്രങ്ങള്‍ക്ക് കടപ്പാട് : 

2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

നഷ്ട പ്രണയത്തിന്റെ പ്രണയം




     ഇന്നലെ പ്രണയം കണ്ടു. അക്ഷരാര്‍ത്ഥത്തില്‍. പ്രണയത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരു തലത്തിലാണ് ഇതിന്റെ കഥ പറച്ചില്‍ നടത്തിയിരിക്കുന്നത്. പ്രായവും പക്വതയും ആയവരുടെ പ്രണയത്തിന്റെയും യൌവനത്തിലെയും കൌമാരത്തിലേയും പ്രണയങ്ങളുടെയും കഥ പറയുന്ന പല സിനിമകളും ഇതിനകം നമ്മള്‍ കണ്ടു കഴിഞ്ഞിരിക്കുന്നു. പക്ഷെ ജീവിതത്തിന്റെ സായാഹ്നത്തിലെ ചില കണ്ടുമുട്ടലുകളും അവിടെ സ്വയം എത്ര വിലക്കിയിട്ടും പൊട്ടി വിടരുന്ന പ്രണയം. അതാണ് ചുരുക്കത്തില്‍ ഈ ചിത്രം. തികച്ചും സംഭവിക്കാവുന്ന അതി സാധാരണമായ ഒരു സാഹചര്യത്തില്‍ നിന്നാണ് കഥ തുടങ്ങുന്നതെങ്കിലും അതിന്റെ വഴിത്തിരിവുകള്‍ വ്യത്യസ്തമാണ്.

     അച്യുത മേനോന്‍ ( അനുപം ഖേര്‍ ), മാത്യൂസ് ( മോഹന്‍ ലാല്‍ ) , ഗ്രേസ് ( ജയപ്രദ ) എന്നീ മധ്യ വയസ്സ് പിന്നിട്ട മൂന്നു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ വളരുന്നത്‌.  ഒരു ഹാര്‍ട്ട്‌ അറ്റാക്ക്‌ കഴിഞ്ഞു മകന്‍ സുരേഷ് മേനോന്റെ ഫ്ലാറ്റില്‍  വിശ്രമിക്കുകയാണ് അച്യുതമേനോന്‍. അദ്ദേഹത്തിന്റെ ഒരേ ഒരു മകന്‍ ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. അറ്റാക്കിനെ തുടര്‍ന്ന്‍ നാട്ടില്‍ നിന്നും വരുന്ന മേനോന് കൂട്ടായി മരുമകളും കൊച്ചു മകളും ഉണ്ട്. ഒരിക്കല്‍ പുറത്തു പോയി തിരിച്ചു വന്ന മേനോന്‍ ലിഫ്റ്റില്‍ വച്ച് ഒരു സ്ത്രീയെ കണ്ടു മുട്ടുന്നു. അവരെ കണ്ടതിനെ തുടര്‍ന്ന് മേനോന്‍ കുഴഞ്ഞു വീഴുന്നു. അവരും സെക്യൂരിറ്റിയും ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നു. ആ ഫ്ലാറ്റില്‍ പുതുതായി താമസത്തിന് വന്നതാണ് അവര്‍. പക്ഷെ മേനോന്റെ പേര്, വയസ്സ് , വീട്ടുപേര് ഇതൊക്കെ അവര്‍ ആശുപത്രിയില്‍ രെജിസ്ട്രേഷന് വേണ്ടി പറഞ്ഞു കൊടുക്കുന്നു. തക്ക സമയത്ത് എത്തിയത് കാരണം മേനോന്‍ അപകട നില തരണം ചെയ്യുന്നു. ആശുപത്രിയില്‍ ഓടിയെത്തിയ മേനോന്റെ മരുമകള്‍ക്കും കൊച്ചു മകള്‍ക്കും ഒക്കെ ഉള്ള ഒരു സംശയം അവര്‍ക്ക് ഇതൊക്കെ എങ്ങനെ അറിയാം എന്നതായിരുന്നു. മടിച്ചു മടിച്ചു അവര്‍ മറുപടി പറയുന്നു. അവരുടെ മകന്‍ ആണ് സുരേഷ് എന്ന്. 


      
    ഇവിടെ അവരുടെ ഭൂതകാലത്തിലേക്ക് ഒരിട തിരിച്ചു പോകുന്നു സിനിമ. പണ്ട് ഒരിക്കല്‍ പ്രണയത്തിലായി വിവാഹം കഴിച്ചവരാണ് അച്യുതമേനോനും ഗ്രേസും. ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്ന അച്യുതമേനോനെ ഗ്രേസ് ആദ്യമായി കാണുന്നത് മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന ഒരു റെയില്‍വേ സ്റെഷനില്‍ വച്ചാണ്. എന്തോ പഠിക്കുന്നതിനായി നഗരത്തിലെ റെയില്‍വേ സ്റെഷനില്‍ വന്നിറങ്ങിയ ഗ്രേസ് അവിടെ നിറഞ്ഞ പുഞ്ചിരിയുമായി കോരിച്ചൊരിയുന്ന മഴ നനഞ്ഞു നില്‍ക്കുന്ന ഒരു കൌമാരക്കാരനെ കാണുന്നു. പ്രഥമ ദര്‍ശനാനുരാഗം എന്ന വണ്ണം അവര്‍ ഇഷ്ടത്തിലാവുന്നു. രണ്ടു സമുദായങ്ങളില്‍ പെട്ടത് കൊണ്ട് സ്വാഭാവികമായും അവരുടെ ബന്ധത്തിന് എതിര്‍പ്പുണ്ടാവുകയും അവര്‍ ഒളിച്ചോടി വിവാഹിതരാവുകയും ചെയ്തു.നാല് വര്‍ഷം മാത്രം നീണ്ടു നിന്ന ദാമ്പത്യം എന്തോ നിസ്സാര കാരണത്താല്‍ തകരുന്നു. അന്ന് അവരുടെ ഏക മകനെയും കൊണ്ട് നാട് വിട്ട അച്യുത മേനോനെ നീണ്ട നാല്പതു വര്‍ഷത്തെ അകലത്തിന് ശേഷം ഇന്ന്, ഇവിടെ വച്ചാണ് അവര്‍ വീണ്ടും കാണുന്നത്.


    ഗ്രേസ് ഇന്ന്  മാത്യൂസിന്റെ ഭാര്യയാണ് . പഴയ ഒരു ഫിലോസഫി പ്രൊഫസര്‍ ആണ് മാത്യൂസ്. സ്ട്രോക്ക് വന്നു ശരീരത്തിന്റെ വലതു വശം തളര്‍ന്ന നിലയിലാണ് മാത്യൂസ്. അവര്‍ക്കൊരു മകളും ഉണ്ട്. മകളുടെയും ഭര്‍ത്താവിന്റെയും അവരുടെ കൊച്ചു മകളുടെയും ഒപ്പമാണ് മാത്യൂസും ഗ്രേസും താമസിക്കാന്‍ എത്തുന്നത്‌ . അടുത്ത ദിവസവും ആശുപത്രിയില്‍ മേനോന്റെ സുഖവിവരം അന്വേഷിക്കാന്‍ ഗ്രേസ് എത്തുന്നു. ബോധം തിരിച്ചു കിട്ടുന്ന മേനോന്‍ ആദ്യം കാണാന്‍ അന്വേഷിക്കുന്നത് ഗ്രേസിനെയാണ്. ആശുപത്രിയില്‍ നിന്ന് ഉലഞ്ഞ മനസ്സോടെ തിരിച്ചെത്തിയ ഗ്രേസിനോട് എന്താ നിനക്ക് പറ്റിയതെന്നു മാത്യൂസ് അന്വേഷിക്കുന്നു. ഐ സി യു വില്‍ കിടക്കുന്നത് തന്റെ പഴയ അച്ചുവാണെന്ന് ഗ്രേസ് അദ്ദേഹത്തോട് പറയുന്നു. ഗ്രേസിന്റെ കഥകള്‍ അറിയാവുന്ന മാത്യൂസ് അവളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നു.  എന്നാല്‍ അതെ സമയം ഗ്രേസ് മേനോന്റെ ആദ്യ ഭാര്യയായിരുന്നു എന്ന പുതിയ അറിവ് രണ്ടു പേരുടെയും കുടുംബങ്ങളില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.  അച്യുത മേനോന്‍ പിന്നീട് വിവാഹം കഴിക്കാഞ്ഞതിനാല്‍ ഒരു അമ്മയുടെ സ്നേഹ വാത്സല്യങ്ങള്‍ അനുഭവിക്കാതെ വളര്‍ന്ന ഒരു ബാല്യമായിരുന്നു സുരേഷിന്റെത്. തന്നെ ചെറിയ പ്രായത്തില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞ ഒരു ദുഷ്ടയാണ് അമ്മ എന്ന വിചാരമാണ് സുരേഷിനുണ്ടായിരുന്നത്. വര്‍ഷങ്ങളായി അമ്മയോട് ഉള്ളില്‍ കൊണ്ട് നടന്ന കോപവും വെറുപ്പും സുരേഷ് തുറന്നു പ്രകടിപ്പിക്കുന്നു. ഗ്രേസിനോട് വീണ്ടും അടുക്കാന്‍ മേനോനെ അയാള്‍ വിലക്കുന്നു. അവധി എടുത്തു നാട്ടില്‍ വരുന്ന സുരേഷ് ഗ്രേസിനോട് പൊട്ടിത്തെറിക്കുന്നു. കണ്ണീരില്‍ നനഞ്ഞ മുഖവും മനസ്സുമായി ഗ്രേസ് അത് ഏറ്റു വാങ്ങുന്നു. 

    പക്ഷെ ഇതിനോടെല്ലാമുള്ള മാത്യൂസിന്റെ പ്രതികരണം വേറൊന്നായിരുന്നു. ഗ്രേസിന്റെ മനസ്സും ശരീരവും ആദ്യമായി അറിഞ്ഞ ഒരാളാണ് തൊട്ടപ്പുറത്ത് ഉള്ളതെന്ന തിരിച്ചറിവ് അയാള്‍ക്കുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഗ്രേസില്‍ ഉണ്ടായ ചാഞ്ചാട്ടങ്ങള്‍ അയാളെ അലട്ടുന്നില്ല. മാത്രമല്ല ഗ്രേസിനെ സമാധാനിപ്പിക്കാനും മാത്യൂസിന് കഴിയുന്നു. മക്കളുടെ എതിര്‍പ്പ് വക വയ്ക്കാതെ അവര്‍ രണ്ടു പേരും കൂടി മേനോനെ കാണുകയും മാത്യൂസ് അദ്ദേഹത്തെ പരിചയപ്പെടുകയും ചെയ്യുന്നു.  ഇവിടം മുതലാണ്‌ പ്രണയം വ്യത്യസ്തമാകുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം അപ്രതീക്ഷിതമായി വീണ്ടും കണ്ടു മുട്ടുന്ന കാമുകീ കാമുകന്മാരുടെ ഒരുപാടു കഥകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അവിടെയൊക്കെ സാധാരണ കണ്ടിട്ടുള്ള മെലോ ഡ്രാമാറ്റിക് ആയ രംഗങ്ങള്‍ അല്ല നിങ്ങള്‍ ഇവിടെ കാണുന്നത്. അതില്‍ നിന്നൊക്കെ വേറിട്ട്‌ മേനോനും മാത്യൂസും ഗ്രേസും തമ്മില്‍ ഒരു ഊഷ്മളമായ ബന്ധം നാമ്പിടുന്നതാണ് നമ്മള്‍ പിന്നെ കാണുന്നത്. കാണുന്നവരെ അതിശയിപ്പിക്കുന്ന വിധം ആ മൂന്നു പേര്‍ തമ്മിലടുക്കുന്നു. അപ്പോഴും പണ്ടുണ്ടായിരുന്ന പ്രണയത്തേക്കാള്‍ വലുതാണ്‌ ഇപ്പോള്‍ ഗ്രേസിന് മാത്യൂസിനോടുള്ള സ്നേഹത്തിന്റെ ആഴം എന്ന് ചില രംഗങ്ങളിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട് ബ്ലെസ്സി. ഈ തിരിച്ചറിവ് അവര്‍ മൂന്നു പേര്‍ക്കും ഉണ്ട്. ആ തലത്തില്‍ നിന്ന് കൊണ്ട് തന്നെ മാത്യൂസിനെ പുറം ലോകത്തെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കാണിക്കാന്‍ മേനോന്‍ മുന്നിട്ടിറങ്ങുന്നു. ഏതോ മുജ്ജന്മ ബന്ധത്തിലെന്ന വണ്ണം ആ സൗഹൃദം ദൃടമാകുന്നു. കലഹിച്ചു കൊണ്ടിരിക്കുന്ന മക്കളെ മാറ്റി നിര്‍ത്തി തങ്ങളുടേതായ ഒരു ലോകത്ത് അവര്‍ ജീവിക്കുന്നു. അതിന്റെ നന്മയും സന്തോഷവും അനുഭവിക്കുന്നു. 

ഇത്രയും പറഞ്ഞത് ഒരു സ്പോയിലര്‍ ആണോ എന്ന് നിങ്ങള്‍ സംശയിക്കണ്ട. കഥ ഇവിടെ അവസാനിക്കുന്നില്ല. പക്ഷെ ക്ലൈമാക്സ്‌ എന്താണെന്നു ഞാന്‍ ഇവിടെ എഴുതുന്നില്ല. ഈ ചിത്രത്തെ ഞാന്‍ അത്രയും ബഹുമാനിക്കുന്നു. അതുകൊണ്ടു മാത്രം. 


ഈ ചിത്രത്തെ പറ്റി വന്ന പല റിവ്യൂകളും ഇതിനകം ഞാന്‍ വായിച്ചു. നിങ്ങളും വായിച്ചിട്ടുണ്ടാകും. അതിനു ശേഷമാണ് ഞാന്‍ ഈ ചിത്രം കണ്ടത്. ഒന്നോ രണ്ടോ റിവ്യൂസ് ഒഴിച്ച് മറ്റൊന്നും ഈ ചിത്രത്തിന്റെ സൌന്ദര്യാത്മകമായ തലത്തെ കുറിച്ച് ചര്‍ച്ച ചെയ്തു കണ്ടില്ല. അതുകൊണ്ടു എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ഞാന്‍ പങ്കു വയ്ക്കാം. പേര് സൂചിപ്പിക്കുന്നത് പോലെ വെറും ഒരു പ്രേമകഥ അല്ല ഈ ചിത്രം. ഒരാളോട് തോന്നുന്ന സ്നേഹത്തിന്റെ നിര്‍വചനം പ്രായം കൂടുന്നതിനനുസരിച്ച് മാറിമറിയും എന്നാണു എനിക്ക് തോന്നുന്നത്. അങ്ങനെ നോക്കുമ്പോള്‍ ജീവിതത്തിന്റെ മധ്യ വയസ്സ് കഴിയുമ്പോഴാവാം ചിലപ്പോള്‍ നമുക്ക് യഥാര്‍ത്ഥ സ്നേഹം വായിക്കാന്‍ പറ്റുന്നത്. കൌമാരത്തില്‍ നമുക്ക് പ്രണയം തോന്നിയ ഒരാളെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കാണുമ്പോള്‍ അവളോട്‌ തോന്നുന്ന വികാരം ചിലപ്പോ വേറെന്തെങ്കിലും ആയിരിക്കും അല്ലേ ? പഴയ കാമുകിയെ പിന്നീട് കണ്ടു മുട്ടുമ്പോള്‍ നിങ്ങള്‍ ഒരു കൊടുംകാറ്റില്‍ പെട്ടത് പോലെ ആടിയുലഞ്ഞതായി നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ അതിന്റെ അര്‍ഥം ഒന്ന് മാത്രമാണ്. നിങ്ങള്‍ക്ക് പരസ്പരം ഉണ്ടായിരുന്ന സ്നേഹം അത്രയ്ക്കും ആഴത്തിലുള്ളതാണ് എന്ന് . അവളെ പിരിയുന്ന സമയത്ത് ചിലപ്പോ നിങ്ങള്‍ക്ക് തോന്നിയേക്കാം. പിന്നീട് ഒരിക്കല്‍ കാണേണ്ടി വന്നാല്‍ ഞാന്‍ അവളെ എങ്ങനെ ഫേസ് ചെയ്യും എന്ന്. പക്ഷെ നിങ്ങളുടെ സ്നേഹം അത്രയ്ക്ക് ഡീപ് ആയിരുന്നെങ്കില്‍ എത്ര കാലം കഴിഞ്ഞാലും അവളെ വീണ്ടും കാണുന്നത് നിങ്ങളില്‍ അല്പമെങ്കിലും ഒരു സന്തോഷമുണ്ടാക്കുന്ന ഒരു കാര്യമായിരിക്കും എന്നാണു എനിക്ക് തോന്നുന്നത് . അതാണ് പ്രണയത്തിന്റെ ശക്തി. സത്യം പറഞ്ഞാല്‍ ഒരിക്കല്‍ നഷ്ടപ്പെട്ട പ്രണയത്തിന്റെ ശക്തി എന്ന് തിരുത്തി പറയണം.  ആ പ്രണയത്തെയാണ് ബ്ലെസ്സി അതി മനോഹരമായി വിശദീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. 

     പ്രേമിച്ചു നഷ്ടപ്പെടുന്നവരുടെ വേദന ഒരിക്കലും അതിന്റെ ശരിയായ  അര്‍ഥത്തില്‍ സിനിമയില്‍ കണ്ടിട്ടില്ല. മദ്യപിച്ചും ശോക ഗാനം പാടിയും മറ്റും ജീവിതം അലങ്കോലമാക്കി ജീവിക്കുന്ന അത്തരം ടിപ്പിക്കല്‍  കാമുകരില്‍ നിന്ന് വ്യത്യസ്തനാണ് ഈ ചിത്രത്തിലെ മേനോന്‍. മേനോന്റെയും ഗ്രേസിന്റെയും മാത്യൂസിന്റെയും ഗ്രേസിന്റെയും ബന്ധങ്ങളുടെ മനോഹാരിത നിങ്ങളെ അമ്പരപ്പിക്കുകയും അവരോടു സ്നേഹത്തിലാക്കുകയും ചെയ്യും.  മിഴി രണ്ടിലും എന്ന ചിത്രം സംവിധാനം ചെയ്തതിനു ശേഷം രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ഈ അവസരത്തില്‍ ഓര്‍മ വരുന്നത് . ആ ചിത്രത്തിലെ രണ്ടു സഹോദരിമാരെ അവതരിപ്പിച്ചിരിക്കുന്നത് കാവ്യാ മാധവന്‍ ആണ്. അത് ഒരു വിപണന തന്ത്രമാണോ എന്ന രീതിയിലുള്ള ചോദ്യം വന്നപ്പോള്‍ ആണ് രഞ്ജിത് അതിന്റെ പിറകിലുള്ള ഉദ്ദേശം തുറന്നു പറഞ്ഞത്. കാഴ്ചയിലും സൌന്ദര്യത്തിലും ഒരു  പോലെയുള്ള ആ രണ്ടു കഥാപാത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രണയം തോന്നുന്നത് ഒരാളോട് മാത്രമാണ് . അതി സുന്ദരി ആയ ഒരു നടിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതെങ്കില്‍ പ്രേക്ഷകന്റെ ചിന്ത വേറൊന്നാകുമായിരുന്നു. പക്ഷെ യഥാര്‍ത്ഥ പ്രണയം എന്നത് പുറമെയുള്ള ഒരു ആകര്‍ഷണം അല്ല, മറിച്ചു തീവ്രമായ മറ്റെന്തോ ആണ് എന്ന് കാണിക്കാനായിരുന്നു രഞ്ജിത്ത് ആ ഒരു നിലപാട് കൈക്കൊണ്ടത്. ഏകദേശം അത് പോലെ തന്നെയുള്ള ഒരു  അപ്രോച് ആണ് ബ്ലെസ്സിയും ഇവിടെ എടുത്തിരിക്കുന്നത്. മാത്യൂസ് വീല്‍ ചെയറില്‍ ആണെങ്കിലും ഒരിക്കല്‍ പോലും തന്റെ തളര്‍ന്ന ശരീരത്തിനെ കുറിച്ചുള്ള വേവലാതിയോ അല്ലെങ്കില്‍ ഇത്തരം പാതി മരിച്ച ഒരാളെക്കാള്‍ മേനോന്‍ ആണ് നിനക്ക് കുറച്ചു കൂടി അനുയോജ്യം എന്ന സ്ഥിരം സംഭാഷണങ്ങളോ അത്തരം അര്‍ഥം വച്ചുള്ള നാടകീയ രംഗങ്ങളോ ഈ ചിത്രത്തിലില്ല. 



പ്രായത്തിന്റെ ചില തളര്‍ച്ചകള്‍  മറയ്ക്കാന്‍ കഴിയുന്നില്ലെങ്കിലും ഇപ്പോഴും ജ്വലിക്കുന്ന സൌന്ദര്യമാണ് അവരുടേത്. മേനോനും മാത്യൂസിനും ഇടയില്‍ ആശയ കുഴപ്പത്തില്‍ പെടുകയും സ്വയം അതിനെ അതിജീവിക്കുകയും ചെയ്യുന്ന ഗ്രേസിന്റെ വേദന നമുക്ക് അത് പോലെ പകര്‍ന്നു തരുന്നു അവര്‍. പിന്നെ എന്നെ അതിശയിപ്പിക്കുന്ന അഭിനയം കാഴ്ച വച്ചത് അനൂപ്‌ മേനോന്‍ ആണ്. സ്വതവേയുള്ള പുശ്ച്ച ഭാവമൊക്കെ മാറ്റി വച്ച്  ഗംഭീര അഭിനയം കാഴ്ച വച്ചിരിക്കുന്നു അനൂപ്‌. ക്യാമറ കൈകാര്യം ചെയ്ത സതീഷ്‌ കുറുപ്പും മനോഹരമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ എം ജയചന്ദ്രനും അഭിനന്ദനം അര്‍ഹിക്കുന്നു. 






  ഇതിനെല്ലാമുപരി ബ്ലെസ്സി എന്ന സംവിധായകന്റെ മാത്രം സിനിമ ആണ് ഇത്. വളരെ സാധാരണവും പാളിപ്പോയെക്കാവുന്നതുമായ ഒരു പ്രമേയം ഇത്ര മനോഹരമായി അവതരിപ്പിക്കുക വഴി പത്മരാജന്റെ ശിഷ്യന്‍ ആണെന്ന് ബ്ലെസ്സി തെളിയിച്ചു. അങ്ങിങ്ങായി ചില കല്ലുകടികള്‍ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. വിചിത്രമാണ് ജീവിതത്തിന്റെ വഴികള്‍. പലപ്പോഴും ഒരു കഥയെക്കാള്‍ സങ്കീര്‍ണവും. ഒട്ടും പ്രവചനീയമല്ലാത്ത ജീവിതത്തിന്റെ പ്രകാശ പൂര്‍ണമായ മുഖങ്ങള്‍ കാണിച്ചു തരാന്‍ ശ്രമിക്കുന്നു ബ്ലെസ്സി. ഈ ചിത്രത്തിന് വേണ്ടി അദ്ദേഹം ആദ്യം സമീപിച്ചതും കഥ പറഞ്ഞതും മമ്മൂട്ടിയോടാണ്. മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടത് മേനോന്‍ എന്ന കഥാപാത്രത്തെയാണ്. പക്ഷെ മേനോന്റെ ചെറുപ്പകാലം അവതരിപ്പിക്കാനുള്ള നടനെ കിട്ടാത്തതുകൊണ്ട് മമ്മൂട്ടി പിന്മാറുകയായിരുന്നു. പിന്നീട് ലാലിനെ കണ്ടു കഥ പറഞ്ഞു. പക്ഷെ ലാലിന് ഇഷ്ടപ്പെട്ടത് മാത്യൂസിനെ ആയിരുന്നത്രെ. ഇമേജ് ഒന്നും നോക്കാതെ ലാല്‍ ആ കഥാപാത്രത്തെ സന്തോഷത്തോടെ സ്വീകരിച്ചു. അതി മനോഹരമാക്കി. ഈയിടെ മലയാളത്തിലെ ചില സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്ടാറുകള്‍ മമ്മൂട്ടിയെകുറിച്ചും മോഹന്‍ ലാലിനെ കുറിച്ചും പാസ്സാക്കിയ അഭിപ്രായങ്ങള്‍ എത്രത്തോളം വാസ്തവമാണ് എന്ന് ഒരു പുനര്‍ചിന്തനത്തിന് ഇവിടെ സാധ്യതയുണ്ട്. ഇത്രയും കാലം മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കാന്‍ ഇവര്‍ക്ക് രണ്ടു പേര്‍ക്കും പറ്റിയതും ഇതൊക്കെ കൊണ്ട് തന്നെയാണ് എന്ന് ഈ ബേബികള്‍ ഇനി എന്നാണാവോ മനസ്സിലാക്കുന്നത്. നല്ല സംവിധായകര്‍ക്ക് മാത്രമേ എത്ര നല്ല നടന്റെയും കഴിവ് കണ്ടെത്താന്‍ കഴിയൂ. സിനിമ സംവിധായകന്റെ കല മാത്രമാണ് എന്ന അടൂരിന്റെ അഭിപ്രായം സത്യമാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു ഇത്തരം ചിത്രങ്ങള്‍. ഇതില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഭാവുകങ്ങള്‍. നിങ്ങളും ഈ ചിത്രം തീയറ്ററില്‍ പോയി കാണാന്‍ ശ്രമിക്കൂ. ഒരു മുന്‍വിധികളും കൂടാതെ പോകൂ. എവിടെയെങ്കിലും നിങ്ങളിലെ പ്രണയത്തെ തൊട്ടുണര്‍ത്തും ഈ ചിത്രം. 



വാല്‍കഷണം :
ഇവിടെ പറയാമോ എന്നറിയില്ല. പക്ഷെ മുകളില്‍ പറഞ്ഞത് പോലെ പലപ്പോഴും വിചിത്രമാണ് ജീവിതത്തിന്റെ വഴികള്‍ എന്ന് ജയപ്രദയെ സ്ക്രീനില്‍ കണ്ടപ്പോള്‍ ഓര്‍ക്കാതിരുന്നില്ല. ഭാര്യയും മൂന്നു മക്കളും ഉള്ള സിനിമ നിര്‍മാതാവായ ശ്രീകാന്ത് നഹാതെ ആണ് ജയപ്രദയുടെ ഭര്‍ത്താവ്. വളരെ വിവാദമുയര്‍ത്തിയ ഒരു ബന്ധമാണ് ഇത്. അവര്‍ തമ്മില്‍ ആദ്യം വെറും സൗഹൃദം മാത്രമേയുണ്ടായിരുന്നുള്ളൂ. ചില ഇന്‍കം ടാക്സ് പ്രശ്നങ്ങളില്‍ പെട്ട ജയയെ അപ്പോഴൊക്കെ സപ്പോര്‍ട്ട് ചെയ്തത് ശ്രീകാന്ത് ആയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ രക്ഷിച്ച സുഹൃത്തിനോടുള്ള ബന്ധം ക്രമേണ സൗഹൃദം വിട്ടു മുകളിലേക്കുയര്‍ന്നു. അതൊടുവില്‍ വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. ചന്ദ്ര എന്ന ഭാര്യയും മൂന്നു കുട്ടികളും ഉള്ള ശ്രീകാന്ത് അവരെ നിയമ പ്രകാരം വിവാഹ മോചനം ചെയ്യാതെയാണ് ജയയും തന്റെ ജീവിത സഖി ആക്കിയത്.  ഇവരുടെ വിവാഹം കഴിഞ്ഞിട്ടും ശ്രീകാന്തിനു ചന്ദ്രയെ ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല അവരില്‍ അദ്ദേഹത്തിന് വീണ്ടും കുട്ടി ജനിക്കുകയും ചെയ്തു. ചന്ദ്രക്ക് ശ്രീകാന്തിനോടുള്ള സ്നേഹം അത്രയ്ക്ക് ആഴമുള്ളതാണ് എന്ന് മനസ്സിലാക്കിയ ജയ ഒടുവില്‍ രണ്ടു പേര്‍ക്കും കൂടി ഈ ഒരു ഭര്‍ത്താവ് മതി എന്ന് ചന്ദ്രയുമായി ധാരണയിലെത്തുകയായിരുന്നു. എന്ത് തോന്നുന്നു ? നമ്മള്‍ ഇപ്പൊ ചര്‍ച്ച ചെയ്ത സിനിമാകഥയെക്കാള്‍ അവിശ്വസനീയം അല്ലേ ? 

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

ഓണത്തിന്റെ നന്മകള്‍ നേരുന്നു - ഈ ബ്ലോഗിന്റെ പിറന്നാളും


    വീണ്ടും ഒരോണം. രണ്ടായിരത്തി എട്ടിലെ ഒരു ഓണത്തിനാണ് ഈ ബ്ലോഗ്‌ തുടങ്ങിയത്. ആദ്യ പോസ്റ്റിനു ശേഷം മൂന്നും നാലും മാസത്തെ ഗ്യാപ്പിലാണ് പിന്നീട് എന്തൊക്കെയോ എഴുതിയത്. വെറും ചവറുകള്‍ ( ഇപ്പോഴും മോശമല്ല കേട്ടോ ). കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടാണ് എന്തെങ്കിലും സീരിയസ് ആയി എഴുതിയത്. ആദ്യമായി ഒരു ഫോളോവറെ കിട്ടിയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ഇപ്പോള്‍ നൂറ്റി നാല്പത്തി രണ്ടു പേര്‍ ഉണ്ട്. ബാക്കിയുള്ള ബ്ലോഗുകള്‍ നോക്കുമ്പോ ഇതൊരു ചെറിയ സംഖ്യ ആണെങ്കിലും എന്റെ ബ്ലോഗിന്റെ ഫോളോവേഴ്സ്  എനിക്ക് ഏറ്റവും വില പിടിച്ചതാണ്. പോസ്റ്റുകള്‍ വായിച്ചു എന്നെ പൊക്കി പറഞ്ഞവര്‍ക്കും കളിയാക്കിയവര്‍ക്കും തെറി വിളിച്ചവര്‍ക്കും എന്റെ ആത്മാര്‍ഥമായ നന്ദി. ഇനിയും തുടര്‍ന്ന് വായിക്കാന്‍ അപേക്ഷിക്കുന്നു. 

     വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ വീട്ടിനു പുറത്താണ് ഓണാഘോഷം. ലീവ് ഇല്ലാത്തത് കൊണ്ട് ഇത്തവണ നാട്ടില്‍ പോക്ക് നടന്നില്ല. അതുകൊണ്ട് ബാംഗ്ലൂരില്‍ തന്നെ ഓണാഘോഷം എന്ന് തീരുമാനിച്ചു. ഒരു കസിന്‍ ഇവിടെ താമസമുണ്ട്. അങ്ങേരെ പോയി വെറുപ്പിക്കണം. അമ്മ എടുത്തു തന്ന ഓണക്കോടി ഇടാം. ഒരു സദ്യ അടിക്കണം. വെറുതെ പുറത്തൊക്കെ ഒന്ന് കറങ്ങണം. അതൊക്കെയാണ്‌ പ്ലാന്‍. നിങ്ങളെല്ലാവരും വീട്ടിലെത്തിയിരിക്കും എന്ന് കരുതുന്നു. ഒരുക്കമൊക്കെ ഏതുവരെയായി ? ഉപ്പേരിയും പപ്പടവും ഒക്കെ ഉണ്ടാക്കിയോ ? അപ്പൊ എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.